Wednesday, August 27, 2008

ആന്റപ്പനാരാ മോന്‍...

കുട്ടിക്കാലത്ത്‌, ത്രിശൂര്‍ പൂരം എക്ഷിബിഷനില്‍ കണ്ട പടം വര കമ്പ്യൂട്ടര്‍ (പേന കുത്തിവെച്ച്‌ ചുമ്മാ വട്ടത്തില്‍ കറക്കുന്ന ഒരു വട്ടത്തിലുള്ള സ്കെയില്‍) വേണമെന്ന് വാശിപിടിച്ച്‌ നിരാഹാരം കിടന്ന ആന്റപ്പന്റെ ശല്യം സഹിക്ക വയ്യാതെ ആന്റപ്പന്റെ അച്ഛന്‍ വീണ്ടും പൂരപ്പറമ്പില്‍ പോയി ആ കമ്പ്യൂട്ടര്‍ വാങ്ങിക്കൊണ്ടു വന്നു കൊടുത്തു. അന്നത്‌ കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ അത്രേം വരില്ലെങ്കിലും ഇത്തവണ ആന്റപ്പന്‍ സന്തോഷവാനാണ്‌... കാരണം ആന്റപ്പന്‍ ഒരു ലാപ്‌ ടോപ്‌ വാങ്ങിയിരിക്കുന്നു. അതും സ്വന്തം കാശുകൊടുത്ത്‌.

ത്രിശ്ശൂരിലെ എതോ ഒരു ചായക്കടക്ക്‌ മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന "സോഫ്ട്‌ വെയര്‍ കമ്പനി"ഇല്‍ നിന്നും ബാങ്ക്ലൂരിലെ ഭൂലോക (എം. എന്‍. സി) യിലേക്കുള്ള മാറ്റം (അത്ഭുതമെന്നു പറയട്ടേ, പുതിയ ഭൂലോക കമ്പനിയും ത്രിശ്ശൂരില്‍ നിന്നാണ്‌), "അടിപൊളി", "ഡാ ഗഡ്യേയ്‌..." എന്ന വാക്കുകളില്‍ നിന്നും "ആവ്‌സം", "ഡൂഡ്‌.." തുടങ്ങിയ വക്കുകളിലേക്കുള്ള മാറ്റം... അങ്ങിനെയുള്ള പല മാറ്റങ്ങളേ പോലെയായിരുന്നു ലാപില്‍ പണ്ട്‌ തലയിണ മാത്രം വച്ചിരുന്ന ആന്റപ്പന് ലാപ്ടോപ്‌ കിട്ടിയപ്പോള്‍.

ഒരു ജോലി വേണം... ജോലി കിട്ടണമെങ്കില്‍ നന്നായി പഠിക്കണം... നന്നായി പഠിക്കണമെങ്കില്‍ സ്വന്തമായി ഒരു ലാപ്‌ ടോപ്‌ വേണം... അങ്ങിനെ ഒരു സിദ്ധാന്തം സ്വയം പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ ആന്റപ്പന്‍ ലാപ്‌ ടോപ്‌ വാങ്ങിയത്‌. കത്തിച്ച മേശപ്പൂ പോലെയായിരുന്നു ആന്റപ്പന്റെ പഠിക്കാനുള്ള ഉത്സാഹം.ആദ്യം നല്ല ഉഷാറായി തുടങ്ങിയത്‌ പിന്നീട്‌ ചെറുതായി വന്നു. ആദ്യ 2 - 3 ദിവസം ബയങ്കര പഠിത്തം... കുറെ നേരം പഠിക്കും... പിന്നെ എടക്ക്‌ എണീറ്റ്‌ കോട്ടുവാ ഇട്ട്‌, രണ്ട്‌ ബിസ്കറ്റും തിന്ന് വീണ്ടും പഠിത്തം. പിന്നെ പിന്നെ പഠിത്തം മാറി... ഓര്‍ക്കൂട്ടും, യൂ ടൂബും ഒക്കെയായി... പിന്നെ അശ്ശാന്‍ ഡൗണ്‍ ലോഡിംഗ്‌ തുടങ്ങി... പിന്നെ ചാറ്റിങ്ങും.

അങ്ങനെ ആന്റപ്പന്‍ തകൃതിയായി ചാറ്റിങ്ങില്‍ മുഴുകിയിരുന്ന ഒരു രാത്രി. അടുത്തുകൂടെ മിന്നായം പോലെ കടന്നുപോയ ദിവാരന്റെ കണ്ണുകള്‍ അറിയാതെ ആന്റപ്പന്റെ ചാറ്റിംഗ്‌ വിന്‍ഡോയിലേക്ക്‌ ഒളികണ്ണിട്ട്‌ നോക്കി.

"ഡാ... ഇത്‌ മാത്യുവല്ലേ... ഞങ്ങടെ പഴയ മുറിമേറ്റ്‌? അവനെ നിനക്കെങ്ങനെയാഡാ പരിചയം? നീയിവിടെ വരുമ്പോ അവനില്ലല്ലോ" ദിവാരന്‍ ചോദിച്ചു.

"പിന്നെ എനിക്കറിയാതെ. ഞാനീ വീട്ടിലോട്ട്‌ മാറിയപ്പോള്‍ ആദ്യ രണ്ട്‌ ദിവസം അവനും ഇവിടെ ഉണ്ടായിരുന്നില്ലെ... നിങ്ങളുടെ ജൂനിയര്‍. എനിക്കറിയാം. ഓര്‍ക്കൂട്ടില്‍ നിന്നും തപ്പിയെടുത്തതാ" ആന്റപ്പന്‍.

"ശെഡാ... കൊറെ കാലം ഒരുമിച്ച്‌ കഴിഞ്ഞ എനിക്ക്‌ പോലും ഇവനുമായിട്ട്‌ കോണ്ടാക്റ്റ്‌ ഇല്ല... നീയിതെങ്ങിനെ ഇവനുമായിട്ട്‌..."

"ഹും! നീയെന്താ മോനേ എന്നെ പറ്റി കരുതിയത്‌... ഞാനാളൊരു സംഭമല്ലേ... എന്റെ കോണ്ടാക്റ്റ്സ്‌ എന്നു പറഞ്ഞലുണ്ടല്ലോ... അതൊരു മഹാ സംഭവമാണ്‌. ആളുകളെ ചാക്കിട്ട്‌ പിടിക്കാന്‍ ഒരു കഴിവ്‌ വേണേയ്‌..." ആന്റപ്പന്‍ പറഞ്ഞു.

"സമ്മതിച്ചു അളിയാ. നീയുമായിട്ട്‌ അവനിത്ര കമ്പനിയായോ... ഹൊ!" ദിവാരന്‍ ചുണ്ടും മുഖവും ചുളിച്ചു പിടിച്ചു.

മറ്റൊരു ദിവസം, കുരുടാന്‍ നക്കിയ പെരുച്ചാഴിയേപ്പോലെ ഗൂഗിള്‍ റ്റാക്കില്‍ തലങ്ങും വിലങ്ങും ഓടിനടക്കുന്ന ആന്റപ്പന്‌ പെട്ടന്നൊരു മെസ്സേജ്‌:

മാത്യു: ഹായ്‌.

ആന്റപ്പന്‍: ഹായ്‌ മാത്യു. ഹവ്‌ ആര്‍ യു.

മാത്യു: ഓ സുഖം. അവിടെ എന്താ പരിപാടി. ഇപ്പോ നല്ല തണുപ്പാ അവിടെ ലേ...

ആന്റു: തണുപ്പോ... എയ്‌.. അത്രക്കൊന്നുമില്ല. ഇന്നലെ നീ വേഗം ഓഫ്‌ ലൈന്‍ ആയല്ലോ. ഇവിടെ ദിവരന്‍ ഞാനെങ്ങിനെ നീയുമായി കമ്പനിയായി എന്നും പറഞ്ഞ്‌ അത്ഭുതപ്പെട്ടിരിക്കുവായിരുന്നു. അവനറിയില്ലല്ലോ എന്റെ ഡീലിങ്ങ്സ്‌...

മാ: ഓ.. ലൈന്‍ ഡിസ്കണക്റ്റ്‌ ആയി. ആരാ ഈ ദിവാരന്‍? മുറിമേറ്റാ? അതുപോട്ടെ... നീ ഇനി എന്നാ നാട്ടിലേക്ക്‌...

ആ: നീ ദിവാരനെ ആക്കിയതാ ല്ലേ. ഉം... ഞാന്‍ കഴിഞ്ഞയാഴ്ച പോയതാ. ഇനി രണ്ടാഴ്ച കഴിഞ്ഞ്‌.

മാ: വാട്ട്‌? ഇത്ര അടുപ്പിച്ച്‌ അവിടെ നിന്നും എങ്ങിനെ വരാന്‍ പറ്റുന്നു നിനക്ക്‌? കാശെത്ര ചെലവാകും...

ആ : ഓ.. എന്ത്‌. ഞാനതൊന്നും നോക്കാറില്ല. ഓണ്‍ലൈന്‍ ടിക്കറ്റ്‌ എടുക്കും. ഈസി.

മാ: എങ്കിലും ലക്ഷങ്ങള്‍ ആവില്ലേ?

ആ: ലക്ഷങ്ങളോ? ആക്കിയതാണല്ലേ...

മാ: ആക്കിയതോ? പിന്നെ എത്രയാവും നിനക്ക്‌ ഫ്ലൈറ്റ്‌ ചാര്‍ജ്‌?

ആ: ഞാന്‍ ഫ്ലൈറ്റിനൊന്നും വരാറില്ല. കൊച്ചി വരെ പോകാന്‍ എന്തിനാ ഫ്ലൈറ്റ്‌. ഞാന്‍ കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ്‌ എടുക്കും. ഒറ്റ രാത്രി. രാവിലെ വീടെത്തും. സുഖം പരിപാടി.

മാ: നീ എന്തായീ പറയുന്നത്‌? സിങ്കപ്പൂരില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി സെര്‍വീസോ? അതും ഒരു രാത്രികൊണ്ട്‌ കേരളത്തിലെത്തുമെന്നോ?

ആ: സിങ്കപ്പൂരോ? അതിനു ഞാനെപ്പോ സിങ്കപ്പൂര്‍ പോയി? ഞാനിവിടെ ബാങ്ക്ലൂരല്ലേ.. നീ എന്താ ഒന്നുമറിയാത്ത പോലെ...

മാ: അല്ലാ... നീ വര്‍ഗ്ഗീസ്‌ തന്നെയല്ലേ?

ആ: വര്‍ഗ്ഗീസോ? ഡാ.. ഞാന്‍ ആന്റപ്പന്‍... നിനക്ക്‌ മനസ്സിലായില്ലേ എന്നെ.. പണ്ട്‌ നമ്മള്‍ മങ്കലശ്ശേരിയില്‍....

മാ : ഏത്‌ ആന്റാപ്പന്‍? എനിക്കോര്‍മ്മയില്ലല്ലോ. ജി ടാക്കില്‍ തന്റെ പേരിനു പകരം എതോ ഡയലോഗ്‌ ഇട്ടിരിക്കുന്നത്‌ കാരണം ആളെ മനസ്സിലായില്ല. സോറി. ഇട്ടിരിക്കുന്ന ഫോട്ടോ ചെറുതായതു കൊണ്ട്‌ മുഖവും ക്ലിയറായില്ല. ഞാന്‍ കരുതി പാലായില്‍ വീടുള്ള വര്‍ഗ്ഗീസാണെന്ന്... സോറി. ആളുമാറിയതാ. ഗുഡ്‌ ബൈ!

പെട്ടെന്നെവിടെ നിന്നോ ആന്റപ്പനൊരു പ്രത്യേക ഫീലിങ്ങ്സ്‌ വന്നു...

പണ്ട്‌ ബസ്റ്റാന്‍ഡിന്റെ സൈഡില്‍ മുള്ളാന്‍ പോയ ആന്റപ്പന്‍, പുറകില്‍ നിന്നാരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാര്യം സാധിച്ചിട്ട്‌ മുന്നിലേക്ക്‌ നോക്കിയപ്പോള്‍ കണ്ടത്‌ സ്റ്റാര്‍ട്ടാക്കിയിട്ടിരിക്കുന്ന എര്‍ണാകുളം ഫാസ്റ്റ്‌ പാസഞ്ചറും അതിനുള്ളില്‍ ആക്കി ച്ചിരിക്കുന്ന പത്ത്‌ നാല്‍പ്പത്‌ തലകളുമാണ്‌.. അന്നുണ്ടായ അതേ ഫീലിങ്ങ്സ്‌...

"നാറിയല്ലേ...." എന്ന ഫീലിംഗ്‌.


അന്ന് വൈകീട്ട്‌ ദിവാരന്‍ മങ്കലശ്ശേരിയില്‍ എത്തിയപ്പോള്‍ ലാപ്‌ ടോപ്പും പിടിച്ചിരിക്കുന്ന ആന്റപ്പന്റെ കണ്ടു...

"ഓഹ്‌... ചാറ്റിങ്ങാണോ... മാത്യുവുമായിട്ടായിരിക്കും... അവനോടെന്റെ ഒരു ഹായ്‌ പറഞ്ഞേക്ക്‌"

അതുകേട്ട അന്റപ്പന്‍ ഇങ്ങനെ പറഞ്ഞു...

"ഓ അവനിപ്പോ ഓണ്‍ലൈന്‍ വരാറില്ലെഡാ... ബയങ്കര തെരക്കാണുപോലും. സോ... ഞാനും മൈന്‍ഡാക്കാന്‍ പോവാറില്ല. നമുക്ക്‌ വേറെ പണിയില്ലേ..."

Wednesday, August 6, 2008

കോമളന്‍ ബാക്കിവെച്ചത്‌...

പോയാലും തീരില്ലേ ഇവന്റെ മഹത്വം? ഇല്ലെന്ന് മങ്കലശ്ശേരി പിള്ളേര്‍ പറയും. കോമളന്‍ പോയതില്‍ നിന്നും ഉടലെടുത്ത കനത്ത വിരഹ ദുഖത്തില്‍ നിന്നും ഇനിയും മുക്തരാവാന്‍ ഇവിടെ പലര്‍ക്കുമാവുന്നില്ല.

പണ്ട്‌ പാതിരാവരെ നാട്ടുകാര്യവും, ജോലിക്കാര്യവും മറ്റു പങ്കുവെച്ച്‌ പതിയെ ഉറങ്ങിയിരുന്ന ആന്റപ്പന്‍ ഇപ്പോ ഒന്നും മിണ്ടാനാവാതെ തളര്‍ന്നാണ്‌ ഉറങ്ങുന്നത്‌. കോമളനു പകരം ഇപ്പൊ പക്രുവാണ്‌ ആന്റപ്പന്റെ മുറിമേറ്റ്‌. പക്രുവാണെങ്കിലോ, ജഗതിയുടെ "പടയപ്പാ" സ്റ്റെയിലില്‍ കൃത്യം പത്ത്‌ മണിയാവുമ്പൊഴേക്കും കിടക്കയിലേക്ക്ക്‌ വീഴും. "ഹാവൂ...." എന്നൊരു ശബ്ദം മാത്രമേ ആദ്യം കേള്‍ക്കൂ. പിന്നെ കേള്‍ക്കുന്നത്‌ കൂര്‍ക്കം വലിയും.

അതുകൊണ്ടു തന്നെ രാത്രിയില്‍ കത്തിവെക്കാനാവാതെ വളരെ ഡിസ്റ്റര്‍ബ്ഡ്‌ ആയി നമ്മുടെ ആന്റപ്പന്‍. ഒടുവില്‍ തന്നോടു തന്നെ സംസാരിക്കാം എന്ന രീതിയായി ആന്റപ്പന്‌. പത്ത്‌ മണി മുതല്‍ 12 മണി വരെ ആന്റപ്പന്‍ സ്വയം സംസാരിക്കും. ഇടക്ക്‌ ചിരിക്കും... മയക്കത്തിനിടയില്‍ ആന്റപ്പന്റെ ചുണ്ടുകള്‍ ചുമ്മാ പിറുപിറുത്തുകൊണ്ടിരിക്കും... പാവം. അല്ലാതെന്ത്‌ പറയാന്‍.

കോമളവിരഹം മാറാത്ത മറ്റൊരാളാണ്‌ ശശി. കോമളന്‍ പോയതിന്റെ പിറ്റേന്ന് ശശിയുണ്ടാക്കിയ ദോശ ബക്കിയായി. ആരും തിന്നാനില്ലാതെ ബാക്കി വന്ന ആ ദോശകള്‍ വെയ്സ്റ്റ്‌ ബാസ്കറ്റില്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ശശിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കോമളന്റെ ഓര്‍മ്മകള്‍ അവനെ തഴുകിപ്പോയി... തന്റെ തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കിയാല്‍, ബാക്കിയാവുന്നത്‌ തിന്നാന്‍ ഇനിയാരുമില്ലാ എന്ന സത്യത്തെ ഭയന്ന് ശശി തട്ടുകട അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടു. വീട്ടില്‍ വൈദ്യുതിയില്ലെങ്കില്‍ കൂടി തുറന്നു പ്രവര്‍ത്തിച്ചിരുന്ന തട്ടുകട അടഞ്ഞുകിടക്കുന്നത്‌ കണ്ട്‌ ബാകിയെല്ലാവരും വേദനിച്ചു.

അതുമാത്രമോ? കോമളന്റെ "സ്പെഷല്‍" തലൈവാരി സുലൈമാനി (ഇന്‍ഡ്യന്‍ എന്ന തമിഴ്‌ സിനിമയില്‍ വിരലുകള്‍ കൂട്ടിപ്പിടിച്ച്‌ കമലഹാസന്‍ ചെയ്യുന്ന മര്‍മ്മാണി പ്രയോഗത്തിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണ്‌ തലൈവാരി സുലൈമാനി. കമലഹാസന്‍ അത്‌ ശരീരത്തിന്റെ നാനാഭാഗങ്ങളില്‍ പ്രയോഗിച്ചപ്പോള്‍ ഇവിടെ അത്‌ ശശിയുടെ ഇടുപ്പില്‍ മാത്രമാണെന്ന് മാത്രം) കിട്ടാതെ ശശി വലഞ്ഞു. കോമളന്‍ ആ "പ്രയോഗം" നടത്തുമ്പോള്‍ ആറടി പൊക്കമുള്ള ഒത്ത ഒരു പൂരുഷനായ ശശി കഴുത്തില്‍ പിടിച്ച കുറിഞ്ഞിപ്പൂച്ചപോലെയാകും. കോമളന്റെ ആ പ്രയോഗത്തില്‍ ശശിയൂടെ എല്ലാ ഇന്ദ്രിയങ്ങളും വിറക്കും. "ഇക്കിളി" താങ്ങാനാവാതെ ശശി "അയ്യ... അയ്യേ... അയ്യോ..." എന്ന് നിലവിളിച്ചോണ്ടിരിക്കും. കോമളന്‍ പോയതോടെ ശശി തലൈവാരിയുടെ വിലയറിഞ്ഞു. സഹികെട്ടപ്പോള്‍ ശശി സ്വയം സ്വന്തം, ശരീരത്തില്‍ ആ പ്രയോഗം നടത്തി നോക്കി. ഒരു എഫക്റ്റ്‌ കിട്ടിയില്ല. പക്രുവിനോട്‌ അതുപോലൊന്ന് ചെയ്യാന്‍ പറഞ്ഞു. വളരെ ഉത്സാഹത്തോടെ അവന്‍ ശശിക്ക്‌ നേരെ തലൈവാരി പ്രയോഗിച്ചു.... ബട്ട്‌ ശശിക്കത്‌ ശരീരത്തിലൂടെ ഒരു പാറ്റ നടന്ന് പോകുന്നപോലെയെ തോന്നിയുള്ളൂ.

കോമളനെ മിസ്സ്‌ ചെയ്ത മറ്റൊരാള്‍ സുസുകി ദിവാരനായിരുന്നു. സുസുക്കിയില്‍ നിന്നും പള്‍സറിലേക്ക്‌ തന്നെ കയ്പിടിച്ച്‌ ഉയര്‍ത്തിയത്‌ കോമളനാണെന്ന് ദിവാരനറിയാം. തന്റെ പുതിയ വണ്ടിക്ക്‌ വല്ലപ്പോഴും ഒരു "നല്ല" ഓട്ടം കിട്ടിയതും കോമളന്‍ മൂലമാണ്‌. പക്ഷേ, കോമളന്‍ പോയതോട്‌ കൂടി ദിവാരന്‌ തന്റെ വണ്ടി ആഴ്ചയിലൊരിക്കല്‍ കൂടി തൊടാന്‍ പോലും കിട്ടാതായി. ഓഫീസിലെ ഏതോ ഒരുത്തനാണ്‌ ഇപ്പൊ ദിവാരന്റെ വണ്ടി നോക്കി നടത്തുന്നത്‌. കിട്ടിയാ കിട്ടി... പോയാ പോയി എന്ന അവസ്ഥ.

അടുത്തത്‌ പക്രു. ഇക്കൂട്ടത്തില്‍ കോമളന്‍ പോയതില്‍ ഏറ്റവുമധികം ദുഖിക്കുന്ന മനുഷ്യന്‍. അതിനൊരു കാരണവുമുണ്ട്‌. മങ്കലശ്ശേരി വീടിന്റെ അഡ്വാന്‍സ്‌ തുകയിലൊരു ഭാഗം പക്രുവും, കോമളനും ചേര്‍ന്നാണ്‌ കൊടുത്തിരിക്കുന്നത്‌. സ്വാഭാവികമായും ഒരാള്‍ പോകുമ്പൊള്‍ അയാള്‍ക്ക്‌ ഇട്ട തുക തിരിച്ചു കൊടുക്കണം. ഇവിടെ അത്‌ പക്രുവിന്റെ കടമയാണ്‌. ഒരുപാട്‌ പ്രാകിയിട്ടാണെങ്കിലും ഒടുവില്‍ പക്രുവിന്‌ ആ തുക കോമളന്‌ കൊടുക്കേണ്ടി വന്നു. ആ നഷ്ടം പക്രുവിനെ വിഷാദ രോഗിയാക്കി മാറ്റി.

അങ്ങിനെ കോമളന്‍ ഇവിടെ ബാക്കിവെച്ചത്‌ ഒരുപിടി വേദനിക്കുന്ന ഓര്‍മ്മകളാണ്‌.

ഇതൊന്നുമറിയാതെ ഇന്നും കോമളന്‍ അങ്ങ്‌ കൊയമ്പത്തൂരില്‍ ജോലിക്ക്‌ പോയിട്ടുണ്ടാവണം. പുതിയ ജോലി... പുതിയ ഓഫീസ്‌... പുതിയ കൊലീഗ്‌സ്‌...

ഞങ്ങള്‍ പാവങ്ങള്‍... അതോണ്ടല്ലെ ഇങ്ങനെ. നോക്കിക്കോ... ഒരുനാള്‍ ഒരുനാള്‍ ഞങ്ങളും നിന്നെപ്പോലെ വളരും(കോമളന്‍ വളര്‍ന്നു എന്ന് വെറുതേ പറഞ്ഞതാ. അവനിപ്പൊഴും അഞ്ചടി രണ്ടിഞ്ചാണ്‌) വലുതാവും...

Friday, August 1, 2008

കോമളന്‍ പോവുകയാണ്‌.


ഇന്ന് വൈകീട്ട്‌ കോമളന്‍ ഞങ്ങളോട്‌ - മങ്കലശ്ശേരിയോട്‌ - വിടപറയുകയാണ്‌.

കോമളന്‌ എല്ലാ വിധ ആശംസകളും നേരുന്നു....




ഇതുവരെയുള്ള മങ്കലശ്ശേരി ചരിതത്തിലെ കോമളനെ കുറിച്ചുള്ള ചരിതങ്ങള്‍ താഴെക്കാടുക്കുന്നു.
http://mangalaseri.blogspot.com/2008/01/blog-post.html
http://mangalaseri.blogspot.com/2008/02/2.html
http://mangalaseri.blogspot.com/2008/06/blog-post.html
http://mangalaseri.blogspot.com/2008/06/blog-post_24.html
http://mangalaseri.blogspot.com/2008/06/blog-post_25.html

കോമളമാസം
http://mangalaseri.blogspot.com/2008/07/1.html
http://mangalaseri.blogspot.com/2008/07/2.html
http://mangalaseri.blogspot.com/2008/07/3.html
http://mangalaseri.blogspot.com/2008/07/blog-post_22.html
http://mangalaseri.blogspot.com/2008/07/4.html