Tuesday, December 30, 2008

നവവത്സരാശംസകള്‍!

കഴിഞ്ഞതെല്ലാം പാഠങ്ങളാക്കി, വരുന്നതെല്ലാം പരീക്ഷകളാക്കി,
പ്രതീക്ഷകളോടെ കാത്തിരിക്കാം, നല്ലൊരു പുതുവര്‍ഷത്തിനായി.
എല്ലാവര്‍ക്കും മങ്കലശ്ശേരി പിള്ളാരുടെ വക നവവത്സരാശംസകള്‍!

[click to get it enlarged]

Friday, December 26, 2008

പുഷ്പസ്വപ്നങ്ങളും, പാര്‍ശ്വഫലങ്ങളും.

കുറച്ച്‌ കാലമായി പുഷ്പന്‍ പകല്‍ നേരം ശാന്തനും, രാത്രി കാലങ്ങളില്‍ ഉറക്കത്തിനിടയില്‍ വാചാലനുമായി കണ്ടു വരുന്നു.

ഗാഢമായ ഉറക്കത്തിനിടയില്‍, "ങൂര്‍... ഘൂര്‍..." എന്ന താളാത്മകമായ ബാഗ്രൗണ്ട്‌ മൂസിക്കുമിട്ട്‌, "അള്ളാ പടച്ചോനേ..." എന്നും, "നീയില്ലാതെ ഞാനില്ലല്ലോ" എന്നും, "സി ഷാര്‍പ്പിനിടയില്‍ സി++ എഴുതല്ലേഡാ" എന്നും മറ്റുമുള്ള പുഷ്പന്റെ ഡയലോഗുകള്‍ കേട്ടതിനു സാക്ഷികളാണ്‌ ശശിയും, ദിവാരനും.

ഇതൊന്നുമല്ല, രാത്രിയുടെ നാലാം യാമങ്ങളില്‍ സ്ത്രീ ശബ്ദത്തില്‍ പുഷ്പന്‍ പാട്ടുപാടാറുണ്ടെന്നും, കണ്ണ്‍ തുറക്കാതെ ബാത്രൂമില്‍ പോയി, ഒന്നും നടത്താതെ തിരിച്ചു വന്ന് കിടക്കാറുണ്ടെന്നും മറ്റുമുള്ള ശശിയുടെ ആക്ഷേപങ്ങള്‍ തെളിവില്ലാത്തതിനാലും, സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനാലും പുഷ്പന്‍ വിശ്വസിച്ചിട്ടില്ല.

രാവിലെ പുഷ്പനോട്‌ ചോദിച്ചാല്‍, "പോഡാ... ഞാനോ? ചുമ്മാ പുളുവടിക്കല്ലേ..." എന്നോ, അല്ലെങ്കി "അത്‌ ഫൂഡ്‌ അടിക്കാത്തോണ്ടാവും" എന്നൊക്കെ പറഞ്ഞ്‌ ആശാന്‍ തടിയൂരും.

അങ്ങിനെ നടന്ന ഒരു ഡയലോഗും("സാരമില്ലാ... എല്ലാം ശരിയാവും..." എന്നാണാ ഡയലോഗ്‌ എന്ന് ദിവാരന്‍ പറയുന്നു.),അതിന്റെ പിന്നിലെ "ഫ്ലാഷ്‌ ബാക്കും", അത്‌ കഴിഞ്ഞുണ്ടായ "ക്ലൈമാക്സും" ആണ്‌ താഴെ വിവരിക്കുന്നത്‌.

-----------------------------

മാരുതി നഗറിലെ ഏതോ ഒരു എമണ്ടന്‍ ലേഡീസ്‌ ഹോസ്റ്റലിന്റെ ഒത്ത നടുക്കാണ്‌ പുഷ്പനപ്പോള്‍ നില്‍ക്കുന്നത്‌. അവിടെ എങ്ങിനെ, എന്തിന്‌ എത്തിയെന്നൊന്നും ചോദിക്കരുത്‌. അതാണ്‌ ഫ്സ്റ്റ്‌ സീന്‍.

പുഷ്പന്‍ അദൃശ്യനായിരുന്നു. അവന്‍ പതിയെ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കൂടി നടന്നു.

വാതിലുകളും, ചുമരുകളുമെല്ലാം ചില്ലുകൊണ്ടുണ്ടാക്കിയത്‌.

പെണ്‍കുസുമങ്ങള്‍ പലരും പല ജോലികളിലേര്‍പ്പെട്ടിരിക്കുന്നു...

ചിലര്‍ പഠിക്കുന്നു... ചിലര്‍ പാട്ട്‌ കേള്‍ക്കുന്നു... ചിലര്‍ കുളിക്കുന്നു... ചിലര്‍ വായും പൊളിച്ച്‌ മാനത്തേക്ക്‌ നോക്കിയിരിക്കുന്നു.

കാണാത്തത്‌ കണ്ടതിനേക്കാള്‍ മനോഹരം എന്ന ഓള്‍ഡ്‌ സേയിങ്ങില്‍ വിശ്വസിച്ച്‌ അവന്‍ മുന്നോട്ട്‌ നടന്നു. പെട്ടെന്നൊരു മുറിയില്‍ രണ്ട്‌ കുസുമങ്ങള്‍ സംസാരിക്കുന്നതവന്‍ കേട്ടു...

"എന്റെ എഡീ... അവള്‍ക്കാ പുഷ്പനെ തന്നെ മതീന്നും പറഞ്ഞ്‌ നടക്കുാ ഡീ... അവനല്ലാതെ വേറൊരുത്തനേം വേണ്ടെന്ന്."

"ഹും! അങ്ങോട്ട്‌ ചെന്നേച്ചാ മതീ. അവള്‍ക്കിപ്പോ കിട്ടും. ഈ ഹോസ്റ്റലിലെ ഭൂലോക സുന്ദരിമാര്‍ മുഴുവനും അവന്റെ പിന്നാലെയാ. അപ്പൊഴല്ലേ അവള്‍ക്കവനെ കിട്ടാന്‍ പോകുന്നത്‌..."

ഇതൊക്കെയെന്ത്‌... എന്ന മട്ടില്‍ കേട്ടതൊന്നും മൈന്‍ഡാക്കാതെ പുഷ്പന്‍ നടന്നു...

പെട്ടെന്നതാ ഇടനാഴിയിലെ ഒരു ജനാലയരികില്‍ താഴേക്ക്‌ നോക്കി വിങ്ങുന്ന ഒരു സുന്ദരി...

ആക്സ്‌ ഡിയോഡറന്റ്‌ പരസ്യം പോലെ അവള്‍ പെട്ടെന്നൊരു വശം വലിഞ്ഞ്‌ പുഷ്പന്റെ തോളിലേക്ക്‌ ചാഞ്ഞു...

അവളുടെ തോളില്‍ തട്ടിക്കൊണ്ടവന്‍ പറഞ്ഞു,

"സാരമില്ലാ... എല്ലാം ശരിയാവും..."

അവള്‍ അവനൊരുമ്മ കൊടുത്തിട്ട്‌ "താങ്ക്സ്‌" ന്നും പറഞ്ഞ്‌ മാഞ്ഞു പോയി.

അവന്‍ പിന്നേം നടന്നു...

അടുത്ത മുറിയില്‍ ഒരു സുന്ദരി കറുത്ത കോട്ടും സൂട്ടുമിട്ട്‌, ഇടത്‌ കൈ ലാപ്‌ ടൊപ്പില്‍ ഞെക്കി, വലതു കൈകൊണ്ട്‌ പൊറോട്ട വലിച്ചു പറച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്ത്‌ ഒരു ഡബിള്‍ ഓംലെറ്റ്‌.

പുഷ്പന്‍ ആ ഒംലെറ്റ്‌ അവളറിയാതെ എടുക്കാന്‍ പോകുന്നു. അവളുടെ ലാപ്‌ ടൊപ്പിന്റെ സ്ക്രിനില്‍ അവന്റെ പല പല ചിത്രങ്ങള്‍ സ്ലൈഡ്‌ ഷോ ആയി വന്നുകൊണ്ടിരുന്നു....

കയ്യില്‍ ഓംലെറ്റുമായി അവന്‍ പുറത്തിറങ്ങി നടന്നു.

അതാ അവിടുത്തെ നോട്ടീസ്‌ ബോര്‍ഡില്‍ ആ ഹോസ്റ്റലിലെ എല്ലാ പെണ്‍കുട്ടികളുടെയും പേരും, ഫോണ്‍ നമ്പറും.

"കൊള്ളാം... ഹോസ്റ്റലായാല്‍ ഇങ്ങനെ വേണം" പുഷ്പന്‍ മനസിലോര്‍ത്തു.

അവന്‍ കോണിപ്പടികളിറങ്ങി...

പെട്ടെന്നതാ മുന്നില്‍ മുഖം മൂടിയ ഒരുത്തന്‍...

"ഹെന്ത്‌... ലേഡീസ്‌ ഹോസ്റ്റലില്‍ ആണുങ്ങളോ..." എന്ന് കരുതി അവനെ തല്ലാനോങ്ങിയ പുഷ്പന്‍ കണ്ടത്‌ തന്റെ നേര്‍ക്ക്‌ ചൂണ്ടിയ തോക്കുമായി അയാള്‍ പാഞ്ഞടുക്കുന്നതാണ്‌.

എല്ലാ പെണ്‍ കുസുമങ്ങളും അലമുറയിട്ട്‌ കരയുന്നു...

"പുഷ്പേട്ടാ... രക്ഷിക്കൂ... രക്ഷിക്കൂ..."

ആ മുഖം മൂടി തീവ്രവാദികളാണെന്ന് മനസ്സിലാക്കാന്‍ അവനധികം ടൈം വേണ്ടി വന്നില്ല...

"പുഷ്പേട്ടാ... ഞങ്ങളെ ഇവര്‍ കൊല്ലും... രക്ഷിക്കൂ..."

ആ കരച്ചില്‍ പുഷ്പന്‌ താങ്ങാനായില്ല.

തനിക്കു നേരേ വന്ന വെടിയുണ്ടകള്‍ കയ്കൊണ്ട്‌ പിടിച്ചെടുത്ത്‌ ജീരകമിഠായി തിന്നുന്ന പോലെ അവന്‍ തിന്നു.

അവനു നേരേ തൊടുത്തു വിട്ട മിസൈല്‍ അവന്‍ കക്ഷത്തിനിടയില്‍ ജാമാക്കി പിടിച്ചു വെച്ചു. മറ്റേ കയ്കൊണ്ട്‌ ബാക്കിയുള്ള ഓംലെറ്റ്‌ തിന്നുതീര്‍ത്തു.

പെട്ടെന്നതാ തനിക്കുനേരേ അമ്പും, കുന്തങ്ങളും പറന്നു വരുന്നു...

"ങേ... തീവ്രവാദികള്‍ അമ്പും വില്ലുമൊക്കെ കൊണ്ടുനടക്കുമോ...?"

അതാലോചിച്ച്‌ വന്നപ്പൊഴേക്കും ആ പാവം പെണ്‍ പൈതലുകളുടെ കൂട്ടക്കരച്ചില്‍ പുഷ്പന്റെ ചോരയെ തിളപ്പിച്ചു....

മുന്നില്‍ തന്റെ നേര്‍ക്ക്‌ പാഞ്ഞുവരുന്ന ഒരു തീവ്രവാദി...

കൈമുട്ടുകള്‍ മടക്കി, കാലുകള്‍ അകത്തി വെച്ച്‌ പുഷ്പന്‍ അവനെ നേരിടാനൊരുങ്ങി.

അവനടുത്തെത്തിയതും, "ജീവിക്കാന്‍ സമ്മതിക്കില്ലേഡാ പട്ടീ..." എന്നലറിക്കൊണ്ട്‌, തന്റെ കൈമുട്ടുകള്‍ ശരവേഗത്തില്‍ ശത്രുവിന്റെ മുഖത്തേക്ക്‌ പുഷ്പന്‍ ആഞ്ഞടിച്ചു...

"ഡിഷ്യും!"

.............

പെട്ടെന്ന് കറന്റു പോയപോലെ...

കണ്ണു തുറന്നു നോക്കിയപ്പോള്‍ സ്വന്തം താടിയെല്ലിന്റെ ബേസ്‌മന്റ്‌ ഇളകിയോ എന്ന് പിടിച്ച്‌ നോക്കുന്ന ദിവാരനേയും, "പട്ടീ.. ഏത്‌ ലോകത്താഡാ നീ..." എന്ന അവന്റെ ഡയലോഗുമാണ്‌.

പുഷ്പന്‍ തേങ്ങ കൊപ്രയായോ എന്ന് കുലുക്കി നോക്കുന്നപോലെ തല ഒന്നിളക്കിയിട്ട്‌ അലോജിച്ചു...

ഒന്നുമറിയാത്ത പോലെ, പുതപ്പ്‌ വലിച്ചുകേറ്റി ഉറക്കം തുടര്‍ന്നു.

Tuesday, December 9, 2008

ദിവാരേട്ടാ... വസന്ത വിളിക്കുന്നു...

ഫോര്‍ ദ ടൈം ബീയിങ്ങ്‌, നമുക്കിവളെ വസന്ത എന്ന് വിളിക്കാം.

വസന്ത, കന്നഡരാജ്യത്തിന്റെ അഭിമാനവും, ആചാരങ്ങളും മാറോട്‌ ചേര്‍ത്ത്‌ വെച്ച, ഏഴഴകുകളും മേത്ത്‌ വാരിത്തേച്ച, കന്നഡ ഹുഡുഗി. പഠനം കഴിഞ്ഞ്‌ ഇന്ന്‌ ബാങ്ക്ലൂരില്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു, ഐ മീന്‍, സ്വന്തമായി ജോലി ചെയ്ത്‌ ജീവിക്കുന്നു. വസന്തയുടെ ഓര്‍ക്കൂട്ട്‌ സ്റ്റാറ്റസ്‌: സിംഗിള്‍.

ഇങ്ങിവിടെ മങ്കലശ്ശേരി ദിവാരന്‍ തന്റെ അനോണിമസ്‌ ഓര്‍ക്കൂട്‌ അക്കൗണ്ടില്‍ കയറി അടുക്കളയിലെത്തിയ മൂഷികരാജനെപ്പോലെ മണപ്പിച്ച്‌ നടക്കുന്നു. അവനറിയാവുന്ന പെണ്‍പിള്ളേരുടെ എല്ലാം പേരുകള്‍ ചുമ്മാ സെര്‍ച്ച്‌ ചെയ്ത്‌, കാണാന്‍ കൊള്ളാവുന്നവരുടെ പ്രൊഫെയിലില്‍ ചുമ്മാ മുട്ടി നോക്കി... "ഹായ്‌, യു ലുക്ക്‌ ഗോര്‍ജിയസ്‌. വണാ ബി ഫ്രെന്‍സ്‌?" അത്‌ കോപ്പി ചെയ്ത്‌ എല്ലാ പെണ്‍പിള്ളേരുടെയും സ്ക്രാപ്‌ ബുക്കിലവന്‍ പേസ്റ്റി.

ദിവാരന്റെ ഓര്‍ക്കൂട്ട്‌ സ്റ്റാറ്റസ്‌ : സിംഗിള്‍
ഹിയര്‍ ഫോര്‍ : ഫ്രണ്ട്സ്‌, ഡേറ്റിംഗ്‌

അങ്ങിനെ ചാകര കൊതിച്ച്‌ പരതി നടന്ന ദിവാരന്റെ ഓര്‍ക്കൂട്ട്‌ അന്നും കാലിയായി തന്നെയിരുന്നു. ഒരുത്തിയും അവന്റെ പ്രൊഫെയില്‍ ഒന്ന് വിസിറ്റ്‌ കൂടി ചെയ്തില്ല. മൂല കാരണം തന്റെ ഫോട്ടോ ആകുമെന്ന് തോന്നിയ ദിവാരന്‍, സെയ്ഫിന്റെയും, അമീറിന്റെയു, ഋത്തിക്കിന്റെയും പടങ്ങള്‍ മാറ്റി മാറ്റി വെച്ചു. ചൂണ്ടനൂല്‍ ഇളകുന്നതും കാത്ത്‌ അവനിരുന്നു...

പെട്ടെന്നാണവനത്‌ ശ്രദ്ധിച്ചത്‌...

"ഹായ്‌... യൂ ലുക്ക്‌ ഹാന്‍ഡ്‌സം... വണാ ബി ഫ്രെന്‍സ്‌? - വസന്ത"

ഏതോ ഒരുത്തി തനിക്ക്‌ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയച്ചിരിക്കുന്നു.

ദിവാരന്‍ "യൂ ലുക്ക്‌ ഹാന്‍ഡ്‌സം" എന്ന വാക്കുകളുലേക്ക്‌ പിന്നേം പിന്നേം നോക്കിയിരുന്നു. തന്റെ ജീവിതത്തിലാദ്യമായി ഒരു പെണ്ണ്‍ തന്നോട്‌ പറഞ്ഞ വാക്കുകള്‍... അതവന്റെ മനസ്സില്‍ എക്കോയിട്ടുകൊണ്ടിരുന്നു...

കണ്ണുമടച്ച്‌ ദിവാരന്‍ അവളെ ആഡ്‌ ചെയ്തു, അവളുടെ പ്രൊഫൈല്‍ കയറി നോക്കി.

ഫോട്ടോ കൊള്ളാം. സുന്ദരിക്കുട്ടി തന്നെ. ഒറ്റക്കാണ്‌. പേര്‌ വസന്ത... ഒരുമാതിരി പേരാണെങ്കിലും, അതിലെന്തിരിക്കുന്നു... കണ്ടിട്ട്‌ കന്നടക്കാരിയാണെന്ന് തോനുന്നു. ന്നാലും സാരല്ല്യ... എന്നെ ഇഷ്ടപ്പെട്ട ഇവളെ വിടില്ല ഞാന്‍... ദിവാരനോര്‍ത്തു.

പ്രതീക്ഷിച്ച പോലെ തന്നെ, അവള്‍ ഓണ്‍ലൈന്‍ വന്നു. ചാറ്റാന്‍.

ദിവാരന്‍ : ഹായ്‌...
വസു: ഹായ്‌ ഡിവൂ... ഹവ്‌ ആര്‍ യൂ... വെല്‍, ഐ ആം വസന്ത, ഗോപി വസന്ത.
ദിവാരന്‍ : വാട്ട്‌? കോഴി വസന്ത?
വസു: നോ.. നോ.. ഗോപി വസന്ത... ഹവ്‌ ആര്‍ യൂ...
ദിവാരന്‍ : കൂള്‍! ലൈഫ്‌ ഈസ്‌ ആള്‍വേയ്സ്‌ ഗ്രേറ്റ്‌ ആസ്‌ ദ ഫൂച്ചര്‍ ഈസ്‌ പ്രോമിസിംഗ്‌ ആന്‍ഡ്‌ സര്‍പ്രൈസിംഗ്‌ ആന്‍ഡ്‌ ഡിപ്രൈസിംഗ്‌... ഓഹ്‌, ആന്‍ഡ്‌ ഹൗ അബൗട്‌ യൂ?
വസു: ഇറ്റ്‌സ്‌ ഗോയിംഗ്‌ ഓണ്‍. വൈ യു ഡോണ്ട്‌ ഹാവ്‌ എനി ഫ്രണ്ട്സ്‌ ഇന്‍ ഓര്‍ക്കൂട്‌?
ദിവാരന്‍ : ഓ, വെല്‍... ഐ വാസ്‌ ഇന്‍ സേര്‍ച്ച്‌ ഓഫ്‌ എ പെര്‍ഫെക്റ്റ്‌ കമ്പാനിയന്‍... ആന്‍ഡ്‌, ഐ ഫൗണ്ട്‌ യൂ!
വസു: ഓ, യൂ നോട്ടി... ഐ ലൈക്ക്ഡ്‌ യൂ.
ദിവാരന്‍ : ങേ... എന്ത്‌? ഓഹ്‌ ഐ മീന്‍, വാട്ട്‌? യൂ... ലൈക്ക്‌ മി?
വസു: യെസ്‌... എനിതിംഗ്‌ റോങ്ങ്‌?
ദിവാരന്‍ : നോ... നോ... നെവെര്‍....
വസു: യു ആര്‍ എ മല്ലു. റൈറ്റ്‌? ഡു യു സ്പീക്ക്‌ ഹിന്ദി?
ദിവാരന്‍ : കുച്ച്‌ കുച്ച്‌ ഹിന്ദി മാലും, ബഡാ ബഡാ നഹീ...
വസു: ഓ.. ദാറ്റ്‌സ്‌ സോ സാഡ്‌...
(ദിവാരന്‍ പണ്ട്‌ ഹിന്ദി പഠിക്കാതെ പോയതില്‍ വിഷമിക്കുന്നു, തലയില്‍ ചൊറിയുന്നു)
വസു: ഓഹ്‌, ഇറ്റ്‌സ്‌ ടൈം റ്റു ലീവ്‌. കാച്ച്‌ യു ലേറ്റര്‍ മൈ സ്വീറ്റ്‌ ഹാര്‍ട്ട്‌... കാള്‍ മി വെന്‍ യു ആര്‍ ഫ്രീ : 9986******

ദിവാരന്റെ കണ്ണുകള്‍ പാമ്പിനെ കണ്ട പറത്തവളയുടെ പോലെ വീര്‍ത്തു വലുതായി. അവള്‍ തന്നെ സ്വീറ്റ്‌ ഹാര്‍ട്ട്‌ എന്നു വിളിച്ചിരിക്കുന്നു! തന്റെ ഹൃദയം ഇത്രയും മധുരമുള്ളതാണെന്ന് ദിവാരനൊരിക്കലും കരുതിയില്ല. ദിവാരന്റെ കയ്യിലെ ഫൈബര്‍ മുടികള്‍ ഷോക്കേറ്റ പോല്‍ സ്റ്റെഡി വടിയായി നിന്നു...

അന്ന് വൈകിട്ട്‌ മങ്കലശ്ശേരിയിലെത്തിയ ദിവാരനെ എല്ലാവരും ശ്രദ്ധിച്ചു. ആകെ അറിയാവുന്ന മൂന്നോ നാലോ ഹിന്ദി പാട്ടുകള്‍,വയറിളകിയാല്‍ മാത്രം പാടാറുള്ള ദിവാരന്‍ ദേ ജഗ്‌ ജീത്‌ സിങ്ങിന്റെ റൊമാന്റിക്‌ ഗസല്‍ പാടുന്നു. അവന്റെ മുഖത്ത്‌ ഒരിക്കലും വാരാന്‍ ചാന്‍സില്ലാത്ത ഒരു പ്രകാശം. ആകെ മൊത്തം, പഴയ എവെറഡി ബാറ്ററി മാറ്റി പുത്തന്‍ ഡൂറസെല്‍ വെച്ച പോലെ.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ ദിവാരന്‍ അവനോട്‌ തന്നെ ആത്മഗതം ചെയ്തു: "ഹും, എങ്ങിനെയെങ്കിലും കുറച്ച്‌ ഹിന്ദി ലാന്‍ഗ്വേജ്‌ പഠിക്കണം..."

അപ്പുറത്ത്‌ സി ഷാര്‍പ്പ്‌ ലാന്‍ഗ്വേജ്‌ പഠിച്ചോണ്ടിരുന്ന പക്രു ഒന്നമര്‍ത്തി ചുമച്ചു.

അധികം വൈകാതെ ആശാന്‍ മൊബെയിലുമെടുത്ത്‌ വരാന്തയിലേക്കിറങ്ങി...

"ഹെല്ലോ... വസന്ത...."
"ഹൂ ഈസ്‌ തിസ്‌"
"ഇറ്റ്‌ ഈസ്‌ മീ... ദിവാരന്‍"
"ഓ.. യൂ... യുവര്‍ വോയ്സ്‌ ഈസ്‌ സോ സെക്സി..."
...നിശബ്ദത....
"താങ്ക്സ്‌! തെന്‍... റ്റെല്‍ മി വസു... ഓഹ്‌, സോറി, ഹോപ്‌ യു ഡോണ്ട്‌ മൈന്റ്‌ കാള്ളിംഗ്‌ യൂ വസൂ..."

ആ സംസാരം അങ്ങിനെ തുടര്‍ന്നുകോണ്ടിരുന്നു. ദിവാരന്‍ തന്റെ ഹിസ്റ്ററിയും, മിസ്റ്ററിയും എല്ലാം അവള്‍ക്കു മുന്നില്‍ തുറന്നു വെച്ചു. അവളുടെ കാന്തിക ശക്തിയുള്ള ശബ്ദവും, രോമാഞ്ചം കൊള്ളിക്കുന്ന വാക്കുകളും ദിവാരനെ മറ്റൊരു ലോകത്തിലേക്ക്‌ കൊണ്ടു പോയി.

അകത്ത്‌, എല്ലാം കേട്ടു കൊണ്ട്‌, വാശിയോടെ കാലാട്ടിക്കൊണ്ട്‌ പക്രുവും ശശിയും കിടന്നു. തങ്ങള്‍ക്കൊരിക്കലും പെണ്ണും, പ്രേമവും ശരിയാവില്ലെന്ന് വിശ്വസിച്ച്‌ ജീവിച്ച്‌ പോന്ന മൂന്ന്‌ പേരിലൊരാള്‍ ഇതാ കൈവിട്ട്‌ പോയിരിക്കുന്നു. വളമില്ലെങ്കിലും കിളിര്‍ത്ത്‌ തുടങ്ങിയ മണ്ടയിലെ കുറ്റിമുടിയില്‍ ചൊറിഞ്ഞുകൊണ്ട്‌ അവമ്മാര്‍ കിടന്നു.

രാവിലെ എണീറ്റത്‌ ദിവാരന്റെ "മേനേ... പ്യാര്‍ കിയാ... പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ..." എന്ന പാട്ട്‌ കേട്ടാണ്‌.

"ഡൂഡ്സ്‌... ഹൗ ഡു ഐ ലുക്ക്‌?"

വീര്‍പ്പിച്ച ബലൂണിന്റെ പള്ളക്ക്‌ പിടിച്ച പോലെ തന്റെ കുടവയര്‍ ഉള്ളിലേക്കൊതുക്കി പിടിച്ച്ം, തന്റെ പള്‍സറിന്റെ കളറിനോട്‌ മാച്ച്‌ ചെയ്യാന്‍ കടും നീല ഷര്‍ട്ടുമിട്ട്‌, മുകളിലെ രണ്ട്‌ ബട്ടന്‍സ്‌ അഴിച്ചിട്ട്‌ ലാലേട്ടനെ പോലെ ഒരുസൈഡിലോട്ട്‌ തൂങ്ങി നിന്ന്‌ ദിവാരന്‍ ചോദിച്ചു.

ആരും അത്‌ മൈന്‍ഡ്‌ ചെയ്തില്ലെന്ന് മനസിലാക്കിയ ദിവാരന്‍ പറഞ്ഞു...

"അസൂയക്കും, കഷണ്ടിക്കും മരുന്നില്ല മക്കളേ..."

അത്‌ കേട്ട പക്രു പല്ല് തേക്കുന്നതിന്റെ സ്പീഡ്‌ കൂട്ടി. കുനിഞ്ഞ്‌ നിന്ന് വ്യായാമം ചെയ്യുകയായിരുന്ന ശശി വേഗത്തില്‍ വ്യായാമി. അവന്റെ നടുവുളുക്കി.

ദിവാരന്‌ ദിനങ്ങള്‍ സെക്കന്റുകള്‍ പോലെ ഓടിപ്പോയി. അതേ സെക്കന്റുകള്‍ യുഗങ്ങളെപ്പോലെ തോന്നി ശശിക്കും പക്രുവിനും.

ദിവാരന്‍ മനോരാജ്യത്തില്‍ ഒരു ഫ്ലാറ്റ്‌ വാങ്ങി, അതില്‍ ജീവിക്കാന്‍ തുടങ്ങി. അവന്‍ കാണുന്നതെല്ലാം വസന്ത... കേള്‍ക്കുന്നതെല്ലാം വസന്ത... വസന്ത.. വസന്ത...

ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദിവാരന്‌ വസന്തയെ നേരില്‍ കാണാല്‍ കൊതിമൂത്തു. അതിലുപരി, തന്റെ പരിപാവനവും, ഗാഢവുമായ പ്രണയം അവളെ അറിയിക്കാന്‍ അവന്റെ മധുരമുള്ള ഹൃദയം വെമ്പി. തന്റെ ഹൃദയം ഗിയര്‍ വീഴാത്ത പള്‍സറിന്റെ എഞ്ചിനെപ്പോലെ തോന്നി ദിവാരന്.

ഒടുവില്‍ ക്ഷമ നശിച്ച ദിവാരന്‍ അവളെ വിളിച്ചു.

"ഹെല്ലോ... വസു..."
"യെസ്‌ ഡിയര്‍... റ്റെല്‍ മി..."
"മുചെ കുച്ച്‌ കെഹനാ ഹെ..... ഹോ..... ഹും......."
"വാട്ട്‌? ഐ ഡിഡിന്റ്‌ ഗെറ്റ്‌ യൂ..."
"വസൂ, ഐ മീന്‍... ഐ വാണ്ട്‌ റ്റു ടെല്‍ യൂ സംതിംഗ്‌..."
"ഓഹ്‌.. ഓകെ.. റ്റെല്‍ മി..."
"കാന്‍.... കാന്‍.... കാന്‍ യൂ ലവ്‌ മി...?"
....നിശബ്ദത.....
"ഓ മൈ ദിവൂ... യൂ ആര്‍ എ നൈസ്‌ ബോയ്‌... ഐ ലൈക്ക്‌ യൂ... ബട്ട്‌... "
"വസൂ... വാട്ട്‌ എ ബട്ട്‌?" (തെറ്റിദ്ധരിക്കരുത്‌. എന്താണ്‌ ഒരു സംശയം എന്നാണ്‌ അവനുദ്ധേശിച്ചത്‌)
"ദിവൂ... ഐ ഡോന്റ്‌ ഫീല്‍ ടു ലവ്‌ യൂ... ബട്ട്‌ ഐ കാണ്ട്‌ ഹര്‍ട്ട്‌ യൂ റ്റൂ...."
"സോ....? യു ലവ്‌ മി? ബോലോ വസു..."
"ഹാം.. മേ തുജ്‌സേ പ്യാര്‍ കരൂങ്കീ... ലേകിന്‍ ഏക്‌ കണ്ടീഷന്‍ കേ സാത്‌...."
"വാട്ട്‌? ഈ ഡിഡിന്റ്‌ അണ്ടര്‍സ്റ്റാന്‍ഡ്‌ വാട്‌ യു സെഡ്‌"
"ദിവൂ, ഐ മീന്‍, ഈ കാന്‍ ലവ്‌ യൂ, ബട്ട്‌ ഓണ്‍ വണ്‍ കണ്ടീഷന്‍..."
"ഓഹ്‌.. താറ്റ്‌സ്‌ ആള്‍? യുവര്‍ ദിവു ഈസ്‌ റെഡി ഫോര്‍ എനിതിംഗ്‌ യൂ സേ..."
"ഓകേ... ലിസണ്‍... ദേര്‍ ഈസ്‌ എ ന്യൂ ഇന്‍ഷുറന്‍സ്‌ പോളിസീ സ്കീം സ്റ്റാര്‍ട്ടെഡ്‌ ബൈ മൈ കമ്പനി. ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ 5 ലാക്‍സ്‌ പോളിസി, വേര്‍ യൂ നീഡ്‌ റ്റു പേ ജസ്റ്റ്‌ 10,000 പെര്‍ മന്ത്‌.

ഇഫ്‌ യു ടേക്ക്‌ എ പോളിസീ ഫ്രം മീ, ഐയാം യുവേഴ്സ്‌... ഉം..മ്‌...മ്മ!"

ദിവാരന്റെ ശരീരത്തിലെ ഒരോ രോമകൂപങ്ങളിലും ഒരോ അമിട്ടുകള്‍ പൊട്ടി, രോമാഞ്ചമായി മാറി.

----------------------

അന്ന് വൈകീട്ട്‌ എന്തോ മാരകമായി തലപുകഞ്ഞാലോചിച്ചു കൊണ്ടിരിക്കുകയായിരുന്ന ദിവാരന്റെയടുത്തേക്ക്‌ ശശി ചെന്നു...

അവന്റെ മുന്നില്‍ ഒരു നോട്ട്‌ ബുക്ക്‌... അതില്‍ കുറേ കണക്കുകള്‍...

ശശിയുടെ മുഖത്തേക്ക്‌ ദയനീയമായി നോക്കിക്കൊണ്ട്‌ ദിവാരന്‍ പറഞ്ഞു,

"എങ്ങിനെ നോക്കീട്ടും മാസം പതിനായിരം മറക്കാന്‍ പറ്റുന്നില്ലല്ലോ ഡാ... പള്‍സര്‍ വിക്കെണ്ടി വരും...."

അത്‌ കേട്ടുകൊണ്ടിരിക്കുകയായിരുന്ന പുഷ്പന്‍ ഉടനേ പറഞ്ഞു,

"25,000 രൂപ രൊക്കം തരാം. പള്‍സര്‍ എനിക്ക്‌ തന്നേക്ക്‌...."

------------------

മറ്റൊരു ദിവസം, അങ്ങകലെ ഒറ്റക്കിരുന്ന് അനോണിമസ്‌ ആയി ഓര്‍ക്കൂട്ടില്‍ തെണ്ടിക്കൊണ്ടിരുന്ന ആന്റപ്പന്റെ സ്ക്രിനില്‍ പെട്ടെന്നൊരു ഫ്രണ്ട്‌ റിക്വസ്റ്റ്‌ വന്നു...

"ഹായ്‌... യൂ ലുക്ക്‌ ഹാന്‍ഡ്‌സം... വണാ ബി ഫ്രെന്‍സ്‌? - വസന്ത"

----------------

പിന്‍കുറിപ്പ്‌ : എത്രയും പ്രിയപ്പെട്ട ആന്റപ്പന്‍, ദത്തേട്ടന്‍, പുഷ്പേട്ടന്‍ തുടങ്ങിയവര്‍ അറിയാന്‍. നിങ്ങളിങ്ങനെ അതുണ്ട്‌, ഇതുണ്ട്‌ എന്നൊക്കെ പറഞ്ഞ്‌ നടന്നോ. ഇപ്പോ കണ്ടില്ലേ... അവന്‍ പള്‍സറില്‍ അവളേം കേറ്റി ഒരു പോക്കു പൊകുമ്പോ നോയൊക്കെ തലേല്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരും. ഇനിയെങ്കിലും മനസിലാക്കുക, ലുക്കിലല്ല, ലക്കിലാണ്‌ കാര്യം.