Thursday, April 23, 2009

വിഷുക്കെണി!

തനിക്ക്‌ വേണ്ടി പെണ്ണിനെ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന കോമളനെ സേത്തുവിന്‌ ദൈവത്തെപ്പോലെ തോന്നി. ഇന്നത്തെക്കാലത്ത്‌ ഇങ്ങനെയൊക്കെ സഹായിക്കുന്ന ഒരു സുഹൃത്തിനെ കിട്ടിയത്‌ തനെ മഹാഭാഗ്യമാണെന്നവന്‍ വിശ്വസിച്ചു.

കൊച്ച്‌ അങ്ങ്‌ മുംബയില്‍ വലിയൊരു സോഫ്റ്റ്‌ വെയര്‍ കമ്പനിയിലാണ്‌ ജോലിചെയ്യുന്നതെന്ന് കേട്ടപ്പൊഴേ സേത്തുവിന്‌ കോമളന്‍ കൊണ്ടു വന്ന അലോജന നന്നേ ബോധിച്ചു. തന്നെപ്പോലെ തന്നെ സമൂഹിക മൂല്യങ്ങളെ മോളിലോട്ട്‌ ഉയര്‍ത്തി പിടിക്കുന്ന സ്വഭാക്കാരി ആയിരിക്കും അവളെന്ന് സേത്തു ആഗ്രഹിച്ചു.

അതെ... പ്രകൃതിയുടെ താളത്തിനൊത്ത്‌ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടി തന്നെയായിരിക്കും അവള്‍. വയറ്റില്‍ പിഴപ്പിനു വേണ്ടി സ്വന്തം ശരീരത്തില്‍ വന്ന് ചോരയൂറ്റി കുടിക്കുന്ന പാവം കൊതുകിനെ, "മതിയാവോളം കുടിച്ചോളൂ.. കുറച്ച്‌ വേണമെങ്കില്‍ വീട്ടിലേക്കും കൊണ്ടോക്കോളൂ" എന്ന് പറഞ്ഞ്‌ നോക്കിയിരിക്കുന്ന സ്വഭാവമുള്ളവള്‍. വൈകീട്ട്‌ കണവന്‍ കൂടയണയുന്നതും നോക്കി പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തി പൂതിങ്കളും, ചൊവ്വയും ഒക്കെ ആയി നില്‍ക്കുന്നവള്‍. ഞാന്‍ വീടണയുമ്പൊഴേക്കും എനിക്കായി ചായയും, റസ്ക്കും, പാര്‍ളെ-ജി യും കൊണ്ടു വന്ന് തരുന്നവള്‍. "കണ്ടൊ... കണ്ടോ... ഷൂവൊക്കെ ഇവിടെയാ വെക്ക്യാ?" എന്ന് ചോദിച്ച്‌ എന്റെ ഷൂ ഊരി വെക്കുന്നവള്‍, എനിക്കിഷ്ടമുള്ള മീന്‍ അവിയല്‍ ഉണ്ടാക്കുന്നവള്‍...

അങ്ങിനെ സേത്തുവിന്റെ ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഒന്നിനുപിറകേ ഒന്നായി വന്നുകൊണ്ടിരുന്നു.

"ഡാ, നീ ഉറങ്ങിയോ, ദേ ആ കൊച്ചിന്റെ ഫൊട്ടോ കിട്ടിയിട്ടുണ്ട്‌..."

അഛന്റെ ശബ്ദം കേട്ടാണവന്‍ കണ്ണ്‍ തുറന്നത്‌...

"ഓ... അതവിടെ വച്ചേക്കൂ അച്ഛാ.. പിന്നെ നോക്കാം..." എന്ന് പറഞ്ഞ്‌, ഒട്ടും താല്‍പര്യമില്ലാത്ത പോലെ അവന്‍ തിരിഞ്ഞു കിടന്നു...

അച്ഛന്‍ തിരിച്ച്‌ നടന്ന് വാതിലടക്കുന്ന ശബ്ദം കേട്ടതും, സേത്തു ആസനത്തില്‍ ഷോക്കേറ്റപോലെ ചാടീണീറ്റ്‌, ഫോട്ടോയുടെ മേലേക്ക്‌ കമഴ്‌ന്നടിച്ച്‌ വീണു...

പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ... അതിലെ നാല്‌ വശങ്ങള്‍ക്കുള്ളില്‍ നിന്നും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ അവനവളുടെ സൗന്ദര്യം ആസ്വദിച്ചു... ഒരു ചെമ്പകപ്പൂപൊലെ അവളുടെ മുഖം...

സേത്തുവിനവളെ ക്ഷ പിടിച്ചു. ഇനിയൊന്നും നോക്കാനില്ല. ഇവള്‍ തന്നെ എന്റെ സഹധര്‍മ്മിണി. കോമളാ, നീയാണെടാ യധാര്‍ത്ത ഫ്രണ്ട്‌!

"അച്ഛാ, എനിക്ക്‌ പെണ്ണാലോജിച്ച്‌ ബുദ്ധിമുട്ടാന്‍ നിങ്ങളെയാരെയും ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ടു തന്നെ എനിക്കൊന്നും നോക്കനില്ല, നിങ്ങള്‍ കാണിച്ചു തരുന്ന കുട്ടിയെ ഞാന്‍ കണ്ണടച്ച്‌ കെട്ടും... നാളെ തന്നെ അവരോട്‌ സമ്മതം പറഞ്ഞേക്കൂ...."

അങ്ങിനെ സേത്തു അവളെ കാണാന്‍ ഒരുങ്ങി... സ്വന്തം സുഹൃത്തുക്കള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ അവന്‍ സ്വന്തം ശരീരത്തിന്റെ പരിമിതികള്‍ മറന്നു. അരവണപ്പായസത്തിനെ നിറമുള്ള സ്വന്തം ശരീരത്തിനെ പാല്‍പായസത്തിനെ നിറമാക്കാന്‍ അവനാഗ്രഹിച്ചു. എന്തിനധികം, കണ്‍തടങ്ങളിലെ കറുപ്പ്‌ മാറ്റാന്‍ പോലും അവന്‍ ആഗ്രഹിച്ചു...

കിട്ടിയ ഷര്‍ട്ടും, പാന്റും, പട്ടി ബെല്‍റ്റ്‌ പോലൊരു ബെല്‍റ്റും, പതിറ്റാണ്ടുകളായി അവന്റെ പാപങ്ങളേറ്റു വാങ്ങുന്ന ഷൂവും കളഞ്ഞ്‌ മൊഡേണാവാന്‍ അവനാഗ്രഹിച്ചു.

ഏപ്രില്‍ 11,വിഷുവിന്‌ മുന്നത്തെ ഞായറാഴ്ച്ച. അന്നാണവന്‍ അവളെ കാണാന്‍ പോകുന്നത്‌. ഒറ്റക്ക്‌ പോയി കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതിനാല്‍ കൂട്ടിന്‌ അച്ഛനും, അമ്മയും, ചേച്ചിമാരും, അമ്മവന്മ്മാരും, അവരുടെ മക്കളും അടങ്ങിയ ചെറിയൊരു ഗ്യാങ്ങ്‌ ആയിട്ടാണ് പോകുന്നത്‌.

എന്തുകൊണ്ടാണെന്നറിയില്ല, രാവിലെ മുതല്‍ സേത്തുവിന്‌ വല്ലാത്തൊരു ടെന്‍ഷന്‍. നാണവും, ഭയവും, ആകാംക്ഷയും എല്ലാം കൂടി ഇളകിമറഞ്ഞ്‌ അവിയലായി അവന്റെ നെഞ്ചില്‍ വയറിളക്കമുണ്ടാക്കി.ഗ്രഹിണി പിടിച്ചവന്‌ ബിരിയാണി കിട്ടിയ അവസ്ഥ.

അങ്ങിനെ സേത്തുവും കൂട്ടരും കുട്ടിയുടെ വീട്ടിലെത്തി. കൊള്ളാം, നല്ല വീട്‌. കാര്യം പ്രകൃതിയെ വേദനിപ്പിക്കുന്ന മട്ടിലാണ്‌ നിര്‍മ്മിതിയെങ്കിലും ചുറ്റുമുള്ള ആവാസ വെവസ്ഥക്ക്‌ കാര്യമായി കോട്ടം തട്ടിയിട്ടില്ല. പിന്നിലേക്ക്‌ ഒരുപാട്‌ പറമ്പുണ്ടെന്ന് തോനുന്നു. ഒറ്റ മകളായതിനാല്‍, സേത്തു അതിലൊരു ഭാഗം മനസില്‍ കണ്ടു...

ചായയും, പരിപ്പുവടയും, ആലുവയും, ഉപ്പേരിയുമൊക്കെ നിറഞ്ഞ ടീപ്പോയ്കരികില്‍ തന്നെ, വിയര്‍പ്പുതുടക്കാന്‍ കര്‍ച്ചീഫുമേന്തി സേത്തു ഇരുന്നു.

അവളിപ്പോ വരും... ഫോട്ടോയിനേക്കാള്‍ സുന്ദരിയായിരിക്കുമോ? ഞാനവളുടെ അടുത്ത്‌ നിന്നാല്‍ "നിലവിളക്കിനടുത്ത്‌ കരിവിളക്ക്‌ വെച്ചപോലെ"(കട്‌: ശ്രീനിവാസന്‍) ആകുമോ.. എന്നൊക്കെയുള്ള നാനാവിധമുള്ള ചിന്തകള്‍ അവനെ പരിപ്പുവടയില്‍ നിന്നും, ശര്‍ക്കരയുപ്പേരിയില്‍ നിന്നും അകറ്റി നിര്‍ത്തി.

കുട്ടിക്കുപ്പയമിട്ട്‌ മന്ദിരചേച്ചി സോഫായില്‍ ഇരിക്കുന്നപോലെ, കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച്‌, അതിനുമുകളില്‍ കയ്കള്‍ രണ്ടും കൂട്ടിപ്പിടിച്ച്‌ സേത്തു ഇരുന്നു.

"മൊളേ... ചായ കൊണ്ടുവരൂ...." പെണ്ണിന്റെ അച്ഛന്‍ അത്‌ പറഞ്ഞതും, സേത്തുവിന്റെ ഹൃദയം എന്തെരെല്ലോ വികാരങ്ങളാല്‍ ശ്വാസം മുട്ടി.

"ച്‌ലിം... ച്‌ലിം.... ച്‌ലിം..." അവളുടെ പാദസരങ്ങള്‍ കിലുങ്ങുന്ന പോലെ അവനു തോന്നി... ബാക്‌ ഗ്രൗണ്ടില്‍ "നിലാവിന്റെ പൂങ്കാവില്‍.. നിശാഗന്ദ്ധി പൂത്തു..." എന്നു തുടങ്ങുന്ന ഒരു പാട്ടവന്‍ കേട്ടു...

സേത്തു തലയുയര്‍ത്തി അവളെ നോക്കി...

ആ കാഴ്ച്ച അവന്റെ തള്ളിവന്ന കണ്ണുകള്‍ക്ക്‌ പോലും കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല....

ഉരുള്‍പൊട്ടലില്‍ ഉരുണ്ടുവന്ന രണ്ട്‌ ഉരുളന്‍ കല്ലുകള്‍ കൂടിച്ചേര്‍ന്നൊരു ശരീരം! ബിന്ദു പണിക്കരും കല്‍പനയും ഒന്നായപോലെ...

അയ്യപ്പന്‍ വിളക്കിന്‌ കുരുത്തോല വിരിക്കുന്ന പോലെ ശരീരമാസകലം സ്വര്‍ണ്ണമയം!

മൂക്കിനു താഴെയുള്ള ഭാഗം മുറിച്ചെടുത്തപോലെ തോന്നിക്കുന്ന കടും ചുവപ്പ്‌ ലിപ്സ്റ്റിക്‌!

സേത്തുവിനാ കാഴ്ച്ച സഹിക്കാനായില്ല! ഞാന്‍ എന്നും സ്വപ്നം കണ്ട ആ സുന്ദരിയോ ഈ നില്‍ക്കുന്നത്‌? അതെങ്ങിനെ? ഫോട്ടോയില്‍ കണ്ടപ്പോള്‍ ഇങ്ങനെയല്ലായിരുന്നല്ലോ? ചെമ്പകപ്പൂ.....??? സേത്തുവിനൊരായിരം സംശയങ്ങള്‍... ഈ ഹിടുംബിയെ കെട്ടാന്‍ എനിക്കാവില്ല. പക്ഷേ ഇനിയെങ്ങിനെ ഒഴിയും? എല്ലാം ഏതാണ്ടുറച്ച പോലെയായില്ലെ...

അമയം വൈകിപ്പോയിരിക്കുന്നു എന്നവന്‌ മനസിലായി.

അങ്ങിനെ എല്ലാം പറഞ്ഞുറപ്പിച്ച്‌ തിരിച്ചുവരുമ്പോള്‍ സേത്തു പോകറ്റിലിരുന്ന ഫോട്ടോ എടുത്ത്‌ നോക്കി...

പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തന്ന് തന്നെ വിദഗ്‌ധമായി പറ്റിച്ച ഭാവി അമ്മയിയപ്പന്‌ മനസില്‍ ഒരായിരം പ്രാക്കലുകളേകിക്കൊണ്ട്‌ അവനാ ഫോട്ടോയില്‍ നോക്കി മന്ദഹാസം പൂകിക്കൊണ്ട്‌ പറഞ്ഞു,

"ഹും, അവളിത്തിരി തടിച്ചിയാണെങ്കിലെന്താ, ഞാനും ഇത്തിരി തടിച്ചാ പോരേ...?"

-------------

അന്ന് വൈകീട്ട്‌ സേത്തുവിന്‌ കോമളന്റെ കോള്‍...

കോ:"ഡാ സേത്തു.. എന്തായി? പെണ്ണിനെ ഇഷ്ടായോ? എനിക്കറിയാം നിനക്കിഷ്ടാവുമെന്ന്..."

സേ : "ഉം... നീ ഇവളെ മുന്‍പ്‌ കണ്ടിട്ടുള്ളതല്ലേ?"

കോ : "പിന്നില്ലാതെ... ഞാന്‍ ദേ കഴിഞ്ഞയാഴ്ചകൂടി അമ്പലത്തില്‍ വെച്ച്‌ കണ്ടതല്ലേ... എന്തേ?"

സേ : "ഏയ്‌... ഒന്നുമില്ലെടാ... നല്ല അടക്കവും, 'ഒതുക്കവുമുള്ള' കുട്ടി. നിന്റെ സെലക്ഷന്‍ എനിക്കിഷ്ടായി. ഞാനെന്നും ഇതിന്‌ നിന്നോട്‌ കടപ്പെട്ടിരിക്കും ഡാ..."

കോ : "ഓ... ഇതൊക്കെയെന്ത്‌. നമ്മള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ കടപ്പാടൊന്നും പാടില്ല ഡ. ഡാ, പിന്നേയ്‌, എനിക്കീയാഴ്ച്ച ഒരു പെണ്ണിനെ കാണാന്‍ പോണം... നീ കൂടെ വരുമോ?"

പെട്ടെന്ന് മനസിലെന്തോ കണക്കുകൂട്ടിയ പോലെ, പ്രതികാരത്തിന്റെ മണമുള്ള സ്വരത്തില്‍ സേത്തു പറഞ്ഞു...

"യെസ്‌... ഞാന്‍ വന്നിരിക്കും..!"

Friday, April 3, 2009

കല്യാണരാമന്‍സ്‌.

"കായലരികത്ത്‌ വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ..."

സേത്തുവിന്റെ മൊബെയില്‍ റിങ്ങി.

അവനെടുത്ത്‌ നോക്കി. കോമളനാണ്‌. നാളെ അവന്റെ വീട്ടിലേക്ക്‌ ചെല്ലാമെന്നേറ്റിരുന്ന കാര്യം അവനോര്‍ത്തു.

സേ: "ഹായ്‌ ഡാ കോമളാ..."

കോ: "ഹായ്‌... ഡാ, നീ നാളെ തപ്പാന്‍ വരുന്നില്ലേ?"

സേ: "എന്ത്‌?"

കോ: "ഡാ, പെണ്‍കുട്ടിയെ കണ്ടു പിടിക്കണ്ടേ? നീ മറന്നോ? വീട്ടുകാരെയും വിശ്വസിച്ചിരുന്ന നമുക്ക്‌ അടുത്തൊന്നും കെട്ടാന്‍ പറ്റില്ല... നമ്മള്‍ തന്നെ ഇറങ്ങിത്തിരിക്കണം..."

സേ : "ഓ.. അത്‌. പിന്നല്ലാതെ. അതിനല്ലേ ഞാനങ്ങോട്ട്‌ വരുന്നത്‌... നീ അവിടെ തന്നെ കാണില്ലേ?"

കോ: "പിന്നില്ലാതെ... പിന്നെയ്‌, നീ നമ്മളൊരുമിച്ച്‌ പെണ്ണിനെ കണ്ടുപിടിക്കാന്‍ നടക്കുന്ന കാര്യമൊന്നും മങ്കലശ്ശേരിയിലെ ബാക്കി കശ്മലന്മ്മരോട്‌ പറയാന്‍ പോണ്ട. അവറ്റക്കിതൊന്നും പറഞ്ഞാ മനസിലാവില്ല ഡ. പുവര്‍ ബോയ്സ്‌."

സേ: "ഓകെ. അപ്പോ നാളെ എങ്ങിനാ പരിപാടി?"

കോ: "ഞാനൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്‌. നമുക്ക്‌ ഒരോരോ ഏരിയാ ആയിട്ട്‌ കവര്‍ ചെയ്യാം. ചില കൂട്ടുകാരുടെ വീട്ടിലേക്കാണെന്നും പറഞ്ഞ്‌ എന്റെ വീട്ടില്‍ നിന്നും ഇറങ്ങാം. ആദ്യം ആ മണപ്പള്ളി ഭാഗം കവര്‍ ചെയ്യാം. അവിടെ കുറേ വീടുണ്ട്‌. ഉച്ചക്ക്‌ ശേഷം കല്ലേക്കുളങ്ങര, കവറക്കല്‍ ഭാഗം കവര്‍ ചെയ്യാം."

സേ: "ഡാ അപ്പോ ഉച്ചക്ക്‌ ഊണില്ലേ?"

കോ : "എഡാ, അത്‌ ആ സമയത്ത്‌ ആരുടെ വീട്ടിലാണോ, അവിടന്ന് ഒപ്പിക്കാമെഡേയ്‌. ഈ പ്ലാനിംഗ്‌ തെറ്റാതെ നടത്തിയാല്‍ മൂന്ന് ദിവസം കൊണ്ട്‌ ഒരു വിധം പഞ്ചായത്ത്‌ മുഴുവന്‍ കവര്‍ ചെയ്യാം. അതിലേതെങ്കിലും ഒരു സ്ഥലത്ത്‌ നിന്ന് നമുക്ക്‌ പെണ്ണു കിട്ടാതിരിക്കില്ല."

സേ: "ഹോ, ന്റെ ത്രിപ്പാങ്കുളങ്ങര ദേവ്യേയ്‌.. ഒരു നല്ല പെണ്ണിനെ കിട്ടാന്‍ സഹായിക്കണേ..."

-----------

പിറ്റേന്ന്, കോമളന്റെ വീട്‌. രാവിലെ തന്നെ സമയം തെറ്റാതെ എത്തിയ സേത്തുക്കുളി പൂട്ടും കടലയും കഴിച്ചു കഴിഞ്ഞതും കോമളന്റെ തോളില്‍ ഞോണ്ടിത്തുടങ്ങി...

സേ :"ഡാ, പോകാം... പോകാം..."

കോ: "ശോ.. ആക്രാന്തം കാണിക്കാതെ. പോകാം. നമുക്കെന്റെ ബൈക്കില്‍ പോകാം"

അങ്ങിനെ രണ്ട്‌ പേരും സകല ദൈവങ്ങളേയും മനസില്‍ വിചാരിച്ച്‌, തങ്ങള്‍ക്ക്‌ നല്ലൊരു അല്ല രണ്ട്‌ പെണ്‍കുട്ടികളെ കിട്ടും എന്ന ശുഭാപ്തി വിശ്വാസത്തോടെ വണ്ടിയില്‍ കയറി ഇരുന്നു.

കോമളന്‍ വണ്ടി കിക്കു ചെയ്തു.

ഒന്നും ഉണ്ടായില്ല. പിന്നെയും കിക്കു ചെയ്തു. മൂക്കില്‍ പൊടി പോയ പോലെ അവന്റെ 99 മോഡല്‍ ഹീറോ ഹോണ്ട ഒന്ന് ചുമച്ചു.. അത്ര മാത്രം.

ഇതൊക്കെയെന്ത്‌ എന്ന മട്ടില്‍, ഒരു ചിരി ചിരിച്ച ശേഷം കോമളന്‍ വീണ്ടും കിക്കി... ഇത്തവണ രണ്ട്‌ വട്ടം ചുമച്ചതിനു ശേഷം വണ്ടി ചത്തു.

അത്രയും ക്ഷമയോടെ നോക്കിയിരുന്ന സേത്തു ക്ഷമ കക്ഷത്തിലേക്ക്‌ മാറ്റിവെച്ചിട്ട്‌ പറഞ്ഞു,

"ഡാ, വല്ലതും നടക്കുാ? അതോ നമ്മള്‍ എറങ്ങി നടക്കണോ?"

കോ: "ഏയ്‌... ദിപ്പ ശരിയാക്കി തരാം... "

അധികം സമയം കളയാനില്ലാത്തതിനാല്‍ അവര്‍ വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയപ്പോള്‍ പിന്നിലിരുന്ന സേത്തു പറഞ്ഞു, "നല്ല തുടക്കം."

കോ : "ഡാ, എനിക്ക്‌ നല്ല പൊക്കമുള്ള, മെലിഞ്ഞ, ഇരുണ്ട നിറമുള്ള, മിനിമം പ്രി ഡിഗ്രി എങ്കിലും പഠിച്ച ഒരു കുട്ടിയേ വേണം. ഇങ്ക്ലീഷ്‌ അധികം പരിചയമുണ്ടാവരുത്‌. മുന്‍പൊരിക്കലും ഒരു ആണിനെപ്പോലും വേണ്ടാത്ത രീതിയിലോ നോക്കുകയോ, പ്രേമിക്കുകയോ ചെയ്യരുത്‌. അങ്ങനത്തെ ഒരു കുട്ടി."

സേ : "ഹും, എനിക്ക്‌ മണ്ണിന്റെ മണമുള്ള, ദിവസവും മൂന്നുനേരമെങ്കിലും അമ്പലത്തില്‍ പോകുന്ന, സാരി മാത്രം ഉടുക്കുന്ന, മാത്രുഭൂമി പത്രം വായിക്കാനിഷ്ടമുള്ള, എന്നെപ്പോലെ അച്ചടക്കവും, കാര്യ ഗൗരവവും, അടുക്കും ചിട്ടയും ഉള്ള ഒരു കുട്ടി മതി. പഠിപ്പില്ലെങ്കിലും സാരമില്ല. അതിലൊന്നും ഒന്നുമിരിക്കുന്നില്ല. പിന്നെ, അവള്‍ നല്ല പാലു പോലെ വെളുത്തിരിക്കണം. അത്‌ നിര്‍ബ്ബന്ദ്ധമാണ്‌."

കോ : "നമുക്ക്‌ നോക്കാമെഡാ. നമ്മള്‍ കണ്ട്‌ പിടിച്ചിരിക്കും!"

-------------------

രങ്കം ഒന്ന്.

അങ്ങിനെ അവര്‍ മണപ്പളി പാടം കഴിഞ്ഞ്‌ കണ്ട ആദ്യ വീടിന്റെ മുന്നില്‍ വണ്ടി സ്ലോ ആക്കി...

കോ: "ഡാ, ദിദാണ്‌ മണപ്പളി പുഷ്പാങ്കതന്‍ ചേട്ടന്റെ വീട്‌. കൃഷിക്കാരന്‍. രണ്ട്‌ പെണ്‍ മക്കള്‍. മൂത്തത്‌ ഓട്ടോക്കാരന്‍ ബാബുവിന്റെ കൂടെ പോയി. ഇളയത്‌ എവിടെയും പോയിട്ടില്ല. കയറാം?"

സേ : "ആഹാ.. കൃഷിക്കാരന്റെ മകളോ... കൊള്ളാം. ഭൂമിയൊട്‌ സ്നേഹം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. ബാ, നമുക്കിവിടെ തന്നെ കയറാം."

അങ്ങിനെ പതിനൊന്നു മണിയുടെ പാലക്കാടന്‍ ചൂടില്‍ വിയര്‍ത്ത്‌ കുളിച്ച്‌ അവര്‍ രണ്ട്‌ പേരും ആ വീട്ടിലേക്ക്‌ ചെന്നു.

ഇറയത്തെ ചാരുകസേരയില്‍ ഇരിക്കുന്ന മാത്രുഭൂമി പത്രം കണ്ട സേത്തുവിന്റെ ആഹ്ലാദം പുറത്ത്‌ കാണീക്കാതെ അവന്‍ കടിച്ചു പിടിച്ചു.

സേ : "ഡാ, ഇതെനിക്ക്‌. അടുത്തതിനെ നീ എടുത്തോ."

"ണിംഗ്‌... ണോങ്ങ്‌..." കോമളന്‍ കോളിംഗ്‌ ബെല്ലി.

ആരെയും കാണുന്നില്ല.

"ണിംഗ്‌... ണോങ്ങ്‌..."

എന്നിട്ടും ആരെയും കാണുന്നില്ല.

പെട്ടന്നകത്തു നിന്നൊരു ശബ്ദം.

"ആരാ...? അച്ഛനിവിടില്ലാ ട്ടോ..."

മണിനാദം പോലുള്ള ശബ്ദം കേട്ടപ്പോള്‍ തന്നെ സേത്തുവിനങ്ങു പിടിച്ചു.

കോ : "സാരല്ല്യ. ഞങ്ങളച്ഛനെ കാണാനല്ല വന്നേ... കൊച്ചിങ്ങോട്ടൊന്നു വന്നേ... "

രണ്ട്‌ പേരും ശ്വാസമടക്കി അവള്‍ വരുന്നതും നോക്കി നിന്നു...

വാതില്‍ പതിയെ തുറന്നു...

രണ്ട്‌ പേരും താഴെക്കു നോക്കി... വെള്ളി പാദസരമിട്ട രണ്ട്‌ കാലുകള്‍... മുകളിലേക്ക്‌ ചുവന്ന, അല്‍പം മുഷിഞ്ഞ പാവട... അവര്‍ പിന്നെയും മുകളിലോട്ട്‌ നോക്കി... വെളുത്ത ബ്ലൗസ്‌... അതിനും മേലോട്ട്‌ കറുത്ത കുപ്പിവളകിളട്ട കയ്കളില്‍ അവള്‍ കുറച്ച്‌ പുസ്തകങ്ങള്‍ മാറോട്‌ ചേര്‍ത്ത്‌ വെച്ചിരിക്കുന്നു...

സേത്തു അതിലൊരു പുസ്തകത്തിന്റെ തലക്കെട്ട്‌ വായിച്ചു...

"ഇന്ദുലേഘ"

അതെവിടെയോ മുന്‍പ്‌ കണ്ടിട്ടുള്ള പോലെ അവന്‌ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. അവന്‍ പിന്നെയും മുകളിലോട്ട്‌ നോക്കി.

ചിരിക്കുന്ന ഒരു കൊച്ചു മുഖം.

"എന്താ ചേട്ടമ്മാരേ? അച്ഛനിവിടില്ല്യാ... ചന്തേല്‍ കാണും. എനിക്ക്‌ ഉച്ചക്ക്‌ പരീക്ഷേണ്ട്‌. വേഗം പോണം..."

സേത്തു കോമളന്റെ മുഖത്തേക്ക്‌ വല്ലത്തൊരു വികാരത്തോടെ നോക്കി...

"ഡാ വൃത്തികെട്ടവനേ... ഈ സ്കൂള്‍ കുട്ടിയാണോ ഡാ നീ കണ്ടുവെച്ച കുട്ടി...?"

"എന്താ ചേട്ടമ്മാരേ?"

കോ : "ഒന്നൂല്യ മോളെ... മോളേത്‌ സ്കൂളിലാ പഠിക്കണേ...?"

അതിനുത്തരം കിട്ടുന്നതിനു മുന്നേ സേത്തു സ്ഥലം വിട്ടിരുന്നു.

രങ്കം രണ്ട്‌.

കല്ലേക്കുളങ്ങര അമ്പലത്തിന്‌ അടുത്തുള്ള സ്ഥലം. വണ്ടിയില്‍ മെല്ലേ പോയിക്കൊണ്ടിരുന്ന കോമളന്റെയും, സേത്തുവിന്റെയും കണ്ണുകള്‍ ഒരോ വീടിന്റെയും മതിലും കടന്ന്, ജനലകളും കടന്ന് അകത്തേക്കെത്തി നോക്കി.

പെട്ടെന്നതാ...

കയ്യില്‍ ഒരുകെട്ട്‌ തുണിയുമായി കിണറിനടുത്തുള്ള അലക്കു കല്ലിനെ ലക്ഷ്യമാക്കി ഒരു സുന്ദരി നടക്കുന്നു. കോമളനാണത്‌ കണ്ടത്‌.

കോ: "ഡ, ഇതെനിക്ക്‌. അടുത്തതിനെ നീ നോക്കിക്കോ. ഒകേ?"
സേ : "ഹും... ശരിക്കും പറഞ്ഞാ, ഇതെനിക്കാ വേണ്ടത്‌.ന്നാലും സാരമില്ല."

അങ്ങിനെ അവര്‍ ആ സുന്ദരിയുടെ വീട്ടിലേക്ക്‌ ചെന്നു.

കോളിംഗ്‌ ബെല്ലുന്നതിനു മുന്നേ, മീശ വെച്ച ഒരു കാരണവര്‍ ഇറങ്ങി വന്നു.

"ഇതെത്രാമത്തെ തവണയാ നിങ്ങളിങ്ങനെ പിരിവിനു വരുന്നത്‌. ഇവിടെ നിങ്ങള്‍ക്ക്‌ തരാനിനി കാശില്ല. "

കോ : "അയ്യോ അങ്കിള്‍... ഞങ്ങള്‍ പിരിവുകാരല്ല..."

അങ്കിള്‍ : "പിന്നെ? ഓ... കെണറ്റീന്ന് ചണ്ടി വലിക്കാന്‍ വന്നവരാണോ?"

സേ : "ഞങ്ങള്‍ ചണ്ടികളല്ല, സോറി, ചണ്ടി വലിക്കാന്‍ വന്നവരല്ല അങ്കിള്‍"

അങ്കിള്‍ : "പിന്നേ? "

കോ : "അങ്കിള്‍, ഞങ്ങള്‍ക്ക്‌ അങ്കിളിന്റെ മോളെ ഇഷ്ടായി, കെട്ടിച്ചു തരുമോന്നറിയാന്‍ വന്നതാ..."

അങ്കിള്‍ : "അത്‌ നടക്കുാ ന്നറീല്ല്യാ... അവളുടെ കെട്ട്യോനും, രണ്ട്‌ മക്കളും സമ്മതിക്കണം"

കോ : "അയ്യോ.. പുറത്ത്‌ അലക്കിക്കൊണ്ട്‌ നില്ല്കുന്ന കുട്ടിക്ക്‌ രണ്ട്‌ കുട്ടികളുണ്ടോ? കണ്ടാ പറയില്ലാ ട്ടോ."

അങ്കിള്‍ : "അതെന്റെ മോളല്ല. മോളുടെ മോളാണ്‌. പേരക്കുട്ടി."

സേ: "ഹവൂ... എന്നാലങ്കിള്‍, അങ്കിളിന്റെ പേരക്കുട്ടിയേ ഇവന്‌...."

അങ്കിള്‍ : "നീ ഏത്‌ വരെ പഠിച്ചു? എന്താ ജോലി?"

കോ : "ഞാന്‍ എം എസ്‌ സി കമ്പ്യൂട്ടര്‍ സയന്‍സാണ്‌. ഇപ്പോള്‍ കോക്കാമ്പുത്തൂരിലെ വലിയൊരു കമ്പനിയില്‍ ജോലി നോക്കുന്നു. സോഫ്ട്‌ വെയര്‍ എഞ്ചിനീര്‍...."

അങ്കിള്‍ : "അവള്‍ക്ക്‌ നല്ലൊരു ഗവണ്‍മന്റ്‌ ജോലിക്കാരന്റെ അലോചന വന്നിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ എന്ന് കേട്ടാലേ അവള്‍ക്കലര്‍ജിയാ..."

കോ : "അങ്കിള്‍ അങ്ങിനെ പറയരുത്‌. എന്നെ കാണാന്‍ സുന്ദരനല്ലേ? നല്ല പാറ പോലത്തെ ശരീരം, മാസം, മദ്യം ഇതൊന്നും ഞാന്‍ തൊടാറേ ഇല്ല. പിന്നെ ഇച്ചിരി പൊക്കം കുറവാണെന്നത്‌. അതൊക്കെ ഇനത്തേ കാലത്ത്‌ ഒരു കുറവാണോ... "

അങ്കിള്‍ : "ഹും.. ഞാനവളുടെ അച്ഛനെ വിളിക്കാം. ഡാ രവീ...."

(അകത്തു നിന്നും ആരോ നടന്നു വരുന്ന ശബ്ദം)

അകത്തു നിന്നും രവി പുറത്തെത്തിയതും, കോമളന്‍ "സേത്തു... വിട്ടോടാ..." എന്ന്‌ പറഞ്ഞതും ഒറ്റച്ചാട്ടത്തിന്‌ റോട്ടിലേക്കെത്തിയതും ഒന്നിച്ചായിരുന്നു.

അവിടുന്ന് 2 കിമി കഴിഞ്ഞപ്പോഴാണ്‌ കോമളന്‍ വണ്ടി നിര്‍ത്തിയത്‌. പിന്നാലെ ഓടിയെത്തിയ സേത്തു കിതച്ചുകൊണ്ടു ചോദിച്ചു...

സേ : "ഡെ... എന്തോന്നാഡെ.... എന്തിനാ നീ ഓടിയത്‌?"

കോ : "ഡാ, അതാണ്‌ കല്ലേക്കുളങ്ങര രവി. ഇവിടുത്തെ ലോക്കല്‍ ഗുണ്ട."

സേ : "സോ വാട്ട്‌? ഡാ, നീ നില മറക്കരുത്‌. നീ എന്തു കരുതി, നിനക്ക്‌ വല്ല ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥന്റെ മകളെ കിട്ടുമെന്നോ? ഡാ, നമ്മളൊക്കെ വെറും സോഫ്ട്ട്‌ വെയര്‍ എഞ്ചിനീയേഴ്സ്‌ ആണ്‌. അത്‌ മറക്കരുത്‌."

കോ : "നിനക്കത്‌ പറയാം. തല്ലും, കുത്തുമായി നടക്കുന്ന അങ്ങേരുടെ മോള്‍ക്കും അതേ സ്വഭാവമായിരിക്കും. ഒടുക്കം എന്നെയവള്‍ കക്ഷത്തിലിരുത്തി ക്ഷ,ണ്ണ വരപ്പിക്കും... തിരിച്ചെന്തെങ്കിലും പറഞ്ഞാ പിന്നെ അങ്ങേരുടെ കത്തിയേയും പേടിച്ച്‌ ജീവിക്കേണ്ടി വരും."

സേ : "ഓ.. എതായാലും ഇനി ഈ ഏരിയായില്‍ നോക്കണ്ടാ എന്നര്‍ഥം. ലേ?"

കോ : "അതായിരിക്കും നല്ലത്‌. നമുക്കിനി നിന്റെ നാട്ടിലെവിടെയെങ്കിലും നോക്കാം..."

സേ: "അവിടെ അധികം കളക്ഷന്‍ ഇല്ലാ. എന്നാലും ഒന്നാഞ്ഞു പിടിച്ചാല്‍ ചെലപ്പോ... "

അങ്ങിനെ അവര്‍ രണ്ടുപേരും സേത്തുക്കുളിയുടെ നാട്ടിലേക്ക്‌ തിരിച്ചു. തങ്ങള്‍ക്കൊരു പെണ്ണിനെ കിട്ടാനായി....

(തുടരും...)