Monday, June 23, 2008

ശശിപഞ്ചരം!

[മങ്കലശ്ശേരി ചരിതങ്ങളിലെ ചില പോസ്റ്റുകള്‍ പലര്‍ക്കും അത്രക്ക്‌ ഇഷ്ടപ്പെടാന്‍ ചാന്‍സില്ലാ എന്നറിയാം. മങ്കലശ്ശേരി പിള്ളാരെ അടുത്തറിയുന്നവര്‍ക്കേ ആ പോസ്റ്റുകളില്‍ നര്‍മ്മം കണ്ടെത്താന്‍ കഴിയൂ.]

ആവശ്യത്തിനു തടിച്ച്‌, ആവശ്യത്തിന്‌ നിറമുള്ള, ആവശ്യത്തില്‍ കൂടുതല്‍ പൊക്കമുള്ള, അനാവശ്യമായി ആരോടും കത്തിവെക്കാന്‍ ഇഷ്ടപ്പെടാത്ത ആരോഗ്യവാനായ ശശി...

മങ്കലശേരിയിലെ ആറ്‌ ചൂറ്റിയ പടക്കങ്ങളില്‍, ചെലപ്പോ പൊട്ടിയേക്കും... എന്നൊരു സംശയമുള്ള ഒരേയൊരു പടക്കം! അതാണ്‌ ശശി.

പെണ്‍കുട്ടികളോട്‌ സഹോദരീ സ്നേഹം മാത്രം കാണിക്കാന്‍ അറിയാവുന്ന ശശി... ജീവിതത്തില്‍ ഇന്നേവരെ പെണ്‍കുട്ടികളെ "മറ്റേ" രീതിയില്‍ നോക്കാത്ത ശശി... കൂടെ പഠിച്ച പെണ്‍കുട്ടികള്‍ക്കും, അവരുടെ കൂട്ടുകാര്‍ക്കും, പിന്നെ അവരുടെ അനിയത്തിമാര്‍ക്കു പോലും ഒരു അങ്കിളൈനെ പോലെയുള്ള ശശി...

ഒകെ... ഇനി കാര്യത്തിലേക്ക്‌ വരാം. ശശിക്ക്‌ പ്രണയമെന്നോ, അനുരാഗമെന്നോ ഒക്കെ പറഞ്ഞാല്‍ എതോ അഗോളപ്രശ്നം കേള്‍ക്കുന്ന ഒരു നിലപാടേ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലും പ്രണയത്തെ കുറിച്ചോ, ലൈന്‍ ഇടുന്നതിനെ കുറിച്ചോ പ്രഭാഷണം നടത്തുന്നത്‌ കണ്ടാല്‍, ശശി വേഗം തല തിരിച്ചിരിക്കും. എല്ലാവര്‍ക്കും ഒരു മൂത്ത കാര്‍ന്നോരെ പോലെയായിരുന്നു ശശി. അതുകൊണ്ടു തന്നെ പെണ്ണിനെ കുറിച്ചോ, പ്രണയത്തെ കുറിച്ചോ ആരും ശശിയോട്‌ അധികം ചോദിച്ചില്ല. ശശിയാണെങ്കി ഒന്നും തിരിച്ചും പറഞ്ഞില്ല.

പ്രണയമില്ലാതെ എന്ത്‌ യൗവനം എന്ന വളരെ പ്രശസ്തമായ ഡയലോഗ്ഗിന്റെ അന്തര്‍ദ്ധാരയില്‍ നിന്നും ഗമിക്കുന്ന വിസ്ഫോടനാസ്മകമായ മൂല്യങ്ങളൂടെ അന്തര്‍ദ്ധരകളെ കുറിച്ച്‌ അലോജിച്ച്‌, നാണം കെട്ട്‌ അന്നും ആന്റപ്പന്‍ വിഷണ്ണനായിരുന്നു. പാഴായ യൗവനത്തെകുറിച്ചോര്‍ത്ത്‌ അവന്‍ മൂകമായി കരഞ്ഞു... റ്റീ വീ യില്‍ അപ്പൊഴും രാഖീ സാവന്തിന്റെ ഐറ്റം ഡാന്‍സ്‌ തുടര്‍ന്നുകൊണ്ടിരുന്നു...

പെട്ടന്നാണ്‌ പിന്നില്‍ നിന്നും ഒരു വിളി കേട്ടത്‌...

"ഡാ ആന്റപ്പാ... എനിക്കൊരു സംശയം..."

തിരിഞ്ഞു നോക്കിയപ്പോള്‍ ശശി വ്യാസം കുറഞ്ഞ തലയും ചൊറിഞ്ഞ്‌ ആന്റപ്പന്റെ അടുത്ത്‌ നില്‍ക്കുന്നു.

"ഉം.. എന്താഡാ..." ആന്റപ്പന്‍.

"ഡാ... നിനക്ക്‌ ഒരു പെണ്ണിനോട്‌ സ്നേഹം തോന്നിയാ എങ്ങിനെയാ അവളോട്‌ പറയാ?"

"ഐ ലവ്‌ യൂ... എന്ന് പറയും. പണ്ടാണങ്കി എനിക്ക്‌ നിന്നെ ഷ്ടായി... ന്ന് പറയും."

"അതല്ലെടാ ആന്റൂ. സപ്പോസ്‌... അവള്‍ക്ക്‌ ഒരു ബെസ്റ്റ്‌ ഫ്രണ്ട്‌ ഉണ്ട്‌. അവര്‍ ബയങ്കര ക്ലോസ്‌ ആണ്‌. എന്തുണ്ടയാലും അവര്‍ പരസ്പരം പറയും. അങ്ങിനെയുള്ളപ്പോള്‍ നമുക്ക്‌ ചെന്ന് ഇഷ്ടാണെന്നൊക്കെ പറയാമോ...?"

"നമുക്ക്‌ രണ്ട്‌ പേര്‍ക്കും കൂടി പറയാന്‍ പറ്റില്ല. പക്ഷേ ഒരാള്‍ക്ക്‌ പറയാം... അല്ലാ... നീ ഇതൊക്കെ എന്തിനാ എന്നോട്‌ ചോദിക്കുന്നേ...? "

"ഓ... ചുമ്മാ ചോദിച്ചതാ ഡാ... അപ്പോ ഒരു പെണ്‍കുട്ടിക്ക്‌ നിന്നോട്‌ സ്നേഹം ഉണ്ടെന്ന് അവള്‍ പറയാതെ നിനക്കറിയാന്‍ പറ്റ്വൊ?"

"ഉം... പറ്റും. അവളുടെ ആ നോട്ടവും, എന്നോടുള്ള പെരുമാറ്റോം ഒക്കെ ശ്രദ്ദിച്ചാല്‍ പോരെ... "

"ഒഹോ. ശരി ശരി. പിന്നെ ഡാ ആന്റൂ, എന്റെ പൊക്കത്തിനനുസരിച്ച്‌, എത്ര ഉയരമുള്ള കുട്ടിയായിരിക്കും എനിക്ക്‌ ചേരുന്നത്‌? "

"കുന്തം! എനിക്കറിയില്ല."

"ഉം..." ശശി എന്തോ അലോജിച്ച്‌ മൂളി.

ആ രംഗം അവിടെ കഴിഞ്ഞു.

പക്ഷേ അന്ന് മുതലാണ്‌ മങ്കലശ്ശേരിയില്‍ എല്ലാരും ശശിയെ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌.

രാവിലെ ഓടിപ്പോയി സെക്കന്റുകള്‍ക്കുള്ളില്‍ തലയില്‍ അല്‍പം വെള്ളം തളിച്ച്‌, ഡ്രസ്സ്‌ ചുമ്മാ വാരി വലിച്ചിട്ട്‌ ആപ്പീസില്‍ പോയിരുന്ന ശശി, ഇപ്പോ അര മണിക്കൂര്‍ എടുത്താണ്‌ കുളിക്കുന്നത്‌. ആഴ്ച്ചക്ക്‌ ഒരു സോപ്പ്‌ വീതമാണ്‌ ശശി ഉപയോഗിക്കുന്നത്‌. ഫെയര്‍ എവര്‍, നിവിയ വൈറ്റ്നിംഗ്‌ ലോഷന്‍, ഫെയര്‍ ആന്‍ഡ്‌ ലൗവ്ലി തുടങ്ങി അനേകം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഹോള്‍ സെയില്‍ മാര്‍കറ്റ്‌ ആണ്‌ ഇന്ന് ശശിയുടെ അലമാര.

ഇതൊന്നും പോരാതെ, രവിലെ എണീറ്റ്‌ വ്യായാമം ചെയ്യാനും ശശി തുടങ്ങിയിരിക്കുന്നു. അഫ്രിക്കയില്‍ പോകാന്‍ വേണ്ടി പഠിച്ച ന്രിത്ത കലയിലെ ചില സ്റ്റെപ്പുകളും ശശി വ്യായാമത്തിന്റെ കൂട്ടത്തില്‍ ചെയ്യുന്നു.

അനവസരത്തില്‍ മാത്രം കറന്റു പോകുമ്പോ മാത്രം കടിക്കുന്ന കൊതുകിനെ പോലെയായിരുന്നു ശശി ചിരിക്കാറുള്ളത്‌. അല്ലാത്ത പക്ഷം, മീശയും ചുരുട്ടി, അങ്ങിനെ സീരിയസ്‌ ആയിട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോ ബയങ്കര റൊമാന്റിക്‌ ആണ്‌. എല്ലാവരെയും "ഡിയര്‍" എന്നാണിപ്പോ ആശാന്‍ അഭിസംബോധന ചെയ്യുന്നത്‌. എല്ലാരോടും ചിരിച്ചും, കളിച്ചുമാണ്‌ ശശി സംസാരിക്കുന്നത്‌. മാത്രവുമല്ല, സായാഹ്നങ്ങളില്‍, ഇപ്പോ ശശി വാര്‍ക്കപ്പുറത്താണ്‌. ഫോണില്‍ അരോടോ പതിഞ്ഞ സ്വരത്തില്‍ ആശാന്‍ കത്തിവെക്കുന്നത്‌ കാണാന്‍ ആകശത്തെ നക്ഷത്രങ്ങളും, അപ്പുറത്തെ വീട്ടിലെ കാലൊടിഞ്ഞ അപ്പൂപ്പനും മാത്രം.

റൂമിലെ മറ്റുള്ളവരെല്ലാരും, തനിക്കൊരു പെണ്ണുണ്ടെങ്കില്‍, അതെന്റെ ഭാര്യ മാത്രമായിരിക്കും എന്നും പറഞ്ഞ്‌ സമാധാനിച്ചിരിക്കുന്ന സമയത്ത്‌, ശശിക്കുണ്ടായ ഈ ദുരൂഹമായ മാറ്റം എല്ല്ലാവരയും കടുത്ത ദുഖത്തിലേക്കും, ശശിയോടുള്ള അടങ്ങാത്ത പകക്കും വഴി തെളിച്ചിരിക്കുകയാണ്‌.

തനിക്കൊരിക്കലും വഴങ്ങാത്ത ഏരിയയാണെന്ന് പണ്ടേ തെളിയിച്ച ശശി, ഇപ്പോ ഇങ്ങനെ ഒരു വെല്ലുവിളിയുമായി വന്ന സ്ഥിതിക്ക്‌ ആ പ്രശസ്തമായ ചോദ്യം ഒന്നൂടെ ചോദിക്കേണ്ടതായ സമയം അടുത്തിരിക്കുന്നു.

"പ്രണയമില്ലാതെ എന്ത്‌ യൗവനം? "

അല്ലെങ്കി ഇങ്ങന്യും പറയാം...

"ശശിക്ക്‌ പോലും കിട്ടി, ഒരു പെണ്ണിനെ... നമുക്കോ?"

അതുമല്ലെങ്കി ഇങ്ങനെ പറയാം...

"ഞാഞ്ഞൂള്‌ വരെ ചീറ്റിത്തുടങ്ങി... നമ്മളോ?"


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പിന്‍ കുറിപ്പ്‌: ശശി ഇതേ വരെ ആ രഹസ്യം ആരോടും പങ്കു വെച്ചിട്ടില്ല. എന്നെങ്കിലും അവനത്‌ പരയും എന്നു തന്നെയാണ്‌ ഞങ്ങടെ വിശ്വാസം. ഞങ്ങള്‍ക്ക്‌ ആന്റീ... എന്ന് വിളിക്കാനെങ്കിലും, ഒരു പെണ്ണിനെ അവന്‍ അടുത്ത്‌ തന്നെ സ്വന്തമക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.എന്നാ കോപ്പായാലും ശശിക്ക്‌ മങ്കലശ്ശേരി പിള്ളാരുടെ വക ഓള്‍ ദ ബെസ്റ്റ്‌!

3 comments:

കുറ്റ്യാടിക്കാരന്‍ said...

ഓള്‍ ദി ബെസ്റ്റ് റ്റു ശശിരാജാവ്...

നിസ് said...

മിണ്ടാപൂച്ച കലമുടയുക്കും, അത്രന്നെ,യേത്??

പിരിക്കുട്ടി said...

sasi rajavvalu kollallo....
thiruvithsm koor bharichirunns
salim kumarinte aa shashi ano ee shashi..