Friday, November 30, 2007

മങ്കലശ്ശേരി ചരിതം അദ്ധ്യായം 3.1

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍ !

കൊല്ലവര്‍ഷം 1800, കേരളദേശത്തെ ഒരു പ്രധാന രാജ്യവും, വ്യവസായ നഗരവുമായ തിരൂറാംകൂര്‍ മഹാരാജ്യം. ഈ കഥ നടക്കുന്നത്‌ ഈ രാജ്യത്താണ്‌...

ഈ രാജ്യം ഭരിക്കുന്ന രാജാവിന്റെ പേരാണ്‌ മുണ്ടിനീര്‍ തിരുനാള്‍ ശശി ! ദൂര്‍ദ്ധനും, സര്‍വ്വോപരി മര മണ്ടനുമായ ഈ രാജാവിന്റെ ഭരണം ഒരു വലിയ പരാജയം ആയിരുന്നു. സ്വന്തം സുഖങ്ങളിലും, സമ്പത്തിലും മാത്രം ആര്‍ത്തി കാണിച്ച്‌ ജീവിച്ചിരുന്ന ശശി മഹാരാജവിന്‌ സ്വന്തം നാടിന്റെ ഗതിയേക്കുറിച്ചൊ, സുരക്ഷയേ കുറിച്ചൊ യാതൊരു ചിന്തയും ഉണ്ടായില്ല. ചെറുപ്പം മുതലേ ഒരു പേരുകേട്ട പേടിത്തൊണ്ടനായിരുന്ന രാജാവിന്റെ പ്രധാന വിനോദം ആരുമറിയാതെയുള്ള മോഷണങ്ങള്‍ ആയിരുന്നു. രാജാവിന്റെ ഈ ശീലം കൊട്ടാരത്തിലെ നര്‍ത്തകിമാരുടെ മടിക്കുത്തില്‍ തൂങ്ങുന്ന പണക്കിഴികള്‍ക്കുപോലും അറിയാമായിരുന്നു. പക്ഷേ "പിള്ളേരല്ലെ.. പിണ്ണാക്കല്ലേ.." എന്ന ഭാവത്തില്‍ ആരും രജാവിനെ എതിര്‍ത്തില്ല (എതിര്‍ത്താല്‍ ആ മരമണ്ടന്‍ തലവേട്ടാന്‍ ഉത്തരവിട്ടാലോ എന്ന് ഭയന്നിട്ടൊന്നുമല്ലെന്ന് ചിലര്‍ പറയുന്നു). പൊതുവേ ഉള്ള അഹംഭാവത്തിന്റെ കൂടെ, തനിക്കിത്തിരി പൊക്കവും, നിറവും ഉണ്ടെന്ന ചിന്തയും ശശി മഹാരാജാവിനെ അഹംഭാവത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിച്ചു. അത്‌ തന്നെയാവണം, രാജന്‌ സ്ത്രീകളോടുള്ള പ്രത്യേക സ്നേഹത്തിന്റെ കാരണവും.

"മഗാരാജാവ്‌ നീണാള്‍ വാഴട്ടെ, മഗാരജാവ്‌ നീണാള്‍ വാഴട്ടെ..." കൊട്ടാരത്തിലെ ആസ്ഥാന പണ്ഠിതന്മാരുടെ സഭയിലേക്ക്‌ നമ്മുടെ മഗാരാജന്‍ എഴുന്നള്ളുകയാണ്‌... പ്രധാന മന്ത്രിയും, വിരുതനുമായ പക്രു ആചാര്യന്‍ രജാവിനെ സ്വാഗതം ചെയ്തു, "മദ്യ... സോറി, മദ്ധ്യ തിരൂറംകൂറു വാഴും, മുണ്ടിനീര്‍ തിരുനാള്‍ ശശി അങ്ങുന്നിന്‌ സ്വാഗതം... മഗാരാജന്‍ ശശി നീണാള്‍ വാഴട്ടെ!"

അഹംഭാവം നെരോലാക്‌ പെയിന്റ്‌ പോലെ തേച്ചുപിടിപ്പിച്ച മുഖവുമായി, തേഞ്ഞുപോകുമോ എന്ന ഭയത്താല്‍ കയ്യില്‍ പിടിച്ച ലീ-കൂപ്പര്‍ പാദുഗങ്ങളുമായി രാജന്‍ തന്റെ സ്വര്‍ണ്ണ സിംഗാസനത്തില്‍ ആസനം ഉറപ്പിച്ചു, ക്ഷമിക്കണം, ഉപവിഷ്ടനായി. മീശക്കടിയില്‍ ഒളിഞ്ഞിരുന്ന ചുണ്ടുകള്‍ സിനിമാ നടന്‍ സലീം കുമാര്‍ കരയുമ്പോള്‍ പരന്നു നീളുന്ന പോലെ നീട്ടി, അദ്ധേഹം ഒന്നു ചിരിച്ചു. കയ്യിലിരുന്ന പാദുഗങ്ങള്‍ മാറ്റിവെച്ച്‌, ചെവിയില്‍ കുത്തിക്കയറ്റി വെച്ചിരുന്ന സോണി-എറിക്ക്സണ്‍ വാക്‍മാന്‍ ഹെഡ്‌-സെറ്റ്‌ ഊരിമാറ്റി.ചുണ്ടില്‍ അപ്പൊഴും ഒരു മൂളിപ്പാട്ടുണ്ടായിരുന്നു,"കോന്തന്‍ രാജാവേ... " എന്നു തുടങ്ങുന്ന ഏലൂര്‍ റഹ്മാന്റെ ഒരു പഴയ പാട്ട്‌. നീട്ടം കൂടിയ കാലില്‍ മറ്റേ കാല്‍ കയറ്റി വച്ച്‌ രാജന്‍ സംസാരിച്ചു തുടങ്ങി.

പ്രക്രുവാചാര്യാ, രാജ്യത്ത്‌ തണുപ്പ്‌ കൂടിത്തുടങ്ങിരിക്കുന്നുവൊ..? ഇന്നലെ തണുപ്പ്‌ മൂലം രാജ്ഞിക്ക്‌ പള്ളിയുറങ്ങാന്‍ കഴിഞ്ഞില്ലത്രേ... രാവിലെ നാം നോക്കുമ്പോള്‍ തണുപ്പ്‌ മാറ്റാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയിട്ട്‌ വരികായായിരുന്നു എന്റെ പൊന്നോമന രാജ്നി!

അതുകേട്ട്‌ സഭയില്‍ ഒരാള്‍ ഞെട്ടി! മരംകൊത്തി ആര്‍ത്തിമൂത്ത്‌ തലയില്ലാത്ത തെങ്ങിന്റെ മണ്ടയില്‍ കൊത്തുമ്പോലെ സ്വന്തം തലയില്‍ എതോ ഉണ്ടാ കൊത്തിയപോലെ പ്രധാനമന്ത്രി! ഒന്നുറച്ച്‌ തൊണ്ടയിലെ കിച്‌ കിച്‌ അകറ്റിയശേഷം, പ്രധാനമന്ത്രി സ്വന്തം ആസനം ഒന്നിളക്കിയിരുന്നു.

ശശി മഗാരാജന്റെ ഈ പ്രഹസനം കേട്ട്‌ പക്രുവാചാര്യന്‍ പറഞ്ഞു, "ഇല്ല രാജന്‍, രാജ്യത്ത്‌ തണുപ്പ്‌ തുടങ്ങിയിട്ടില്ല, മാത്രവുമല്ല, മറുരാജ്യങ്ങളില്‍ നിന്ന് തണുപ്പകറ്റാന്‍ ചെറുപ്പക്കാര്‍ "സാന്‍ഡ്‌വിച്ച്‌ മസ്സാജ്‌" ഇനുവേണ്ടി നമ്മുടെ രാജ്യത്ത്‌ വന്നുപോകുന്നുമുണ്ട്‌..."

"ഓഹോ!! അങ്ങനെയോ... എങ്കില്‍ രാജ്നിക്ക്‌ നല്ല ശരീരസുഖം കാണില്ലായിരിക്കും... ആരവിടെ!!! കൊട്ടാരം വൈദ്യനോട്‌ ഉടന്‍ രാജ്നിയെ കാണാന്‍ പറയൂ...." രാജ ഫടന്‍ ഉടന്‍ തന്നെ ഇന്റര്‍കോം വഴി വൈദ്യനെ വിളിച്ചു..

രാജ്നിയിടെ കാര്യം പറഞ്ഞപ്പോഴാണ്‌ രാജാവ്‌ മറ്റൊരുകാര്യം ഓര്‍ത്തത്‌. രാജാവ്‌ ചോദിച്ചു, "പക്രൂ, നാട്ടിലെ എല്ലാ നയ്ക്കളെയും ഇവിടെ നിന്നു തുരത്താന്‍ ഞാന്‍ പറഞ്ഞിട്ട്‌ എന്തായി? നായകളുടെ ശല്യം മൂലം തിരൂറാം ദേശത്തിലൂടെ യാത്രചെയ്യാന്‍ പോലും പറ്റില്ലെന്ന് നമ്മുടെ രജ്നി പറയുന്നുണ്ടല്ലൊ..."

"ഉവ്വ്‌ രാജന്‍, നമ്മുടെ ശുനകനിര്‍മ്മാര്‍ജ്ജന പട്ടാളത്തിനെ(ഡോഗ്‌ വൈപ്‌-ഔട്‌ സ്ക്വാഡ്‌) നാടിന്റെ മുക്കിലും മൂലയിലും പറഞ്ഞയിച്ചിട്ടുണ്ട്‌ പ്രഭോ! നായയേയും, ആടിനേയും കണ്ടാല്‍ തിരിച്ചറിയാന്‍ കുറച്ച്‌ ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ട്‌ അവര്‍ സൂക്ഷിച്ചാണ്‌ മുന്നോട്ട്‌ നീങ്ങുന്നത്‌..." പക്രുവാചാര്യന്‍ പറഞ്ഞു."

നന്നായി, നാളെ നമ്മുടെ അനന്തിരവന്‍ സ്ത്രീമൂലം തിരുനാള്‍ പുഷ്പനും, ഫാമിലിയും നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നറിയാലോ,പുഷ്പന്റെ അതിസുന്ദരിമാരായ 6 ഫാര്യമാരും വരുന്നുണ്ടത്രേ! കേമം! അല്ലേ പണ്ഠിതച്ചേട്ടാ.. അല്ല, ശ്രേഷ്ഠാ... " രാജാവ്‌ തന്റെ ആകാംക്ഷ വ്യക്തമാക്കി!

അതു മനസ്സിലാക്കിയിട്ടെന്നോണം പക്രു പറഞ്ഞു, "അറിയാം പ്രഭോ, അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും ശ്രേഷ്ഠന്മാരായ 12 മേക്‌-അപ്‌ മാന്മാരെയും, മമ്മുട്ടിയുടെ സ്വന്തം വസ്ത്രാലങ്കാരം നടത്തുന്ന വേന്ദ്രന്‍ ചന്ദ്രനേയും നാളത്തെ അങ്ങയുടെ ബ്യൂടിഫിക്കേഷനുവേണ്ടി കൊട്ടാരത്തില്‍ എത്തിച്ചിട്ടുണ്ട്‌. അങ്ങേക്ക്‌ മേക്‌-അപ്‌ ഇടുന്നതിലും ഭേദം, കേരളത്തിലെ റോഡുകളില്‍കൂടി സര്‍ക്കാര്‍ ബസ്സില്‍ യാത്രചെയ്യുന്നതാണ്‌ നല്ലതെന്നു പറഞ്ഞ കിട്ടണം ഷായെ നമ്മുടെ കാരാഗൃത്തില്‍ പൂട്ടിയിട്ടിട്ടുണ്ട്‌ പ്രഭോ!"

"ഹും ! അവനതു തന്നെ കിട്ടണം" രാജാവ്‌.

സ്വന്തം ശരീരസൊൂന്ദര്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്ത രാജന്‍ പുരോഹിതനോട്‌ ആരാഞ്ഞു."രാജപുരോഹിതാ, ഞാന്‍ ഹാന്‍ഡ്‌സം അല്ലേ... നമുക്ക്‌ ഭങ്ങി ഇതു മതിയോ, അതൊ കുറച്ചുകൂടെ വേണൊ?"

കൗശലക്കാരനായ രാജപുരോഹിതന്‍ പറഞ്ഞു, "6 സുന്ദരിമാരെ വീഴ്ത്താന്‍ ഈ സൗന്ദര്യം തന്നെ ധാരാളം, പക്ഷേ എഴാമതൊരു സുന്ദരി വന്നാലാ പ്രശ്നം."

"ഒഹോ! അതിന്‌ ഇനിയിപ്പൊ എന്താ ചെയ്ക? പണ്ടു ചെയ്ത പോലെ മൈസൂര്‍ സാന്‍ഡല്‍ പാലില്‍ ചേര്‍ത്ത്‌, സമം ഫെയര്‍ എവറും, ഫെയര്‍ ആന്‍ഡ്‌ ലൗലിയും ചാലിച്ച്‌ കഴിച്ചാലൊ? " പക്ഷേ അതു കഴിഞ്ഞുള്ള "പള്ളിയിറക്കം" (കക്കൂസില്‍ പോകുക എന്ന് സാധാരണ പറയും) ആണ്‌ ഇത്തിരി കഷ്ടം ട്ടൊ!, ന്നാലും സാരല്യ, ഞാന്‍ സുന്ദരനായാ മതി!" ഒട്ടും സുന്ദരമല്ലാത്തൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട്‌ രാജാവ്‌ പുരോഹിതനോട്‌ പറഞ്ഞു, "നമുക്ക്‌ ഡോകുമെന്റുകള്‍ തയ്യാറക്കണ്ടേ...."

"പ്രഭോ, നാം ഇന്നീടെ കൂടിയിരിക്കുന്നത്‌ അയല്‍രാജ്യമായ കോഴിയങ്കാട്ട്‌ ദേശം നമ്മളെ ആക്രമിക്കാന്‍ പ്ലാനിംഗ്‌ നടത്തുന്നു എന്നറിഞ്ഞതിനാലാണ്‌... നമ്മുടെ ചാരന്‍ ശ്രീ ചേരന്‍ റിക്വയര്‍മന്റ്‌ സ്റ്റഡീസ്‌ നടത്തി, റിപ്പ്പ്പോര്‍ട്ടുമായി വന്നിട്ടുണ്ട്‌, അവനെ വിസ്തരിക്കട്ടെ രാജന്‍?" പക്രുവാചാര്യന്‍ പറഞ്ഞു.

പക്രുവിന്റെ രസംകൊല്ലിയായ ആ വര്‍ത്തമാനം ഒട്ടും ഇഷ്ടപ്പെടാത്തപോലെ രാജാവ്‌ പറഞ്ഞു, "ഭ! ദേ, ദിങ്ങട്‌ നോക്യേ, നീ എന്റെ തലേല്‍ കേറി കളിക്കണ്ടാ! നിന്റെ പ്രിഷ്ടം താങ്ങാന്‍ ദവിടെ വച്ചിരിക്കുന്ന ദാ പീഠത്തില്‍ കയറി, വായില്‍ വല്ല ചോക്ലേറ്റും തിരുകി മിണ്ടാതിരുന്നോണം. ഈ മുണ്ടിനീര്‍ തിരുനാള്‍ ശശിയോട്‌ കളിക്കാന്‍ അയല്‍രാജ്യം പോയിട്ട്‌ അവന്റെപ്പന്‍ ആന്റപ്പന്‍ പോലും ധൈര്യപ്പെടില്ല, പിന്നല്ലെ! നാം ഇപ്പൊ ശ്രദ്ധിക്കേണ്ടത്‌ നാളെ വരുന്ന സുന്ദരീ കുസുമങ്ങളെ എങ്ങിനെ നന്നായി പരിചയപ്പെടാം, സോറി പരിചരിക്കാം എന്നാണ്‌. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ"

രാജാവിന്റെ മെഗാബാസ്‌ ഉള്ള ശബ്ദം കേട്ട സഭാവാസികള്‍ ഒന്നടങ്കം ഭയന്നു വിറച്ചു, അതു കണ്ട്‌ രാജാവും ഒന്നു ഭയന്നു. അതു പുറത്തു കാട്ടാതെ രാജന്‍ വീണ്ടും തുടര്‍ന്നു..."

ഛായാഗ്രാഹകന്‍ വര്‍ള്ളി തോമയോട്‌ ഉടന്‍ തന്നെ നാളെ അവരെ സ്വാഗതം ചെയ്യാനുള്ള സെറ്റിങ്ങ്സ്‌ തുടങ്ങാന്‍ പറയൂ... കൊട്ടാരത്തിലെ സെന്റ്രലൈസ്ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ ഞാനീ പറയുന്ന പാട്ടുകള്‍ തന്നെ വെക്കണം, എല്ലാം ഏലൂര്‍ റഹ്മാന്‍ കമ്പോസ്‌ ചെയ്തത്‌."

വാടി വാടി നീവാടി..... (ഫിലിം : നീവാടി)

എനിക്കു തരുമോ മുത്തം... (ഫിലിം: എ.ടി.എം)

മുക്കാടാ.. മുക്കാമെടാ ലോല.. (അത്‌ സ്ത്രീമൂലം പുഷ്പനെ ഉദ്ധേശിച്ച്‌ മാത്രമാണ്‌. ഫിലിം - മെന്റല്‍ മാന്‍)

അടുത്തത്‌ ഏത്‌ പാട്ടാണ്‌ വേണ്ടതെന്നോര്‍ത്ത്‌ വെറുതേ തല പുകച്ചുകൊണ്ടിരിക്കുകയായിരുന്ന രാജന്‍ പെട്ടെന്ന് ആ മീറ്റിംഗ്‌ ഹാളിലെ സെന്റ്രലൈസ്ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ നിന്നും വന്ന വൃത്തികെട്ട ശബ്ധം കേട്ട്‌ ഞെട്ടി!

"മഹാരാജാവ്‌ നീണാള്‍ വാഴട്ടെ! നാളെ ആഗതരാകും എന്നറിയിച്ചിരുന്ന സ്ത്രീമൂലം തിരുനാള്‍ പുഷ്പനും സംഘവും ഇന്നുതന്നെ ഇവിടെ എത്തിച്ചേരുന്നതായിരിക്കും എന്ന് സന്ദേശം ലഭിച്ചിരിക്കുന്നു! അവര്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു രാജന്‍.." കൊട്ടരം ഇന്‍ഫൊര്‍മര്‍ ആണ്‌ അത്‌ വിളിച്ചു പറഞ്ഞത്‌....

രാജന്റെ ഞെട്ടല്‍ വിട്ടുമാറിയില്ല... പെട്ടെന്നെന്തു ചെയ്യണമെന്നറിയാതെ അദ്ധേഹം കുഴങ്ങി... ബ്ലഡ്‌ പ്രെഷര്‍ കൂടി... രാജാവ്‌ മോഹാല്‍സ്യപ്പെട്ട്‌ വരിക്കച്ചക്ക വെട്ടിയിട്ട പോലെ നിലത്ത്‌ ! അതു കണ്ട്‌ രാജ്ഞിയുടെ അന്തപ്പുരവാതില്‍ സ്വപ്നം കണ്ട്‌ ഒരാള്‍ ആ സഭയില്‍ ഇരുന്നു ചിരിച്ചു.... കൊട്ടാരം പ്രധാനമന്ത്രി!

തുടരും...

Get PDF: http://mangalaseri.googlepages.com/

1 comment:

Anonymous said...

Charitam enikku ishtapettu....

Pakshe... itinte munpatte aantappante kadha puurthi aakaate niruttiyatu moosham aayi poyi...


---Ranjith