Wednesday, November 5, 2008

പക്രൂന്റെ ഡയറിക്കുറിപ്പുകള്‍

Nov 2, Sunday:
പതിവില്ലാതെ രാവിലെ 8 മണിക്കെഴുന്നേറ്റിരുന്നു. എന്തിനെണിറ്റു എന്നതിനുത്തരം ഇപ്പൊഴും പിടികിട്ടിയിട്ടില്ല. പല്ലുവെളുപ്പിച്ചത്‌ ഒമ്പതരക്ക്‌ ആന്റിയുടെ വീട്ടില്‍ നിന്നും കിട്ടുന്ന എണ്ണ പുരട്ടിയ നാടന്‍ ചപ്പാത്തിയെ മനസ്സില്‍ കണ്ടത്‌ കൊണ്ടു മാത്രം.

ദിവാരന്‍ ഇന്നും രാവിലെ ഓടാന്‍ പോയി. അവനിതെന്തിന്റെ കേടാ. ഇങ്ങനെ ഓടിയാല്‍ എനിക്ക്‌ റ്റെന്‍ഷന്‍ കേറുമെന്നവന്‍ അലോചിക്കുന്നില്ല. സാധാരണ ഒരാഴ്ച്ചകൊണ്ട്‌ താനേ ഓട്ടം നിര്‍ത്തേണ്ടതാണ്‌. ഇതിപ്പോ കണ്ടിട്ട്‌ എനിക്ക്‌ പണിയാകുമെന്ന് തോനുന്നു. കാര്യം മറ്റവമ്മാരുമായി ചര്‍ച്ചക്ക്‌ വെക്കണം.

ആരോ കീറിതന്ന വഴിയിലൂടെ, ആരാലോ തള്ളിവിട്ടപോല്‍ 9.29 ആയപ്പോഴേക്കും ഞാന്‍ ആന്റിയുടെ വീട്ടിലെ പൂക്കളുടെ പടമുള്ള പ്ലാസ്റ്റിക്‌ പ്ലേറ്റും പിടിച്ച്‌ അടക്കമുള്ള പയ്യനായി ചപ്പാത്തിക്ക്‌ വേണ്ടി കാത്തിരുന്നു. കൂടെ ദിവാരനും, ശശിയും. നാലാര ചപ്പത്തി അകത്താക്കിയതിന്റെ ആഹ്ലാദം കൂട്ടാന്‍ കടുപ്പത്തിലുള്ള ചായ മോന്തുമ്പൊഴും എണ്ണമെടുക്കാതെ അകത്തോട്ട്‌ ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ദിവാരനും ശശിയും. അന്നേരം ഞാന്‍ കണ്ട ആന്റിയുടെ മുഖം പരിതാപകരമായിരുന്നു.

ഞായറാഴ്ചയിലെ ആകെയുള്ള സന്തോഷദായകമായ കാര്യം അങ്ങനെ പര്യവസാനിച്ചു. ഇനിയെന്ത്‌? ഏതൊരു സോഫ്റ്റ്‌ വെയര്‍ എഞ്ചീയര്‍ക്കും ഉണ്ടാകാവുന്ന ധാര്‍മികമായ സംശയം. അതെന്റെ ഒരുകിലോ സവാള നിറച്ച കടലാസു പൊതിയുടെ ഷേപ്പിലുള്ള മസ്തിഷ്കത്തിനുള്ളിലും കിളിര്‍ത്തുവന്നു. ടിവിയില്‍ വടിവേലുവും, ഗൗണ്ടമണിയും എന്നെ കളിയാക്കുന്നപോലെ തോന്നി എനിക്ക്‌. കഴുകാനുള്ള വസ്ത്രങ്ങള്‍ ദുര്‍ഗന്ദ്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ വെമ്പുന്നപോലെയും തോന്നി.

ബോറടിക്കുന്നു....

കത്തിവെക്കാന്‍ ഈ അഞ്ചടി നീളമുള്ള ശരീരത്തിനോട്‌ പ്രണയം തോന്നിയ ക്ടങ്ങളാരും തന്നെയില്ല. എന്റെ കുമ്പളം കുത്തിയ തമാശകളും, ദിവാരന്റെ റിംഗ്‌ ടോണ്‍ പോലത്തെ ശബ്ദമാധുര്യവുമെന്തേ ഒരു പെണ്‍കൊടി പോലും ശ്രദ്ധിക്കാതെ പോയ്‌? അന്നും ഇന്നും എന്നെ ഒരുപാട്‌ അലട്ടുകയും, ചിന്തിക്കുകയും ചെയ്യുന്ന കാര്യമാണത്‌. I have to work a lot on that.

അടക്കാക്കുരു പോലത്തെ (കടിച്ചാല്‍ പൊട്ടാത്തത്‌) ആങ്കലേയം പറഞ്ഞിട്ടും, ഇമ്പോര്‍ട്ടഡ്‌ പെര്‍ഫ്യൂം പൂശിയിട്ടും, വുഡ്‌ലാന്‍സിന്റെ ഹൈ ഹീല്‍ ചെരുപ്പിട്ടിട്ടും എന്തേ ഞാന്‍ വിജയം കണ്ടില്ലാ? ഇനി ഇതൊക്കെ ആരും ശ്രദ്ധിക്കുന്നില്ലാ എന്നുണ്ടോ?

ചിന്തകള്‍ നീണ്ടപ്പൊഴും എനിക്ക്‌ വല്ലാതെ ബോറടിക്കുന്നുണ്ടായിരുന്നു.

പുറത്ത്‌ ചുരുണ്ടുകൂടി കിടന്ന തെരുവുനായ പോലും രഞ്ചിനിയേപ്പോലെ കുലുങ്ങിക്കുരക്കുന്നു. എങ്കിലും സാരമില്ല. ആപ്പീസില്‍ പോണ്ടല്ലോ. ആ ചൊറിയണം മാനേജറുടെ തിരു-വടി, മുഖം, മൊഴി തുടങ്ങിയതൊന്നും ശ്രദ്ധിക്കണ്ടല്ലോ. മോര്‍ ഓവര്‍, എനിക്ക്‌ ടെന്‍ഷന്‍ അടിക്കണ്ടല്ലോ.

ആകെ ഉള്ള സമാധാനം ഒരുമണിക്കുള്ള ഊണാണ്‌. അതുവരേക്കും സമയത്തെ കൊന്നേ തീരൂ. ദിവാരന്‍ അവന്റെ പ്ലേ സ്റ്റേഷന്റെ ഉള്ളിലേക്ക്‌ കയ്യും കാലുമിട്ടിരിക്കുന്നു. ശശി മാളത്തിനുള്ളില്‍ കേറിക്കിടന്നുറങ്ങുന്നു. പുഷ്പന്‍ ലാപ്ടോപ്പില്‍ ചാറ്റുന്നു. ഞാന്‍ മാത്രം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിനെ (കട്‌: സലീം കുമാര്‍, കല്യാണരാമന്‍) പോലെ വെറുതേ...

ചാനലുകള്‍ മാറ്റിയും മറിച്ചുമിട്ടതില്‍ ദേഷ്യം വന്ന റിമോട്ട്‌ ചത്തതുപോലെ കിടന്നു. വെറുപ്പോടെയെങ്കിലും ഞാനും പോയി കിടന്നു. ഒരു പണിയും ചെയ്യാനില്ലാതെ, പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ, അലസമായി.

ബോറടി എന്നെ ഉന്മത്തനാക്കാന്‍ തുടങ്ങിയിരുന്നു.

12 മണിക്ക്‌ മൊബെയില്‍ റിങ്ങി. ചൊറിയണം ആണ്‌. എന്നോട്‌ ഓഫീസിലോട്ട്‌ ചെല്ലാന്‍ പറഞ്ഞു. അത്‌ പറയുമ്പൊഴും അങ്ങേരുടെ ഇള്ളക്കുട്ടിയുടെ കരച്ചില്‍ അപ്പുറത്ത്‌ കേള്‍ക്കാം. ഹും. അയാള്‍ വീട്ടിലും, ഞാന്‍ ഓഫീസിലും. എനിക്കങ്ങു ദേഷ്യം വന്നു. സ്വദവേ ദേഷ്യം വന്നാല്‍ നിയന്ത്രണം വിടുകയും, പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സ്വഭാവമാണെനിക്ക്‌. അതുകൊണ്ടു തന്നെ അതിവേഗം ഞാന്‍ ഡ്രസ്സ്‌ മാറി ഓഫീസിലേക്ക്‌ പോകാന്‍ റെഡിയായി.

എങ്ങോട്ടാണെന്ന് ചോദിച്ച ദിവാരനോടും, പുഷ്പനോടും "ഓ... ബോറടിക്കുന്നു. ഞാന്‍ കുറച്ച്‌ നേരം കോഡിംഗ്‌ ചെയ്തിട്ട്‌ വരാമെന്നും, പണി കുറച്ച്‌ ചെയ്തു വെച്ചാല്‍ നാളെ അത്രേം കുറച്ച്‌ ചെയ്താല്‍ പോരേ" എന്നും പറഞ്ഞ്‌ ഓഫീസിലേക്ക്‌ പോയി.

അന്നുരാത്രി പിന്നെ ഉറങ്ങാന്‍ മങ്കലശ്ശേരിയിലെത്തിയില്ല. എത്താന്‍ പറ്റിയില്ല.

Nov 3, Monday:
പതിവുപോലെ രാവിലെയായിട്ടും കഴിഞ്ഞ ദിവസത്തെ ജോലി മുഴുവനാകാന്‍ പറ്റിയിട്ടില്ല. ഇനി ഒന്ന് വീട്ടില്‍ പോയി ഉറങ്ങാന്‍ പറ്റുമോ എന്നറിയില്ല.

9 മണിക്ക്‌ ആരോടും മിണ്ടാതെ വീട്ടിലേക്കോടി.

എല്ലുമുറിയെ പണിയെടുഠവന്റെ ആത്മാഭിമാനത്തോടുകൂടി ഞാന്‍ ഉറങ്ങി.

പുത്തന്‍ കോള്‍ഗേറ്റിന്റെ പേസ്റ്റ്‌ ഞെക്കുമ്പൊഴേക്കും തുറിക്കുന്ന അതേ വേഗത്തില്‍ ആ ദിവസം പോയി.

എനിക്ക്‌ വേണ്ടി ആ ചൊറിയണം പ്രാര്‍ത്ഥിക്കുന്നുണ്ടാവണം. അയാള്‍ക്ക്‌ നല്ലത്‌ മാത്രം വരട്ടെ.
അന്നെനിക്ക്‌ ബോറടിച്ചതേയില്ല.

No comments: