Monday, October 5, 2009

ഹൈജീനിക്‌ ദിവാരന്‍

മങ്കലശ്ശേരിയില്‍ വൃത്തി, വെടിപ്പ്‌ തുടങ്ങിയ ദുശ്ശീലങ്ങള്‍ അങ്ങിനെ ഇങ്ങനെ ഒന്നും ആര്‍ക്കും പിടിവന്നിട്ടില്ലെങ്കിലും, ദിവാരന്‍ പണ്ടേ അതിനൊക്കെ നേരേ എതിരായിരുന്നു. എന്തിനും ഏതിനും വൃത്തിയും വെടിപ്പുമുള്ള നല്ലവനായ പയ്യന്‍. നാറിത്തുടങ്ങിയാലും മാറ്റാത്ത വസ്ത്രമിടുന്ന, കഴുകാതെ കറുത്തു, പൂത്ത തോര്‍ത്തുമുണ്ടില്ലെങ്കില്‍ കുളിക്കാന്‍ കൂട്ടാക്കാത്ത സേത്തുക്കുളിയുടെ നേരേ ഓപ്പോസിറ്റ്‌!

ഈ വൃത്തി എന്നു പറയുമ്പോ അതെല്ലാ കാര്യത്തിലും ഉണ്ട്‌. എല്ലാം ഫ്രഷ്‌ ആയിരിക്കണം എന്നതാണ്‌ ആദ്യം. ഫ്രഷ്‌ ഭക്ഷണം, ഫ്രഷ്‌ വസ്തം, ഫ്രഷ്‌ സോപ്പ്‌, ഫ്രഷ്‌ വണ്ടി, ഫ്രഷ്‌ ജോലി, ഫ്രഷ്‌ പെണ്‍കുട്ടികള്‍, ഫ്രഷ്‌.. ഫ്രഷ്‌. പിന്നെ ഉള്ളത്‌ വൃത്തിയാണ്‌. ഭയങ്കര വൃത്തി. രാവിലെ ഒരു മൂന്ന് നേരമെങ്കിലും മുഘം കഴുകും, രണ്ടുനേരം കുളി, വൈകീട്ട്‌ വന്നാലും രണ്ട്‌ മൂന്ന് തവണ കഴുകല്‍. കയ്യ്‌ എപ്പൊഴും ഹാന്‍ഡ്‌ വാഷ്‌ മാത്രം ഉപയോഗിച്ചേ കഴുകൂ. മുഘം പിന്നെ ഫേയ്സ്‌ വാഷ്‌ വെച്ച്‌. തലക്ക്‌ ഹെയര്‍ വാഷ്‌, ഹെയര്‍ കണ്ടീഷണര്‍, ഹെയര്‍ ഡ്രയര്‍, ഹെയര്‍ ഡൈ. കയ്യിനും, കാലിനും ക്രീം. ബാക്കിയുള്ള ഭാഗങ്ങളിലേക്ക്‌ എന്തൊക്കെ ക്രീം ആണെന്നറിയില്ല.

ഓഫീസില്‍ ഉപയോഗിക്കാന്‍ ദിവാരന്‌ സ്വന്തമായി പ്ലേറ്റും, ഗ്ലാസും ഉണ്ട്‌. അതിലേ ചായ്‌ കുടിക്കൂ. അതിലേ ഭക്ഷണം കഴിക്കൂ. ഇനി എങ്ങാനും പുറത്ത്‌ വല്ല ഹോട്ടലില്‍ പോയി കഴിക്കേണ്ടി വന്നാല്‍, അതേ പ്ലേറ്റും എടുത്തുകൊണ്ടാണ്‌ ആശാന്‍ പോവുക. അത്രക്ക്‌ ശുചിത്വം.

ദിവസവും വൈകീട്ട്‌ വന്നാല്‍ വണ്ടിയുടെ ടയറില്‍ മണ്ണായി എന്നു പറഞ്ഞ്‌ ടയര്‍ കഴുകും, ഷൂവിന്റെ അടിയില്‍ മണ്ണായി എന്ന് പറഞ്ഞ്‌ അതും കഴുകും.

ഓഫീസില്‍ ചായക്കാരന്‍ കൊണ്ടുവന്ന് തരുന്ന ചായക്ക്‌ രുചിയില്ലെന്ന് പറഞ്ഞ്‌ പുറത്തുള്ള തട്ടുകടയില്‍ നിന്നും ചായ കുടിക്കാന്‍ പോകുന്നവരോട്‌ ദിവാരന്‍ ഇങ്ങനെ ഉപദേശിക്കും, "ഡാ, തട്ടുകടയിലൊക്കെ അവര്‍ പൊട്ട വെള്ളമയിരിക്കും ഉപയോഗിക്കുക. ഗ്ലാസ്‌ കഴുകുന്ന അതേ വെള്ളം ചിലപ്പോ നിനക്കൊക്കെ ചായ ഉണ്ടാക്കാനും ഉപയോഗിക്കും. അതിലൊക്കെ എത്ര നല്ലതാണ്‌ നമ്മള്‍ അറിയുന്ന, നമ്മുടെ ഓഫീസ്‌ സ്റ്റാഫ്ഫ്‌ ഉണ്ടാക്കുന്ന ചായ."

ആര്‌ കേള്‍ക്കാന്‍. ദിവാരണ്‌ തന്റെ ഉപദേശം ആരും കേള്‍ക്കാത്തതില്‍ വല്ലാത്ത മനോ വിഷമം തോന്നി. ആ വിഷമത്തില്‍ ദിവാരന്‍ ചായ വാശിയൊടെ മോന്തി മോന്തിക്കുടിച്ചു.

ദിവസങ്ങള്‍ പോയി. ദിവാരന്‍ തന്റെ ചായകുടി കൂട്ടിക്കൂട്ടി കൊണ്ടു വന്നു. ചായക്ക്‌ പിന്നേം രുചിയില്ലെന്ന് പറഞ്ഞ്‌ അവന്റെ സുഹ്രുത്തുക്കള്‍ തട്ടുകടയെ ശരണം പ്രാപിച്ചു.

അങ്ങിനെയൊരു ദിവസം ചായ കുടിച്ച്‌ കഴിഞ്ഞ്‌ തന്റെ ഗ്ലാസ്‌ കഴുകാനായി അടുത്തുള്ള റസ്റ്റ്‌ റൂമിലേക്ക്‌ ചെന്നു. അവിടെ ചെന്ന് വാഷ്‌ ബേസിന്റെ പൈപ്പ്‌ തുറന്നപ്പോഴാണ്‌ പിടികിട്ടിയത്‌, വാട്ടര്‍ നഹി. വെള്ളം വരുന്നില്ല... ശെടാ.. ഇനിയിപ്പോ എന്തു ചെയ്യും? ഗ്ലാസ്‌ ഇപ്പൊ തന്നെ കഴുകിയില്ലെങ്കില്‍ അതില്‍ ചായക്കറ പിടിക്കും, അതില്‍ അണുക്കള്‍ വളരും, അവര്‍ അവിടെ കോളനി പണിയും, പിന്നെ കൂട്ടത്തോടെ എന്റെ ബോഡിയിലേക്ക്‌ കുടിയേറിപ്പാര്‍ക്കും, പുതിയ രോഗങ്ങള്‍ കണ്ടുപിടിക്കും, എന്നിട്ട്‌ എനിക്കിട്ടു പണിതരും....

"സാര്‍, വള്ളം കഴിഞ്ഞൂ ലേ..."

അലോചനയില്‍ മുഴുകി നിന്ന ദിവാരന്‍ ആ ശബ്ദം കേട്ടാണ്‌ തിരിഞ്ഞുനോക്കിയത്‌...

ടീ ബോയ്‌ ജേക്കബ്‌. എനിക്ക്‌ ദിവസവും ആ മൂന്നുഗുണവുമുള്ള ചായ്‌ ഉണ്ടാക്കിതരുന്ന സുശീലന്‍.

"ആ ജേക്കബേ. ഗ്ലാസ്‌ കഴുകിയില്ലെങ്കി ശരിയാവില്ല. എനിക്കതു നിര്‍ബന്ധമാ... ഇനിയിപ്പോ എന്തു ചെയ്യും?"

"ഹ.. സാറാ ഗ്ലാസ്‌ ഇങ്ങോട്ടു തന്നേ. ഈ സാറിനൊരു ബുദ്ധിയുമില്ല. ഇതാദ്യായിട്ടല്ലല്ലോ ഇവിടെ വെള്ളം നിന്നുപോകുന്നത്‌." അതും പറഞ്ഞ്‌ ജേക്കബ്‌ ദിവാരന്റെ ഗ്ലാസ്‌ പിടിച്ചു വാങ്ങി. എന്നിട്ട്‌ നേരേ തൊട്ടടുത്തുള്ള കക്കൂസ്‌ മുറിയിലേക്ക്‌ കയറി.

ഇയാളിതെതുകോപ്പാണുണ്ടാക്കാന്‍ പോകുന്നതെന്ന് മനസിലാവാതെ ദിവാരന്‍ പിന്നാലെ ചെന്നു... അപ്പോ കണ്ട കാഴ്ച!

ജേക്കബ്‌ നേരേ യൂറോപ്യന്‍ ക്ലോസറ്റിന്റെ ഫ്ലാഷ്‌ താഴ്ത്തുന്നു. വെള്ളം അതിശക്തമായി ക്ലോസറ്റിനുള്ളില്‍ വീഴുന്നു. വളരെ നിസ്സാരമായി ജേക്കബ്‌ ക്ലോസറ്റിലേക്ക്‌ ഗ്ലാസ്‌ താഴ്തി, കയ്യിട്ട്‌ നന്നായി തേച്ച്‌ കഴുകുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ഗ്ലാസ്‌ കഴുകി, റെഡി മണി!

ഭലേ ഭേഷ്‌!!!!

ദിവാരന്റെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍ പൊടിഞ്ഞു. വികാരങ്ങളുടെ വേലിയേറ്റം... പിന്നെ വേലിയിറക്കം. പിന്നെ തല കറക്കം.

കുറച്ച്‌ നിമിഷങ്ങള്‍ ദിവാരന്‌ ബോധം നഷ്ടമായപോലെ തോന്നി. അത്‌ എങ്ങിനെയോ തിരിച്ചു വന്നു എന്നു തോന്നിയപ്പോള്‍ ദിവാരന്‍ ചോദിച്ചു...

"ച്ചീ... നീ എന്താഡാ ജേക്കബേ ഈ കാണിക്കുന്നത്‌?"

"അന്തുപറ്റീ സാര്‍? ഗ്ലാസ്‌ വൃത്തിയായില്ലേ? ഇതിലേ വെള്ളം കഴിഞ്ഞു. ഇനി വേണേങ്കി അടുത്ത ഫ്ലഷില്‍ വെള്ളമുണ്ടോ നോക്കാം... വെള്ളമില്ലാത്തപ്പോ ഇങ്ങനെയൊക്കെയല്ലേ സാര്‍ ഞാന്‍ കാര്യം കാണാറ്‌... നല്ല എക്സ്പീരിയന്‍സായി... "

ദിവാരന്റെ തല പിന്നെയും കറങ്ങിത്തുടങ്ങി. തലയില്‍ പുതുപുത്തന്‍ ചിന്തകള്‍ രൂപം കൊണ്ടു...

അപ്പോ വെള്ളം വരാത്ത ദിവസങ്ങളില്‍ എഞ്ചിന്‍ ജേക്കബ്‌ ചായ ഉണ്ടാക്കുന്നു? എങ്ങിനെ കാപ്പി ഉണ്ടാക്കുന്നു? എങ്ങിനെ... എങ്ങിനെ...?

ദിവാരന്‌ ആ ക്ലൊസറ്റില്‍ തന്നെ ചാടി ചാകണമെന്ന് തോന്നി.

ഒടുവില്‍,
ജേക്കബിനൊട്‌ നന്ദി പറഞ്ഞ്‌, ഗ്ലാസ്‌ ജേക്കബിനു ഉപയോഗിക്കാന്‍ കൊടുത്ത്‌, നിശബ്ധനായി, വിഷണ്ണനായി ദിവാരന്‍ തിരിച്ചു നടന്നു.

പിറ്റേന്ന് തൊട്ടടുത്തിരിക്കുന്ന സുഹൃത്ത്‌ ചായക്കടയില്‍ പോകാന്‍ മടിച്ച്‌ ജേക്കബേട്ടന്റെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു...

"ച്ചേ... ഈ ചായക്ക്‌ പിന്നേം ആ ചവര്‍പ്പ്‌ റ്റേയ്സ്റ്റാണാല്ലോ... "

ദിവാരന്‍ അതുകേട്ടതായി ഭാവിക്കാതെ അവിടെ നിന്നും എണീറ്റു നടന്നു.

ചായക്കടയിലേക്ക്‌.