Friday, October 24, 2008

Wednesday, October 22, 2008

സാഹിത്യവാരം - ദിവാരന്‍

ദിവാരനായിരുന്നു അടുത്തതായി സാഹിത്യവാര്‍ത്തിലേക്ക്‌ ഡെഡിക്കേറ്റ്‌ ചെയ്തത്‌. ഇങ്ക്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ച ദിവാരന്‌ മലയാളം അത്രക്കങ്ങ്‌ പിടുത്തം പോര. പക്ഷേ ഇങ്ക്ലീഷ്‌ അരച്ചു കലക്കി കുടിച്ച ടീമാണ്‌. എങ്ങിനെയൊക്കെ, എന്തൊക്കെ പ്രയോഗങ്ങളാ ദിവാരന്‍ ആങ്കലേയത്തില്‍ പറയുന്നതെന്നോ.

ഒരുപാട്‌ ജന്മങ്ങളായി കാത്തിരിക്കുന്ന പെണ്ണിനെ ഓര്‍ത്ത്‌, അവളെ അത്ര മേല്‍ ഇഷ്ടമാണെന്ന് പറഞ്ഞ്‌, ദൂരത്തുള്ള തീരങ്ങളെയും, താരങ്ങളെയും സാക്ഷികളാക്കി ദിവാരന്‍ എഴുതി ഒരു കവിത. ഇങ്ക്ലീഷില്‍.

ആങ്കലേയം വലിയ പിടിയില്ലാത്തവര്‍ക്കായി ദിവാരന്റെ കവിത മലയാളത്തിലാക്കി ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത്‌ കൊടുത്തിട്ടുണ്ട്‌. വായിക്കാം.

Edee... Where Are You...?
For how many births I am searching for you....(Google)
um...um... um.....
O my lucky, I love you that much....
Long away coasts and the silent clouds are the witness here.
ah.... ah.....

The cloud whispered(wings) to the wind slowly,
Some secretes with romantic tune.
In search of You, Oh disappearing evening,
This wet moonlights sperms.
Always like a child on your lap (laptop),
Like the romance in you,
When I am waiting for you... (For how many births)

The winter raining from full moon
Are stitched on the chest of flower by the breeze.
Hey, mulla which flowers on may month,
You just gave me unlimited fragrances.(AXE)
I gave you as love all days,
This snow and the wetness in my eyes,
And the wishes which is filled in my heart... (For how many births)
--------------------------
ഇനി അതിന്റെ മലയാള പരിഭാഷ :
ഡ്യേയ്‌, നീയിതെവിട്യാ?
എത്രയോ ജന്മമയി നിന്നെ ഞാന്‍ തേടുന്നൂ
അത്രമേല്‍ ഇഷ്ടമായ്‌ നിന്നെയെന്‍ പുണ്യമേ...
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍...
ഉം... ഉം....

കറ്റോടുമേഘം മെല്ലേ ചൊല്ലീ,
സ്നേഹാര്‍ദ്രമേതോ സ്വകാര്യം...
മായുന്ന സന്ധ്യേ, നിന്നേ തേടീ,
ഈറന്‍ നിലാവിന്‍ പരാഗം...
എന്നെന്നും നിന്‍ മടിയിലേ പൈതലായ്‌,
നേ മൂളും പാട്ടിലേ പ്രണയമായ്‌
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ... (എത്രയോ)

പൂവിന്റെ നെഞ്ചില്‍ തെന്നല്‍ നെയ്യും,
പൂര്‍ണ്ണേന്തു പെയ്യും വസന്തം...
മേയ്മാസ രാവില്‍ പൂക്കും മുല്ലേ,
നേ തന്നു തീരാ സുഗന്ധം...
ഏ മഞ്ഞും, എന്‍ മിഴിയിലെ മൗനവും,
എന്‍ മാറില്‍ നിറയുമീ മോഹവും,
നിത്യവും സ്നേഹമായ്‌ തന്നു ഞാന്‍...(എത്രയോ)

Tuesday, October 21, 2008

മങ്കലശ്ശേരി സാഹിത്യവാരം

അടുത്ത ഏതാനും ദിവസങ്ങള്‍ മങ്കലശ്ശേരിക്കാര്‍ സഹിത്യവാരമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കമ്പ്യൂട്ടറും, ഇ മെയിലും കയ്യടക്കിയ തങ്ങളുടെ സര്‍ഗ്ഗാത്മകമായ സാഹിത്യ വാസനകളെ കുലുക്കിയുണര്‍ത്താനും, നിറം പിടിപ്പിക്കാനും ഈ അവസരം ഞങ്ങളോരോരുത്തരും ഉപയോഗിക്കുകാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

ഇവിടെയെഴുതുന്ന ഒരോ സാഹിത്യ കൃതികളും അതിന്റെ ഉടമസ്ഥന്റെ മാത്രം സ്വന്തമാണ്‌. അത്‌ മോഷ്ഠിച്ച്‌ മുതലെടുക്കാമെന്ന് ആരും കരുതരുത്‌. കോപ്പി പ്രൊട്ടക്റ്റഡ്‌!

സാഹിത്യവാരത്തില്‍ ആദ്യമായി ശശിയാണ്‌ പോസ്റ്റ്‌ എഴുതുന്നത്‌. തന്റെ എക്കാലത്തെയും പ്രിയങ്കരമായ കവിതകളില്‍ രണ്ടെണ്ണം ശശി തിരഞ്ഞെടുത്തതാണ്‌ ഇവിടെ പോസ്റ്റുന്നത്‌.
--------------------

പ്രായം അധികമായതിനാല്‍ തനിക്ക്‌ പെണ്ണ്‍ കിട്ടാത്തതിലുള്ള ആഴത്തിലുള്ള വിഷമം ഒരു കവിതയിലൂടെ ശശി പറയുകയാണ്‌.
തന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ മഹാ മെഗാ കവിയെ തല്ലിയുണര്‍ത്താന്‍ മുപ്പ്പത്‌ വയസുവരെ കാത്തിരിക്കേണ്ടി വന്നൂ ശശിക്ക്‌.

ഒരുപാടൊരുപാട്‌ പെണ്‍കുട്ടികളെ കാണാന്‍ പോയി, ഒരുപാടാലോചനകള്‍ വന്നുപോയി... പക്ഷേ ഒന്നും നടന്നില്ല. എല്ലാ അലോചനകളും ശശി തന്റെ ഫോട്ടോ പെണ്‍കുട്ടിക്ക്‌ കാണാന്‍ അയച്ചു കൊടുത്തതിനു ശേഷമോ, നേരിട്ട്‌ കണ്ടതില്‍ ശേഷമോ പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ മുടങ്ങിപ്പോയി.

അതില്‍ മനം നൊന്ത ശശി, തന്റെ കണപ്പെട്ട റോള്‍മോഡലായ സലീംകുമാറിനെ മനസിലോര്‍ത്ത്‌ എഴുതി...

ഞാന്‍ കുടിച്ച കാപ്പികള്‍!
പലവട്ടം മാറിമാറിയാ
ദല്ലാളിന്‍ ബൈക്കിനുപിന്നില്‍
ഒരുനാണോമില്ലാതെ ഞാന്‍
പോയില്ലേ...

അഴകോലും പിള്ളേരേ,
അനുദിനവും കണ്ടെന്നെയ്‌,
പെണ്മനസുകളതൊന്നുപോലും കനിഞ്ഞതില്ലെന്നെയ്‌...

കൂയ്‌! (പലവട്ടം)

വിരുന്നുകാരുടെ ലോകത്തില്‍
ഒരു കുരുന്നുകുഞ്ഞായ്‌ ഞാനും,
പരിപ്പുവടകള്‍ തിന്നുതീര്‍ത്തില്ലേ...

വലിച്ചു മോന്തിയ കാപ്പിക്കിടയില്‍,
ചിരിച്ചുനിന്നോരവളെ
തിരിച്ചുനോക്കാന്‍ മറന്നുപോയില്ലേ...

കറുത്തതാമെന്‍ മുഖത്ത്‌ നോക്കി,
എനിക്കുവേണ്ടെന്നവളോ,
വെളുത്തൊരെന്റെ കരളിനെ നോക്കില്ലേ...


ഇളിഭ്യനയി,
വിഷണ്ണനായി
തിരിച്ചിറങ്ങീ ഞാനും,
കാശിനുവേണ്ടി മൂന്നാനും കൂടേ.
(പലവട്ടം)

കഴിഞ്ഞ മാസം നടന്നുപോയി,
വാക്കുകൊടുത്തൊരു കാര്‍ത്തൂ,
വരുത്തനോടൊത്തോളിച്ചു ചാടീല്ലേ...

കറുത്ത ടാറില്‍ വറുത്തപോലെ,
ചൊറിഞ്ഞിരിക്കും ഗോപി,
വെളുമ്പിയാമാ മിനിയേക്കെട്ടീല്ലേ...

വല്ലാണ്ടുമായി,
ഇല്ല്യാണ്ടുമായി,
വല്ലാതിരുന്നൂ ഞാനും,
അത്‌ കണ്ടോണ്ടിരിക്കാന്‍ നാടും നാട്ടാരും...
(പലവട്ടം)

---------------------

അടുത്ത കവിത പണ്ട്‌ ശശിക്ക്‌ ജോലി കിട്ടാതെ നഗരത്തിന്റെ മുക്കും മൂലയും മണപ്പിച്ച്‌ നടന്നപ്പോ പൊട്ടിവീണ ശകലങ്ങള്‍ ഒരുമിച്ചു വെച്ചതാണ്‌...

തേരാപ്പാരാ...
വിസ്ഭോടനം!
കരാളഹസ്തങ്ങളിറങ്ങി, മുറുക്കി,
മാന്തിയെടുത്തെന്റെ ഹൃദയം,
രക്തമൊഴുകാതെ വെറുതേ കരഞ്ഞു...

അവിടെ വിസ്ഭോടനം!

റെസൂമെകളെന്റെ ധമനികളി-
ലൂടോടിയെന്നെയുന്മ്മത്തനാക്കിയ-
നിശാതമായ വേളകളില്‍,
റോഡരുകിലും,
വിസ്ഭോടനം!

മുപ്പതുകാശിനാല്‍ വിശപ്പടക്കിയെന്‍,
മനസും, ശരീരവുമാര്‍ത്തുല്ലസിച്ചതി-
ലുണ്ടായൊരാണ്‍കുഞ്ഞ്‌,
ദു:ഖമെന്ന പേരിലവനെഞ്ഞാന്‍ പോറ്റി-
യതുണ്ടായനതരം,
വിസ്ഭോടനം!

സൂക്ഷ്മമാം ബാഷ്പപുഷ്പങ്ങളും,
മൂകസൂനങ്ങളും, ശോണമോഹങ്ങളും,
എന്റെ സിരയില്‍ തിളക്കും വെള്ളമില്ല,
ഉള്ളിലറിവിന്റെ പുസ്തകക്കെട്ടുമില്ലാ...

അവിടെ വഴിയരികില്‍ മാറ്റുരച്ച്‌,അടികൂടുന്ന
നഗ്നമാം ജോലി മോഹമില്ലാ...

പഴകി ത്തുരുമ്പിച്ച, വാതിലുകളടയിച്ച,
പാഴ്‌നിഴല്‍പുറ്റുകള്‍ കയറിമരവിച്ച,
പാപിയാം കമ്പനികളെങ്ങുമില്ലേ...

അവിടെ,
ആരോടും പറയാതെ, അനുദിനം കരയാതെ,
സിനിമകള്‍ കണ്ടുഞ്ഞാന്‍....

അവിടെയുമൊരുനാളെത്തി,
യെന്നെകരയിക്കുവാനായ്‌,
വിസ്ഭോടനം!

തേരാപ്പാര നടന്നൊരെന്നിലും,
വിസ്ഭോടനം!
---------------

Tuesday, October 7, 2008

അത്ഭുത ബാഗിലെ അപവാദങ്ങള്‍

എനിക്കോര്‍മ്മ വരുന്നത്‌ മതിലുകള്‍ എന്ന സിനിമയാണ്‌. മങ്കലശ്ശേരിയിലെ ഇപ്പൊഴുള്ള ഒരു അന്തരീക്ഷം അതാണ്‌. ഫാനിന്റെ ശബ്ദവും, ഇടക്കിടക്ക്‌ ഓണാവുന്ന ടിവിയുടെ ശബ്ദവും മാത്രം. ആരും ആരോടും മിണ്ടാട്ടമില്ല. ആറ്‌ പേര്‌ താമസിച്ചിരുന്ന മങ്കലശ്ശേരി ഇപ്പൊ ആരും താമസിക്കത്ത വീട്‌ പോലെ, ശാന്തം.. സുന്ദരം.. സുരഭിലം.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതിയിട്ടാണോ അതോ രണ്ട്‌ "വൃത്തികേടുകള്‍" വീട്ടില്‍ നിന്നും പോയതുകൊണ്ട്‌ "തെളിച്ച്‌ ശുദ്ധം വരുത്താം" എന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല, ആ ശനിയാഴ്ച്ച ദിവാരനും പക്രുവും വീട്‌ മൊത്തം ഒന്ന് വൃത്തിയാക്കുവാന്‍ തീരുമാനിച്ചു.

അരയില്‍ തോര്‍ത്ത്‌ മുണ്ട്‌ മാത്രം കെട്ടി, മൂക്കിലും വായിലും പഞ്ഞിക്ക്‌ പകരം തുണിചുറ്റി, സെപ്റ്റിക്‌ ടാങ്കിലേക്കിറങ്ങുന്ന ധീരയോധാക്കളെപ്പോലെ അവമ്മാര്‍ രണ്ടും അണിഞ്ഞൊരുങ്ങി, അടുക്കളയുടെ ആരും അടുക്കാത്ത ഭാഗങ്ങളിലേക്കൊന്ന് നോക്കി.

ലോക്കല്‍സ്‌ കൂടാതെ കളക്ഷനു വേണ്ടി അയലോക്കത്തു നിന്നും വന്ന പല്ലികളും, പാറ്റകളും, മൂട്ടകളും അടുക്കിവെച്ചിരിക്കുന്ന കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്നും, പഴയ പെട്ടുകള്‍ക്കിടയില്‍ നിന്നും "വേണ്ടാ മോനെ.. ഞങ്ങളോട്‌ കളി വേണ്ട്രാ..." എന്ന മട്ടില്‍ പക്രുവിനെയും ദിവാരനെയും തുറിച്ചു നോക്കി.

ഒന്നും കാര്യമാക്കാതെ ദിവാരന്‍ തികഞ്ഞ "നീന്തല്‍" താരത്തെപ്പോലെ ആ വേസ്റ്റ്‌ കൂനകള്‍ക്ക്‌ മുകളിലോട്ട്‌ എടുത്ത്‌ ചാടി, മഥനം ചെയ്യന്‍ തുടങ്ങി.

അങ്ങിനെ മഥിക്കുനതിനിടയില്‍ ദിവാരനും കിട്ടി പലതും.

കോമളന്‍ റൂം ഫ്രഷ്‌ ആക്കാന്‍ വെച്ചിട്ട്‌ പോയ പഴയ മൂന്ന് ജോടി ഷൂസ്‌, ഷൂസിന്റെ ഉള്ളില്‍ തണുപ്പടിക്കാതെ കൂടിയിരിക്കുന്ന സോക്സ്‌ ആന്റ്‌ പാറ്റാസ്‌ ഫൂച്ചര്‍ ഫാമിലി (മുട്ടകള്‍), ആന്റപ്പന്റെ കള്‍സറായിസ്‌, ബ്ലാക്‌ ആന്റ്‌ വൈറ്റില്‍ പത്താം തരത്തില്‍ പഠിക്കുമ്പോ ആദ്യായി എടുത്ത ചിരിക്കുന്ന ഫോട്ടോ മുഖക്കുരുവോട്‌ കൂടിയത്‌...

അങ്ങിനെ വിജയകരമായി ക്ലീനിംഗ്‌ നടത്തിവന്ന ദിവാരന്റെ കണ്ണുകളില്‍ അങ്ങ്‌ മൂലക്ക്‌ വികാരധീരനായി, ചുക്കി ചുളുങ്ങി ഇരുന്ന ഒരു കറുത്ത ബാഗ്‌ ഉടക്കി നിന്നു.

ഇതുവരെ ആരും അങ്ങിനെ ഒരു ബാഗ്‌ ഇവിടെ കണ്ടിട്ടില്ല. കണ്ടാലറിയാം ഒരുപാട്‌ കാലമായി ആരും തൊടാതെ വെച്ചിരിക്കുന്നതാണത്‌.

എന്തായിരിക്കും അതില്‍?

ദിവാരനും പക്രുവും അങ്ങോട്ടുമിങ്ങോട്ടും നോക്കി. ദിവാരന്റെ കണ്ണുകളില്‍ ഭയവും, പക്രുവിന്റെ കണ്ണുകളില്‍ ആകാംക്ഷയും. അതില്‍ ആകാംക്ഷക്കായിരുന്നു "സെക്സ്‌ അപ്പീല്‍" കൂടുതല്‍. അതുകോണ്ട്‌ തന്നെ ദിവാരന്‍ ആ ബാഗ്‌ തുറക്കാന്‍ നിര്‍ബന്ദ്ധിതനായി.

വിറക്കുന്ന കയ്കളാല്‍ ദിവാരന്‍ ആ ബാഗ്‌ മുകളില്‍ നിന്നും താഴേക്ക്‌ ഇറക്കി വെച്ചു.

ജീവനുള്ള എന്തോ ഒന്ന് തങ്ങളെ തുറിച്ചു നോക്കുന്ന പോലെ ദിവാരനു തോന്നി. എന്തായിരിക്കും ഉള്ളില്‍?

പേടി മാറ്റാന്‍ പക്രു കാലു മടക്കി ബാഗിന്റെ ആസനം നോക്കി ഒറ്റ കിക്ക്‌. എന്നിട്ടൊരു ഡയലോഗും...

"ഏയ്‌... പേടിക്കാനൊന്നുമില്ലെടാ.... ഉള്ളില്‍ ജീവനുള്ള ഒന്നുമില്ല. നീ തൊറന്നോ."

പണ്ടേ ഉള്ള ധൈര്യം ഇപ്പൊഴും അതേപടി ഉണ്ടെന്ന് കാണിക്കണമെങ്കില്‍ ദിവാരനു ബാഗ്‌ തുറന്നേ പറ്റൂ.

തന്റെ സ്വത്സിദ്ധമായ സ്റ്റെയിലില്‍, സിനിമ നടന്‍ ജയന്‍ നില്‍ക്കുന്ന പോലെ കയ്കള്‍ പിന്നിലേക്ക്‌ വലിച്ച്‌ വെച്ച്‌, കത്തിപ്പോകാതെ നിന്ന ഫാറ്റ്‌ തടിച്ചു കൂടിയ നെഞ്ച്‌ മുന്നോട്ടാഞ്ഞ്‌ പിടിച്ച്‌ ദിവാരന്‍ ഒന്ന് ശ്വാസം വലിച്ച്‌ വിട്ടു.

ബഗിന്റെ സിപ്പ്പ്‌ "കിര്‍... ര്‍.... കിര്‍... ര്‍... ര്‍.. കിര്‍..." എന്ന് ശബ്ദമുണ്ടാക്കി, പല തവണകളായി തുറന്നു വന്നു....

"ഡാ... ഉള്ളില്‍ നിന്നും പൊഹ വരുന്നുണ്ടോ ടാ..."

"അത്‌ പൊകയല്ലെഡാ... പൊടിയാ..." പക്രു.

പാമ്പിങ്കൂട്ടില്‍ കയ്യിടുന്ന പോലെ ദിവാരന്‍ ആ ബാഗിനെ ഇരുണ്ട ഭാഗത്തിലേക്ക്‌ കയ്യിറക്കി.

എന്തോ തടഞ്ഞോ?

ഉവ്വ്‌. ഇനി വല്ല നിധിയോ മറ്റോ....

ദിവാരന്റെ മുഖത്ത്‌ പ്രതീക്ഷകളുടെ ബഹുവര്‍ണ്ണരാജിതമായ വിരിയാമുട്ടുകള്‍ പൊട്ടി വിരിഞ്ഞു. ഇടക്കിടെ ഗുമ്മിനു വേണ്ടി ഗുണ്ടുകളും പൊട്ടി.

കയ്യില്‍ തറഞ്ഞത്‌ ദിവാരന്‍ വലിച്ച്‌ പുറത്തെടുത്തു.

പാട്ട കൊണ്ടുണ്ടാക്കിയ ഒരു പാത്രം. ഇന്‍സ്റ്റ്രുമന്റ്‌ ബോക്സിന്റെ വലിപ്പം, ഒരു വശത്ത്‌ പൂക്കളും കിളികളും ഒക്കെയായി കളര്‍ഫുള്‍.

"ഇതെന്തോന്നെഡെയ്‌ ഇത്‌..." പക്രു ചോദിച്ചു.

എന്തായാലും നിധിയല്ലെന്ന് മനസ്സിലാക്കിയ ദിവാരന്‍, ഇനി അകത്തെങ്ങാനും വല്ല സ്വര്‍ണ്ണമോ, ബിസ്കറ്റോ, റസ്കോ വല്ലതും ഉണ്ടെങ്കിലോ എന്ന വിശ്വാസത്തില്‍ അത്‌ തുറന്നു.

മുന കൂര്‍പ്പിച്ച ഒരു പെന്‍സില്‍, ഉറയിലിട്ട ഒരു ഡബ്ബര്‍, മണമുള്ള ഒരു ജല്‍പ്പന്‍ (ജെല്‍ പെന്‍), ഒരു കുരിശു മാല...

"ഇതെന്ത്‌ കുരിശാ ഡാ..." ദിവാരന്‍.

പെണ്ണും കെട്ടി കുട്ട്യൊളേം നോക്കി വീട്ടിലിരിക്കേണ്ട സൈസ്‌ പിള്ളേരേ മങ്കലശ്ശേരിയിലുള്ളൂ. അതിനിടക്കിതാരടപ്പാ സ്കൂളില്‍ പോകുന്നത്‌ എന്നൊരു സംശയം പക്രുവിനും തോന്നി.

"ഡാ... ഇത്‌ മ്മടെ ശശീടെ ബാഗല്ലേ... ഞാന്‍ ഇത്‌ മുന്‍പ്‌ കണ്ടിട്ടുണ്ടോ ന്നൊരു സംശയം..." പക്രു പറഞ്ഞു.

"ആണോടാ? കാര്യായിട്ടും? ശെടാ... ന്നാലും അവനിതെന്തിനാ ഈ പെന്‍സിലും ഡബറും?"

ദിവാരന്‍ വീണ്ടും കയ്യിട്ടു. വേറെന്തോ തടയുന്ന വരെ.

കര്‍ത്താവിനു സ്തുതിയായിരിക്കട്ടെ! ദാണ്ടെ വരുന്നു രണ്ട്‌ രണ്ടര കിലോ വരുന്ന വണ്ടനൊരു പുസ്തകം.

ബൈബിള്‍!

"എന്റെ മാതാവേ..." ശുദ്ധ പട്ടരായ പക്രു അറിയാതെ വിളിച്ചു പോയി.

ദിനവും ആപ്പീസിലേക്ക്‌ പോകുന്ന വഴി അയ്യപ്പെനെയോ, ശിവശങ്കരനെയോ ഇനി അവരെ കിട്ടിയില്ലെങ്കില്‍ ഗുരുവയൂരപ്പനെയോ തൊട്ടു വന്ദിച്ചാലേ അന്നത്തെ കാര്യ്നങ്ങള്‍ അങ്ങോട്ട്‌ സ്മൂത്താവൂ എന്ന് വിശ്വസിക്കുന്ന,

വാരത്തിലൊരിക്കലെങ്കിലും "അകലെ" യുള്ള ഏതെങ്കിലും ഒരു അമ്പലത്തില്‍ പോയി വഴിപാടായി ഒരു വഴിപാടെങ്കിലും കഴിക്കാതെ പ്രാതല്‍ പോലും കഴിക്കാത്ത..

ശശിയോ ഈ ബൈബിളിന്റെ ഉടമ?

ശശിയുടെ ഹൃദയത്തിന്റെയും മാനത്തിന്റെയും പേഴ്സണല്‍ സൂക്ഷിപ്പുകാരനായ പക്രുവിനു പോലും അത്‌ വിശ്വസിക്കാനായില്ല.

എന്നാലും ഇവനിതെന്തു പറ്റി? ഇനി അപ്പുറത്തെ വീട്ടിലെ ഞായറാഴ്ച്ച നെഞ്ചടിച്ചാം പാട്ട്‌ പാടാന്‍ വരുന്ന ആ ഗാങ്ങിലെ ആരെങ്കിലും ഇവനെ പരിവര്‍ത്തനം ചെയ്തോ ദൈവമേ...

പക്രുവിനും ദിവാരനും ബയങ്കര ടെന്‍ഷനായി.

ദിവാരന്‍ പുസ്തകം തുറന്നു നോക്കി...

നടുപ്പേജിലതാ മറ്റൊരു പുസ്തകം...

വല്ല്യ പുസ്തകം പെറ്റ ഒരു കുഞ്ഞി പുസ്തകം.

പോകറ്റ്‌ ബൈബിള്‍!

"ഓ ഡിയര്‍ ലോര്‍ഡ്‌...." അത്‌ പറഞ്ഞത്‌ ദിവാരനായിരുന്നു.

ഇനിയും കയ്യിട്ട്‌ തപ്പാനുള്ള ക്ഷമയില്ലാതെ ദിവാരന്‍ ബാഗ്‌ തലകീഴാക്കി കുലുക്കി...

ആലിപ്പഴം പെയ്ത പോലെ ചറപറേ... ന്നും പറഞ്ഞ്‌ എന്തൊക്കെയൊ അതില്‍ നിന്നും താഴേക്ക്‌.

പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഒരു ഹാന്‍ഡ്‌ കര്‍ചീഫ്‌, ഒരു കുപ്പി ചാര്‍ലീസ്‌ സ്പ്രേ പകുതിയോട്‌ കൂടിയത്‌, ഒരു പഴയ ഐവ കമ്പനിയുടെ വാക്മാന്‍.

ദിവാരന്റെയും പക്രുവിന്റെയും തലകള്‍ വല്ലാതെ പുകയാന്‍ തുടങ്ങി. തീയാവുന്നതിനു മുന്‍പേ പക്രു പറഞ്ഞു,

"ന്നാലും ആ തെണ്ടി നമ്മളോട്‌ പറയാതെ എന്തൊക്കെയോ പരിപാടികള്‍ നടത്തുന്നുണ്ട്‌ ഡാ... ദേ കണ്ടില്ലേ... ഏതോ പെണ്ണിന്റെ സാധങ്ങളൊക്കെ. ആ ഇന്‍സ്റ്റ്രുമന്റ്‌ ബോക്സ്‌ അവള്‍ സ്കൂളില്‍ പഠിച്ചപ്പോ ഉപയോഗിച്ചതായിരിക്കും. എടുത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നു... ശവം!"

"ഉം... നീ പറഞ്ഞത്‌ കറക്റ്റാ ഡാ. ബട്ട്‌ ഇനി നമ്മളാരും ഇവിടെയില്ലാത്തപ്പോ അവനവളെ ഇവിടെ കൊണ്ടുവരുന്നുണ്ടോ എന്നാ എന്റെ സംശയം..."

"ഹും.. അങ്ങനെയാണെങ്കി ഇന്നവന്റെ ഡെത്ത്‌ ഓഫ്‌ ദി ഡേയാ..."

എടുത്തതെല്ലാം പഴയപോലെ വെച്ച്‌, വൈകീട്ട്‌ ശശി രാജന്‍ കൂടണയുന്നതും കാത്ത്‌ ഇണക്കുരുവികളെപ്പോലെ അവര്‍ കാത്തിരുന്നു...

ഒടുവില്‍ ശശിയെത്തി.

വലിച്ചു വെച്ചിരുന്ന റബര്‍ ബാന്‍ഡ്‌ വിട്ട പോലെ ശശി വന്നതും ദിവാരന്‍ തെറി പറഞ്ഞു തുടങ്ങി...

പക്രുവും വിട്ടില്ല. അറിയാവുന്ന വെഗിറ്റേറിയന്‍ തെറികളില്‍ നല്ലോണം ചീഞ്ഞത്‌ നോക്കി അവനും എടുത്ത്‌ കാച്ചി.

തെറി പറയുന്നതിനിടയില്‍ അവമ്മാര്‍ മാറ്റര്‍ പറയാന്‍ വിട്ടുപോതിനാല്‍ ശശിക്ക്‌ എന്താണ്‌ സംഭവമെന്ന് മനസിലായില്ല.

"ഡേയ്‌... എന്താ കാര്യം? ഉച്ചക്ക്‌ പട്ടിണി കെടന്നോ?"

എടക്ക്‌ വന്ന ഗാപ്പില്‍ ശശി ചോദിച്ചു.

ഉടനേ ദിവാരന്‍: ഡാ ശവീ, ബൈബിളില്‍ പത്താമധ്യാത്തില്‍ എന്താഡാ പറഞ്ഞിരിക്കുന്നത്‌?

പ്ലാസ്റ്റിക്‌ മുട്ട വിഴുങ്ങിയ പാമ്പിനെപ്പോലെ നിന്ന ശശിയോട്‌ ഉടനേ പക്രു...

"നീ അവളെ എത്ര തവണ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്‌? ഈ വീടിന്റെ ചാരിത്ര്യവും, ഹിസ്റ്ററിയും കളഞ്ഞിട്ടുണ്ട്‌?"

ദിവാരന്‍: ചാര്‍ളിസ്‌ സ്പ്രേ വല്ല്യ ഇഷ്ടാ...ല്ലെ? ഒരിക്കലും പാട്ട്‌ കേള്‍ക്കാത്ത നീ കാസറ്റ്‌ പ്ലേയറില്‍ പട്ട്‌ കേള്‍ക്കും... ല്ലെ?

വല്ലാത്തൊരു പസില്‍ പ്രശ്നം കേട്ട പോലെ, വേവാറായ ഉപ്പുമാവില്‍ കുമിളകള്‍ വന്ന് പൊട്ടുന്ന പോലെ ശശിയുടെ മുഖതാരില്‍ ആയിരം ചോദ്യങ്ങളും, അഞ്ചെട്ട്‌ ഉത്തരങ്ങളും പടവെട്ടി കളിച്ചു.

ബൈബിള്‍?? അവള്‍?? ചാരിത്ര്യം?? ഐവാ? ന്റെ അയ്യപ്പാ....

ശശി വിയര്‍ക്കാന്‍ തുടങ്ങി.

ഒരിക്കല്‍ പോലും ആ രാമായണത്തിന്റെയോ, ഭാഗവതത്തിന്റെയോ ആദ്യ പേജ്‌ പോലും വായിക്കാന്‍ മെനെക്കെടാത്ത ശശി...

വേണ്ടാന്ന് വെച്ചിട്ട്‌ പോലും ഒരു ഫീമെയിലിനെ തൊട്ടോ, തോണ്ടിയോ, നോക്കിയോ, കുത്തിയോ പീഡിപ്പിക്കാത്ത ശശി...

ഒരുപാട്‌ പാട്ടുകള്‍ കുത്തിക്കേറ്റാന്‍ ഇടമുള്ള മൊബെയിലില്‍ ഇന്നേവരെ ഒരുപാട്ട്‌ പോലും കയറ്റാത്ത ശശി...

അപ്രകാരമുള്ള ശശിയെപ്പറ്റി സ്വന്തം മുറിമേറ്റ്സ്‌ ഇപ്രകാരം പറഞ്ഞത്‌ അവന്‌ താങ്ങാനാവുന്നതിലും അപ്രമായിരുന്നു.

അതു വരെ പണ്ടെങ്ങോ പഠിച്ച മെഡിറ്റേഷന്റെ ഗുണം കൊണ്ട്‌ ക്ഷമയുടെ നെല്ലിപ്പലക താങ്ങിപ്പിടിച്ചു നിന്ന ശശി,

"ഭ, നിര്‍ത്തെടാ പുല്ലമ്മാരേ... ചുമ്മാ കേറി കടിക്കാന്‍ ഞാനെന്താ നിന്റെയൊക്കെ തറവാട്ടു സ്വത്താണോ ടാ ഡാഷ്‌ കളെ. ഒന്നുമറിയില്ലെങ്കി വായിമ്പൂട്ടി മിണ്ടാതിരുന്നോണം. എന്റെ തലയില്‍ കേറ്യാലുണ്ടല്ലോ. അവന്റെയൊരു ബൈബിളും ഐവയും. ഭ!" എന്നും പറഞ്ഞ്‌ നിലം പൊളിയുമാര്‍ ചവിട്ടി മെതിച്ച്‌ തലയും മാന്തി ഒരു പോക്കായിരുന്നു അവിടുന്ന്.

വഴിയിലെവിടെയോ ബ്ലോക്കായ വാക്കിന്റെ ഷേപില്‍ തുറന്നു പിടിച്ച വായുമായി പക്രുവും ദിവാരനും പോസായി നിന്നു...

"ഡാ... അത്‌ ഇവന്റെ ബാഗല്ലാ ന്നാ തോന്നണേ ട്ടാ" എന്ന് പറഞ്ഞ്‌ തീര്‍ന്നതും പക്രുവിന്റെ മുതുകത്ത്‌ ദിവാരന്‍ കൈമുട്ട്‌ കൊണ്ട്‌ തലോടിയതും ഒരു സെക്കന്റിന്റെ ഗ്യാപില്‍ തീര്‍ന്നു.

---------------------------------

മങ്കലശ്ശേരിയില്‍ നിന്നും എതാണ്ട്‌ മുന്നൂറ്‌ കീമി കള്‍ക്കപ്പുറത്ത്‌ കോയമ്പത്തൂരിലെ ഒരു ചെളി മുറിയും, കുളി മുറിയും മാത്രമുള്ള വീട്ടില്‍ ഗസ്റ്റായി വന്ന അണ്ണാച്ചിയോട്‌ ഘോരഘോരം കത്തിവെക്കുന്ന കോമളന്‍...

"ബേസിക്കലി ആള്‍ റീലീജിയസ്‌ ബുക്സ്‌ ആര്‍ പോയന്റിംഗ്‌ റ്റു വണ്‍ തിംഗ്‌ ഓണ്‍ലി. നാന്‍ ബൈബിള്‍ പൂരാ പടിച്ചിറുക്ക്‌ല്ലേ... അതിലേ പത്താമത്‌ ചാപ്റ്റരില്‍ സൊല്ലിയിറുക്കത്‌ വന്ത്‌ നമ്മ ഭഗവത്‌ ഗീതാവില്‍ നൂറാവത്‌ ചാപറ്ററില്‍ സൊല്ലിയിറുക്ക്‌...

അതാവത്‌, നാന്‍ കാമിക്കറേന്‍...."

എന്നും പറഞ്ഞ്‌ കോമളന്‍ തന്റെ പെട്ടി തുറന്ന് എന്തോ തിരയാന്‍ തുടങ്ങി...

"ശെ... ആ ബുക്കിതെവിടെ പ്പോയി...."


അന്ന് വൈകീട്ട്‌ അടിമുടി കമ്പിളിപ്പുതപ്പില്‍ മൂടി, ശംഖുമുഘത്തെ മത്സ്യ കന്യകയുടെ ഷേപ്പില്‍ കിടക്കുന്ന പക്രുവിന്റെ മൊബെയില്‍ റിങ്ങി...

"ഹെലോ..."

"ആ... ഡാ പക്രൂ... ഇത്‌ ഞാനാ ഡാ കോമളന്‍... നീ ഒറങ്ങിയാ?"

"ഉം... ന്താ കാര്യം"

"ഡാ നീ അവിടെയെവിടെയെങ്കിലും ഒരു ബൈബിള്‍ ബുക്ക്‌ ഇരിക്കുന്നത്‌ കണ്ടാ?"


നിശബ്ദത....


"ക്ടക്‌" (പക്രു ഫോണ്‍ കട്ട്‌ ചെയ്യുന്നു.)

-------------------------------------------

പിന്‍ കുറിപ്പ്‌: അന്റപ്പന്‍ ഒറ്റക്കിട്ടിട്ട്‌ പോയ പക്രുവിന്‌ കൂട്ടായി ഇനി ഞാനുണ്ടെന്ന് പറഞ്ഞ്‌ കിടപ്പറ മാറ്റിയ ശശി ഈ സംഭവത്തിനു ശേഷം ആ മുറിയില്‍ നിന്നും തിരിച്ച്‌ പഴയ മുറിയിലേക്കെത്തി, പക്രുവിനെ പിന്നേം ഒറ്റക്കാക്കിയിട്ട്‌.

അന്ന് പക്രു ഒരു ശ(അ)ബദ്ധം ചെയ്തു.

"ഇല്ലാ... എനിക്കാരും വേണ്ടാ... ഇനിമുതല്‍ ഞാനൊറ്റക്ക്‌ കെടന്നോളാം. ഇനിയാര്‌ വാന്നലും ഞാനിവിടേക്ക്‌ കേറ്റില്ലാ... ഇത്‌ സത്യം.. സത്യം.. സത്യം..."

Wednesday, October 1, 2008

ഒരു "സംഭവം" വിടപറയുമ്പോള്‍.

കനത്ത ചുഴലിക്കാറ്റും, പേമാരിയും കലിതുള്ളിപ്പെയ്യുന്നു. തലയില്‍ കൊണ്ടു, കൊണ്ടില്ലാ എന്ന് പറഞ്ഞ്‌ ഇടിവെട്ടും. ഡബിള്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ വമ്പന്‍ മാവുകളും, പ്ലാവുകളും ആടിയാടി നിലം പൊത്തി. വഴികളില്‍ മുഴുവന്‍ ജാലിയന്‍ വാലാബാഗ്‌ പോലെ തലയറ്റ മരങ്ങളും, വാഴകളും...

തനിക്കോമനയായ ആട്ടിങ്കുട്ടിയെ വാരിയെടുത്ത്‌ നിറഞ്ഞ മാറോട്‌ ചേര്‍ത്ത്‌, കാറ്റില്‍ മുഖത്തേക്കലക്ഷ്യമായി വീണ മുടിയിഴകള്‍ നീക്കാതെ അവളോടി. അവളുടെ തുളുമ്പുന്ന മാറിടത്തിനിടയിലിരുന്നിട്ടും, ആ ആട്ടിന്‍ കുട്ടി വല്ലാതെ കരഞ്ഞുകൊണ്ടിരുന്നു.

ആഞ്ഞടിക്കുന്ന കാറ്റ്‌ അവളെ ഒരു കടലാസു പോലെ ആ കായലിലേക്കെടുത്തെറിയുമോ എന്ന് തോന്നിപ്പോയി. ശക്തിയായി അടിച്ച്‌ പറക്കുന്ന പാവാട അവള്‍ക്ക്‌ പിടിച്ചു നിര്‍ത്താനായില്ല. എന്തും വരട്ടേയെന്ന് നിനച്ച്‌ അവള്‍ ഓടി...

"ഓമനേ... "

പെട്ടെന്ന് ആരോ തന്നെ വിളിച്ചപോലെ തോന്നിയ ഓമന നിന്നു. മുഖത്ത്‌ മര്യാദയില്ലാതെ കിടന്ന നനഞ്ഞ മുടിയിഴകള്‍ അകറ്റി, അവള്‍ തിരിഞ്ഞു നോക്കി. കാര്‍മേഘങ്ങള്‍ വിരിച്ച ടാര്‍പാള വിരിപ്പാല്‍ ഇരുണ്ടുപോയൊരാ വഴിവക്കില്‍, ഇടക്കിടെ ശക്തമായി മിന്നിയ ഇടിമിന്നലിന്റെ പ്രകാശത്തില്‍ അവളവനെ കണ്ടു...

കായാമ്പൂവിന്റെ കളറുള്ള, കാരിരുമ്പിന്റെ ബോഡിയും, പച്ചപ്പുളിയുടെ ഷേപിലുള്ള 6 പാക്‌ വയറുള്ള, ആറടി നീട്ടമുള്ള, ആരെയും വെല്ലാന്‍ ധൈര്യമുള്ള, നാട്ടിലെ പ്രായം പറഞ്ഞ പെണ്‍കൊടികളുടെ ഉറക്കം കളയുന്ന ആന്റപ്പന്‍ ചേട്ടന്‍!

അവളുടെ ഹൊര്‍മോണുകള്‍ യാതൊരു സ്രോതസ്സിനും കാത്തുനില്‍ക്കാതെ സുനാമിത്തിരകളായ്‌ അവളെ വശീകരിച്ചു. ചുറ്റും അലറി വിളിച്ച പേമാരിയും വര്‍ഷവും അവളെ അപ്പോള്‍ ഭയപ്പെടുത്തിയില്ല. കയ്യിലിരുന്ന കുഞ്ഞാട്‌ അവളുടെ വിറയുന്ന കയ്കളില്‍ നിന്നും ചാടിപ്പോയി. അവളുടെ നിറഞ്ഞ്‌ കവിഞ്ഞ നിതംഭങ്ങള്‍ അവനുനേരെ തിരിച്ച്‌, കാലുകള്‍കവിഞ്ഞൊഴുകുന്ന ചെളിവെള്ളത്തിന്‌ പെരുവിരലാല്‍ വഴിയൊരുക്കി, ലജ്ജാവതിയായി അവള്‍ നിന്നു. ഒരു ചോദ്യച്ഛിന്നം പോലെ.

ആരാദ്‌?

ആളെ മനസ്സിലായെങ്കിലും,അവള്‍ ലജ്ജാവതി അഭിനയിച്ചു...

പേരിനുടുത്തിട്ടുണ്ട്‌ എന്നറിയാക്കാന്‍ അരയ്ക്ക്‌ തൊട്ടു താഴെ വരെ മടക്കിവെച്ച കള്ളിമുണ്ടുമുടുത്ത്‌, മല്‍പിടുത്തങ്ങളില്‍ വലിഞ്ഞ്‌ കീറിയ ബനിയന്‍ ഇന്നും കളയാതെ ദേഹത്തിട്ട്‌,മീന്‍ വല തോളത്തിട്ട്‌ കനത്തുപെയ്യുന്ന പേമാരിയിലും ചുണ്ടത്ത്‌ കത്തിച്ച്‌ വെച്ച കാജാ ബീഡിയുമായി ആന്റപ്പന്‍ പറഞ്ഞു...

ഡ്യേയ്‌.. ഇത്‌ ഞാനാ ആന്റപ്പന്‍... തേക്കേപ്പറമ്പിലാന്റപ്പന്‍!

എന്താ ഈ സമയത്ത്‌? എനിക്ക്‌ വേഗം വീട്ടിലെത്തണം. കൊടുംകാറ്റ്‌ വരാന്‍ പോണൂ. അന്റപ്പേട്ടനും വേഗം ഓടിക്കോളൂ...

ഈ ചാറ്റല്‍ മഴയെ ഇങ്ങനെ പേടിച്ചാലോ ഓമനേ. ഇതാ നോക്കൂ, ഞാന്‍ കായലില്‍ പോയി വലയെറിഞ്ഞ്‌ പിടിച്ച സ്രാവിനെ. നീയിതിനെ കൊണ്ടുപോയി കറി വെച്ച്‌ തിന്നോ... നിനക്കായി മാത്രം കൊണ്ടോന്നതാ ഞാന്‍. വെച്ചോ...

അയ്യോ... എന്ന് പറഞ്ഞാകാശത്തേക്ക്‌ നോക്കിയലറിക്കരഞ്ഞ ഓമനയുടെ നയനങ്ങളുടെ ഫോകസിംഗ്‌ പോയന്റ്‌ ലക്ഷ്യമാക്കി ആന്റപ്പനും മേലോട്ട്‌ നോക്കി...

മൂത്ത തേങ്ങാക്കുലകളും, മണ്ട തൊരപ്പന്‍ പെടാത്തതുമായ, നല്ല നെഞ്ച്‌ വിരിച്ച്‌ നിന്നിരുന്നൊരു കൂറ്റന്‍ തെങ്ങതാ ആടിയാടി താഴേക്ക്‌ വരുന്നു...

ധിം!

കൊടുംകാറ്റില്‍ ഹാലിളകിയ മുട്ടന്‍ തെങ്ങിന്റെ സെന്റര്‍ പാര്‍ട്ട്‌ ആന്റപ്പന്റെ മേലേക്ക്‌...

വയറിനു കുറുകേ, "പ്ലസ്‌" ആയി ആ തെങ്ങ്‌ ആന്റപ്പനെ നിലമ്പരിശാക്കിയിട്ടു. അത്‌ കണ്ട ഓമന ഭയവിഹ്വലയായി വീട്ടിലേക്കോടിപ്പോയി...

അടയാന്‍ പോകുന്ന കണ്ണുകളിലെ ലോങ്ങ്‌ സൈറ്റിലൂടെ, സ്ലോ ഷട്ടര്‍ സ്പീഡില്‍ ആന്റപ്പന്‍ അവളോടിമറയുന്നത്‌ നോക്കി... തനിക്കെന്നുമൊരാവേശമായിരുന്നവള്‍ അങ്ങതാ അകലേക്ക്‌ ഓടിമറയുന്നു... സര്‍വ്വശക്തിയുമെടുത്ത്‌ ആന്റപ്പനവളെ വിളിച്ചു...

"ഓമനേ.... ഓമനേ.... ഓ..."

ചോര ഛര്‍ദ്ദിച്ച ആന്റപ്പനും, വിഴുങ്ങിയ ഇരയെ ഛര്‍ദ്ദിച്ച സ്രാവും ജീവനു വേണ്ടി പിടഞ്ഞു...

ആന്നവിടെ ഒരു ജീവിക്കുന്ന ഇതിഹാസം ആദ്യമായി മരിക്കുന്ന ഇതിഹാസമായി.

ആ കനത്ത ദുഖത്തില്‍ പേമാരി പിന്നെയും കണ്ണീരു പൊഴിച്ചു. മേഘങ്ങള്‍ പിന്നെയും തൊണ്ടയിടറി ചുമച്ചു. ഉരുള്‍പൊട്ടലും, ഭൂമികുലുക്കവുമുണ്ടായി...

നാടിന്റെ അഭിമാനമായിരുന്ന, കരുത്തിന്റെയും, കഠിനാധ്വാനത്തിന്റെയും പ്രതീകമായിരുന്ന ആന്റപ്പന്റെ വിടവാങ്ങല്‍ ഓമനെയേക്കാളും കൂടുതലായി ആ നാട്ടുകാര്‍ക്ക്‌ അനുഭവപ്പെട്ടു...

അങ്ങിനെ ആന്റപ്പനെന്ന നിന്ത്യഹരിത നായകന്റെ ഓര്‍മ്മക്കായി, ആന്റപ്പന്‍ സ്വദേഹം വെടിഞ്ഞ്‌ പരലോകത്തെക്ക്‌ വണ്ടികയറിയ അതേ ലൊക്കേഷനില്‍ നാട്ടുകാര്‍ ഒരു ശിലാഫലകം സ്താപിച്ചു.

അതിലെ വരികളിങ്ങനെ ആരംഭിച്ചു...

"മണ്ണിടിഞ്ഞു, വാനിടിഞ്ഞു നിന്നുപോവതെങ്കിലും,
നില്‍പ്പതില്ല നാളിലേതും ഓര്‍മ്മകള്‍, നിന്നോര്‍മ്മകള്‍."

ബാഷ്പാഞ്ചലികളോടെ,
മങ്കലശ്ശേരി കുടുമ്പാങ്കങ്ങള്‍.
-------------------------------

ആന്റപ്പനും മങ്കലശ്ശേരിയോട്‌ വിടപറയുകയാണ്‌. അങ്ങങ്കലെ കോരമങ്കലയെനൊരു കുഗ്രാമത്തിലേക്ക്‌ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും, യാതനകളുമുള്ള ലാപ്റ്റോപും, ബാഗുമായി അവന്‍ പോവുകയാണ്‌.

ഇനി മങ്കലശ്ശേരിയില്‍ ബാക്കിയുള്ളത്‌ നാലേ നാലുപേര്‍. നനഞ്ഞ ബിസ്കറ്റ്‌ പോലെ, ഒടിഞ്ഞുതൂങ്ങി സദാ സമയവും ആരെയെങ്കിലും ആക്കി, കളിയാക്കി വെടി പറഞ്ഞിരിക്കുന്നതാണ്‌ ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍. ഈ മാറ്റങ്ങളൊന്നും അവമ്മാരുടെ തലയിലേക്ക്‌ വെളിച്ച്മം കയറ്റി വിടുന്നില്ല. ഇനിയൊരു സുപ്രഭാതത്തില്‍ ശശി ആഫ്രിക്കയിലോട്ട്‌ കെട്ടുകെട്ടിയാല്‍ പിന്നെ എല്ലാം തകൃതിയായി. അത്‌ പിന്നെ വാടകയെങ്കിലും മുടങ്ങാതെ കിട്ടുമെന്നാശ്വസിക്കാം.

നാളെ ആന്റപ്പന്‍ പുതുതായി വാടകെക്കെടുത്ത വീട്ടില്‍ പാലുകാച്ചലാണ്‌. കഴിഞ്ഞ ദിവസം അവന്‍ ഞങ്ങളെയൊക്കെ ക്ഷണിച്ചു.

വേദനയോടെയെങ്കിലും, ഞങ്ങള്‍ പോകും. വല്ലതും തിന്നാന്‍ കിട്ടിയാലോ...
~~~~~~~~~~~~~~~~~~~
ആന്റപ്പന്റെ ചരിതങ്ങള്‍:
http://mangalaseri.blogspot.com/2008/05/blog-post.html
http://mangalaseri.blogspot.com/2008/08/blog-post_27.html
http://mangalaseri.blogspot.com/2008/06/blog-post_17.html
http://mangalaseri.blogspot.com/2007/11/2.html
http://mangalaseri.blogspot.com/2008/04/21.html