Tuesday, December 30, 2008

നവവത്സരാശംസകള്‍!

കഴിഞ്ഞതെല്ലാം പാഠങ്ങളാക്കി, വരുന്നതെല്ലാം പരീക്ഷകളാക്കി,
പ്രതീക്ഷകളോടെ കാത്തിരിക്കാം, നല്ലൊരു പുതുവര്‍ഷത്തിനായി.
എല്ലാവര്‍ക്കും മങ്കലശ്ശേരി പിള്ളാരുടെ വക നവവത്സരാശംസകള്‍!

[click to get it enlarged]

Friday, December 26, 2008

പുഷ്പസ്വപ്നങ്ങളും, പാര്‍ശ്വഫലങ്ങളും.

കുറച്ച്‌ കാലമായി പുഷ്പന്‍ പകല്‍ നേരം ശാന്തനും, രാത്രി കാലങ്ങളില്‍ ഉറക്കത്തിനിടയില്‍ വാചാലനുമായി കണ്ടു വരുന്നു.

ഗാഢമായ ഉറക്കത്തിനിടയില്‍, "ങൂര്‍... ഘൂര്‍..." എന്ന താളാത്മകമായ ബാഗ്രൗണ്ട്‌ മൂസിക്കുമിട്ട്‌, "അള്ളാ പടച്ചോനേ..." എന്നും, "നീയില്ലാതെ ഞാനില്ലല്ലോ" എന്നും, "സി ഷാര്‍പ്പിനിടയില്‍ സി++ എഴുതല്ലേഡാ" എന്നും മറ്റുമുള്ള പുഷ്പന്റെ ഡയലോഗുകള്‍ കേട്ടതിനു സാക്ഷികളാണ്‌ ശശിയും, ദിവാരനും.

ഇതൊന്നുമല്ല, രാത്രിയുടെ നാലാം യാമങ്ങളില്‍ സ്ത്രീ ശബ്ദത്തില്‍ പുഷ്പന്‍ പാട്ടുപാടാറുണ്ടെന്നും, കണ്ണ്‍ തുറക്കാതെ ബാത്രൂമില്‍ പോയി, ഒന്നും നടത്താതെ തിരിച്ചു വന്ന് കിടക്കാറുണ്ടെന്നും മറ്റുമുള്ള ശശിയുടെ ആക്ഷേപങ്ങള്‍ തെളിവില്ലാത്തതിനാലും, സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനാലും പുഷ്പന്‍ വിശ്വസിച്ചിട്ടില്ല.

രാവിലെ പുഷ്പനോട്‌ ചോദിച്ചാല്‍, "പോഡാ... ഞാനോ? ചുമ്മാ പുളുവടിക്കല്ലേ..." എന്നോ, അല്ലെങ്കി "അത്‌ ഫൂഡ്‌ അടിക്കാത്തോണ്ടാവും" എന്നൊക്കെ പറഞ്ഞ്‌ ആശാന്‍ തടിയൂരും.

അങ്ങിനെ നടന്ന ഒരു ഡയലോഗും("സാരമില്ലാ... എല്ലാം ശരിയാവും..." എന്നാണാ ഡയലോഗ്‌ എന്ന് ദിവാരന്‍ പറയുന്നു.),അതിന്റെ പിന്നിലെ "ഫ്ലാഷ്‌ ബാക്കും", അത്‌ കഴിഞ്ഞുണ്ടായ "ക്ലൈമാക്സും" ആണ്‌ താഴെ വിവരിക്കുന്നത്‌.

-----------------------------

മാരുതി നഗറിലെ ഏതോ ഒരു എമണ്ടന്‍ ലേഡീസ്‌ ഹോസ്റ്റലിന്റെ ഒത്ത നടുക്കാണ്‌ പുഷ്പനപ്പോള്‍ നില്‍ക്കുന്നത്‌. അവിടെ എങ്ങിനെ, എന്തിന്‌ എത്തിയെന്നൊന്നും ചോദിക്കരുത്‌. അതാണ്‌ ഫ്സ്റ്റ്‌ സീന്‍.

പുഷ്പന്‍ അദൃശ്യനായിരുന്നു. അവന്‍ പതിയെ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കൂടി നടന്നു.

വാതിലുകളും, ചുമരുകളുമെല്ലാം ചില്ലുകൊണ്ടുണ്ടാക്കിയത്‌.

പെണ്‍കുസുമങ്ങള്‍ പലരും പല ജോലികളിലേര്‍പ്പെട്ടിരിക്കുന്നു...

ചിലര്‍ പഠിക്കുന്നു... ചിലര്‍ പാട്ട്‌ കേള്‍ക്കുന്നു... ചിലര്‍ കുളിക്കുന്നു... ചിലര്‍ വായും പൊളിച്ച്‌ മാനത്തേക്ക്‌ നോക്കിയിരിക്കുന്നു.

കാണാത്തത്‌ കണ്ടതിനേക്കാള്‍ മനോഹരം എന്ന ഓള്‍ഡ്‌ സേയിങ്ങില്‍ വിശ്വസിച്ച്‌ അവന്‍ മുന്നോട്ട്‌ നടന്നു. പെട്ടെന്നൊരു മുറിയില്‍ രണ്ട്‌ കുസുമങ്ങള്‍ സംസാരിക്കുന്നതവന്‍ കേട്ടു...

"എന്റെ എഡീ... അവള്‍ക്കാ പുഷ്പനെ തന്നെ മതീന്നും പറഞ്ഞ്‌ നടക്കുാ ഡീ... അവനല്ലാതെ വേറൊരുത്തനേം വേണ്ടെന്ന്."

"ഹും! അങ്ങോട്ട്‌ ചെന്നേച്ചാ മതീ. അവള്‍ക്കിപ്പോ കിട്ടും. ഈ ഹോസ്റ്റലിലെ ഭൂലോക സുന്ദരിമാര്‍ മുഴുവനും അവന്റെ പിന്നാലെയാ. അപ്പൊഴല്ലേ അവള്‍ക്കവനെ കിട്ടാന്‍ പോകുന്നത്‌..."

ഇതൊക്കെയെന്ത്‌... എന്ന മട്ടില്‍ കേട്ടതൊന്നും മൈന്‍ഡാക്കാതെ പുഷ്പന്‍ നടന്നു...

പെട്ടെന്നതാ ഇടനാഴിയിലെ ഒരു ജനാലയരികില്‍ താഴേക്ക്‌ നോക്കി വിങ്ങുന്ന ഒരു സുന്ദരി...

ആക്സ്‌ ഡിയോഡറന്റ്‌ പരസ്യം പോലെ അവള്‍ പെട്ടെന്നൊരു വശം വലിഞ്ഞ്‌ പുഷ്പന്റെ തോളിലേക്ക്‌ ചാഞ്ഞു...

അവളുടെ തോളില്‍ തട്ടിക്കൊണ്ടവന്‍ പറഞ്ഞു,

"സാരമില്ലാ... എല്ലാം ശരിയാവും..."

അവള്‍ അവനൊരുമ്മ കൊടുത്തിട്ട്‌ "താങ്ക്സ്‌" ന്നും പറഞ്ഞ്‌ മാഞ്ഞു പോയി.

അവന്‍ പിന്നേം നടന്നു...

അടുത്ത മുറിയില്‍ ഒരു സുന്ദരി കറുത്ത കോട്ടും സൂട്ടുമിട്ട്‌, ഇടത്‌ കൈ ലാപ്‌ ടൊപ്പില്‍ ഞെക്കി, വലതു കൈകൊണ്ട്‌ പൊറോട്ട വലിച്ചു പറച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്ത്‌ ഒരു ഡബിള്‍ ഓംലെറ്റ്‌.

പുഷ്പന്‍ ആ ഒംലെറ്റ്‌ അവളറിയാതെ എടുക്കാന്‍ പോകുന്നു. അവളുടെ ലാപ്‌ ടൊപ്പിന്റെ സ്ക്രിനില്‍ അവന്റെ പല പല ചിത്രങ്ങള്‍ സ്ലൈഡ്‌ ഷോ ആയി വന്നുകൊണ്ടിരുന്നു....

കയ്യില്‍ ഓംലെറ്റുമായി അവന്‍ പുറത്തിറങ്ങി നടന്നു.

അതാ അവിടുത്തെ നോട്ടീസ്‌ ബോര്‍ഡില്‍ ആ ഹോസ്റ്റലിലെ എല്ലാ പെണ്‍കുട്ടികളുടെയും പേരും, ഫോണ്‍ നമ്പറും.

"കൊള്ളാം... ഹോസ്റ്റലായാല്‍ ഇങ്ങനെ വേണം" പുഷ്പന്‍ മനസിലോര്‍ത്തു.

അവന്‍ കോണിപ്പടികളിറങ്ങി...

പെട്ടെന്നതാ മുന്നില്‍ മുഖം മൂടിയ ഒരുത്തന്‍...

"ഹെന്ത്‌... ലേഡീസ്‌ ഹോസ്റ്റലില്‍ ആണുങ്ങളോ..." എന്ന് കരുതി അവനെ തല്ലാനോങ്ങിയ പുഷ്പന്‍ കണ്ടത്‌ തന്റെ നേര്‍ക്ക്‌ ചൂണ്ടിയ തോക്കുമായി അയാള്‍ പാഞ്ഞടുക്കുന്നതാണ്‌.

എല്ലാ പെണ്‍ കുസുമങ്ങളും അലമുറയിട്ട്‌ കരയുന്നു...

"പുഷ്പേട്ടാ... രക്ഷിക്കൂ... രക്ഷിക്കൂ..."

ആ മുഖം മൂടി തീവ്രവാദികളാണെന്ന് മനസ്സിലാക്കാന്‍ അവനധികം ടൈം വേണ്ടി വന്നില്ല...

"പുഷ്പേട്ടാ... ഞങ്ങളെ ഇവര്‍ കൊല്ലും... രക്ഷിക്കൂ..."

ആ കരച്ചില്‍ പുഷ്പന്‌ താങ്ങാനായില്ല.

തനിക്കു നേരേ വന്ന വെടിയുണ്ടകള്‍ കയ്കൊണ്ട്‌ പിടിച്ചെടുത്ത്‌ ജീരകമിഠായി തിന്നുന്ന പോലെ അവന്‍ തിന്നു.

അവനു നേരേ തൊടുത്തു വിട്ട മിസൈല്‍ അവന്‍ കക്ഷത്തിനിടയില്‍ ജാമാക്കി പിടിച്ചു വെച്ചു. മറ്റേ കയ്കൊണ്ട്‌ ബാക്കിയുള്ള ഓംലെറ്റ്‌ തിന്നുതീര്‍ത്തു.

പെട്ടെന്നതാ തനിക്കുനേരേ അമ്പും, കുന്തങ്ങളും പറന്നു വരുന്നു...

"ങേ... തീവ്രവാദികള്‍ അമ്പും വില്ലുമൊക്കെ കൊണ്ടുനടക്കുമോ...?"

അതാലോചിച്ച്‌ വന്നപ്പൊഴേക്കും ആ പാവം പെണ്‍ പൈതലുകളുടെ കൂട്ടക്കരച്ചില്‍ പുഷ്പന്റെ ചോരയെ തിളപ്പിച്ചു....

മുന്നില്‍ തന്റെ നേര്‍ക്ക്‌ പാഞ്ഞുവരുന്ന ഒരു തീവ്രവാദി...

കൈമുട്ടുകള്‍ മടക്കി, കാലുകള്‍ അകത്തി വെച്ച്‌ പുഷ്പന്‍ അവനെ നേരിടാനൊരുങ്ങി.

അവനടുത്തെത്തിയതും, "ജീവിക്കാന്‍ സമ്മതിക്കില്ലേഡാ പട്ടീ..." എന്നലറിക്കൊണ്ട്‌, തന്റെ കൈമുട്ടുകള്‍ ശരവേഗത്തില്‍ ശത്രുവിന്റെ മുഖത്തേക്ക്‌ പുഷ്പന്‍ ആഞ്ഞടിച്ചു...

"ഡിഷ്യും!"

.............

പെട്ടെന്ന് കറന്റു പോയപോലെ...

കണ്ണു തുറന്നു നോക്കിയപ്പോള്‍ സ്വന്തം താടിയെല്ലിന്റെ ബേസ്‌മന്റ്‌ ഇളകിയോ എന്ന് പിടിച്ച്‌ നോക്കുന്ന ദിവാരനേയും, "പട്ടീ.. ഏത്‌ ലോകത്താഡാ നീ..." എന്ന അവന്റെ ഡയലോഗുമാണ്‌.

പുഷ്പന്‍ തേങ്ങ കൊപ്രയായോ എന്ന് കുലുക്കി നോക്കുന്നപോലെ തല ഒന്നിളക്കിയിട്ട്‌ അലോജിച്ചു...

ഒന്നുമറിയാത്ത പോലെ, പുതപ്പ്‌ വലിച്ചുകേറ്റി ഉറക്കം തുടര്‍ന്നു.

Tuesday, December 9, 2008

ദിവാരേട്ടാ... വസന്ത വിളിക്കുന്നു...

ഫോര്‍ ദ ടൈം ബീയിങ്ങ്‌, നമുക്കിവളെ വസന്ത എന്ന് വിളിക്കാം.

വസന്ത, കന്നഡരാജ്യത്തിന്റെ അഭിമാനവും, ആചാരങ്ങളും മാറോട്‌ ചേര്‍ത്ത്‌ വെച്ച, ഏഴഴകുകളും മേത്ത്‌ വാരിത്തേച്ച, കന്നഡ ഹുഡുഗി. പഠനം കഴിഞ്ഞ്‌ ഇന്ന്‌ ബാങ്ക്ലൂരില്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു, ഐ മീന്‍, സ്വന്തമായി ജോലി ചെയ്ത്‌ ജീവിക്കുന്നു. വസന്തയുടെ ഓര്‍ക്കൂട്ട്‌ സ്റ്റാറ്റസ്‌: സിംഗിള്‍.

ഇങ്ങിവിടെ മങ്കലശ്ശേരി ദിവാരന്‍ തന്റെ അനോണിമസ്‌ ഓര്‍ക്കൂട്‌ അക്കൗണ്ടില്‍ കയറി അടുക്കളയിലെത്തിയ മൂഷികരാജനെപ്പോലെ മണപ്പിച്ച്‌ നടക്കുന്നു. അവനറിയാവുന്ന പെണ്‍പിള്ളേരുടെ എല്ലാം പേരുകള്‍ ചുമ്മാ സെര്‍ച്ച്‌ ചെയ്ത്‌, കാണാന്‍ കൊള്ളാവുന്നവരുടെ പ്രൊഫെയിലില്‍ ചുമ്മാ മുട്ടി നോക്കി... "ഹായ്‌, യു ലുക്ക്‌ ഗോര്‍ജിയസ്‌. വണാ ബി ഫ്രെന്‍സ്‌?" അത്‌ കോപ്പി ചെയ്ത്‌ എല്ലാ പെണ്‍പിള്ളേരുടെയും സ്ക്രാപ്‌ ബുക്കിലവന്‍ പേസ്റ്റി.

ദിവാരന്റെ ഓര്‍ക്കൂട്ട്‌ സ്റ്റാറ്റസ്‌ : സിംഗിള്‍
ഹിയര്‍ ഫോര്‍ : ഫ്രണ്ട്സ്‌, ഡേറ്റിംഗ്‌

അങ്ങിനെ ചാകര കൊതിച്ച്‌ പരതി നടന്ന ദിവാരന്റെ ഓര്‍ക്കൂട്ട്‌ അന്നും കാലിയായി തന്നെയിരുന്നു. ഒരുത്തിയും അവന്റെ പ്രൊഫെയില്‍ ഒന്ന് വിസിറ്റ്‌ കൂടി ചെയ്തില്ല. മൂല കാരണം തന്റെ ഫോട്ടോ ആകുമെന്ന് തോന്നിയ ദിവാരന്‍, സെയ്ഫിന്റെയും, അമീറിന്റെയു, ഋത്തിക്കിന്റെയും പടങ്ങള്‍ മാറ്റി മാറ്റി വെച്ചു. ചൂണ്ടനൂല്‍ ഇളകുന്നതും കാത്ത്‌ അവനിരുന്നു...

പെട്ടെന്നാണവനത്‌ ശ്രദ്ധിച്ചത്‌...

"ഹായ്‌... യൂ ലുക്ക്‌ ഹാന്‍ഡ്‌സം... വണാ ബി ഫ്രെന്‍സ്‌? - വസന്ത"

ഏതോ ഒരുത്തി തനിക്ക്‌ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയച്ചിരിക്കുന്നു.

ദിവാരന്‍ "യൂ ലുക്ക്‌ ഹാന്‍ഡ്‌സം" എന്ന വാക്കുകളുലേക്ക്‌ പിന്നേം പിന്നേം നോക്കിയിരുന്നു. തന്റെ ജീവിതത്തിലാദ്യമായി ഒരു പെണ്ണ്‍ തന്നോട്‌ പറഞ്ഞ വാക്കുകള്‍... അതവന്റെ മനസ്സില്‍ എക്കോയിട്ടുകൊണ്ടിരുന്നു...

കണ്ണുമടച്ച്‌ ദിവാരന്‍ അവളെ ആഡ്‌ ചെയ്തു, അവളുടെ പ്രൊഫൈല്‍ കയറി നോക്കി.

ഫോട്ടോ കൊള്ളാം. സുന്ദരിക്കുട്ടി തന്നെ. ഒറ്റക്കാണ്‌. പേര്‌ വസന്ത... ഒരുമാതിരി പേരാണെങ്കിലും, അതിലെന്തിരിക്കുന്നു... കണ്ടിട്ട്‌ കന്നടക്കാരിയാണെന്ന് തോനുന്നു. ന്നാലും സാരല്ല്യ... എന്നെ ഇഷ്ടപ്പെട്ട ഇവളെ വിടില്ല ഞാന്‍... ദിവാരനോര്‍ത്തു.

പ്രതീക്ഷിച്ച പോലെ തന്നെ, അവള്‍ ഓണ്‍ലൈന്‍ വന്നു. ചാറ്റാന്‍.

ദിവാരന്‍ : ഹായ്‌...
വസു: ഹായ്‌ ഡിവൂ... ഹവ്‌ ആര്‍ യൂ... വെല്‍, ഐ ആം വസന്ത, ഗോപി വസന്ത.
ദിവാരന്‍ : വാട്ട്‌? കോഴി വസന്ത?
വസു: നോ.. നോ.. ഗോപി വസന്ത... ഹവ്‌ ആര്‍ യൂ...
ദിവാരന്‍ : കൂള്‍! ലൈഫ്‌ ഈസ്‌ ആള്‍വേയ്സ്‌ ഗ്രേറ്റ്‌ ആസ്‌ ദ ഫൂച്ചര്‍ ഈസ്‌ പ്രോമിസിംഗ്‌ ആന്‍ഡ്‌ സര്‍പ്രൈസിംഗ്‌ ആന്‍ഡ്‌ ഡിപ്രൈസിംഗ്‌... ഓഹ്‌, ആന്‍ഡ്‌ ഹൗ അബൗട്‌ യൂ?
വസു: ഇറ്റ്‌സ്‌ ഗോയിംഗ്‌ ഓണ്‍. വൈ യു ഡോണ്ട്‌ ഹാവ്‌ എനി ഫ്രണ്ട്സ്‌ ഇന്‍ ഓര്‍ക്കൂട്‌?
ദിവാരന്‍ : ഓ, വെല്‍... ഐ വാസ്‌ ഇന്‍ സേര്‍ച്ച്‌ ഓഫ്‌ എ പെര്‍ഫെക്റ്റ്‌ കമ്പാനിയന്‍... ആന്‍ഡ്‌, ഐ ഫൗണ്ട്‌ യൂ!
വസു: ഓ, യൂ നോട്ടി... ഐ ലൈക്ക്ഡ്‌ യൂ.
ദിവാരന്‍ : ങേ... എന്ത്‌? ഓഹ്‌ ഐ മീന്‍, വാട്ട്‌? യൂ... ലൈക്ക്‌ മി?
വസു: യെസ്‌... എനിതിംഗ്‌ റോങ്ങ്‌?
ദിവാരന്‍ : നോ... നോ... നെവെര്‍....
വസു: യു ആര്‍ എ മല്ലു. റൈറ്റ്‌? ഡു യു സ്പീക്ക്‌ ഹിന്ദി?
ദിവാരന്‍ : കുച്ച്‌ കുച്ച്‌ ഹിന്ദി മാലും, ബഡാ ബഡാ നഹീ...
വസു: ഓ.. ദാറ്റ്‌സ്‌ സോ സാഡ്‌...
(ദിവാരന്‍ പണ്ട്‌ ഹിന്ദി പഠിക്കാതെ പോയതില്‍ വിഷമിക്കുന്നു, തലയില്‍ ചൊറിയുന്നു)
വസു: ഓഹ്‌, ഇറ്റ്‌സ്‌ ടൈം റ്റു ലീവ്‌. കാച്ച്‌ യു ലേറ്റര്‍ മൈ സ്വീറ്റ്‌ ഹാര്‍ട്ട്‌... കാള്‍ മി വെന്‍ യു ആര്‍ ഫ്രീ : 9986******

ദിവാരന്റെ കണ്ണുകള്‍ പാമ്പിനെ കണ്ട പറത്തവളയുടെ പോലെ വീര്‍ത്തു വലുതായി. അവള്‍ തന്നെ സ്വീറ്റ്‌ ഹാര്‍ട്ട്‌ എന്നു വിളിച്ചിരിക്കുന്നു! തന്റെ ഹൃദയം ഇത്രയും മധുരമുള്ളതാണെന്ന് ദിവാരനൊരിക്കലും കരുതിയില്ല. ദിവാരന്റെ കയ്യിലെ ഫൈബര്‍ മുടികള്‍ ഷോക്കേറ്റ പോല്‍ സ്റ്റെഡി വടിയായി നിന്നു...

അന്ന് വൈകിട്ട്‌ മങ്കലശ്ശേരിയിലെത്തിയ ദിവാരനെ എല്ലാവരും ശ്രദ്ധിച്ചു. ആകെ അറിയാവുന്ന മൂന്നോ നാലോ ഹിന്ദി പാട്ടുകള്‍,വയറിളകിയാല്‍ മാത്രം പാടാറുള്ള ദിവാരന്‍ ദേ ജഗ്‌ ജീത്‌ സിങ്ങിന്റെ റൊമാന്റിക്‌ ഗസല്‍ പാടുന്നു. അവന്റെ മുഖത്ത്‌ ഒരിക്കലും വാരാന്‍ ചാന്‍സില്ലാത്ത ഒരു പ്രകാശം. ആകെ മൊത്തം, പഴയ എവെറഡി ബാറ്ററി മാറ്റി പുത്തന്‍ ഡൂറസെല്‍ വെച്ച പോലെ.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ ദിവാരന്‍ അവനോട്‌ തന്നെ ആത്മഗതം ചെയ്തു: "ഹും, എങ്ങിനെയെങ്കിലും കുറച്ച്‌ ഹിന്ദി ലാന്‍ഗ്വേജ്‌ പഠിക്കണം..."

അപ്പുറത്ത്‌ സി ഷാര്‍പ്പ്‌ ലാന്‍ഗ്വേജ്‌ പഠിച്ചോണ്ടിരുന്ന പക്രു ഒന്നമര്‍ത്തി ചുമച്ചു.

അധികം വൈകാതെ ആശാന്‍ മൊബെയിലുമെടുത്ത്‌ വരാന്തയിലേക്കിറങ്ങി...

"ഹെല്ലോ... വസന്ത...."
"ഹൂ ഈസ്‌ തിസ്‌"
"ഇറ്റ്‌ ഈസ്‌ മീ... ദിവാരന്‍"
"ഓ.. യൂ... യുവര്‍ വോയ്സ്‌ ഈസ്‌ സോ സെക്സി..."
...നിശബ്ദത....
"താങ്ക്സ്‌! തെന്‍... റ്റെല്‍ മി വസു... ഓഹ്‌, സോറി, ഹോപ്‌ യു ഡോണ്ട്‌ മൈന്റ്‌ കാള്ളിംഗ്‌ യൂ വസൂ..."

ആ സംസാരം അങ്ങിനെ തുടര്‍ന്നുകോണ്ടിരുന്നു. ദിവാരന്‍ തന്റെ ഹിസ്റ്ററിയും, മിസ്റ്ററിയും എല്ലാം അവള്‍ക്കു മുന്നില്‍ തുറന്നു വെച്ചു. അവളുടെ കാന്തിക ശക്തിയുള്ള ശബ്ദവും, രോമാഞ്ചം കൊള്ളിക്കുന്ന വാക്കുകളും ദിവാരനെ മറ്റൊരു ലോകത്തിലേക്ക്‌ കൊണ്ടു പോയി.

അകത്ത്‌, എല്ലാം കേട്ടു കൊണ്ട്‌, വാശിയോടെ കാലാട്ടിക്കൊണ്ട്‌ പക്രുവും ശശിയും കിടന്നു. തങ്ങള്‍ക്കൊരിക്കലും പെണ്ണും, പ്രേമവും ശരിയാവില്ലെന്ന് വിശ്വസിച്ച്‌ ജീവിച്ച്‌ പോന്ന മൂന്ന്‌ പേരിലൊരാള്‍ ഇതാ കൈവിട്ട്‌ പോയിരിക്കുന്നു. വളമില്ലെങ്കിലും കിളിര്‍ത്ത്‌ തുടങ്ങിയ മണ്ടയിലെ കുറ്റിമുടിയില്‍ ചൊറിഞ്ഞുകൊണ്ട്‌ അവമ്മാര്‍ കിടന്നു.

രാവിലെ എണീറ്റത്‌ ദിവാരന്റെ "മേനേ... പ്യാര്‍ കിയാ... പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ..." എന്ന പാട്ട്‌ കേട്ടാണ്‌.

"ഡൂഡ്സ്‌... ഹൗ ഡു ഐ ലുക്ക്‌?"

വീര്‍പ്പിച്ച ബലൂണിന്റെ പള്ളക്ക്‌ പിടിച്ച പോലെ തന്റെ കുടവയര്‍ ഉള്ളിലേക്കൊതുക്കി പിടിച്ച്ം, തന്റെ പള്‍സറിന്റെ കളറിനോട്‌ മാച്ച്‌ ചെയ്യാന്‍ കടും നീല ഷര്‍ട്ടുമിട്ട്‌, മുകളിലെ രണ്ട്‌ ബട്ടന്‍സ്‌ അഴിച്ചിട്ട്‌ ലാലേട്ടനെ പോലെ ഒരുസൈഡിലോട്ട്‌ തൂങ്ങി നിന്ന്‌ ദിവാരന്‍ ചോദിച്ചു.

ആരും അത്‌ മൈന്‍ഡ്‌ ചെയ്തില്ലെന്ന് മനസിലാക്കിയ ദിവാരന്‍ പറഞ്ഞു...

"അസൂയക്കും, കഷണ്ടിക്കും മരുന്നില്ല മക്കളേ..."

അത്‌ കേട്ട പക്രു പല്ല് തേക്കുന്നതിന്റെ സ്പീഡ്‌ കൂട്ടി. കുനിഞ്ഞ്‌ നിന്ന് വ്യായാമം ചെയ്യുകയായിരുന്ന ശശി വേഗത്തില്‍ വ്യായാമി. അവന്റെ നടുവുളുക്കി.

ദിവാരന്‌ ദിനങ്ങള്‍ സെക്കന്റുകള്‍ പോലെ ഓടിപ്പോയി. അതേ സെക്കന്റുകള്‍ യുഗങ്ങളെപ്പോലെ തോന്നി ശശിക്കും പക്രുവിനും.

ദിവാരന്‍ മനോരാജ്യത്തില്‍ ഒരു ഫ്ലാറ്റ്‌ വാങ്ങി, അതില്‍ ജീവിക്കാന്‍ തുടങ്ങി. അവന്‍ കാണുന്നതെല്ലാം വസന്ത... കേള്‍ക്കുന്നതെല്ലാം വസന്ത... വസന്ത.. വസന്ത...

ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദിവാരന്‌ വസന്തയെ നേരില്‍ കാണാല്‍ കൊതിമൂത്തു. അതിലുപരി, തന്റെ പരിപാവനവും, ഗാഢവുമായ പ്രണയം അവളെ അറിയിക്കാന്‍ അവന്റെ മധുരമുള്ള ഹൃദയം വെമ്പി. തന്റെ ഹൃദയം ഗിയര്‍ വീഴാത്ത പള്‍സറിന്റെ എഞ്ചിനെപ്പോലെ തോന്നി ദിവാരന്.

ഒടുവില്‍ ക്ഷമ നശിച്ച ദിവാരന്‍ അവളെ വിളിച്ചു.

"ഹെല്ലോ... വസു..."
"യെസ്‌ ഡിയര്‍... റ്റെല്‍ മി..."
"മുചെ കുച്ച്‌ കെഹനാ ഹെ..... ഹോ..... ഹും......."
"വാട്ട്‌? ഐ ഡിഡിന്റ്‌ ഗെറ്റ്‌ യൂ..."
"വസൂ, ഐ മീന്‍... ഐ വാണ്ട്‌ റ്റു ടെല്‍ യൂ സംതിംഗ്‌..."
"ഓഹ്‌.. ഓകെ.. റ്റെല്‍ മി..."
"കാന്‍.... കാന്‍.... കാന്‍ യൂ ലവ്‌ മി...?"
....നിശബ്ദത.....
"ഓ മൈ ദിവൂ... യൂ ആര്‍ എ നൈസ്‌ ബോയ്‌... ഐ ലൈക്ക്‌ യൂ... ബട്ട്‌... "
"വസൂ... വാട്ട്‌ എ ബട്ട്‌?" (തെറ്റിദ്ധരിക്കരുത്‌. എന്താണ്‌ ഒരു സംശയം എന്നാണ്‌ അവനുദ്ധേശിച്ചത്‌)
"ദിവൂ... ഐ ഡോന്റ്‌ ഫീല്‍ ടു ലവ്‌ യൂ... ബട്ട്‌ ഐ കാണ്ട്‌ ഹര്‍ട്ട്‌ യൂ റ്റൂ...."
"സോ....? യു ലവ്‌ മി? ബോലോ വസു..."
"ഹാം.. മേ തുജ്‌സേ പ്യാര്‍ കരൂങ്കീ... ലേകിന്‍ ഏക്‌ കണ്ടീഷന്‍ കേ സാത്‌...."
"വാട്ട്‌? ഈ ഡിഡിന്റ്‌ അണ്ടര്‍സ്റ്റാന്‍ഡ്‌ വാട്‌ യു സെഡ്‌"
"ദിവൂ, ഐ മീന്‍, ഈ കാന്‍ ലവ്‌ യൂ, ബട്ട്‌ ഓണ്‍ വണ്‍ കണ്ടീഷന്‍..."
"ഓഹ്‌.. താറ്റ്‌സ്‌ ആള്‍? യുവര്‍ ദിവു ഈസ്‌ റെഡി ഫോര്‍ എനിതിംഗ്‌ യൂ സേ..."
"ഓകേ... ലിസണ്‍... ദേര്‍ ഈസ്‌ എ ന്യൂ ഇന്‍ഷുറന്‍സ്‌ പോളിസീ സ്കീം സ്റ്റാര്‍ട്ടെഡ്‌ ബൈ മൈ കമ്പനി. ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ 5 ലാക്‍സ്‌ പോളിസി, വേര്‍ യൂ നീഡ്‌ റ്റു പേ ജസ്റ്റ്‌ 10,000 പെര്‍ മന്ത്‌.

ഇഫ്‌ യു ടേക്ക്‌ എ പോളിസീ ഫ്രം മീ, ഐയാം യുവേഴ്സ്‌... ഉം..മ്‌...മ്മ!"

ദിവാരന്റെ ശരീരത്തിലെ ഒരോ രോമകൂപങ്ങളിലും ഒരോ അമിട്ടുകള്‍ പൊട്ടി, രോമാഞ്ചമായി മാറി.

----------------------

അന്ന് വൈകീട്ട്‌ എന്തോ മാരകമായി തലപുകഞ്ഞാലോചിച്ചു കൊണ്ടിരിക്കുകയായിരുന്ന ദിവാരന്റെയടുത്തേക്ക്‌ ശശി ചെന്നു...

അവന്റെ മുന്നില്‍ ഒരു നോട്ട്‌ ബുക്ക്‌... അതില്‍ കുറേ കണക്കുകള്‍...

ശശിയുടെ മുഖത്തേക്ക്‌ ദയനീയമായി നോക്കിക്കൊണ്ട്‌ ദിവാരന്‍ പറഞ്ഞു,

"എങ്ങിനെ നോക്കീട്ടും മാസം പതിനായിരം മറക്കാന്‍ പറ്റുന്നില്ലല്ലോ ഡാ... പള്‍സര്‍ വിക്കെണ്ടി വരും...."

അത്‌ കേട്ടുകൊണ്ടിരിക്കുകയായിരുന്ന പുഷ്പന്‍ ഉടനേ പറഞ്ഞു,

"25,000 രൂപ രൊക്കം തരാം. പള്‍സര്‍ എനിക്ക്‌ തന്നേക്ക്‌...."

------------------

മറ്റൊരു ദിവസം, അങ്ങകലെ ഒറ്റക്കിരുന്ന് അനോണിമസ്‌ ആയി ഓര്‍ക്കൂട്ടില്‍ തെണ്ടിക്കൊണ്ടിരുന്ന ആന്റപ്പന്റെ സ്ക്രിനില്‍ പെട്ടെന്നൊരു ഫ്രണ്ട്‌ റിക്വസ്റ്റ്‌ വന്നു...

"ഹായ്‌... യൂ ലുക്ക്‌ ഹാന്‍ഡ്‌സം... വണാ ബി ഫ്രെന്‍സ്‌? - വസന്ത"

----------------

പിന്‍കുറിപ്പ്‌ : എത്രയും പ്രിയപ്പെട്ട ആന്റപ്പന്‍, ദത്തേട്ടന്‍, പുഷ്പേട്ടന്‍ തുടങ്ങിയവര്‍ അറിയാന്‍. നിങ്ങളിങ്ങനെ അതുണ്ട്‌, ഇതുണ്ട്‌ എന്നൊക്കെ പറഞ്ഞ്‌ നടന്നോ. ഇപ്പോ കണ്ടില്ലേ... അവന്‍ പള്‍സറില്‍ അവളേം കേറ്റി ഒരു പോക്കു പൊകുമ്പോ നോയൊക്കെ തലേല്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരും. ഇനിയെങ്കിലും മനസിലാക്കുക, ലുക്കിലല്ല, ലക്കിലാണ്‌ കാര്യം.

Monday, November 24, 2008

മങ്കലശ്ശേരിയിലെ വേട്ടക്കാര്‍

മഴക്കാര്‍ പോയി, ഞങ്ങള്‍ വേട്ടക്കാര്‍ ആയി. അതേ, മക്കാര്‍ വ്വേട്ടക്കാര്‍... പുക്കാര്‍ വേട്ടക്കാര്‍.

രാമാനന്ദ സാഗറിന്റെ രാമായണമോ, മഹാ ഭാരതമോ പ്രേരക ശക്തികളാക്കി, അര്‍ജ്ജുനനേയും, ഭീഷ്മരേയും, ശത്രുഘ്നനനേയും മനസ്സില്‍ ധ്യാനിച്ച്‌, വെള്ളി പൂശിയ വില്ലും, സ്വര്‍ണ്ണം പൂശിയ ഗദകളുമായി ഞങ്ങള്‍ വേട്ടക്കിറങ്ങി... മാര്‍ഗമധ്യേ ശാപമോക്ഷത്തിനായി കിടക്കുന്ന കല്ലുകളും, മരങ്ങളും പ്രതീക്ഷിച്ച്‌, വേട്ട മൃഗങ്ങളെ പ്രതീക്ഷിച്ച്‌ ഹവായി ചപ്പലും, ബജാജ്‌ പള്‍സറും എടുത്ത്‌ ഞങ്ങള്‍ യാത്ര തുടങ്ങി.

പുഷപന്‍, ശശി, ദിവാരന്‍, പക്രു. പടയേ നയിച്ചിരുന്നത്‌ പുഷ്പനായിരുന്നു. വേട്ടയില്‍ കൂടുതല്‍ പരിചയ സമ്പന്നന്‍, ആപത്ത്‌ എവിടെ, എങ്ങിനെ പതിയിരിക്കുമെന്ന് മണത്തറിയുന്നവന്‍.

നാല്വര്‍ സംഘം അങ്ങിനെ വനാതിര്‍ത്തിക്കുള്ളിലെത്തി. നാലു പേരും ആകെ പകച്ചു നിന്നു. എന്ത്‌ ചെയ്യണം, എങ്ങോട്ട്‌ നീങ്ങണം എന്നറിയാതെ.

പുഷ്പന്‍ ഒരോ ചുവടും സാവധാനത്തില്‍ മുന്നോട്ട്‌ വെച്ച്‌, പിറകില്‍ വരുന്നവര്‍ക്ക്‌ മുന്നേറുവാന്‍ സന്ദേശം കൊടുത്തുകൊണ്ടിരുന്നു.

"ഡാ, രണ്ട്‌ രീതിയില്‍ നമുക്ക്‌ വേട്ടയാടാന്‍ പറ്റും. ഒന്ന്, ഒന്നും അലോജിക്കാതെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച്‌ കടന്നാക്രമിക്കുക. അല്ലെങ്കില്‍, ഒരുപാട്‌ സമയമെടുത്ത്‌ എല്ലാ ആക്രമണ വിദ്യകളും അഭ്യസിച്ച്‌ വേട്ടയാടുക. രണ്ടിലും ജയം കണ്ടു തന്നെ അറിയണം. ചെലപ്പോ വേട്ടമൃഗം നമ്മെ വേട്ടയാടാനും മതി."

"ഉം..." ബാക്കി മൂന്ന് പേരും തല കുലുക്കി.

"ഡാ പുഷ്പാ, ഈ ഗൂഗിള്‍ മാപ്പില്‍ ഇങ്ങനെ ഒരു വഴി കാണിക്കുന്നില്ലല്ലോ? നമുക്ക്‌ വഴി തെറ്റിയൊ?" ദിവാരനൊരു സംശയം.

"ഇല്ലെഡ. നമുക്ക്‌ സ്ഥിരം വഴികള്‍ മാറ്റി പിടിക്കാം. എല്ലാവരും ഒരേ വഴികളിലൂടെ സ്ഥിരം പോയി, ഇപ്പോ വേട്ട മൃഗങ്ങളൊന്നും ആ വഴി വരുന്നില്ല." - പുഷ്പന്‍.

"അങ്ങിനെ പറയാന്‍ പറ്റില്ല. കാര്യം ഞാന്‍ ഒന്ന് രണ്ട്‌ തവണയേ വേട്ടക്കിറങ്ങിയിട്ടുള്ളൂ എങ്കിലും, ആ വഴിയിലും മൃഗങ്ങള്‍ തടയുന്നുണ്ട്‌."

"എന്നിട്ടെന്തുണ്ടായി? നീ എയ്ത അമ്പുകള്‍ അബദ്ധത്തില്‍ പോലും ഏതെങ്കിലും ഒരു കോഴിയുടെ മേത്തെങ്കിലും കൊണ്ടോ? അന്ന് നീ മര്യാദക്ക്‌ അഭ്യസിക്കാതെ, ഇപ്പോ കിട്ടും എന്നും പറഞ്ഞ്‌ കാട്ടിലേക്കോടി പ്പോയല്ലോ..." - പുഷ്പന്‍.

"ഡാ പിള്ളാരെ, മിണ്ടാതെ നടക്കിന്‍. ശബ്ദമുണ്ടാക്കിയാ ചെലപ്പോ..." അത്‌ പറഞ്ഞത്‌ ശശിയാണ്‌. ശശി തുടര്‍ന്നു.

"കാര്യം എനിക്ക്‌ വേട്ടയില്‍ യാതൊരു പരിചയവും ഇല്ല. വേട്ട അഭ്യാസം തുടങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കിലും, ഇന്ന് ഞാനായിട്ട്‌ ഒരു അമ്പ്‌ പോലും എയ്യില്ല. എങ്കിലും പറയാം, ഇതൊക്കെ ഒരു ലക്ക്‌ ആണെടാ. നീ എങ്ങിനെയൊക്കെ അമ്പെയ്താലും, വല വെച്ചാലും ഇര കുടുങ്ങണമെങ്കില്‍ ഭാഗ്യം, സമയം ഇതൊക്കെ ഒത്ത്‌ വരണം. പണ്ട്‌ കോമളന്‍ വളപ്പിലൂടെ നടന്ന് പോയപ്പോള്‍ മുന്നില്‍ കിടന്ന മച്ചിങ്ങ ചുമ്മാ കാലു കൊണ്ട്‌ തട്ടിത്തെറിപ്പിക്കുകയും, ആ മച്ചിങ്ങ കൊണ്ട്‌ കോഴിയെ പിടുങ്ങാന്‍ വന്ന കുറുനരിയുടെ തലയില്‍ കൊള്ളുകയും, അത്‌ വടിയാവുകയും ചെയ്തില്ലേ. എന്നിട്ടവന്‍ അത്‌ കാട്ടില്‍ പോയി പിടിച്ചതാണെന്നും പറഞ്ഞ്‌ വീമ്പടിച്ചെങ്കിലും, കാര്യം നടന്നോ... അതാണെടാ ടൈം."

"ഹും, ഞാനേതായാലും പുതിയ അമ്പും വില്ലും വാങ്ങി വെച്ചിട്ടുണ്ട്‌. ഈ ഞായറാഴ്ച മുതല്‍ അഭ്യസിച്ചു തുടങ്ങണം. പുഷ്പാ, ഞാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന അഭ്യാസമുറകള്‍ മാത്രം പഠിച്ചാല്‍ മതിയോ... അതോ തുടക്കം മുതല്‍ എല്ലാം പഠിക്കണോ?" അത്രയും നേരം മീണ്ടാതിരുന്ന പക്രു ചോദിച്ചു.

"ഡ, നിന്റെ കയ്യില്‍ എത്ര സമയം ഉണ്ട്‌? കുറച്ചേ ഉള്ളൂ എങ്കില്‍ പ്രധാനപ്പെട്ട ചില മുറകള്‍ പഠിച്ച്‌, കാട്ട്‌ മൃഗങ്ങളെ ഒളിഞ്ഞിരുന്ന് ആക്രമിക്കാം. അല്ലെങ്കില്‍ പതുക്കെ എല്ലാം പഠിച്ച്‌ ഉത്തമനായി വേട്ടക്കിറങ്ങാം. രണ്ടിലും നേരത്തേ ശശി പറഞ്ഞ സാധനമാണ്‌ ഇമ്പോര്‍ട്ടന്‍ഡ്‌. ടൈം!"

"ശരി പുഷ്പാ... അങ്ങിനെ അയിക്കോട്ടെ."

അത്‌ കേട്ട ശശി തുടങ്ങി.

"എന്റെ കയ്യില്‍ അഭ്യസിക്കാനുള്ള സകല ആയുധങ്ങളും ഉണ്ട്‌. പക്ഷേ മങ്കലശ്ശേരിയില്‍ മനസ്സമാധാനമായൊന്ന് അഭ്യസിക്കാന്‍ പറ്റണ്ടേ... ഉറുമി ഒന്ന് വലിഞ്ഞ്‌ ചുഴറ്റാന്‍ പോലുമാകുന്നില്ല. ഉടവാള്‍ ഉരയില്‍ നിന്നുമൂരിയിട്ട്‌ തന്നെ ദിനങ്ങളായി. തുരുമ്പെടുത്ത്‌ കാണുമോ ദൈവമേ..."

പുഷ്പന്‍: "ഇനി സൂക്ഷിക്കണം. ഈ സമയത്ത്‌ വേട്ടയാടാന്‍ ആര്‍ക്കും അധികം മൃഗങ്ങളെ കിട്ടില്ല. അതിനാല്‍ ഉള്ളവയെ സമര്‍ദ്ധമായി പിടിക്കണം. എങ്ങാനും പിടിക്കാന്‍ ചാന്‍സ്‌ കിട്ടിയാല്‍, പിന്നെ വിടരുത്‌. എങ്ങിനെയെങ്കിലും, എന്തൊക്കെ സര്‍ക്കസ്സ്‌ കാണിച്ചാലും, ജീവന്‍ പോയാലും അത്‌ വിടരുത്‌."

ദിവാരന്‍: "പുഷ്പാ, ഞാനീ പള്‍സറും, പ്ലേ സ്റ്റേഷനും ഉപയോഗിച്ച്‌ ഒന്ന് വേട്ടയാടിയാലോ..."

പുഷ്പന്‍: "നോക്കൂ. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ പള്‍സറിനേക്കാള്‍ നല്ലത്‌ മാരുതി ജിപ്സിയാണ്‌. വമ്പന്‍ ഇരകളെ കണ്ടാല്‍ അതില്‍ പാഞ്ഞ്‌ ചെന്ന് പിടിക്കാമല്ലോ."

പക്രു: "അല്ലാ, ഞാനീ ഐപോഡ്‌ വെച്ച്‌ നല്ല പാട്ട്‌ കേള്‍പ്പിച്ച്‌ മാനിനേയും, മയിലിനേയും ഇങ്ങോട്ട്‌ വരുത്താന്‍ നോക്കിയാലോ?"

ശശി: "കാത്തിരുന്നോ.. ഇപ്പോ വരും. കഴിഞ്ഞയാഴ്ച്ച ഞാന്‍ ഒറ്റക്കൊരു വേട്ടക്കിതുപോലെ പോയതാ. മഴയത്ത്‌ കുടുങ്ങി, ആകെ ചളകൊളമായതല്ലാതെ, ഒരു കോപ്പും വേട്ടയാടാന്‍ പറ്റിയില്ല. അപ്പോഴല്ലേ അവന്‍ അതിങ്ങോട്ട്‌ വരുമെന്നും പറഞ്ഞിരിക്കുന്നത്‌."

പുഷ്പന്‍: "അഹങ്കാരം പറയുകയല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി പോയ വേട്ടയില്‍ ഞാനൊരു എമണ്ടന്‍ സിംഹത്തിനെ അമ്പെയ്ത്‌ വീഴ്ത്തിയതാ. ആദ്യ രണ്ട്‌ ആമ്പും അവന്റെ തലയില്‍ തന്നെ കൊണ്ടപ്പോ ഞാന്‍ കരുതി അവന്‍ ചത്തെന്ന്. ആ സന്തോഷത്തില്‍ അല്‍പ്പം വെള്ളം കുടിക്കാന്‍ പോയ ഞാന്‍ തിരിച്ച്‌ വന്നപ്പ്പ്പോ കണ്ടത്‌ സിംഹത്തിന്റെ ഏതാനും പൂടകള്‍ മാത്രം."

പക്രു: "ഇതൊന്നും അത്ര വലിയ സംഭവമേ അല്ല മക്കളെ. ഈ ഞാനും ആദ്യം പോയ വേട്ടയില്‍ ഒന്നൊന്നര ഒരു മാനിനെ കോന്നിട്ടതാ. പിന്നെ നോക്കിയപ്പോ മാനിനൊരു എടുപ്പ്‌ പോരാ. സോ, അവിടെ ഇട്ടിട്ടു പോന്നു."

പെട്ടെന്ന് എതാനും വാരകള്‍ക്കകലെ എന്തോ അനങ്ങുന്ന ശബ്ദം പുഷ്പന്‍ കേട്ടു.

നാലു പേരും ശ്രദ്ദിച്ച്‌, അവിടെക്ക്‌ നോക്കി നിന്നു.

പുഷ്പന്‍: "ശ്‌..ശ്‌... അത്‌ ആനയാണെന്ന് തോനുന്നു. ഒറ്റയാന്‍. വില്ലുകള്‍ കുലച്ച്‌ പിടിക്കുവിന്‍. അതിനെ കണ്ടാലുടനെ മസ്തിഷ്കം നോക്കി തൊടുക്കണം. ശ്രദ്ദിച്ച്‌ നില്‍ക്കുവിന്‍. ഭയപ്പെടരുത്‌"

നിശബ്ദത. കരിയിലകള്‍ ചവിട്ടി മെതിക്കുന്ന ശബ്ദം കൂടിക്കൂടി വന്നു. നാലു പേരും ശ്വാസം വിടാതെ, കാതുകള്‍ കൂര്‍പ്പിച്ച്‌ നിന്നു...

പെട്ടെന്ന് ആ വശത്തു നിന്നും എന്തോ ഒരു സാധനം അതിവേഗത്തില്‍ നാലുപേര്‍ക്കുന്‍ നേരേ പാഞ്ഞ്‌ വന്നു.

അതൊരു കുന്തമായിരുന്നു. സ്വര്‍ണ്ണം പൂശിയ കുന്തം. തലനാരിഴക്ക്‌ ആ കുന്തം ശശിയുടെ തലക്ക്‌ മിതേ കൂടി പോയി ഒരു മരത്തില്‍ തറച്ചു നിന്നു.

പക്രു: "ഡാ, ആന കുന്തമെറിയോ"

ദിവാരന്‍: "അത്‌ ആനയല്ലേടാ. വേറെന്തോ ആണ്‌"

ശശി: "വേറെ എന്ത്‌? എന്തായാലും കുന്തമെറിയുന്ന കാട്ടുമൃഗം ഉണ്ടോ?"

പുഷ്പന്‍: "നിര്‍ത്തെടാ മണ്ടന്മ്മാരേ. അത്‌ വല്ല ചിമ്പാന്‍സിയോ, മനുഷ്യക്കുരങ്ങോ മറ്റോ ആയിരിക്കണം. മുമ്പ്‌ വന്ന നായാട്ടുകാര്‍ ആക്രമിക്കുന്നത്‌ കണ്ട്‌ അതുപോലെ ചെയ്യുന്നതാവും. എന്തായാലും നല്ല പരിചയമുള്ള പോലെയാണ്‌ അത്‌ കുന്തമെറിഞ്ഞത്‌"

പുഷ്പന്‍ രണ്ടും കല്‍പ്പിച്ച്‌ മുന്നോട്‌ നീങ്ങി.

"ഡാ... വേണ്ടാ.. പോകണ്ടാ..." ബാകി മൂന്നുപേരും കരഞ്ഞു പറഞ്ഞു. പുഷ്പന്‍ അത്‌ മൈന്‍ഡാക്കാതെ ഉറിപ്പിടിച്ച വാളുമായി മുന്നോട്ട്‌ നടന്നു.

പെട്ടെന്ന് "ഇത്തവണ ഞാന്‍ ജയിക്കുമെടാ...." എന്നലറി വിളിച്ച്‌, ആ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും നീണ്ട്‌ മെലിഞ്ഞ ഒരല്‍ഭുത ജീവി പുഷ്പനു നേരേ ചാടി വീണു...

എന്താണ്‌ സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുന്നേ ആ ജീവി പുഷ്പന്റെ കഴുത്തില്‍ വാള്‍ മുന ചേര്‍ത്ത്‌ വെച്ചു...

പെട്ടെന്നാണ്‌ പുഷ്പന്‍ ആ ജീവിയുടെ കയ്കള്‍ ശ്രദ്ധിച്ചത്‌... മനുഷ്യന്റെ കയ്കള്‍!

പുഷ്പന്‍ അതിന്റെ മുഖത്തേക്ക്‌ നോക്കി...

കരി വാരിത്തേച്ച്‌, പ്ലാവിലത്തൊപ്പിയും വെച്ച്‌ തന്റെ മേല്‍ ചാടി വീണത്‌ ഒരു മനുഷ്യനായിരുന്നു.

പുഷ്പന്‍ വീണ്ടും സൂക്ഷിച്ചു നോക്കി...

പെട്ടെന്ന് ആ മനുഷ്യ രൂപം സംസാരിച്ചു,

"ങേ... ഇവനോ... ഡാ പുഷ്പാ, ഇത്‌ ഞാനാടാ ആന്റപ്പന്‍..."

"ഒഹോ.. അപ്പോ നീ പിന്നെയും നായാട്ടിനിറങ്ങിയോ..."

"ഉവ്വെടാ.. ഞാന്‍ നല്ലൊരു കോളൊത്തു എന്ന് കരുതി ചാടി വീണതാ. നിങ്ങളായിരുന്നോ..."

"ഹും.."

"എന്നിട്ട്‌ എന്തെങ്കിലും തടഞ്ഞോ?"

"ഇല്ലെടാ... ഇനിയും ശ്രമിക്കണം"

"ന്നാ വാ, നമുക്കൊരുമിച്ച്‌ വേട്ടക്കിറങ്ങാം"

അങ്ങിനെ അവര്‍ അഞ്ച്‌ പേരും കൂടി കാടിന്റെ നടുവിലേക്ക്‌ നടന്നു തുടങ്ങി. പുതിയ വേട്ടയാടല്‍ തന്ത്രങ്ങളും, മന്ത്രങ്ങളും അലോജിച്ച്‌, ജയിക്കാനായി...

പിങ്കുറിപ്പ്‌: ഞങ്ങളിന്നും നല്ലൊരു ജോലിക്കായി വേട്ടയിലാണ്‌. അതില്‍ നിന്നും ഉരുത്തിരിഞ്ഞ വിഷമങ്ങളും, കണ്ണിരും ഈ കഥക്ക്‌ തറക്കല്ലായി.

Wednesday, November 12, 2008

മുണ്ഢനം ചെയ്ത മണ്ടകള്‍

അങ്ങിനെ ഒരു കാര്യം പക്രൂനും ശശിക്കും മനസ്സിലായി. തല മൊട്ടയടിച്ചാലും, ജന്മനാ ഉള്ള ലുക്ക്‌ ഒട്ടും മെച്ചപ്പെടില്ലാ എന്ന്. മാത്രവുമല്ല, ചാണക വെള്ളത്തില്‍ തവളമൊട്ടകള്‍ പോലെ ആകെ ചളകൊളമായി അവമ്മാരുടെ തിരുതലകള്‍.

ജീവിതത്തില്‍ ആദ്യമായി തലവടിക്കുന്ന ശശിക്ക്‌ തലക്കുള്ളില്‍ എന്താണുണ്ടാവുക എന്നറിയാന്‍ പണ്ടേ താല്‍പര്യമുണ്ടായിരുന്നു. ആശാരി ചിന്തൂരിടുന്ന മാതിരി ബാര്‍ബര്‍ നാലു വടി വടിച്ച്‌ ശശിയുടെ തല വാഗമണ്ണിലെ മൊട്ടക്കുന്നുകളേ പോലെ മനോഹരമക്കി.

എല്ലാം കഴിഞ്ഞ്‌ കണ്ണാടിയില്‍ നോക്കിയ ശശി ഞെട്ടിത്തരിച്ചുപോയി.

തന്റെ തലയിലതാ പല രാജ്യങ്ങളുടെയും മാപ്പുകള്‍. അതിലെരെണ്ണത്തിന്‌ ആഫ്രിക്കന്‍ ഭൂഗണ്ഡത്തിനെ ആകൃതി ഉള്ളതായും ശശിക്കു തോന്നി.

"ദൈവമേ... ഇനി ഇതു വല്ല അടയാളവാക്കോ മറ്റോ ആണോ?"

ശശി അറിയാതെ ചോദിച്ചു.

"ഏയ്‌... അല്ലെഡാ.. നീ തലയില്‍ 666 എന്ന് എഴുതിയിട്ടുണ്ടൊ എന്ന് നോക്ക്യേ." പക്രു പറഞ്ഞു.

"അതെന്താ ഡാ 666?? അങ്ങിനെയൊന്നും എന്റെ തലയില്ലാ ഡാ.. ന്നാലും ഈ മാപ്പുകള്‍...?"

അങ്ങിനെ അശാന്മാര്‍ മങ്കലശ്ശേരിയിലെത്തി.

വെളിച്ചത്തില്‍ പരസ്പരം തല നോക്കിയപ്പോഴാണ്‌ പിടികിട്ടിയത്‌, തലയില്‍ ഭൂപടങ്ങളല്ല, 26 വര്‍ഷങ്ങള്‍ തലപുകച്ചതു കൊണ്ടുണ്ടാക്കിയ "തല വരകളും", താരന്‍, പേന്‍, ഉറുമ്പ്‌, ചെതുമ്പല്‍ തുടങ്ങിയ പ്രാണികളുടെ വീടുകളുടെ അടിത്തറകളുമാണെന്ന്.

തിളങ്ങുന്ന രണ്ട്‌ മൊട്ടകളും മുടി വളരാന്‍ കാത്തിരിപ്പു തുടങ്ങി.

ശശി പുതിയ ഹെയര്‍ സ്റ്റെയില്‍ ആക്കൂമത്രേ. ആയിക്കൊട്ടെ.

മൊട്ടകളുടെ ചിത്രം താഴെ (പരിചയമുള്ള പെണ്‍കുട്ടികളേ ഭയന്ന് ചിത്രം അവ്യക്തമാക്കിയിട്ടുണ്ട്‌)

Friday, November 7, 2008

ശശിമുണ്ഢനം

കൊല്ലം 1997, തിരൂറാംകൂര്‍:
പത്താം ക്ലാസില്‍ പുതുതായി എത്തിയ സവിത എന്ന പെണ്‍കുട്ടിയേ ശശി തുടക്കത്തില്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. കണക്ക്‌ പരീക്ഷയില്‍ ലവള്‍ക്കും, ശശിക്കും അമ്പതില്‍ അമ്പതും കിട്ടിയപ്പോഴാണ്‌ തനിക്കൊരെതിരാളി എന്ന നിലയില്‍ അവളെ ശശി നോട്ട്‌ ചെയ്തത്‌.

ങാഹാ.. എന്നാ അവളോടൊന്ന് മുട്ടിയിട്ട്‌ തന്നെ കാര്യമെന്ന് കരുതിക്കൂട്ടി ചെന്ന ശശിയെ എതിരേറ്റത്‌,

"ഹാ.. ശശി, നിനക്കും അമ്പതിലമ്പതാ ലെ...?"

എന്ന അമ്പലത്തിലെ മണിനാദം പോലുള്ള ശബ്ദമാണ്‌. ആവളുടെ മുഖത്തുനിന്നും സി.എഫ്‌.എല്‍ പ്രാകാശം പോലെ എന്തോ ഒന്ന് വന്നിരുന്നു. ഉണ്ണിയപ്പമുണ്ടാക്കാന്‍ കൊത്തിവെച്ച ഒണക്കത്തേങ്ങാപ്പൂളിന്റെ ഷേപില്‍ അവളുടെ നെറ്റിയില്‍ ചന്ദനക്കുറി, വെയിലടിച്ചു തിളങ്ങുന്ന മിനുസമുള്ള കവിളുകളില്‍ കുഴിയാനക്കുഴികള്‍...

ശശിയുടെ മനസ്സ്‌ അതിലോലമായിപ്പോയി.

"നീയേതാഡീ..." എന്ന് ചോദിക്കാന്‍ ചെന്ന ശശിയുടെ വായില്‍നിന്നും വന്നത്‌,

"സവിതാ ന്നാ ല്ലേ പേര്‌... ഫുള്‍ മാര്‍ക്കാണല്ലോ... കണ്‍ഗ്രാജുലേഷന്‍..." എന്നായിരുന്നു.

ചിരിച്ചുകൊണ്ടവള്‍ തിരിഞ്ഞു നടന്നപ്പോളും ശശിയുടെ കണ്ണുകള്‍ പെടയെ പിന്നില്‍ നിന്നും നോക്കുന്ന പൂവന്റെ പോലെയായിരുന്നു. ചിക്കന്‍ ലെഗ്ഗും, കബാബും, തന്തൂരിയും മറ്റും ശശിയുടെ മനസ്സില്‍ തമ്പ്‌നെയിലുകളായി വന്നു പോയി.

അന്നുമുതല്‍ ശശി മോഹന്‍ലാലിന്‌ തന്മാത്രയില്‍ വന്ന അസുഖം ഉള്ളവനെപ്പോലെയായി. സദാ സമയവും അവളെ കുറിച്ചും, അവളുടെ അതിപ്രസരിതമായ അങ്കലാവണ്യത്തെക്കുറിച്ചും അതുഗാഢമായ ചിന്തകളിലാണ്ടു. കണക്കിലും, സോഷ്യല്‍ സയന്‍സിലും അവന്‍ അവളുടെ ഫിസിക്സും, കെമിസ്റ്റ്രിയും കൂട്ടിക്കുഴച്ചു. പഴയതെല്ലാം മറന്നുപോയി.

തൂങ്ങിക്കിടക്കുന്ന ആട്ടിറച്ചി നോക്കിനില്‍ക്കുന്ന കൊടിച്ചിപ്പട്ടിയേപ്പോലെ, അവന്‍ അവളെക്കുറിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ കിടന്നു.

ക്ലാസിലെ ഫസ്റ്റായ, എല്ലാ വിഷയങ്ങള്‍ക്കും ഒരു മാര്‍ക്കുപോലും ചോര്‍ന്നുപോകാതെ വാങ്ങുന്ന സമര്‍ദ്ധനായ ശശി,പിന്നീട്‌ കുതിരാന്‍ കേറുന്ന പാണ്ടിലോറിപോലെയായി. ശരീരത്തിലെ ഹോര്‍മോണിന്റെ അതിപ്രസരം കോണ്ട്‌ പത്താം ക്ലാസിലേ കട്ടിമീശ വന്ന ശശിക്ക്‌, അവളോട്‌ വല്ലാത്തൊരാക്രാന്തം തോന്നി. പ്രായത്തിന്റെ പ്രത്യേകതകൊണ്ട്‌ ശശി ആ ആക്രാന്തത്തിനെ "പ്രേമം" എന്ന ചെല്ലപ്പേരിട്ട്‌ വിളിച്ചു.

അവളുടെ ഒരു നോട്ടത്തിനായി, അവള്‍ തന്നെയൊന്ന് ശ്രദ്ധിക്കാനായി ശശി രാപ്പകല്‍ പണിയെടുത്തു.

നനവ്‌ വന്നിടിഞ്ഞ എലിമാളത്തിന്റെ ഫ്രണ്ട്‌ പോലുള്ള മൂക്കിനടിയില്‍ 12 മെഗാപിക്സല്‍ റെസലൂഷനില്‍ ഉള്ള കറുകറുത്ത മീശ. മുകളില്‍, 'ന', 'ഋ' എന്നീ അക്ഷരങ്ങളുടെ പകുതികള്‍ കൂട്ടിവെച്ച പോലെ ഷേപ്പുള്ള നെറ്റിയും, മുടിയും. ഇതുരണ്ടുമാണ്‌ ശശിയുടെ ബ്രാന്‍ഡ്‌ സിംബല്‍സ്‌. ചെത്തിമിനുക്കിയും, ചെകഞ്ഞു വെച്ചും, വടിച്ചൊടിച്ചും ശശി അതിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചു.

ദിവസങ്ങള്‍ നീങ്ങി. അവളുടെ മാര്‍ക്കും, നിലവാരവും കൂടിവരുകയും, ശശിയുടെ മാര്‍ക്കും, സ്വഭാവവും അലമ്പായി വരുകയും ചെയ്തുകൊണ്ടിരുന്നു. ശശിയോട്‌ സംശയങ്ങള്‍ ചോദിക്കാന്‍ വരാറുള്ള ആണ്‍പിള്ളേര്‍ അവസരം അസാരം ബുദ്ധിപരമായി മുതലെടുത്ത്‌ അവളോട്‌ പോയി സംശയങ്ങള്‍ ചോദിച്ചു. ഒരോ തവണ സംശയം ചോദിക്കുമ്പൊഴും അവര്‍ക്ക്‌ കുടുതല്‍ സംശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പക്ഷേ അതൊന്നും പഠിക്കുന്ന വിഷയത്തിനേകുറിച്ചല്ലായിരുന്നു എന്നു മാത്രം.

"ശശീ... നീ എന്താ വെഷ്മിച്ചിരിക്കാണോ?"

ഡസ്കില്‍ കയ്കള്‍ വെച്ച്‌ അതിന്റെ മേലേ തല ഉരുണ്ടുപോകാതെ വെച്ച്‌ വിഷാദമൂകനായി കിടക്കുമ്പോഴാണ്‌ അവനാ ശബ്ദം കേട്ടത്‌

അതവളായിരുന്നു. സവിത. ഒരു കള്ളച്ചിരിയോടെ അവന്റെയടുത്ത്‌ അവള്‍ വന്നിരുന്നു.

"എന്തു പറ്റീ ഡാ...? രാവിലെ ഒന്നും കഴിച്ചില്ലേ?"

തന്റെ മനസ്സ്‌ ഒട്ടും മനസ്സിലാക്കാതെയുള്ള അവളുടെ ആ സംസാരം ശശിയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു.

"സവീ... നിനക്കെന്നെ മനസ്സിലാവുന്നില്ലേ?" ഇനിയും അടക്കിപ്പിടിക്കാന്‍ കഴിയാതെ ശശി ചോദിച്ചു.

അവള്‍ നിശബ്ദമായി തറയിലേക്കും, അവന്റെ തലയിലേക്കും നോക്കി.

"എനിക്കറിയാം ശശീ. പക്ഷേ എനിക്കങ്ങനെയൊന്നുമില്ലാ. എന്നെ ഒരു പെങ്ങളായിട്ട്‌ കണ്ടൂടെ നിനക്ക്‌?"

"ഇല്ല. എനിക്കതാവില്ല. ഞാന്‍ ജീവിതത്തില്‍ ഒരാളെയേ ഇഷ്ടപ്പെട്ടുള്ളൂ. അത്‌ നീയാ"

"വേണ്ട ശശി. അത്‌ ശരിയാവില്ല."

"എന്തേ ശരിയാവില്ല? എന്നെ നിനക്കിഷ്ടല്ലാ? എന്നെ കാണാണ്‍ കൊള്ളില്ലാത്തോണ്ടാ?" ശശി ഒറ്റ ഷോട്ടില്‍ ഒരുപാടെണ്ണം തൊടുത്തു.

"അതോണ്ടല്ല. എനിക്ക്‌ നിന്നെ ഇഷ്ടാ... അതെന്തോണ്ടാ ന്നാറിയോ, എനിക്ക്‌ മീശേള്ള ചെക്കമ്മരെയാ ഇഷ്ടം. നിന്റെ ഈ കട്ടിമീശ എന്തു രസാ കാണാന്‍ ന്നറിയോ. നീയറിയാതെ എത്ര വട്ടം ഞാനത്‌ നോക്കിയിരിന്നിട്ടുണ്ട്‌ ന്നറിയോ. പിന്നെ നിന്റെയോ ഹെയര്‍ സ്റ്റെയിലും എനിക്കിഷ്ടാ. വേറെ ആര്‍ക്കും ഇല്ലാത്ത ഒരു സ്റ്റെയില്‍. പക്ഷേ ഇതൊക്കെ നിന്നോട്‌ പറഞ്ഞാ നീ എന്നെ തെറ്റിദ്ധരിച്ചലോ ന്ന് വെച്ചിട്ട ഞാനൊന്നും മിണ്ടാത്തെ."

ശശിയുടെ കണ്ണുകള്‍ സൂര്യാ ടിവി യുടെ സിമ്പലിനെ പോലെ വിടര്‍ന്നു. അവന്റെ ശരീരത്തിലെ രോമങ്ങള്‍ മുള്ളന്‍പന്നിയുടെ പോലെ മേലോട്ടുയര്‍ന്നു. അവള്‍ തന്റെ മുടിയും, മീശയും ഇഷ്ടാണെന്ന് പറഞ്ഞിരിക്കുന്നു. അവന്‌ സന്തോഷം കൊണ്ടിരിക്കാന്‍ വയാതായി.

"ങേ... അപ്പോ... അപ്പോ നിനക്കെന്നെ... ഇഷ്ടാണോ?"

"ഇഷ്ടമൊക്കെയാണ്‌. പക്ഷേ ആ രീതിയിലുള്ള ഇഷ്ടമൊന്നുമല്ല."

എത്രയാലോജിച്ചിട്ടും അതേതു രീതിയിലുള്ള ഇഷ്ടമാണെന്ന് ശശിക്ക്‌ മനസ്സിലായില്ല.

ശശി പിന്മാറിയില്ല. അവന്‍ അവളുടെ പിന്നിലും, മുന്നിലും, സൈഡുകളിലും വിടാതെ കൂടി. അവന്‍ പരീക്ഷകളില്‍ തോല്‍ക്കുകയും, ടിച്ചര്‍മാരുടെ ശത്രുവാകുകയും ചെയ്തു.

മകന്റെ തലയിലെ ഗ്രാഫ്‌ തേങ്ങ വീഴുന്ന പോലെ താഴേക്ക്‌ അതിവേഗത്തില്‍ പോകുന്ന കണ്ട ശശിയുടെ രക്ഷിതാക്കള്‍ വല്ലാതെ വേവലാതിപ്പെട്ടു.

ഹോര്‍ലിക്സും, പൂജിച്ച നെയ്യും, ഡബിള്‍ റ്റ്യൂഷനും ഒക്കെ ട്രൈ ചെയ്തിട്ടും ശശി മാറിയില്ല.

ഒടുവില്‍ വിവരമറിഞ്ഞെത്തിയ ശശിയുടെ ഒരു അമ്മാവന്‍ ഇങ്ങനെ പരിഹാരം പറഞ്ഞു:

"മകന്റെ അഭിവൃദ്ധിക്കായി തിരുപ്പതി വെങ്കടാചലപതിക്ക്‌ ഒരു വഴിപാട്‌ നേരൂ. അവന്‍ ഒരുവഴിയാകുമ്പോള്‍ പോയി തല മുണ്ടനം ചെയ്യട്ടേ."

-------------------

കൊല്ലം 2008, ബാങ്ക്ലൂര്‍:
അവസാന പരീക്ഷ കഴിഞ്ഞതും "ഞാനീ നാട്ടുകാരിയല്ല!" എന്ന മട്ടില്‍ പൊടിയും തട്ടി ശശിയുടെ സവി പോകുകയും, പിന്നീടങ്ങ്‌ "ഹര്‍ ഹസീന്‌ ചെഹരേ കോ അബ്‌ യേ ദില്‍ ഡരേഗാ" എന്ന പാട്ടും പാടി ശശി ശിഷ്ട ജീവിതം നയിക്കുകയും ചെയ്തു.

ഇന്നവന്‍ ബാങ്ക്ലൂരില്‍ ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജോലിയെടുക്കുന്നു. ആ ഓള്‍ഡ്‌ ഐറ്റം സവിതയേക്കാളും മെച്ചമുള്ള, 916 മാര്‍ക്കോറ്റുകൂടിയ ക്ടാങ്ങളെ ജസ്റ്റ്‌ ഒന്ന് കയ്‌ ഞൊടിച്ചാല്‍ ഇന്ന് ശശിക്ക്‌ കിട്ടും.

അതിനു കാരണം, ഇന്നും ശശി അഭിമാനത്തോടെ കൊണ്ടു നടക്കുന്ന തന്റെ മീശയും, തലമുടിയും മാത്രമാണ്‌.

പക്ഷേ, ഈ നവമ്പര്‍ 7 വരെ മാത്രം.

പഴയ ആ വഴിപാട്‌ വഴിപാട്‌ നടത്താന്‍ സമയമായിരിക്കുന്നു.

അങ്ങനെ ശശി പോകുകയാണ്‌, തിരുപ്പതിയിലേക്ക്‌. തിരിച്ചുവരുമ്പോള്‍ ശശിയുടെ കയ്യില്‍ കുറെ തിരുപ്പതി പ്രസാദം ഉണ്ട ലഡു ഉണ്ടായിരിക്കും. അതിലൊരെണ്ണമായി അവന്റെ തലയും. പറഞ്ഞു കേട്ടത്‌, തലക്കൊപ്പം മീശയും വടിക്കുന്നതാാണ്‌ അവിടുത്തെ രീതി എന്നാണ്‌.

മീശയും മുടിയുമില്ലാത്ത ശശിയെകാണാന്‍ കൂടുതല്‍ സുന്ദരനായിരിക്കും എന്ന് പറഞ്ഞാശ്വസിപ്പിച്ചാണ്‌ ഞങ്ങളവനെ അയച്ചിരിക്കുന്നത്‌. പാവം.

കൂട്ടിന്‌, മുണ്ടനം ചെയ്യാന്‍ പക്രുവും പോകുന്നു.

മങ്കലശ്ശേരിയിലെ ആദ്യ "മൊട്ട"കളുടെ വരവിനായി കാത്തിരിക്കാം.

------------------------

Wednesday, November 5, 2008

പക്രൂന്റെ ഡയറിക്കുറിപ്പുകള്‍

Nov 2, Sunday:
പതിവില്ലാതെ രാവിലെ 8 മണിക്കെഴുന്നേറ്റിരുന്നു. എന്തിനെണിറ്റു എന്നതിനുത്തരം ഇപ്പൊഴും പിടികിട്ടിയിട്ടില്ല. പല്ലുവെളുപ്പിച്ചത്‌ ഒമ്പതരക്ക്‌ ആന്റിയുടെ വീട്ടില്‍ നിന്നും കിട്ടുന്ന എണ്ണ പുരട്ടിയ നാടന്‍ ചപ്പാത്തിയെ മനസ്സില്‍ കണ്ടത്‌ കൊണ്ടു മാത്രം.

ദിവാരന്‍ ഇന്നും രാവിലെ ഓടാന്‍ പോയി. അവനിതെന്തിന്റെ കേടാ. ഇങ്ങനെ ഓടിയാല്‍ എനിക്ക്‌ റ്റെന്‍ഷന്‍ കേറുമെന്നവന്‍ അലോചിക്കുന്നില്ല. സാധാരണ ഒരാഴ്ച്ചകൊണ്ട്‌ താനേ ഓട്ടം നിര്‍ത്തേണ്ടതാണ്‌. ഇതിപ്പോ കണ്ടിട്ട്‌ എനിക്ക്‌ പണിയാകുമെന്ന് തോനുന്നു. കാര്യം മറ്റവമ്മാരുമായി ചര്‍ച്ചക്ക്‌ വെക്കണം.

ആരോ കീറിതന്ന വഴിയിലൂടെ, ആരാലോ തള്ളിവിട്ടപോല്‍ 9.29 ആയപ്പോഴേക്കും ഞാന്‍ ആന്റിയുടെ വീട്ടിലെ പൂക്കളുടെ പടമുള്ള പ്ലാസ്റ്റിക്‌ പ്ലേറ്റും പിടിച്ച്‌ അടക്കമുള്ള പയ്യനായി ചപ്പാത്തിക്ക്‌ വേണ്ടി കാത്തിരുന്നു. കൂടെ ദിവാരനും, ശശിയും. നാലാര ചപ്പത്തി അകത്താക്കിയതിന്റെ ആഹ്ലാദം കൂട്ടാന്‍ കടുപ്പത്തിലുള്ള ചായ മോന്തുമ്പൊഴും എണ്ണമെടുക്കാതെ അകത്തോട്ട്‌ ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ദിവാരനും ശശിയും. അന്നേരം ഞാന്‍ കണ്ട ആന്റിയുടെ മുഖം പരിതാപകരമായിരുന്നു.

ഞായറാഴ്ചയിലെ ആകെയുള്ള സന്തോഷദായകമായ കാര്യം അങ്ങനെ പര്യവസാനിച്ചു. ഇനിയെന്ത്‌? ഏതൊരു സോഫ്റ്റ്‌ വെയര്‍ എഞ്ചീയര്‍ക്കും ഉണ്ടാകാവുന്ന ധാര്‍മികമായ സംശയം. അതെന്റെ ഒരുകിലോ സവാള നിറച്ച കടലാസു പൊതിയുടെ ഷേപ്പിലുള്ള മസ്തിഷ്കത്തിനുള്ളിലും കിളിര്‍ത്തുവന്നു. ടിവിയില്‍ വടിവേലുവും, ഗൗണ്ടമണിയും എന്നെ കളിയാക്കുന്നപോലെ തോന്നി എനിക്ക്‌. കഴുകാനുള്ള വസ്ത്രങ്ങള്‍ ദുര്‍ഗന്ദ്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ വെമ്പുന്നപോലെയും തോന്നി.

ബോറടിക്കുന്നു....

കത്തിവെക്കാന്‍ ഈ അഞ്ചടി നീളമുള്ള ശരീരത്തിനോട്‌ പ്രണയം തോന്നിയ ക്ടങ്ങളാരും തന്നെയില്ല. എന്റെ കുമ്പളം കുത്തിയ തമാശകളും, ദിവാരന്റെ റിംഗ്‌ ടോണ്‍ പോലത്തെ ശബ്ദമാധുര്യവുമെന്തേ ഒരു പെണ്‍കൊടി പോലും ശ്രദ്ധിക്കാതെ പോയ്‌? അന്നും ഇന്നും എന്നെ ഒരുപാട്‌ അലട്ടുകയും, ചിന്തിക്കുകയും ചെയ്യുന്ന കാര്യമാണത്‌. I have to work a lot on that.

അടക്കാക്കുരു പോലത്തെ (കടിച്ചാല്‍ പൊട്ടാത്തത്‌) ആങ്കലേയം പറഞ്ഞിട്ടും, ഇമ്പോര്‍ട്ടഡ്‌ പെര്‍ഫ്യൂം പൂശിയിട്ടും, വുഡ്‌ലാന്‍സിന്റെ ഹൈ ഹീല്‍ ചെരുപ്പിട്ടിട്ടും എന്തേ ഞാന്‍ വിജയം കണ്ടില്ലാ? ഇനി ഇതൊക്കെ ആരും ശ്രദ്ധിക്കുന്നില്ലാ എന്നുണ്ടോ?

ചിന്തകള്‍ നീണ്ടപ്പൊഴും എനിക്ക്‌ വല്ലാതെ ബോറടിക്കുന്നുണ്ടായിരുന്നു.

പുറത്ത്‌ ചുരുണ്ടുകൂടി കിടന്ന തെരുവുനായ പോലും രഞ്ചിനിയേപ്പോലെ കുലുങ്ങിക്കുരക്കുന്നു. എങ്കിലും സാരമില്ല. ആപ്പീസില്‍ പോണ്ടല്ലോ. ആ ചൊറിയണം മാനേജറുടെ തിരു-വടി, മുഖം, മൊഴി തുടങ്ങിയതൊന്നും ശ്രദ്ധിക്കണ്ടല്ലോ. മോര്‍ ഓവര്‍, എനിക്ക്‌ ടെന്‍ഷന്‍ അടിക്കണ്ടല്ലോ.

ആകെ ഉള്ള സമാധാനം ഒരുമണിക്കുള്ള ഊണാണ്‌. അതുവരേക്കും സമയത്തെ കൊന്നേ തീരൂ. ദിവാരന്‍ അവന്റെ പ്ലേ സ്റ്റേഷന്റെ ഉള്ളിലേക്ക്‌ കയ്യും കാലുമിട്ടിരിക്കുന്നു. ശശി മാളത്തിനുള്ളില്‍ കേറിക്കിടന്നുറങ്ങുന്നു. പുഷ്പന്‍ ലാപ്ടോപ്പില്‍ ചാറ്റുന്നു. ഞാന്‍ മാത്രം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിനെ (കട്‌: സലീം കുമാര്‍, കല്യാണരാമന്‍) പോലെ വെറുതേ...

ചാനലുകള്‍ മാറ്റിയും മറിച്ചുമിട്ടതില്‍ ദേഷ്യം വന്ന റിമോട്ട്‌ ചത്തതുപോലെ കിടന്നു. വെറുപ്പോടെയെങ്കിലും ഞാനും പോയി കിടന്നു. ഒരു പണിയും ചെയ്യാനില്ലാതെ, പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ, അലസമായി.

ബോറടി എന്നെ ഉന്മത്തനാക്കാന്‍ തുടങ്ങിയിരുന്നു.

12 മണിക്ക്‌ മൊബെയില്‍ റിങ്ങി. ചൊറിയണം ആണ്‌. എന്നോട്‌ ഓഫീസിലോട്ട്‌ ചെല്ലാന്‍ പറഞ്ഞു. അത്‌ പറയുമ്പൊഴും അങ്ങേരുടെ ഇള്ളക്കുട്ടിയുടെ കരച്ചില്‍ അപ്പുറത്ത്‌ കേള്‍ക്കാം. ഹും. അയാള്‍ വീട്ടിലും, ഞാന്‍ ഓഫീസിലും. എനിക്കങ്ങു ദേഷ്യം വന്നു. സ്വദവേ ദേഷ്യം വന്നാല്‍ നിയന്ത്രണം വിടുകയും, പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സ്വഭാവമാണെനിക്ക്‌. അതുകൊണ്ടു തന്നെ അതിവേഗം ഞാന്‍ ഡ്രസ്സ്‌ മാറി ഓഫീസിലേക്ക്‌ പോകാന്‍ റെഡിയായി.

എങ്ങോട്ടാണെന്ന് ചോദിച്ച ദിവാരനോടും, പുഷ്പനോടും "ഓ... ബോറടിക്കുന്നു. ഞാന്‍ കുറച്ച്‌ നേരം കോഡിംഗ്‌ ചെയ്തിട്ട്‌ വരാമെന്നും, പണി കുറച്ച്‌ ചെയ്തു വെച്ചാല്‍ നാളെ അത്രേം കുറച്ച്‌ ചെയ്താല്‍ പോരേ" എന്നും പറഞ്ഞ്‌ ഓഫീസിലേക്ക്‌ പോയി.

അന്നുരാത്രി പിന്നെ ഉറങ്ങാന്‍ മങ്കലശ്ശേരിയിലെത്തിയില്ല. എത്താന്‍ പറ്റിയില്ല.

Nov 3, Monday:
പതിവുപോലെ രാവിലെയായിട്ടും കഴിഞ്ഞ ദിവസത്തെ ജോലി മുഴുവനാകാന്‍ പറ്റിയിട്ടില്ല. ഇനി ഒന്ന് വീട്ടില്‍ പോയി ഉറങ്ങാന്‍ പറ്റുമോ എന്നറിയില്ല.

9 മണിക്ക്‌ ആരോടും മിണ്ടാതെ വീട്ടിലേക്കോടി.

എല്ലുമുറിയെ പണിയെടുഠവന്റെ ആത്മാഭിമാനത്തോടുകൂടി ഞാന്‍ ഉറങ്ങി.

പുത്തന്‍ കോള്‍ഗേറ്റിന്റെ പേസ്റ്റ്‌ ഞെക്കുമ്പൊഴേക്കും തുറിക്കുന്ന അതേ വേഗത്തില്‍ ആ ദിവസം പോയി.

എനിക്ക്‌ വേണ്ടി ആ ചൊറിയണം പ്രാര്‍ത്ഥിക്കുന്നുണ്ടാവണം. അയാള്‍ക്ക്‌ നല്ലത്‌ മാത്രം വരട്ടെ.
അന്നെനിക്ക്‌ ബോറടിച്ചതേയില്ല.

Friday, October 24, 2008

Wednesday, October 22, 2008

സാഹിത്യവാരം - ദിവാരന്‍

ദിവാരനായിരുന്നു അടുത്തതായി സാഹിത്യവാര്‍ത്തിലേക്ക്‌ ഡെഡിക്കേറ്റ്‌ ചെയ്തത്‌. ഇങ്ക്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ച ദിവാരന്‌ മലയാളം അത്രക്കങ്ങ്‌ പിടുത്തം പോര. പക്ഷേ ഇങ്ക്ലീഷ്‌ അരച്ചു കലക്കി കുടിച്ച ടീമാണ്‌. എങ്ങിനെയൊക്കെ, എന്തൊക്കെ പ്രയോഗങ്ങളാ ദിവാരന്‍ ആങ്കലേയത്തില്‍ പറയുന്നതെന്നോ.

ഒരുപാട്‌ ജന്മങ്ങളായി കാത്തിരിക്കുന്ന പെണ്ണിനെ ഓര്‍ത്ത്‌, അവളെ അത്ര മേല്‍ ഇഷ്ടമാണെന്ന് പറഞ്ഞ്‌, ദൂരത്തുള്ള തീരങ്ങളെയും, താരങ്ങളെയും സാക്ഷികളാക്കി ദിവാരന്‍ എഴുതി ഒരു കവിത. ഇങ്ക്ലീഷില്‍.

ആങ്കലേയം വലിയ പിടിയില്ലാത്തവര്‍ക്കായി ദിവാരന്റെ കവിത മലയാളത്തിലാക്കി ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത്‌ കൊടുത്തിട്ടുണ്ട്‌. വായിക്കാം.

Edee... Where Are You...?
For how many births I am searching for you....(Google)
um...um... um.....
O my lucky, I love you that much....
Long away coasts and the silent clouds are the witness here.
ah.... ah.....

The cloud whispered(wings) to the wind slowly,
Some secretes with romantic tune.
In search of You, Oh disappearing evening,
This wet moonlights sperms.
Always like a child on your lap (laptop),
Like the romance in you,
When I am waiting for you... (For how many births)

The winter raining from full moon
Are stitched on the chest of flower by the breeze.
Hey, mulla which flowers on may month,
You just gave me unlimited fragrances.(AXE)
I gave you as love all days,
This snow and the wetness in my eyes,
And the wishes which is filled in my heart... (For how many births)
--------------------------
ഇനി അതിന്റെ മലയാള പരിഭാഷ :
ഡ്യേയ്‌, നീയിതെവിട്യാ?
എത്രയോ ജന്മമയി നിന്നെ ഞാന്‍ തേടുന്നൂ
അത്രമേല്‍ ഇഷ്ടമായ്‌ നിന്നെയെന്‍ പുണ്യമേ...
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍...
ഉം... ഉം....

കറ്റോടുമേഘം മെല്ലേ ചൊല്ലീ,
സ്നേഹാര്‍ദ്രമേതോ സ്വകാര്യം...
മായുന്ന സന്ധ്യേ, നിന്നേ തേടീ,
ഈറന്‍ നിലാവിന്‍ പരാഗം...
എന്നെന്നും നിന്‍ മടിയിലേ പൈതലായ്‌,
നേ മൂളും പാട്ടിലേ പ്രണയമായ്‌
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ... (എത്രയോ)

പൂവിന്റെ നെഞ്ചില്‍ തെന്നല്‍ നെയ്യും,
പൂര്‍ണ്ണേന്തു പെയ്യും വസന്തം...
മേയ്മാസ രാവില്‍ പൂക്കും മുല്ലേ,
നേ തന്നു തീരാ സുഗന്ധം...
ഏ മഞ്ഞും, എന്‍ മിഴിയിലെ മൗനവും,
എന്‍ മാറില്‍ നിറയുമീ മോഹവും,
നിത്യവും സ്നേഹമായ്‌ തന്നു ഞാന്‍...(എത്രയോ)

Tuesday, October 21, 2008

മങ്കലശ്ശേരി സാഹിത്യവാരം

അടുത്ത ഏതാനും ദിവസങ്ങള്‍ മങ്കലശ്ശേരിക്കാര്‍ സഹിത്യവാരമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കമ്പ്യൂട്ടറും, ഇ മെയിലും കയ്യടക്കിയ തങ്ങളുടെ സര്‍ഗ്ഗാത്മകമായ സാഹിത്യ വാസനകളെ കുലുക്കിയുണര്‍ത്താനും, നിറം പിടിപ്പിക്കാനും ഈ അവസരം ഞങ്ങളോരോരുത്തരും ഉപയോഗിക്കുകാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

ഇവിടെയെഴുതുന്ന ഒരോ സാഹിത്യ കൃതികളും അതിന്റെ ഉടമസ്ഥന്റെ മാത്രം സ്വന്തമാണ്‌. അത്‌ മോഷ്ഠിച്ച്‌ മുതലെടുക്കാമെന്ന് ആരും കരുതരുത്‌. കോപ്പി പ്രൊട്ടക്റ്റഡ്‌!

സാഹിത്യവാരത്തില്‍ ആദ്യമായി ശശിയാണ്‌ പോസ്റ്റ്‌ എഴുതുന്നത്‌. തന്റെ എക്കാലത്തെയും പ്രിയങ്കരമായ കവിതകളില്‍ രണ്ടെണ്ണം ശശി തിരഞ്ഞെടുത്തതാണ്‌ ഇവിടെ പോസ്റ്റുന്നത്‌.
--------------------

പ്രായം അധികമായതിനാല്‍ തനിക്ക്‌ പെണ്ണ്‍ കിട്ടാത്തതിലുള്ള ആഴത്തിലുള്ള വിഷമം ഒരു കവിതയിലൂടെ ശശി പറയുകയാണ്‌.
തന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ മഹാ മെഗാ കവിയെ തല്ലിയുണര്‍ത്താന്‍ മുപ്പ്പത്‌ വയസുവരെ കാത്തിരിക്കേണ്ടി വന്നൂ ശശിക്ക്‌.

ഒരുപാടൊരുപാട്‌ പെണ്‍കുട്ടികളെ കാണാന്‍ പോയി, ഒരുപാടാലോചനകള്‍ വന്നുപോയി... പക്ഷേ ഒന്നും നടന്നില്ല. എല്ലാ അലോചനകളും ശശി തന്റെ ഫോട്ടോ പെണ്‍കുട്ടിക്ക്‌ കാണാന്‍ അയച്ചു കൊടുത്തതിനു ശേഷമോ, നേരിട്ട്‌ കണ്ടതില്‍ ശേഷമോ പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ മുടങ്ങിപ്പോയി.

അതില്‍ മനം നൊന്ത ശശി, തന്റെ കണപ്പെട്ട റോള്‍മോഡലായ സലീംകുമാറിനെ മനസിലോര്‍ത്ത്‌ എഴുതി...

ഞാന്‍ കുടിച്ച കാപ്പികള്‍!
പലവട്ടം മാറിമാറിയാ
ദല്ലാളിന്‍ ബൈക്കിനുപിന്നില്‍
ഒരുനാണോമില്ലാതെ ഞാന്‍
പോയില്ലേ...

അഴകോലും പിള്ളേരേ,
അനുദിനവും കണ്ടെന്നെയ്‌,
പെണ്മനസുകളതൊന്നുപോലും കനിഞ്ഞതില്ലെന്നെയ്‌...

കൂയ്‌! (പലവട്ടം)

വിരുന്നുകാരുടെ ലോകത്തില്‍
ഒരു കുരുന്നുകുഞ്ഞായ്‌ ഞാനും,
പരിപ്പുവടകള്‍ തിന്നുതീര്‍ത്തില്ലേ...

വലിച്ചു മോന്തിയ കാപ്പിക്കിടയില്‍,
ചിരിച്ചുനിന്നോരവളെ
തിരിച്ചുനോക്കാന്‍ മറന്നുപോയില്ലേ...

കറുത്തതാമെന്‍ മുഖത്ത്‌ നോക്കി,
എനിക്കുവേണ്ടെന്നവളോ,
വെളുത്തൊരെന്റെ കരളിനെ നോക്കില്ലേ...


ഇളിഭ്യനയി,
വിഷണ്ണനായി
തിരിച്ചിറങ്ങീ ഞാനും,
കാശിനുവേണ്ടി മൂന്നാനും കൂടേ.
(പലവട്ടം)

കഴിഞ്ഞ മാസം നടന്നുപോയി,
വാക്കുകൊടുത്തൊരു കാര്‍ത്തൂ,
വരുത്തനോടൊത്തോളിച്ചു ചാടീല്ലേ...

കറുത്ത ടാറില്‍ വറുത്തപോലെ,
ചൊറിഞ്ഞിരിക്കും ഗോപി,
വെളുമ്പിയാമാ മിനിയേക്കെട്ടീല്ലേ...

വല്ലാണ്ടുമായി,
ഇല്ല്യാണ്ടുമായി,
വല്ലാതിരുന്നൂ ഞാനും,
അത്‌ കണ്ടോണ്ടിരിക്കാന്‍ നാടും നാട്ടാരും...
(പലവട്ടം)

---------------------

അടുത്ത കവിത പണ്ട്‌ ശശിക്ക്‌ ജോലി കിട്ടാതെ നഗരത്തിന്റെ മുക്കും മൂലയും മണപ്പിച്ച്‌ നടന്നപ്പോ പൊട്ടിവീണ ശകലങ്ങള്‍ ഒരുമിച്ചു വെച്ചതാണ്‌...

തേരാപ്പാരാ...
വിസ്ഭോടനം!
കരാളഹസ്തങ്ങളിറങ്ങി, മുറുക്കി,
മാന്തിയെടുത്തെന്റെ ഹൃദയം,
രക്തമൊഴുകാതെ വെറുതേ കരഞ്ഞു...

അവിടെ വിസ്ഭോടനം!

റെസൂമെകളെന്റെ ധമനികളി-
ലൂടോടിയെന്നെയുന്മ്മത്തനാക്കിയ-
നിശാതമായ വേളകളില്‍,
റോഡരുകിലും,
വിസ്ഭോടനം!

മുപ്പതുകാശിനാല്‍ വിശപ്പടക്കിയെന്‍,
മനസും, ശരീരവുമാര്‍ത്തുല്ലസിച്ചതി-
ലുണ്ടായൊരാണ്‍കുഞ്ഞ്‌,
ദു:ഖമെന്ന പേരിലവനെഞ്ഞാന്‍ പോറ്റി-
യതുണ്ടായനതരം,
വിസ്ഭോടനം!

സൂക്ഷ്മമാം ബാഷ്പപുഷ്പങ്ങളും,
മൂകസൂനങ്ങളും, ശോണമോഹങ്ങളും,
എന്റെ സിരയില്‍ തിളക്കും വെള്ളമില്ല,
ഉള്ളിലറിവിന്റെ പുസ്തകക്കെട്ടുമില്ലാ...

അവിടെ വഴിയരികില്‍ മാറ്റുരച്ച്‌,അടികൂടുന്ന
നഗ്നമാം ജോലി മോഹമില്ലാ...

പഴകി ത്തുരുമ്പിച്ച, വാതിലുകളടയിച്ച,
പാഴ്‌നിഴല്‍പുറ്റുകള്‍ കയറിമരവിച്ച,
പാപിയാം കമ്പനികളെങ്ങുമില്ലേ...

അവിടെ,
ആരോടും പറയാതെ, അനുദിനം കരയാതെ,
സിനിമകള്‍ കണ്ടുഞ്ഞാന്‍....

അവിടെയുമൊരുനാളെത്തി,
യെന്നെകരയിക്കുവാനായ്‌,
വിസ്ഭോടനം!

തേരാപ്പാര നടന്നൊരെന്നിലും,
വിസ്ഭോടനം!
---------------

Tuesday, October 7, 2008

അത്ഭുത ബാഗിലെ അപവാദങ്ങള്‍

എനിക്കോര്‍മ്മ വരുന്നത്‌ മതിലുകള്‍ എന്ന സിനിമയാണ്‌. മങ്കലശ്ശേരിയിലെ ഇപ്പൊഴുള്ള ഒരു അന്തരീക്ഷം അതാണ്‌. ഫാനിന്റെ ശബ്ദവും, ഇടക്കിടക്ക്‌ ഓണാവുന്ന ടിവിയുടെ ശബ്ദവും മാത്രം. ആരും ആരോടും മിണ്ടാട്ടമില്ല. ആറ്‌ പേര്‌ താമസിച്ചിരുന്ന മങ്കലശ്ശേരി ഇപ്പൊ ആരും താമസിക്കത്ത വീട്‌ പോലെ, ശാന്തം.. സുന്ദരം.. സുരഭിലം.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതിയിട്ടാണോ അതോ രണ്ട്‌ "വൃത്തികേടുകള്‍" വീട്ടില്‍ നിന്നും പോയതുകൊണ്ട്‌ "തെളിച്ച്‌ ശുദ്ധം വരുത്താം" എന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല, ആ ശനിയാഴ്ച്ച ദിവാരനും പക്രുവും വീട്‌ മൊത്തം ഒന്ന് വൃത്തിയാക്കുവാന്‍ തീരുമാനിച്ചു.

അരയില്‍ തോര്‍ത്ത്‌ മുണ്ട്‌ മാത്രം കെട്ടി, മൂക്കിലും വായിലും പഞ്ഞിക്ക്‌ പകരം തുണിചുറ്റി, സെപ്റ്റിക്‌ ടാങ്കിലേക്കിറങ്ങുന്ന ധീരയോധാക്കളെപ്പോലെ അവമ്മാര്‍ രണ്ടും അണിഞ്ഞൊരുങ്ങി, അടുക്കളയുടെ ആരും അടുക്കാത്ത ഭാഗങ്ങളിലേക്കൊന്ന് നോക്കി.

ലോക്കല്‍സ്‌ കൂടാതെ കളക്ഷനു വേണ്ടി അയലോക്കത്തു നിന്നും വന്ന പല്ലികളും, പാറ്റകളും, മൂട്ടകളും അടുക്കിവെച്ചിരിക്കുന്ന കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്നും, പഴയ പെട്ടുകള്‍ക്കിടയില്‍ നിന്നും "വേണ്ടാ മോനെ.. ഞങ്ങളോട്‌ കളി വേണ്ട്രാ..." എന്ന മട്ടില്‍ പക്രുവിനെയും ദിവാരനെയും തുറിച്ചു നോക്കി.

ഒന്നും കാര്യമാക്കാതെ ദിവാരന്‍ തികഞ്ഞ "നീന്തല്‍" താരത്തെപ്പോലെ ആ വേസ്റ്റ്‌ കൂനകള്‍ക്ക്‌ മുകളിലോട്ട്‌ എടുത്ത്‌ ചാടി, മഥനം ചെയ്യന്‍ തുടങ്ങി.

അങ്ങിനെ മഥിക്കുനതിനിടയില്‍ ദിവാരനും കിട്ടി പലതും.

കോമളന്‍ റൂം ഫ്രഷ്‌ ആക്കാന്‍ വെച്ചിട്ട്‌ പോയ പഴയ മൂന്ന് ജോടി ഷൂസ്‌, ഷൂസിന്റെ ഉള്ളില്‍ തണുപ്പടിക്കാതെ കൂടിയിരിക്കുന്ന സോക്സ്‌ ആന്റ്‌ പാറ്റാസ്‌ ഫൂച്ചര്‍ ഫാമിലി (മുട്ടകള്‍), ആന്റപ്പന്റെ കള്‍സറായിസ്‌, ബ്ലാക്‌ ആന്റ്‌ വൈറ്റില്‍ പത്താം തരത്തില്‍ പഠിക്കുമ്പോ ആദ്യായി എടുത്ത ചിരിക്കുന്ന ഫോട്ടോ മുഖക്കുരുവോട്‌ കൂടിയത്‌...

അങ്ങിനെ വിജയകരമായി ക്ലീനിംഗ്‌ നടത്തിവന്ന ദിവാരന്റെ കണ്ണുകളില്‍ അങ്ങ്‌ മൂലക്ക്‌ വികാരധീരനായി, ചുക്കി ചുളുങ്ങി ഇരുന്ന ഒരു കറുത്ത ബാഗ്‌ ഉടക്കി നിന്നു.

ഇതുവരെ ആരും അങ്ങിനെ ഒരു ബാഗ്‌ ഇവിടെ കണ്ടിട്ടില്ല. കണ്ടാലറിയാം ഒരുപാട്‌ കാലമായി ആരും തൊടാതെ വെച്ചിരിക്കുന്നതാണത്‌.

എന്തായിരിക്കും അതില്‍?

ദിവാരനും പക്രുവും അങ്ങോട്ടുമിങ്ങോട്ടും നോക്കി. ദിവാരന്റെ കണ്ണുകളില്‍ ഭയവും, പക്രുവിന്റെ കണ്ണുകളില്‍ ആകാംക്ഷയും. അതില്‍ ആകാംക്ഷക്കായിരുന്നു "സെക്സ്‌ അപ്പീല്‍" കൂടുതല്‍. അതുകോണ്ട്‌ തന്നെ ദിവാരന്‍ ആ ബാഗ്‌ തുറക്കാന്‍ നിര്‍ബന്ദ്ധിതനായി.

വിറക്കുന്ന കയ്കളാല്‍ ദിവാരന്‍ ആ ബാഗ്‌ മുകളില്‍ നിന്നും താഴേക്ക്‌ ഇറക്കി വെച്ചു.

ജീവനുള്ള എന്തോ ഒന്ന് തങ്ങളെ തുറിച്ചു നോക്കുന്ന പോലെ ദിവാരനു തോന്നി. എന്തായിരിക്കും ഉള്ളില്‍?

പേടി മാറ്റാന്‍ പക്രു കാലു മടക്കി ബാഗിന്റെ ആസനം നോക്കി ഒറ്റ കിക്ക്‌. എന്നിട്ടൊരു ഡയലോഗും...

"ഏയ്‌... പേടിക്കാനൊന്നുമില്ലെടാ.... ഉള്ളില്‍ ജീവനുള്ള ഒന്നുമില്ല. നീ തൊറന്നോ."

പണ്ടേ ഉള്ള ധൈര്യം ഇപ്പൊഴും അതേപടി ഉണ്ടെന്ന് കാണിക്കണമെങ്കില്‍ ദിവാരനു ബാഗ്‌ തുറന്നേ പറ്റൂ.

തന്റെ സ്വത്സിദ്ധമായ സ്റ്റെയിലില്‍, സിനിമ നടന്‍ ജയന്‍ നില്‍ക്കുന്ന പോലെ കയ്കള്‍ പിന്നിലേക്ക്‌ വലിച്ച്‌ വെച്ച്‌, കത്തിപ്പോകാതെ നിന്ന ഫാറ്റ്‌ തടിച്ചു കൂടിയ നെഞ്ച്‌ മുന്നോട്ടാഞ്ഞ്‌ പിടിച്ച്‌ ദിവാരന്‍ ഒന്ന് ശ്വാസം വലിച്ച്‌ വിട്ടു.

ബഗിന്റെ സിപ്പ്പ്‌ "കിര്‍... ര്‍.... കിര്‍... ര്‍... ര്‍.. കിര്‍..." എന്ന് ശബ്ദമുണ്ടാക്കി, പല തവണകളായി തുറന്നു വന്നു....

"ഡാ... ഉള്ളില്‍ നിന്നും പൊഹ വരുന്നുണ്ടോ ടാ..."

"അത്‌ പൊകയല്ലെഡാ... പൊടിയാ..." പക്രു.

പാമ്പിങ്കൂട്ടില്‍ കയ്യിടുന്ന പോലെ ദിവാരന്‍ ആ ബാഗിനെ ഇരുണ്ട ഭാഗത്തിലേക്ക്‌ കയ്യിറക്കി.

എന്തോ തടഞ്ഞോ?

ഉവ്വ്‌. ഇനി വല്ല നിധിയോ മറ്റോ....

ദിവാരന്റെ മുഖത്ത്‌ പ്രതീക്ഷകളുടെ ബഹുവര്‍ണ്ണരാജിതമായ വിരിയാമുട്ടുകള്‍ പൊട്ടി വിരിഞ്ഞു. ഇടക്കിടെ ഗുമ്മിനു വേണ്ടി ഗുണ്ടുകളും പൊട്ടി.

കയ്യില്‍ തറഞ്ഞത്‌ ദിവാരന്‍ വലിച്ച്‌ പുറത്തെടുത്തു.

പാട്ട കൊണ്ടുണ്ടാക്കിയ ഒരു പാത്രം. ഇന്‍സ്റ്റ്രുമന്റ്‌ ബോക്സിന്റെ വലിപ്പം, ഒരു വശത്ത്‌ പൂക്കളും കിളികളും ഒക്കെയായി കളര്‍ഫുള്‍.

"ഇതെന്തോന്നെഡെയ്‌ ഇത്‌..." പക്രു ചോദിച്ചു.

എന്തായാലും നിധിയല്ലെന്ന് മനസ്സിലാക്കിയ ദിവാരന്‍, ഇനി അകത്തെങ്ങാനും വല്ല സ്വര്‍ണ്ണമോ, ബിസ്കറ്റോ, റസ്കോ വല്ലതും ഉണ്ടെങ്കിലോ എന്ന വിശ്വാസത്തില്‍ അത്‌ തുറന്നു.

മുന കൂര്‍പ്പിച്ച ഒരു പെന്‍സില്‍, ഉറയിലിട്ട ഒരു ഡബ്ബര്‍, മണമുള്ള ഒരു ജല്‍പ്പന്‍ (ജെല്‍ പെന്‍), ഒരു കുരിശു മാല...

"ഇതെന്ത്‌ കുരിശാ ഡാ..." ദിവാരന്‍.

പെണ്ണും കെട്ടി കുട്ട്യൊളേം നോക്കി വീട്ടിലിരിക്കേണ്ട സൈസ്‌ പിള്ളേരേ മങ്കലശ്ശേരിയിലുള്ളൂ. അതിനിടക്കിതാരടപ്പാ സ്കൂളില്‍ പോകുന്നത്‌ എന്നൊരു സംശയം പക്രുവിനും തോന്നി.

"ഡാ... ഇത്‌ മ്മടെ ശശീടെ ബാഗല്ലേ... ഞാന്‍ ഇത്‌ മുന്‍പ്‌ കണ്ടിട്ടുണ്ടോ ന്നൊരു സംശയം..." പക്രു പറഞ്ഞു.

"ആണോടാ? കാര്യായിട്ടും? ശെടാ... ന്നാലും അവനിതെന്തിനാ ഈ പെന്‍സിലും ഡബറും?"

ദിവാരന്‍ വീണ്ടും കയ്യിട്ടു. വേറെന്തോ തടയുന്ന വരെ.

കര്‍ത്താവിനു സ്തുതിയായിരിക്കട്ടെ! ദാണ്ടെ വരുന്നു രണ്ട്‌ രണ്ടര കിലോ വരുന്ന വണ്ടനൊരു പുസ്തകം.

ബൈബിള്‍!

"എന്റെ മാതാവേ..." ശുദ്ധ പട്ടരായ പക്രു അറിയാതെ വിളിച്ചു പോയി.

ദിനവും ആപ്പീസിലേക്ക്‌ പോകുന്ന വഴി അയ്യപ്പെനെയോ, ശിവശങ്കരനെയോ ഇനി അവരെ കിട്ടിയില്ലെങ്കില്‍ ഗുരുവയൂരപ്പനെയോ തൊട്ടു വന്ദിച്ചാലേ അന്നത്തെ കാര്യ്നങ്ങള്‍ അങ്ങോട്ട്‌ സ്മൂത്താവൂ എന്ന് വിശ്വസിക്കുന്ന,

വാരത്തിലൊരിക്കലെങ്കിലും "അകലെ" യുള്ള ഏതെങ്കിലും ഒരു അമ്പലത്തില്‍ പോയി വഴിപാടായി ഒരു വഴിപാടെങ്കിലും കഴിക്കാതെ പ്രാതല്‍ പോലും കഴിക്കാത്ത..

ശശിയോ ഈ ബൈബിളിന്റെ ഉടമ?

ശശിയുടെ ഹൃദയത്തിന്റെയും മാനത്തിന്റെയും പേഴ്സണല്‍ സൂക്ഷിപ്പുകാരനായ പക്രുവിനു പോലും അത്‌ വിശ്വസിക്കാനായില്ല.

എന്നാലും ഇവനിതെന്തു പറ്റി? ഇനി അപ്പുറത്തെ വീട്ടിലെ ഞായറാഴ്ച്ച നെഞ്ചടിച്ചാം പാട്ട്‌ പാടാന്‍ വരുന്ന ആ ഗാങ്ങിലെ ആരെങ്കിലും ഇവനെ പരിവര്‍ത്തനം ചെയ്തോ ദൈവമേ...

പക്രുവിനും ദിവാരനും ബയങ്കര ടെന്‍ഷനായി.

ദിവാരന്‍ പുസ്തകം തുറന്നു നോക്കി...

നടുപ്പേജിലതാ മറ്റൊരു പുസ്തകം...

വല്ല്യ പുസ്തകം പെറ്റ ഒരു കുഞ്ഞി പുസ്തകം.

പോകറ്റ്‌ ബൈബിള്‍!

"ഓ ഡിയര്‍ ലോര്‍ഡ്‌...." അത്‌ പറഞ്ഞത്‌ ദിവാരനായിരുന്നു.

ഇനിയും കയ്യിട്ട്‌ തപ്പാനുള്ള ക്ഷമയില്ലാതെ ദിവാരന്‍ ബാഗ്‌ തലകീഴാക്കി കുലുക്കി...

ആലിപ്പഴം പെയ്ത പോലെ ചറപറേ... ന്നും പറഞ്ഞ്‌ എന്തൊക്കെയൊ അതില്‍ നിന്നും താഴേക്ക്‌.

പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഒരു ഹാന്‍ഡ്‌ കര്‍ചീഫ്‌, ഒരു കുപ്പി ചാര്‍ലീസ്‌ സ്പ്രേ പകുതിയോട്‌ കൂടിയത്‌, ഒരു പഴയ ഐവ കമ്പനിയുടെ വാക്മാന്‍.

ദിവാരന്റെയും പക്രുവിന്റെയും തലകള്‍ വല്ലാതെ പുകയാന്‍ തുടങ്ങി. തീയാവുന്നതിനു മുന്‍പേ പക്രു പറഞ്ഞു,

"ന്നാലും ആ തെണ്ടി നമ്മളോട്‌ പറയാതെ എന്തൊക്കെയോ പരിപാടികള്‍ നടത്തുന്നുണ്ട്‌ ഡാ... ദേ കണ്ടില്ലേ... ഏതോ പെണ്ണിന്റെ സാധങ്ങളൊക്കെ. ആ ഇന്‍സ്റ്റ്രുമന്റ്‌ ബോക്സ്‌ അവള്‍ സ്കൂളില്‍ പഠിച്ചപ്പോ ഉപയോഗിച്ചതായിരിക്കും. എടുത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നു... ശവം!"

"ഉം... നീ പറഞ്ഞത്‌ കറക്റ്റാ ഡാ. ബട്ട്‌ ഇനി നമ്മളാരും ഇവിടെയില്ലാത്തപ്പോ അവനവളെ ഇവിടെ കൊണ്ടുവരുന്നുണ്ടോ എന്നാ എന്റെ സംശയം..."

"ഹും.. അങ്ങനെയാണെങ്കി ഇന്നവന്റെ ഡെത്ത്‌ ഓഫ്‌ ദി ഡേയാ..."

എടുത്തതെല്ലാം പഴയപോലെ വെച്ച്‌, വൈകീട്ട്‌ ശശി രാജന്‍ കൂടണയുന്നതും കാത്ത്‌ ഇണക്കുരുവികളെപ്പോലെ അവര്‍ കാത്തിരുന്നു...

ഒടുവില്‍ ശശിയെത്തി.

വലിച്ചു വെച്ചിരുന്ന റബര്‍ ബാന്‍ഡ്‌ വിട്ട പോലെ ശശി വന്നതും ദിവാരന്‍ തെറി പറഞ്ഞു തുടങ്ങി...

പക്രുവും വിട്ടില്ല. അറിയാവുന്ന വെഗിറ്റേറിയന്‍ തെറികളില്‍ നല്ലോണം ചീഞ്ഞത്‌ നോക്കി അവനും എടുത്ത്‌ കാച്ചി.

തെറി പറയുന്നതിനിടയില്‍ അവമ്മാര്‍ മാറ്റര്‍ പറയാന്‍ വിട്ടുപോതിനാല്‍ ശശിക്ക്‌ എന്താണ്‌ സംഭവമെന്ന് മനസിലായില്ല.

"ഡേയ്‌... എന്താ കാര്യം? ഉച്ചക്ക്‌ പട്ടിണി കെടന്നോ?"

എടക്ക്‌ വന്ന ഗാപ്പില്‍ ശശി ചോദിച്ചു.

ഉടനേ ദിവാരന്‍: ഡാ ശവീ, ബൈബിളില്‍ പത്താമധ്യാത്തില്‍ എന്താഡാ പറഞ്ഞിരിക്കുന്നത്‌?

പ്ലാസ്റ്റിക്‌ മുട്ട വിഴുങ്ങിയ പാമ്പിനെപ്പോലെ നിന്ന ശശിയോട്‌ ഉടനേ പക്രു...

"നീ അവളെ എത്ര തവണ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്‌? ഈ വീടിന്റെ ചാരിത്ര്യവും, ഹിസ്റ്ററിയും കളഞ്ഞിട്ടുണ്ട്‌?"

ദിവാരന്‍: ചാര്‍ളിസ്‌ സ്പ്രേ വല്ല്യ ഇഷ്ടാ...ല്ലെ? ഒരിക്കലും പാട്ട്‌ കേള്‍ക്കാത്ത നീ കാസറ്റ്‌ പ്ലേയറില്‍ പട്ട്‌ കേള്‍ക്കും... ല്ലെ?

വല്ലാത്തൊരു പസില്‍ പ്രശ്നം കേട്ട പോലെ, വേവാറായ ഉപ്പുമാവില്‍ കുമിളകള്‍ വന്ന് പൊട്ടുന്ന പോലെ ശശിയുടെ മുഖതാരില്‍ ആയിരം ചോദ്യങ്ങളും, അഞ്ചെട്ട്‌ ഉത്തരങ്ങളും പടവെട്ടി കളിച്ചു.

ബൈബിള്‍?? അവള്‍?? ചാരിത്ര്യം?? ഐവാ? ന്റെ അയ്യപ്പാ....

ശശി വിയര്‍ക്കാന്‍ തുടങ്ങി.

ഒരിക്കല്‍ പോലും ആ രാമായണത്തിന്റെയോ, ഭാഗവതത്തിന്റെയോ ആദ്യ പേജ്‌ പോലും വായിക്കാന്‍ മെനെക്കെടാത്ത ശശി...

വേണ്ടാന്ന് വെച്ചിട്ട്‌ പോലും ഒരു ഫീമെയിലിനെ തൊട്ടോ, തോണ്ടിയോ, നോക്കിയോ, കുത്തിയോ പീഡിപ്പിക്കാത്ത ശശി...

ഒരുപാട്‌ പാട്ടുകള്‍ കുത്തിക്കേറ്റാന്‍ ഇടമുള്ള മൊബെയിലില്‍ ഇന്നേവരെ ഒരുപാട്ട്‌ പോലും കയറ്റാത്ത ശശി...

അപ്രകാരമുള്ള ശശിയെപ്പറ്റി സ്വന്തം മുറിമേറ്റ്സ്‌ ഇപ്രകാരം പറഞ്ഞത്‌ അവന്‌ താങ്ങാനാവുന്നതിലും അപ്രമായിരുന്നു.

അതു വരെ പണ്ടെങ്ങോ പഠിച്ച മെഡിറ്റേഷന്റെ ഗുണം കൊണ്ട്‌ ക്ഷമയുടെ നെല്ലിപ്പലക താങ്ങിപ്പിടിച്ചു നിന്ന ശശി,

"ഭ, നിര്‍ത്തെടാ പുല്ലമ്മാരേ... ചുമ്മാ കേറി കടിക്കാന്‍ ഞാനെന്താ നിന്റെയൊക്കെ തറവാട്ടു സ്വത്താണോ ടാ ഡാഷ്‌ കളെ. ഒന്നുമറിയില്ലെങ്കി വായിമ്പൂട്ടി മിണ്ടാതിരുന്നോണം. എന്റെ തലയില്‍ കേറ്യാലുണ്ടല്ലോ. അവന്റെയൊരു ബൈബിളും ഐവയും. ഭ!" എന്നും പറഞ്ഞ്‌ നിലം പൊളിയുമാര്‍ ചവിട്ടി മെതിച്ച്‌ തലയും മാന്തി ഒരു പോക്കായിരുന്നു അവിടുന്ന്.

വഴിയിലെവിടെയോ ബ്ലോക്കായ വാക്കിന്റെ ഷേപില്‍ തുറന്നു പിടിച്ച വായുമായി പക്രുവും ദിവാരനും പോസായി നിന്നു...

"ഡാ... അത്‌ ഇവന്റെ ബാഗല്ലാ ന്നാ തോന്നണേ ട്ടാ" എന്ന് പറഞ്ഞ്‌ തീര്‍ന്നതും പക്രുവിന്റെ മുതുകത്ത്‌ ദിവാരന്‍ കൈമുട്ട്‌ കൊണ്ട്‌ തലോടിയതും ഒരു സെക്കന്റിന്റെ ഗ്യാപില്‍ തീര്‍ന്നു.

---------------------------------

മങ്കലശ്ശേരിയില്‍ നിന്നും എതാണ്ട്‌ മുന്നൂറ്‌ കീമി കള്‍ക്കപ്പുറത്ത്‌ കോയമ്പത്തൂരിലെ ഒരു ചെളി മുറിയും, കുളി മുറിയും മാത്രമുള്ള വീട്ടില്‍ ഗസ്റ്റായി വന്ന അണ്ണാച്ചിയോട്‌ ഘോരഘോരം കത്തിവെക്കുന്ന കോമളന്‍...

"ബേസിക്കലി ആള്‍ റീലീജിയസ്‌ ബുക്സ്‌ ആര്‍ പോയന്റിംഗ്‌ റ്റു വണ്‍ തിംഗ്‌ ഓണ്‍ലി. നാന്‍ ബൈബിള്‍ പൂരാ പടിച്ചിറുക്ക്‌ല്ലേ... അതിലേ പത്താമത്‌ ചാപ്റ്റരില്‍ സൊല്ലിയിറുക്കത്‌ വന്ത്‌ നമ്മ ഭഗവത്‌ ഗീതാവില്‍ നൂറാവത്‌ ചാപറ്ററില്‍ സൊല്ലിയിറുക്ക്‌...

അതാവത്‌, നാന്‍ കാമിക്കറേന്‍...."

എന്നും പറഞ്ഞ്‌ കോമളന്‍ തന്റെ പെട്ടി തുറന്ന് എന്തോ തിരയാന്‍ തുടങ്ങി...

"ശെ... ആ ബുക്കിതെവിടെ പ്പോയി...."


അന്ന് വൈകീട്ട്‌ അടിമുടി കമ്പിളിപ്പുതപ്പില്‍ മൂടി, ശംഖുമുഘത്തെ മത്സ്യ കന്യകയുടെ ഷേപ്പില്‍ കിടക്കുന്ന പക്രുവിന്റെ മൊബെയില്‍ റിങ്ങി...

"ഹെലോ..."

"ആ... ഡാ പക്രൂ... ഇത്‌ ഞാനാ ഡാ കോമളന്‍... നീ ഒറങ്ങിയാ?"

"ഉം... ന്താ കാര്യം"

"ഡാ നീ അവിടെയെവിടെയെങ്കിലും ഒരു ബൈബിള്‍ ബുക്ക്‌ ഇരിക്കുന്നത്‌ കണ്ടാ?"


നിശബ്ദത....


"ക്ടക്‌" (പക്രു ഫോണ്‍ കട്ട്‌ ചെയ്യുന്നു.)

-------------------------------------------

പിന്‍ കുറിപ്പ്‌: അന്റപ്പന്‍ ഒറ്റക്കിട്ടിട്ട്‌ പോയ പക്രുവിന്‌ കൂട്ടായി ഇനി ഞാനുണ്ടെന്ന് പറഞ്ഞ്‌ കിടപ്പറ മാറ്റിയ ശശി ഈ സംഭവത്തിനു ശേഷം ആ മുറിയില്‍ നിന്നും തിരിച്ച്‌ പഴയ മുറിയിലേക്കെത്തി, പക്രുവിനെ പിന്നേം ഒറ്റക്കാക്കിയിട്ട്‌.

അന്ന് പക്രു ഒരു ശ(അ)ബദ്ധം ചെയ്തു.

"ഇല്ലാ... എനിക്കാരും വേണ്ടാ... ഇനിമുതല്‍ ഞാനൊറ്റക്ക്‌ കെടന്നോളാം. ഇനിയാര്‌ വാന്നലും ഞാനിവിടേക്ക്‌ കേറ്റില്ലാ... ഇത്‌ സത്യം.. സത്യം.. സത്യം..."

Wednesday, October 1, 2008

ഒരു "സംഭവം" വിടപറയുമ്പോള്‍.

കനത്ത ചുഴലിക്കാറ്റും, പേമാരിയും കലിതുള്ളിപ്പെയ്യുന്നു. തലയില്‍ കൊണ്ടു, കൊണ്ടില്ലാ എന്ന് പറഞ്ഞ്‌ ഇടിവെട്ടും. ഡബിള്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ വമ്പന്‍ മാവുകളും, പ്ലാവുകളും ആടിയാടി നിലം പൊത്തി. വഴികളില്‍ മുഴുവന്‍ ജാലിയന്‍ വാലാബാഗ്‌ പോലെ തലയറ്റ മരങ്ങളും, വാഴകളും...

തനിക്കോമനയായ ആട്ടിങ്കുട്ടിയെ വാരിയെടുത്ത്‌ നിറഞ്ഞ മാറോട്‌ ചേര്‍ത്ത്‌, കാറ്റില്‍ മുഖത്തേക്കലക്ഷ്യമായി വീണ മുടിയിഴകള്‍ നീക്കാതെ അവളോടി. അവളുടെ തുളുമ്പുന്ന മാറിടത്തിനിടയിലിരുന്നിട്ടും, ആ ആട്ടിന്‍ കുട്ടി വല്ലാതെ കരഞ്ഞുകൊണ്ടിരുന്നു.

ആഞ്ഞടിക്കുന്ന കാറ്റ്‌ അവളെ ഒരു കടലാസു പോലെ ആ കായലിലേക്കെടുത്തെറിയുമോ എന്ന് തോന്നിപ്പോയി. ശക്തിയായി അടിച്ച്‌ പറക്കുന്ന പാവാട അവള്‍ക്ക്‌ പിടിച്ചു നിര്‍ത്താനായില്ല. എന്തും വരട്ടേയെന്ന് നിനച്ച്‌ അവള്‍ ഓടി...

"ഓമനേ... "

പെട്ടെന്ന് ആരോ തന്നെ വിളിച്ചപോലെ തോന്നിയ ഓമന നിന്നു. മുഖത്ത്‌ മര്യാദയില്ലാതെ കിടന്ന നനഞ്ഞ മുടിയിഴകള്‍ അകറ്റി, അവള്‍ തിരിഞ്ഞു നോക്കി. കാര്‍മേഘങ്ങള്‍ വിരിച്ച ടാര്‍പാള വിരിപ്പാല്‍ ഇരുണ്ടുപോയൊരാ വഴിവക്കില്‍, ഇടക്കിടെ ശക്തമായി മിന്നിയ ഇടിമിന്നലിന്റെ പ്രകാശത്തില്‍ അവളവനെ കണ്ടു...

കായാമ്പൂവിന്റെ കളറുള്ള, കാരിരുമ്പിന്റെ ബോഡിയും, പച്ചപ്പുളിയുടെ ഷേപിലുള്ള 6 പാക്‌ വയറുള്ള, ആറടി നീട്ടമുള്ള, ആരെയും വെല്ലാന്‍ ധൈര്യമുള്ള, നാട്ടിലെ പ്രായം പറഞ്ഞ പെണ്‍കൊടികളുടെ ഉറക്കം കളയുന്ന ആന്റപ്പന്‍ ചേട്ടന്‍!

അവളുടെ ഹൊര്‍മോണുകള്‍ യാതൊരു സ്രോതസ്സിനും കാത്തുനില്‍ക്കാതെ സുനാമിത്തിരകളായ്‌ അവളെ വശീകരിച്ചു. ചുറ്റും അലറി വിളിച്ച പേമാരിയും വര്‍ഷവും അവളെ അപ്പോള്‍ ഭയപ്പെടുത്തിയില്ല. കയ്യിലിരുന്ന കുഞ്ഞാട്‌ അവളുടെ വിറയുന്ന കയ്കളില്‍ നിന്നും ചാടിപ്പോയി. അവളുടെ നിറഞ്ഞ്‌ കവിഞ്ഞ നിതംഭങ്ങള്‍ അവനുനേരെ തിരിച്ച്‌, കാലുകള്‍കവിഞ്ഞൊഴുകുന്ന ചെളിവെള്ളത്തിന്‌ പെരുവിരലാല്‍ വഴിയൊരുക്കി, ലജ്ജാവതിയായി അവള്‍ നിന്നു. ഒരു ചോദ്യച്ഛിന്നം പോലെ.

ആരാദ്‌?

ആളെ മനസ്സിലായെങ്കിലും,അവള്‍ ലജ്ജാവതി അഭിനയിച്ചു...

പേരിനുടുത്തിട്ടുണ്ട്‌ എന്നറിയാക്കാന്‍ അരയ്ക്ക്‌ തൊട്ടു താഴെ വരെ മടക്കിവെച്ച കള്ളിമുണ്ടുമുടുത്ത്‌, മല്‍പിടുത്തങ്ങളില്‍ വലിഞ്ഞ്‌ കീറിയ ബനിയന്‍ ഇന്നും കളയാതെ ദേഹത്തിട്ട്‌,മീന്‍ വല തോളത്തിട്ട്‌ കനത്തുപെയ്യുന്ന പേമാരിയിലും ചുണ്ടത്ത്‌ കത്തിച്ച്‌ വെച്ച കാജാ ബീഡിയുമായി ആന്റപ്പന്‍ പറഞ്ഞു...

ഡ്യേയ്‌.. ഇത്‌ ഞാനാ ആന്റപ്പന്‍... തേക്കേപ്പറമ്പിലാന്റപ്പന്‍!

എന്താ ഈ സമയത്ത്‌? എനിക്ക്‌ വേഗം വീട്ടിലെത്തണം. കൊടുംകാറ്റ്‌ വരാന്‍ പോണൂ. അന്റപ്പേട്ടനും വേഗം ഓടിക്കോളൂ...

ഈ ചാറ്റല്‍ മഴയെ ഇങ്ങനെ പേടിച്ചാലോ ഓമനേ. ഇതാ നോക്കൂ, ഞാന്‍ കായലില്‍ പോയി വലയെറിഞ്ഞ്‌ പിടിച്ച സ്രാവിനെ. നീയിതിനെ കൊണ്ടുപോയി കറി വെച്ച്‌ തിന്നോ... നിനക്കായി മാത്രം കൊണ്ടോന്നതാ ഞാന്‍. വെച്ചോ...

അയ്യോ... എന്ന് പറഞ്ഞാകാശത്തേക്ക്‌ നോക്കിയലറിക്കരഞ്ഞ ഓമനയുടെ നയനങ്ങളുടെ ഫോകസിംഗ്‌ പോയന്റ്‌ ലക്ഷ്യമാക്കി ആന്റപ്പനും മേലോട്ട്‌ നോക്കി...

മൂത്ത തേങ്ങാക്കുലകളും, മണ്ട തൊരപ്പന്‍ പെടാത്തതുമായ, നല്ല നെഞ്ച്‌ വിരിച്ച്‌ നിന്നിരുന്നൊരു കൂറ്റന്‍ തെങ്ങതാ ആടിയാടി താഴേക്ക്‌ വരുന്നു...

ധിം!

കൊടുംകാറ്റില്‍ ഹാലിളകിയ മുട്ടന്‍ തെങ്ങിന്റെ സെന്റര്‍ പാര്‍ട്ട്‌ ആന്റപ്പന്റെ മേലേക്ക്‌...

വയറിനു കുറുകേ, "പ്ലസ്‌" ആയി ആ തെങ്ങ്‌ ആന്റപ്പനെ നിലമ്പരിശാക്കിയിട്ടു. അത്‌ കണ്ട ഓമന ഭയവിഹ്വലയായി വീട്ടിലേക്കോടിപ്പോയി...

അടയാന്‍ പോകുന്ന കണ്ണുകളിലെ ലോങ്ങ്‌ സൈറ്റിലൂടെ, സ്ലോ ഷട്ടര്‍ സ്പീഡില്‍ ആന്റപ്പന്‍ അവളോടിമറയുന്നത്‌ നോക്കി... തനിക്കെന്നുമൊരാവേശമായിരുന്നവള്‍ അങ്ങതാ അകലേക്ക്‌ ഓടിമറയുന്നു... സര്‍വ്വശക്തിയുമെടുത്ത്‌ ആന്റപ്പനവളെ വിളിച്ചു...

"ഓമനേ.... ഓമനേ.... ഓ..."

ചോര ഛര്‍ദ്ദിച്ച ആന്റപ്പനും, വിഴുങ്ങിയ ഇരയെ ഛര്‍ദ്ദിച്ച സ്രാവും ജീവനു വേണ്ടി പിടഞ്ഞു...

ആന്നവിടെ ഒരു ജീവിക്കുന്ന ഇതിഹാസം ആദ്യമായി മരിക്കുന്ന ഇതിഹാസമായി.

ആ കനത്ത ദുഖത്തില്‍ പേമാരി പിന്നെയും കണ്ണീരു പൊഴിച്ചു. മേഘങ്ങള്‍ പിന്നെയും തൊണ്ടയിടറി ചുമച്ചു. ഉരുള്‍പൊട്ടലും, ഭൂമികുലുക്കവുമുണ്ടായി...

നാടിന്റെ അഭിമാനമായിരുന്ന, കരുത്തിന്റെയും, കഠിനാധ്വാനത്തിന്റെയും പ്രതീകമായിരുന്ന ആന്റപ്പന്റെ വിടവാങ്ങല്‍ ഓമനെയേക്കാളും കൂടുതലായി ആ നാട്ടുകാര്‍ക്ക്‌ അനുഭവപ്പെട്ടു...

അങ്ങിനെ ആന്റപ്പനെന്ന നിന്ത്യഹരിത നായകന്റെ ഓര്‍മ്മക്കായി, ആന്റപ്പന്‍ സ്വദേഹം വെടിഞ്ഞ്‌ പരലോകത്തെക്ക്‌ വണ്ടികയറിയ അതേ ലൊക്കേഷനില്‍ നാട്ടുകാര്‍ ഒരു ശിലാഫലകം സ്താപിച്ചു.

അതിലെ വരികളിങ്ങനെ ആരംഭിച്ചു...

"മണ്ണിടിഞ്ഞു, വാനിടിഞ്ഞു നിന്നുപോവതെങ്കിലും,
നില്‍പ്പതില്ല നാളിലേതും ഓര്‍മ്മകള്‍, നിന്നോര്‍മ്മകള്‍."

ബാഷ്പാഞ്ചലികളോടെ,
മങ്കലശ്ശേരി കുടുമ്പാങ്കങ്ങള്‍.
-------------------------------

ആന്റപ്പനും മങ്കലശ്ശേരിയോട്‌ വിടപറയുകയാണ്‌. അങ്ങങ്കലെ കോരമങ്കലയെനൊരു കുഗ്രാമത്തിലേക്ക്‌ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും, യാതനകളുമുള്ള ലാപ്റ്റോപും, ബാഗുമായി അവന്‍ പോവുകയാണ്‌.

ഇനി മങ്കലശ്ശേരിയില്‍ ബാക്കിയുള്ളത്‌ നാലേ നാലുപേര്‍. നനഞ്ഞ ബിസ്കറ്റ്‌ പോലെ, ഒടിഞ്ഞുതൂങ്ങി സദാ സമയവും ആരെയെങ്കിലും ആക്കി, കളിയാക്കി വെടി പറഞ്ഞിരിക്കുന്നതാണ്‌ ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍. ഈ മാറ്റങ്ങളൊന്നും അവമ്മാരുടെ തലയിലേക്ക്‌ വെളിച്ച്മം കയറ്റി വിടുന്നില്ല. ഇനിയൊരു സുപ്രഭാതത്തില്‍ ശശി ആഫ്രിക്കയിലോട്ട്‌ കെട്ടുകെട്ടിയാല്‍ പിന്നെ എല്ലാം തകൃതിയായി. അത്‌ പിന്നെ വാടകയെങ്കിലും മുടങ്ങാതെ കിട്ടുമെന്നാശ്വസിക്കാം.

നാളെ ആന്റപ്പന്‍ പുതുതായി വാടകെക്കെടുത്ത വീട്ടില്‍ പാലുകാച്ചലാണ്‌. കഴിഞ്ഞ ദിവസം അവന്‍ ഞങ്ങളെയൊക്കെ ക്ഷണിച്ചു.

വേദനയോടെയെങ്കിലും, ഞങ്ങള്‍ പോകും. വല്ലതും തിന്നാന്‍ കിട്ടിയാലോ...
~~~~~~~~~~~~~~~~~~~
ആന്റപ്പന്റെ ചരിതങ്ങള്‍:
http://mangalaseri.blogspot.com/2008/05/blog-post.html
http://mangalaseri.blogspot.com/2008/08/blog-post_27.html
http://mangalaseri.blogspot.com/2008/06/blog-post_17.html
http://mangalaseri.blogspot.com/2007/11/2.html
http://mangalaseri.blogspot.com/2008/04/21.html

Thursday, September 18, 2008

കോസ്റ്റ്‌ കട്ടിംഗ്‌ @ മങ്കലശ്ശേരി!

കുറച്ച്‌ മാസങ്ങളായി ഞങ്ങളെല്ലാവരും ഇടക്കിടക്ക്‌ ആ ആങ്കലേയ പദം കേള്‍ക്കുന്നു... കൊള്ളാം, നല്ല ഇമ്പമുള്ള പദം, ജാഡക്ക്‌ എടക്കിടക്ക്‌ പറയാനും കൊള്ളാം. അത്രയൊക്കെയേ ഞങ്ങളും കരുതിയുള്ളൂ.

ബട്‌, കാര്യത്തിന്റെ ഇരുപ്പ്‌ വശം ശരിക്കങ്ങോട്ട്‌ മനസ്സിലാക്കാന്‍ പുഷ്പന്റെ കമ്പനിയില്‍ "എടാ..പോടാ" എന്ന് വിളിച്ചോണ്ട്‌ കളിച്ച്‌ ചിരിച്ചിരുന്ന എട്ട്‌ പത്ത്‌ പേര്‍ക്ക്‌ "നാളെ മുതല്‍ നിങ്ങള്‍ ജോലിക്ക്‌ വരേണ്ടതില്ല, ഈ മാസത്തെ ശമ്പളം തന്നേക്കാം... റ്റാ റ്റാ.. ബൈ ബൈ..." എന്നും പറഞ്ഞുള്ള ഇ മെയില്‍ കിട്ടിയപ്പോള്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇരിപ്പിടത്തിന്‌ ഉറപ്പില്ലാത്ത അവസ്ഥ.... അതുമല്ലെങ്കില്‍ വയറിനുള്ളില്‍ അസ്വസ്ഥതകള്‍ വരുമ്പോള്‍ ഡെഡ്‌ ലൈന്‍ മുന്നിലെത്തുന്ന അവസ്ഥ...

പണി പോയാല്‍?? ഹേയ്‌... അങ്ങനെയങ്ങ്‌ പണിയൊന്നും പോകില്ലെന്ന് കരുതിക്കൂട്ടി ചിന്തിച്ച്‌ ഇരിക്കുമ്പൊഴതാ... ശശിയുടെ കമ്പനിക്ക്‌ മുമ്പിലൊരു ബോര്‍ഡ്‌... "സ്ഥലം വാടകക്കോ, വിലക്കോ കൊടുക്കാനുണ്ട്‌... 1000 sq ft / 4000 sq ft". ശശി ഒന്ന് നിന്ന് ആലോജിച്ചു... അല്ലാ, എന്റെ കമ്പനി ഇരിക്കുന്ന മൊത്തം സ്ഥലം 4000 ചതുരശ്ര അടിയാണല്ലോ.. അതു മുഴുവനും? അപ്പോ ഞാന്‍....?

കോസ്റ്റ്‌ കട്ടിങ്ങിനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും, ഉള്ളതെല്ലാം വിറ്റുപെറുക്കി സ്ഥലം വിടുന്ന ടൈപ്‌ കട്ടിംഗ്‌ ശശിക്ക്‌ ആദ്യാനുഭമായിരുന്നു.

പതുക്കെ സങ്കതി മങ്കലശ്ശേരിയില്‍ വിഷയമായി. രാത്രി പത്തിനു ശേഷം കൂടുന്ന ദര്‍ബാറില്‍, ദിവാരനും, ആന്റപ്പനും നയിക്കുന്ന സമ്മേളനത്തില്‍ എല്ലാവരും ഘോരഘോരം കണ്ഠക്ഷോഭം നടത്തി. അങ്ങിനെ എല്ലാവര്‍ക്കും കോസ്റ്റ്‌ കട്ടിംഗ്‌ എന്ന അതികായനും, അതി ഭീകരനുമായ സംഭവത്തിന്റെ മീനിംഗ്‌ മനസിലായി. ഈ അമേരിക്കക്കാരെ സമ്മതിക്കണം!

ഇനിയെന്ത്‌? പണിയെങ്ങാനും പോയാല്‍? അഞ്ച്‌ മുഖങ്ങള്‍ മൂങ്ങകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി...

ദൈവം സഹായിച്ച്‌ ചൈനയില്‍ രണ്ട്‌ മാസം പണിക്ക്‌ പോയ ശശി കുറച്ച്‌ കാശുണ്ടാക്കിയതൊഴിച്ചാല്‍, മങ്കലശ്ശേരിയില്‍ എല്ലാവരും പാപ്പരുകളാണ്‌. എന്നാ കണ്ടാ പറയോ? ഡെല്‍ ലാപ്ടോപ്‌, ബജാജ്‌ പള്‍സാര്‍, സോണീ പ്ലേ സ്റ്റേഷന്‍... തേങ്ങേടെ മൂട്‌... ഹൊ!

ഷര്‍ട്ടിടുന്ന ഹാങ്ങറിന്റെ ഷേപില്‍ ഇരുന്ന് ഓര്‍ക്കൂട്ടും നോക്കിയിരിക്കുന്ന ആന്റപ്പന്‍ അന്ന് ആകാശത്തേക്കും നോക്കിയിരുന്ന് അലോജിച്ചു... പണി പോയാല്‍...?

കൃഷിപ്പണിക്ക്‌ പോകാന്‍ പറ്റുാ? അഭിമാനം പോട്ടെ, മൂന്നാം നിലയിലുള്ള മങ്കലശ്ശേരിയിലേക്ക്‌ കയറി വരുമ്പൊഴേക്കും സൈക്കിള്‍ റ്റ്യൂബില്‍ എയറടിക്കുമ്പോ ഉണ്ടാകുന്ന ശബ്ദത്തോടു കൂടി വലിക്കുന്ന ഞാന്‍ എങ്ങിനെ ഒരു കൈക്കോട്ട്‌ എടുത്ത്‌ കിളക്കാന്‍ പോകും? പടവലങ്ങക്ക്‌ ഗ്രഹിണി പിടിച്ച മാതിരിയുള്ള കുടവയറും വെച്ച്‌ എങ്ങിനെ തെങ്ങിനു തടം കോരും? എങ്ങിനെ വാഴക്കുഴി വെട്ടും?

ഇനി മുപ്പതിനായിരം രൂപയുടെ കാനന്‍ SLR ക്യാമറ വാങ്ങണോ അതോ ആപ്പിള്‍ ഐപോഡ്‌ ടച്‌ വാങ്ങണോ ഇനി അതുമല്ല, വയറു കുറക്കാന്‍ സോനാ സ്ലിം ബെല്‍റ്റ്‌ വാങ്ങണോ എന്ന് കുലങ്കുശമായി ചിന്തിച്ചു കൊണ്ടിരുന്ന പുഷ്പനിപ്പോ അത്തരം വലിയ ആഗ്രഹങ്ങളൊന്നുമില്ല പോലും. "എന്റെ പൊന്നേ... മര്യാദക്ക്‌ ജീവിക്കാന്‍ ഒരു ജോലി മതിയേ..." എന്നായിരുന്നു പുഷ്പന്റെ പ്രതികരണം. കയ്യിലിരിക്കുന്ന ലാപ്‌ ടോപ്പില്‍ ഇപ്പോള്‍ യൂ റ്റൂബോ, പുതിയ എങ്ക്ലീഷ്‌ സിനിമകളോ അല്ല, പകരം ശിവപ്രസാദ്‌ കൊയ്‌രാളയുടെ .NET interview questions എന്ന പുസ്തകം തുറന്നു വെച്ചിരിക്കുന്നു.

കുറ്റം പറയരുതല്ലോ, പതിനായിരം കൊടുത്ത്‌ വാങ്ങിയ സോണി പ്ലേ സ്റ്റേഷന്‍ അബദ്ധമായോ എന്നൊരു തോന്നലില്‍ നിന്നും വിട്ടുമാറുന്നതിനു മുന്‍പേ കോസ്റ്റ്‌ കട്ടിംഗ്‌ വാര്‍ത്ത ദിവാരന്റെ കൊച്ചു ഹൃദയത്തെ വേദനിപ്പിച്ചു. പണ്ടാരം പിടിക്കാന്‍ ദിവാരനാണെങ്കി പഠിക്കാന്‍ ലാപ്ടോപ്പുമില്ല. പക്ഷേ ദിവാരനാരാ മോന്‍... ഒരു വിധം പഠിക്കാനുള്ള പുസ്തകം "കണ്‍വര്‍ട്ട്‌" ചെയ്ത്‌ സ്വന്തം പ്ലേ സ്റ്റേഷനില്‍ ഇട്ട്‌ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സോണി പ്ലേ സ്റ്റേഷനില്‍ ഗെയിംസ്‌ കളി നിര്‍ത്തി, പാഠം പഠിക്കുന്ന ആദ്യ വെക്തി ദിവാരനായിരിക്കണം.

ഇതൊക്കെ സഹിക്കാന്നെയ്‌, നാളെ ചെല്ലുമ്പോള്‍ അവിടെ ഓഫീസ്‌ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയത്തില്‍ കഴിയുന്ന ശശിയുടെ കാര്യമാണ്‌ കഷ്ഠം. ശശിക്ക്‌ ലാപ്‌ റ്റോപ്പോ, പ്ലേ സ്റ്റേഷനോ ഇല്ലാ... ആകെയുള്ള പഴയ ഒരു പീറ മൊബെയിലിലാണെങ്കി പഠിക്കാനുള്ള പുസ്തകം പോയിട്ട്‌ ഒരു മെസ്സേജ്‌ പോലും മരിയാദക്ക്‌ വായിക്കാന്‍ പറ്റില്ല. പക്ഷേ, പണി പോയാല്‍... എന്ന ചോദ്യത്തിനു മുന്നില്‍ കീഴടങ്ങുന്നതയിരുന്നില്ല ശശിയുടെ മനോധൈര്യം. സ്വന്തം കാശുകൊടുത്ത്‌ ശശി കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ "പ്രിന്റ്‌" ചെയ്ത്‌ ശരിക്കുള്ള പുസ്തകങ്ങളാക്കി. ബാക്കിയുള്ളവമ്മാരെ വെറുതേ ടെന്‍ഷനാക്കാന്‍ വേണ്ടി അന്നു മുതല്‍ ശശി പഠിത്തം തുടങ്ങി. ഓഫീസില്‍ നിന്നും വന്നാല്‍, ബാത്‌ റൂമില്‍ പോലും പോകാതെ, നേരേ പുസ്തകവും എടുത്ത്‌ കിടക്കയിലേക്ക്‌ വീഴും. ആന ചവിട്ടിയ ഞാഞ്ഞൂളിന്റെ ഷേപ്പില്‍ കിടന്ന്, ഓടിഞ്ഞ വാലിട്ടാട്ടുന്ന നായയെ പോലെ കാലാട്ടി, ശശി പഠിച്ചോണ്ടിരിക്കുന്നു...

കോസ്റ്റ്‌ കട്ടിംഗ്‌ പണ്ടേ സ്വന്തം ജീവിതത്തില്‍ "പിശുക്കല്‍" എന്ന മലയാളം വേര്‍ഷനില്‍ നിത്യവും ഉപയോഗിക്കുന്ന പക്രുവിന്‌, ഈ പുതിയ സംഭവം ഒട്ടും ഭയപ്പെടുത്തുന്നതായിരുന്നില്ല. ദിവാരനെ പണ്ട്‌ "അധിക സമയം ജോലിയെടുക്കുന്നവര്‍ മണ്ടന്മാര്‍" എന്ന് പറഞ്ഞ്‌ വിശേഷിപ്പിച്ച പക്രുവിനിപ്പോ ഞായറാഴ്ചകളില്‍ കുളിക്കാനുള്ള സമയം പോലും കിട്ടാറില്ല. സദാ സമയവും ഓഫീസിലാണ്‌. അതുകൊണ്ട്‌ തന്നെ തന്റെ ജോലി അത്ര പെട്ടൊന്നൊന്നും തീരില്ലാ അഥവാ പോകില്ലാ എന്ന മട്ടാണ്‌ പക്രുവിന്‌. അയ്ക്കോട്ടെ... അല്ലാതെന്ത്‌ പറയാന്‍.

ഇനിയിങ്ങനെ ചുമ്മാ കാശ്‌ ചെലവാക്കി നടന്നാല്‍ ശരിയാവില്ലെന്ന ബോധം വന്ന മങ്കലശ്ശേരി പിള്ളേര്‍ ഇപ്പോ പിശുക്കിന്റെ എല്ലാ പ്രായോഗിക വശങ്ങളെയും കുറിച്ച്‌ റിസര്‍ച്‌ നറ്റത്തിക്കൊണ്ടിരിക്കുകയാണ്‌.

അങ്ങിനെ മങ്കലശ്ശേരിയില്‍ നടപ്പിലാക്കിയ ചില കോസ്റ്റ്‌ കട്ടിംഗ്‌ കാര്യങ്ങള്‍:

ഓഫീസിലേക്കെന്തിനാ ഇപ്പോ വണ്ടിയില്‍ പോകുന്നേ? നടക്കാനുള്ള ദൂരല്ലേ ഉള്ളൂ? അതേയെന്ന് ദിവാരനും, ആന്റപ്പനും, പക്രുവും.

ഒരു സിനിമ കാണാന്‍ എന്തിനാ ഇപ്പോ pvr ഇല്‍ പോകുന്നത്‌? 20 രൂപ കൊടുത്താല്‍, ബാലാജിയില്‍ പോയി പൊളപ്പനായിട്ട്‌ പടം കാണാം. അതും ഡി ടി എസ്സ്‌ സൗണ്ടില്‍.

നാട്ടിലേക്ക്‌ എല്ലാ മാസവും പോകാനോ? നിനെക്കെന്താ വട്ടുണ്ടോ? 2 മാസം കൂടുമ്പോ പോയാ മതിന്നേയ്‌. മാത്രവുമല്ലാ, ഇപ്പോ വോള്‍വോ ബസ്സിനൊന്നും പണ്ടത്തെ അത്രേം "സുഖം" പോരാ. മ്മടെ സാദാ ബസ്സ്‌ തന്നെ കിടു. കഴിഞ്ഞ തവണയാ എനിക്കാ സത്യം മനസ്സിലായത്‌.

കുളിക്കാന്‍ ലക്സ്‌ സോപ്പോ? അത്‌ വെറും വേസ്റ്റാന്നേയ്‌... ലൈഫ്‌ ബോയ്‌ ആണ്‌ ബെസ്റ്റ്‌.

ഉച്ചക്കിപ്പോ പാരാമൗണ്ടില്‍ നിന്ന് തന്നെ കഴിച്ചാലേ പറ്റൂ? അതും കച്ചറ ഫൂഡ്‌. ആ ഉപഹാര സാഗറില്‍ എന്താ റ്റേയ്സ്റ്റ്‌... ഊത്തപ്പം അവിടുത്തെ സ്പെഷ്യല്‍ ആണ്‌.

ഇതൊന്നും കൂടാതെ, മങ്കലശ്ശേരിയില്‍ ആദായവിലയില്‍ വില്‍പനക്ക്‌ വെച്ചിരിക്കുന്നവ (പ്ലീസ്സ്‌... ആരെങ്കിലും വാങ്ങൂന്നേയ്‌...):

ഒന്നൊന്നര രണ്ട്‌ ലാപ്‌ടോപ്പുകള്‍ : രണ്ടും ഡെല്‍ ആണ്‌. ഒരെണ്ണം ദേ, കഴിഞ്ഞയാഴ്ച വാങ്ങീട്ടേ ഉള്ളൂ.

ഒരു സൊണീ പ്ലേ സ്റ്റേഷന്‍: കിടു സാധനം. ദിവാരന്റെ കയ്യില്‍ കിട്ടിയ പൂമാല. അവന്റെ തൊലിയുടെ നിറം. അവന്റെ തലയുടെ പെര്‍ഫോമന്‍സ്‌. അവനെ വിറ്റാല്‍ കിട്ടുന്നതിനേക്കാളും നല്ല വില. ആദായ വില.

സൊണി എറിക്സന്‍ മൊബെയില്‍ പുതിയത്‌: പക്രുവിന്‌ ജോലി കിട്ടിയിട്ട്‌ ആദ്യമായി പറ്റിയ അബദ്ധം. അത്‌ വാങ്ങിയതിന്‌ ശേഷം അവനതില്‍ പാട്ട്‌ കേട്ടത്‌, അത്‌ വര്‍ക്ക്ക്‌ ചെയ്യുന്നുണ്ടോ എന്നറിയാന്‍ മാത്രം. "കുലുക്കിയാല്‍" പാട്ട്‌ മാറും.

സൊണി എറിക്സന്‍ മൊബെയില്‍ (എന്ന് ശശി അവകാശപ്പെടുന്നു): എക്സ്പ്‌പയറി ഡേറ്റ്‌ കഴിഞ്ഞത്‌... ബട്ട്‌ സ്റ്റില്‍ വര്‍ക്കിംഗ്‌. പഴയ കോളാമ്പിയില്‍ നിന്നും വരുന്ന പോലത്തെ സൗണ്ട്‌. ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കും (ഫുള്‍ ടൈം/24 മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യണം). ആദായ വില. കൂടെ ഒരു ടോയ്‌ മൊബെയില്‍ ഫ്രീ!

മങ്കലശ്ശേരിക്കാര്‍ക്ക്‌ അവസാനമയി ഒന്നേ പറയാനുള്ളൂ...
"ഞങ്ങള്‍ക്ക്‌ സോഫ്റ്റ്‌ വെയര്‍ ഇഞ്ചിനീരാകണ്ടേയ്‌... വല്ല ക്ലാര്‍ക്കോ, ടിച്ചറോ മറ്റോ ആയാ മതി. ഞങ്ങടെ ഭാവിയിലെ മക്കളും!"

Monday, September 8, 2008

ഓണാശംസകള്‍!

എല്ലാ ഭൂലോക വാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

[click to get it enlarged]

Wednesday, August 27, 2008

ആന്റപ്പനാരാ മോന്‍...

കുട്ടിക്കാലത്ത്‌, ത്രിശൂര്‍ പൂരം എക്ഷിബിഷനില്‍ കണ്ട പടം വര കമ്പ്യൂട്ടര്‍ (പേന കുത്തിവെച്ച്‌ ചുമ്മാ വട്ടത്തില്‍ കറക്കുന്ന ഒരു വട്ടത്തിലുള്ള സ്കെയില്‍) വേണമെന്ന് വാശിപിടിച്ച്‌ നിരാഹാരം കിടന്ന ആന്റപ്പന്റെ ശല്യം സഹിക്ക വയ്യാതെ ആന്റപ്പന്റെ അച്ഛന്‍ വീണ്ടും പൂരപ്പറമ്പില്‍ പോയി ആ കമ്പ്യൂട്ടര്‍ വാങ്ങിക്കൊണ്ടു വന്നു കൊടുത്തു. അന്നത്‌ കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ അത്രേം വരില്ലെങ്കിലും ഇത്തവണ ആന്റപ്പന്‍ സന്തോഷവാനാണ്‌... കാരണം ആന്റപ്പന്‍ ഒരു ലാപ്‌ ടോപ്‌ വാങ്ങിയിരിക്കുന്നു. അതും സ്വന്തം കാശുകൊടുത്ത്‌.

ത്രിശ്ശൂരിലെ എതോ ഒരു ചായക്കടക്ക്‌ മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന "സോഫ്ട്‌ വെയര്‍ കമ്പനി"ഇല്‍ നിന്നും ബാങ്ക്ലൂരിലെ ഭൂലോക (എം. എന്‍. സി) യിലേക്കുള്ള മാറ്റം (അത്ഭുതമെന്നു പറയട്ടേ, പുതിയ ഭൂലോക കമ്പനിയും ത്രിശ്ശൂരില്‍ നിന്നാണ്‌), "അടിപൊളി", "ഡാ ഗഡ്യേയ്‌..." എന്ന വാക്കുകളില്‍ നിന്നും "ആവ്‌സം", "ഡൂഡ്‌.." തുടങ്ങിയ വക്കുകളിലേക്കുള്ള മാറ്റം... അങ്ങിനെയുള്ള പല മാറ്റങ്ങളേ പോലെയായിരുന്നു ലാപില്‍ പണ്ട്‌ തലയിണ മാത്രം വച്ചിരുന്ന ആന്റപ്പന് ലാപ്ടോപ്‌ കിട്ടിയപ്പോള്‍.

ഒരു ജോലി വേണം... ജോലി കിട്ടണമെങ്കില്‍ നന്നായി പഠിക്കണം... നന്നായി പഠിക്കണമെങ്കില്‍ സ്വന്തമായി ഒരു ലാപ്‌ ടോപ്‌ വേണം... അങ്ങിനെ ഒരു സിദ്ധാന്തം സ്വയം പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ ആന്റപ്പന്‍ ലാപ്‌ ടോപ്‌ വാങ്ങിയത്‌. കത്തിച്ച മേശപ്പൂ പോലെയായിരുന്നു ആന്റപ്പന്റെ പഠിക്കാനുള്ള ഉത്സാഹം.ആദ്യം നല്ല ഉഷാറായി തുടങ്ങിയത്‌ പിന്നീട്‌ ചെറുതായി വന്നു. ആദ്യ 2 - 3 ദിവസം ബയങ്കര പഠിത്തം... കുറെ നേരം പഠിക്കും... പിന്നെ എടക്ക്‌ എണീറ്റ്‌ കോട്ടുവാ ഇട്ട്‌, രണ്ട്‌ ബിസ്കറ്റും തിന്ന് വീണ്ടും പഠിത്തം. പിന്നെ പിന്നെ പഠിത്തം മാറി... ഓര്‍ക്കൂട്ടും, യൂ ടൂബും ഒക്കെയായി... പിന്നെ അശ്ശാന്‍ ഡൗണ്‍ ലോഡിംഗ്‌ തുടങ്ങി... പിന്നെ ചാറ്റിങ്ങും.

അങ്ങനെ ആന്റപ്പന്‍ തകൃതിയായി ചാറ്റിങ്ങില്‍ മുഴുകിയിരുന്ന ഒരു രാത്രി. അടുത്തുകൂടെ മിന്നായം പോലെ കടന്നുപോയ ദിവാരന്റെ കണ്ണുകള്‍ അറിയാതെ ആന്റപ്പന്റെ ചാറ്റിംഗ്‌ വിന്‍ഡോയിലേക്ക്‌ ഒളികണ്ണിട്ട്‌ നോക്കി.

"ഡാ... ഇത്‌ മാത്യുവല്ലേ... ഞങ്ങടെ പഴയ മുറിമേറ്റ്‌? അവനെ നിനക്കെങ്ങനെയാഡാ പരിചയം? നീയിവിടെ വരുമ്പോ അവനില്ലല്ലോ" ദിവാരന്‍ ചോദിച്ചു.

"പിന്നെ എനിക്കറിയാതെ. ഞാനീ വീട്ടിലോട്ട്‌ മാറിയപ്പോള്‍ ആദ്യ രണ്ട്‌ ദിവസം അവനും ഇവിടെ ഉണ്ടായിരുന്നില്ലെ... നിങ്ങളുടെ ജൂനിയര്‍. എനിക്കറിയാം. ഓര്‍ക്കൂട്ടില്‍ നിന്നും തപ്പിയെടുത്തതാ" ആന്റപ്പന്‍.

"ശെഡാ... കൊറെ കാലം ഒരുമിച്ച്‌ കഴിഞ്ഞ എനിക്ക്‌ പോലും ഇവനുമായിട്ട്‌ കോണ്ടാക്റ്റ്‌ ഇല്ല... നീയിതെങ്ങിനെ ഇവനുമായിട്ട്‌..."

"ഹും! നീയെന്താ മോനേ എന്നെ പറ്റി കരുതിയത്‌... ഞാനാളൊരു സംഭമല്ലേ... എന്റെ കോണ്ടാക്റ്റ്സ്‌ എന്നു പറഞ്ഞലുണ്ടല്ലോ... അതൊരു മഹാ സംഭവമാണ്‌. ആളുകളെ ചാക്കിട്ട്‌ പിടിക്കാന്‍ ഒരു കഴിവ്‌ വേണേയ്‌..." ആന്റപ്പന്‍ പറഞ്ഞു.

"സമ്മതിച്ചു അളിയാ. നീയുമായിട്ട്‌ അവനിത്ര കമ്പനിയായോ... ഹൊ!" ദിവാരന്‍ ചുണ്ടും മുഖവും ചുളിച്ചു പിടിച്ചു.

മറ്റൊരു ദിവസം, കുരുടാന്‍ നക്കിയ പെരുച്ചാഴിയേപ്പോലെ ഗൂഗിള്‍ റ്റാക്കില്‍ തലങ്ങും വിലങ്ങും ഓടിനടക്കുന്ന ആന്റപ്പന്‌ പെട്ടന്നൊരു മെസ്സേജ്‌:

മാത്യു: ഹായ്‌.

ആന്റപ്പന്‍: ഹായ്‌ മാത്യു. ഹവ്‌ ആര്‍ യു.

മാത്യു: ഓ സുഖം. അവിടെ എന്താ പരിപാടി. ഇപ്പോ നല്ല തണുപ്പാ അവിടെ ലേ...

ആന്റു: തണുപ്പോ... എയ്‌.. അത്രക്കൊന്നുമില്ല. ഇന്നലെ നീ വേഗം ഓഫ്‌ ലൈന്‍ ആയല്ലോ. ഇവിടെ ദിവരന്‍ ഞാനെങ്ങിനെ നീയുമായി കമ്പനിയായി എന്നും പറഞ്ഞ്‌ അത്ഭുതപ്പെട്ടിരിക്കുവായിരുന്നു. അവനറിയില്ലല്ലോ എന്റെ ഡീലിങ്ങ്സ്‌...

മാ: ഓ.. ലൈന്‍ ഡിസ്കണക്റ്റ്‌ ആയി. ആരാ ഈ ദിവാരന്‍? മുറിമേറ്റാ? അതുപോട്ടെ... നീ ഇനി എന്നാ നാട്ടിലേക്ക്‌...

ആ: നീ ദിവാരനെ ആക്കിയതാ ല്ലേ. ഉം... ഞാന്‍ കഴിഞ്ഞയാഴ്ച പോയതാ. ഇനി രണ്ടാഴ്ച കഴിഞ്ഞ്‌.

മാ: വാട്ട്‌? ഇത്ര അടുപ്പിച്ച്‌ അവിടെ നിന്നും എങ്ങിനെ വരാന്‍ പറ്റുന്നു നിനക്ക്‌? കാശെത്ര ചെലവാകും...

ആ : ഓ.. എന്ത്‌. ഞാനതൊന്നും നോക്കാറില്ല. ഓണ്‍ലൈന്‍ ടിക്കറ്റ്‌ എടുക്കും. ഈസി.

മാ: എങ്കിലും ലക്ഷങ്ങള്‍ ആവില്ലേ?

ആ: ലക്ഷങ്ങളോ? ആക്കിയതാണല്ലേ...

മാ: ആക്കിയതോ? പിന്നെ എത്രയാവും നിനക്ക്‌ ഫ്ലൈറ്റ്‌ ചാര്‍ജ്‌?

ആ: ഞാന്‍ ഫ്ലൈറ്റിനൊന്നും വരാറില്ല. കൊച്ചി വരെ പോകാന്‍ എന്തിനാ ഫ്ലൈറ്റ്‌. ഞാന്‍ കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ്‌ എടുക്കും. ഒറ്റ രാത്രി. രാവിലെ വീടെത്തും. സുഖം പരിപാടി.

മാ: നീ എന്തായീ പറയുന്നത്‌? സിങ്കപ്പൂരില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി സെര്‍വീസോ? അതും ഒരു രാത്രികൊണ്ട്‌ കേരളത്തിലെത്തുമെന്നോ?

ആ: സിങ്കപ്പൂരോ? അതിനു ഞാനെപ്പോ സിങ്കപ്പൂര്‍ പോയി? ഞാനിവിടെ ബാങ്ക്ലൂരല്ലേ.. നീ എന്താ ഒന്നുമറിയാത്ത പോലെ...

മാ: അല്ലാ... നീ വര്‍ഗ്ഗീസ്‌ തന്നെയല്ലേ?

ആ: വര്‍ഗ്ഗീസോ? ഡാ.. ഞാന്‍ ആന്റപ്പന്‍... നിനക്ക്‌ മനസ്സിലായില്ലേ എന്നെ.. പണ്ട്‌ നമ്മള്‍ മങ്കലശ്ശേരിയില്‍....

മാ : ഏത്‌ ആന്റാപ്പന്‍? എനിക്കോര്‍മ്മയില്ലല്ലോ. ജി ടാക്കില്‍ തന്റെ പേരിനു പകരം എതോ ഡയലോഗ്‌ ഇട്ടിരിക്കുന്നത്‌ കാരണം ആളെ മനസ്സിലായില്ല. സോറി. ഇട്ടിരിക്കുന്ന ഫോട്ടോ ചെറുതായതു കൊണ്ട്‌ മുഖവും ക്ലിയറായില്ല. ഞാന്‍ കരുതി പാലായില്‍ വീടുള്ള വര്‍ഗ്ഗീസാണെന്ന്... സോറി. ആളുമാറിയതാ. ഗുഡ്‌ ബൈ!

പെട്ടെന്നെവിടെ നിന്നോ ആന്റപ്പനൊരു പ്രത്യേക ഫീലിങ്ങ്സ്‌ വന്നു...

പണ്ട്‌ ബസ്റ്റാന്‍ഡിന്റെ സൈഡില്‍ മുള്ളാന്‍ പോയ ആന്റപ്പന്‍, പുറകില്‍ നിന്നാരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാര്യം സാധിച്ചിട്ട്‌ മുന്നിലേക്ക്‌ നോക്കിയപ്പോള്‍ കണ്ടത്‌ സ്റ്റാര്‍ട്ടാക്കിയിട്ടിരിക്കുന്ന എര്‍ണാകുളം ഫാസ്റ്റ്‌ പാസഞ്ചറും അതിനുള്ളില്‍ ആക്കി ച്ചിരിക്കുന്ന പത്ത്‌ നാല്‍പ്പത്‌ തലകളുമാണ്‌.. അന്നുണ്ടായ അതേ ഫീലിങ്ങ്സ്‌...

"നാറിയല്ലേ...." എന്ന ഫീലിംഗ്‌.


അന്ന് വൈകീട്ട്‌ ദിവാരന്‍ മങ്കലശ്ശേരിയില്‍ എത്തിയപ്പോള്‍ ലാപ്‌ ടോപ്പും പിടിച്ചിരിക്കുന്ന ആന്റപ്പന്റെ കണ്ടു...

"ഓഹ്‌... ചാറ്റിങ്ങാണോ... മാത്യുവുമായിട്ടായിരിക്കും... അവനോടെന്റെ ഒരു ഹായ്‌ പറഞ്ഞേക്ക്‌"

അതുകേട്ട അന്റപ്പന്‍ ഇങ്ങനെ പറഞ്ഞു...

"ഓ അവനിപ്പോ ഓണ്‍ലൈന്‍ വരാറില്ലെഡാ... ബയങ്കര തെരക്കാണുപോലും. സോ... ഞാനും മൈന്‍ഡാക്കാന്‍ പോവാറില്ല. നമുക്ക്‌ വേറെ പണിയില്ലേ..."

Wednesday, August 6, 2008

കോമളന്‍ ബാക്കിവെച്ചത്‌...

പോയാലും തീരില്ലേ ഇവന്റെ മഹത്വം? ഇല്ലെന്ന് മങ്കലശ്ശേരി പിള്ളേര്‍ പറയും. കോമളന്‍ പോയതില്‍ നിന്നും ഉടലെടുത്ത കനത്ത വിരഹ ദുഖത്തില്‍ നിന്നും ഇനിയും മുക്തരാവാന്‍ ഇവിടെ പലര്‍ക്കുമാവുന്നില്ല.

പണ്ട്‌ പാതിരാവരെ നാട്ടുകാര്യവും, ജോലിക്കാര്യവും മറ്റു പങ്കുവെച്ച്‌ പതിയെ ഉറങ്ങിയിരുന്ന ആന്റപ്പന്‍ ഇപ്പോ ഒന്നും മിണ്ടാനാവാതെ തളര്‍ന്നാണ്‌ ഉറങ്ങുന്നത്‌. കോമളനു പകരം ഇപ്പൊ പക്രുവാണ്‌ ആന്റപ്പന്റെ മുറിമേറ്റ്‌. പക്രുവാണെങ്കിലോ, ജഗതിയുടെ "പടയപ്പാ" സ്റ്റെയിലില്‍ കൃത്യം പത്ത്‌ മണിയാവുമ്പൊഴേക്കും കിടക്കയിലേക്ക്ക്‌ വീഴും. "ഹാവൂ...." എന്നൊരു ശബ്ദം മാത്രമേ ആദ്യം കേള്‍ക്കൂ. പിന്നെ കേള്‍ക്കുന്നത്‌ കൂര്‍ക്കം വലിയും.

അതുകൊണ്ടു തന്നെ രാത്രിയില്‍ കത്തിവെക്കാനാവാതെ വളരെ ഡിസ്റ്റര്‍ബ്ഡ്‌ ആയി നമ്മുടെ ആന്റപ്പന്‍. ഒടുവില്‍ തന്നോടു തന്നെ സംസാരിക്കാം എന്ന രീതിയായി ആന്റപ്പന്‌. പത്ത്‌ മണി മുതല്‍ 12 മണി വരെ ആന്റപ്പന്‍ സ്വയം സംസാരിക്കും. ഇടക്ക്‌ ചിരിക്കും... മയക്കത്തിനിടയില്‍ ആന്റപ്പന്റെ ചുണ്ടുകള്‍ ചുമ്മാ പിറുപിറുത്തുകൊണ്ടിരിക്കും... പാവം. അല്ലാതെന്ത്‌ പറയാന്‍.

കോമളവിരഹം മാറാത്ത മറ്റൊരാളാണ്‌ ശശി. കോമളന്‍ പോയതിന്റെ പിറ്റേന്ന് ശശിയുണ്ടാക്കിയ ദോശ ബക്കിയായി. ആരും തിന്നാനില്ലാതെ ബാക്കി വന്ന ആ ദോശകള്‍ വെയ്സ്റ്റ്‌ ബാസ്കറ്റില്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ശശിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കോമളന്റെ ഓര്‍മ്മകള്‍ അവനെ തഴുകിപ്പോയി... തന്റെ തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കിയാല്‍, ബാക്കിയാവുന്നത്‌ തിന്നാന്‍ ഇനിയാരുമില്ലാ എന്ന സത്യത്തെ ഭയന്ന് ശശി തട്ടുകട അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടു. വീട്ടില്‍ വൈദ്യുതിയില്ലെങ്കില്‍ കൂടി തുറന്നു പ്രവര്‍ത്തിച്ചിരുന്ന തട്ടുകട അടഞ്ഞുകിടക്കുന്നത്‌ കണ്ട്‌ ബാകിയെല്ലാവരും വേദനിച്ചു.

അതുമാത്രമോ? കോമളന്റെ "സ്പെഷല്‍" തലൈവാരി സുലൈമാനി (ഇന്‍ഡ്യന്‍ എന്ന തമിഴ്‌ സിനിമയില്‍ വിരലുകള്‍ കൂട്ടിപ്പിടിച്ച്‌ കമലഹാസന്‍ ചെയ്യുന്ന മര്‍മ്മാണി പ്രയോഗത്തിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണ്‌ തലൈവാരി സുലൈമാനി. കമലഹാസന്‍ അത്‌ ശരീരത്തിന്റെ നാനാഭാഗങ്ങളില്‍ പ്രയോഗിച്ചപ്പോള്‍ ഇവിടെ അത്‌ ശശിയുടെ ഇടുപ്പില്‍ മാത്രമാണെന്ന് മാത്രം) കിട്ടാതെ ശശി വലഞ്ഞു. കോമളന്‍ ആ "പ്രയോഗം" നടത്തുമ്പോള്‍ ആറടി പൊക്കമുള്ള ഒത്ത ഒരു പൂരുഷനായ ശശി കഴുത്തില്‍ പിടിച്ച കുറിഞ്ഞിപ്പൂച്ചപോലെയാകും. കോമളന്റെ ആ പ്രയോഗത്തില്‍ ശശിയൂടെ എല്ലാ ഇന്ദ്രിയങ്ങളും വിറക്കും. "ഇക്കിളി" താങ്ങാനാവാതെ ശശി "അയ്യ... അയ്യേ... അയ്യോ..." എന്ന് നിലവിളിച്ചോണ്ടിരിക്കും. കോമളന്‍ പോയതോടെ ശശി തലൈവാരിയുടെ വിലയറിഞ്ഞു. സഹികെട്ടപ്പോള്‍ ശശി സ്വയം സ്വന്തം, ശരീരത്തില്‍ ആ പ്രയോഗം നടത്തി നോക്കി. ഒരു എഫക്റ്റ്‌ കിട്ടിയില്ല. പക്രുവിനോട്‌ അതുപോലൊന്ന് ചെയ്യാന്‍ പറഞ്ഞു. വളരെ ഉത്സാഹത്തോടെ അവന്‍ ശശിക്ക്‌ നേരെ തലൈവാരി പ്രയോഗിച്ചു.... ബട്ട്‌ ശശിക്കത്‌ ശരീരത്തിലൂടെ ഒരു പാറ്റ നടന്ന് പോകുന്നപോലെയെ തോന്നിയുള്ളൂ.

കോമളനെ മിസ്സ്‌ ചെയ്ത മറ്റൊരാള്‍ സുസുകി ദിവാരനായിരുന്നു. സുസുക്കിയില്‍ നിന്നും പള്‍സറിലേക്ക്‌ തന്നെ കയ്പിടിച്ച്‌ ഉയര്‍ത്തിയത്‌ കോമളനാണെന്ന് ദിവാരനറിയാം. തന്റെ പുതിയ വണ്ടിക്ക്‌ വല്ലപ്പോഴും ഒരു "നല്ല" ഓട്ടം കിട്ടിയതും കോമളന്‍ മൂലമാണ്‌. പക്ഷേ, കോമളന്‍ പോയതോട്‌ കൂടി ദിവാരന്‌ തന്റെ വണ്ടി ആഴ്ചയിലൊരിക്കല്‍ കൂടി തൊടാന്‍ പോലും കിട്ടാതായി. ഓഫീസിലെ ഏതോ ഒരുത്തനാണ്‌ ഇപ്പൊ ദിവാരന്റെ വണ്ടി നോക്കി നടത്തുന്നത്‌. കിട്ടിയാ കിട്ടി... പോയാ പോയി എന്ന അവസ്ഥ.

അടുത്തത്‌ പക്രു. ഇക്കൂട്ടത്തില്‍ കോമളന്‍ പോയതില്‍ ഏറ്റവുമധികം ദുഖിക്കുന്ന മനുഷ്യന്‍. അതിനൊരു കാരണവുമുണ്ട്‌. മങ്കലശ്ശേരി വീടിന്റെ അഡ്വാന്‍സ്‌ തുകയിലൊരു ഭാഗം പക്രുവും, കോമളനും ചേര്‍ന്നാണ്‌ കൊടുത്തിരിക്കുന്നത്‌. സ്വാഭാവികമായും ഒരാള്‍ പോകുമ്പൊള്‍ അയാള്‍ക്ക്‌ ഇട്ട തുക തിരിച്ചു കൊടുക്കണം. ഇവിടെ അത്‌ പക്രുവിന്റെ കടമയാണ്‌. ഒരുപാട്‌ പ്രാകിയിട്ടാണെങ്കിലും ഒടുവില്‍ പക്രുവിന്‌ ആ തുക കോമളന്‌ കൊടുക്കേണ്ടി വന്നു. ആ നഷ്ടം പക്രുവിനെ വിഷാദ രോഗിയാക്കി മാറ്റി.

അങ്ങിനെ കോമളന്‍ ഇവിടെ ബാക്കിവെച്ചത്‌ ഒരുപിടി വേദനിക്കുന്ന ഓര്‍മ്മകളാണ്‌.

ഇതൊന്നുമറിയാതെ ഇന്നും കോമളന്‍ അങ്ങ്‌ കൊയമ്പത്തൂരില്‍ ജോലിക്ക്‌ പോയിട്ടുണ്ടാവണം. പുതിയ ജോലി... പുതിയ ഓഫീസ്‌... പുതിയ കൊലീഗ്‌സ്‌...

ഞങ്ങള്‍ പാവങ്ങള്‍... അതോണ്ടല്ലെ ഇങ്ങനെ. നോക്കിക്കോ... ഒരുനാള്‍ ഒരുനാള്‍ ഞങ്ങളും നിന്നെപ്പോലെ വളരും(കോമളന്‍ വളര്‍ന്നു എന്ന് വെറുതേ പറഞ്ഞതാ. അവനിപ്പൊഴും അഞ്ചടി രണ്ടിഞ്ചാണ്‌) വലുതാവും...

Friday, August 1, 2008

കോമളന്‍ പോവുകയാണ്‌.


ഇന്ന് വൈകീട്ട്‌ കോമളന്‍ ഞങ്ങളോട്‌ - മങ്കലശ്ശേരിയോട്‌ - വിടപറയുകയാണ്‌.

കോമളന്‌ എല്ലാ വിധ ആശംസകളും നേരുന്നു....
ഇതുവരെയുള്ള മങ്കലശ്ശേരി ചരിതത്തിലെ കോമളനെ കുറിച്ചുള്ള ചരിതങ്ങള്‍ താഴെക്കാടുക്കുന്നു.
http://mangalaseri.blogspot.com/2008/01/blog-post.html
http://mangalaseri.blogspot.com/2008/02/2.html
http://mangalaseri.blogspot.com/2008/06/blog-post.html
http://mangalaseri.blogspot.com/2008/06/blog-post_24.html
http://mangalaseri.blogspot.com/2008/06/blog-post_25.html

കോമളമാസം
http://mangalaseri.blogspot.com/2008/07/1.html
http://mangalaseri.blogspot.com/2008/07/2.html
http://mangalaseri.blogspot.com/2008/07/3.html
http://mangalaseri.blogspot.com/2008/07/blog-post_22.html
http://mangalaseri.blogspot.com/2008/07/4.html

Thursday, July 24, 2008

കോമളമാസം4 - ശശി


ശശിയുടെ യാത്രാമങ്കളങ്ങള്‍!

"ഫ്രണ്ടാണത്രേ... ഫ്രണ്ട്‌. ഇങ്ങനെ ഞങ്ങളെയൊക്കെ ഇട്ടിട്ട്‌ പോകുന്നതാണോ ഒരു ഫ്രണ്ടിന്റെ കടമ? എന്തായാലും... അവന്‌ നല്ലതേ വരൂ. മങ്കലശ്ശേരിയില്‍ തമാശകള്‍ പറഞ്ഞ്‌ ഞങ്ങളെയല്ലാം പൊട്ടിച്ചിരിപ്പിക്കുമായിരുന്നു കോമളന്‍. കാശെവിടെ... കാശെവിടേ എന്ന് ചോദിച്ച്‌ ഞാന്‍ കരയുമ്പോള്‍ അക്കൗണ്ട്‌ ബുക്കിലെ കാശ്‌ കാട്ടിത്തന്ന് ത്രിപ്ത്തിപ്പെടുത്തൂമായിരുന്നു എന്റെ പൊന്ന് കോമളന്‍. എന്നിട്ടിപ്പോ പോവാണെന്നും പറഞ്ഞ്‌ വന്നിരിക്കുന്നു... നാണമില്ലേ..."

"ഠേ...." ശശി കോമളന്റെ ചെകിട്ടത്തടിക്കുന്നു.

ഇത്‌ ഞാനെന്റെ മനസ്സാക്ഷിക്ക്‌ കൊടുത്ത വാക്കാ... ഇനി നിന്നെ കാണുമ്പോള്‍ നിന്റെ മുഖം തല്ലിപ്പോളിക്കണമെന്നത്‌...

അടി കിട്ടിയ കോമളന്‍ വേദനയോടെ തിരിച്ച്‌ നടന്നു. തല്ല് കിട്ടി മനസ്സക്ഷി മുറിഞ്ഞവനെപ്പോലെയുള്ള കോമളന്റെയാ പോക്ക്‌ കണ്ട ശശിക്ക്‌ അല്‍പം വിഷമം തോന്നി...

ഇല്ലാത്ത കാശിന്റെ കണക്ക്‌ പറഞ്ഞ്‌ കാശ്‌ പറ്റാന്‍ ഇനി അവനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോ എന്തോ ഒരു ഫീലിങ്ങ്‌. നിങ്ങള്‍ക്കറിയോ, "ഡാ... നീ അന്ന് തന്ന ആയിരം രൂപ എപ്പോ തരും??" എന്ന് ഞനവനോട്‌ ചോദിച്ചാല്‍, മേലോട്ട്‌ വായുമ്പൊളിച്ച്‌ ഒന്ന് നോക്കിയിട്ട്‌ "ഓ.. നിനക്ക്‌ കാശ്‌ തരാനുണ്ടല്ലേ...?" എന്നും പറഞ്ഞ്‌ ആയിരം രൂപയും എനിക്ക്‌ തരുമായിരുന്നു കോമളന്‍. സത്യത്തില്‍ അവന്‍ എനിക്ക്‌ പത്ത്‌ പൈസ പോലും തരാനുണ്ടായിരിക്കില്ല എന്നതാണ്‌ സത്യം.

എന്നും ഞാനുണ്ടാക്കുന്ന അവിഞ്ഞ ചപ്പാത്തിയും, ഉപ്പുമാവും എങ്ങിനെ വെറുതേ വേസ്റ്റാക്കി കളയും എന്നോര്‍ത്ത്‌ വിഷണ്ണനായി ഞാനിരിക്കുമ്പൊള്‍ ഇവനേ ഉണ്ടായിരുന്നുള്ളൂ, അത്‌ മുഴുവന്‍ തിന്ന് തീര്‍ക്കാന്‍. എന്റെ ചപ്പാത്തിമാവും, സേമിയയും, മക്രോണിയുമാണ്‌ ഇന്നത്തെയീ കോമളന്റെ പുഷ്ടിപ്പെട്ട ശരീരത്തിന്റെ രഹസ്യം. അതവന്‍ മറക്കരുത്‌.

അവനെന്നെ പീഡിപ്പിക്കാനായി, അവന്റെ "തല്‍വാരി സുലൈമാനി" യുമായി എന്റെയെടുത്ത്‌ വരുമ്പോള്‍ പട്ടിയെ കണ്ട പൂച്ചക്കുട്ടിയെപ്പോലെ ഒരു മൂലക്ക്‌ ഞാന്‍ കുനിഞ്ഞുകൂടുന്നത്‌ അവന്റെ ശക്തിയും, ശരീരവും കണ്ട്‌ പേടിച്ചിട്ടല്ല. അവനേ ദ്രോഹിക്കണ്ടല്ലോ എന്ന് കരുതി മാത്രം. എന്റെ പള്ളക്കും, ചെള്ളക്കും അവന്‍ കുത്തുകയും, തല്ലുകയും ചെയ്യുമ്പൊള്‍ വേദനിച്ചപോലെ ഞാനഭിനയിക്കുന്നത്‌ "പിള്ളാരല്ലേ... പിണ്ണാക്കല്ലേ..." എന്ന ഫീലിങ്ങ്സ്‌ എനിക്കവനോടുള്ളതുകൊണ്ടാണ്‌. അതവന്‍ മറക്കരുത്‌.

പിന്നെ അവന്റെ കയ്യിലിരുപ്പ്‌.... "ഹ ഹ ഹാ... " (അട്ടഹസിക്കുന്നു)...
അതോര്‍ക്കുമ്പോള്‍ എനിക്ക്‌ ചിരി വരും. അവന്റെ കയ്യിലിരുന്ന ഏറ്റവും പുതിയ മൊബെയിലും ദേ വെള്ളത്തില്‍ പോയി. സാരമില്ലാ... നീ തന്നെ മുന്‍ കൈ എടുത്ത്‌ എനിക്ക്‌ വാങ്ങിത്തന്ന ആ "സീക്രട്ട്‌" മൊബെയില്‍ നിനക്ക്‌ തന്നെ ഞാനീ അവസരത്തില്‍ തരുന്നു.

എതായാലും നീ മങ്കലശ്ശേരി വിട്ട്‌ പോകുന്ന ഈ അവസരത്തില്‍ നിന്നെ പ്രോത്സാഹിപ്പിച്ച്‌ അയക്കണം എന്നുള്ളതിനാല്‍ മറ്റൊന്നും പറയുന്നില്ല. ഞെട്ട്‌ പഴുത്ത്‌ വീണ ചക്കയുടെ കൃത്യം അടിയില്‍ വഴിതെറ്റി കറങ്ങി നീ വന്ന് നിന്നത്‌ നിന്റെ ഭാഗ്യം. പക്ഷേ, ആ ചക്ക ഇനി നിന്റെ തലയില്‍ വീഴാനായി അവിടെയുണ്ടാവില്ല. അതും നീ മറക്കരുത്‌.

ഞങ്ങള്‍ക്കെല്ലാമെല്ലാമായിരുന്നു ശ്രീ കോമളന്‍. മങ്കലശ്ശേരിക്ക്‌ കോമളന്റെ ഈ വിടപറയല്‍ താങ്ങാനാവുന്നതിലും അപ്പുറമാണ്‌. കോമളന്‍ കിടന്നിരുന്ന ആ മുറിയിലെ ചുമരുകള്‍ ഇന്ന് പരസ്പരം കണ്ണിരൊപ്പി ഇരിക്കുന്നുണ്ടാകണം. അവന്റെ പന്ത്രണ്ട്‌ ജോഡി "സോക്സ്‌" കഴുകി ഉണക്കാനായി നിരത്തിയിടാറുള്ള ഈ കര്‍ട്ടന്‍ ഹോള്‍ഡറുകളും, അവന്റെ അടിവസ്തങ്ങള്‍ വിശ്രമിക്കാറുള്ള ഈ ജനാലക്കമ്പികളും ഇനി അവനു വേണ്ടി കരഞ്ഞുചാവും.

തിന്നാന്‍ മാത്രം ശുഷ്കാന്തി കാണിച്ച്‌, തിന്നതിന്റെ ബാക്കി പഴത്തൊലികളും, പൊറോട്ടകളും, ഗ്രീന്‍പീസ്‌ മസാലകളും ആത്മഹത്യക്ക്‌ വേണ്ടി കിടന്നിരുന്ന വേസ്റ്റ്‌ ബാസ്കറ്റും ഇനി കോമളനെ ഭയങ്കരമായി മിസ്സ്‌ ചെയ്യും...

അങ്ങിനെയങ്ങിനെ മങ്കലശ്ശേരിയിലെ ഒരോ മുക്കും മൂലയും ഇനി അവനെ മിസ്സ്‌ ചെയ്യും. പക്ഷേ, അപ്പൊഴും മങ്കലശ്ശേരിയിലെ അടുപ്പ്‌ പുകയും... ടി വി പ്രവര്‍ത്തിക്കും... വേസ്റ്റ്‌ ബാസ്കറ്റ്‌ നിറഞ്ഞും, കാലിയായും ഇരിക്കും.... ഒരു സ്റ്റൂളും, രണ്ട്‌ കസേരകളും ബിസിയായി തന്നെ ഇരിക്കും... രാത്രിയില്‍ പത്തരക്ക്‌ ഞങ്ങളെല്ലാവരും ഉറങ്ങിയിരിക്കും. ഞങ്ങളെല്ലാവരും ഇപ്പോ ജോലിചെയ്യുന്ന അതേ കമ്പനിയില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. അപ്പൊഴും നീ അതെല്ലാം മിസ്സ്‌ ചെയ്തുമിരിക്കും.

പൊക്കോഡാ... പൊക്കോ... ഇനിയീ വഴി കണ്ടേക്കരുത്‌.

ഗുഡ്‌ ബായ്‌....

Wednesday, July 23, 2008

കോമളനും, പണിക്കരുടെ പ്രവചനവും.

കോമളന്‍ ഇലാസ്റ്റിക്‌ ട്രൗസറുമിട്ട്‌, ഇലാസ്റ്റിക്ക്‌ കൊണ്ട്‌ കെട്ടിയ പുസ്തകക്കെട്ടുമായി, ഇലാസ്റ്റിസിറ്റിയുള്ള മൂക്കട്ടയും ഒലിപ്പിച്ച്‌ ഇസ്കൂളില്‍ പോയിരുന്ന കാലം.

മഴക്കാലമല്ലേ... ജലദോഷം സാധാരണയെന്ന് കരുതി ഇസ്കൂളിലേക്ക്‌ പറഞ്ഞുവിട്ടിരുന്ന കോമളന്റെ അമ്മ ദിവസങ്ങള്‍ കഴിയുംതോറും ആവലാദിപ്പെട്ടു തുടങ്ങി. കോമളന്റെ ജലദോഷം മാറുന്നില്ല! മൂക്കൊലിപ്പ്‌ മണ്ണൊലിപ്പിനേക്കാളും ശക്തമായി തുടരാന്‍ തുടങ്ങി. വര്‍ഷക്കാലം കഴിഞ്ഞിട്ടും കോമളന്റെ മൂക്ക്‌ ഒലിച്ചുതന്നെ ഇരുന്നു. കാണാത്ത ഡോക്ട്ടര്‍മാരില്ല... വൈദ്യന്മാരില്ലാ... കഴിക്കാത്ത മെഡിസിനില്ല, മരുന്നുകളില്ലാ...

കോമളന്റെ വീട്ടിലാകെ ആധിയായി. അങ്ങിനെയിരിക്കുമ്പോഴാണ്‌ ഒരു ദിവസം കോമളന്റെ ഒരമ്മാവന്‍ പുതിയ ഒരു ഐഡിയയുമായി വന്നത്‌... "കോമളന്റെ ജാതകം ഒന്ന് നോക്കാം... ചിലപ്പോ സമയത്തിന്റെ വല്ലതുമാണെങ്കിലോ...?"

പിറ്റേന്ന് തന്നെ കോമളന്റെ വീട്ടില്‍ പണിക്കരെത്തി. പലകയും, കവടിയും നിരത്തി വാ പൊളിക്കാന്‍ തുടങ്ങി...

"കുട്ടിക്ക്‌ അങ്ങനെ പ്രത്യേകിച്ച്‌ ഇപ്പോ പ്രശ്നങ്ങളൊന്നൂല്യാ... ന്നാലും ജലദോഷം വിട്ട്‌ മാറണില്യാ ന്നല്ലേ പറഞ്ഞത്‌.... ന്നൂടെ നോക്കട്ടെ..."

പണിക്കര്‍ എന്തോ ഗാഢമായി അലോജിക്കുന്ന പോലെയിരുന്നു. എന്നിട്ട്‌ പറഞ്ഞു...

"ഉം... കുട്ടിക്ക്‌ ജലത്തിന്റെ ദോഷം ഉണ്ട്‌."

"അതറിയാം പണിക്കരേ.. അതോണ്ടല്ലേ നിങ്ങളെ വിളിപ്പിച്ചത്‌." കോമളന്റെ അമ്മാവന്‍.

"അതല്ലാ ഞാന്‍ പറഞ്ഞത്‌. ശ്രദ്ദിക്യാ... ജലം എന്ന പ്രകൃതി ശക്തിക്ക്‌ ഈ കുട്ട്യോട്‌ ഒരു പ്രത്യേക ആകര്‍ഷണം ഉണ്ട്‌ ന്നാണ്‌ കാണുന്നത്‌. അതോണ്ടന്നേ, കുട്ടിയെ അധികം വെള്ളവുമായിട്ട്‌ അടുപ്പിക്കണ്ടാ... ഈ ജലദോഷം തന്നെ അതിന്റെ ഒരു ലക്ഷണാണേയ്‌..."

"അപ്പോ പണിക്കര്‍ പറേണത്‌, ഇനി ഇവനെ കുളിപ്പെക്കേം ഒന്നും വേണ്ടാ നാണോ?" അമ്മാവന്‍.

"അങ്ങിനെയല്ലാ ഞാന്‍ ഉദ്ദേശിച്ചത്‌. നദിയിലോ, കടലിലോ, ജലാശയങ്ങളിലോ മറ്റോ പോകുമ്പോള്‍ ശ്രദ്ദിക്കണം. ഈ കുട്ടിക്കും വെള്ളത്തില്‍ കളിക്കാന്‍ ശ്ശി ഷ്ടായിരിക്കും."

"പ്രധിവിധി എന്തെങ്കിലും....?"
"ഇതിന്‌ അങ്ങനെ പരിഹാരൊന്നൂല്യ... ശ്രദ്ധിക്ക്യ. അത്രന്നെ!"


ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം, ബാങ്ക്ലൂര്‍ നഗരം:
എല്ലാം മറക്കുന്ന കൂട്ടത്തില്‍ കോമളന്‍ പണ്ട്‌ പണിക്കര്‍ പറഞ്ഞതും മറന്നു കളഞ്ഞു. ഇന്ന് കോമളന്‍ എടുത്താല്‍ പൊങ്ങാത്ത അത്ര ജോലിയുള്ള ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജോലിക്കാരനാണ്‌. മാനസികമായും, സാമ്പത്തികമായും, ശാരീരികമായും എല്ലാം നല്ല രീതിയില്‍ പോകുന്ന സമയം.

അങ്ങിനെയിരിക്കുമ്പോഴാണ്‌ മുറിമേറ്റ്സിന്റെ കൂടെ "മുത്തത്തി" വെള്ളച്ചാട്ടം കാണാന്‍ പോയ കോമളന്റെ കയ്യില്‍ നിന്നും താന്‍ 16000 രൂപാ കൊടുത്ത്‌ വാങ്ങിയ സോണി എറിക്സന്റെ പുത്തന്‍ മൊബെയില്‍ ഫോണ്‍ വെള്ളത്തിലേക്ക്‌ തെറിച്ച്‌ പോയത്‌. കൂട്ടത്തില്‍ കോമളനും നിലയില്ലാ കയത്തിലേക്കെടുത്ത്‌ ചാടിയെങ്കിലും കൈനീട്ടിക്കൊടുക്കാന്‍ അപ്പോ അവിടെ ഒരുത്തനുണ്ടായത്‌ കൊണ്ട്‌ കോമളന്‍ ഹിസ്റ്ററിയായില്ല.

അപ്പൊഴും പണ്ട്‌ പണിക്കര്‍ പറഞ്ഞത്‌ കോമളനോര്‍ത്തില്ല.

പിന്നീടൊരിക്കല്‍ വേറെ ചില കൂട്ടുകാരുമൊത്ത്‌ കോമളന്‍ ഗോവാക്ക്‌ പോയി. ഗോവന്‍ കടാപ്പുറങ്ങളില്‍ വോളിബോള്‍ കളിച്ചും, വായില്‍ നോക്കിയും നടന്ന കോമളന്‍ പെട്ടന്നാണത്‌ ശ്രദ്ധിച്ചത്‌... തന്റെ മാലയും വളയും കണ്ണടയും കാണുന്നില്ല! തിരമാലകള്‍ക്കിടയില്‍ ഇക്കിളിയിട്ട്‌ കിടന്നപ്പോള്‍ ഒലിച്ചുപോയത്‌ 2 പവന്റെ മാല, ഇരുമ്പിനെ ഒരു വള, ഒരു കണ്ണട!

എന്നിട്ടും കോമളന്‍ പണിക്കരെയോര്‍ത്തില്ല.

പുതുതായി വാങ്ങിയ 17000 രൂപ വിലയുള്ള സോണി എറിക്സണ്‍ മൊബെയിലുമായി, ചെവിയില്‍ തൂക്കിയ ബ്ലൂടൂത്‌ ഹെഡ്സെറ്റുമായി ദിവാരന്റെ പള്‍സറില്‍ പെണ്ണിനെ കാണാന്‍ പോവുകയായിരുന്നു കോമളന്‍. വഴിക്ക്‌ വെച്ച്‌ മഴ തുടങ്ങി. ബുദ്ധിമാനായ കോമളന്‍ തന്റെ മോബിലും, ഹേഡ്‌ സെറ്റും ഷര്‍ട്ടിന്റെ പോകറ്റിലിട്ട്‌, പുറത്ത്‌ ജാകറ്റുമിട്ട്‌ യാത്ര തുടര്‍ന്നു, ജാക്കറ്റില്ലേ, നനയത്തില്ലാ എന്ന സമാധാനത്തില്‍. യാത്രക്കൊടുവില്‍ മൊബെയിലെടുത്ത്‌ പെണ്ണിനെ വിളിക്കന്‍ നോക്കിയ കോമളന്‍ കണ്ടത്‌ മിന്നാമിന്നിയെപ്പോലെ മിന്നുന്ന മൊബെയിലിന്റെ ക്യാമറാ ഫ്ലാഷ്‌ ലൈറ്റാണ്‌. ഇട്ടിരുന്ന ജാകറ്റ്‌ വാട്ടര്‍ പ്രൂഫല്ലായിരുന്നു എന്ന് അപ്പോ കോമളന്‍ തിരിച്ചറിഞ്ഞു. പതിയെ പതിയെ മൊബെയിലിലെ ആ പ്രകാശവും നിന്നു. മറ്റൊരു 17,000 രൂപ പിന്നെയും വെള്ളത്തില്‍.

അന്ന്, അവിടെ വെച്ച്‌ കോമളന്‍ പണിക്കരെ ഓര്‍ത്തു.

"ന്റെ പണിക്കരേട്ടാ.... " കോമളന്‍ അറിയാതെ വിളിച്ചു.

ആ ആഴ്ച്ച തന്നെ നാട്ടില്‍ പോയി പണിക്കരെ കാണാന്‍ കോമളന്‍ മറന്നില്ല. ചെലവിനായി കുറച്ച്‌ കാശും കൊടുത്ത്‌ തിരിച്ചിറങ്ങിയ കോമളനൊട്‌ പണിക്കരിങ്ങനെ പറഞ്ഞു....

"നന്നായി വരുംട്ടോ... ന്നാലും വെള്ളം കൊണ്ടുള്ള കളി ഒഴിവാക്കണേന്യാ നല്ലത്‌.... സൂക്ഷിച്ചാ ദു:ഖിക്കണ്ടാലോ..."

അടുത്ത മാസം കോമളന്‍ ബാങ്കൂരില്‍ നിന്നും യാത്രയാവുകയാണ്‌... കൊയമ്പത്തൂരിലേക്ക്‌... അവിടെ മഴ അധികമില്ലാ എന്ന വിശ്വാസത്തില്‍. അവിടെ പുഴകളും, കായലുകളും ഇല്ലാ എന്ന വിശാസത്തില്‍.

Tuesday, July 15, 2008

കോമളമാസം 3 - ആന്റപ്പന്‍

ആന്റപ്പന്റെ യാത്രാമങ്കളങ്ങള്‍:

"പട്ടി! തെണ്ടി!! ചാത്തന്മാര്‍ അവനെ ഇവിടെ വരുത്തും. എനിക്കൊറപ്പാ. എന്റെ കാലൊന്ന് ശരിയായിരുന്നെങ്കി അവന്റെ നടുവിനിട്ട്‌ ഞാന്‍ തൊഴിച്ചേനേ...

എങ്കിലും.. ഞങ്ങളൊരുമിച്ചുറങ്ങിയ രാവുകള്‍ അവന്‍ മറക്കില്ലെന്നെനിക്കറിയാം. അവന്റെ വൃത്തികെട്ട അറുബോറന്‍ കത്തികേട്ട്‌ പാതിരാകഴിഞ്ഞിട്ടും ഉറങ്ങാതെ മൂളിക്കൊണ്ടിരുന്ന എന്നെ അവനെങ്ങിനെ മറക്കാന്‍ കഴിയും? ഇടാനൊരു ഷര്‍ട്ടില്ലാതെ കരയാന്‍ തുടങ്ങിയ അവന്‌ എന്റെ പുത്തന്‍ ഷര്‍ട്ട്‌ ഇടാന്‍ കൊടുത്തത്‌ അവനെങ്ങിനെ മറക്കാന്‍ കഴിയും? വെള്ളമടിക്കാന്‍ അറിയാതെ കരിങ്ങാലി വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ എടുത്ത്‌ വിങ്ങിപ്പൊട്ടിയിരുന്ന കോമളനെ ഞാന്‍ കയ്പിടിച്ച്‌ ഗന്ധര്‍വ്വ ബാറിലേക്ക്‌ എടുത്തുയര്‍ത്തിയത്‌ അവനെങ്ങനെ മറക്കാനാകും? നീ പോയാ ഇനി വെള്ളടിക്കാന്‍ എനിക്കാരുണ്ട്‌ കൂട്ട്‌? അലോജിക്കുമ്പോ എനിക്ക്‌ കിക്കാവുന്നു.... "

ഇതുപോലെ എനെ സ്നേഹിക്കാന്‍ എന്റെ ഭാവി ഭാര്യക്ക്‌ പോലും ആവില്ല. എനിക്കറിയാം. അന്ന് ഞാന്‍ അയ്യപ്പന്‍ വിളക്കിനു പോയി അല്‍പം "കിണ്ടി"യായി തിരിച്ച്‌ വന്നപ്പോള്‍, എന്റെ ഡ്രസ്സ്‌ ഊരി, കുളിമുറിയില്‍ കൊണ്ടോയി അവന്റെ "ലക്സ്‌" സോപ്പ്‌ തേപ്പിച്ച്‌ എന്നെ കുളിപ്പിച്ചൂ അവന്‍. ഞാന്‍ തന്നെ വല്ലപ്പോഴും മാത്രം തൊടാറുള്ള എന്ന "സുടര്‍മണി" ജട്ടി പോലും അവന്‍ ഊരി, അവന്റെ പുതിയ ബര്‍മുട ഇടീച്ച്‌ അവന്റെ കിടക്കയില്‍ കൊണ്ടോയി കിടത്തീ എന്നെ പ്രിയ മിത്രം... അന്ന് ഞാനറിഞ്ഞു... അവന്‌ എന്നോടുള്ള സ്നേഗം.

എന്റെ കാലില്‍ മസിലുകേറിയാല്‍... നടു വേദനിച്ചാല്‍.. ഒക്കെ ബാം പുരട്ടി തിരുമ്മിത്തരുമായിരുന്നു അവന്‍. ഞാന്‍ അലങ്കോലമായി വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞാല്‍ എല്ലാം എടുത്ത്‌ അടുക്കിവെക്കുമായിരുന്നു അവന്‍. പാമ്പായി കിടന്നുറങ്ങി രാവിലെ എണിക്കാന്‍ വൈകുമെന്ന് മനസ്സിലാക്കി, സമയത്ത്‌ എന്ന് വിളിച്ചുണര്‍ത്തുമായിരുന്നു കോമളന്‍. പാതി രാത്രി വരെ ഉറക്കമിളച്ച്‌ ഇരിക്കാനും എന്നെ സമ്മതിക്കാറില്ല എന്റെയീ മുറിമേറ്റ്‌... അവന്‍ പോകുമ്പോള്‍ എന്റെ "ഹാഫ്‌" ഭാഗം പോയപോലെയാണ്‌.

എന്നാലും ഡാ തെണ്ടീ... നിനക്ക്‌ ബോഷില്‍ തന്നെ കിട്ടിയല്ലേ... പട്ടി.

ബോറടിക്കുന്ന രാത്രികളില്‍, ആവശ്യത്തിലധികം നീണ്ട കാലുകള്‍ ത്രികോണാകൃതിയില്‍ വളച്ചുവെച്ച്‌ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും വര്‍ത്തമാനവുമായി അവന്‍ വരും. ആ അറുബോറന്‍ കത്തി കേട്ട്‌ ഞാന്‍ സുഖമായുറങ്ങും... എന്നാലും അവന്‍ നിര്‍ത്തില്ല. ഞാന്‍ ശരിക്കും ഉറങ്ങിക്കോട്ടെ എന്ന് കരുതിക്കാണും.

അവന്റെ ലാപ്‌ ടോപ്‌ അവനേക്കാള്‍ ഉപയോഗിച്ചത്‌ ഈ ഞാനായിരിക്കും. വേണ്ടാ... വേണ്ടാ എന്ന് പറഞ്ഞാലും എന്നെക്കൊണ്ട്‌ നിര്‍ബന്ദ്ധമായി ലപ്‌ ടോപ്‌ ഉപയോഗിപ്പിക്കുമവന്‍. ഒരു ലാപ്‌ ടോപ്‌ എങ്ങിനെ "ശരിക്കും" ഉപയോഗിക്കണമെന്ന് അവനാണെന്നെ പഠിപ്പിച്ചത്‌.

എന്നാലും ഡാ തെണ്ടീ... നിനക്ക്‌ ബോഷില്‍ തന്നെ കിട്ടിയല്ലേ... പട്ടി.

അന്ന് ഫുട്ബോള്‍ കളിക്കാന്‍ പോയി, "വീലായ" എന്റെ കാലില്‍ ബാം പുരട്ടിത്തന്നത്‌ അവനാണ്‌. നടക്കാന്‍ പറ്റാതെ വീട്ടില്‍ ഇരുന്നപ്പോള്‍ എനിക്കുള്ള ഭക്ഷണം വാങ്ങിക്കൊണ്ടു വന്നതും, അതെന്റെ വായിലേക്ക്‌ വച്ച്‌ തന്നതും, പിന്നെ വായ കഴുകിച്ചതും വരെ അവനാാണ്‌.. എന്റെ പ്രിയ മിത്രം.

എത്രയെത്ര ദിവസങ്ങള്‍ ഞങ്ങള്‍ രണ്ട്‌ പേരും "ക്ലേ പോട്ടില്‍" ഇരുന്ന് പൊറോട്ടയും ചപ്പാത്തിയും വാരി വലിച്ച്‌ കഴിച്ചിട്ടുണ്ട്‌... ഞാന്‍ തിന്നുന്നതിന്റെ നേരേ ഇരട്ടി കഴിക്കണമെന്നുള്ളത്‌ എന്നും അവന്റെ വാശിയായിരുന്നു. എന്നോടുള്ള അവന്റെ സ്നേഹമാണ്‌ അവിടെ കാണുന്നത്‌.

എന്നാലും ഡാ തെണ്ടീ... നീ...

അവന്‍ എന്നെ എപ്പൊഴും "ഡാ.. കാട്ടം.." എന്നാണ്‌ വിളിച്ചിരുന്നത്‌. കാര്യം എന്നെ അങ്ങിനെ വിളിച്ചാല്‍ ഞാന്‍ ചൂടാവുമെങ്കിലും, എനിക്കൊരുപാടിഷ്ടമായിരുന്നു ആ വിളി. "കാട്ടം... കാട്ടം..." എന്ന് എന്നെ വിളിക്കുമ്പോ ഒരു പ്രത്യേക സുഖമാണ്‌. ഇനി എന്നെ അങ്ങിനെ വിളിക്കാന്‍ അവനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്‌. സാരമില്ല. നീയില്ലാതെയുള്ള ഇനിവരുന്ന രാത്രികളില്‍ ഞാന്‍ തന്നെ എന്നെ "കാട്ടം" എന്ന് വിളിച്ച്‌ സംത്രിപ്തനാവാം.

ഇനി എനിക്ക്‌ തരാനുള്ളത്‌ ഉപദേശങ്ങളാണ്‌. നിന്റെ സ്വഭാവം കൊഴപ്പമൊന്നുമില്ല. ബട്‌ ചില സമയങ്ങളില്‍ അത്‌ എന്റെ കാറിന്റെ ഗിയര്‍ പോലെയാണ്‌. ഒന്നിലേക്കിട്ടാല്‍ രണ്ട്‌ വീഴും... രണ്ടിട്ടാല്‍ നാലിലേക്ക്‌ വീഴും. ചില സമയം നീ ചെയ്യുന്നത്‌ എന്താണെന്ന് നിനക്ക്‌ തന്നെ മനസ്സിലാവില്ല.

ഫോര്‍ എഗ്സാമ്പിള്‍, മുള്ളണം എന്നാലോചിച്ച്‌ ബാത്രൂമില്‍ പോകുന്ന നീ, 15 മിനിട്ട്‌ കഴിഞ്ഞ്‌ "രണ്ടും" കഴിഞ്ഞിട്ടാവും തിരിച്ചുവരിക. അപ്പോഴായിരിക്കും നീ ഓര്‍ക്കുക, അയ്യോ തുണി അലക്കാനുണ്ടല്ലോ എന്ന്. വേഗം പോയി തലേന്ന് അലക്കിയിട്ട തുണിയെല്ലാം എടുത്ത്‌ വെള്ളത്തിലിടും. പിന്നെ അലക്കാന്‍ ഇട്ടിരുന്ന തുണിയെടുത്ത്‌ തേക്കാനും കൊടുക്കും. ഇതെല്ലാം കഴിഞ്ഞ്‌ റൂമില്‍ ഇരിക്കുമ്പൊഴായിരിക്കും തുണിയലക്കാനായി ആ ചേച്ചി വരുന്നത്‌. ഒരുസാധനം എടുക്കാന്‍ മറക്കതിരിക്കാന്‍ മൊബെയിലില്‍ റീമൈന്‍ഡര്‍ വെച്ച്‌, ആ മൊബെയില്‍ ബാഗില്‍ വെക്കും. അവസാനം ബാഗ്‌ എടുക്കാന്‍ നീ മറക്കും. തിരിച്ച്‌ വന്ന് ബാഗ്‌ എടുത്ത്‌ തോളത്ത്‌ ഇട്ട്‌ ആന്റിയുടെ വീട്ടില്‍ ഫൂഡ്‌ അടിക്കുമ്പോള്‍ നീ പെട്ടന്നാലോജിക്കും, "ഹോ.. ഈ പുട്ടിന്റെ ഒരു കാര്യം. ഇങ്ങനെ ഇരുന്നാലും എന്നാ ടേയ്സ്റ്റാ... ദൈവത്തിന്റെ വികൃതികള്‍... എങ്ങിനെയായിരിക്കും ആദ്യമായി പുട്ട്‌ കണ്ടുപിടിച്ചത്‌?" അങ്ങനെ നീണ്ടുപോകുന്ന ചിന്തകള്‍ക്കിടയില്‍ നീ ആ ബാഗ്‌ പിന്നേം അവിടെ വെച്ച്‌ മറക്കും. പിന്നെ നിന്റെ ഏതെങ്കിലും ചിന്തകള്‍ക്കിടയില്‍ മൊബെയിലുമായി എന്തെങ്കിലും ബന്ധമുള്ള ചിന്ത വന്നാല്‍ നിനക്ക്‌ മറന്നതോര്‍മ്മ വരും. അപ്പോ നീ നിന്നെ തന്നെ ശപിച്ച്‌ തിരിച്ച്‌ നടക്കും.

നടന്ന് പോകുമ്പോളും നിന്റെ മനസ്സില്‍ ആയിരം ചിന്തകള്‍. ആപ്പീസിലേക്ക്‌ ഇടത്തോട്ടുള്ള വഴിയിലൂടെ പോകണമെങ്കില്‍, നീ നടക്കുന്നത്‌ നേരെയായിരിക്കും. കൂടെ നടക്കുന്ന പുഷ്പന്‍ ഇടത്തോട്ട്‌ തിരിയുന്നത്‌ കാണുമ്പോള്‍ നീയും വേഗം തിരിയും. എല്ലാം എനിക്കറിയാമെടാ.

റൂമില്‍ ഒരീസം കാണാതായ താക്കോല്‍ ഒരാഴ്ച്ച കഴിഞ്ഞ്‌ നിന്റെ കൊളീഗ്‌ ആയ സരങ്കിന്റെ ബാഗിനുള്ളില്‍ നിന്നും പുഷ്പന്‍ കണ്ടെടുത്ത കഥ ഇവിടെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതൊക്കെ ഞാനിവിടെ പറഞ്ഞത്‌ കോമളന്റെ ആ കൊച്ച്‌ ഹൃദയത്തെ കുത്തി നോവിക്കാനല്ല. വെറുമൊരു നോട്ട്‌ പാഡ്‌ ആയ നിന്റെ മസ്തിഷ്ക്കത്തില്‍ നിന്നും എം.എസ്‌ വേര്‍ഡിന്റെ ഫീചേര്‍സ്‌ പ്രതീക്ഷിക്കരുത്‌. അറിഞ്ഞ്‌ ജീവിക്കൂ.

എന്നാലും പട്ടീ... നിന്റെയൊക്കെ യോഗം...

പറയാനാണെങ്കില്‍ ഒരുപാട്‌ ഉണ്ട്‌. അത്‌ മുഴുവന്‍ ഇപ്പോ പറയുന്നില്ല. ഏതായാലും "ഓള്‍ ദി ബെസ്റ്റ്‌". പിന്നേ,നീ ഈ വീടിന്റെ അഡ്വാന്‍സ്‌ 5000 അല്ലെ ഇട്ടത്‌? അത്‌ തിരിച്ച്‌ കിട്ടി എന്ന് വിചാരിച്ചാല്‍ മതി. നമ്മള്‍ തമ്മില്‍ അതിനൊരു കണക്ക്‌ പറച്ചില്‍ വേണോ? വേണ്ട.

ഈ മാസാവസാനം തന്നെ ഷുവര്‍ ആയിട്ട്‌ പോകുമല്ലോ അല്ലേ?

എന്നാല്‍ ശരി... പിന്നേ പറ്റിയാല്‍ കാണാം...

Good Bye.. Smart Boy!

Monday, July 14, 2008

കോമളമാസം 2 - പക്രു

പക്രുവിന്റെ യാത്രാമങ്കളങ്ങള്‍!

കൂട്ടുകാരെ... കോമളനെ കുറിച്ച്‌ ഒരു ചെറിയ കവിതയിലൂടെ ഞാന്‍ തുടങ്ങട്ടെ...

മണ്ടനാം കോമളാ...
നിനക്ക്‌ വിട!

നീയല്ലാതാരെനിക്ക്‌ തരും
പരിപ്പ്‌ വട!

നീയിനിയീ വഴിവന്നാല്‍,
നിനക്ക്‌ പെട!

പറയാമൊരിക്കല്‍ കൂടി,
പോഡ പോഡ!

ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലാ ഈ മങ്കളമുഹൂര്‍ത്തം. ഇങ്ങനെ കോമളനെ യാത്ര അയക്കാന്‍ എനിക്ക്‌ അവസരം ഉണ്ടാക്കിത്തന്ന ബോഷിനോടും, കോമളനോടും എന്റെ നന്ദി അറിയിക്കട്ടെ.

"കോമളന്‍... ഞങ്ങള്‍ക്കെല്ലാമായിരുന്നു. അവന്‍ എന്താണാല്ല്ലാത്തത്‌? ബുദ്ധിമാന്‍... സുന്ദരന്‍... സുശീലന്‍. പൊട്ടന്‍.. പൊട്ടന്‍ എന്ന് വിളിച്ച്‌ ഞാന്‍ കളിയാക്കാറുണ്ടെങ്കിലും, അവന്‍ ഒരു പൊട്ടനല്ലെന്ന് അവനറിയാം. അന്ന് ഞാന്‍ പനി പിടിച്ച്‌ ഉറക്കം വരാതെ കിടന്നപ്പോ തരാട്ട്‌ പാടി എന്നെ അവന്‍ ഉറക്കി. അതൊക്കെ ഓര്‍ക്കുമ്പോ... എനിക്ക്‌... " [പക്രു മൂക്കു ചീറ്റുന്നു]

നിനക്ക്‌ പോകാതിരുന്നുകൂടെ കോമളാ? ജോലി ഇതല്ലെങ്കില്‍ മറ്റൊന്ന് കിട്ടില്ലേ? കിട്ടും. പിന്നെയെന്തിനീ തിരക്ക്‌? ഞാന്‍ പറഞ്ഞുവെന്ന് മാത്രം. അത്‌ കേട്ട്‌ നീ പോകാതെയൊന്നും ഇരിക്കണ്ട. പിന്നേ പോകുമ്പോ, നിന്റെയാ പായും, തലയിണയും മറ്റ്‌ അല്ലറ ചില്ലറ സാധനങ്ങളും അവിടെ തന്നെ വെക്കുമല്ലോ.. അല്ലേ...

നമ്മുടെ റൂമിലോ.. അടുത്തുള്ള റൂമിലോ... എന്തിനധികം, എന്റെ അപ്പീസിലോ എന്തെങ്കിലും കാണാതെ പോയാല്‍ അതിനുത്തരവാദി കോമളനാണെന്ന് പറഞ്ഞ്‌ അവനുമായി തല്ലുകൂടുമയിരുന്നൂ ഞാന്‍. ഇനി ഞാന്‍ ആരോട്‌ തല്ലുകൂടും? ആവൊ...

എന്തായാലും, നിനക്ക്‌ വിജയാശംസകള്‍. നീ പോയാ ഇനി തീറ്റക്കാര്യം ഒക്കെ എങ്ങിനെയെയാവുമെന്ന് അലോജിച്ചിട്ടുണ്ടോ?

വെശപ്പില്ലാ... വെശപ്പില്ലാ എന്ന് പറഞ്ഞ്‌ 20 ചപ്പാത്തിയും, കോഴിക്കറിയും കഴിച്ച്‌ റൂമില്‍ വരുന്ന നീ, ശശിയുണ്ടാക്കുന്ന ആ റബ്ബര്‍ പശ പോലത്തെ സാധനം (അതിനെ ശശി വിളിക്കന്ന പേര്‌ ഉപ്പുമാവ്‌) കാണുമ്പോ, അതിലും കയ്യിട്ട്‌ വാരും. പിന്നെ ദഹനം ശരിയാക്കനെന്ന് പറഞ്ഞ്‌ 2 പഴം... ഇതൊക്കെ മാനേജ്‌ ചെയ്യാന്‍ അങ്ങ്‌ കൊയമ്പത്തൂറിലും പറ്റുമോ ഡാ? അല്ലേങ്കിലും വാ കീറിയ ദൈവം തീറ്റകുള്ള വകയും കാണുമല്ലോ അല്ലേ...

അന്ന് ജോര്‍ജ്‌ ബുഷ്‌ പറഞ്ഞു... അഗോള ഭക്ഷ്യ ക്ഷാമത്തിന്‌ ഇന്ത്യയാണ്‌ കാരണം എന്ന്. അങ്ങേരെക്കൊണ്ട്‌ അത്‌ പറയിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക്‌ നിനക്കണ്‌. അത്‌ നീ മറക്കരുത്‌. എവിടെ പോയാലും.

ഹിന്ദി അറിയാത്ത ദിവാരന്‌ ഇനി ആര്‌ ഹിന്ദി മലയാളത്തിലേക്ക്‌ ട്രാന്‍സ്ലേറ്റ്‌ ചെയ്ത്‌ കൊടുക്കും? ഇനിയാര്‌ മങ്കലശ്ശെരിയില്‍ തൊള്ള കീറി ഹിന്ദി പട്ട്‌ പാടും? ഇനിയാര്‌ നമ്മുടെ എല്‍.ജി ടി വീ യില്‍ ഹിന്ദി ചാനലുകള്‍ വെക്കും? ആര്‌ ഇംഗ്ലീഷ്‌ പാട്ടുകള്‍ കേള്‍ക്കും? ഒക്കെ ഇല്ലാതാവുകായാണെന്നറിയുമ്പോ... മനസ്സിലെവിടെയോ.. വല്ലാത്തൊരു... സന്തോഷം.

എനിക്ക്‌ പ്രത്യേകിച്ച്‌ ഉപദേശങ്ങള്‍ ഒന്നും തരാനില്ല. എന്നാലും പറയാം... ജീവിതം എന്നത്‌ കേവലം പത്തോ പന്ത്രണ്ടോ പൊറോട്ടയും, ചിക്കന്‍ കറിയും, പിന്നെ അത്‌ ആര്‍ത്തിയോടെ തിന്നനുള്ള ആവേശവും മാത്രമുള്ള ഒന്നല്ല. അത്‌ വിശാലമാണ്‌. അവിടെ നിന്റെ ലോകം ഈ പൊറോട്ടകള്‍ക്കുള്ളിലാണെന്ന് തെറ്റിദ്ധരിച്ച്‌ നീ കഴിയരുത്‌. പുറത്ത്‌ വരൂ...

പിന്നെ, പോകുമ്പോ, ഞങ്ങളുടെ സാധനങ്ങള്‍ ഒന്നും അടിച്ചോണ്ട്‌ പോവരുത്‌. പ്ലീസ്‌.

പോയി വരൂ.. അല്ല.. പോവൂ... ജീവിതത്തിലെ അടുത്ത പടി കയറാന്‍ റെഡിയായി പോകൂ... കൊയമ്പത്തൂര്‍ ഒരു നല്ല നഗരമാണ്‌. അവിടം കുട്ടിച്ചോറാക്കരുത്‌.

പോഡൈ... പോഡൈ!

Friday, July 11, 2008

കോമളമാസം 1 - ദിവാരന്‍

മങ്കലശ്ശേരിയിലെ 6 പേരടങ്ങുന്ന കൂട്ടുകുടുമ്പം ഈ മാസാവസാനത്തോട്‌ കൂടി ചെറുതാവുകയാണ്‌. മങ്കലശ്ശേരി കോമളന്‍ മറ്റൊരു കമ്പനിയില്‍ ജോലി നേടി ഇവിടെനിന്നും യാത്രയാവുകയാണ്‌. ആറ്‌ ഇതളുകളുള്ള ചെമ്പരത്തിപ്പൂവില്‍ നിന്നും ഒരിതള്‍(കരിഞ്ഞത്‌) കൊഴിയുകയാണ്‌. അതുകൊണ്ട്‌ തന്നെ ഈ ഒരു മാസം കോമള മാസമായി ആചരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്‌. മാസാവസാനം, ശുദ്ധികലശം നടത്തി, മങ്കലശ്ശേരിക്ക്‌ ഞങ്ങള്‍ പുതുജീവന്‍ നല്‍കുന്നത്‌ വരെ ഇനി ഞങ്ങള്‍ക്കുറക്കമില്ല. കോമളന്റെ വേര്‍പാടിനെ കുറിച്ച്‌ പറയാന്‍ ഞങ്ങളോരോരുത്തരും വെമ്പി നില്‍ക്കുകയാണ്‌. അതിനാല്‍ ഇനിയുള്ള എതാനും പോസ്റ്റുകള്‍ ഞങ്ങള്‍ ഒരോരുത്തര്‍ക്കും കോമളനെ കുറിച്ചും, ഇതിഹാസമാകാന്‍ പോകുന്ന അവന്റെ ചെയ്തികളെ കുറിച്ചും പറയാന്‍ വേണ്ടി മാറ്റി വെക്കുകയാണ്‌.

ദിവാരന്റെ യാത്രാമങ്കളങ്ങള്‍:

ഞാന്‍ കോമളനെ കുറിച്ച്‌ എന്താ പറയാ. എനിക്കറിയില്ല.. അവനെ കുറിച്ച്‌ പറയാന്‍ എനിക്ക്‌ വാക്കുകള്‍ (ഇംഗ്ലീഷില്‍) കിട്ടുന്നില്ല എന്ന് തന്നെ പറയാം. നമ്മെയെല്ലാം വിട്ട്‌ കോമളന്‍ പോവുകയാണെന്നറിയുമ്പോ വിഷമം വരുന്നു. കരയാന്‍ തോനുന്നു.

വെല്‍... ഹി വാസ്‌ എ ക്ലോസ്‌ ഫ്രണ്ട്‌. ഞങ്ങള്‍ക്കൊക്കെ ബേങ്കര ഇഷ്ടായിരുന്നു അവനെ. അവന്‍ പോയിക്കഴിഞ്ഞാ ഞങ്ങളൊക്കെ അവനെ നന്നായി മിസ്സ്‌ ചെയ്യും. ഇനിയാരെ ഞങ്ങള്‍ കളിയാക്കും... ആരെ പറ്റി തമാശകള്‍ പറയും... അതിലെല്ലാമുപരി.. അവനെ കാണാന്‍ വരുന്ന കൂട്ടുകാര്‍ ഇനിയെന്ത്‌ ചെയ്യും? അവനെ ലോകല്‍ കോള്‍ ചെയ്യുന്നവര്‍ ഇനി എന്ത്‌ ചെയ്യും? അതോര്‍ക്കുമ്പൊഴാണെന്നിക്ക്‌... സഹിക്കുന്നില്ല. ഇനിയവന്റെ നമ്പര്‍ ഡയല്‍ ചെയ്താല്‍ അവനെ കിട്ടുമോ? ഇല്ലാ...

എന്നാലും അവന്‍... പോവുാ എന്ന് പറയുമ്പോ... [ദിവാരന്‍ വിതുമ്പുന്നു]

ഞാന്‍ എന്നും പാതിരാത്രിക്ക്‌ ആപ്പീസില്‍ നിന്നും തിരിച്ച്‌ റൂമിലെത്തുമ്പോള്‍, എനിക്ക്‌ വേണ്ടി ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും അവന്‍. "ങാ... ആരിത്‌... പ്രവീണോ..." എന്നൊരു കുശലാന്വേഷണവുമായി എന്നെ നോക്കി ചിരിക്കും അവന്‍. ഇനി ഞാന്‍ വരുമ്പോ എന്നെ നോക്കി ചിരിക്കാന്‍ അവനുണ്ടവില്ല, അതുമാത്രവുമല്ല... തൊട്ടടുത്ത്‌ കിടക്കുന്ന ആന്റപ്പന്റെ ആസനമായിരിക്കും ഇനി ഞാന്‍ കാണേണ്ടി വരിക. എല്ലാം സഹിക്കനുള്ള ശക്തി സര്‍വ്വേസ്വരന്‍ തരട്ടെ.

എനിക്ക്‌ കോമളനോട്‌ പറയാന്‍ ഒന്നേ ഉള്ളൂ... എവിടെ പോയാലും പഴയപോലെ തന്നെ നന്നായി പണിയെടുക്കണം. പല്ലുമുറിയെ പണിയെടുത്താല്‍ എല്ലുമുറിയെ തിന്നാമെന്നണല്ലോ. കോയമ്പത്തൂര്‍ പോയാലും, അവന്‍ എന്നെ മറക്കില്ലെന്നെനിക്കറിയാം. ന്നാലും...

"മറ്റവനെ" പോലെ ചുമ്മാ ബ്ലോഗ്ഗിംഗും ചെയ്ത്‌ സമയം കളയരുത്‌. അവിടെ പണിയൊന്നുമില്ലെങ്കിലും ചുമ്മാതിരിക്കരുത്‌. അടുത്തിരിക്കുന്നവന്റെ പണി ഏറ്റെടുത്ത്‌ ചെയ്യുക. അവനും പണിയില്ലെങ്കിലില്‍ അടുത്ത ടീമിലെ ഏതെങ്കിലും പണി ചെയ്ത്‌ കൊടുക്കുക. അവിടെയും പണിയില്ലെങ്കി പിന്നെ നീ ആ കമ്പനിയില്‍ അധിക കാലം ഉണ്ടാവില്ലെന്നും അറിയുക.

മറ്റൊരു കാര്യം, ഇക്കഴിഞ്ഞ 2 കൊല്ലത്തിനിടയില്‍ ഞാന്‍ നിന്നെ ഒരു 400 വട്ടം ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് വെക്കുക. അതില്‍ 399 തവണയും ഒന്നുകില്‍ നീ അറ്റന്‍ഡ്‌ ചെയ്യില്ല, അല്ലെങ്കില്‍ "ഡിസ്കണക്റ്റഡ്‌" ആയിരിക്കും. ഇനിയെങ്കിലും അശ്രദ്ധമായി നടക്കാതെ, കാര്യങ്ങള്‍ എന്നെപ്പോലെ സീരിയസ്‌ ആയി കാണണം.

എന്നാലും അവന്‍... പോവുാ എന്ന് പറയുമ്പോ... [ദിവാരന്‍ വിതുമ്പുന്നു]

എന്നും ഞാന്‍ അവനെ ഓര്‍ക്കും. രാവിലെയും വൈകീട്ടും അങ്ങനെ രണ്ട്‌ നേരം. അതുകൂടാതെ എവിടെയെല്ലാം "കാട്ടം" കാണുന്നോ, അപ്പൊഴെല്ലാം ഞാന്‍ ഓര്‍ക്കും. ഫുഡ്‌ അടിക്കുമ്പൊഴും, സൂപ്പ്‌ ഉതിയൂതി കുടിക്കുമ്പൊഴും ഞാന്‍ അവനെ ഒര്‍ക്കും. അന്ന് ആദ്യമായി അവനെനിക്ക്‌ "ഹോട്‌ ആന്‍ഡ്‌ സോര്‍" സൂപ്പ്‌ വാങ്ങിത്തന്ന ദിവസം ഞാനൊരിക്കലും മറക്കില്ല. പിന്നേയ്‌, അന്നത്തെ ബില്ല് ഞാനാ അടച്ചത്‌. അതും ഞാന്‍ മറക്കില്ല.

ഇനി ഞാന്‍ കോമളോ...കോമളോ.. എന്ന് വിളിക്കുമ്പോ ആര്‌ വിളികേള്‍ക്കും? ഇനി ഞാന്‍ നിന്റെ നംബറില്‍ വിളിച്ചാല്‍ ആര്‌ അറ്റന്‍ഡ്‌ ചെയ്യും? ഇനി ഞാന്‍ അവനെ തെറി പറഞ്ഞാല്‍ ആര്‌ ചോദിക്കും? എനിക്ക്‌ സഹിക്കന്‍ വയ്യെഡാ...

എന്നാലും അവന്‍... പോവുാ എന്ന് പറയുമ്പോ... [ദിവാരന്‍ വിതുമ്പുന്നു]

ഇനി ഞാന്‍ അധികം നീട്ടുന്നില്ല. ആപ്പീസില്‍ പോണം. എന്തായാലും, കോമളന്‌ യാത്രാ മങ്കളങ്ങള്‍. "അവന്‍ നന്നായി വരും".

മറ്റൊന്ന് എനിക്ക്‌ കോമളനോട്‌ പറയാനുള്ളത്‌, ഇടക്കിടക്ക്‌ ഇനി ഇങ്ങോട്ടൊന്നും വരാന്‍ നിക്കണ്ട. നേരേ പലക്കാട്ടെ വീട്ടിലേക്ക്‌ പൊക്കോളൂ. അതുപോലെ ഇനി നിനക്കാ "എം.ജി റോഡ്‌" ഡിലിങ്ങ്സ്‌ വേണ്ടല്ലോ? ആ ഫോണ്‍ നമ്പറും, ഡീറ്റെയില്‍സും എനിക്ക്‌ തന്നേര്‌. എടക്കിടക്ക്‌ എന്നെ വിളിക്കനൊന്നും നിക്കണ്ട. വേണമെങ്കില്‍ ഞാന്‍ വിളിക്കാം.

അപ്പോ എല്ലാം പറഞ്ഞ പോലെ.

(ദിവാരന്‍ കോമളന്റെ കയ്കള്‍ ചേര്‍ത്ത്‌ പിടിക്കുന്നു, വിതുമ്പുന്നു.)

"ഡാ.. എനിക്ക്‌ പിറക്കാതെ പോയ കൂട്ടുകാരനാണെഡാ നീ..." (ദിവാരന്‍ കരയുന്നു, എന്നിട്ട്‌ വേഗം അവിടെ നിന്നും സ്കൂട്ടാവുന്നു)

------------------------------ശുഭം----------------------------------

Thursday, July 10, 2008

രണ്ട്‌ പ്രധാന വാര്‍ത്തകള്‍!

വാര്‍ത്ത 1: ആന്റപ്പന്‌ വാളടി മത്സരത്തില്‍ ഒന്നാം സ്ഥാനം.
ലോക പ്രസിദ്ധമായ "വാളെടുത്തവന്‍ വാളാല്‍" എന്ന വാളുവെയ്പ്പ്‌ മത്സരത്തിലേക്ക്‌ അയച്ചുകൊടുത്ത ആന്റപ്പന്റെ പടവാള്‍ എന്ന പോസ്റ്റ്‌ അവര്‍ തെരഞ്ഞെടുക്കുകയും, ഏറ്റവും ഭീകരമായി വാള്‌ വെച്ചതിന്‌ ആന്റപ്പന്‌ ഒന്നാം സമ്മാനം കൊടുക്കുകയും ഉണ്ടായി. അങ്ങ്‌ അമേരിക്കയില്‍ നിന്നും അയച്ചു തന്ന സമ്മാനം കഴിഞ്ഞ ദിവസമാണ്‌ ആന്റപ്പന്‌ കിട്ടിയത്‌. തുറന്നു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌, സമ്മാനം മറ്റൊരു "വാള്‍" ആണെന്ന്. ആന്റപ്പന്‍ തനിക്ക്‌ കിട്ടിയ സമ്മാനവുമായി നില്‍ക്കുന്ന ചിത്രം താഴെ.


വാര്‍ത്ത 2: ശശിക്ക്‌ കൂട്ടുകാരുടെ സഹായഹസ്തങ്ങള്‍
ശശിക്ക്‌ കാലം ശരിക്കും കഷ്ടമാണ്‌. ഓഫീസില്‍ ശരിക്കും ഒരു പണിയുമില്ല. അത്‌ ശശിയുടെ തെറ്റാണോ? ഒരിക്കലുമല്ല... പിന്നെ കമ്പനിയുടെ തെറ്റാണോ? നെവര്‍! പിന്നെ?

ആ തര്‍ക്കം ഇപ്പൊഴും തുടര്‍ന്നുകോണ്ടിരിക്കുകയാണെങ്കിലും, ശശിയുടെ ബോസ്സ്‌ മിടുക്കനായിരുന്നു. ചുമ്മാതിരിക്കുന്ന ശശിയുള്‍പ്പെടുന്ന സോഫ്ട്ട്‌ വെയര്‍ തൊഴിലാളികള്‍ രാവിലെ മുതല്‍ വൈകീട്ട്‌ വരെ ഇന്റര്‍നെറ്റില്‍ ഉലാഠുകയാണ്‌.... യൂറ്റൂബ്‌, ഓര്‍ക്കൂട്‌, മെയില്‍സ്‌, ബ്ലോഗ്ഗിംഗ്‌... അങ്ങനെ അങ്ങനെ. ഒരു സുപ്രഭാതത്തില്‍ ശശി വന്ന് ഓര്‍ക്കൂട്‌ തുറക്കാന്‍ നോക്കിയപ്പോ "this website is blocked by the admin" എന്നൊരു മെസേജ്‌. പിന്നീട്‌ മനസ്സിലായി.. ഓര്‍ക്കൂട്ട്‌ മാത്രമല്ല... മൊത്തം ഇന്റര്‍നെറ്റ്‌ കണക്ഷനും അശാന്‍ നിര്‍ത്തിയിരുന്നു എന്ന്...

ഡേയ്സ്‌ പ്ന്നേം മുന്നോട്ട്‌ പോയ്‌... ശശിയുടെ ബോസ്സിന്റെ ബുദ്ധിയും. അങ്ങേര്‍ നോക്കിയപ്പോ പിള്ളേരെല്ലാം രാവിലെമുതല്‍ വൈകീട്ട്‌ വരെ മൊബെയിലില്‍ അണ്‌. ചിലര്‍ കൊഞ്ചുന്നു... ചിലര്‍ കരയുന്നു.. ചിലര്‍ കയര്‍ക്കുന്നു. ബോസ്സിന്‌ സഹിച്ചില്ല... പിറ്റേ ദിവസ മുതല്‍ കമ്പനിക്കകത്തേക്ക്‌ മൊബെയില്‍ കൊണ്ട്‌ വരാന്‍ പാടില്ലാ എന്ന നിയമം കൊണ്ടുവന്നു.

പാവം ശശി... ഇന്റര്‍നെറ്റും, മൊബെയിലും ഇല്ലാത്തൊരു ലോകം വായുവും വെള്ളവും ഇല്ലാത്തതിനേക്കാള്‍ ഭീകരമായിരുന്നു. എന്നും വൈകീട്ട്‌ ശശി റൂമില്‍ വന്നിരുന്ന് കരയാന്‍ തുടങ്ങി... രാത്രികളില്‍ മൊബെയില്‍ നെഞ്ചത്ത്‌ വെച്ച്‌ ഉറങ്ങി...

ശശിയുടെ മനോവിഷമം മനസ്സിലാക്കിയ ഞങ്ങള്‍ അതിനൊരു പരിഹാരവും കണ്ടു. പിറ്റേന്ന് തന്നെ ശെശിക്കൊരു "സീക്രട്ട്‌ മൊബെയില്‍" വാങ്ങിക്കൊടുത്തു. ആ മൊബെയില്‍ റേഞ്ച്‌ ഇല്ലെങ്കിലും വര്‍ക്കാവും. കണ്ടാലോ, ആര്‍ക്കും "ഒറിജിനല്‍" മൊബെയിലാണെന്ന് തോന്നുകയുമില്ല...

മുറിമേറ്റുകളുടെ ഈ സ്നേഹോപഹാരത്തില്‍ മതിമറന്ന ശശിയുടെ ചിത്രo താഴെ. കയ്യിലിരിക്കുന്നതാണ്‌ "സീക്രട്ട്‌ മൊബെയില്‍", വില 20 രൂപ.