Wednesday, June 25, 2008

കോമളാങ്കീയം (ഒരു കോമള കവിത)

[ഈ മഹാകാവ്യത്തിന്‌ അടുത്തകാലത്ത്‌ പ്രശസ്തമായ "വെത്യസ്ഥനാമൊരു ബാര്‍ബറാം ബാലനേ.. " എന്നു തുടങ്ങുന്ന ഗാനത്തോട്‌ സാദ്രിശ്യം തോന്നിയാല്‍ ഒന്നും തോന്നരുത്‌. കമ്പിലല്ല, കാമ്പിലാണ്‌ പ്രാധാന്യം എന്ന് മനസ്സിലാക്കുക. മങ്കലശ്ശേരിയിലെ 'ചില' ആള്‍ക്കാരുടെ പ്രത്യേക അഭ്യര്‍ത്തന മാനിച്ച്‌, കോമളന്റെ ആയുരാരോഗ്യ അഭിവൃദ്ധിക്കായി പ്രാര്‍ഥിച്ചുകൊണ്ട്‌...]



പേര്‌ : കോമളന്
‍വിളിപ്പേര്‌ : കോമളോ...
ഭൂമിയില്‍ വന്നത്‌ : ഇനിയും മനസ്സിലായിട്ടില്ല.
ഹോബീസ്‌ : ഓ... അങ്ങനെയൊന്നുമില്ല.
മുദ്രാവാക്യം : "യൂ നോ വൈ? കോസ്‌ അയാം എ ജീനിയസ്‌!"
ജോലിചെയ്യുന്നത്‌ : ജോലിയോ? ന്ന് വെച്ചാ?



ആ.... ആ....

മര്‍ക്കടനാമൊരു കാര്‍ക്കോടകന്‍, ഇവന്‍...
മസ്തിഷ്കമെന്നൊരു 'ഭാഗ'മില്ലാത്തവന്‍.

ക്രിമികടിയുള്ളോര്‍ക്ക്‌ പുഴുക്കടിയാണിവന്‍,
വഴക്കിടുന്നോര്‍ക്കെല്ലാം മഴുക്കോലാണിവന്‍.

ഇവനൊരു ലോലന്‍...
മറവിപ്രശോഭന്‍.

ലോലന്‍... ഇവനൊരു കോലന്‍,
കുടവയറുള്ളൊരു ബോറന്‍ ബോറന്‍ ബോറന്‍... [മര്‍ക്കടാനാമൊരു...]

ദിനവുമൊരോന്നങ്ങ്‌ മറന്നിട്ട്‌ പോരും,
മറന്നുവെന്നോര്‍ക്കാനും മറക്കുന്ന ശീലന്‍.

നാട്ടുകാര്‍ക്കൊക്കെയും കടംകൊടുക്കുന്നവന്‍,
തിരിച്ചുവാങ്ങാനായി മറക്കുന്ന കോമളന്‍.

കാശില്ലെങ്കിലും, വോള്‍വോക്ക്‌ പോണവന്‍,
കടമെടുത്തെങ്കിലും കടപ്പാട്‌ തീര്‍പ്പവന്‍.

ഇവനൊരു തടിയന്‍,
മെഴുകുണ്ടയഴകന്‍.

തടിയന്‍, ഇവനൊരു മടിയന്‍,
തലവളരാത്തൊരു മഠയന്‍... മഠയന്‍... മഠയന്‍... [മര്‍ക്കടനാമൊരു]

ജോലിക്കുപോകുമ്പോള്‍ ജോലിചെയ്യാത്തവന്‍,
റൂമിലേക്കെത്തുമ്പോള്‍ ജോലിയാകുന്നിവന്‍.

കിട്ടുന്നതൊക്കെയും വയറ്റിലാക്കുന്നവന്‍,
കിട്ടാതെ വന്നാലോ, വട്ടനാകുന്നിവന്‍...

ഇവനൊരു കൊതിയന്‍,
തീറ്റമാര്‍ജ്ജാരന്‍.

കൊതിയന്‍, ഇവനൊരു മുടിയന്‍,
വിശപ്പറിയാത്തൊരു ഭ്രാന്തന്‍... ഭ്രാന്തന്‍.. ഭ്രാന്തന്‍... [മര്‍ക്കടാനാമൊരു...]

മങ്കലശ്ശേരിയിലെ ഡെങ്കിയാകുന്നിവന്‍,
ചങ്ക്‌ കൊടുത്താലും, പങ്ക്‌ ചോദിപ്പവന്‍.

പെണ്ണെന്ന് കേട്ടാല്‍, ചിണുങ്ങുന്ന ബാലന്‍,
സ്വപ്നത്തിലെന്നും കരയുന്ന ശീലന്‍.

ഇവനൊരു പോഴന്‍,
കുള്ളനില്‍ ചുള്ളന്‍.

കുള്ളന്‍, ഇവനൊരു കള്ളന്‍,
പുളുവടി വീരന്‍.. വീരന്‍..വീരന്‍... [മര്‍ക്കടാനാമൊരു...]

വാളുവെക്കാനെന്നും, സ്മോളടിക്കുന്നിവന്‍,
ലാര്‍ജ്ജടിച്ചെന്നാലോ, ട്രാജടിയാണിവന്‍.

മണ്ടത്തരത്തിന്റെ പറുദീസയാണിവന്‍,
മന്തമായങ്ങിനെ മണ്ടിനടന്നിവന്‍.

മണ്ടതന്നുളില്‍ പണ്ടേ ശൂന്യം,
മണ്ടക്ക്‌ വെളിയിലോ, ആറെട്ട്‌ രോമം...

കോമളമുകിലാ...
നീയൊരു പുകിലാ...

[...മര്‍ക്കടനാമൊരു...]

Tuesday, June 24, 2008

കോമളനെ 'സ്കെച്ച്‌' ചെയ്തപ്പോള്‍.

ഇന്നലെ രാത്രി ആലപ്പുഴ കായലില്‍ മീന്‍ പിടിക്കാന്‍ പോണം എന്നാഗ്രഹിച്ച കോമളന്‍ ഇന്ന് രാവിലെ ആഗ്രഹിച്ചത്‌ ഗോവന്‍ കടാപ്പുറങ്ങളില്‍ കാലാട്ടിക്കിടക്കാനായിരുന്നു. അങ്ങിനെ ആഗ്രഹിക്കാന്‍ ഒരു കാരണവും ഉണ്ട്‌. കോമളന്റെ കുറച്ച്‌ പഴയ സുഹൃത്തുക്കള്‍ ഗോവക്ക്‌ പോകാന്‍ പ്ലാന്‍ ഇട്ടിരിക്കുന്നു. വണ്ടിക്കാശ്‌ ഷെയര്‍ ചെയ്യാന്‍ ഒരുത്തനും കൂടി വേണമെന്നായപ്പോ അവന്മാര്‍ കോമളനെ വിളിച്ചു...

"ഡാ.. നീ വന്നേ പറ്റൂ... നീയില്ലാതെ ട്രിപ്പിനൊരു രസോം ണ്ടാവില്ലാ..."

അതില്‍ കോമളന്‍ വീണു. വോള്‍വോ ബസ്സില്‍ ടിക്കറ്റ്‌ എടുത്ത്‌ കോമളന്‍ ഗോവാക്ക്‌ പോയി.

അങ്ങനെ കൂട്ടുകാരുമൊത്ത്‌ ഗോവന്‍ തീരങ്ങളില്‍, തിരമാലകളില്‍ ഉയര്‍ന്നു താഴുന്ന മദാമ്മകളെയും നോക്കി നടന്ന കോമളനെ പിന്നില്‍ നിന്നും അരോ വിളിച്ചു...

"സര്‍... ആപ്‌ മലയാളി ഹേ ക്യാ?"

കോമളന്‍, ഞാന്‍ ഒരു സംഭവമാണെടോ... എന്ന മട്ടില്‍ അയാളെ ഒന്ന് നോക്കിയിട്ട്‌, അമര്‍ത്തി മൂളി.

"ങും..."

"സാര്‍... പച്ചകുത്തണോ സര്‍? നല്ല കിടിലന്‍ ഡിസൈനുകള്‍ ഉണ്ട്‌ സര്‍... കയ്യിലോ... കാലിലോ... മുതുകത്തോ... നെഞ്ചത്തോ... എവിടെ വേണമെങ്കിലും കുത്തിത്തരാം സര്‍..."

"നോ.. നോ.. ഐ ഡോണ്ട്‌ വാണ്ട്‌ ഓള്‍ ദിസ്‌..." കോമളന്‍ മൈന്‍ഡ്‌ ആക്കാതെ നടന്നു.

"അങ്ങനെ പറയല്ലേ സര്‍... സാറിന്റെ ലുക്ക്‌ തന്നെ മാറും... ഒന്ന് ട്രൈ ചെയ്യൂന്നേയ്‌..." അയാള്‍ പറഞ്ഞു.

"നോ... ഇതൊക്കെ വെറും തട്ടിപ്പാ. താന്‍ ഒന്ന് പോയേ..."

"സാര്‍... സാറിന്റെ കയ്യില്‍ നല്ല മസില്‍ ഉണ്ടല്ലോ... സാറാണെങ്കി നല്ല വെളുത്തിട്ടും... പച്ച കുത്തിയാല്‍ നല്ല എടുപ്പായിരിക്കും.."

തന്റെ മസിലിനെ തൊട്ടപ്പോള്‍ കോമളന്‍ ചെറുങ്ങനെ ഒന്നിളകി...

"ങും... എത്രയാവും? "

"വെറും 250 രൂപയേ ഉള്ളൂ സാറെ... സാറിന്റെ ഈ കയ്യിലെ മസില്‍ മുഴുവനും ഇടാന്‍ അത്രയും പോരാ. ന്നാലും സാറിനായോണ്ട്‌ ഇത്രേം മതി."

അത്‌ കേട്ട കോമളന്‍ സ്വന്തം കയ്യിലെ മസില്‍ ഒന്നുരുട്ടി നോക്കി...

"ഇതൊക്കെ വിസ്വസിക്കാമോ ടോ? ഇതെത്ര കാലം കയ്യില്‍ പോവാതെ നില്‍ക്കും?"

"അത്‌ നൂറ്‌ ശതമാനം ഞാന്‍ ഗാരണ്ടി തരാം സാറെ... ഒരു ആറ്‌ മാസത്തേക്ക്‌ ഇത്‌ ഒരു പൊടിപോലും മാഞ്ഞു പോകില്ല. ഒറപ്പാ..." അയാള്‍ പറഞ്ഞു.

"ങും. എനിക്കറിയാം. എന്നാലും ചുമ്മാ ചോദിച്ചെന്ന് മാത്രം. ഓകെ... എന്നാ നല്ലൊരു ഡിസൈന്‍ നോക്കി എന്റെ വലത്തെ കയ്യിലെ 'മസിലില്‍' കുത്തിക്കോ..."

അങ്ങിനെ അയാള്‍ കോമളന്റെ വലത്തെ കയ്യില്‍ പടം വരച്ച്‌ പഠിച്ചു. പച്ച കുത്തിയപ്പോള്‍ കോമളന്‌ നന്നായി നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും, അത്‌ പുറത്ത്‌ കാണിക്കാന്‍ കോമളന്റെ ആത്മാഭിമാന്‍ സമ്മതിച്ചില്ല.

അങ്ങിനെ അര മണിക്കൂര്‍ നേരത്തെ ശ്രമത്തിനു ശേഷം കോമളന്റെ വലത്തെ കയ്യില്‍ കറുപ്പ്‌ നിറത്തില്‍ വലിയൊരു... എന്തോ ഒരു പടം.

തന്റെ മസിലില്‍ വിരിഞ്ഞ ചിത്രത്തെ നോക്കി, ഇനിയത്‌ കണ്ട്‌ കണ്ണ്‍ തള്ളാന്‍ പോകുന്ന തനെ കൂട്ടുകാരുടെ മോന്തയോര്‍ത്ത്‌ കോമളന്‍ ഊറിച്ചിരിച്ചു...

"കോള്ളാം... എനിക്കിഷ്ടായി... ഇതാ മുന്നൂറ്‌ രൂപ. എന്റെ ഒരു സന്തോഷത്തിനിരിക്കട്ടെ..."

"ഓ... സാറിന്റെ ഇഷ്ടം പോലെ.."

"അപ്പോ ചേട്ടാ, ഇനിയിപ്പോ എനിക്കിത്‌ കളയണം എന്ന് തോന്നിയാ നടക്കില്ലല്ലേ... ഒരു ആറ്‌ മാസത്തേക്ക്‌ ഇത്‌ ഇങ്ങനെ തന്നെ ഉണ്ടാവും ലേ?.."

"ഓ.. അങ്ങിനെയൊന്നുമില്ല സാറെ... സാറിനു വേണ്ടാന്ന് തോന്നിയാ നന്നായൊ സോപ്പിട്ട്‌ കുളിച്ചാ മതി. മാഞ്ഞു പൊക്കോളും." അതും പറഞ്ഞ്‌ അയാള്‍ നടന്നകന്നു.

അപ്പൊഴും തനിക്ക്‌ പറ്റിയത്‌ അബദ്ധമാണോ അതോ വേറെന്തെങ്കിലുമാണോ എന്ന് കോമളന്‌ മനസ്സിലായില്ല.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ തിരിച്ച്‌ മങ്കലശ്ശേരിയില്‍ എത്തിയ കോമളന്റെ വലത്തെ കയ്യില്‍ അടി പിടിച്ച ചീനച്ചട്ടി പോലെ എന്തോ ഒരു അടയാളം കണ്ട ആന്റപ്പന്‍ ഇങ്ങനെ ചോദിച്ചു...

"ഡെക്കേ.. ഇതെന്തോന്നാ നിന്റെ കയ്യില്‍... ചൊറി പിടിച്ച പോലെ...?"

അത്‌ ഞാന്‍ പച്ചകുത്തിയിയതിന്റെ തിരിശേഷിപ്പാണെന്നും, മണ്ടത്തരത്തിന്റെ പരിണിത ഫലമാണെന്നും ഒന്നും കോമളന്‍ പറയാന്‍ നിന്നില്ല.

"ഓ അതോ... അവിടെ ഞങ്ങള്‍ ഗോവന്‍ ലോക്കല്‍സുമായി ഒന്നുടക്കി. അതിലൊരുത്തന്റെ ഇടിക്കട്ട കൊണ്ടുള്ള അടി ബ്ലോക്ക്‌ ചെയ്തതാ. ചെറുങ്ങനെ ഒന്ന് കരുവാളിച്ചു. അത്രേ ഉള്ളൂ..."

രണ്ടാഴ്ചമുന്‍പ്‌ മറ്റൊരു സാധനം ഇതുപോലെ ബ്ലോക്ക്‌ ചെയ്യാന്‍ ശ്രമിച്ചതിന്റെ ആഫ്ട്ടര്‍ എഫക്റ്റ്‌സായി കിട്ടിയ ഉണ്ടയില്‍ പട്ടീസ്‌ കെട്ടി, സ്റ്റൂളില്‍ കയറ്റി വെച്ച്‌ ആന്റപ്പന്‍ ഇങ്ങനെ പറഞ്ഞു...

"കൊള്ളാം... സ്മാര്‍ട്‌ ബോയ്‌!"

Monday, June 23, 2008

ശശിപഞ്ചരം!

[മങ്കലശ്ശേരി ചരിതങ്ങളിലെ ചില പോസ്റ്റുകള്‍ പലര്‍ക്കും അത്രക്ക്‌ ഇഷ്ടപ്പെടാന്‍ ചാന്‍സില്ലാ എന്നറിയാം. മങ്കലശ്ശേരി പിള്ളാരെ അടുത്തറിയുന്നവര്‍ക്കേ ആ പോസ്റ്റുകളില്‍ നര്‍മ്മം കണ്ടെത്താന്‍ കഴിയൂ.]

ആവശ്യത്തിനു തടിച്ച്‌, ആവശ്യത്തിന്‌ നിറമുള്ള, ആവശ്യത്തില്‍ കൂടുതല്‍ പൊക്കമുള്ള, അനാവശ്യമായി ആരോടും കത്തിവെക്കാന്‍ ഇഷ്ടപ്പെടാത്ത ആരോഗ്യവാനായ ശശി...

മങ്കലശേരിയിലെ ആറ്‌ ചൂറ്റിയ പടക്കങ്ങളില്‍, ചെലപ്പോ പൊട്ടിയേക്കും... എന്നൊരു സംശയമുള്ള ഒരേയൊരു പടക്കം! അതാണ്‌ ശശി.

പെണ്‍കുട്ടികളോട്‌ സഹോദരീ സ്നേഹം മാത്രം കാണിക്കാന്‍ അറിയാവുന്ന ശശി... ജീവിതത്തില്‍ ഇന്നേവരെ പെണ്‍കുട്ടികളെ "മറ്റേ" രീതിയില്‍ നോക്കാത്ത ശശി... കൂടെ പഠിച്ച പെണ്‍കുട്ടികള്‍ക്കും, അവരുടെ കൂട്ടുകാര്‍ക്കും, പിന്നെ അവരുടെ അനിയത്തിമാര്‍ക്കു പോലും ഒരു അങ്കിളൈനെ പോലെയുള്ള ശശി...

ഒകെ... ഇനി കാര്യത്തിലേക്ക്‌ വരാം. ശശിക്ക്‌ പ്രണയമെന്നോ, അനുരാഗമെന്നോ ഒക്കെ പറഞ്ഞാല്‍ എതോ അഗോളപ്രശ്നം കേള്‍ക്കുന്ന ഒരു നിലപാടേ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലും പ്രണയത്തെ കുറിച്ചോ, ലൈന്‍ ഇടുന്നതിനെ കുറിച്ചോ പ്രഭാഷണം നടത്തുന്നത്‌ കണ്ടാല്‍, ശശി വേഗം തല തിരിച്ചിരിക്കും. എല്ലാവര്‍ക്കും ഒരു മൂത്ത കാര്‍ന്നോരെ പോലെയായിരുന്നു ശശി. അതുകൊണ്ടു തന്നെ പെണ്ണിനെ കുറിച്ചോ, പ്രണയത്തെ കുറിച്ചോ ആരും ശശിയോട്‌ അധികം ചോദിച്ചില്ല. ശശിയാണെങ്കി ഒന്നും തിരിച്ചും പറഞ്ഞില്ല.

പ്രണയമില്ലാതെ എന്ത്‌ യൗവനം എന്ന വളരെ പ്രശസ്തമായ ഡയലോഗ്ഗിന്റെ അന്തര്‍ദ്ധാരയില്‍ നിന്നും ഗമിക്കുന്ന വിസ്ഫോടനാസ്മകമായ മൂല്യങ്ങളൂടെ അന്തര്‍ദ്ധരകളെ കുറിച്ച്‌ അലോജിച്ച്‌, നാണം കെട്ട്‌ അന്നും ആന്റപ്പന്‍ വിഷണ്ണനായിരുന്നു. പാഴായ യൗവനത്തെകുറിച്ചോര്‍ത്ത്‌ അവന്‍ മൂകമായി കരഞ്ഞു... റ്റീ വീ യില്‍ അപ്പൊഴും രാഖീ സാവന്തിന്റെ ഐറ്റം ഡാന്‍സ്‌ തുടര്‍ന്നുകൊണ്ടിരുന്നു...

പെട്ടന്നാണ്‌ പിന്നില്‍ നിന്നും ഒരു വിളി കേട്ടത്‌...

"ഡാ ആന്റപ്പാ... എനിക്കൊരു സംശയം..."

തിരിഞ്ഞു നോക്കിയപ്പോള്‍ ശശി വ്യാസം കുറഞ്ഞ തലയും ചൊറിഞ്ഞ്‌ ആന്റപ്പന്റെ അടുത്ത്‌ നില്‍ക്കുന്നു.

"ഉം.. എന്താഡാ..." ആന്റപ്പന്‍.

"ഡാ... നിനക്ക്‌ ഒരു പെണ്ണിനോട്‌ സ്നേഹം തോന്നിയാ എങ്ങിനെയാ അവളോട്‌ പറയാ?"

"ഐ ലവ്‌ യൂ... എന്ന് പറയും. പണ്ടാണങ്കി എനിക്ക്‌ നിന്നെ ഷ്ടായി... ന്ന് പറയും."

"അതല്ലെടാ ആന്റൂ. സപ്പോസ്‌... അവള്‍ക്ക്‌ ഒരു ബെസ്റ്റ്‌ ഫ്രണ്ട്‌ ഉണ്ട്‌. അവര്‍ ബയങ്കര ക്ലോസ്‌ ആണ്‌. എന്തുണ്ടയാലും അവര്‍ പരസ്പരം പറയും. അങ്ങിനെയുള്ളപ്പോള്‍ നമുക്ക്‌ ചെന്ന് ഇഷ്ടാണെന്നൊക്കെ പറയാമോ...?"

"നമുക്ക്‌ രണ്ട്‌ പേര്‍ക്കും കൂടി പറയാന്‍ പറ്റില്ല. പക്ഷേ ഒരാള്‍ക്ക്‌ പറയാം... അല്ലാ... നീ ഇതൊക്കെ എന്തിനാ എന്നോട്‌ ചോദിക്കുന്നേ...? "

"ഓ... ചുമ്മാ ചോദിച്ചതാ ഡാ... അപ്പോ ഒരു പെണ്‍കുട്ടിക്ക്‌ നിന്നോട്‌ സ്നേഹം ഉണ്ടെന്ന് അവള്‍ പറയാതെ നിനക്കറിയാന്‍ പറ്റ്വൊ?"

"ഉം... പറ്റും. അവളുടെ ആ നോട്ടവും, എന്നോടുള്ള പെരുമാറ്റോം ഒക്കെ ശ്രദ്ദിച്ചാല്‍ പോരെ... "

"ഒഹോ. ശരി ശരി. പിന്നെ ഡാ ആന്റൂ, എന്റെ പൊക്കത്തിനനുസരിച്ച്‌, എത്ര ഉയരമുള്ള കുട്ടിയായിരിക്കും എനിക്ക്‌ ചേരുന്നത്‌? "

"കുന്തം! എനിക്കറിയില്ല."

"ഉം..." ശശി എന്തോ അലോജിച്ച്‌ മൂളി.

ആ രംഗം അവിടെ കഴിഞ്ഞു.

പക്ഷേ അന്ന് മുതലാണ്‌ മങ്കലശ്ശേരിയില്‍ എല്ലാരും ശശിയെ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌.

രാവിലെ ഓടിപ്പോയി സെക്കന്റുകള്‍ക്കുള്ളില്‍ തലയില്‍ അല്‍പം വെള്ളം തളിച്ച്‌, ഡ്രസ്സ്‌ ചുമ്മാ വാരി വലിച്ചിട്ട്‌ ആപ്പീസില്‍ പോയിരുന്ന ശശി, ഇപ്പോ അര മണിക്കൂര്‍ എടുത്താണ്‌ കുളിക്കുന്നത്‌. ആഴ്ച്ചക്ക്‌ ഒരു സോപ്പ്‌ വീതമാണ്‌ ശശി ഉപയോഗിക്കുന്നത്‌. ഫെയര്‍ എവര്‍, നിവിയ വൈറ്റ്നിംഗ്‌ ലോഷന്‍, ഫെയര്‍ ആന്‍ഡ്‌ ലൗവ്ലി തുടങ്ങി അനേകം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഹോള്‍ സെയില്‍ മാര്‍കറ്റ്‌ ആണ്‌ ഇന്ന് ശശിയുടെ അലമാര.

ഇതൊന്നും പോരാതെ, രവിലെ എണീറ്റ്‌ വ്യായാമം ചെയ്യാനും ശശി തുടങ്ങിയിരിക്കുന്നു. അഫ്രിക്കയില്‍ പോകാന്‍ വേണ്ടി പഠിച്ച ന്രിത്ത കലയിലെ ചില സ്റ്റെപ്പുകളും ശശി വ്യായാമത്തിന്റെ കൂട്ടത്തില്‍ ചെയ്യുന്നു.

അനവസരത്തില്‍ മാത്രം കറന്റു പോകുമ്പോ മാത്രം കടിക്കുന്ന കൊതുകിനെ പോലെയായിരുന്നു ശശി ചിരിക്കാറുള്ളത്‌. അല്ലാത്ത പക്ഷം, മീശയും ചുരുട്ടി, അങ്ങിനെ സീരിയസ്‌ ആയിട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോ ബയങ്കര റൊമാന്റിക്‌ ആണ്‌. എല്ലാവരെയും "ഡിയര്‍" എന്നാണിപ്പോ ആശാന്‍ അഭിസംബോധന ചെയ്യുന്നത്‌. എല്ലാരോടും ചിരിച്ചും, കളിച്ചുമാണ്‌ ശശി സംസാരിക്കുന്നത്‌. മാത്രവുമല്ല, സായാഹ്നങ്ങളില്‍, ഇപ്പോ ശശി വാര്‍ക്കപ്പുറത്താണ്‌. ഫോണില്‍ അരോടോ പതിഞ്ഞ സ്വരത്തില്‍ ആശാന്‍ കത്തിവെക്കുന്നത്‌ കാണാന്‍ ആകശത്തെ നക്ഷത്രങ്ങളും, അപ്പുറത്തെ വീട്ടിലെ കാലൊടിഞ്ഞ അപ്പൂപ്പനും മാത്രം.

റൂമിലെ മറ്റുള്ളവരെല്ലാരും, തനിക്കൊരു പെണ്ണുണ്ടെങ്കില്‍, അതെന്റെ ഭാര്യ മാത്രമായിരിക്കും എന്നും പറഞ്ഞ്‌ സമാധാനിച്ചിരിക്കുന്ന സമയത്ത്‌, ശശിക്കുണ്ടായ ഈ ദുരൂഹമായ മാറ്റം എല്ല്ലാവരയും കടുത്ത ദുഖത്തിലേക്കും, ശശിയോടുള്ള അടങ്ങാത്ത പകക്കും വഴി തെളിച്ചിരിക്കുകയാണ്‌.

തനിക്കൊരിക്കലും വഴങ്ങാത്ത ഏരിയയാണെന്ന് പണ്ടേ തെളിയിച്ച ശശി, ഇപ്പോ ഇങ്ങനെ ഒരു വെല്ലുവിളിയുമായി വന്ന സ്ഥിതിക്ക്‌ ആ പ്രശസ്തമായ ചോദ്യം ഒന്നൂടെ ചോദിക്കേണ്ടതായ സമയം അടുത്തിരിക്കുന്നു.

"പ്രണയമില്ലാതെ എന്ത്‌ യൗവനം? "

അല്ലെങ്കി ഇങ്ങന്യും പറയാം...

"ശശിക്ക്‌ പോലും കിട്ടി, ഒരു പെണ്ണിനെ... നമുക്കോ?"

അതുമല്ലെങ്കി ഇങ്ങനെ പറയാം...

"ഞാഞ്ഞൂള്‌ വരെ ചീറ്റിത്തുടങ്ങി... നമ്മളോ?"


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പിന്‍ കുറിപ്പ്‌: ശശി ഇതേ വരെ ആ രഹസ്യം ആരോടും പങ്കു വെച്ചിട്ടില്ല. എന്നെങ്കിലും അവനത്‌ പരയും എന്നു തന്നെയാണ്‌ ഞങ്ങടെ വിശ്വാസം. ഞങ്ങള്‍ക്ക്‌ ആന്റീ... എന്ന് വിളിക്കാനെങ്കിലും, ഒരു പെണ്ണിനെ അവന്‍ അടുത്ത്‌ തന്നെ സ്വന്തമക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.എന്നാ കോപ്പായാലും ശശിക്ക്‌ മങ്കലശ്ശേരി പിള്ളാരുടെ വക ഓള്‍ ദ ബെസ്റ്റ്‌!

Tuesday, June 17, 2008

ഗോള്‍ ഗോള്‍ ഗോള്‍!

തന്റെ "ബെല്ലി" വലുപ്പം കൂടുന്നുണ്ടെന്ന് ആന്റപ്പന്‌ കുറച്ച്‌ കാലമായിട്ട്‌ സംശയം ഉണ്ടായിരുന്നു. രാവിലെയും, ഉച്ചക്കും (ഊണ്‌ കഴിഞ്ഞ്‌) പിന്നെ വൈകീട്ടും... അങ്ങിനെ മൂന്ന് നേരം ആന്റപ്പന്‍ ഷര്‍ട്ടൂരി, സൈക്കിള്‍ റ്റ്യൂബില്‍ പഞ്ചര്‍ ഉണ്ടോ എന്ന് നോക്കുന്ന പോലെ വയറ്റിലെ "ഫാറ്റിനെ" പിടിച്ച്‌ തിരുമ്മി നോക്കും, എന്നിട്ട്‌ ഇങ്ങനെ ആത്മഗതം ചെയ്യും... "ഹൊ പണ്ടാരം... ഈ വയര്‍ ചാടി വരുകയാണല്ലോ...".

ഒരു മാസം (രണ്ട്‌ മാസത്തെ കാശ്‌ കൊടുത്തിട്ടുണ്ട്‌) ജിമ്മില്‍ പോയി നോക്കി. ദിവസവും ജിം വരെ പോയി "നോക്കി" തിരിച്ച്‌ വന്നിട്ട്‌ ആന്റപ്പന്‌ വലിയ ഗുണമൊന്നും തോന്നിയില്ല... സോ, ജിം പരിപാടി ആന്റപ്പന്‍ നിര്‍ത്തി. വയര്‍ കുറക്കാന്‍ ഇനിയെന്തര്‌ മാര്‍ഗ്ഗം എന്നാലോജിച്ച്‌ കാലാട്ടിയിരിക്കുന്ന ഒരീസം ആന്റപ്പന്‌ കൂടെ പണിയെടുക്കുന്ന ഒരുത്തന്റെ കോള്‍..

"ഡാ മ്മക്ക്‌ ഈ ആഴ്ച തൊട്ട്‌ എല്ലാ ശനിയും ഞായറും ഗ്രൗണ്ടില്‍ ഫുട്‌ ബോള്‍ കളിക്കന്‍ പോയാലോ?"

കേള്‍ക്കേണ്ട താമസം, ഫുട്ബോള്‍ പോലുള്ള വയര്‍ തിരുമ്മി ആന്റപ്പന്‍ പച്ചക്കൊടി കാട്ടി.

ശനിയാഴ്ചയാവാന്‍ ഒരു രാത്രി മാത്രം ബാക്കിയുള്ള ഒരു സമയം... ആന്റപ്പനും, പക്രുവും കൂടി ടി.വി യില്‍ കളി കണ്ടുകൊണ്ടിരിക്കുന്നു. ആസ്‌ യൂഷ്വല്‍ പക്ഷേ അവര്‍ കണ്ടത്‌ ക്രികറ്റ്‌ ആയിരുന്നില്ലാ... അതേ... മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ തകര്‍ക്കുന്ന ഒരു ഫുട്ബോള്‍ മാച്‌!

"ഹോ.. അവന്‍ ശരിക്കങ്ങോട്‌ ബോള്‍ പാസ്സ്‌ ചെയ്യുന്നില്ലെഡേയ്‌..."

"ശേ.. എന്തോന്നാ ഇവന്മാര്‍ ആ ബോളും കൊണ്ട്‌ കാണിക്കുന്നത്‌... കഷ്ടം!"

ഇങ്ങനെ പലതരം ഡയലോഗുകളാല്‍ ആന്റപ്പന്‍ കളിയില്‍ ലയിച്ചിരുന്നു.

കളിക്കുന്നവരുടെ കാലുകൊണ്ടുള്ള അഭ്യാസങ്ങള്‍ കണ്ട്‌, ഉണ്ണിക്ക്‌ അമ്മ വായില്‍ ചോറ്‌ കൊടുക്കുമ്പോള്‍ അറിയാതെ അമ്മയുടെ വായും പൊളിയുന്നപോലെ, ആന്റപ്പന്റെ കാലുകള്‍ അനങ്ങിക്കൊണ്ടിരുന്നു...

"ഹോ... നാളെ പോയിട്ട്‌ വേണം ഇതുപോലെ ഒന്ന് ബ്ലോക്ക്‌ ചെയ്ത്‌ കളിക്കാന്‍..." കാലുകൊണ്ട്‌ ബ്ലോക്ക്‌ ചെയ്യുന്ന ആക്ഷന്‍ കാണിച്ച്‌ ആന്റപ്പന്‍ പറഞ്ഞു.

"ഈ ബോള്‍ പാസ്‌ ചെയ്യാന്‍ ഒരു പ്രത്യേക കഴിവ്‌ തന്നെ വേണെമെടാ മോനെ പക്രു... നാളെയാവട്ടെ... ഞാന്‍ കാണിച്ച്‌ കൊടുക്കുന്നുണ്ട്‌.. ഹോ... അതാലോജിച്ചിട്ട്‌ എനിക്ക്‌ ഇരിക്കാന്‍ വയ്യ."
പെട്ടെന്നാണ്‌ 2 കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ വീണത്‌. അത്‌ കണ്ട ആന്റപ്പന്‌ പെട്ടെന്നെവിടെ നിന്നോ വല്ലാത്തൊരു സന്തോഷം വന്നു...

"ഹും! അവന്മ്മാര്‍ക്കങ്ങിനെ തന്നെ വേണം... കളിക്കാനും അറിയില്ല... ശപ്പന്മാര്‍!" ആന്റപ്പന്‍ പറഞ്ഞു.

"ഹും.. നാളെ നീ കളിക്കുമ്പോ ഇതുപോലെ വീഴണം.. അപ്പൊഴേ നീ പഠിക്കൂ..." പക്രു ആന്റപ്പനെതിരെ ആക്രോശിച്ചു.

പിറ്റേന്ന് മങ്കലശ്ശേരിയില്‍ എല്ലാരും ഉറക്കമുണര്‍ന്നപ്പോള്‍ ആന്റപ്പന്റെ കിടക്ക മാത്രം കാലിയായ അരിച്ചാക്ക്‌ പോലെ ശൂന്യമായി കിടന്നു.

സമയം രാവിലെ 9 മണി കഴിഞ്ഞു... ഒമ്പതര... പത്ത്‌...

ഇനിയും ആന്റപ്പന്‍ എത്തിയിട്ടില്ല...

അത്‌ കാര്യമാക്കാതെ ഏഷ്യാനെറ്റില്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ട്‌ കേട്ടോണ്ടിരിക്കുകയായിരുന്നു പുഷ്പന്‍...

"കാര്‍ത്തൂന്റെ തോര്‍ത്തെവിടോര്‍ത്തൊന്നു നോക്കെടിയേ...
വല്ല കൂര്‍ത്ത മുള്ളിലും കോര്‍ത്തോ... ഒന്നോര്‍ത്തൊന്നു നോക്കെടിയേ....

അയ്യോ.... അമ്മേ.... അയ്യോ...."

പെട്ടന്ന് പാട്ടിലില്ലാത്ത "അയ്യോ അമ്മേ അയ്യോ" എന്ന ശബ്ദം പുഷ്പന്‍ തിരിച്ചറിഞ്ഞ്‌ വരുമ്പൊഴേക്കും അതാ ഉണക്കപ്പുല്‍ച്ചാടി അള്ളിപ്പിടിച്ചിരിക്കുന്ന പോലെ, വാതിലില്‍ പൊത്തിപ്പിടിച്ച്‌ നില്‍ക്കുന്നു... ആന്റപ്പന്‍.

അവന്റെ മുഖം വേദനയാല്‍ കളമെഴുത്ത്‌ പാട്ട്‌ പാടുന്നുണ്ടായിരുന്നു. ആരോ കല്ലെറിഞ്ഞ്‌ ഒടിച്ച കാലുമായി നില്‍ക്കുന്ന തെരുവ്‌ നായെ പോലെ തൂക്കിപ്പിടിച്ച കാലുമായി ആന്റപ്പന്‍ നിലവിളി തുടര്‍ന്നു...

"അയ്യോ ഡാ.. പണി കിട്ടിയെഡാ... എന്റെ കാലുപോയെടാ..." (ദീന രോദനം)

"എന്താടാ...? എന്തു പറ്റി?" പുഷ്പന്‍.

"ഞാന്‍ ബോള്‍ ഒന്ന് പാസ്സ്‌ ചെയ്യാന്‍ നോക്കിയതാ... പക്ഷേ ബോള്‍ പാസ്സായില്ല. എന്റെ കാല്‌ മടങ്ങി... ഉളുക്കി... ഇപ്പോ നടക്കന്‍ പറ്റുന്നില്ലാ ടാ... നീരും വെച്ചു."

"ആഹാ.. അപ്പോ ബോള്‍ പാസായില്ല എന്ന് മത്രവുമല്ല, കാലില്‍ തന്നെ ഇപ്പൊഴും ഉണ്ടല്ലേ..." ചുവന്നുരുണ്ട നീരു നോക്കി പുഷ്പന്‍ പറഞ്ഞു.

വേദന കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടി ആന്റപ്പന്‍ തന്റെ മുഖം ചൂട്‌ വെള്ളത്തിലിട്ട മാഗി നൂഡ്ലില്‍സ്‌ പോലെയാക്കി ചുരുട്ടിക്കൂട്ടി പിടിച്ചു. എന്നിട്ട്‌ കിടക്കയില്‍ പോയി കിടന്നു. നീരു വന്ന കാല്‍ ആകാശത്തോട്ടാക്കി ആശാന്‍ കിടന്നു.

ആന്റപ്പന്റെ വൃത്തികെട്ട രോദനം കേള്‍ക്കാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടാണോ അതോ കഴിഞ്ഞ തവണത്തെപ്പോലെ ആന്റപ്പന്റെ ദിനചര്യകള്‍ മുഴുവന്‍ താന്‍ തന്നെ ചെയ്തു കൊടുക്കേണ്ടി വരുമോ എന്ന് ഭയം കൊണ്ടാണോ എന്നറിയില്ല, കോമളന്‍ ആന്റപ്പനെ ആശുപത്രിയില്‍ കൊണ്ടോവാന്‍ തീരുമാനിച്ചു.

പോകുന്ന വഴി ആന്റപ്പന്‍ ആകാശത്തിലേക്ക്‌ നോക്കി ഇങ്ങനെ പറഞ്ഞു...

"നമുക്ക്‌ പണി കിട്ടുക എപ്പൊഴാന്ന് ഒരിക്കലും പറയാന്‍ പറ്റില്ലാ ഡാ..."

"ഉം... ശരിയാ... പക്ഷേ ഡാ ആന്റപ്പാ... ശരിക്കും എന്താ ഉണ്ടായത്‌? നീ എന്നോട്‌ പറ. ഞാനാരോടും പറയില്ല..." കോമളന്‍.

"ഉം... നിന്നെ എനിക്ക്‌ വിശ്വാസാ... ന്നാലും ആരോടും പറയരുത്‌. ഗ്രൗണ്ടില്‍ ഞങ്ങള്‍ കളിക്കുന്നതിന്റെ അടുത്ത്‌ ഒരു സുന്ദരി വ്യായാമം ചെയ്യാന്‍ വന്നിരുന്നു. അവളുടെ ആ ആക്ഷനും, ചിരിയും കളിയും ഒക്കെ കണ്ടപ്പോ എന്റെ കളിയിലെ കോണ്‍സെന്റ്രേഷന്‍ അങ്ങോട്ട്‌ പോയി. പുറത്തേക്ക്‌ തെറിച്ച ബോള്‍ സര്‍വ്വ ശക്തിയുമെടുത്ത്‌ ഞാനൊരു പെട കൊടുത്തതാ ഡാ..."

"അതിന്‌ നിന്റെ കാല്‍ എങ്ങനെ പരിപ്പായി?" - കോമളന്‍.

"ബോളാണെന്ന് കരുതി കിക്കിയത്‌ ഒരു കരിങ്കല്ലില്‍ ആയിരുന്നെടാ..."
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിന്‍ കുറിപ്പ്‌: ആശുപത്രിയില്‍ നിന്നും തിരിച്ചു വന്ന ആന്റപ്പന്റെ ഒരു കാലില്‍ മുഴുവന്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. അതും താങ്ങി മൂന്നാഴ്ച്ച വീട്ടില്‍ തന്നെ കുത്തിയിരുന്നോളാന്‍ ഡോക്ട്ടര്‍ ഉപദേശിച്ചതനുസരിച്ച്‌ ആശാന്‍ മങ്കലശേരിയില്‍ സുഖജീവിതം നയിക്കുന്നു. എന്നുവെച്ചാല്‍ മൂന്നു നേരം ഭക്ഷണം വാങ്ങിക്കൊണ്ട്‌ വരാനും, വായില്‍ കൊടുക്കാനും, വായ കഴുകിക്കാനും ദിവാരന്‍ വരും. രാവിലത്തെ പ്രഭാതകൃത്യങ്ങള്‍ക്ക്‌ സഹായിക്കാന്‍ കോമളന്‍ വരും. അങ്ങനെ അങ്ങനെ...
എന്തായാലും, ഇപ്പൊ ആന്റപ്പന്റെ പ്രധാന സൂത്രവാക്യം ഇതാണ്‌ : "പറ്റാവുന്ന പണിയേ ചെയ്യാവൂ..."

Thursday, June 12, 2008

അമ്മിണി കൊടുത്ത പണി.

പരസ്പരം പാരവെക്കല്‍ എന്നും മങ്കലശ്ശേരിയിലെ പിള്ളേര്‍ക്ക്‌ അഭിമാനിക്കാനുള്ള ഒരു കാര്യമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പാരവെക്കുന്നതിലുള്ള സുഖം അതൊന്നു വേറെ തന്നെയാണ്‌.

ഞങ്ങടെ സഹമുറിയന്‍ ആന്റപ്പനെ സ്നേഹമുള്ളവര്‍ ആമ്മാവാ... എന്നും, സോള്‍മേറ്റ്‌സ്‌ ആയവര്‍ അമ്മിണീ.... എന്നും വിളിച്ച്‌ വന്നിരുന്നു. മറ്റൊരു പ്രധാന കാര്യം, മങ്കലശേരിയില്‍ ആന്റപ്പന്റെ രക്ഷിതാക്കള്‍ക്ക്‌ നന്നായി കേട്ടറിവുള്ള രണ്ട്‌ പേരുകള്‍ ദിവരന്റെയും, കോമളന്റെയുമാണ്‌. അതുകൊണ്ട്‌ തന്നെ ഈ രണ്ട്‌ പേരും സല്‍സ്വഭാവികളും, നല്ല നടപ്പുകാരുമാണെന്നാണ്‌ ആന്റപ്പന്റെ രക്ഷിതാക്കളുടെ വിചാരം.

ആന്റപ്പന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അങ്ങ്‌ കൊച്ചീ കടാപ്പുറത്തെ ആപ്പീസിലാണ്‌ പണിയെടുക്കുന്നത്‌. വാളെടുത്തവന്‍ വാളാല്‍ എന്ന പ്രസിദ്ധ ചവിട്ടു നാടകത്തിന്റെ (അതിവിടെ വായിക്കുക) ഫീഡ്ബാക്‌ വായിച്ചുനോക്കാന്‍ പോലും നോക്കതെയാണ്‌ അന്നമാവന്‍ ഓടിപ്പോയത്‌... തിരിച്ചിംഗ്‌ ബാങ്ക്ലൂരിലോട്ട്‌ എന്ന് വരുമെന്നൊ, എന്തിനു വരുമെന്നോ ആരോടും പറയാതെ... തന്റെ സ്വന്തം മാരുതി കാറില്‍.

പതുക്കെ, ഞങ്ങളെല്ലാരും അങ്ങനൊരാളുടെ കാര്യം മറന്നുതുടങ്ങി. മാസം ആറ്‌ പേരിട്ടിരുന്ന വാടക അഞ്ച്‌ പേര്‌ ഇടണമെന്ന ഒരൊറ്റ കാര്യം മാത്രം എല്ലാവരെയും ആന്റപ്പനെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചു.

അങ്ങനെ മഴപെയ്യും, പെയ്യോ? പെയ്തെങ്കില്‍... എന്നും പറഞ്ഞിരിക്കുന്ന ഒരു സയാഹ്നം... നമ്മുടെ പക്രുവിനൊരു കൊള്ളിയാന്‍ മിന്നി...

"നമ്മുടെ ആന്റപ്പനെ ഒന്നു വിളിച്ചാലോ...?"

വേറെ ആര്‍ക്കും തോന്നാതിരുന്ന ആ ഒരു സ്നേഹം കന്റില്ലാ എന്ന് നടിക്കാന്‍ അവിടെ ഉണ്ടായിരുന്ന ശശിക്കും, ദിവാരനും കോമളനും പറ്റിയില്ല.

"ശരിയാ... നീ വിളിയെടാ മ്മടെ ആമ്മാവനെ..." കോമളന്‍ പറഞ്ഞു.

പക്രു വേഗം മൊഫെയില്‍ എടുത്ത്‌ അമ്മാവന്റെ നമ്പര്‍ ഡയലി.

........

നോ റെസ്പോണ്‍സ്‌. ഫോണ്‍ റിങ്ങുന്നുല്ല.

പലതവണ നോക്കി... തധൈവ.

അപ്പൊഴാണ്‌ അമ്മാവന്‍ തന്നിട്ടുള്ള ആള്‍ട്ടര്‍നേറ്റ്‌ ഫോണ്‍ നംബര്‍ ഡയലാന്‍ പക്രുവിന്‌ തോന്നിയത്‌.

"റ്റ്രിംഗ്‌.... റ്റ്രിംഗ്‌.... റ്റ്രിംഗ്‌... "

"എടാ കോപ്പെ.. ആ സ്പീക്കര്‍ ഓണാക്കെടാ..." കോമളന്‍ പക്രുവിനോടാക്രോശിച്ചു.

ആ ഡയലോഗ്‌ അത്രക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും, പക്രു ലൗഡ്‌ സ്പീക്കര്‍ ഓണാക്കി. ആഴം കാണാത്ത കിണറ്റിലേക്ക്‌ കല്ലെറിഞ്ഞിട്ട്‌, ശബ്ധം കേള്‍ക്കാന്‍ നിക്കുന്ന പോലെ നാല്‌ തലകള്‍ ഫോണിനെ ലക്ഷ്യമാക്കി നിന്നു.

മറുതലക്കല്‍ ഫോണ്‍ എടുത്തതും, പക്രു...

"അമ്മിണീ.... അമ്മിണീ.... സുഖാണോ അമ്മിണീ..."

നിശബ്ദത....

"മോനേ അമ്മിണീ... ചക്കരകുട്ടാ നീ എന്താടാ മിണ്ടാത്തേ..."

വീണ്ടും നിശബ്ദത....

പക്രു ഭാഷ ചെറുങ്ങനെ ഒന്ന് മാറ്റി...

"ഹലോ... ഇസ്‌ തിസ്‌ ആന്റപ്പന്‍?"

പെട്ടന്ന് മറുതലക്കല്‍ നിന്നും...

"ഹലോ... ആരെയാ വേണ്ടത്‌?"

ആ ശബ്ധം ആന്റപ്പന്റെ മെഗാബാസ്‌ അല്ലെന്ന് മനസ്സിലാക്കിയ പക്രു...

"ആ.. ആന്റപ്പന്‍....?"

"ങാ അവന്‍ ബാങ്ക്ലൂര്‍ക്ക്‌ വണ്ടി കേറിയിട്ടുണ്ടല്ലോ...ഞാന്‍ അവന്റെ ഡഡിയാ മോനേ. അല്ലാ, എന്താ മോന്റെ പേര്‌?"

"അതുപിന്നെ അങ്കിളേ... ഞാന്‍ കോമളനാ... ചുമ്മാ വിളിച്ചതാ... എന്നാ ശരി അങ്കിളെ"

ക്ടക്‌!

ആ ഡയലോഗ്‌ കേട്ടതും അതുവരെ മോളിലോട്ട്‌ വായും പൊളിച്ച്‌ ആന്റപ്പന്റെ ശബ്ദം കേള്‍ക്കാന്‍ നിന്ന കോമ്മളന്‍ വായടച്ചു.

എന്നിട്ട്‌ തുറന്നു...

"എടാ തെണ്ടി പട്ടി -- --- ----- --- മോനെ.... നീ എനിക്കിട്ട്‌ പണിയും അല്ലെടാ.... ---- ----- "

ഇതൊന്നുമറിയാതെ കല്ലട റ്റ്രാവല്‍സില്‍ നാലാം നമ്പര്‍ സീറ്റില്‍ അടുത്തിരിക്കുന്നത്‌ പെണ്‍കുട്ടിയാവാനുള്ള പ്രാര്‍ഥന വേയ്സ്റ്റായ ദുഖത്തില്‍ പുറത്തേക്ക്‌ തലയും തൂക്കി ഇരുന്ന ആന്റപ്പന്‌ ഡാഡിയുടെ കോള്‍...

"ഡാ... നിന്റെ കൂട്ടുകാരന്‍ കോമളന്‍ വിളിച്ചിരുന്നു..."

"ആണോ.. എന്തിനാ വിളിച്ചേ?"

"എനിക്കൊന്നേ നിന്നോട്‌ പറയാനുള്ളൂ മോനേ... ചീത്ത കുട്ടുകെട്ടുകളില്‍ പോയി പെടരുത്‌. ഇങ്ങനെയുള്ളവരുമായി ഇടപഴകുന്നത്‌ നല്ലതിനല്ല. ഒരച്ഛനെന്ന നിലയില്‍ ഇത്രയേ എനിക്ക്‌ പറയാന്‍ പറ്റൂ... നിന്നെ നീ തന്നെ സൂക്ഷിക്കുക."

ക്ടക്‌!