Friday, November 30, 2007

മങ്കലശ്ശേരി ചരിതം അദ്ധ്യായം 3.1

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍ !

കൊല്ലവര്‍ഷം 1800, കേരളദേശത്തെ ഒരു പ്രധാന രാജ്യവും, വ്യവസായ നഗരവുമായ തിരൂറാംകൂര്‍ മഹാരാജ്യം. ഈ കഥ നടക്കുന്നത്‌ ഈ രാജ്യത്താണ്‌...

ഈ രാജ്യം ഭരിക്കുന്ന രാജാവിന്റെ പേരാണ്‌ മുണ്ടിനീര്‍ തിരുനാള്‍ ശശി ! ദൂര്‍ദ്ധനും, സര്‍വ്വോപരി മര മണ്ടനുമായ ഈ രാജാവിന്റെ ഭരണം ഒരു വലിയ പരാജയം ആയിരുന്നു. സ്വന്തം സുഖങ്ങളിലും, സമ്പത്തിലും മാത്രം ആര്‍ത്തി കാണിച്ച്‌ ജീവിച്ചിരുന്ന ശശി മഹാരാജവിന്‌ സ്വന്തം നാടിന്റെ ഗതിയേക്കുറിച്ചൊ, സുരക്ഷയേ കുറിച്ചൊ യാതൊരു ചിന്തയും ഉണ്ടായില്ല. ചെറുപ്പം മുതലേ ഒരു പേരുകേട്ട പേടിത്തൊണ്ടനായിരുന്ന രാജാവിന്റെ പ്രധാന വിനോദം ആരുമറിയാതെയുള്ള മോഷണങ്ങള്‍ ആയിരുന്നു. രാജാവിന്റെ ഈ ശീലം കൊട്ടാരത്തിലെ നര്‍ത്തകിമാരുടെ മടിക്കുത്തില്‍ തൂങ്ങുന്ന പണക്കിഴികള്‍ക്കുപോലും അറിയാമായിരുന്നു. പക്ഷേ "പിള്ളേരല്ലെ.. പിണ്ണാക്കല്ലേ.." എന്ന ഭാവത്തില്‍ ആരും രജാവിനെ എതിര്‍ത്തില്ല (എതിര്‍ത്താല്‍ ആ മരമണ്ടന്‍ തലവേട്ടാന്‍ ഉത്തരവിട്ടാലോ എന്ന് ഭയന്നിട്ടൊന്നുമല്ലെന്ന് ചിലര്‍ പറയുന്നു). പൊതുവേ ഉള്ള അഹംഭാവത്തിന്റെ കൂടെ, തനിക്കിത്തിരി പൊക്കവും, നിറവും ഉണ്ടെന്ന ചിന്തയും ശശി മഹാരാജാവിനെ അഹംഭാവത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിച്ചു. അത്‌ തന്നെയാവണം, രാജന്‌ സ്ത്രീകളോടുള്ള പ്രത്യേക സ്നേഹത്തിന്റെ കാരണവും.

"മഗാരാജാവ്‌ നീണാള്‍ വാഴട്ടെ, മഗാരജാവ്‌ നീണാള്‍ വാഴട്ടെ..." കൊട്ടാരത്തിലെ ആസ്ഥാന പണ്ഠിതന്മാരുടെ സഭയിലേക്ക്‌ നമ്മുടെ മഗാരാജന്‍ എഴുന്നള്ളുകയാണ്‌... പ്രധാന മന്ത്രിയും, വിരുതനുമായ പക്രു ആചാര്യന്‍ രജാവിനെ സ്വാഗതം ചെയ്തു, "മദ്യ... സോറി, മദ്ധ്യ തിരൂറംകൂറു വാഴും, മുണ്ടിനീര്‍ തിരുനാള്‍ ശശി അങ്ങുന്നിന്‌ സ്വാഗതം... മഗാരാജന്‍ ശശി നീണാള്‍ വാഴട്ടെ!"

അഹംഭാവം നെരോലാക്‌ പെയിന്റ്‌ പോലെ തേച്ചുപിടിപ്പിച്ച മുഖവുമായി, തേഞ്ഞുപോകുമോ എന്ന ഭയത്താല്‍ കയ്യില്‍ പിടിച്ച ലീ-കൂപ്പര്‍ പാദുഗങ്ങളുമായി രാജന്‍ തന്റെ സ്വര്‍ണ്ണ സിംഗാസനത്തില്‍ ആസനം ഉറപ്പിച്ചു, ക്ഷമിക്കണം, ഉപവിഷ്ടനായി. മീശക്കടിയില്‍ ഒളിഞ്ഞിരുന്ന ചുണ്ടുകള്‍ സിനിമാ നടന്‍ സലീം കുമാര്‍ കരയുമ്പോള്‍ പരന്നു നീളുന്ന പോലെ നീട്ടി, അദ്ധേഹം ഒന്നു ചിരിച്ചു. കയ്യിലിരുന്ന പാദുഗങ്ങള്‍ മാറ്റിവെച്ച്‌, ചെവിയില്‍ കുത്തിക്കയറ്റി വെച്ചിരുന്ന സോണി-എറിക്ക്സണ്‍ വാക്‍മാന്‍ ഹെഡ്‌-സെറ്റ്‌ ഊരിമാറ്റി.ചുണ്ടില്‍ അപ്പൊഴും ഒരു മൂളിപ്പാട്ടുണ്ടായിരുന്നു,"കോന്തന്‍ രാജാവേ... " എന്നു തുടങ്ങുന്ന ഏലൂര്‍ റഹ്മാന്റെ ഒരു പഴയ പാട്ട്‌. നീട്ടം കൂടിയ കാലില്‍ മറ്റേ കാല്‍ കയറ്റി വച്ച്‌ രാജന്‍ സംസാരിച്ചു തുടങ്ങി.

പ്രക്രുവാചാര്യാ, രാജ്യത്ത്‌ തണുപ്പ്‌ കൂടിത്തുടങ്ങിരിക്കുന്നുവൊ..? ഇന്നലെ തണുപ്പ്‌ മൂലം രാജ്ഞിക്ക്‌ പള്ളിയുറങ്ങാന്‍ കഴിഞ്ഞില്ലത്രേ... രാവിലെ നാം നോക്കുമ്പോള്‍ തണുപ്പ്‌ മാറ്റാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയിട്ട്‌ വരികായായിരുന്നു എന്റെ പൊന്നോമന രാജ്നി!

അതുകേട്ട്‌ സഭയില്‍ ഒരാള്‍ ഞെട്ടി! മരംകൊത്തി ആര്‍ത്തിമൂത്ത്‌ തലയില്ലാത്ത തെങ്ങിന്റെ മണ്ടയില്‍ കൊത്തുമ്പോലെ സ്വന്തം തലയില്‍ എതോ ഉണ്ടാ കൊത്തിയപോലെ പ്രധാനമന്ത്രി! ഒന്നുറച്ച്‌ തൊണ്ടയിലെ കിച്‌ കിച്‌ അകറ്റിയശേഷം, പ്രധാനമന്ത്രി സ്വന്തം ആസനം ഒന്നിളക്കിയിരുന്നു.

ശശി മഗാരാജന്റെ ഈ പ്രഹസനം കേട്ട്‌ പക്രുവാചാര്യന്‍ പറഞ്ഞു, "ഇല്ല രാജന്‍, രാജ്യത്ത്‌ തണുപ്പ്‌ തുടങ്ങിയിട്ടില്ല, മാത്രവുമല്ല, മറുരാജ്യങ്ങളില്‍ നിന്ന് തണുപ്പകറ്റാന്‍ ചെറുപ്പക്കാര്‍ "സാന്‍ഡ്‌വിച്ച്‌ മസ്സാജ്‌" ഇനുവേണ്ടി നമ്മുടെ രാജ്യത്ത്‌ വന്നുപോകുന്നുമുണ്ട്‌..."

"ഓഹോ!! അങ്ങനെയോ... എങ്കില്‍ രാജ്നിക്ക്‌ നല്ല ശരീരസുഖം കാണില്ലായിരിക്കും... ആരവിടെ!!! കൊട്ടാരം വൈദ്യനോട്‌ ഉടന്‍ രാജ്നിയെ കാണാന്‍ പറയൂ...." രാജ ഫടന്‍ ഉടന്‍ തന്നെ ഇന്റര്‍കോം വഴി വൈദ്യനെ വിളിച്ചു..

രാജ്നിയിടെ കാര്യം പറഞ്ഞപ്പോഴാണ്‌ രാജാവ്‌ മറ്റൊരുകാര്യം ഓര്‍ത്തത്‌. രാജാവ്‌ ചോദിച്ചു, "പക്രൂ, നാട്ടിലെ എല്ലാ നയ്ക്കളെയും ഇവിടെ നിന്നു തുരത്താന്‍ ഞാന്‍ പറഞ്ഞിട്ട്‌ എന്തായി? നായകളുടെ ശല്യം മൂലം തിരൂറാം ദേശത്തിലൂടെ യാത്രചെയ്യാന്‍ പോലും പറ്റില്ലെന്ന് നമ്മുടെ രജ്നി പറയുന്നുണ്ടല്ലൊ..."

"ഉവ്വ്‌ രാജന്‍, നമ്മുടെ ശുനകനിര്‍മ്മാര്‍ജ്ജന പട്ടാളത്തിനെ(ഡോഗ്‌ വൈപ്‌-ഔട്‌ സ്ക്വാഡ്‌) നാടിന്റെ മുക്കിലും മൂലയിലും പറഞ്ഞയിച്ചിട്ടുണ്ട്‌ പ്രഭോ! നായയേയും, ആടിനേയും കണ്ടാല്‍ തിരിച്ചറിയാന്‍ കുറച്ച്‌ ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ട്‌ അവര്‍ സൂക്ഷിച്ചാണ്‌ മുന്നോട്ട്‌ നീങ്ങുന്നത്‌..." പക്രുവാചാര്യന്‍ പറഞ്ഞു."

നന്നായി, നാളെ നമ്മുടെ അനന്തിരവന്‍ സ്ത്രീമൂലം തിരുനാള്‍ പുഷ്പനും, ഫാമിലിയും നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നറിയാലോ,പുഷ്പന്റെ അതിസുന്ദരിമാരായ 6 ഫാര്യമാരും വരുന്നുണ്ടത്രേ! കേമം! അല്ലേ പണ്ഠിതച്ചേട്ടാ.. അല്ല, ശ്രേഷ്ഠാ... " രാജാവ്‌ തന്റെ ആകാംക്ഷ വ്യക്തമാക്കി!

അതു മനസ്സിലാക്കിയിട്ടെന്നോണം പക്രു പറഞ്ഞു, "അറിയാം പ്രഭോ, അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും ശ്രേഷ്ഠന്മാരായ 12 മേക്‌-അപ്‌ മാന്മാരെയും, മമ്മുട്ടിയുടെ സ്വന്തം വസ്ത്രാലങ്കാരം നടത്തുന്ന വേന്ദ്രന്‍ ചന്ദ്രനേയും നാളത്തെ അങ്ങയുടെ ബ്യൂടിഫിക്കേഷനുവേണ്ടി കൊട്ടാരത്തില്‍ എത്തിച്ചിട്ടുണ്ട്‌. അങ്ങേക്ക്‌ മേക്‌-അപ്‌ ഇടുന്നതിലും ഭേദം, കേരളത്തിലെ റോഡുകളില്‍കൂടി സര്‍ക്കാര്‍ ബസ്സില്‍ യാത്രചെയ്യുന്നതാണ്‌ നല്ലതെന്നു പറഞ്ഞ കിട്ടണം ഷായെ നമ്മുടെ കാരാഗൃത്തില്‍ പൂട്ടിയിട്ടിട്ടുണ്ട്‌ പ്രഭോ!"

"ഹും ! അവനതു തന്നെ കിട്ടണം" രാജാവ്‌.

സ്വന്തം ശരീരസൊൂന്ദര്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്ത രാജന്‍ പുരോഹിതനോട്‌ ആരാഞ്ഞു."രാജപുരോഹിതാ, ഞാന്‍ ഹാന്‍ഡ്‌സം അല്ലേ... നമുക്ക്‌ ഭങ്ങി ഇതു മതിയോ, അതൊ കുറച്ചുകൂടെ വേണൊ?"

കൗശലക്കാരനായ രാജപുരോഹിതന്‍ പറഞ്ഞു, "6 സുന്ദരിമാരെ വീഴ്ത്താന്‍ ഈ സൗന്ദര്യം തന്നെ ധാരാളം, പക്ഷേ എഴാമതൊരു സുന്ദരി വന്നാലാ പ്രശ്നം."

"ഒഹോ! അതിന്‌ ഇനിയിപ്പൊ എന്താ ചെയ്ക? പണ്ടു ചെയ്ത പോലെ മൈസൂര്‍ സാന്‍ഡല്‍ പാലില്‍ ചേര്‍ത്ത്‌, സമം ഫെയര്‍ എവറും, ഫെയര്‍ ആന്‍ഡ്‌ ലൗലിയും ചാലിച്ച്‌ കഴിച്ചാലൊ? " പക്ഷേ അതു കഴിഞ്ഞുള്ള "പള്ളിയിറക്കം" (കക്കൂസില്‍ പോകുക എന്ന് സാധാരണ പറയും) ആണ്‌ ഇത്തിരി കഷ്ടം ട്ടൊ!, ന്നാലും സാരല്യ, ഞാന്‍ സുന്ദരനായാ മതി!" ഒട്ടും സുന്ദരമല്ലാത്തൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട്‌ രാജാവ്‌ പുരോഹിതനോട്‌ പറഞ്ഞു, "നമുക്ക്‌ ഡോകുമെന്റുകള്‍ തയ്യാറക്കണ്ടേ...."

"പ്രഭോ, നാം ഇന്നീടെ കൂടിയിരിക്കുന്നത്‌ അയല്‍രാജ്യമായ കോഴിയങ്കാട്ട്‌ ദേശം നമ്മളെ ആക്രമിക്കാന്‍ പ്ലാനിംഗ്‌ നടത്തുന്നു എന്നറിഞ്ഞതിനാലാണ്‌... നമ്മുടെ ചാരന്‍ ശ്രീ ചേരന്‍ റിക്വയര്‍മന്റ്‌ സ്റ്റഡീസ്‌ നടത്തി, റിപ്പ്പ്പോര്‍ട്ടുമായി വന്നിട്ടുണ്ട്‌, അവനെ വിസ്തരിക്കട്ടെ രാജന്‍?" പക്രുവാചാര്യന്‍ പറഞ്ഞു.

പക്രുവിന്റെ രസംകൊല്ലിയായ ആ വര്‍ത്തമാനം ഒട്ടും ഇഷ്ടപ്പെടാത്തപോലെ രാജാവ്‌ പറഞ്ഞു, "ഭ! ദേ, ദിങ്ങട്‌ നോക്യേ, നീ എന്റെ തലേല്‍ കേറി കളിക്കണ്ടാ! നിന്റെ പ്രിഷ്ടം താങ്ങാന്‍ ദവിടെ വച്ചിരിക്കുന്ന ദാ പീഠത്തില്‍ കയറി, വായില്‍ വല്ല ചോക്ലേറ്റും തിരുകി മിണ്ടാതിരുന്നോണം. ഈ മുണ്ടിനീര്‍ തിരുനാള്‍ ശശിയോട്‌ കളിക്കാന്‍ അയല്‍രാജ്യം പോയിട്ട്‌ അവന്റെപ്പന്‍ ആന്റപ്പന്‍ പോലും ധൈര്യപ്പെടില്ല, പിന്നല്ലെ! നാം ഇപ്പൊ ശ്രദ്ധിക്കേണ്ടത്‌ നാളെ വരുന്ന സുന്ദരീ കുസുമങ്ങളെ എങ്ങിനെ നന്നായി പരിചയപ്പെടാം, സോറി പരിചരിക്കാം എന്നാണ്‌. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ"

രാജാവിന്റെ മെഗാബാസ്‌ ഉള്ള ശബ്ദം കേട്ട സഭാവാസികള്‍ ഒന്നടങ്കം ഭയന്നു വിറച്ചു, അതു കണ്ട്‌ രാജാവും ഒന്നു ഭയന്നു. അതു പുറത്തു കാട്ടാതെ രാജന്‍ വീണ്ടും തുടര്‍ന്നു..."

ഛായാഗ്രാഹകന്‍ വര്‍ള്ളി തോമയോട്‌ ഉടന്‍ തന്നെ നാളെ അവരെ സ്വാഗതം ചെയ്യാനുള്ള സെറ്റിങ്ങ്സ്‌ തുടങ്ങാന്‍ പറയൂ... കൊട്ടാരത്തിലെ സെന്റ്രലൈസ്ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ ഞാനീ പറയുന്ന പാട്ടുകള്‍ തന്നെ വെക്കണം, എല്ലാം ഏലൂര്‍ റഹ്മാന്‍ കമ്പോസ്‌ ചെയ്തത്‌."

വാടി വാടി നീവാടി..... (ഫിലിം : നീവാടി)

എനിക്കു തരുമോ മുത്തം... (ഫിലിം: എ.ടി.എം)

മുക്കാടാ.. മുക്കാമെടാ ലോല.. (അത്‌ സ്ത്രീമൂലം പുഷ്പനെ ഉദ്ധേശിച്ച്‌ മാത്രമാണ്‌. ഫിലിം - മെന്റല്‍ മാന്‍)

അടുത്തത്‌ ഏത്‌ പാട്ടാണ്‌ വേണ്ടതെന്നോര്‍ത്ത്‌ വെറുതേ തല പുകച്ചുകൊണ്ടിരിക്കുകയായിരുന്ന രാജന്‍ പെട്ടെന്ന് ആ മീറ്റിംഗ്‌ ഹാളിലെ സെന്റ്രലൈസ്ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ നിന്നും വന്ന വൃത്തികെട്ട ശബ്ധം കേട്ട്‌ ഞെട്ടി!

"മഹാരാജാവ്‌ നീണാള്‍ വാഴട്ടെ! നാളെ ആഗതരാകും എന്നറിയിച്ചിരുന്ന സ്ത്രീമൂലം തിരുനാള്‍ പുഷ്പനും സംഘവും ഇന്നുതന്നെ ഇവിടെ എത്തിച്ചേരുന്നതായിരിക്കും എന്ന് സന്ദേശം ലഭിച്ചിരിക്കുന്നു! അവര്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു രാജന്‍.." കൊട്ടരം ഇന്‍ഫൊര്‍മര്‍ ആണ്‌ അത്‌ വിളിച്ചു പറഞ്ഞത്‌....

രാജന്റെ ഞെട്ടല്‍ വിട്ടുമാറിയില്ല... പെട്ടെന്നെന്തു ചെയ്യണമെന്നറിയാതെ അദ്ധേഹം കുഴങ്ങി... ബ്ലഡ്‌ പ്രെഷര്‍ കൂടി... രാജാവ്‌ മോഹാല്‍സ്യപ്പെട്ട്‌ വരിക്കച്ചക്ക വെട്ടിയിട്ട പോലെ നിലത്ത്‌ ! അതു കണ്ട്‌ രാജ്ഞിയുടെ അന്തപ്പുരവാതില്‍ സ്വപ്നം കണ്ട്‌ ഒരാള്‍ ആ സഭയില്‍ ഇരുന്നു ചിരിച്ചു.... കൊട്ടാരം പ്രധാനമന്ത്രി!

തുടരും...

Get PDF: http://mangalaseri.googlepages.com/

Thursday, November 22, 2007

ആന്റപ്പനും, മനോരമയും, പിന്നെ... (ഭാഗം 1)

(ഈ കഥയും, കഥയിലെ കഥാപാത്രങ്ങളും ജീവിക്കുന്ന ഏതെങ്കിലും വ്യക്തികളോ, അവരുടെ ജീവിതവുമായോ ബന്ധമുള്ളതാണെന്ന് തോന്നിയാല്‍, അത്‌ ഒട്ടും യാദ്രിശ്ചികം അല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍,ഇറ്റ്‌ ഇസ്‌ ബേസ്ഡ്‌ ഓണ്‍ അ ട്രൂ സ്റ്റോറി. )

കൊല്ലവര്‍ഷം 2000, ത്രിശ്ശൂര്‍:
മിലിട്ടറി ഗോപാലേട്ടന്‍ - ജാനകി ദമ്പതികള്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവാന്‍ ഉരുളി കമഴ്ത്തിയതില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ടിട്ടാവണം, നമ്മുടെ ത്രിശൂര്‍ക്കാരന്‍ ആന്റപ്പനും ഒരു ഞായറാഴ്ച്ച ദിവസം കുര്‍ബാന കൂടാതെ പള്ളിമുറ്റത്ത്‌ ഉരുളി കമഴ്ത്തിയത്‌, തനിക്കും ഒരു കുട്ടിയെ കിട്ടാന്‍, പ്രായം 18 തികഞ്ഞ ഒരു പെണ്‍കുട്ടിയെ കിട്ടാന്‍. ഗതികിട്ടാത്ത കടമറ്റത്ത്‌ കത്തനാരുടെ പ്രേതം പോലെ ആ പള്ളിയങ്കണത്തില്‍ വരുന്ന ഒന്നാന്തരം കത്തോലിക്കന്‍ കുസുമങ്ങളെ ലൈന്‍ ഇടാന്‍ വേണ്ടി ഉലാത്താന്‍ തുടങ്ങിയിട്ട്‌ ഇന്ന് വര്‍ഷങ്ങള്‍ ഒരുപാടാകുന്നു, ആന്റപ്പന്റെ നിറവും, മണവുമുള്ള തുടിക്കുന്ന ഹൃദയം കാണാന്‍ അവിടെ അടിച്ചു വാരാന്‍ വരുന്ന കത്രീനപ്പെണ്ണിനു പോലും കഴിഞ്ഞില്ല.

ഈ പരജയത്തിനൊരു കാരണം ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ധോണിയെപ്പോലെ ആന്റപ്പനും പിടികിട്ടിയില്ല. ഏതൊരു പെണ്ണിന്റെയും സ്വപ്നമായ "ഡാര്‍ക്‌ ആന്‍ഡ്‌ ടോള്‍" അല്ലെങ്കിലും, ആ ആനിക്കൊച്ചിന്റെ ലൈനായ സന്ദീപിനേക്കാളും എത്ര ഭേദം.. എന്നിട്ടും എന്തെ കര്‍ത്താവേ...

കൊല്ലവര്‍ഷം 2007, ബാങ്ക്ലൂര്‍ നഗരം:
ആന്റപ്പനിന്നൊരു സോഫ്റ്റ്‌ വെയര്‍ തൊഴിലാളിയാണ്‌. തന്റെ പഴയ ലക്ഷ്യങ്ങള്‍ ഇന്നും സ്വന്തം പേര്‍സിലെ അന്തോണിസ്‌ പുണ്യാളന്റെ പടത്തിനൊപ്പം സൂക്ഷിച്ച്‌ വെച്ചിരിക്കുന്നു. ഒരുപാട്‌ "കിളികള്‍" ഈ നഗരത്തില്‍ തനിക്ക്‌ വേണ്ടിപ്പറക്കും എന്ന സ്വപ്നവുമായി...

ചീഞ്ഞളിഞ്ഞ മൂവാണ്ടന്‍ മാങ്ങ പോലുള്ള മോന്തയുള്ള യമണ്ടന്മാര്‍ ചെമ്പകപ്പൂ പോലുള്ള നോര്‍ത്തിന്റ്യന്‍ പെണ്‍പിള്ളേരുടെ കൂടെ തോളില്‍ കയ്യിട്ട്‌ പോകുന്നത്‌ കാണുമ്പോള്‍, ആന്റപ്പന്‌ ഹൃദയാഖാതം വരും. കൊടിച്ചിപ്പട്ടിയെ ഡാല്‍മേഷന്‍ പട്ടി നോക്കുന്നപോലെയാണ്‌ അവന്മാര്‍ ആന്റപ്പനെ നോക്കുന്നത്‌. ഇതൊക്കെ കാണുമ്പോള്‍ തന്റെ വലയില്‍ വീണില്ലെങ്കിലും, വല്ലപ്പൊഴും ഒന്ന് പഞ്ചാരയടിക്കാനെങ്കിലും കിട്ടിയിരുന്ന ബെറ്റ്‌സിയേയും, ജോമോളെയും അവനോര്‍ത്തു... ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

തന്റെ സുഹൃത്തുക്കളുടെ മയമില്ലാത്ത കളിയാക്കലുകളും, ദിവസവും കേള്‍ക്കുന്ന അവരുടെ പല സക്സ്സസ്‌ഫുള്ളായ ലവ്‌ സ്റ്റോറികളും അവനെ വട്ടുപിടിപ്പിച്ചു. ജോലി ചെയ്യാന്‍ ഒരിക്കലും ഇഷ്ടമില്ലാത്ത ആന്റപ്പന്‍ എല്ലാം മറക്കാന്‍ ചുമ്മാ ജോലി ചെയ്തു... ഓര്‍ക്കുട്ടിലും, ജി-ടാക്കിലും അവന്‍ സ്വന്തം ഫോട്ടൊകള്‍ മാറ്റി മാറ്റി ഇട്ടുനോക്കി. കണ്ണട വെച്ചും, വെക്കാതെയും, ഷര്‍ട്ട്‌ ഇട്ടും ഇടാതെയും... അങ്ങിനെ എന്തെല്ലാം....

കര്‍ത്താവിനെ പതിവില്ലാതെ ധ്യാനിച്ചുകൊണ്ടു കിടന്ന ആന്റപ്പന്‌ പെട്ടെന്നാണൊരു വെളിപാടുണ്ടായത്‌. "ദൈവമേ, ഇതാണോ ഈ ദൈവത്തിന്റെ വിളി.." അവനോര്‍ത്തു...

തന്റെ ശത്രുക്കളുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ ഒരേയൊരു വഴിയേ ഇനിയുള്ളൂ... എനിക്കൊരിക്കലും കിട്ടാത്ത ഒരു പ്രണയിനി എനിക്കുണ്ടെന്ന് വരുത്തണം. വിര്‍ച്വല്‍ റിയാലിറ്റി, വിര്‍ച്വല്‍ സെക്സ്‌ എന്നൊക്കെ പറയുമ്പോലെ, എനിക്കും ഒരു വിര്‍ച്വല്‍ പ്രണയിനി! പ്രണയ ദാഹവും, പ്രതികാര ദാഹവും മാറ്റാന്‍ പറ്റാത്ത എന്റെ വരണ്ട മനസ്സിന്‌ തല്‍ക്കാലം ഇതൊരാശ്വാസമവട്ടെ!

ആന്റപ്പന്‍ താനൊരിക്കലും ഉപയോഗം ഉണ്ടാവുമെന്ന് കരുതാത്ത സ്വന്തം ബുദ്ധിയെ അന്ന് വല്ലാതെ മുട്ടിച്ചു... എന്തുണ്ട്‌ വഴി..? പെട്ടെന്ന്, പള്ളിയിലടിക്കുന്ന കൂട്ടമണിപോലെ അവന്റെ മനസ്സില്‍ ഐഡിയ വന്നു... ആ പള്ളിയിലെ മണിയടിക്കുന്ന കപ്യാരച്ചനെ ഓര്‍ത്തുകൊണ്ടവന്‍ പറഞ്ഞു.. "എന്തൊരു ഐഡിയ ആശാനെ..."

തന്റെ കമ്പ്യൂട്ടറില്‍ അവനുപറ്റിയ ഒരു കാമുകിയുടെ മുഖം തിരഞ്ഞു നടന്നു... ഓര്‍ക്കുട്ടില്‍, യാഹുവില്‍... പക്ഷേ ഒന്നും അങ്ങോട്ട്‌ ചേരുന്നില്ല. ഒടുവില്‍ മലയാള മനോരമ ഓന്‍ലൈന്‍ ആന്റപ്പന്റെ വിളികേട്ടു... ഫോട്ടൊ ഗാലറിയില്‍ മോഡല്‍ ഗേള്‍സിന്റെ പേജില്‍ താന്‍ തിരഞ്ഞു നടന്ന ആ മുഖം ആന്റപ്പന്‍ കണ്ടു... ഹിന്ദു പെണ്ണാണ്‌.. പക്ഷേ ഇപ്പൊ വര്‍ഗ്ഗീയം നോക്കാന്‍ പറ്റില്ല... ഇവളെ ഞാന്‍ കെട്ടുന്നൊന്നുമില്ലല്ലൊ!

അടുത്ത പരിപാടി ഈ കൊച്ചിന്റെ അടുത്ത്‌ തന്റെ ഫോട്ടൊ കൂടി ചേര്‍ത്ത്‌ വെച്ച്‌(തന്റെ ഒരു സുഹൃത്തായ ശ്രീ:പുഷ്പന്‍ അടുത്തിടെ ഇങ്ങനെ ഒരു സാഹസം കാട്ടി അവന്റെ കപ്പലണ്ടി വറുക്കാനിട്ടിരിക്കുന്ന ചീനച്ചട്ടി പോലുള്ള മനസ്സിനെ തണുപ്പിച്ചത്‌ അവനോര്‍മ്മവന്നു) എല്ലാ തെണ്ടികള്‍ക്കും മെയില്‍ അയക്കണം. അതു കണ്ട്‌ അവന്മാരുടെ കണ്ണുകള്‍ ലോറി കേറിയ പറത്തവളയുടെ കണ്ണുകള്‍ പോലെ തുറിച്ചു ചാടണം...

പക്ഷേ അവിടെയും ഒരു കുഴപ്പം. ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ ആന്റപ്പനറിയില്ല. നല്ല ഒറിജിനാലിറ്റി വേണമെന്നുള്ളത്‌ നിര്‍ബന്ധം. ഒരു ചെറിയ പാളിച്ച മതി, പണ്ട്‌ ഡബിള്‍ മീനിംഗ്‌ വെച്ച്‌ ജോമോളോറ്റ്‌ സംസാരിച്ചു എന്നുപറഞ്ഞവളുടെ അപ്പന്‍ തല്ലിയ പോലെ യെവമ്മാരെന്നെ തല്ലാന്‍... അതിവിടെ സംഭവിക്കാന്‍ പാടില്ല.

അങ്ങനെയൊരു ധര്‍മ്മസങ്കടത്തില്‍ ഇരിക്കുമ്പോഴാണ്‌, പണ്ട്‌ മണവാളന്‍ ആന്‍ഡ്‌ സണ്‍സ്‌ ഫിനാന്‍സിയേര്‍സിന്റെ ഉടമയായ മണവാളന്‍ ആപത്ഘട്ടത്തില്‍ സഹായിച്ചപോലെ തന്നെ ഇപ്പൊ സഹായിക്കാന്‍ വേറൊരാളുണ്ടെന്നോര്‍ത്തത്‌. മനപ്പിള്ളി പവിത്രന്‍, ചെങ്കളം മാധവന്‍, കടയാടി വര്‍ഗ്ഗീസ്‌ എന്നൊക്കെ പറയുംബോള്‍ ഉണ്ടാകുന്ന രോമാഞ്ചത്തോടെ അവനാപ്പേരോര്‍ത്തു... സുസുക്കി ദിവാകരന്‍!!

തന്റെ ആവശ്യം നടത്തിത്തരാന്‍ പറ്റിയ, വിശ്വസ്തനായ ആളാണ്‌ സുസുക്കി ദിവാകരന്‍ എന്ന് ആന്റപ്പന്‌ നാന്നായി അറിയാം... എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ ആന്റപ്പന്‍ സുസുക്കി ദിവാകരന്‌ മെയില്‍ ടൈപ്പ്‌ ചെയ്തു തുടങ്ങി...

എത്രയും പ്രിയപ്പെട്ട ദിവാകരേട്ടാ...
ഒരുപാട്‌ നാളായി നമ്മളൊന്നു കണ്ടിട്ടും, വിശേഷങ്ങള്‍ പങ്കുവെച്ചിട്ടും. സുഖമാണെന്ന് വിശ്വസിക്കുന്നു. അന്ന് നമ്മളൊരുമ്മിച്ച്‌ ജോലിചെയ്തിരുന്നിടത്ത്‌ അനുവാദമില്ലാതെ ഓവര്‍ടൈം വര്‍ക്ക്‌ ചെയ്തെന്ന് പറഞ്ഞ്‌ ചേട്ടനെ പുറത്താക്കിയതിനു ശെഷം പിന്നെ ഒരു കോണ്ടാക്ക്റ്റും ഇല്ലല്ലൊ...

എന്റെ ദിവാരേട്ടാ..
ഞാന്‍ ഇപ്പൊ ഒരു ചെറിയ പ്രോബ്ലത്തിലാണ്‌. ചേട്ടനു മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ... ഈ മെയിലില്‍ ഞാന്‍ എന്റെയും, ഒരു പെണ്‍കുട്ടിയുടെയും ഫോട്ടൊ വച്ചിട്ടുണ്ട്‌. ചേട്ടന്റെ പരമാവധി കഴിവുമെടുത്ത്‌ ആ രണ്ട്‌ പടങ്ങളും ഒന്നാക്കണം, ഒപ്പം ആ കൊച്ചിന്റെ മേത്തൂടെ പോകുന്ന ഒരു വെളുത്ത കാപ്ഷന്‍ (ഇതിനെ വാട്ടര്‍മാര്‍ക്‌ എന്നാണ്‌ വിളിക്കുക എന്ന് പിന്നീട്‌ ദിവാകരന്‍ തന്നെ അവനു പറഞ്ഞു കൊടുത്തുവത്രെ) കൂടി ഒന്നു മാറ്റിത്തരണം.
ചേട്ടന്റെ മറുപടിയും പ്രതീക്ഷിച്ചു കൊണ്ട്‌, വിരിയാന്‍ മുട്ടി നില്‍ക്കുന്ന ഒരു ഹൃദയവുമായി,
ആന്റപ്പന്‍.

ആന്ന് വൈകുന്നേരം, ബാങ്ക്ലുരിലെ മറ്റൊരു സ്ഥലം:
രണ്ടു കൈകള്‍ അപ്പോള്‍ മൈക്രൊസോഫ്റ്റ്‌ ഡോട്‌ നെറ്റ്‌ അപ്പ്ലിക്കേഷന്‍ ഡീബഗ്‌ ചെയ്യുന്നത്‌ നിര്‍ത്തി വെച്ച്‌ ഇ-മെയില്‍ ഇന്‍ബോക്സ്‌ തുറന്നു. അവിടെ അതാ, ആന്റപ്പന്റെ മെയില്‍...

അല്‍പനേരത്തിനു ശേഷം സിനിമാ നടന്‍ നരേന്ദ്രപ്രസാദ്‌ ചിരിക്കുന്ന പോലെ, ദിക്ക്‌ മുഴങ്ങുമാറ്‌ ഒരട്ടഹാസം... ഒരു ഇരയേ കിട്ടിയ പാമ്പിനെപ്പോലെ... സുസുക്കി ദിവാകരന്‍!

തുടരും....മറുപടികള്‍ അയക്കേണ്ട വിലാസം : mangalaseri@gmail.com

Tuesday, November 20, 2007

മങ്കലശ്സേരി ചരിതങ്ങള്‍! അദ്ധ്യായം 1 :

(പലരുടെയും പ്രത്യേക അഭ്യര്‍ഥന മാനിച്ച്‌ ഈ ലക്കം മുതല്‍ ഞങ്ങള്‍ ഒരു പുതിയ ലേഖന പരമ്പര തുടങ്ങുകയാണ്‌, ബാങ്ക്ലൂരുലെ പ്രശസ്തരായ ഒരു കൂട്ടം സൊഫ്റ്റ്‌ വെയര്‍ കൂട്ടുകാരെ പറ്റി, അവരുടെ സ്വന്തം വീടായ മങ്കലശ്ശേരിയിലെ തമാശകളെ പറ്റി..)
മങ്കലശ്സേരി ചരിതങ്ങള്‍! അദ്ധ്യായം 1 :
സ്വന്തം ലേഖകന്‍
‍അതി സമര്‍ദ്ധന്മാരായ ആറ്‌ സുന്ദരന്മാരായ യുവാക്കള്‍ താമസിക്കുന്ന മങ്കലശ്ശേരി. പണപ്പെരുപ്പം കൊണ്ടും, സ്വഭാവത്തിലുള്ള ലാളിത്യം കൊണ്ടും എല്ലാവരുടെയും മനം കവരുന്നു ഈ സുഹൃത്തുക്കള്‍. അയല്‍വാസികളായ പെണ്‍കൊടികള്‍ തല വീണ്ടും വീണ്ടും തോര്‍ത്താന്‍ വീടിനു പുറത്തിറങ്ങുന്നു. മുറിയില്‍ വെളിച്ചമില്ലെന്നു പറഞ്ഞ്‌ അവര്‍ സന്ധ്യാ യാമങ്ങളില്‍ വീടിനു പുറത്തുലാത്തുന്നു... എല്ലാവരുടെയും ലക്ഷ്യം ഈ സുന്ദരക്കുട്ടന്മാരെ മതിവരുവോളം നോക്കി രസിക്കണം. അത്ര തന്നെ!
മങ്കലശ്ശേരിയില്‍ മാത്രമല്ല, ജോലി സ്ഥലത്തും ഇതു തന്നെ ഗതി. എത്ര വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും അതു തീര്‍ക്കാന്‍ ഈ ബുദ്ധി രാക്ഷസന്മാര്‍ മതി. സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറിംഗ്‌ ഇവര്‍ക്കൊരു ഹോബി മാത്രം.
ഇനി ഈ വിദ്വാന്മാരെ പരിചയപ്പെടാം.അരാധകരുടെ ശല്യം ഭയന്ന് എവരുടെ ശരിയായ പേരുകള്‍ ചേര്‍ക്കുന്നില്ല.
മങ്കലശ്ശേരി കോമളന്‍: ജോലിയുണ്ട്‌, പക്ഷേ പണിയില്ല. നല്ല തീറ്റയാണ്‌, പക്ഷേ ഒട്ടും വിശപ്പില്ല. പ്രധാന വിനോദം : ഭക്ഷണം, ചാറ്റിംഗ്‌.
മങ്കലശ്ശേരി ദിവാകരന്‍: ജോലിയേ ഉള്ളു. ജോലിയോടുള്ള അതി തീവ്രമായ ആത്മാര്‍ഥത കൊണ്ടാണെന്ന് പറയുന്നു, ഈ മഹാനുഭാവന്‌ പെണ്‍കുട്ടികള്‍ എന്നു പറഞ്ഞാല്‍ അലര്‍ജിയാണ്‌. ജീവിതത്തില്‍ മൊത്തം തന്റേതായ ഒരു "ദിവാകരന്‍ സ്റ്റൈല്‍" ഈ സുഹൃത്തിനു മാത്രം സ്വന്തം.
മങ്കലശ്ശേരി ശശി: തന്റെ ആകാരം കൊണ്ടും, പോക്കറ്റില്‍ കയ്യിടതെ തന്നെ മറ്റ്‌ സുഹൃത്തുക്കളുടെ പോക്കറ്റ്‌ കാലിയാക്കുന്നതിലും അതി സമര്‍ദ്ധന്‍. ചൈനയില്‍ പോയി ഇംഗ്ലീഷ്‌ പറയാന്‍ പഠിച്ച ആദ്യത്തെ വ്യക്തി എന്ന ബഹുമതിയും ഈ സുന്ദരനു സ്വന്തം. ഇവന്‍ മീശ പിരിച്ചാല്‍(മങ്കലശ്ശേരിയില്‍ മീശയുള്ള ഒരേയൊരു വ്യക്തി ഇയാളാണ്‌), അന്ന് മങ്കലശ്ശേരി ഖജനാവില്‍ നിന്നും 500 രൂപയെങ്കിലും കാണാതാവുമെന്നുള്ളത്‌ പരസ്യമായ രഹസ്യം.
മങ്കലശ്ശേരി പുഷ്പന്‍: ഭയങ്കര കലാകാരനാണെന്നാണ്‌ വിശ്വാസം. പണ്ടെങ്ങോ ഒരു പെണ്‍സുഹൃത്ത്‌ കാണാന്‍ സുന്ദരനാണെന്നു പറഞ്ഞതില്‍ നിന്നും കിട്ടിയ ഷോക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല, ഇന്നും തീരാത്ത പ്രവാസം.
മങ്കലശ്ശേരി ആന്റപ്പന്‍: വലിയൊരു ശബ്ധം സ്വന്തമായുണ്ടെങ്കിലും, മനസ്സുകൊണ്ട്‌ ഇന്നും ഒരു ശിശു. പെണ്‍കുട്ടുകള്‍ ഇവിടെയും ഒരു ബലഹീനതയാണ്‌. സ്വന്തമായി ഒരു കാറു വാങ്ങിയതിന്റെ യാതൊരു ഭാവവുമില്ലാത്ത ഈ മനുഷ്യന്റെ പ്രധാന ഹോബി ടിവി - ചലച്ചിത്ര ലോകത്തെ സുന്ദരിമാരെക്കുറിച്ച്‌ പഠിക്കലും, തരം കിട്ടിയാല്‍ അതിനെക്കുറിച്ച്‌ വീമ്പിളക്കലും ആണ്‌. ആധികം ആരും കേള്‍ക്കാത്ത സുന്ദരിമാരെ "സ്വന്തം കുട്ടി" ആക്കി മാറ്റാനും നാണമില്ലത്തവന്‍.
മങ്കലശ്ശേരി പക്രു: സുന്ദരന്‍, സുമുഖന്‍, സുശീലന്‍ എന്നി വാക്കുകള്‍ ഒരിക്കലും ചേരാത്ത ഈ കുട്ടിത്തേവാങ്കിന്റെ പ്രധാന വിനോദം "സണ്‍ മൂസിക്‌" ആണ്‌. സൂപര്‍സ്റ്റാറുകളുടെ കടുത്ത അരാധകാനായ ഈ കുറിയ മനുഷ്യന്‍ ഭാവിയില്‍ ഒരു "സെന്തില്‍" അവാന്‍ ആഗ്രഹം. എ.അര്‍. രഹ്മാന്‍ ഇയാളുടെ നല്ലൊരു സുഹൃത്താണ്‌.
കായികമായും, ബുദ്ധിപരമായും അപാര കഴിവുള്ള ഈ ചങ്ങാതിമാരെക്കുറിച്ച്‌ ആര്‍ക്കും ഒരു തെറ്റായ അഭിപ്രായവും ഇല്ലത്രെ!ഒരു കാറും, 2 ലാപ്റ്റോപും, ഒരു കളര്‍ ടിവി യും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും സ്വന്തമായുള്ള ഈ വിരുതന്മാര്‍ വളരെ കുറച്ചുകാലം കൊണ്ടു തന്നെ ഒരുപാട്‌ വളര്‍ന്നിരിക്കുന്നു. അവരുടെ കഠിനാദ്ധ്വാനം ആയിരിക്കും അതിന്റെ പിറകില്‍ എന്നുള്ളത്‌ നിസ്സംശയം പറയാനുകും.
ജോലിക്കു വേണ്ടി ചാവാന്‍ വരെ തയ്യാറായി നില്‍ക്കുന്നവനും, ജോലിയേ ചെയ്യില്ലെന്ന് പറഞ്ഞു നടക്കുന്നവനും ഇവരുടെ കൂട്ടത്തില്‍ പെടുന്നു. അംബാസിഡര്‍ കാറിന്റെ ഒച്ച പോലുള്ള ശബ്ധം ആണ്‌ ഒരാളുടെ പ്രത്യേകതയെങ്കില്‍, വേറൊരാള്‍ക്ക്‌ വലിയൊരു ശരീരവും ചെറിയൊരു ശബ്ദവുമാണ്‌. വലിപ്പക്കുറവില്‍ ഒന്നുമില്ലെന്ന സത്യം പറഞ്ഞു നടക്കുന്നയാളും, തീറ്റയാണ്‌ ജീവിതം എന്ന സമവാക്യം മൂലധനം ആക്കിയവനും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വല്ലപ്പൊഴും മാത്രം മങ്കലശ്ശേരിയില്‍ എല്ലാവരും ഒത്തുകൂടുന്ന സമയം ഈ വിദ്വന്മാര്‍ പരസ്പരം പാരവെച്ചും, കളിയാക്കിയും, സ്വപ്നത്തില്‍ പോലും പ്രേമിക്കാന്‍ കിട്ടാത്ത സ്ത്രീ എന്നെ പ്രതിഭാസത്തെ കുറിച്ച്‌ എല്ലാമറിയാമെന്ന മട്ടില്‍ വീമ്പിളക്കിയും കഴിച്ചുകൂട്ടുന്നു.
സ്വന്തം കോണ്ടാക്റ്റില്‍ ഉള്ള പെണ്‍കുട്ടികള്‍ ആരൊക്കെയെന്ന് ഒരിക്കലും പറയാത്തവനും,എനിക്കിനി പെണ്‍കുട്ടികളേ വേണ്ടെന്ന് പറയുന്നവനും ഈ മങ്കലശ്ശേരി കുടുമ്പത്തില്‍ പെടുന്നു.
ചൈനയില്‍ പോയി ആക്രിക്കച്ചവടം നടത്തിയതു കണ്ട്‌ കൊതിമൂത്ത മറ്റൊരു രസികന്‍ ഇപ്പൊ കൊച്ചിയില്‍ കച്ചവടം നടത്തുന്നു. എന്തു കച്ചവടം എന്നുള്ളത്‌ അവനുതന്നെ വലിയ നിശ്ചയമില്ല.
കൂടിയാലും കുറഞ്ഞാലും മങ്കലശ്ശേരിയില്‍ എല്ലാവര്‍ക്കും ഒരുമയുള്ളത്‌ ഒരേയൊരു വിഷയത്തില്‍ മാത്രം. "ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ" എന്ന് പണ്ടാരൊ പറഞ്ഞിട്ടുള്ളതു പോലെ, ഉള്ളിലെ വിഷമങ്ങള്‍ ഇവര്‍ പരസ്പരം പറഞ്ഞു തീര്‍ക്കുന്നു.
ഈ 6 വിരുതന്മാരും കൂടി ഒരുമിച്ച്‌ പുറത്തുപോകുന്നത്‌ വിരളം. റൂമില്‍ "മൂട്ട സീസണ്‍" തുടങ്ങുമ്പോഴാണ്‌ പലരും ഉഷാറാവുന്നത്‌. എല്ലാ 3 മാസത്തിലും മൂട്ട ക്ലീനിങ്ങിനു വേണ്ടി നല്ലൊരു തുക മാറ്റി വെക്കാനും ഇവര്‍ മടിക്കാറില്ല, കാരണം ആ ദിവസമാണ്‌ അവര്‍ "ട്രിപ്‌" പ്ലാന്‍ ചെയ്യുന്നത്‌. ആന്റപ്പന്റെ കാറിന്‌ അന്ന് നല്ല പണിയാണ്‌. അതിലിരുന്നു പോകുന്നവര്‍ക്ക്‌ അതിലേറെ പണിയും.ചെറുതൊന്നുമല്ലാത്ത ഇവരുടെ സ്വപ്നങ്ങള്‍ പാതിരാപ്പൂ പോലെയാണ്‌.
ഉറങ്ങുമ്പോള്‍ മുളക്കുന്ന സ്വപ്നങ്ങള്‍ രാവിലെ എണീറ്റ്‌ ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ വാടി വീഴുന്നു.
ഇതൊക്കയായാലും, മങ്കലശ്ശേരിയിലെ ഈ കൂട്ടായ്മ അവരുടെ മറ്റ്‌ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരവിഷയമായിരിക്കുന്നു. സ്നേഹത്തൊടെ നല്ല കൂട്ടുകാരായി ഇങ്ങനെ വേണം ജീവിക്കാനെന്ന് ഇവര്‍ കാണിച്ചു തരുന്നു, അതിനായി ഇവര്‍ ഒരു വെബ്‌ സൈറ്റും തുടങ്ങിയിരിക്കുന്നു. തുടര്‍ന്നും മങ്കലശ്ശേരി പിള്ളേര്‍ക്ക്‌ നല്ലതുമാത്രം വരാന്‍ നമുക്കേവര്‍ക്കും പ്രാര്‍ഥിക്കാം.
തുടരും.
ഈ പംക്തിയിലേക്ക്‌ നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അയക്കാം. അഭിപ്രായങ്ങള്‍ അയക്കേണ്ട വിലാസം: mangalaseri@gmail.com