Wednesday, March 5, 2008

ദിവാകര്‍ജീ... കീ... സിന്ദാബാദ്‌!

സ്വതവേ ശാന്ത ശീലനും, കഠിനാധ്വാനിയും, മിത ഭാഷിയും ആണ്‌ ദിവാരന്‍. ആദ്യത്തേത്‌ ഉറങ്ങുമ്പോഴും, രണ്ടാമത്തേത്‌ ഒറ്റക്കിരിക്കുമ്പൊഴും, പിന്നത്തേത്‌ ഭക്ഷണം കഴിക്കുമ്പൊഴും മാത്രമാണെന്ന് മാത്രം.

കുറച്ച്‌ ഡേയ്സ്‌ ആയി മാങ്കലശ്ശേരിയിലെ കുളിമുറിയില്‍ വെള്ളം ശരിക്കങ്ങോട്ട്‌ പോകുന്നില്ല. രാവിലെ അജാനുഭാഹു ശശിയുടെ പള്ളിക്കുളി കഴിഞ്ഞാല്‍ പിന്നെ കുളിമുറി ബാകിയുള്ളവര്‍ക്ക്‌ ബാത്‌ ടബ്‌ ആണ്‌. ചിലര്‍ക്ക്‌ അത്‌ ചുമ്മാ പാട്ടുപാടുമ്പോള്‍ കാലുകൊണ്ട്‌ തട്ടിക്കളിക്കാന്‍, ചിലര്‍ക്ക്‌ വസ്ത്രം അലക്കാന്‍... അങ്ങിനെ.. അങ്ങിനെ...

എന്നാലും കുളിമുറിയിലെ ഈ ജലനിരപ്പ്‌ ഉയര്‍ന്നുവരുന്നത്‌ ഞങ്ങള്‍ കാര്യമായി തന്നെ ചര്‍ച്ചക്ക്‌ വെച്ചു. അവസാനം. ഓണറോട്‌ തന്നെ പറയാം എന്ന് തീരുമാനിച്ചു. ഡേയ്സ്‌ പിന്നെയും പോയി. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നുള്ള കുളി ദിവാരനു മാത്രം ഒട്ടും പിടിച്ചില്ല. പാവം, അവനു മാത്രായിരുന്നു ആ കുളിമുറിയോട്‌ സ്നേഹം ഉണ്ടായിരുന്നത്‌ (എന്താണാവോ കാര്യം). എന്നും കുളിക്കന്‍ കേറുമ്പോള്‍ കുളുമുറിയുടെ ശോച്യാവസ്ഥയെ പറ്റി ഒരുപാട്‌ പറയും.

"ഹോ.. ഇതെങ്ങിനേങ്കിലും ശരിയാക്കിയിട്ടേ ഉള്ളൂ... ഏതെങ്കിലും പ്ലമ്പറെ വിളിക്കണം. നമുക്കേതായാലും ശരിയാക്കാന്‍ പറ്റുമെന്ന് തോണണില്ലാ.."

ഷോകേസിലെ എപ്പൊഴും തലയാട്ടുന്ന കുടവയറന്‍ ഭാഗവതരുടെ പോലെ എല്ലാരും അത്‌ കേട്ട്‌ തല കുലുക്കി.

മറ്റൊരു സുപ്രഭാതം... ബാത്‌ ടബ്‌ കുളി ഇനി മതിയെന്ന് തോന്നിയ ശശിയും ദിവാരനും പുഷ്പനോട്‌ പോയി ഓണറോട്‌ കാര്യം പറയാന്‍ പറഞ്ഞു.

"ഒരുത്തനും ഒരുത്തരവാദിത്തവും ഇല്ലേ ഇവിടെ? പോയി ഓണറേ വിളിച്ചോണ്ട്‌ വാടാ. ഇന്നിതിനൊരു പരിഹാരം കണ്ടിട്ടേ നമ്മള്‍ ഇവിടുന്ന് പോകുന്നുള്ളൂ..." ദിവാരന്റെ കമന്റ്‌.

പുഷ്പന്‍ പോയി ഓണറോട്‌ കാര്യം പറഞ്ഞു.

ഓണര്‍ : "ഓഹ്‌ അപ്പിടിയാ... സറി, നാന്‍ പ്ലംബറെ അണുപ്പറേന്‍..." (ഞാന്‍ പ്ലംബറെ വിടാം എന്ന്)
പുഷ്പന്‍ : "ഓകെ.. അതു പോതും..."

പുഷ്പന്‍ തിരിച്ചു വന്ന് കാര്യം പറഞ്ഞു. ദിവാരന്‌ അപ്പൊഴാണ്‌ സമാധാനമായത്‌.

ദിവാരന്‍ : "ഹും.. ഇനി എപ്പൊഴാണാവോ പ്ലംബറുടെ വരവ്‌. അതിനും നമ്മടെ കാശു തന്നെ വേണം. ഓണര്‍ തനി എച്ചി തന്നെ..."

അപ്പൊഴും എല്ലാരും പഴയ സ്റ്റയിലില്‍ തല കുലുക്കി.

"ഡിംഗ്‌... ഡോങ്ങ്‌..."

എല്ലാരും ആപ്പീസില്‍ പോകാന്‍ തെരക്കുകൂട്ടിതുടങ്ങിയ സമയത്താണ്‌ ആരോ കോളിംഗ്‌ ബെല്ലിയത്‌.

ഓണര്‍ : "നാന്താന്‍... എങ്കെ പ്രചനം? നാങ്ക പാകട്ടുമാ?"

പുഷ്പന്‍ : "ഓ... പിന്നെന്താ.. ഒരുമിനിറ്റേ..."

കുളിമുറിയില്‍ അതിഫ്‌ അസ്ലത്തിന്റെ പാട്ടും പാടി സ്നാനിച്ചുകോണ്ടിരുന്ന ആന്റപ്പനോട്‌ ഇറങ്ങാന്‍ പറഞ്ഞിട്ട്‌ പുഷ്പന്‍ ഓണറെ അകത്തോട്ട്‌ വിളിച്ചു.

ഇതു കണ്ട ദിവാരന്‍ "ഉം..." (ഇയാള്‌ കോപ്പുണ്ടാക്കും എന്ന സ്റ്റയിലില്‍.)

തോര്‍ത്ത്‌ മാത്രം ഉടുത്തിരുന്ന ആന്റപ്പന്‍ തന്റെ മാറിടം കയ്കൊണ്ട്‌ മറച്ച്‌ വേഗത്തില്‍ അടുക്കളയുടെ മൂലയില്‍ പോയി പതുങ്ങി.

ഓണര്‍ : "ഓഹ്‌... ഇത്‌ താന്‍ പ്രചനമാ..."

ഓണറുടെ തലയുടെ മുകളിലൂടെയും സൈഡിലൂടെയും തലതിരുകി എല്ലാരും കുളിമുറിയിലേക്ക്‌ നോക്കി നിന്നു...

അതുവരെ സെയിലന്റായിരുന്ന പക്രു...

"ആമാങ്കെ... പോണ 2 വാരമാച്‌ ഇപ്പടി..."

"പിന്നേ.. ഇയാള്‍ ഇപ്പോ ഒലത്തും..." ദിവാരന്റെ മനസ്സ്‌ കാഷ്ടിച്ചു.

ദിവാരന്‍ : "യു ഡു സംതിംഗ്‌... ഇല്ലങ്കി ആകെ പ്രശ്നമായിടും. നാങ്ക ഓഫീസ്‌ പോകണം.." ദിവാരന്‍ ഗൗരവത്തില്‍ പറഞ്ഞു.

ഓണര്‍ : "ഇത്‌ ചിന്ന പ്രോബ്ലം താന്‍. ഇങ്കയേ ഇത്‌ സോള്‍വ്‌ പണ്ണിടലാമേ... ഒരു വടിമേലെ തുണി സുറ്റി ഇപ്പടി ഇപ്പടി പണ്ണാ പോതുമേ..." (ഒരു വടിയില്‍ തുണിചുറ്റി അവിടെ ഇട്ട്‌ ഇങ്ങനെ ഇങ്ങനെ (എങ്ങനെ?) കാണിച്ചാല്‍ മതി)

ദിവരന്‍ : "അപ്പടി ഒന്നും പണ്ണാ പറ്റാതെ" (ദിവാരന്‍ വിടുന്ന മട്ടില്ല.)

ഓണര്‍ : "യാരു സൊന്നത്‌? നാന്‍ സൊല്‍രേല്ലേ? ഇത്‌ നാന്‍ ഇപ്പൊ ഒകെ ആക്കിടലാം. ഒകെ, ഇങ്കെ യാര്‍ ഇനി ബാത്‌ പണ്ണത്ക്ക്‌ ഇറുക്ക്‌?" (ഇവിടെ ഇനി ആരാ കുളിക്കാനുള്ളത്‌?)

എല്ലാരുറ്റെയും കുളി കഴിഞ്ഞെങ്കില്‍ ഓണര്‍ക്ക്‌ അത്‌ ശരിയാക്കാനായിരിക്കും എന്ന് മനസിലക്കിയ ദിവാരാന്‍ ചാടി വീണ്‌ പറഞ്ഞു...

"ഇല്ലാ.. ഞാന്‍ കുളിച്ചിട്ടില്ലാ. അത്‌ കളിഞ്ച്‌ പോതും ക്ലിനിംഗ്‌..."

ഓണര്‍ : "ഓ.. നീ പോതുമേ... ഒരു വടിയും, തുണിയും എടുത്തിട്ട്‌ വാ. നാന്‍ സൊല്‍രേന്‍ എപ്പടി ക്ലീന്‍ പണ്ണണമ്ന്ന്... അപ്പടി നീ സെയ്താ പോതും.."

ദിവാരന്‍ : "ഹേയ്‌.. ഞാനോ? അത്‌ ശരിയാവില്ലാ.."

ദിവാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. പക്ഷേ ആരും അവനേ നോക്കുന്നില്ല. ആന്റപ്പന്‍ താഴേക്കും, പുഷ്പന്‍ ഫാനിലേക്കും, പക്രു സ്വന്തം ഷര്‍ട്ടിന്റെ ബട്ടന്‍സിലേക്കും നോക്കി നില്‍കുന്നു.

ഓണര്‍ : "സീക്രം പ്പാ... "

ദിവാരന്‍ ഒന്നും മിണ്ടാതെ നേരെ പോയി തുണിയും വടിയുമായി വന്നു.

ഓണര്‍ : "അപ്പടിയേ... അന്ത വടിമേലേ തുണി സുത്തി അന്ത ഓട്ടക്കുള്ളേ ഇപ്പടി ഇപ്പടി പണ്ണിട്‌"

"ഉം ശരി... ഇപ്പടി ഇപ്പടി താനെ? " ഓണര്‍ പറഞ്ഞപോലെ ചെയ്ത്‌ കാണിച്ച്‌ ദിവാരന്‍ ചോദിച്ചു.

ഓണര്‍ : "ഉം... അപ്പടിതാന്‍"

കുളിമുറിയുടെ മൂലയില്‍ നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുത്തിയിരുന്ന് ദിവാരന്‍ പൈപ്പില്‍ കുത്തലോട്‌ കുത്തല്‍...

വൃത്തികെട്ട ആ പൈപ്പിനുള്ളില്‍ നിന്നും വന്ന മണവും, ദിവാരന്റെ ഉള്ളിലെ ദേഷ്യവും, സങ്കടവും ഒക്കെ കൂടി അവന്റെ മുഖം പരത്താന്‍ കാത്തുകിടക്കുന്ന പൊറോട്ടമാവ്‌ പോലെ ആയിരുന്നു.

ദിവാരന്റെ ക്ലീനിങ്ങില്‍ ഒട്ടും ആത്മാര്‍ഥതയില്ലെന്ന് തോന്നിയ പക്രു ആക്രോശിച്ചു...

"ഡാ... ഇങ്ങനെ അല്ലാ.. ആ ഓട്ടയിലേക്ക്‌ നന്നായി തള്ളിക്കേറ്റി അങ്ങോട്ട്‌ ഒരക്കേടാ..."

ദിവാരന്‍ ദയനീയമായി പക്രുവിന്റെ മുഖത്തേക്ക്‌ നോക്കി. അവന്‍ മനസ്സില്‍ പറഞ്ഞത്‌ അപ്പൊ പക്രുവിന്‌ മാത്രം പിടികിട്ടിക്കാണണം.

ഓണര്‍ : "തമ്പീ.. അപ്പടിയല്ല. കൊഞ്ചം ബലമാ... അന്ത തുണി നല്ല മാരി പ്രഷര്‍ പോട്ട്‌ ഇപ്പടി ഇപ്പടി..."

ദിവാരന്‍ : "ഇപ്പടി ഇപ്പടി താനെ? ശരി ട്ടാ..."

എന്തിനോടോ.... അരോടോ ഉള്ള വാശിക്കെന്ന പോലെ, ദിവാരന്‍ ആ വടികൊണ്ട്‌ ആ പൈപ്പിനുള്ളില്‍ ആഞ്ഞാഞ്ഞ്‌ കുത്തി.

"ശിറ്റ്‌!" കുത്തിനിടയില്‍ പൈപ്പിനുള്ളില്‍ നിന്നും കറുത്ത നിറത്തില്‍ എന്തോ ഒന്ന് മുഖത്തേക്ക്‌ തെറിച്ച്‌ വീണപ്പോള്‍ ദിവാരന്‍ അറിയാതെ പറഞ്ഞുപോയി.

ദിവാരന്‍ കുത്തി... വീണ്ടും വീണ്ടും...

അതിനിടയില്‍ ബാക്കി പിള്ളേര്‍ ആപ്പീസില്‍ പോകാന്‍ റെഡിയായി.

"ഡാ.. ഇത്‌ ശരിയാവുമെന്ന് തോനുന്നില്ലാ..." ദിവാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

ഓണര്‍ : "എല്ലാം ഒകെ ആയിടും.. നീ അപ്പടി അപ്പടി സ്പീഡാ പണ്ണുങ്കോ..."

ദിവാരന്‍ : "ഇപ്പടി ഇപ്പടി താനെ?.."

ഓണര്‍ : "ആമാ.. ആമാ.."

ദിവാരനെ ജോലിക്കിടയില്‍ ഡിസ്റ്റര്‍ബ്‌ ചെയ്യണ്ടാ ന്ന് കരുതി മാത്രം, ബാകി എല്ലാരും അവനോടൊന്നും മിണ്ടാതെ ആപ്പീസില്‍ പോയി.


ആപ്പീസിലെത്തിയ പക്രു ദിവാരനോട്‌ സ്നേഹം തോന്നിയിട്ടാവണം, മൊബെയിലില്‍ വിളിച്ചു നോക്കി. കൊറേ നേരം റിംഗ്‌ ചെയ്തതിനു ശേഷം മറുതലക്കല്‍ ആരോ അറ്റന്‍ഡ്‌ ചെയ്തു.

എന്തോ ഇടിക്കുന്ന ശബ്ധം ബാഗ്രൗണ്ടില്‍...

"ഡ.. പന്നികളേ... എല്ലാരും മുങ്ങി അല്ലേ ഡാ.." ദിവാരന്റെ ശബ്ധം.

പക്രു : "അതു പിന്നേ... അതുപോട്ടെ.. എന്തായി അവിടുത്തെ കാര്യം?"

പെട്ടന്ന് പക്രു മറ്റൊരുശബ്ധം കേട്ടു...

"തമ്പീ.. അന്ത മാരി പണ്ണാതേ... ഇപ്പടി... ഇപ്പടി..."

"ഇപ്പടി ഇപ്പടി താനേ... തെരിയും..."

പക്രു വേഗം ഫോണ്‍ കട്‌ ചെയ്ത്‌ ജോലിയില്‍ മുഴുകി.