Tuesday, February 12, 2008

സുസുക്കി ദിവാകരന്‍!

(മങ്കലശ്ശേരിയിലെ ദിവാരന്റെ കഥ ഇവിടെ ഇടാന്‍ പറ്റിയില്ലായിരുന്നു.ഇപ്പോ പിള്ളേര്‍ അതും പറഞ്ഞ്‌ എനിക്കിട്ട്‌ പണിതരാന്‍ പ്ലാന്‍ ചെയ്യുന്നു. ഈ കഥ ഇതിനു മുന്‍പ്‌ ഇവിടെ വായിച്ചിട്ടുള്ളവര്‍ ക്ഷമി!)

കോലാഹലമ്പൂര്‍ നാട്ടിലെ ഒരു സാധാരണ കുടുമ്പത്തിലെ ആണ്‍തരിയാണ്‌ ശ്രീ ദിവാകരന്‍. നാട്ടുകാര്‍ വിളിക്കുന്നത്‌ ദിവാരന്‍. പ്രത്യേകിച്ച്‌ ജോലിയൊന്നും ചെയ്യാന്‍ ഇഷ്ടമില്ലാത്ത ദിവാരന്‌ ഏറ്റവും ഇഷ്ടപ്പെട്ട റ്റൈം പാസ്‌ പാസ്‌-പാസ്‌ കഴിക്കലും, രോട്ടിലൂടെ പാസ്‌ ചെയ്യുന്ന കുമാരികളെ ശല്യപ്പെടുത്താതെ വായില്‍നോക്കുന്നതും ആണ്‌. കാണാന്‍ നമ്മുടെ സലീം കുമാറിന്റെ ഒരു ചെറിയ കട്ട്‌ ഉണ്ടെന്ന് ദിവാരന്‌ നന്നായി അറിയാം, അതിന്റെ തലക്കനം ഒട്ടും കുറയാതിരിക്കാന്‍ ദിവസത്തിന്റെ നല്ലൊരു ഭാഗം സമയവും സ്വന്തം ശരീര സംരക്ഷണത്തിനായി ദിവാരന്‍ ഉപയോഗിച്ച്‌ വരുന്നു. ചോറിനു പകരം പാലും മുട്ടയും എന്ന സമവാക്യം ദിവാരനു ഒരു പുതിയ സംഭവമായിരുന്നില്ല തന്നെ.

സധാരണ പോലെ ഡോണ്‍ബോസ്ക്കോ പാരലല്‍ കോളേജിലേക്ക്‌ നടന്നു പോകുന്ന പെണ്‍പടയേയും കാത്ത്‌ ദിവാരന്‍ അന്നും ആ മതിലിന്റെ ഒക്കത്ത്‌ ഇരുന്നു. ചുരുട്ടി മേലോട്ട്‌ വെച്ച കൈലിയും, കരയിലിട്ടാല്‍ പിടയുന്ന മീനിന്റെ വാലുപോലെ ആട്ടിക്കൊണ്ടിരിക്കുന്ന കാലുകളും ദിവരന്റെ മാത്രം സ്റ്റൈല്‍ ആണ്‌. പെണ്‍പടയേ നോക്കി എന്നും ദിവാരന്‍ ഒരോ പാട്ട്‌ പാടും… ഡയറക്ടര്‍ ഭരതന്‍ സാറിന്റെ ക്യാമറക്കണ്ണുകള്‍ പോലെ ദിവാരന്‍ തന്റെ കണ്ണുകള്‍ അവര്‍ക്കുനേരെ ചലിപ്പിച്ചു, എന്നിട്ട്‌ ദിവാരന്‍ പാടി… “ചന്ദനത്തില്‍ കടഞ്ഞെടുത്തൊരൂ സുന്ദരീ ശില്‍പം… “

തലയും കുനിച്ച്‌, പൊട്ടാന്‍ തുടിക്കുന്ന ആനപ്പടക്കം പോലുള്ള മുഖവുമായി അവര്‍ നടന്നു… എന്നും കാണുന്ന അതേ വികാരപ്രകടനം ദിവാരന്‍ മൈന്‍ഡ്‌ ചെയ്തില്ല. പക്ഷേ പ്രതീക്ഷിക്കാതെ ദിവാരന്‍ ഒന്ന് ശ്രദ്ധിച്ചു… കൂട്ടത്തില്‍ ഒരുത്തി തന്നെ ഒളിക്കണ്ണിട്ട്‌ നോക്കുന്നു! അവളുടെ മുഖത്ത്‌ മാത്രം നാണവും, തന്നെ കളിയാക്കുന്ന് പോലുള്ള ചിരിയും…

ദിവാരന്റെയുള്ളില്‍ മാലപ്പടക്കങ്ങള്‍ ചറപറാ പൊട്ടി… എത്ര ശ്രമിച്ചിട്ടും ദിവാരന്‌ പൊട്ടിക്കൊണ്ടിരിക്കുന്ന ആ പടക്കങ്ങളെ നിര്‍ത്താനായില്ല. ദിവാരന്റെ കണ്ണുകള്‍ അന്നാദ്യമായി പുറത്തേക്ക്‌ തള്ളി വന്നു…

തന്നെ നോക്കി പുഞ്ചിരിച്ച ആ സുന്ദരിപ്പെണ്ണിനെപ്പറ്റി ദിവാരന്‍ റിസര്‍ച്ച്‌ നടത്തി. പേര്‌ ലതിക. ഒരു ഇടത്തരം കുടുമ്പത്തിലെ മൂത്ത മകള്‍. കല്യാണം കഴിക്കാന്‍ സമയം ആയിട്ടില്ല. അവളെ ദിവാരന്‍ മനസ്സില്‍ താലോലിച്ച്‌ വിളിച്ചു… ലതിമോള്‍.. ന്റെ ലതിമോള്‍…

ദിവസങ്ങള്‍ വളരെ വേഗം പോയി… രണ്ടുപേര്‍ക്കും തങ്ങളുടെ പ്രണയം പരസ്പരം അറിയിക്കാന്‍ ദാഹമായി. ലതിക എന്നും ദിവാരനെ നോക്കി പുഞ്ചിരിച്ചു… ദിവാരന്‍ തിരിച്ചും. സ്പെഷ്യല്‍ ക്ലാസ്സ്‌ ഉള്ള ഒരു ദിവസം നേരം വൈകി വീട്ടിലേക്ക്‌ പോവുകയായിരുന്ന ലതികയുടെ അടുത്തേക്ക്‌ ഹെര്‍കുലീസ്‌ സൈക്കിളില്‍ ദിവാരന്‍ വന്നു. അവളുടെ മുന്നിലേക്ക്‌ സൈക്കിള്‍ സ്കിഡ്‌ ചെയ്ത്‌ നിര്‍ത്തി… രണ്ട്‌ പേരുടെയും ഹൃദയം ഇടിക്കുന്നത്‌ രണ്ടുപേര്‍ക്കും കേള്‍ക്കാമായിരുന്നു.

വിക്കുന്ന വാക്കുകളുമായി ദിവാരന്‍ ഒരുവിധം ഒപ്പിച്ച്‌ ചോദിച്ചു…
“ലതികാ.. അല്ല, ലതീ.. ന്നെ അറീല്ലെ…?”

“ഉം” ലതിക നാണം ചാലിച്ച്‌ മൂളി.

“ഞാന്‍ ഒരു കൂട്ടം ചോദിച്ചോട്ടെ….” ദിവാരന്‍.

“നിക്ക്‌ വീട്ടിലെത്താന്‍ സമയായ്‌. ഞാന്‍ പോവ്വ്വാ…” ലതി പറഞ്ഞു.

“ല്ല്യാ.. അങ്ങനെ ഞാന്‍ വിടില്ല്യാ. ലതിക്കെന്നെ ഷ്ടാണോ?” ദിവാരന്‍ സര്‍വ്വ ധൈര്യവും എടുത്ത്‌ ചോദിച്ചു…

“നിക്കറീല്ല്യാ. ഞാന്‍ പോണൂ…” അതും പറഞ്ഞ്‌ ലതിക വേഗത്തില്‍ നടന്നു…

ദിവാരന്‍ സൈക്കിളില്‍ കയറി വീണ്ടും ലതികയുടെ അടുത്തെത്തി…

“എനിക്കറിയാം നിനക്കെന്നെ ഇഷ്ടാന്ന്.. അതൊന്ന് സമ്മതിക്കൂന്നേ…” ദിവാരന്‍ പറഞ്ഞു.

അതിനു മറുപടിയായി ലതിമോള്‍ ദിവാരനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. സിനിമയിലെപ്പോലെ സ്‌ലോ മോഷനില്‍ അവള്‍ ഓടിപ്പോകുന്നതും നോക്കി ദിവാരന്‍ നിന്നു…

ദിവാരന്റെ അഹ്ലാദത്തിന്‌ ലൈന്‍ ഓഫ്‌ കണ്ട്രോള്‍ ഇല്ലായിരുന്നു. കോലാഹലമ്പൂരിലെ ഇടവഴികളില്‍ കൂടി വെള്ളമടിച്ച്‌ ഫിറ്റായി ദിവാരന്‍ നടന്നു. തനിക്കറിയാവുന്ന എല്ലാ പാട്ടുകളും എഫ്‌.എം പോലെ ഫുള്‍ റ്റൈം പാടി നടന്നു… ആനന്ദ ന്രിത്തം വച്ചു…

അന്നു മുതല്‍ ദിവാരന്‍ സ്ഥിരം ഇരിക്കാറുള്ള മതിലില്‍ കയറിയിരുന്നില്ല. പകരം മതിലില്‍ ചാരി നിന്നു. അവളോടൊന്ന് മിണ്ടാന്‍. പക്ഷേ കൂട്ടുകാരികളോടൊത്ത്‌ വരുന്ന ലതിയെ ദിവാരന്‍ അകലെ നിന്നും കണ്ട്‌ നിക്കാന്‍ മാത്രമെ കിട്ടിയുള്ളൂ.

വല്ലപ്പോഴും മാത്രം വഴിയില്‍ ഒറ്റക്ക്‌ കിട്ടിയിരുന്ന ലതിക്ക്‌ ദിവാരന്‍ അങ്ങനെ കത്തുകള്‍ കൊടുക്കാന്‍ തുടങ്ങി… ഇതുവരെ ഉറക്കത്തില്‍ പോലും കിളിര്‍ക്കാത്ത കാവ്യഭാവനകള്‍ അവന്‍ അവള്‍ക്കായെഴുതി… ആ കാവ്യ ശകലങ്ങള്‍ മത്രുഭൂമിയിലേക്കയച്ചിരുന്നെങ്കില്‍ എല്ലാ വാരവും പ്രസിദ്ധീകരിച്ചേനേയെന്ന് അവള്‍ അവനോട്‌ പറഞ്ഞു. അത്‌ കേട്ട്‌ ഉന്മത്തനായ ദിവാരന്‍ വീണ്ടും വീണ്ടും എഴുതി. അതെല്ലാം വായിച്ചപ്പോഴാണ്‌ താന്‍ അന്ന് പറഞ്ഞ ഡയലോഗ്‌ തനിക്കു തന്നെ പാരയായത്‌ എന്ന് ലതികക്ക്‌ മനസ്സിലായത്‌.

ദിവാരന്‍ എഴുതി… അവള്‍ക്ക്‌ വേണ്ടി എല്ലാ ചീത്ത സ്വഭാവങ്ങളും നിര്‍ത്തിയതും, എന്നും രാവിലെ കുളിക്കാന്‍ തുടങ്ങിയതും, സ്വപ്നത്തില്‍ പോലും അവള്‍ മാത്രമേ ഉള്ളൂ എന്ന സത്യവും.. എല്ലാം എല്ലാം എഴുതി…

പക്ഷേ ഒരുപാട്‌ പ്രണയ ലേഖനങ്ങള്‍ (ദിവാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പ്രണയ കാവ്യങ്ങള്‍) ലതിമോള്‍ക്ക്‌ കൊടുത്തിട്ടും ഒരു മറുപടി പോലും അവള്‍ അവന്‌ വേണ്ടി എഴുതിയില്ല. കാണുമ്പോള്‍ ഒരു ചിരി മാത്രം സമ്മാനിച്ചു. ആ ചിരിയില്‍ തനിക്ക്‌ വേണ്ട എല്ലാ മറുപടികളും ഉണ്ടെന്ന് ദിവാരന്‍ ചിന്തിച്ചു.

ഒരു ദിവസം ദിവരനെ ഞെട്ടിച്ച്‌ കൊണ്ട്‌ അവള്‍ അവനൊരു കത്ത്‌ കൊടുത്തു…

സര്‍വ്വ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്‌ ദിവാരന്‍ ആ കത്ത്‌ വായിച്ചു…
കടുകുമണികള്‍ പോലുള്ള ചെറിയ അക്ഷരങ്ങളില്‍ അവളിങ്ങനെയെഴുതിരുന്നു…

“എന്റെ ദിവാരേട്ടാ…” അടുത്ത വരി വായിക്കുന്നതിനു മുമ്പ്‌ ദിവാരന്‍ ആകാശത്തേക്ക്‌ നോക്കി ചിരിച്ചു… ലോകം കീഴടക്കിയവനേപ്പോലെ…

“എനിക്ക്‌ ദിവാരേട്ടന്‌ കത്തെഴുതാന്‍ ആഗ്രഹമില്ലാണ്ടല്ലാ… പേടിച്ചിട്ടാ. വല്ലവരും കണ്ടാല്‍ കഴിഞ്ഞില്ലെ…

ചേട്ടനെന്നോട്‌ ക്ഷമിക്കണം.

പിന്നേയ്‌, എന്നും ഇങ്ങനെ ആ പഴഞ്ചന്‍ സൈക്കിളില്‍ കയറി എന്റെ കോളേജിന്റെ മുന്നിലൂടെ കറങ്ങണ്ടാ. ആ പാട്ട സൈക്കിളില്‍ ഇരിക്കുന്നയാളാ എന്റെ ദിവാരേട്ടന്‍ എന്ന് എന്റെ കൂട്ടുകാരോട്‌ പറയാന്‍ എനിക്ക്‌ കൊറച്ചിലാ. ഇനി മുതല്‍ അങ്ങനെ വരണ്ടാ.

ചേട്ടന്‌ ഒരു ബൈക്‌ ഒക്കെ വാങ്ങിക്കൂടെ? എന്റെ ക്ലാസിലെ ബിജൂന്‌ വരെ ഉണ്ടല്ലോ നല്ല ഉഗ്രന്‍ സുസുക്കി ബൈക്‌. അവന്‍ എന്നും അതിലാ വരുന്നത്‌.. നല്ല സ്പീഡിലാ അവന്‍ എപ്പൊഴും ഓടിക്കാ. എന്ത്‌ രസാന്നറിയുാ.. എന്റെ കൂട്ടുകാര്‍ക്കെല്ലാം അവന്റെ കൂടെ ആ ബൈകിന്റെ പിന്നില്‍ ഇരുന്ന് പോകാന്‍ എന്റ ആഗ്രഹമാന്നോ…

ചേട്ടനും ഒരു ബൈക്‌ ഉണ്ടെങ്കില്‍ എനിക്ക്‌ അവരെയൊക്കെ ഒന്നു ഞെട്ടിക്കായിരുന്നു. അഹങ്കാരത്തൊടെ ഞാന്‍ പറയും, ദാ ന്റെ ദിവാരേട്ടന്‍ ന്ന്…

ചേട്ടന്‍ മറുപടി തരണം… നാളെ തന്നെ..

ചേട്ടന്റെ മാത്രം
ലതിമോള്‍.”

ദിവരന്റെ മുഖത്ത്‌ അപ്പോള്‍ പുളിയും, എരിയും ഒരുമിച്ച്‌ ചെന്ന പോലത്തെ ഒരു ഭാവമായിരുന്നു. കത്തിലെ വാക്കുകള്‍ ദിവാരന്റെ കരളില്‍ എക്കോ ഇട്ടു… “ന്റെ ദിവാരേട്ടന്‍!!! ഞ്റ്റെ ദിവാരേട്ടന്‍!!!” തനിക്കാദ്യമായി ലതി എഴുതിയ കത്ത്‌… പക്ഷേ അതിലെ വരികളില്‍ ഒരു വാണിംഗ്‌ ദിവാരന്‍ മണത്തു. അടിയന്തിരമായി ഒരു ബൈക്ക്‌ ഒപ്പിച്ചില്ലെങ്കില്‍, അവള്‍ ആ ചെറ്റ ബിജുവിന്റെ കൂടെ പോകുമെന്ന്. ഇല്ല! ഞാന്‍ മരിച്ചാലും അത്‌ നടക്കാന്‍ പാടില്ല. ഒരു ബൈക്ക്‌ ഇല്ലാത്തതിന്റെ പേരില്‍ എനിക്കെന്റെ ലതിയെ നഷ്ടപ്പെടാന്‍ പാടില്ല. ദിവാരന്‍ മനസ്സിലോര്‍ത്തു.

പിന്നീടുള്ള ദിവസങ്ങള്‍ ദിവാരന്‌ നരകതുല്യമായിരുന്നു. ബൈക്ക്‌ ഇല്ലാഠതിനാല്‍ ദിവാരന്‍ അവളെ കാണാന്‍ കോളെജില്‍ പോയില്ല. വല്ലപ്പോഴും വഴിയില്‍ വെച്ച്‌ പോലും കാണാന്‍ ദിവാരന്റെ മനസ്സാക്ഷി സമ്മതിച്ചില്ല. തന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍കുലീസ്‌ സൈക്കിളിനെ ആദ്യമയി ദിവാരന്‍ വെറുത്തു. ഒരു ബൈക്ക്‌ വാങ്ങാന്‍ തന്നെ ദിവാരന്‍ തീരുമനിച്ചു. എല്ലാ സുഹൃത്തുക്കലോടും ദിവാരന്‍ കാര്യം പറഞ്ഞു. സുസുക്കി മാത്രം മതിയെന്ന് പ്രത്യേകം ദിവാരന്‍ ഓര്‍മ്മിപ്പിച്ചു.

അധികം കാത്തിരിക്കേന്റി വന്നില്ല. ഒരു സുഹൃത്ത്‌ വഴി ദിവാരന്‌ ഒരു വണ്ടി കിട്ടി. ഒരു പഴയ സുസുകി സാമുറായ്‌ ബൈക്‌. കുട രാത്രിയിലാണൊ, പകലാണോ പിടിക്കേണ്ടതെന്നറിയാത്ത പോലെ ദിവാരന്‍ തന്റെ ബൈകുമായി ചുറ്റി. കാതടപ്പിക്കുന്ന ആ വണ്ടിയുടെ ശബ്ധം പക്ഷേ ദിവാരന്‌ വീണാനാദം പോലെയായിരുന്നു. സദാ സമയവും ആ ബൈകില്‍ നടന്ന ദിവാരന്‍ ചില സമയം തന്റെ ലതിയെ പറ്റി പോലും മറന്നു.

ലതിയുടെ മുന്നിലൂടെ ദിവാരന്‍ തന്റെ വണ്ടിയില്‍ സര്‍ക്കസ്സ്‌ നടത്തി. സ്കിഡ്‌ ചെയ്തും, സ്പീഡില്‍ ഓടിച്ചും ലതിയെ അവന്‍ രോമാഞ്ചം കൊള്ളിച്ചു. തന്റെ ശരീരത്തിന്റെ ഭാഗം പോലെ ആ ബൈക്കിനെ ദിവാരന്‍ എപ്പൊഴും കൂടെ കൊണ്ടുനടന്നു. അതു കണ്ട നാട്ടുകാര്‍ ദിവാരന്‌ ഒരു പേരിട്ടു…”സുസുക്കി ദിവാകരന്‍!”

ദിവാകരന്‌ പിന്നെ ഭഗ്യത്തിന്റെ നാളുകളായിരുന്നു. തനിക്ക്‌ ഭീഷണിയായീക്കാന്‍ ചാന്‍സ്‌ ഉള്ള ബിജു തന്റെ ബൈക്ക്‌ വിറ്റതും, നാട്ടില്‍ അധികം ആര്‍ക്കും ബൈക്‌ ഇല്ലാത്തതും ദിവാരന്റെ തലക്കനം കൂട്ടി. നാട്ടുകാര്‍ക്കിടയിലൂടെ വളരെപ്പതുക്കെ വണ്ടിയോടിച്ചും, പെമ്പിള്ളെരുടെ മുന്നില്‍ വളരെ വേഗത്തില്‍ ഓടിച്ചും ദിവാരന്‍ കസറി.

അങ്ങനെയിരിക്കെയാണ്‌ ലത നടരാജ സര്‍വീസ്‌ നിര്‍ത്തി, ബസ്സില്‍ കോളെജില്‍ പോകാന്‍ തുടങ്ങിയത്‌. അച്ചന്റെ നിര്‍ബന്ധം കാരണമാനെന്ന് അവള്‍ പറഞ്ഞെങ്കിലും, ദിവാരന്‍ അത്‌ വിശ്വസിച്ചില്ല. എന്നും അവള്‍ പോകുന്ന “ബിജോയ്‌” എന്ന ബസ്സിനെ അവന്‍ സുസുക്കിയില്‍ ഫോളോ ചെയ്തു. ബസ്സിനെ ബൈകില്‍ എന്നും പിന്തുടരുന്ന യുവചൈതന്യത്തിനെ ബസ്സിലുള്ള മറ്റ്‌ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്‌ മനസ്സിലാക്കിയ ദിവാരന്‍ പിന്നെ ബസ്സിനു മുന്നിലാക്കി തന്റെ സര്‍ക്കസ്സ്‌.

ബസ്സില്‍ പോയിത്തുടങ്ങിയതില്‍ പിന്നെ ലതിയെ ഒന്ന് മര്യാദക്ക്‌ കണാന്‍ പോലും ദിവാരന്‌ പറ്റിയില്ല. കത്ത്‌ കൊടുക്കാനും, ഒന്ന് മിണ്ടാനും കൊതിച്ച്‌ ദിവാരന്‍ കാത്തിരുന്നു. ക്ഷമകെട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ വണ്ടിയുമായി പുറത്തിറങ്ങി…

വാശിയും, കോപവും പഴയ നാടങ്ങളില്‍ ലൈറ്റ്‌ അടിക്കുന്ന പോലെ ദിവാരന്റെ മുഖത്ത്‌ മിന്നിക്കളിച്ചു. കോപം മൂലം ബൈക്കിന്റെ അക്സിലറേറ്ററില്‍ അമര്‍ത്തി. സുസുക്കി വാണം വിട്ട പോലെ മുന്നോട്ട്‌ നീങ്ങി.. ബിജോയ്‌ ബസ്സിനെ ലക്ഷ്യമാക്കി…

അകലെ ദിവാരന്‍ കണ്ടു, ബിജോയ്‌ ബസ്സ്‌. ദിവാരന്റെ മുഖത്ത്‌ ലതിയോടുള്ള കോപം ആളിക്കത്തി. ബസ്സിനെ വെട്ടിച്ച്‌, മുന്നില്‍ വണ്ടി നിര്‍ത്തി അവളെ പിടിച്ചിറക്കാന്‍ ദിവാരന്‍ ആഗ്രഹിച്ചു. അതിനായി ഫുള്‍ സ്പീഡില്‍ ദിവാരന്‍ ബൈക്‌ ഓടിച്ചു. അപ്പൊഴാണ്‌ ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയത്‌. അവസരം പാഴാക്കാതെ ദിവാരന്‍ ബസ്സിനെ ഓവര്‍ടേക്‌ ചെയ്യാന്‍ ശ്രമിച്ചു. പെട്ടന്നതാ മറുവശത്തു നിന്നും ഒരു ജീപ്പ്‌!! ദിവാരനു വെട്ടിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. ഇടതു വശത്ത്‌ ബിജോയ്‌, വലതു വശത്ത്‌ ഒരു വേലിക്കെട്ട്‌, മുന്നില്‍ ഒരു ജീപ്പ്‌… സര്‍വ്വ ശക്തിയുമെടുത്ത്‌ ദിവാരന്‍ ബ്രേക്‌ പിടിച്ചു. ഒരു വൃത്തികെട്ട ശബ്ധത്തോടെ സുസുകി ആ ജീപ്പിന്റെ മുന്നിലെ ക്രാസ്‌ ഗാര്‍ഡില്‍ ഇടിച്ചു നിന്നു. കണ്ണുതുറന്ന് ദിവാരന്‍ നോക്കിയപ്പോള്‍ കണ്ടത്‌ ജീപ്പിനു മുകളില്‍ ചുവന്ന നിരത്തില്‍ കത്തുന്ന ഒരു ലൈറ്റ്‌ അണ്‌. ഉള്ളിലേക്ക്‌ നോക്കിയ ദിവാരന്‍ ഞെട്ടി! തലയില്‍ തൊപ്പി വെച്ച കുറച്ചുപേര്‍!! അത്‌ പോലീസ്‌ ആണെന്ന് വിശ്വസിക്കാന്‍ ദിവാരന്‍ ഇഷ്ടപ്പെട്ടില്ല.

“ഭ! നിന്റെ %*)*%*)* യുടെ വകയാണോടാ റോഡ്‌.. ഇറങ്ങിവാടാ %*)*%*)* മോനെ… ” ജീപ്പില്‍ നിന്നും ഇറങ്ങി വന്ന ഒരാള്‍ ഛര്‍ദിച്ചു.. അഥവാ ഗര്‍ജിച്ചു. തന്റെ മുന്നില്‍ നില്‍ക്കുന്നത്‌ പോലീസ്‌ തന്നെയാണെന്ന് ഇത്തവണ ദിവാരന്‍ ശരിക്കും വിശ്വസിച്ചു…

തന്നെ തെറിവിളിച്ചത്‌ സ്ഥലം എസ്‌.ഐ ആണെന്ന് ദിവാരന്‍ മനസ്സിലാക്കിയത്‌, അദ്ധേഹം കോളറില്‍ പിടിച്ച്‌ ചെകിടിനെ ലക്ഷ്യമാക്കി ഒന്ന് തന്നപ്പോഴാണ്‌.

ദിവാരന്റെ ഉള്ളിലെ കള്ളന്‍ പുറത്തു വന്നു, ദിവാരന്‍ പറഞ്ഞു… “സാറെ ക്ഷമിക്കണം സാറേ.. എന്റെ അടുത്ത ഒരു ബന്ധുവിന്‌ സീരിയസ്‌ ആണ്‌. ഞാന്‍ ആശുപത്രിയില്‍ ബ്ലഡ്‌ കൊടുക്കാന്‍ പോവാ”

“നിര്‍ത്തെടാ നിന്റെ %*)*%*)*!. ഇതങ്ങു പിടിച്ചിട്ട്‌ നീ പോയാ മതി!” എന്നു പറഞ്ഞ്‌ ഒരു ചാര്‍ജ്‌ ഷീറ്റ്‌ ദിവാരനെ ഏമാന്‍ ഏല്‍പ്പിച്ചു. തന്റെ മുണ്ട്‌ നനഞ്ഞത്‌ വിയര്‍പ്പ്‌ കൊണ്ടല്ല എന്ന് ദിവാരന്‍ അറിഞ്ഞതിനു മുന്‍പേ, ബിജോയ്‌ ബസ്സിലെ യാത്രക്കാര്‍ അറിഞ്ഞിരുന്നു. തീറ്റക്ക്‌ വേണ്ടി തല പുറത്തിടുന്ന കിളിക്കുഞ്ഞിപ്പോലെ ആ ബസ്സിലെ യാത്രക്കാര്‍ പുറത്തേക്ക്‌ തലയിട്ട്‌ ദിവാരനെ നോക്കി…

ആ തലകള്‍ക്കിടയില്‍ ഒരു തല ദിവാരന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു… ഒരു ശത്രുവിനെ നോക്കുന്ന പോലെ അവള്‍… ലതിക.

അപമാനഭാരം താങ്ങാന്‍ കഴിയാതെ ദിവാരന്‍ വീട്ടില്‍ തന്നെ പതുങ്ങിയിരുന്നു. അടുത്ത ദിവസം, ഒരു സുഹൃത്ത്‌ വഴി ദിവാരന്‌ ഒരു കത്ത്‌ കിട്ടി. അതിങ്ങനെ തുടങ്ങി…

“സുസുക്കി ദിവാരേട്ടാ (അങ്ങനെയല്ലേ നാട്ടുകാര്‍ വിളിക്കണേ)…ഞാനീ പരയുന്നത്‌ കേട്ട്‌ വിഷമിക്കരുത്‌. ചേട്ടനെന്നെ നല്ല ഇഷ്ടമാണെന്നറിയാം. പക്ഷേ സത്യം പറയാലോ, ചേട്ടന്‍ ഒരു മണ്ടനാ. വണ്ടി വാങ്ങിയപ്പ്പ്പോ ചേട്ടന്‍ ആളാകെ മാറി. എന്നെ അതിലൊന്ന് കയറ്റാന്‍ പോലും ചേട്ടന്‌ സമയം കിട്ടിയില്ല. മാത്രവുമല്ല, വാങ്ങുമ്പോള്‍ പുതിയ വല്ല വണ്ടിയും വാങ്ങരുതോ… ഇതൊരുമാതിരി…

പിന്നെ, ഞാനന്ന് പരഞ്ഞില്ലായിരുന്നോ, ഒരു ബിജുവിനെ പറ്റി. അവന്‍ പുതിയ വണ്ടി വാങ്ങി. യമഹയാ. എന്തൊരു സ്പീഡാന്നറിയോ. ഒരീസം ഞാന്‍ ബിജ്ജൂന്റെ കൂടെ വണ്ടിയില്‍ പോയി. ഹോ എന്ത്‌ രസായിരുന്നു. ഞാന്‍ അറിയാതെ തന്നെ അന്ന് ബിജൂനെ സ്നേഹിച്ചു പോയി. ഞങ്ങള്‍ ഇപ്പോള്‍ ഇഷ്ടത്തിലാണ്‌ ചേട്ടാ. ബിജു പറഞ്ഞിട്ടാണ്‌ ഞാന്‍ ഇപ്പൊ ബസ്സില്‍ പോകാന്‍ തുടങ്ങിയത്‌.

ചേട്ടന്‍ വിഷമിക്കരുത്‌. ഇനിയെങ്കിലും നല്ല ഒരു വണ്ടി വാങ്ങണം, എനിക്ക്‌ പകരം മറ്റൊരു സുന്ദരി ചേട്ടന്റെ ആ പുതിയ വണ്ടിയില്‍ കയറാന്‍ വരും. ഞാന്‍ പ്രാര്‍ഥിക്കാം.

ഞങ്ങള്‍ നാളെ ഒളിച്ചോടാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കില്ലേ….

ചേട്ടന്റെ കൂട്ടുകാരി
ലതിക്കുട്ടി (ന്നെ അങ്ങനെയാ ബിജു വിളിക്കണേ) “

ഹൃദയം തകര്‍ന്ന ദിവാരന്‍ ആ കത്ത്‌ കീറിപ്പറച്ചു. ദേഷ്യം അടക്കാനാവാതെ അവന്‍ സ്വന്തം സുസുക്കി ബൈക്‌ തല്ലി തകര്‍ത്തു.

പിന്നീടൊരു ദിവസം, തനിക്ക്‌ ബൈക്ക്‌ വാങ്ങാന്‍ സഹായിച്ച കൂട്ടുകാരനെ കണ്ടപ്പോള്‍ ദിവാരന്‍ ചോദിച്ചു…

“നീ എവിടുന്നാ എനിക്കീ ബൈക്ക്‌ ഒപ്പിച്ചത്‌…?”

“അത്‌ എന്റെ ഒരു അകന്ന സുഹൃത്ത്‌ വഴിയാ. അവന്‍ ഒരു പുത്തന്‍ യമഹ വാങ്ങാന്‍ പരിപാടിയിട്ടിരിക്ക്യായിരുന്നു. അതാ പഴയ വണ്ടി വിറ്റത്‌. എന്തേ ഡാ? എന്തു പറ്റി? ” സുഹൃത്ത്‌ ചോദിച്ചു.

അതിനു മറുപടി പറയാതെ ദിവാരന്‍ ചോദിച്ചു…

“എന്താഡാ നിന്റെയാ അകന്ന സുഹൃത്തിന്റെ പേര്‌?”

എന്തോ പന്തികേട്‌ മണത്തപോലെ അയാള്‍ പറഞ്ഞു, “അവന്റെ പേര്‌ ബിജു ന്നാ!”

അവിടെ നിന്നും വീട്ടില്‍ പോയ ദിവാരന്‍ നേരേ ചെന്നത്‌ വീടിന്റെ പിന്നാമ്പുറത്തേക്കായിരുന്നു… തന്റെ പഴയ ഹെര്‍കുലീസ്‌ സൈക്കിള്‍ എടുക്കാന്‍!

Tuesday, February 5, 2008

കോമളകേളികള്‍ 2- (കോമളചരിതം ഭാഗം 2)

പുഷ്പന്‍ അവിടെ ചെന്നപ്പോള്‍ അങ്ങു താഴെ കോമളന്റെ "കുളക്കടവില്‍" കൂടെ നിന്നിരുന്ന ചിലര്‍ക്ക്‌ കയ്‌ കോടുക്കുന്ന കോമളനെയാണ്‌ കണ്ടത്‌.

"ഡാ.. മതി വാ... പോകാം" പുഷ്പന്‍ അലറി വിളിച്ചു.

അത്‌ കേട്ടിട്ടും വലിയ റെസ്പോണ്‍സ്‌ ഒന്നും ഇല്ലാതെ താഴെ നിന്നും കോമളന്‍ മന്ദം മന്ദം നടന്നു. അടുത്തെത്തിയപ്പോഴാണ്‌ പുഷ്പന്‍ കണ്ടത്‌.. കോമളന്റെ വസ്ത്രം ആകെ നനഞ്ഞിരിക്കുന്നു.ഡിസ്കവറി ചാനനില്‍ മുതല കാളയെ കടിച്ച്‌ പിടിക്കുമ്പോള്‍ തള്ളി നില്‍ക്കുന്ന കാളയുടെ കണ്ണുകള്‍ പോലെ കോമളന്റെ കണ്ണുകള്‍ തുറിച്ച്‌ നില്‍ക്കുന്നു.

"ഡാ.. എന്റെ സോണി എറിക്സണ്‍ പോയെടാ.." കോമളന്‍ ദയനീയമായി പറഞ്ഞു.

"എന്തേഡാ.. എന്താ പറ്റ്യേ..." പുഷ്പന്‍.

"ഞാന്‍ വെള്ളത്തില്‍ വീണെടാ... മൊബെയില്‍ ആ വഴി വെള്ളത്തില്‍ ചാടിപ്പോയി... കിട്ടിയില്ല" അങ്ങിനെ പറഞ്ഞ്‌ കോമളന്‍ തിരിച്ച്‌ കയറാന്‍ നോക്കി. പറ്റുന്നില്ല. വന്ന വഴി എതാണെന്ന് മറന്നും പോയി. എവിടെ നോക്കിയിട്ടും കയറിവരാന്‍ വഴി കാണുന്നില്ല... അവസാനം ഒരി വിധം കയറിപ്പറ്റി, തിരിച്ചെത്തി...

അപ്പൊഴാണ്‌ കോമളന്‍ നടന്ന കാര്യങ്ങള്‍ ശരിക്കും വിശദീകരിച്ചത്‌.

ഒരു ജീവന്മരണ പോരാട്ടം തന്നെ കഴിഞ്ഞിട്ടാണ്‌ വിദ്വാന്‍ തിരിച്ചെത്തിയത്‌. അഴിച്ചു വെച്ച ട്രൗസറിന്റെ പോകറ്റില്‍ നിന്നും ചാടിപ്പോയ മൊബെയില്‍ ഫോണ്‍ കോമളന്‍ കാണുന്നു. സ്ലോ മോഷനില്‍... മൊബെയില്‍ ഒരു തവണ പാറയില്‍ ഇടിക്കുന്നു.. താഴോട്ട്‌... വീണ്ടും മറ്റൊരു പാറയില്‍ ഇടിക്കുന്നു... ബ്ലും! നേരേ വെള്ളത്തിലേക്ക്‌. കുമിളകള്‍ മേലേക്ക്‌ വിട്ട്‌ കറങ്ങി കറങ്ങി പോകുന്ന തന്റെ ജീവനായ മൊബെയിലിനെ നോക്കി കോമളന്‍ നീട്ടി വിളിച്ചു... "സോണീ.... സോണീ.... സോണീ..." (അവസാനത്തെ 2 സോണീ എക്കോ ആണ്‌ കെട്ടൊ.) ആ വിളിക്കൊപ്പം, അറിയാതെ തന്നെ കോമളനും വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടി. മൊബെയിലിനെ രക്ഷിക്കാന്‍. പക്ഷേ വെള്ളത്തിനടിയിലേക്ക്‌ മൊബെയിലിനേക്കാള്‍ സ്പീഡില്‍ സ്വയം താണു പോയപ്പൊഴാണ്‌, മൊബെയിലല്ലാ, സ്വന്തം തടിയാണ്‌ രക്ഷിക്കേണ്ടത്‌ എന്ന് കോമളനു മനസ്സിലായത്‌. പക്ഷേ എത്ര ശ്രമിച്ചിട്ടും മുകളിലേക്കത്താന്‍ പറ്റുന്നില്ല. വള്ളത്തിനടിയില്‍ വച്ചു തന്നെ "ഹെല്‍പ്‌.. ഹെല്‍പ്‌" എന്ന് വിളിച്ചു പറഞ്ഞത്കൊണ്ട്‌ വായിലും മൂക്കിലും വള്ളം അടിച്ചു കയറി. നിയന്ത്രിക്കാനാവാത്ത അത്ര ശക്തിയോടെ വെള്ളം അവനെ ഒഴുക്കിക്കൊണ്ടിരുന്നു. ഒരു വിധം മുകളിലെത്തിയ കോമളന്‍ സഹായത്തിനായി അലറി വിളിച്ചു... കുളികഴിഞ്ഞ്‌ തിരിച്ച്‌ പോകാന്‍ തുടങ്ങിയ വേറേ ചില "പുലികള്‍" ഇത കാണുകയും, കോമളനു നേരേ എത്തിപ്പിടിച്ച്‌ കയ്യ്‌ കൊടുക്കുകയും ചെയ്തു. എന്തോ ഭാഗ്യം, കോമളന്‌ ആ കയ്യില്‍ 2 വിരലുകളില്‍ പിടുത്തം കിട്ടി. അതില്‍ പിടിച്ച്‌ ഒലിച്ചുപോകാതെ നിന്നും. അപ്പൊഴെക്കും മറ്റുള്ളവര്‍ എത്തി വലിച്ചു കയറ്റി.

കയറി വന്ന് ഒരു ദീര്‍ഘനിശ്വാസം വട്ട്‌, രാക്ഷസനെ പോലെ തന്നെ പിടിച്ച്‌ വലിച്ച ആ അഗാധമായ വെള്ളച്ചാട്ടത്തിലേക്ക്‌ നോക്കി കോമളന്‍ പറഞ്ഞു...

"സങ്കതി ഞാന്‍ വിചാരിച്ച പോലെയല്ലാ ട്ടാ..."

അത്‌ കേട്ട്‌ അവിടെ നിന്ന ഒരു പുലി പറഞ്ഞു, ഇവിടെയല്ലാ കുളിക്കാന്‍ ഇറങ്ങണ്ടത്‌. കുറച്ചപ്പുറത്താണെന്ന്. ഇവിടെ കുളിച്ചാല്‍ പിന്നെ തലതോര്‍ത്തേണ്ടി വരില്ലെന്നും അവന്മാര്‍കൂട്ടിച്ചേര്‍ത്തു.

മരണത്തിനു തൊട്ട്‌ മുന്‍പുള്ള സമയത്തിന്റെ വില ശരിക്കും മനസ്സിലാക്കിയ കോമളന്റെ ഭയം അപ്പൊഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ആഴങ്ങളിലേക്ക്‌ നോക്കി തിരിച്ച്‌ നടക്കാന്‍ പോയ കോമളന്റെ കാലുകള്‍ ആ പാറമടക്കുകള്‍ക്കിടയില്‍ തെന്നി... കോമളന്‍ ദേ പിന്നേം വെള്ളത്തിലേക്ക്‌... പഴയതിലും വാശിയോടെ.. വേഗത്തോടെ... തിരിച്ചു നടക്കാന്‍ തുടങ്ങിയ പുലികള്‍ പുറകില്‍ നിന്നും വീണ്ടും പഴയപോലെ ഒരു കരച്ചില്‍ കേട്ട്‌ തിരിഞ്ഞു നോക്കി... ദേ അവന്‍ പിന്നേം വെള്ളത്തില്‍...

കോമളന്റെ യോഗം.. ഇത്തവണയും അവന്മാര്‍ക്ക്‌ പിടികിട്ടി. ഒരു വിധം വീണ്ടും കരക്ക്‌ കേറ്റി. തന്നെ രക്ഷിച്ചവരുടെ ആത്മാര്‍ത്ഥതയില്‍ ശരിക്കും സുന്തുഷ്ടനായ കോമളന്‍ അവരോട്‌ നന്ദി പറഞ്ഞു.. "ചേട്ടാ... ദാന്‍ക്സ്‌..."

ആ സീന്‍ ആണ്‌ പുഷ്പന്‍ കോമളനെ വിളിക്കാന്‍ വന്നപ്പ്പ്പോ കണ്ടത്‌. തന്റെ ജീവിതം 2 വിരലുകള്‍ക്കിടയില്‍ കിടന്ന് പിടഞ്ഞത്‌ കോമളന്‌ മനസ്സിലാക്കാന്‍ കുറച്ച്‌ സമയം എടുത്തു. സോണി എറിക്സണ്‍ അല്ലാ, കോമളന്‍ കാട്ടം എന്ന ഞാന്‍ തന്നെയാണ്‌ വിലപിടിച്ചത്‌ എന്നും.

ഈ കഥ മുഴുവന്‍ കേട്ട ബാകി മൂന്ന് എണ്ണങ്ങള്‍ പിന്നെ തുടങ്ങിയില്ലേ.... തെറി പറയാന്‍. ഒരുപാട്‌ കാലമായിട്ട്‌ ആരെയും ശരിക്ക്‌ ഒന്ന് ഉപദേശിക്കാന്‍ പറ്റാത്തതിന്റെ ക്ഷീണം മുഴുവന്‍ അന്ന് കോമളനോട്‌ തീര്‍ത്തു.

തിരിച്ച്‌ വീട്ടില്‍ എത്തുന്ന വരെ പാവം കോമളനെ കുരിശില്‍ കേറ്റി. അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന പാഠം അവന്‍ ഇനി ഉറക്കത്തില്‍ പോലും മറക്കില്ല എന്നത്‌ കട്ടായം.

എരിവിന്റെ കൂടെ കുറച്ച്‌ ചൂടും കൂടി എന്ന മാതിരി അപ്പോ പുഷ്പന്റെ കമ്മന്റ്‌: "ഞാന്‍ തുടക്കത്തിലേ പറഞ്ഞതല്ലേ... എന്തോ പ്രശ്നം ഉണ്ട്‌... തിരിച്ച്‌ പോകാം എന്ന്..."

ദിവാരന്‍ വണ്ടിയുടെ സ്പീഡ്‌ കൂട്ടിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പുഷ്പനും പിന്നെ ഒന്നും മിണ്ടിയില്ല.

വീടിന്‍ കുറച്ചകലെയുള്ള ഒരു ഹോട്ടലില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.. തിരിച്ച്‌ വന്ന് വണ്ടിയില്‍ കയറി.. സംഭവബഹുലമായ ഒരു ദിവസം കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ക്ഷീണിതരായി എല്ലാരും വണ്ടിയിലിരുന്നു. പെട്ടന്ന് എന്തോ ഒരു ശബ്ധം കേട്ട്‌ കോമളന്‍ : "ഡാ... എന്താഡാ ഒരു ശബ്ധം ?"

അത്‌ മനസ്സിലാക്കിയ ദിവാരന്‍ വണ്ടി നിര്‍ത്തി, കോമളനോട്‌ നോക്കാന്‍ പറഞ്ഞു. പുറത്തിറങ്ങി നോക്കിയ കോമളന്റെ മുഘത്ത്‌ ഒരു വളിഞ്ഞ ചിരി തൂങ്ങിക്കിടന്നു...

"ഡാ... ഈ ടയര്‍ പഞ്ചറായി ഡാ..."

"ങേ... എന്തോന്നാ ???? " അത്‌ ചോദിച്ചത്‌ ബാകി 3 പേരും കൂടെ ഒരുമിച്ചായിരുന്നു.

(പിന്‍കുറിപ്പ്‌ : പഞ്ചറായ ചക്രം ഞങ്ങള്‍ തന്നെ അവസാനം മാറ്റേണ്ടി വന്നു... ആദ്യമായി ജാക്കി ലിവറും മറ്റും ഉപയ്യോഗിക്കേണ്ടി വന്ന കോമളന്‍ അവസാനം ഇങ്ങനെ പറഞ്ഞു..

"സങ്കതി ഞാന്‍ വിചാരിച്ച പോലെ അല്ലാട്ടാ..." )

കോമളകേളികള്‍ - (കോമളചരിതം ഭാഗം 2)


(വായനക്കാരുടെ ശ്രദ്ധക്ക്‌ : ഇതൊരു യാത്രാവിവരണം ആണ്‌. കോമഡിയും, ട്രാജഡിയും, പാരഡിയും, സെന്റിമെന്റ്‌സും ഒക്കെ ഉള്ള ഒരു വിവരണം. ട്രാജഡിയുടെ എഫക്റ്റ്‌ കുറക്കാന്‍ വേണ്ടി, ട്രാജഡിയില്‍ കോമഡി മിക്സ്‌ ചെയ്തത്‌ മനപ്പൂര്‍വം ആണെന്ന് നേരത്തേ അറിയിക്കട്ടേ.)

ഇത്തവണ കോമളന്‍ മൊത്തം സെന്റിമെന്റ്‌സില്‍ ആണ്‌. ഒരുപക്ഷേ, ഈ ചരിതം കോമളന്റെ അവസാന ചരിതം ആയേനേ. അതിശയിക്കേണ്ട. "ഞാന്‍ എന്നേം കൊണ്ടേ പോകൂ" എന്ന് പറഞ്ഞു നടക്കുന്നവന്‌ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയം ഉള്ളൂ. കോമളന്‌ ഈ ലൈഫ്‌ ആഫ്റ്റര്‍ ഡെത്‌ എന്‍ പറഞ്ഞാ എന്താ എന്ന് അറിയാന്‍ ഒരാശ. പക്ഷേ ലൈഫ്‌ ബിഫോര്‍ ഡെത്‌ തന്നെയാണ്‌ ഇപ്പോ നോക്കേണ്ടത്‌ എന്ന് സ്വയം നടത്തിയ ഒരു ട്രയല്‍ ആന്‍ഡ്‌ എറര്‍ പരീക്ഷണത്തില്‍ നിന്നും വിദ്വാന്‌ പുടികിട്ടി.

കഥ ഇങ്ങനെ:

നല്ല സുന്ദരമായൊരു ഞായറാഴ്ച്ച ദിവസം, ആന്റിയുടെ സ്പെഷ്യല്‍ ചപ്പാത്തി ഒക്കെ അടിച്ച്‌ ചുമ്മാ വീട്ടില്‍ കുത്തിയിരിക്കേണ്ട മങ്കലശ്ശെരി പിള്ളേര്‍ക്‌ എന്തോ വെളിപാടുണ്ടാകുന്നു. ആ വെളിപാട്‌ ശബ്ധമായി പുറത്തേക്ക്‌ വന്നത്‌ ദിവാകരന്റെ വായില്‍ നിന്നാണ്‌." നമുക്ക്‌ എങ്ങടെങ്കിലും വിട്ടാലൊ? അമ്മാവന്റെ - സോറി- ആന്റപ്പന്റെ കാറ്‌ ചുമ്മാ പൊടിപിടിച്ച്‌ കിടക്കുകയല്ലേ... ". റോഡ്‌ സൈഡില്‍ കിടന്നുറങ്ങുന്ന നായകള്‍ ഹോണ്‍ അടിച്ചാല്‍ തലപൊക്കി നോക്കുന്ന പോലെ കിടക്കയില്‍ നിന്നും മറ്റ്‌ മങ്കലശ്ശേരി പിള്ളേര്‍ തല പൊക്കി നോക്കി... ചിലര്‍ ചാടി എണിറ്റിരുന്നു. ചിലര്‍ പതുക്കെ പൊക്കിയതിനേക്ക്കാള്‍ സ്പീഡില്‍ തല താഴ്ത്തി കിടന്നു. ഞാനൊന്നും കേട്ടില്ലേ.. എന്ന മട്ടില്‍.

മെക്കഡാട്ട്‌ എന്ന ഒരു സ്ഥലം. അവസാനം, ഞങ്ങള്‍ (എല്ലാരും ഇല്ല, ശശി, കോമളന്‍, പുഷ്പന്‍ പിന്നെ ദിവാരന്‍) അവിടേക്കാണ്‌ പോകാന്‍ തീരുമാനിച്ചത്‌. അപ്പോള്‍ തുടങ്ങി... ഒരു നശിച്ച ദിവസത്തിന്റെ ആദ്യപടി. അമ്മാവന്റെ കാര്‍ കഭത്തിന്റെ ശല്യമുള്ള അപ്പാപ്പന്മാര്‍ ചുമക്കുന്ന പോലെയുള്ള ശബ്ധത്തോട്‌ കൂടി സ്റ്റാര്‍ട്‌ ആയി. ശശിയാണ്‌ വണ്ടി എടുക്കാന്‍ നോക്കിയത്‌. ഒരു ചാട്ടം ചാടി വണ്ടി നിന്നു. ഞങ്ങള്‍ ശശിയെ ഒന്ന് നോക്കി. ഇതൊക്കെ എന്ത്‌.. എന്ന മട്ടില്‍ ശശി വീണ്ടും... ഇത്തവണ വണ്ടി 2 വട്ടം ചാടി നിന്നു. "എന്റെ ചെരുപ്പ്‌ ശരിയല്ലെടാ... അതാ.." ശശി പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. ഒന്നൂടെ ട്രൈ ചെയ്തിട്ട്‌ ശശി വണ്ടിയുടെ പിന്‍സീറ്റില്‍ ചെന്നിരുന്നിട്ട്‌ ഇങ്ങനെ പറഞ്ഞു... "ദിവാരാ... നീ എടുത്തോടാ.." (ഇക്കൂട്ടത്തില്‍ ഈ 2 പേര്‍ക്കേ ഡ്രൈവിംഗ്‌ അറിയൂ)

യാത്ര തുടങ്ങി. ആന്റപ്പന്റെ വണ്ടിയില്‍ പാട്ട്‌ കേക്കാന്‍ പ്രത്യേകിച്ച്‌ സംവിധാനങ്ങള്‍ ഒന്നുമില്ല. അത്യാവശ്യമാണെങ്കില്‍, നമ്മള്‍ തന്നെ പാടണം. അത്‌ റിസ്ക്‌ ആയതിനാല്‍ ആരും പാടിയില്ല. 10.30 എ.എം. വണ്ടി ബി ടി എം ല്‍ നിന്ന് ബനഷങ്കരി ലക്ഷ്യമാക്കി പാഞ്ഞു. എല്ലവര്‍ക്കും ബയങ്കര ഉഷാര്‍. അങ്ങിനെ ഒരു അര മണിക്കൂര്‍ ആയിക്കാണും. മുന്നില്‍ ഞങ്ങള്‍ ഫോളോ ചെയ്തിരുന്ന സുന്ദരിക്കുട്ടിയുടെ വണ്ടി എങ്ങോ മറഞ്ഞപ്പോഴാണ്‌ എല്ലാവരും സംസാരിക്കന്‍ തുടങ്ങിയത്‌. അതിലൂടെ പോയ ഒരു പോലീസ്‌ വണ്ടി കണ്ടപ്പോ നമ്മുടെ ദിവാരന്‍ ഓര്‍ത്തു: "ശേഡാ.. എന്റെ ഒറിജിനല്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കൂടി എഡുക്കാമായിരുന്നു..."

അപ്പോ ശശി.. "സരമില്ല, ഡൂപ്ലി ഉണ്ടല്ലോ... അത്‌ മതി"

"ഇല്ലെഡാ.. അതും ഇല്ലാ..." ദിവാരന്‍.

"ങേ.. അപ്പൊ നീ ലൈസന്‍സ്‌ ഒന്നും എഡുത്തില്ലേ?? " അത്‌ ചോദിക്കുമ്പോള്‍ ശശിയുടെ മൂക്കിനടിയിലെ രോമങ്ങള്‍ ചാടിയെണിറ്റു നിന്നിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

വണ്ടി വഴിയില്‍ ഒതുക്കി... ഞങ്ങള്‍ നാലുപേരും കാറിന്റെ നാല്‌ ജാലകത്തിലൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു... വേറെ എന്ത്‌ ചെയ്യാന്‍. ഇത്രയും വഴി വന്നു. ഇനി തിരിച്ചു പോയി കടലാസും എടുത്ത്‌ വരുമ്പോഴെക്കും വൈകും...

"ഡാ.. ആരോ എവിടെയോ ഇരുന്ന് നമുക്ക്‌ ഒരു വാണിംഗ്‌ തന്നതാണോ... പോകണ്ടാ മക്കളേ... എന്ന്?" പുഷ്പന്‍ പറഞ്ഞു.

"ഭ! ------- (ബാകി എഴുതാന്‍ കൊള്ളില്ല.)

കാറ്‌ തിരിച്ചു. കടലാസും ഒക്കെ എടുത്ത്‌ വീണ്ടും യാത്രതുടങ്ങി. നേരേ മെക്കഡാട്ട്‌. പണ്ടാരം!

2.30 ആയപ്പോള്‍ ഞങ്ങള്‍ എത്തി. ഒരു ചെറുപുഴ നടന്ന് അപ്പുറം ചെല്ലണം. അവിടെ നിന്നും ബസ്സ്‌/ജീപ്‌ സെര്‍വീസ്‌ ഉണ്ട്‌. ഞങ്ങള്‍ ആ ബസ്സില്‍ കയറി. മരിക്കാന്‍ നേരത്ത്‌ ഒരുതുള്ളി വെള്ളം കിട്ടാന്‍ വേണ്ടി വായും പൊളിച്ച്‌ കിടക്കുന്ന വയസ്സന്റെ മാതിരി ഒരു ബസ്സ്‌. സ്വാതന്ത്ര്യ കാലത്തിനു മുന്‍പേ നല്ലപ്രായം കഴിഞ്ഞെതാണെന്ന് ഒറപ്പ്‌. നമ്മുടെ പറക്കും തളിക (അല്ലെങ്കി താമരാക്ഷന്‍ പിള്ള) പോലെ, തമിഴരുടെ സുന്ദരാ ട്രാവല്‍സ്‌ പ്പൊലെ... കന്നഡക്കാരുടെ.... ശ്ശൊ! മറന്നല്ലോ.. എന്തോ ഒരു കോപ്പ്‌ പോലെ.. ആ ബസ്സ്‌ അങ്ങിനെ തലൗയര്‍ത്താന്‍ പറ്റാതെ നിന്നു. ബസ്സ്‌ ചാടിത്തുടങ്ങി (ഓടിത്തുടങ്ങി എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌). സൈഡില്‍ കണ്ട ഇരുമ്പുകമ്പികളില്‍ അള്ളിപ്പിടിച്ച്‌ ഇരുന്നത്‌ കോണ്ട്‌ പുറത്തേക്ക്‌ തെറിച്ച്‌ പോകാതെ ഞങ്ങള്‍ രക്ഷപ്പെട്ടു.

(താമരാക്ഷന്‍ പിള്ള)


കൊള്ളാം... നല്ല സുന്ദരമായ സ്ഥലം തന്നെ. മൊത്തം പാറകളാല്‍ സമൃദ്ധം. പാറകള്‍ക്കിടയില്‍ ഓടിക്കളിക്കുന്ന കുറെ സുന്ദരികളും.. പലനിറങ്ങളിലും, ആകൃതികളിലും. പിന്നൊന്നും അലോചിച്ചില്ല. ഞങ്ങള്‍ താഴോട്ടിറങ്ങി... വളരെ വേഗത്തില്‍ തന്നെ. ആ സുന്ദരികളായിരുന്നു അവസാന ലക്ഷ്യം. അവിടെ എത്തിയപ്പോഴാണ്‌ ദിവാരന്‍ കണ്ടത്‌. സുന്ദരികള്‍ക്കൊപ്പം കുറ സുന്ദരന്മാരും ഉണ്ട്‌ എന്നത്‌. "പെണ്‍പിള്ളേരോ.. ശെ.. ശെ.. " എന്ന മട്ടില്‍ ഞങ്ങള്‍ 4 പേരും വേറേ ദിക്കിലേക്ക്‌ നോക്കി നടന്നു.


(മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ സ്ഥലങ്ങള്‍!)


പാറകള്‍ക്കിടയിലൂടെ അള്ളിപ്പിടിച്ച്‌ കയറുക എന്ന് വെച്ചാല്‍ ഇത്തിരി പണി തന്നെ. ശശിക്കും, പുഷ്പനും ചെറിയ പേടി തോന്നി, അത്രക്കില്ലെങ്കിലും ദിവാരനും ചെറുതായി ആ സാധനം തോന്നി. അതുകൊണ്ട്‌ തന്നെ അവന്മാര്‍ 3 പേരും അല്‍പസ്വല്‍പം നോക്കിയും കണ്ടും ഒക്കെയാണ്‌ നടന്നത്‌. എങ്ങാനും പിടിവിട്ടാല്‍ നേരേ താഴേക്ക്‌. കൂര്‍ത്ത്‌ തുറിച്ച്‌ ചാടി നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടുകളില്‍ അടിച്ച്‌ - ഇടിച്ച്‌ താഴേക്ക്‌... ഒരു പ്ലാസ്റ്റിക്‌ ബോട്ടില്‍ പോലെ. വെള്ളത്തില്‍ എത്തുമ്പോഴേക്കും ധരിച്ച വസ്ത്രം മാത്രമേ (നല്ല ബ്രാന്‍ഡഡ്‌ ആണെങ്കിമാത്രം) ബാകി കാണൂ.

(ഞങ്ങളെ ആരെങ്കിലും തല്ലൂ... പ്ലീസ്‌...)


എന്നാല്‍ ഇതൊക്കെ പുല്ലാ.. വെറും പുല്ലാ എന്ന് പറഞ്ഞ്‌ ഒരുത്തന്‍ മാത്രം പാറകള്‍ക്കിടയിലൂടെ ചാടി ചാടി നടന്നു.നമ്മുടെ കോമളന്‍. ടൂറിസ്റ്റുകളുടെ കയ്യില്‍ നിന്നും ആഹാരസാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ നില്‍ക്കുന്ന കുരങ്ങന്മാര്‍ പോലും അവന്റെ ആ വെകിളിത്തരങ്ങള്‍ കണ്ട്‌ അമ്പരന്നു.

അങ്ങിനെ ചാടിച്ചാടി നടന്ന കോമളന്‍ പല പോസിലും പല പറക്കുമുകളിലും കയറി ഫോട്ടോക്‌ പോസ്‌ ചെയ്തു. ശശിയും, പുഷ്പനും ദിവാരനുമെല്ലാം സ്നേഹം കൊണ്ട്‌ അവനെ ഉപദേശിച്ചു.. "ഡാ.. നോക്കി നടക്കണേ... താഴെപ്പോയാ പിന്നെ ഞങ്ങളെ നോക്കണ്ടാ.."

കോമളനിതൊക്കെ യെന്ത്‌... "ഇതൊന്നും എനിക്ക്‌ പേടിയില്ലെഡാ പിള്ളേരേ... യൂ നോ വൈ? കോസ്‌ ഐ ആം എ ജീനിയസ്‌!" കോമളന്‍ സിമ്പിളായി പറഞ്ഞു.
(കോമളന്‍: കീച്ചെടാ എന്റെ ഫോട്ടോ. കിടിലന്‍ ആവണം ട്ടാ...)

നല്ല പൊരിഞ്ഞവെയിലത്ത്‌ ഫോടോ സെഷന്‍ കഴിഞ്ഞതോടെ ശശിയും പുഷ്പനും സൈഡായി. ഇനിയും എനര്‍ജി പോകാത്ത ദിവാരനും, കോമളനും സാഹസികതളുടെ മേച്ചില്‍പുറങ്ങള്‍ തേടി അലഞ്ഞ്‌ നടന്നു.

അങ്ങിനെ കോമളന്‍ തനിക്ക്‌ സ്വസ്ഥമായി നീന്തിക്കുളിക്കാനും മറ്റുമായി ഒരിടം ആ പാറക്കെട്ടുകള്‍ക്കിറ്റയി എവിടെയോ കണ്ടെത്തി. അങ്ങോട്ട്‌ സാഹസികന്മാരായ പുലികള്‍ക്ക്‌ മാത്രമേ പ്രവേശനം ഉള്ളൂ എന്ന് വിവരമുള്ളവര്‍ക്ക്‌ മനസ്സിലാവും. കാരണം അങ്ങോട്ട്‌ എത്തിപ്പെടണമെങ്കില്‍ തന്നെ ജീവന്‍ പണയം വെക്കണം. പകുതി വഴി വരെ കുറച്ച്‌ ബുദ്ധിമുട്ടിയാ മതി എത്താന്‍. അതു കഴിഞ്ഞാല്‍ കുത്തനെ പാറ ഇടുക്കുകള്‍... ഇറങ്ങി ചെന്നാല്‍, വെള്ളച്ചാട്ടത്തിനു മുന്‍പുള്ള ഒരു പാറക്കെട്ടിലേക്കെത്താം. അവിടെയാണ്‌ കോമളന്‍ കുളിക്കാന്‍ പോയത്‌.

ശശിയും, പുഷ്പനും അങ്ങോട്ട്‌ പോയെയില്ല. പേടിച്ചിട്ടൊന്നുമല്ല. വയ്യ. അതാ. കുറേ നേരം കഴിഞ്ഞപ്പോ ദിവാരന്‍ തിരിച്ചെത്തി. കോമളനൊപ്പം താഴേക്ക്‌ ഇറങ്ങിപ്പോകാന്‍ എന്തുകൊണ്ടോ ദിവാരന്‌ തോന്നിയില്ല. പകരം തലേല്‍ക്കെട്ടും കെട്ടി, നീരാടാന്‍ പോകാന്‍ നില്‍ക്കുന്ന കോമളന്റെ കലക്കന്‍ പടങ്ങളും എടുത്ത്‌ തിരിച്ച്‌ വന്നു.

സമയം പൊയ്യ്ക്കൊണ്ടിരുന്നു. കയ്യില്‍ കരുതിയ വെള്ളവും, തീറ്റയും ഒക്കെ തീര്‍ന്നു. ഇനിയും കോമളന്‍ ഇനിയും വന്നില്ല. കാത്തിരുന്ന് ദേഷ്യം വന്ന പുഷ്പന്‍ കോമളനെ പോയി വിളിക്കാന്‍ തീരുമാനിച്ചു.
തുടരും...