Thursday, September 18, 2008

കോസ്റ്റ്‌ കട്ടിംഗ്‌ @ മങ്കലശ്ശേരി!

കുറച്ച്‌ മാസങ്ങളായി ഞങ്ങളെല്ലാവരും ഇടക്കിടക്ക്‌ ആ ആങ്കലേയ പദം കേള്‍ക്കുന്നു... കൊള്ളാം, നല്ല ഇമ്പമുള്ള പദം, ജാഡക്ക്‌ എടക്കിടക്ക്‌ പറയാനും കൊള്ളാം. അത്രയൊക്കെയേ ഞങ്ങളും കരുതിയുള്ളൂ.

ബട്‌, കാര്യത്തിന്റെ ഇരുപ്പ്‌ വശം ശരിക്കങ്ങോട്ട്‌ മനസ്സിലാക്കാന്‍ പുഷ്പന്റെ കമ്പനിയില്‍ "എടാ..പോടാ" എന്ന് വിളിച്ചോണ്ട്‌ കളിച്ച്‌ ചിരിച്ചിരുന്ന എട്ട്‌ പത്ത്‌ പേര്‍ക്ക്‌ "നാളെ മുതല്‍ നിങ്ങള്‍ ജോലിക്ക്‌ വരേണ്ടതില്ല, ഈ മാസത്തെ ശമ്പളം തന്നേക്കാം... റ്റാ റ്റാ.. ബൈ ബൈ..." എന്നും പറഞ്ഞുള്ള ഇ മെയില്‍ കിട്ടിയപ്പോള്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇരിപ്പിടത്തിന്‌ ഉറപ്പില്ലാത്ത അവസ്ഥ.... അതുമല്ലെങ്കില്‍ വയറിനുള്ളില്‍ അസ്വസ്ഥതകള്‍ വരുമ്പോള്‍ ഡെഡ്‌ ലൈന്‍ മുന്നിലെത്തുന്ന അവസ്ഥ...

പണി പോയാല്‍?? ഹേയ്‌... അങ്ങനെയങ്ങ്‌ പണിയൊന്നും പോകില്ലെന്ന് കരുതിക്കൂട്ടി ചിന്തിച്ച്‌ ഇരിക്കുമ്പൊഴതാ... ശശിയുടെ കമ്പനിക്ക്‌ മുമ്പിലൊരു ബോര്‍ഡ്‌... "സ്ഥലം വാടകക്കോ, വിലക്കോ കൊടുക്കാനുണ്ട്‌... 1000 sq ft / 4000 sq ft". ശശി ഒന്ന് നിന്ന് ആലോജിച്ചു... അല്ലാ, എന്റെ കമ്പനി ഇരിക്കുന്ന മൊത്തം സ്ഥലം 4000 ചതുരശ്ര അടിയാണല്ലോ.. അതു മുഴുവനും? അപ്പോ ഞാന്‍....?

കോസ്റ്റ്‌ കട്ടിങ്ങിനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും, ഉള്ളതെല്ലാം വിറ്റുപെറുക്കി സ്ഥലം വിടുന്ന ടൈപ്‌ കട്ടിംഗ്‌ ശശിക്ക്‌ ആദ്യാനുഭമായിരുന്നു.

പതുക്കെ സങ്കതി മങ്കലശ്ശേരിയില്‍ വിഷയമായി. രാത്രി പത്തിനു ശേഷം കൂടുന്ന ദര്‍ബാറില്‍, ദിവാരനും, ആന്റപ്പനും നയിക്കുന്ന സമ്മേളനത്തില്‍ എല്ലാവരും ഘോരഘോരം കണ്ഠക്ഷോഭം നടത്തി. അങ്ങിനെ എല്ലാവര്‍ക്കും കോസ്റ്റ്‌ കട്ടിംഗ്‌ എന്ന അതികായനും, അതി ഭീകരനുമായ സംഭവത്തിന്റെ മീനിംഗ്‌ മനസിലായി. ഈ അമേരിക്കക്കാരെ സമ്മതിക്കണം!

ഇനിയെന്ത്‌? പണിയെങ്ങാനും പോയാല്‍? അഞ്ച്‌ മുഖങ്ങള്‍ മൂങ്ങകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി...

ദൈവം സഹായിച്ച്‌ ചൈനയില്‍ രണ്ട്‌ മാസം പണിക്ക്‌ പോയ ശശി കുറച്ച്‌ കാശുണ്ടാക്കിയതൊഴിച്ചാല്‍, മങ്കലശ്ശേരിയില്‍ എല്ലാവരും പാപ്പരുകളാണ്‌. എന്നാ കണ്ടാ പറയോ? ഡെല്‍ ലാപ്ടോപ്‌, ബജാജ്‌ പള്‍സാര്‍, സോണീ പ്ലേ സ്റ്റേഷന്‍... തേങ്ങേടെ മൂട്‌... ഹൊ!

ഷര്‍ട്ടിടുന്ന ഹാങ്ങറിന്റെ ഷേപില്‍ ഇരുന്ന് ഓര്‍ക്കൂട്ടും നോക്കിയിരിക്കുന്ന ആന്റപ്പന്‍ അന്ന് ആകാശത്തേക്കും നോക്കിയിരുന്ന് അലോജിച്ചു... പണി പോയാല്‍...?

കൃഷിപ്പണിക്ക്‌ പോകാന്‍ പറ്റുാ? അഭിമാനം പോട്ടെ, മൂന്നാം നിലയിലുള്ള മങ്കലശ്ശേരിയിലേക്ക്‌ കയറി വരുമ്പൊഴേക്കും സൈക്കിള്‍ റ്റ്യൂബില്‍ എയറടിക്കുമ്പോ ഉണ്ടാകുന്ന ശബ്ദത്തോടു കൂടി വലിക്കുന്ന ഞാന്‍ എങ്ങിനെ ഒരു കൈക്കോട്ട്‌ എടുത്ത്‌ കിളക്കാന്‍ പോകും? പടവലങ്ങക്ക്‌ ഗ്രഹിണി പിടിച്ച മാതിരിയുള്ള കുടവയറും വെച്ച്‌ എങ്ങിനെ തെങ്ങിനു തടം കോരും? എങ്ങിനെ വാഴക്കുഴി വെട്ടും?

ഇനി മുപ്പതിനായിരം രൂപയുടെ കാനന്‍ SLR ക്യാമറ വാങ്ങണോ അതോ ആപ്പിള്‍ ഐപോഡ്‌ ടച്‌ വാങ്ങണോ ഇനി അതുമല്ല, വയറു കുറക്കാന്‍ സോനാ സ്ലിം ബെല്‍റ്റ്‌ വാങ്ങണോ എന്ന് കുലങ്കുശമായി ചിന്തിച്ചു കൊണ്ടിരുന്ന പുഷ്പനിപ്പോ അത്തരം വലിയ ആഗ്രഹങ്ങളൊന്നുമില്ല പോലും. "എന്റെ പൊന്നേ... മര്യാദക്ക്‌ ജീവിക്കാന്‍ ഒരു ജോലി മതിയേ..." എന്നായിരുന്നു പുഷ്പന്റെ പ്രതികരണം. കയ്യിലിരിക്കുന്ന ലാപ്‌ ടോപ്പില്‍ ഇപ്പോള്‍ യൂ റ്റൂബോ, പുതിയ എങ്ക്ലീഷ്‌ സിനിമകളോ അല്ല, പകരം ശിവപ്രസാദ്‌ കൊയ്‌രാളയുടെ .NET interview questions എന്ന പുസ്തകം തുറന്നു വെച്ചിരിക്കുന്നു.

കുറ്റം പറയരുതല്ലോ, പതിനായിരം കൊടുത്ത്‌ വാങ്ങിയ സോണി പ്ലേ സ്റ്റേഷന്‍ അബദ്ധമായോ എന്നൊരു തോന്നലില്‍ നിന്നും വിട്ടുമാറുന്നതിനു മുന്‍പേ കോസ്റ്റ്‌ കട്ടിംഗ്‌ വാര്‍ത്ത ദിവാരന്റെ കൊച്ചു ഹൃദയത്തെ വേദനിപ്പിച്ചു. പണ്ടാരം പിടിക്കാന്‍ ദിവാരനാണെങ്കി പഠിക്കാന്‍ ലാപ്ടോപ്പുമില്ല. പക്ഷേ ദിവാരനാരാ മോന്‍... ഒരു വിധം പഠിക്കാനുള്ള പുസ്തകം "കണ്‍വര്‍ട്ട്‌" ചെയ്ത്‌ സ്വന്തം പ്ലേ സ്റ്റേഷനില്‍ ഇട്ട്‌ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സോണി പ്ലേ സ്റ്റേഷനില്‍ ഗെയിംസ്‌ കളി നിര്‍ത്തി, പാഠം പഠിക്കുന്ന ആദ്യ വെക്തി ദിവാരനായിരിക്കണം.

ഇതൊക്കെ സഹിക്കാന്നെയ്‌, നാളെ ചെല്ലുമ്പോള്‍ അവിടെ ഓഫീസ്‌ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയത്തില്‍ കഴിയുന്ന ശശിയുടെ കാര്യമാണ്‌ കഷ്ഠം. ശശിക്ക്‌ ലാപ്‌ റ്റോപ്പോ, പ്ലേ സ്റ്റേഷനോ ഇല്ലാ... ആകെയുള്ള പഴയ ഒരു പീറ മൊബെയിലിലാണെങ്കി പഠിക്കാനുള്ള പുസ്തകം പോയിട്ട്‌ ഒരു മെസ്സേജ്‌ പോലും മരിയാദക്ക്‌ വായിക്കാന്‍ പറ്റില്ല. പക്ഷേ, പണി പോയാല്‍... എന്ന ചോദ്യത്തിനു മുന്നില്‍ കീഴടങ്ങുന്നതയിരുന്നില്ല ശശിയുടെ മനോധൈര്യം. സ്വന്തം കാശുകൊടുത്ത്‌ ശശി കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ "പ്രിന്റ്‌" ചെയ്ത്‌ ശരിക്കുള്ള പുസ്തകങ്ങളാക്കി. ബാക്കിയുള്ളവമ്മാരെ വെറുതേ ടെന്‍ഷനാക്കാന്‍ വേണ്ടി അന്നു മുതല്‍ ശശി പഠിത്തം തുടങ്ങി. ഓഫീസില്‍ നിന്നും വന്നാല്‍, ബാത്‌ റൂമില്‍ പോലും പോകാതെ, നേരേ പുസ്തകവും എടുത്ത്‌ കിടക്കയിലേക്ക്‌ വീഴും. ആന ചവിട്ടിയ ഞാഞ്ഞൂളിന്റെ ഷേപ്പില്‍ കിടന്ന്, ഓടിഞ്ഞ വാലിട്ടാട്ടുന്ന നായയെ പോലെ കാലാട്ടി, ശശി പഠിച്ചോണ്ടിരിക്കുന്നു...

കോസ്റ്റ്‌ കട്ടിംഗ്‌ പണ്ടേ സ്വന്തം ജീവിതത്തില്‍ "പിശുക്കല്‍" എന്ന മലയാളം വേര്‍ഷനില്‍ നിത്യവും ഉപയോഗിക്കുന്ന പക്രുവിന്‌, ഈ പുതിയ സംഭവം ഒട്ടും ഭയപ്പെടുത്തുന്നതായിരുന്നില്ല. ദിവാരനെ പണ്ട്‌ "അധിക സമയം ജോലിയെടുക്കുന്നവര്‍ മണ്ടന്മാര്‍" എന്ന് പറഞ്ഞ്‌ വിശേഷിപ്പിച്ച പക്രുവിനിപ്പോ ഞായറാഴ്ചകളില്‍ കുളിക്കാനുള്ള സമയം പോലും കിട്ടാറില്ല. സദാ സമയവും ഓഫീസിലാണ്‌. അതുകൊണ്ട്‌ തന്നെ തന്റെ ജോലി അത്ര പെട്ടൊന്നൊന്നും തീരില്ലാ അഥവാ പോകില്ലാ എന്ന മട്ടാണ്‌ പക്രുവിന്‌. അയ്ക്കോട്ടെ... അല്ലാതെന്ത്‌ പറയാന്‍.

ഇനിയിങ്ങനെ ചുമ്മാ കാശ്‌ ചെലവാക്കി നടന്നാല്‍ ശരിയാവില്ലെന്ന ബോധം വന്ന മങ്കലശ്ശേരി പിള്ളേര്‍ ഇപ്പോ പിശുക്കിന്റെ എല്ലാ പ്രായോഗിക വശങ്ങളെയും കുറിച്ച്‌ റിസര്‍ച്‌ നറ്റത്തിക്കൊണ്ടിരിക്കുകയാണ്‌.

അങ്ങിനെ മങ്കലശ്ശേരിയില്‍ നടപ്പിലാക്കിയ ചില കോസ്റ്റ്‌ കട്ടിംഗ്‌ കാര്യങ്ങള്‍:

ഓഫീസിലേക്കെന്തിനാ ഇപ്പോ വണ്ടിയില്‍ പോകുന്നേ? നടക്കാനുള്ള ദൂരല്ലേ ഉള്ളൂ? അതേയെന്ന് ദിവാരനും, ആന്റപ്പനും, പക്രുവും.

ഒരു സിനിമ കാണാന്‍ എന്തിനാ ഇപ്പോ pvr ഇല്‍ പോകുന്നത്‌? 20 രൂപ കൊടുത്താല്‍, ബാലാജിയില്‍ പോയി പൊളപ്പനായിട്ട്‌ പടം കാണാം. അതും ഡി ടി എസ്സ്‌ സൗണ്ടില്‍.

നാട്ടിലേക്ക്‌ എല്ലാ മാസവും പോകാനോ? നിനെക്കെന്താ വട്ടുണ്ടോ? 2 മാസം കൂടുമ്പോ പോയാ മതിന്നേയ്‌. മാത്രവുമല്ലാ, ഇപ്പോ വോള്‍വോ ബസ്സിനൊന്നും പണ്ടത്തെ അത്രേം "സുഖം" പോരാ. മ്മടെ സാദാ ബസ്സ്‌ തന്നെ കിടു. കഴിഞ്ഞ തവണയാ എനിക്കാ സത്യം മനസ്സിലായത്‌.

കുളിക്കാന്‍ ലക്സ്‌ സോപ്പോ? അത്‌ വെറും വേസ്റ്റാന്നേയ്‌... ലൈഫ്‌ ബോയ്‌ ആണ്‌ ബെസ്റ്റ്‌.

ഉച്ചക്കിപ്പോ പാരാമൗണ്ടില്‍ നിന്ന് തന്നെ കഴിച്ചാലേ പറ്റൂ? അതും കച്ചറ ഫൂഡ്‌. ആ ഉപഹാര സാഗറില്‍ എന്താ റ്റേയ്സ്റ്റ്‌... ഊത്തപ്പം അവിടുത്തെ സ്പെഷ്യല്‍ ആണ്‌.

ഇതൊന്നും കൂടാതെ, മങ്കലശ്ശേരിയില്‍ ആദായവിലയില്‍ വില്‍പനക്ക്‌ വെച്ചിരിക്കുന്നവ (പ്ലീസ്സ്‌... ആരെങ്കിലും വാങ്ങൂന്നേയ്‌...):

ഒന്നൊന്നര രണ്ട്‌ ലാപ്‌ടോപ്പുകള്‍ : രണ്ടും ഡെല്‍ ആണ്‌. ഒരെണ്ണം ദേ, കഴിഞ്ഞയാഴ്ച വാങ്ങീട്ടേ ഉള്ളൂ.

ഒരു സൊണീ പ്ലേ സ്റ്റേഷന്‍: കിടു സാധനം. ദിവാരന്റെ കയ്യില്‍ കിട്ടിയ പൂമാല. അവന്റെ തൊലിയുടെ നിറം. അവന്റെ തലയുടെ പെര്‍ഫോമന്‍സ്‌. അവനെ വിറ്റാല്‍ കിട്ടുന്നതിനേക്കാളും നല്ല വില. ആദായ വില.

സൊണി എറിക്സന്‍ മൊബെയില്‍ പുതിയത്‌: പക്രുവിന്‌ ജോലി കിട്ടിയിട്ട്‌ ആദ്യമായി പറ്റിയ അബദ്ധം. അത്‌ വാങ്ങിയതിന്‌ ശേഷം അവനതില്‍ പാട്ട്‌ കേട്ടത്‌, അത്‌ വര്‍ക്ക്ക്‌ ചെയ്യുന്നുണ്ടോ എന്നറിയാന്‍ മാത്രം. "കുലുക്കിയാല്‍" പാട്ട്‌ മാറും.

സൊണി എറിക്സന്‍ മൊബെയില്‍ (എന്ന് ശശി അവകാശപ്പെടുന്നു): എക്സ്പ്‌പയറി ഡേറ്റ്‌ കഴിഞ്ഞത്‌... ബട്ട്‌ സ്റ്റില്‍ വര്‍ക്കിംഗ്‌. പഴയ കോളാമ്പിയില്‍ നിന്നും വരുന്ന പോലത്തെ സൗണ്ട്‌. ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കും (ഫുള്‍ ടൈം/24 മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യണം). ആദായ വില. കൂടെ ഒരു ടോയ്‌ മൊബെയില്‍ ഫ്രീ!

മങ്കലശ്ശേരിക്കാര്‍ക്ക്‌ അവസാനമയി ഒന്നേ പറയാനുള്ളൂ...
"ഞങ്ങള്‍ക്ക്‌ സോഫ്റ്റ്‌ വെയര്‍ ഇഞ്ചിനീരാകണ്ടേയ്‌... വല്ല ക്ലാര്‍ക്കോ, ടിച്ചറോ മറ്റോ ആയാ മതി. ഞങ്ങടെ ഭാവിയിലെ മക്കളും!"

Monday, September 8, 2008

ഓണാശംസകള്‍!

എല്ലാ ഭൂലോക വാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

[click to get it enlarged]