Friday, March 20, 2009

ആദിവിനയന്‍

ചില ആളുകള്‍ ഇങ്ങനെയാണ്‌. വാളെടുത്ത്‌ വെട്ടാന്‍ വരുന്നവനോടും വിനയത്തോടെ മാത്രം സംസാരിക്കുന്നവര്‍. വിനയം, വിനയേന വിനയേ എന്ന സംസ്കൃത ശ്ലോകം സ്വഭാവത്തില്‍ കൊണ്ട്‌ നടക്കുന്ന ചിലര്‍. അത്തരത്തിലൊരാളാണ്‌ നമ്മുടെ ശശി. ശശിയുടെ ആ അക്രമ വിനയം കണ്ട് നാട്ടുകാരവനൊരു ചെല്ലപ്പേരുമിട്ടു. ആ കഥക്കൊരു ഫ്ലാഷ് ബായ്ക്.
--------------------

നാട്‌ മുഴുവന്‍ അത്യാവശ്യം ഫേമസ്‌ ആയ ഒരു പലചരക്ക്‌ വ്യാപാരിയുടെ ഇളയ പുത്രനായ ശശി മിക്കവാറും ഒഴിവു ദിനങ്ങങ്ങളില്‍ അച്ചന്റെ കടയില്‍ ആയിരുന്നു കഴിച്ചു കൂട്ടിയത്‌. കൂട്ടത്തില്‍ കടയിലെ കണക്കുകളും അവന്‍ കൂട്ടി. അങ്ങിനെ കിട്ടിയ അപാര എക്സ്പീരിയന്‍സ്‌ മൂലമാണ്‌ പിന്നീടങ്ങോട്ടുള്ള ശശിയുടെ ജീവിതയാത്രയില്‍ വന്നിട്ടുള്ള കണക്ക്‌/അക്കൗണ്ട്സ്‌ പരീക്ഷകളിലെല്ലാം ഫുള്‍ടി ഫുള്‍ മാര്‍ക്ക്‌ കിട്ടിയതെന്നും പറയപ്പെടുന്നു.

കടയില്‍ അഛനില്ലാത്ത സമയത്ത്‌, ഞാനാണിവിടെ അധികാരി, എല്ലോര്‍ക്കും മേലാവി എന്ന വിധമായിരുന്നു ശശിയുടെ പെരുമാറ്റം. ഇടക്കിടക്ക്‌ "ഡാ, ആ ചാക്കെടുത്ത്‌ അപ്രത്തേക്കിട്‌, മറ്റേതെടുത്ത്‌ ഇപ്രത്തേക്കിട്‌", "ചുമ്മാ ഇരിക്കാനല്ല നിനക്കൊക്കെ കാശ്‌ തരുന്നത്‌" തുടങ്ങിയ വില കൂടിയ ഡയലോഗുകള്‍ വിടാനും ശശി നേരം കണ്ടെത്തി. അങ്ങിനെ അഹന്ത, അഹംഭാവം, അഹങ്കാരം തുടങ്ങിയ ക്യാരക്ടര്‍ റോളുകളും ശശി ചെയ്യാന്‍ തുടങ്ങി.

അങ്ങിനെ അരിച്ചാക്കില്‍ വന്നിരിക്കുന്ന ഈച്ചകളെ മിണ്ടാതെ ചെന്ന് "ഐ ഷാല്‍" എന്ന് പറഞ്ഞ്‌ ചാടിപ്പിടിച്ച്‌ നേരം കളഞ്ഞ ഒരു ദിവസം, ഉച്ച നേരം...

"ചേട്ടാ, മോലാളീല്ല്യേ ഇവ്ടെ?"

റ്റ്വീറ്ററില്‍ നിന്നും വരുന്ന പോലത്തെ ശബ്ദം കേട്ട് ശശി കയ്യിലിരുന്ന ഈച്ചകളെ പറത്തിവിട്ട്‌ തിരിഞ്ഞ്‌ നോക്കി.

ഒരെലിമ്പന്‍ പയ്യന്‍. പുര നിറഞ്ഞുനില്‍ക്കുന്ന ഒരു പടവലങ്ങാ സൈസിലൊരുത്തന്‍.

"ന്താ ഡാ, ന്നെ കണ്ടിട്ട്‌ മൊതലാളീടെ ലുക്കില്ലേ? ഞാനാ ഇവിടുത്തെ ആള്‌. ന്താ വേണ്ടേ?" ശശി ഇച്ചിരി കനപ്പിച്ച്‌ ചോദിച്ചു.

"ഇയ്ക്ക്‌ മറ്റേ മോലാളീന്യാ കാണണ്ടെ... ശരിക്കത്തെ മോലാളീ."

"ഡാ കോവയ്ക്കാ ചെക്കാ, ആ മോലാളീടെ മോനാ ഞാന്‍. ന്നോട്‌ പറഞ്ഞാലും മതീട്ടാ. നീ ഏത്‌ വീട്ടില്യാ?"

അത്‌ പറഞ്ഞതും, റബ്ബര്‍ പന്ത്‌ പോലെ ശശിക്ക്‌ മറുപടിയും കിട്ടി.

"കോവയ്ക്ക ചെക്കന്‍ നിന്റെ ----"

ചെക്കന്റെ ഡയലോഗ്‌ കേട്ടതും ശശിയുടെ ടെമ്പര്‍ തെറ്റി. കണ്ണുകള്‍ ലാമ്പിയുടെ ഹെഡ്ലൈറ്റ്‌ പോലെ തള്ളി വന്നു.

"ഭ! ഡാഷ്‌ ചെക്കാ. ആരോടാടാ നിന്റെ കളി. ഞാനൊരു കീറ്‌ കീറ്യാലുണ്ടല്ലോ. നിന്റെ ഡെത്ത്‌ ഓഫ്‌ ദ ഡേ ആയിരിക്കും... പിറ പീസേ..."

അത്‌ പറയുന്ന അതേ സമയത്ത്‌, കടയില്‍ എലിയെ തല്ലാന്‍ വെച്ചിരുന്ന വടിയെടുത്ത്‌ ശശി അവന്റെ ഹൗസിംഗ്‌ കോമ്പ്ലെക്സിനിട്ട്‌ ഒരു തല്ലും കൊടുത്തു.

"ഡിഷ്ക്കും!"

ചെക്കന്‍ കരഞ്ഞു!

അത്‌ ശശി ഒട്ടും പ്രതീക്ഷിച്ചില്ല. ചെക്കനാണെങ്കി ഒടുക്കത്തെ കാറല്‍.

ശശിയുടെ ടെമ്പര്‍ പോയി, ടെന്‍ഷന്‍ വന്നു... അവന്‍ പ്ലേറ്റ്‌ മാറ്റി.

"ഡാ.. മോനേ... കുട്ടാ കരയല്ലേ ഡാ... മാമനല്ലേ പറേണേ... നാരങ്ങ മുട്ടായി വേണോ...?"

അത്‌ കേട്ടതും അവന്‍ അലറല്‍ ഡബിള്‍ സ്റ്റ്രോങ്ങാക്കി. ഫുള്‍ വോള്യം!

അലറലോടലറല്‍!

അവസാനം ഒരുവിധം ചെക്കനെ പറഞ്ഞ്‌ സൈഡാക്കി വിട്ടിട്ട്‌ ശശി ഇങ്ങനെ പറഞ്ഞത്രെ...

"ഹും, ഇവനല്ല, ഇവന്റച്ഛന്‍ മുത്തുപ്പട്ടര്‌ വന്നാ എന്നെ കളിപ്പിക്കാന്‍ പറ്റില്ല. പിന്നല്ലേ..."

അങ്ങിനെ അന്ന് വൈകീട്ട്‌ അമ്പലത്തിനടുത്തുള്ള വഴിയിലൂടെ ഒറ്റക്ക്‌ നടന്നുപോകുമ്പോളാണ്‌ ശശിയെ പിന്നില്‍ നിന്നും അരോ തോണ്ടിയത്‌.

തിരിഞ്ഞു നോക്കിയ ശശി കണ്ടത്‌ അരോഗ്യ ദൃഢഗാത്രരായ മൂന്ന് ആങ്ങളമാരെ.

"ശശിയല്ലേ? " ഒരുത്തന്റെ ചോദ്യം.

"ആണെങ്കി?" ശശിയുടെ മറുപടി.

അടുത്ത സംഭാഷണത്തിന്‌ ആര്‍ക്കും ടൈം കിട്ടിയില്ല.

പിന്നീട്‌ "വൈകീട്ട്‌ അമ്പലത്തിനടുത്ത്‌ പടക്കം പൊട്ടുന്നപോലെ എന്തോ ഒന്ന്" കേട്ടൂ എന്ന തിരുമേനിയുടെ കമന്റിന്റെ മീനിംഗ്‌ പട്ടമടലുകൊണ്ട്‌ പുറത്തിനിട്ടടിക്കുമ്പോള്‍ ഉണ്ടാവുന്നതാണെന്ന് ശശിക്കല്ലാതെ ആ നാട്ടിലെ ആര്‍ക്കും മനസിലായില്ല.

പിറ്റേന്ന് അച്ഛന്റെ കൂടെ കടയിലെത്തിയ ശശി അരിവാങ്ങാന്‍ വന്ന ഒരു കൊച്ചനോട്‌ "ഹാ, മോനോ.. എന്താ വേണ്ടേ... മാമന്‍ എടുത്ത്‌ തരാം ട്ടാ" ന്ന് പറഞ്ഞ്‌ വിനയ പുരസനായി പെരുമാറുന്നത്‌ ശ്രദ്ധിക്കുകയും, അതില്‍ സന്തുഷ്ടനായാ അച്ഛന്‍ "കൊള്ളാം മോനേ.. ഈ വിനയം എന്നും നിന്റെ കൂടെ വേണം... അതാണ്‌ നല്ലവരുടെ ലക്ഷണം" എന്ന് ഉപദേശിക്കുകയും ചെയ്തു.

അങ്ങിനെ ഉപദേശത്തിനാല്‍ നന്നായ ശശി പിന്നീടങ്ങോട്ട്‌ ആരെ കണ്ടാലും ഓവറായിട്ട്‌ വിനയനായി തുടങ്ങി. അങ്ങിനെ വിനയനായ ശശിക്ക്‌ നാട്ടുകാരെല്ലാരും കൂടി ഒരു പേരിട്ടു. ആദ്യമായിട്ട്‌ വിനയനായവന്‍, ആദിവിനയന്‍!

3 comments:

മി | Mi said...

വളരെ നന്നായിട്ടുണ്ട്!

Rare Rose said...

ഹോ...ശശി പേരിനെ ശരിക്കും അന്വര്‍ത്ഥമാക്കി..:)

Ashly said...

nice :)