Monday, November 24, 2008

മങ്കലശ്ശേരിയിലെ വേട്ടക്കാര്‍

മഴക്കാര്‍ പോയി, ഞങ്ങള്‍ വേട്ടക്കാര്‍ ആയി. അതേ, മക്കാര്‍ വ്വേട്ടക്കാര്‍... പുക്കാര്‍ വേട്ടക്കാര്‍.

രാമാനന്ദ സാഗറിന്റെ രാമായണമോ, മഹാ ഭാരതമോ പ്രേരക ശക്തികളാക്കി, അര്‍ജ്ജുനനേയും, ഭീഷ്മരേയും, ശത്രുഘ്നനനേയും മനസ്സില്‍ ധ്യാനിച്ച്‌, വെള്ളി പൂശിയ വില്ലും, സ്വര്‍ണ്ണം പൂശിയ ഗദകളുമായി ഞങ്ങള്‍ വേട്ടക്കിറങ്ങി... മാര്‍ഗമധ്യേ ശാപമോക്ഷത്തിനായി കിടക്കുന്ന കല്ലുകളും, മരങ്ങളും പ്രതീക്ഷിച്ച്‌, വേട്ട മൃഗങ്ങളെ പ്രതീക്ഷിച്ച്‌ ഹവായി ചപ്പലും, ബജാജ്‌ പള്‍സറും എടുത്ത്‌ ഞങ്ങള്‍ യാത്ര തുടങ്ങി.

പുഷപന്‍, ശശി, ദിവാരന്‍, പക്രു. പടയേ നയിച്ചിരുന്നത്‌ പുഷ്പനായിരുന്നു. വേട്ടയില്‍ കൂടുതല്‍ പരിചയ സമ്പന്നന്‍, ആപത്ത്‌ എവിടെ, എങ്ങിനെ പതിയിരിക്കുമെന്ന് മണത്തറിയുന്നവന്‍.

നാല്വര്‍ സംഘം അങ്ങിനെ വനാതിര്‍ത്തിക്കുള്ളിലെത്തി. നാലു പേരും ആകെ പകച്ചു നിന്നു. എന്ത്‌ ചെയ്യണം, എങ്ങോട്ട്‌ നീങ്ങണം എന്നറിയാതെ.

പുഷ്പന്‍ ഒരോ ചുവടും സാവധാനത്തില്‍ മുന്നോട്ട്‌ വെച്ച്‌, പിറകില്‍ വരുന്നവര്‍ക്ക്‌ മുന്നേറുവാന്‍ സന്ദേശം കൊടുത്തുകൊണ്ടിരുന്നു.

"ഡാ, രണ്ട്‌ രീതിയില്‍ നമുക്ക്‌ വേട്ടയാടാന്‍ പറ്റും. ഒന്ന്, ഒന്നും അലോജിക്കാതെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച്‌ കടന്നാക്രമിക്കുക. അല്ലെങ്കില്‍, ഒരുപാട്‌ സമയമെടുത്ത്‌ എല്ലാ ആക്രമണ വിദ്യകളും അഭ്യസിച്ച്‌ വേട്ടയാടുക. രണ്ടിലും ജയം കണ്ടു തന്നെ അറിയണം. ചെലപ്പോ വേട്ടമൃഗം നമ്മെ വേട്ടയാടാനും മതി."

"ഉം..." ബാക്കി മൂന്ന് പേരും തല കുലുക്കി.

"ഡാ പുഷ്പാ, ഈ ഗൂഗിള്‍ മാപ്പില്‍ ഇങ്ങനെ ഒരു വഴി കാണിക്കുന്നില്ലല്ലോ? നമുക്ക്‌ വഴി തെറ്റിയൊ?" ദിവാരനൊരു സംശയം.

"ഇല്ലെഡ. നമുക്ക്‌ സ്ഥിരം വഴികള്‍ മാറ്റി പിടിക്കാം. എല്ലാവരും ഒരേ വഴികളിലൂടെ സ്ഥിരം പോയി, ഇപ്പോ വേട്ട മൃഗങ്ങളൊന്നും ആ വഴി വരുന്നില്ല." - പുഷ്പന്‍.

"അങ്ങിനെ പറയാന്‍ പറ്റില്ല. കാര്യം ഞാന്‍ ഒന്ന് രണ്ട്‌ തവണയേ വേട്ടക്കിറങ്ങിയിട്ടുള്ളൂ എങ്കിലും, ആ വഴിയിലും മൃഗങ്ങള്‍ തടയുന്നുണ്ട്‌."

"എന്നിട്ടെന്തുണ്ടായി? നീ എയ്ത അമ്പുകള്‍ അബദ്ധത്തില്‍ പോലും ഏതെങ്കിലും ഒരു കോഴിയുടെ മേത്തെങ്കിലും കൊണ്ടോ? അന്ന് നീ മര്യാദക്ക്‌ അഭ്യസിക്കാതെ, ഇപ്പോ കിട്ടും എന്നും പറഞ്ഞ്‌ കാട്ടിലേക്കോടി പ്പോയല്ലോ..." - പുഷ്പന്‍.

"ഡാ പിള്ളാരെ, മിണ്ടാതെ നടക്കിന്‍. ശബ്ദമുണ്ടാക്കിയാ ചെലപ്പോ..." അത്‌ പറഞ്ഞത്‌ ശശിയാണ്‌. ശശി തുടര്‍ന്നു.

"കാര്യം എനിക്ക്‌ വേട്ടയില്‍ യാതൊരു പരിചയവും ഇല്ല. വേട്ട അഭ്യാസം തുടങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കിലും, ഇന്ന് ഞാനായിട്ട്‌ ഒരു അമ്പ്‌ പോലും എയ്യില്ല. എങ്കിലും പറയാം, ഇതൊക്കെ ഒരു ലക്ക്‌ ആണെടാ. നീ എങ്ങിനെയൊക്കെ അമ്പെയ്താലും, വല വെച്ചാലും ഇര കുടുങ്ങണമെങ്കില്‍ ഭാഗ്യം, സമയം ഇതൊക്കെ ഒത്ത്‌ വരണം. പണ്ട്‌ കോമളന്‍ വളപ്പിലൂടെ നടന്ന് പോയപ്പോള്‍ മുന്നില്‍ കിടന്ന മച്ചിങ്ങ ചുമ്മാ കാലു കൊണ്ട്‌ തട്ടിത്തെറിപ്പിക്കുകയും, ആ മച്ചിങ്ങ കൊണ്ട്‌ കോഴിയെ പിടുങ്ങാന്‍ വന്ന കുറുനരിയുടെ തലയില്‍ കൊള്ളുകയും, അത്‌ വടിയാവുകയും ചെയ്തില്ലേ. എന്നിട്ടവന്‍ അത്‌ കാട്ടില്‍ പോയി പിടിച്ചതാണെന്നും പറഞ്ഞ്‌ വീമ്പടിച്ചെങ്കിലും, കാര്യം നടന്നോ... അതാണെടാ ടൈം."

"ഹും, ഞാനേതായാലും പുതിയ അമ്പും വില്ലും വാങ്ങി വെച്ചിട്ടുണ്ട്‌. ഈ ഞായറാഴ്ച മുതല്‍ അഭ്യസിച്ചു തുടങ്ങണം. പുഷ്പാ, ഞാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന അഭ്യാസമുറകള്‍ മാത്രം പഠിച്ചാല്‍ മതിയോ... അതോ തുടക്കം മുതല്‍ എല്ലാം പഠിക്കണോ?" അത്രയും നേരം മീണ്ടാതിരുന്ന പക്രു ചോദിച്ചു.

"ഡ, നിന്റെ കയ്യില്‍ എത്ര സമയം ഉണ്ട്‌? കുറച്ചേ ഉള്ളൂ എങ്കില്‍ പ്രധാനപ്പെട്ട ചില മുറകള്‍ പഠിച്ച്‌, കാട്ട്‌ മൃഗങ്ങളെ ഒളിഞ്ഞിരുന്ന് ആക്രമിക്കാം. അല്ലെങ്കില്‍ പതുക്കെ എല്ലാം പഠിച്ച്‌ ഉത്തമനായി വേട്ടക്കിറങ്ങാം. രണ്ടിലും നേരത്തേ ശശി പറഞ്ഞ സാധനമാണ്‌ ഇമ്പോര്‍ട്ടന്‍ഡ്‌. ടൈം!"

"ശരി പുഷ്പാ... അങ്ങിനെ അയിക്കോട്ടെ."

അത്‌ കേട്ട ശശി തുടങ്ങി.

"എന്റെ കയ്യില്‍ അഭ്യസിക്കാനുള്ള സകല ആയുധങ്ങളും ഉണ്ട്‌. പക്ഷേ മങ്കലശ്ശേരിയില്‍ മനസ്സമാധാനമായൊന്ന് അഭ്യസിക്കാന്‍ പറ്റണ്ടേ... ഉറുമി ഒന്ന് വലിഞ്ഞ്‌ ചുഴറ്റാന്‍ പോലുമാകുന്നില്ല. ഉടവാള്‍ ഉരയില്‍ നിന്നുമൂരിയിട്ട്‌ തന്നെ ദിനങ്ങളായി. തുരുമ്പെടുത്ത്‌ കാണുമോ ദൈവമേ..."

പുഷ്പന്‍: "ഇനി സൂക്ഷിക്കണം. ഈ സമയത്ത്‌ വേട്ടയാടാന്‍ ആര്‍ക്കും അധികം മൃഗങ്ങളെ കിട്ടില്ല. അതിനാല്‍ ഉള്ളവയെ സമര്‍ദ്ധമായി പിടിക്കണം. എങ്ങാനും പിടിക്കാന്‍ ചാന്‍സ്‌ കിട്ടിയാല്‍, പിന്നെ വിടരുത്‌. എങ്ങിനെയെങ്കിലും, എന്തൊക്കെ സര്‍ക്കസ്സ്‌ കാണിച്ചാലും, ജീവന്‍ പോയാലും അത്‌ വിടരുത്‌."

ദിവാരന്‍: "പുഷ്പാ, ഞാനീ പള്‍സറും, പ്ലേ സ്റ്റേഷനും ഉപയോഗിച്ച്‌ ഒന്ന് വേട്ടയാടിയാലോ..."

പുഷ്പന്‍: "നോക്കൂ. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ പള്‍സറിനേക്കാള്‍ നല്ലത്‌ മാരുതി ജിപ്സിയാണ്‌. വമ്പന്‍ ഇരകളെ കണ്ടാല്‍ അതില്‍ പാഞ്ഞ്‌ ചെന്ന് പിടിക്കാമല്ലോ."

പക്രു: "അല്ലാ, ഞാനീ ഐപോഡ്‌ വെച്ച്‌ നല്ല പാട്ട്‌ കേള്‍പ്പിച്ച്‌ മാനിനേയും, മയിലിനേയും ഇങ്ങോട്ട്‌ വരുത്താന്‍ നോക്കിയാലോ?"

ശശി: "കാത്തിരുന്നോ.. ഇപ്പോ വരും. കഴിഞ്ഞയാഴ്ച്ച ഞാന്‍ ഒറ്റക്കൊരു വേട്ടക്കിതുപോലെ പോയതാ. മഴയത്ത്‌ കുടുങ്ങി, ആകെ ചളകൊളമായതല്ലാതെ, ഒരു കോപ്പും വേട്ടയാടാന്‍ പറ്റിയില്ല. അപ്പോഴല്ലേ അവന്‍ അതിങ്ങോട്ട്‌ വരുമെന്നും പറഞ്ഞിരിക്കുന്നത്‌."

പുഷ്പന്‍: "അഹങ്കാരം പറയുകയല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി പോയ വേട്ടയില്‍ ഞാനൊരു എമണ്ടന്‍ സിംഹത്തിനെ അമ്പെയ്ത്‌ വീഴ്ത്തിയതാ. ആദ്യ രണ്ട്‌ ആമ്പും അവന്റെ തലയില്‍ തന്നെ കൊണ്ടപ്പോ ഞാന്‍ കരുതി അവന്‍ ചത്തെന്ന്. ആ സന്തോഷത്തില്‍ അല്‍പ്പം വെള്ളം കുടിക്കാന്‍ പോയ ഞാന്‍ തിരിച്ച്‌ വന്നപ്പ്പ്പോ കണ്ടത്‌ സിംഹത്തിന്റെ ഏതാനും പൂടകള്‍ മാത്രം."

പക്രു: "ഇതൊന്നും അത്ര വലിയ സംഭവമേ അല്ല മക്കളെ. ഈ ഞാനും ആദ്യം പോയ വേട്ടയില്‍ ഒന്നൊന്നര ഒരു മാനിനെ കോന്നിട്ടതാ. പിന്നെ നോക്കിയപ്പോ മാനിനൊരു എടുപ്പ്‌ പോരാ. സോ, അവിടെ ഇട്ടിട്ടു പോന്നു."

പെട്ടെന്ന് എതാനും വാരകള്‍ക്കകലെ എന്തോ അനങ്ങുന്ന ശബ്ദം പുഷ്പന്‍ കേട്ടു.

നാലു പേരും ശ്രദ്ദിച്ച്‌, അവിടെക്ക്‌ നോക്കി നിന്നു.

പുഷ്പന്‍: "ശ്‌..ശ്‌... അത്‌ ആനയാണെന്ന് തോനുന്നു. ഒറ്റയാന്‍. വില്ലുകള്‍ കുലച്ച്‌ പിടിക്കുവിന്‍. അതിനെ കണ്ടാലുടനെ മസ്തിഷ്കം നോക്കി തൊടുക്കണം. ശ്രദ്ദിച്ച്‌ നില്‍ക്കുവിന്‍. ഭയപ്പെടരുത്‌"

നിശബ്ദത. കരിയിലകള്‍ ചവിട്ടി മെതിക്കുന്ന ശബ്ദം കൂടിക്കൂടി വന്നു. നാലു പേരും ശ്വാസം വിടാതെ, കാതുകള്‍ കൂര്‍പ്പിച്ച്‌ നിന്നു...

പെട്ടെന്ന് ആ വശത്തു നിന്നും എന്തോ ഒരു സാധനം അതിവേഗത്തില്‍ നാലുപേര്‍ക്കുന്‍ നേരേ പാഞ്ഞ്‌ വന്നു.

അതൊരു കുന്തമായിരുന്നു. സ്വര്‍ണ്ണം പൂശിയ കുന്തം. തലനാരിഴക്ക്‌ ആ കുന്തം ശശിയുടെ തലക്ക്‌ മിതേ കൂടി പോയി ഒരു മരത്തില്‍ തറച്ചു നിന്നു.

പക്രു: "ഡാ, ആന കുന്തമെറിയോ"

ദിവാരന്‍: "അത്‌ ആനയല്ലേടാ. വേറെന്തോ ആണ്‌"

ശശി: "വേറെ എന്ത്‌? എന്തായാലും കുന്തമെറിയുന്ന കാട്ടുമൃഗം ഉണ്ടോ?"

പുഷ്പന്‍: "നിര്‍ത്തെടാ മണ്ടന്മ്മാരേ. അത്‌ വല്ല ചിമ്പാന്‍സിയോ, മനുഷ്യക്കുരങ്ങോ മറ്റോ ആയിരിക്കണം. മുമ്പ്‌ വന്ന നായാട്ടുകാര്‍ ആക്രമിക്കുന്നത്‌ കണ്ട്‌ അതുപോലെ ചെയ്യുന്നതാവും. എന്തായാലും നല്ല പരിചയമുള്ള പോലെയാണ്‌ അത്‌ കുന്തമെറിഞ്ഞത്‌"

പുഷ്പന്‍ രണ്ടും കല്‍പ്പിച്ച്‌ മുന്നോട്‌ നീങ്ങി.

"ഡാ... വേണ്ടാ.. പോകണ്ടാ..." ബാകി മൂന്നുപേരും കരഞ്ഞു പറഞ്ഞു. പുഷ്പന്‍ അത്‌ മൈന്‍ഡാക്കാതെ ഉറിപ്പിടിച്ച വാളുമായി മുന്നോട്ട്‌ നടന്നു.

പെട്ടെന്ന് "ഇത്തവണ ഞാന്‍ ജയിക്കുമെടാ...." എന്നലറി വിളിച്ച്‌, ആ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും നീണ്ട്‌ മെലിഞ്ഞ ഒരല്‍ഭുത ജീവി പുഷ്പനു നേരേ ചാടി വീണു...

എന്താണ്‌ സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുന്നേ ആ ജീവി പുഷ്പന്റെ കഴുത്തില്‍ വാള്‍ മുന ചേര്‍ത്ത്‌ വെച്ചു...

പെട്ടെന്നാണ്‌ പുഷ്പന്‍ ആ ജീവിയുടെ കയ്കള്‍ ശ്രദ്ധിച്ചത്‌... മനുഷ്യന്റെ കയ്കള്‍!

പുഷ്പന്‍ അതിന്റെ മുഖത്തേക്ക്‌ നോക്കി...

കരി വാരിത്തേച്ച്‌, പ്ലാവിലത്തൊപ്പിയും വെച്ച്‌ തന്റെ മേല്‍ ചാടി വീണത്‌ ഒരു മനുഷ്യനായിരുന്നു.

പുഷ്പന്‍ വീണ്ടും സൂക്ഷിച്ചു നോക്കി...

പെട്ടെന്ന് ആ മനുഷ്യ രൂപം സംസാരിച്ചു,

"ങേ... ഇവനോ... ഡാ പുഷ്പാ, ഇത്‌ ഞാനാടാ ആന്റപ്പന്‍..."

"ഒഹോ.. അപ്പോ നീ പിന്നെയും നായാട്ടിനിറങ്ങിയോ..."

"ഉവ്വെടാ.. ഞാന്‍ നല്ലൊരു കോളൊത്തു എന്ന് കരുതി ചാടി വീണതാ. നിങ്ങളായിരുന്നോ..."

"ഹും.."

"എന്നിട്ട്‌ എന്തെങ്കിലും തടഞ്ഞോ?"

"ഇല്ലെടാ... ഇനിയും ശ്രമിക്കണം"

"ന്നാ വാ, നമുക്കൊരുമിച്ച്‌ വേട്ടക്കിറങ്ങാം"

അങ്ങിനെ അവര്‍ അഞ്ച്‌ പേരും കൂടി കാടിന്റെ നടുവിലേക്ക്‌ നടന്നു തുടങ്ങി. പുതിയ വേട്ടയാടല്‍ തന്ത്രങ്ങളും, മന്ത്രങ്ങളും അലോജിച്ച്‌, ജയിക്കാനായി...

പിങ്കുറിപ്പ്‌: ഞങ്ങളിന്നും നല്ലൊരു ജോലിക്കായി വേട്ടയിലാണ്‌. അതില്‍ നിന്നും ഉരുത്തിരിഞ്ഞ വിഷമങ്ങളും, കണ്ണിരും ഈ കഥക്ക്‌ തറക്കല്ലായി.

2 comments:

siva // ശിവ said...

എന്റെ ഓര്‍മ്മകളില്‍ സുന്ദരമായൊരു നായാട്ടുകാലം കാത്തുസൂക്ഷിക്കുന്നവനാ ഞാന്‍....ഇത് വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മ വരുന്നു....നന്ദി....

Ashly said...

All the best!!!