Monday, March 2, 2009

ദിവാരനു കിട്ടിയ ആദ്യത്തെ(അവസാനത്തേതും) പ്രേമലേഘനം

"ദിവാരേട്ടാ.........

അങ്ങിനെ വിളിക്കുന്നതു കൊണ്ട്‌ ദിവാരേട്ടനു ദേഷ്യമൊന്നുമില്ലല്ലോ ലേ... അല്ലേലും ആ മുഖത്ത്‌ ദേഷ്യം വന്നാ കാണാന്‍ എന്തൊരു രസമാന്നറിയോ. അമ്മ എനിക്കെന്നും തരുന്ന ച്യവനപ്രാശത്തിന്റെ പോലെ ഒരുണ്ടുകൂടി ഇരിക്കുന്ന ആ കവിളുകള്‍ ഞാനിപ്പൊഴും ഓര്‍ക്കുന്നു.

ഇപ്പൊ ചേട്ടന്‍ എവിടെയാ? സുഖാണോ? ഞാന്‍ കഴിഞ്ഞയാഴ്ച ചേട്ടന്റെ കൂടെ പഠിച്ച ഒരു ചേച്ചിയെ കണ്ടിരുന്നു. പുള്ളിക്കാരി പറഞ്ഞാ അറിഞ്ഞത്‌, ഇപ്പോ ബാങ്ക്ലൂരിലാ ലെ... അവിടെ അടിച്ചു പൊളിച്ചു നടക്കാവും. ഇഷ്ടം പോലെ പെണ്‍പിള്ളാരൊക്കെ കാണും ലേ... അല്ലേലും ദിവാരേട്ടനെ കണ്ടാ ഇഷ്ടപ്പെടത്ത പെണ്‍പിള്ളേരുണ്ടോ? എന്നാലും എനിക്കറിയാം, ചേട്ടന്‍ അങ്ങിനെ കണ്ട പെണ്‍പിള്ളാരുടെ കൂടെയൊന്നും നടക്കില്ലാന്ന്. ആ തറവാടിത്തം മുഖത്ത്‌ തന്നെ എഴുതി വെച്ചിട്ടില്ലേ. നല്ല കറുത്ത സ്ലേറ്റില്‍ എഴുതിയ പോലെ.

അല്ല, ചേട്ടനിനിയും എന്നെ മനസിലായില്ലാ എന്നുണ്ടോ? ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ അങ്ങിനെയൊന്നും മറക്കാന്‍ എന്റെയീ കാക്കക്കറുമ്പനു പറ്റില്ലാ ന്നറിയാം. ന്നാലും ഞാനൊരു ക്ലൂ തരാം.

എന്റെ പേര്‌ എട്ടുകാലിയിലുണ്ട്‌, പാറ്റയിലില്ല.
പല്ലിയിലുണ്ട്‌, അരണയിലില്ല.

ഇപ്പൊ മനസിലായില്ലേ...?

ഓര്‍മ്മയുണ്ടോ നമ്മളാദ്യം പരസ്പരം നോക്കിയ ആ ദിവസം...

ചേട്ടനന്ന് ഒരു മഞ്ഞ ഷര്‍ട്ടും, പച്ച പാന്റുമായിരുന്നു വേഷം. മുഖം വെട്ടുപോത്തിന്‌ ഫേഷ്യല്‍ ചെയ്തപോലെ. നെറ്റിയിലേക്ക്‌ വീണ്ടുകിടക്കുന്ന ആ കറുകറുത്ത മുടിയിഴകള്‍ കണ്ടപ്പ്പ്പോള്‍ വീട്ടില്‍ അമ്മ നെല്ലുണക്കുമ്പോള്‍ കാക്ക വരാതിരിക്കാന്‍ തൂക്കിയിടുന്ന കീറിയ കൊടയുടെ തുണി പോലെ തോന്നി, എനിക്ക്‌. മൂക്കിന്റെ കാര്യമാണെങ്കി പറയണ്ട. പഴുത്ത കൊപ്പക്കായ പകുതി പൊളിച്ചുവെച്ച പോലെ.

ഞാന്‍ ചേട്ടനെ അടിമുടി ശ്രദ്ധിച്ച്‌ നോക്കിയിരുന്നു. എന്റെ മേലാകെ എന്തോ പോലെ... നമ്മള്‍ മുന്‍പേ പരിചയപ്പെട്ടവരേപ്പോലെ തോന്നി എനിക്ക്‌... പെട്ടന്നായിരുന്നു ചേട്ടന്റെയാ കമഴത്തിയ കലം പോലെയുള്ള കണ്ണുകള്‍ എന്റെ നേര്‍ക്ക്‌ നോക്കിയത്‌. ശൊ! എന്തൊരു നോട്ടമായിരുന്നു... കള്ളന്‍... ഞാനാകെ എന്തോ പോലെയായി. ഒരു നാണോമില്ലാതല്ലെ അന്നെന്നെ നോക്കിയത്‌.

അന്നു മുതല്‍ എന്റെ ഉറക്കം എങ്ങോട്ടോ പോയി. എപ്പോ നോക്കിയാലും ചേട്ടന്റെ മുഖവും, ബാലന്‍സ്‌ കിട്ടാതെയുള്ള ചേട്ടന്റെ ആ നടപ്പും മാത്രമാണ്‌. ഒരു കാര്യമറിയോ, ആ സമയത്ത്‌ ചേട്ടനാകെ ആറ്‌ ഷര്‍ട്ട്‌ ഉണ്ടായിരുന്നു. ബാക്കി ഇടാറുള്ളതൊക്കെ ഞാന്‍ മറ്റ്‌ പല ചെക്കമ്മാരും ഇട്ടു കാണാറുള്ളതു കൊണ്ട്‌ അതൊന്നും സ്വന്തം ആവാന്‍ വഴിയില്ലാ എന്നറിയാം.

ചേട്ടനറിയാതെ തന്നെ ഞാന്‍ ചേട്ടനെ നോക്കാറുണ്ടായിരുന്നു. രാവിലെ നനഞ്ഞിരിക്കുന്ന തലമുടി ഉച്ചയാവുമ്പോഴേക്കും ചകിരി ഉണക്കിയപോലെയാവുമായിരുന്നു. എന്നിട്ടത്‌ വകഞ്ഞു മാറ്റാന്‍ ആ രണ്ടു കൈകളും കൊണ്ട്‌ ചേട്ടന്‍ കാണിക്കുന്ന അഭ്യാസം കണ്ടിട്ട്‌ എനിക്ക്‌ ചിരി വന്നു. മറ്റൊരു ദിവസം ക്യാന്റീനില്‍ നെയ്‌ ദോശ തിന്നോണ്ടിരിക്കുന്ന ചേട്ടന്റെ പരന്നു തുറിച്ച ചുണ്ടുകള്‍ നെയ്‌ പുരണ്ട്‌ വെട്ടിത്തിളങ്ങുന്നത്‌ ഞാന്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്‌. അന്നും ചേട്ടനെന്നെ ഒരു നോക്ക്‌ നോക്കിയിട്ട്‌ നടന്നു പോയി. എന്താ ഒരു ജാഡ!

എന്നാലും എനിക്കിഷ്ടാ ട്ടൊ. ചേട്ടന്റെ ആ സ്റ്റെയില്‍ വേറെ ആര്‍ക്കുണ്ട്‌? ഷര്‍ട്ടിന്റെ ആദ്യത്തെ മൂന്ന് ബട്ടന്‍സ്‌ തുറന്നിട്ട്‌, കോളര്‍ അല്‍പം പിന്നിലേക്ക്‌ വലിച്ചിട്ട്‌, ഫുള്‍ക്കൈ ഷര്‍ട്ട്‌ മടക്കാതെ തുമ്പിക്കൈ പോലെ തൂക്കിയിട്ട്‌ മൂന്നുകാലുള്ളവര്‍ നടക്കുന്ന പോലത്തെ ചേട്ടന്റെ ഒരു നടപ്പില്ലേ... ഹൊ! ഞാനടക്കം എത്ര പിള്ളേരാ ചേട്ടനറിയാതെ അത്‌ നോക്കിനിക്കാ എന്നറിയോ.

അതൊക്കെ പോട്ടെ. അന്ന് ചേട്ടന്റെ കൂട്ടുകാരൊക്കെ തനി ഏംബോക്കികളായിരുന്നു. വൃത്തികെട്ടവന്മ്മാര്‍. ആ കൂട്ടുകെട്ട്‌ നിര്‍ത്തണമെന്ന് ചേട്ടനോട്‌ പറയണമെന്നുണ്ടായിരുന്നു. പേടി കാരണം ഞാനൊന്നും മിണ്ടിയില്ല. ചീത്ത കൂട്ടൊക്കെ കൂടി അടി,കുടി,വലി,പിടി ഒക്കെ ശീലമായി ചേട്ടന്‍ വേസ്റ്റായിപ്പൊകുമോന്നുവരെ എനിക്ക്‌ പേടിയുണ്ടായിരുന്നു. എന്റെ പ്രാര്‍ഥന ദൈവം കേട്ടു. ചേട്ടനൊരു മിസ്റ്റേക്കും ചെയ്തില്ല.

പിന്നൊരിക്കല്‍ ഞാനൊരു വാര്‍ത്ത കേട്ടു. ചേട്ടനാ കമ്പ്യൂട്ടര്‍ സയന്‍സിലെ മഞ്ചുളയുമായി എന്തോ ഉണ്ടെന്ന്. ഞാനാകെ തളര്‍നു പോയി. പക്ഷേ ചേട്ടനങ്ങിനെയൊന്നുമുണ്ടവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്ലേലും ആനക്കതിന്റെ വിലയറിയില്ലല്ലോ. പിന്നെ ഞാന്‍ ഫുള്‍ടൈം ചെട്ടനെയോര്‍ത്ത്‌ നടക്കുന്ന കാര്യം എന്റെ കൂട്ടുകാരികളൊക്കെ അറിഞ്ഞു. എന്നെ കളിയാക്കാനൊക്കെ തുടങ്ങി. ഒരു ദിവസം ആ സുസ്മിത പറയാ, "നീയല്ലാതെ ആരെങ്കിലും ആ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ സാധനത്തിനെ നോക്കുാ? അവനെ കണ്ടാലും മതി... കാട്ടുപോത്തിനെ കരി ഓയില്‍ മുക്കിയ പോലെ.." എന്നൊക്കെ. എനിക്കങ്ങോട്ട്‌ ദേഷ്യം വന്നു. "എന്നാലേ, അത്‌ ഞാനങ്ങു സഹിച്ചു, ഇനി ദിവാരേട്ടനെ പറഞ്ഞാലുണ്ടല്ലൊ..." എന്നും പറഞ്ഞ്‌ ഒറ്റ അടി കൊടുത്തു ഞാനവളുടെ മോത്ത്‌. അല്ല പിന്നെ.

എന്നാലും ചേട്ടന്‍ ഒരിക്കല്‍ പോലും എന്നൊടൊന്ന് മിണ്ടാന്‍ വന്നില്ലല്ലോ... എന്നും ഞാന്‍ കരുതും, ഇന്നു വരും.. എന്നൊട്‌ "എന്തൂട്രീ വിശേഷം... സുഖല്ലേ..." എന്ന് ചേട്ടന്റെ ത്രിശ്ശുര്‍ ഭാഷയില്‍ ചോദിക്കും എന്നൊക്കെ.

എല്ലാം ദേ ഇന്നലെ നടന്ന പോലെ തോനുന്നൂ... ചേട്ടനിപ്പോ എതോ വലിയൊരു സോഫ്ട്‌വെയര്‍ കമ്പനീലാ ലേ... നല്ല ശമ്പളമായിരിക്കും. എന്റെ ഒരു കൂട്ടുകാരി അവിടെ ഉണ്ടെയ്‌.. അവള്‍ക്ക്‌ ഒരു കൊല്ലം 7 ലക്ഷാത്രേ ശമ്പളം. ഞാന്‍ പറഞ്ഞു, എനിക്കും ഒരാള്‍ അവിടെ ഉണ്ട്‌. പുള്ളിക്കാരന്‌ ഒരു മാസം 2 ലക്ഷം ആണു ശമ്പളം എന്ന്. അത്രേം ശമ്പളം ശരിക്കും ചേട്ടന്‌ കിട്ടുന്നില്ലേ ചേട്ടാ? ഉണ്ടാവുമെന്നെനിക്കറിയാം. ചേട്ടന്‍ പണ്ടേ കമ്പ്യൂട്ടറില്‍ പുലിയല്ലായിരുന്നോ.

അത്‌ പറഞ്ഞപ്പോഴാ, ഓര്‍മ്മയുണ്ടോ... അന്ന് നിങ്ങളുടെ കമ്പ്യൂട്ടര്‍ സയസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്സിബിഷന്‍ നടന്നോണ്ടിരിക്ക്യായിരുന്നു. അതില്‍ ചേട്ടനും എന്തോ ഒന്ന് അവതരിപ്പിക്കുന്നുണ്ടെന്നറിഞ്ഞ ഞാന്‍ കമ്പ്യൂട്ടരില്‍ താല്‍പര്യം ഇല്ലാതിരുന്നിട്ടും അത്‌ കാണാന്‍ വന്നു. എന്തിനാ... കമ്യൂട്ടറിനു മുന്നില്‍ കണ്ണും തുറന്ന് അന്തം വിട്ടിരിക്കുന്ന ഈ കള്ളക്കുട്ടനെ കാണാന്‍...

അന്ന് എന്തായിരുന്നു ജാഡ. ചേട്ടനു ചുറ്റും കോളേജിലെ സകല പെണ്‍പിള്ളേരും കൂടി നില്‍ക്കുന്നു. ചേട്ടന്‍ അവരുടെ ഫോട്ടോ എടുക്കുകയോ എന്തോ ചെയ്യുന്നു. എനിക്കാകെ സങ്കടോം കരച്ചിലും ഒക്കെ വന്നു. എന്നാലും ചേട്ടനെ ഒരു നോക്കു കാണാന്‍ വേണ്ടി എത്തി നോക്കിയ എനിക്ക്‌ ആകെ കാണാന്‍ കഴിഞ്ഞത്‌ കോഴിപ്പപ്പു പോലെ പൊന്തി നിന്ന ചേട്ടന്റെ ആ തലമുടിയാണ്‌. അന്ന് ഞാനുറങ്ങിയില്ല...

വേറെ എന്താ ചേട്ടാ. ഞാനെന്നും ചേട്ടനെ ഒര്‍ക്കാറുണ്ട്‌. എന്ന ഒര്‍ക്കാറുണ്ടോ? ഉണ്ടാവില്ലാ ലേ. ഇവിടെ വീട്ടില്‍ എനിക്ക്‌ തെരക്ക്‌ പിടിച്ച കല്യാണാലോചനകള്‍ നടക്കുന്നു. എനിക്ക്‌ യാതൊരു താല്‍പര്യവുമില്ല. ഒരുപാട്‌ ചെക്കമ്മാരെ കണ്ടു. എനിക്കാരെയും പിടിച്ചില്ല. അതെങ്ങനെ പിടിക്കാനാ... എല്ലാരിലും ഞാന്‍ ചേട്ടന്റെ മുഖമല്ലേ തെരയുന്നത്‌. ചേട്ടനെപ്പോലെ സുന്ദരനായ, ചുറുചുറുക്കുള്ള ഒരാളെ എവിടെ കിട്ടാന്‍. വെളുത്തതും, അമേരിക്കയില്‍ നല്ല ജോലിയുള്ളതും, ഗവേണ്‍മന്റ്‌ ജോലിക്കാരും ഒക്കെ വന്നു പോയി. പക്ഷേ, അവരൊന്നും ദിവാരേട്ടന്റെ ഈരേഴ്‌ പതിനാലയലത്ത്‌ വരില്ല.

ഞാനൊന്ന് ചോദിച്ചോട്ടേ? പെണങ്ങുവോ... ഇല്ല, എനിക്കറിയാം.

"എന്നെ ചേട്ടന്‌ കല്യാണം കഴിച്ചൂടെ?"

ഞാന്‍ ചേട്ടനെ എന്നും ദൈവത്തെപ്പോലെയാ കാണുന്നത്‌. എന്നും ഒരാവേശത്തോടെയാ ചേട്ടനെ സ്വപ്നം പോലും കാണുന്നത്‌. എന്നെ കെട്ടിയാല്‍ ചേട്ടനൊരിക്കലും വെഷ്മിക്കേണ്ടി വരില്ല. സത്യായിട്ടും. എന്റെ സ്നേഹം സത്യമാണെന്ന് ചേട്ടനൊരിക്കലെങ്കിലും തോന്നിയാല്‍, എന്നെ കൈവിടരുത്‌.

പറ്റില്ലെങ്കി സാരല്ല്യ. ഞാനെന്റെ ഒരു ആഗ്രഹം പറഞ്ഞ്‌ ന്നു മാത്രം. പക്ഷേ, അടുത്ത ഒരു ജന്മമുണ്ടെങ്കില്‍, ദിവാരേട്ടന്‍ എന്റെയായിരിക്കും. എന്റെ മാത്രം. അതിനി ദിവാരേട്ടന്‍ കഴുതയായി ജനിച്ചാലും, കുരങ്ങായി ജനിച്ചാലും, ഞാന്‍ സ്വന്തമാക്കിയിരിക്കും. സത്യം.

ഞാനൊരുപാടെഴുതിക്കൂട്ടി ലേ. ചേട്ടനവിടെ തെരക്കായിരിക്കും... ഞാനധികം എഴുതുന്നില്ല. ഇനി എനിക്കിങ്ങനെ കത്തെഴുതാനൊന്നും പറ്റി എന്നു വരില്ല അതോണ്ടാ.

ഞാനെവിടെപ്പോയാലും, എങ്ങിനെയായാലും ഒരിക്കലും ദിവാരേട്ടനെ, ദിവാരേട്ടന്‍ തന്ന ഓര്‍മ്മകളെ മറക്കില്ല. ചേട്ടനാദ്യമായും അവസാനമായും എന്നെ സ്പര്‍ശ്ശിച്ചതെന്നാണെന്നോര്‍മ്മയുണ്ടോ? അതൊരു കെ.എസ്‌.ആര്‍.ടി.സി ടൗണ്‍ റ്റു ടൗണ്‍ ബസ്സില്‍ വെച്ചായിരുന്നു. ചേട്ടന്‍ വെയിലത്ത്‌ ആകെ തളര്‍ന്ന് അവശനായി ബസ്സിലിരിക്കാന്‍ പോലും പറ്റാതെ നില്‍ക്കുകയായിരുന്നു. ചേട്ടന്റെ തൊട്ടുമുന്നിലെ സീറ്റില്‍ ചേട്ടനെ മാത്രം ചിന്തിച്ചിരിക്കുന്ന എന്നെ ചേട്ടന്‍ കണ്ടില്ല. പെട്ടെന്നായിരുന്നു നല്ലവനായ ആ ബസ്സിലെ ഡ്രൈവര്‍ക്ക്‌ സഡന്‍ ബ്രേക്കിടാന്‍ തോന്നിയത്‌!

യൂണിയന്‍ കാര്‌ ചാക്കരി തള്ളിയിട്ട പോലെ ചേട്ടനെന്റെ മടിയിലേക്ക്‌... ചേട്ടന്റെ കയ്കള്‍ വീഴാതിരിക്കാനായി പിടിച്ചത്‌ എന്റെ കയ്യില്‍... ഹൊ! ശരപഞ്ചരത്തില്‍ ജയന്‍ ഷീലയെ തൊട്ടപ്പൊ ഉണ്ടായപോലത്തെ ഫീലിംഗ്‌. (അതേയ്‌, ഞാനാ ടൈപ്പ്‌ പടമൊന്നും കാണാറില്ലാ ട്ടൊ, ഇതാ സുസുമിത പറഞ്ഞ്‌ കേട്ടതാ)

അടുത്തിരുന്നവര്‍ ചേട്ടന്റെ മേത്തുനിന്നും വരുന്ന കാറമണം കാരണം മൂക്കുപൊത്തിപ്പിടിച്ചെങ്കിലും എനിക്കത്‌ ചാര്‍ലീസ്‌ സ്പ്രേ പോലെയായിരുന്നു.

അത്‌ മതി, ആ ഓര്‍മ്മ മാത്രം മതി, എനിക്കീ ജീവിതം തള്ളി നീക്കാന്‍.

ചേട്ടനെന്നും നന്മയേ വരൂ. ഞാനെന്നും പ്രാര്‍ഥിക്കും. വലിയൊരു അളായി ടീവിലോ, പത്രത്തിലോ ഒക്കെ വരണം (ചരമ വാര്‍ത്തയല്ല). ഞാനത്‌ കാണും... എന്നിട്ടെന്റെ മടിയിലിരിക്കുന്ന എന്റെ മക്കളോട്‌ ഞാന്‍ പറയും,

"കണ്ടോ മക്കളെ.. അതാ... നിങ്ങള്‍ക്ക്‌ പിറക്കാതെ പോയ നിങ്ങടെ അഛന്‍..." എന്ന്.

ഒരുപാടൊരുപാട്‌ സ്നേഹത്തോടെ,
ചേട്ടന്റെ സ്വന്തം,
ലില്ലിമോള്‍."

6 comments:

അനൂപ്‌ കോതനല്ലൂര്‍ said...

എന്റെ പേര്‌ എട്ടുകാലിയിലുണ്ട്‌, പാറ്റയിലില്ല.
പല്ലിയിലുണ്ട്‌, അരണയിലില്ല.

ഇപ്പൊ മനസിലായില്ലേ...?
അപ്പോ ഈ ദിവാകരേട്ടൻ ആളു പുലിയാ

ആര്യന്‍ said...

മൈ ഡിയര്‍ ലില്ലിക്കുട്ടീ...

sherlock said...

"കണ്ടോ മക്കളെ.. അതാ... നിങ്ങള്‍ക്ക്‌ പിറക്കാതെ പോയ നിങ്ങടെ അഛന്‍..."

Nice one :)

കാര്‍ത്ത്യായനി said...

ദിവാരന്റെ ഒന്നാം തിരുമുറിവ്?

കാര്‍ത്ത്യായനി said...

ദിവാരന്റെ ഒന്നാം തിരുമുറിവ്?

ആനക്കാട്ടില്‍ ചാക്കോച്ചി said...

"കണ്ടോ മക്കളെ.. അതാ... നിങ്ങള്‍ക്ക്‌ പിറക്കാതെ പോയ നിങ്ങടെ അഛന്‍..."

Highlight.... :D ith kalakki....