Tuesday, June 17, 2008

ഗോള്‍ ഗോള്‍ ഗോള്‍!

തന്റെ "ബെല്ലി" വലുപ്പം കൂടുന്നുണ്ടെന്ന് ആന്റപ്പന്‌ കുറച്ച്‌ കാലമായിട്ട്‌ സംശയം ഉണ്ടായിരുന്നു. രാവിലെയും, ഉച്ചക്കും (ഊണ്‌ കഴിഞ്ഞ്‌) പിന്നെ വൈകീട്ടും... അങ്ങിനെ മൂന്ന് നേരം ആന്റപ്പന്‍ ഷര്‍ട്ടൂരി, സൈക്കിള്‍ റ്റ്യൂബില്‍ പഞ്ചര്‍ ഉണ്ടോ എന്ന് നോക്കുന്ന പോലെ വയറ്റിലെ "ഫാറ്റിനെ" പിടിച്ച്‌ തിരുമ്മി നോക്കും, എന്നിട്ട്‌ ഇങ്ങനെ ആത്മഗതം ചെയ്യും... "ഹൊ പണ്ടാരം... ഈ വയര്‍ ചാടി വരുകയാണല്ലോ...".

ഒരു മാസം (രണ്ട്‌ മാസത്തെ കാശ്‌ കൊടുത്തിട്ടുണ്ട്‌) ജിമ്മില്‍ പോയി നോക്കി. ദിവസവും ജിം വരെ പോയി "നോക്കി" തിരിച്ച്‌ വന്നിട്ട്‌ ആന്റപ്പന്‌ വലിയ ഗുണമൊന്നും തോന്നിയില്ല... സോ, ജിം പരിപാടി ആന്റപ്പന്‍ നിര്‍ത്തി. വയര്‍ കുറക്കാന്‍ ഇനിയെന്തര്‌ മാര്‍ഗ്ഗം എന്നാലോജിച്ച്‌ കാലാട്ടിയിരിക്കുന്ന ഒരീസം ആന്റപ്പന്‌ കൂടെ പണിയെടുക്കുന്ന ഒരുത്തന്റെ കോള്‍..

"ഡാ മ്മക്ക്‌ ഈ ആഴ്ച തൊട്ട്‌ എല്ലാ ശനിയും ഞായറും ഗ്രൗണ്ടില്‍ ഫുട്‌ ബോള്‍ കളിക്കന്‍ പോയാലോ?"

കേള്‍ക്കേണ്ട താമസം, ഫുട്ബോള്‍ പോലുള്ള വയര്‍ തിരുമ്മി ആന്റപ്പന്‍ പച്ചക്കൊടി കാട്ടി.

ശനിയാഴ്ചയാവാന്‍ ഒരു രാത്രി മാത്രം ബാക്കിയുള്ള ഒരു സമയം... ആന്റപ്പനും, പക്രുവും കൂടി ടി.വി യില്‍ കളി കണ്ടുകൊണ്ടിരിക്കുന്നു. ആസ്‌ യൂഷ്വല്‍ പക്ഷേ അവര്‍ കണ്ടത്‌ ക്രികറ്റ്‌ ആയിരുന്നില്ലാ... അതേ... മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ തകര്‍ക്കുന്ന ഒരു ഫുട്ബോള്‍ മാച്‌!

"ഹോ.. അവന്‍ ശരിക്കങ്ങോട്‌ ബോള്‍ പാസ്സ്‌ ചെയ്യുന്നില്ലെഡേയ്‌..."

"ശേ.. എന്തോന്നാ ഇവന്മാര്‍ ആ ബോളും കൊണ്ട്‌ കാണിക്കുന്നത്‌... കഷ്ടം!"

ഇങ്ങനെ പലതരം ഡയലോഗുകളാല്‍ ആന്റപ്പന്‍ കളിയില്‍ ലയിച്ചിരുന്നു.

കളിക്കുന്നവരുടെ കാലുകൊണ്ടുള്ള അഭ്യാസങ്ങള്‍ കണ്ട്‌, ഉണ്ണിക്ക്‌ അമ്മ വായില്‍ ചോറ്‌ കൊടുക്കുമ്പോള്‍ അറിയാതെ അമ്മയുടെ വായും പൊളിയുന്നപോലെ, ആന്റപ്പന്റെ കാലുകള്‍ അനങ്ങിക്കൊണ്ടിരുന്നു...

"ഹോ... നാളെ പോയിട്ട്‌ വേണം ഇതുപോലെ ഒന്ന് ബ്ലോക്ക്‌ ചെയ്ത്‌ കളിക്കാന്‍..." കാലുകൊണ്ട്‌ ബ്ലോക്ക്‌ ചെയ്യുന്ന ആക്ഷന്‍ കാണിച്ച്‌ ആന്റപ്പന്‍ പറഞ്ഞു.

"ഈ ബോള്‍ പാസ്‌ ചെയ്യാന്‍ ഒരു പ്രത്യേക കഴിവ്‌ തന്നെ വേണെമെടാ മോനെ പക്രു... നാളെയാവട്ടെ... ഞാന്‍ കാണിച്ച്‌ കൊടുക്കുന്നുണ്ട്‌.. ഹോ... അതാലോജിച്ചിട്ട്‌ എനിക്ക്‌ ഇരിക്കാന്‍ വയ്യ."
പെട്ടെന്നാണ്‌ 2 കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ വീണത്‌. അത്‌ കണ്ട ആന്റപ്പന്‌ പെട്ടെന്നെവിടെ നിന്നോ വല്ലാത്തൊരു സന്തോഷം വന്നു...

"ഹും! അവന്മ്മാര്‍ക്കങ്ങിനെ തന്നെ വേണം... കളിക്കാനും അറിയില്ല... ശപ്പന്മാര്‍!" ആന്റപ്പന്‍ പറഞ്ഞു.

"ഹും.. നാളെ നീ കളിക്കുമ്പോ ഇതുപോലെ വീഴണം.. അപ്പൊഴേ നീ പഠിക്കൂ..." പക്രു ആന്റപ്പനെതിരെ ആക്രോശിച്ചു.

പിറ്റേന്ന് മങ്കലശ്ശേരിയില്‍ എല്ലാരും ഉറക്കമുണര്‍ന്നപ്പോള്‍ ആന്റപ്പന്റെ കിടക്ക മാത്രം കാലിയായ അരിച്ചാക്ക്‌ പോലെ ശൂന്യമായി കിടന്നു.

സമയം രാവിലെ 9 മണി കഴിഞ്ഞു... ഒമ്പതര... പത്ത്‌...

ഇനിയും ആന്റപ്പന്‍ എത്തിയിട്ടില്ല...

അത്‌ കാര്യമാക്കാതെ ഏഷ്യാനെറ്റില്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ട്‌ കേട്ടോണ്ടിരിക്കുകയായിരുന്നു പുഷ്പന്‍...

"കാര്‍ത്തൂന്റെ തോര്‍ത്തെവിടോര്‍ത്തൊന്നു നോക്കെടിയേ...
വല്ല കൂര്‍ത്ത മുള്ളിലും കോര്‍ത്തോ... ഒന്നോര്‍ത്തൊന്നു നോക്കെടിയേ....

അയ്യോ.... അമ്മേ.... അയ്യോ...."

പെട്ടന്ന് പാട്ടിലില്ലാത്ത "അയ്യോ അമ്മേ അയ്യോ" എന്ന ശബ്ദം പുഷ്പന്‍ തിരിച്ചറിഞ്ഞ്‌ വരുമ്പൊഴേക്കും അതാ ഉണക്കപ്പുല്‍ച്ചാടി അള്ളിപ്പിടിച്ചിരിക്കുന്ന പോലെ, വാതിലില്‍ പൊത്തിപ്പിടിച്ച്‌ നില്‍ക്കുന്നു... ആന്റപ്പന്‍.

അവന്റെ മുഖം വേദനയാല്‍ കളമെഴുത്ത്‌ പാട്ട്‌ പാടുന്നുണ്ടായിരുന്നു. ആരോ കല്ലെറിഞ്ഞ്‌ ഒടിച്ച കാലുമായി നില്‍ക്കുന്ന തെരുവ്‌ നായെ പോലെ തൂക്കിപ്പിടിച്ച കാലുമായി ആന്റപ്പന്‍ നിലവിളി തുടര്‍ന്നു...

"അയ്യോ ഡാ.. പണി കിട്ടിയെഡാ... എന്റെ കാലുപോയെടാ..." (ദീന രോദനം)

"എന്താടാ...? എന്തു പറ്റി?" പുഷ്പന്‍.

"ഞാന്‍ ബോള്‍ ഒന്ന് പാസ്സ്‌ ചെയ്യാന്‍ നോക്കിയതാ... പക്ഷേ ബോള്‍ പാസ്സായില്ല. എന്റെ കാല്‌ മടങ്ങി... ഉളുക്കി... ഇപ്പോ നടക്കന്‍ പറ്റുന്നില്ലാ ടാ... നീരും വെച്ചു."

"ആഹാ.. അപ്പോ ബോള്‍ പാസായില്ല എന്ന് മത്രവുമല്ല, കാലില്‍ തന്നെ ഇപ്പൊഴും ഉണ്ടല്ലേ..." ചുവന്നുരുണ്ട നീരു നോക്കി പുഷ്പന്‍ പറഞ്ഞു.

വേദന കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടി ആന്റപ്പന്‍ തന്റെ മുഖം ചൂട്‌ വെള്ളത്തിലിട്ട മാഗി നൂഡ്ലില്‍സ്‌ പോലെയാക്കി ചുരുട്ടിക്കൂട്ടി പിടിച്ചു. എന്നിട്ട്‌ കിടക്കയില്‍ പോയി കിടന്നു. നീരു വന്ന കാല്‍ ആകാശത്തോട്ടാക്കി ആശാന്‍ കിടന്നു.

ആന്റപ്പന്റെ വൃത്തികെട്ട രോദനം കേള്‍ക്കാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടാണോ അതോ കഴിഞ്ഞ തവണത്തെപ്പോലെ ആന്റപ്പന്റെ ദിനചര്യകള്‍ മുഴുവന്‍ താന്‍ തന്നെ ചെയ്തു കൊടുക്കേണ്ടി വരുമോ എന്ന് ഭയം കൊണ്ടാണോ എന്നറിയില്ല, കോമളന്‍ ആന്റപ്പനെ ആശുപത്രിയില്‍ കൊണ്ടോവാന്‍ തീരുമാനിച്ചു.

പോകുന്ന വഴി ആന്റപ്പന്‍ ആകാശത്തിലേക്ക്‌ നോക്കി ഇങ്ങനെ പറഞ്ഞു...

"നമുക്ക്‌ പണി കിട്ടുക എപ്പൊഴാന്ന് ഒരിക്കലും പറയാന്‍ പറ്റില്ലാ ഡാ..."

"ഉം... ശരിയാ... പക്ഷേ ഡാ ആന്റപ്പാ... ശരിക്കും എന്താ ഉണ്ടായത്‌? നീ എന്നോട്‌ പറ. ഞാനാരോടും പറയില്ല..." കോമളന്‍.

"ഉം... നിന്നെ എനിക്ക്‌ വിശ്വാസാ... ന്നാലും ആരോടും പറയരുത്‌. ഗ്രൗണ്ടില്‍ ഞങ്ങള്‍ കളിക്കുന്നതിന്റെ അടുത്ത്‌ ഒരു സുന്ദരി വ്യായാമം ചെയ്യാന്‍ വന്നിരുന്നു. അവളുടെ ആ ആക്ഷനും, ചിരിയും കളിയും ഒക്കെ കണ്ടപ്പോ എന്റെ കളിയിലെ കോണ്‍സെന്റ്രേഷന്‍ അങ്ങോട്ട്‌ പോയി. പുറത്തേക്ക്‌ തെറിച്ച ബോള്‍ സര്‍വ്വ ശക്തിയുമെടുത്ത്‌ ഞാനൊരു പെട കൊടുത്തതാ ഡാ..."

"അതിന്‌ നിന്റെ കാല്‍ എങ്ങനെ പരിപ്പായി?" - കോമളന്‍.

"ബോളാണെന്ന് കരുതി കിക്കിയത്‌ ഒരു കരിങ്കല്ലില്‍ ആയിരുന്നെടാ..."
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിന്‍ കുറിപ്പ്‌: ആശുപത്രിയില്‍ നിന്നും തിരിച്ചു വന്ന ആന്റപ്പന്റെ ഒരു കാലില്‍ മുഴുവന്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. അതും താങ്ങി മൂന്നാഴ്ച്ച വീട്ടില്‍ തന്നെ കുത്തിയിരുന്നോളാന്‍ ഡോക്ട്ടര്‍ ഉപദേശിച്ചതനുസരിച്ച്‌ ആശാന്‍ മങ്കലശേരിയില്‍ സുഖജീവിതം നയിക്കുന്നു. എന്നുവെച്ചാല്‍ മൂന്നു നേരം ഭക്ഷണം വാങ്ങിക്കൊണ്ട്‌ വരാനും, വായില്‍ കൊടുക്കാനും, വായ കഴുകിക്കാനും ദിവാരന്‍ വരും. രാവിലത്തെ പ്രഭാതകൃത്യങ്ങള്‍ക്ക്‌ സഹായിക്കാന്‍ കോമളന്‍ വരും. അങ്ങനെ അങ്ങനെ...
എന്തായാലും, ഇപ്പൊ ആന്റപ്പന്റെ പ്രധാന സൂത്രവാക്യം ഇതാണ്‌ : "പറ്റാവുന്ന പണിയേ ചെയ്യാവൂ..."

4 comments:

Areekkodan | അരീക്കോടന്‍ said...

:)

ഫസല്‍ ബിനാലി.. said...

വയര്‍ കുറക്കാന്‍ ഇനിയെന്തര്‌ മാര്‍ഗ്ഗം എന്നാലോജിച്ച്‌ കാലാട്ടിയിരിക്കുന്ന ഒരീസം ആന്റപ്പന്‌ കൂടെ പണിയെടുക്കുന്ന ഒരുത്തന്റെ കോള്‍..

Well.....yaaaaaaaaaaaaaar

Jay said...

ഉണ്ണിക്ക്‌ അമ്മ വായില്‍ ചോറ്‌ കൊടുക്കുമ്പോള്‍ അറിയാതെ അമ്മയുടെ വായും പൊളിയുന്നപോലെ...ഈ ഉപമ, അങ്ങനെയിങ്ങനെയൊന്നും ചിരിക്കാത്ത എന്നെ ഒന്നു ചിരിപ്പിച്ചു. അതുകൊണ്ട് ഇന്നുമുതല്‍ ഞാനും ഇവിടെകാണും മക്കളേ...എന്ന് മങ്കലശ്ശേരിയിലെത്താന്‍ വൈകിപ്പോയ ഒരു പാവം ക്രൂരന്‍.

പിരിക്കുട്ടി said...

angine veendu" belly"

panippurayil...

kollatto