Thursday, April 23, 2009

വിഷുക്കെണി!

തനിക്ക്‌ വേണ്ടി പെണ്ണിനെ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന കോമളനെ സേത്തുവിന്‌ ദൈവത്തെപ്പോലെ തോന്നി. ഇന്നത്തെക്കാലത്ത്‌ ഇങ്ങനെയൊക്കെ സഹായിക്കുന്ന ഒരു സുഹൃത്തിനെ കിട്ടിയത്‌ തനെ മഹാഭാഗ്യമാണെന്നവന്‍ വിശ്വസിച്ചു.

കൊച്ച്‌ അങ്ങ്‌ മുംബയില്‍ വലിയൊരു സോഫ്റ്റ്‌ വെയര്‍ കമ്പനിയിലാണ്‌ ജോലിചെയ്യുന്നതെന്ന് കേട്ടപ്പൊഴേ സേത്തുവിന്‌ കോമളന്‍ കൊണ്ടു വന്ന അലോജന നന്നേ ബോധിച്ചു. തന്നെപ്പോലെ തന്നെ സമൂഹിക മൂല്യങ്ങളെ മോളിലോട്ട്‌ ഉയര്‍ത്തി പിടിക്കുന്ന സ്വഭാക്കാരി ആയിരിക്കും അവളെന്ന് സേത്തു ആഗ്രഹിച്ചു.

അതെ... പ്രകൃതിയുടെ താളത്തിനൊത്ത്‌ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടി തന്നെയായിരിക്കും അവള്‍. വയറ്റില്‍ പിഴപ്പിനു വേണ്ടി സ്വന്തം ശരീരത്തില്‍ വന്ന് ചോരയൂറ്റി കുടിക്കുന്ന പാവം കൊതുകിനെ, "മതിയാവോളം കുടിച്ചോളൂ.. കുറച്ച്‌ വേണമെങ്കില്‍ വീട്ടിലേക്കും കൊണ്ടോക്കോളൂ" എന്ന് പറഞ്ഞ്‌ നോക്കിയിരിക്കുന്ന സ്വഭാവമുള്ളവള്‍. വൈകീട്ട്‌ കണവന്‍ കൂടയണയുന്നതും നോക്കി പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തി പൂതിങ്കളും, ചൊവ്വയും ഒക്കെ ആയി നില്‍ക്കുന്നവള്‍. ഞാന്‍ വീടണയുമ്പൊഴേക്കും എനിക്കായി ചായയും, റസ്ക്കും, പാര്‍ളെ-ജി യും കൊണ്ടു വന്ന് തരുന്നവള്‍. "കണ്ടൊ... കണ്ടോ... ഷൂവൊക്കെ ഇവിടെയാ വെക്ക്യാ?" എന്ന് ചോദിച്ച്‌ എന്റെ ഷൂ ഊരി വെക്കുന്നവള്‍, എനിക്കിഷ്ടമുള്ള മീന്‍ അവിയല്‍ ഉണ്ടാക്കുന്നവള്‍...

അങ്ങിനെ സേത്തുവിന്റെ ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഒന്നിനുപിറകേ ഒന്നായി വന്നുകൊണ്ടിരുന്നു.

"ഡാ, നീ ഉറങ്ങിയോ, ദേ ആ കൊച്ചിന്റെ ഫൊട്ടോ കിട്ടിയിട്ടുണ്ട്‌..."

അഛന്റെ ശബ്ദം കേട്ടാണവന്‍ കണ്ണ്‍ തുറന്നത്‌...

"ഓ... അതവിടെ വച്ചേക്കൂ അച്ഛാ.. പിന്നെ നോക്കാം..." എന്ന് പറഞ്ഞ്‌, ഒട്ടും താല്‍പര്യമില്ലാത്ത പോലെ അവന്‍ തിരിഞ്ഞു കിടന്നു...

അച്ഛന്‍ തിരിച്ച്‌ നടന്ന് വാതിലടക്കുന്ന ശബ്ദം കേട്ടതും, സേത്തു ആസനത്തില്‍ ഷോക്കേറ്റപോലെ ചാടീണീറ്റ്‌, ഫോട്ടോയുടെ മേലേക്ക്‌ കമഴ്‌ന്നടിച്ച്‌ വീണു...

പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ... അതിലെ നാല്‌ വശങ്ങള്‍ക്കുള്ളില്‍ നിന്നും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ അവനവളുടെ സൗന്ദര്യം ആസ്വദിച്ചു... ഒരു ചെമ്പകപ്പൂപൊലെ അവളുടെ മുഖം...

സേത്തുവിനവളെ ക്ഷ പിടിച്ചു. ഇനിയൊന്നും നോക്കാനില്ല. ഇവള്‍ തന്നെ എന്റെ സഹധര്‍മ്മിണി. കോമളാ, നീയാണെടാ യധാര്‍ത്ത ഫ്രണ്ട്‌!

"അച്ഛാ, എനിക്ക്‌ പെണ്ണാലോജിച്ച്‌ ബുദ്ധിമുട്ടാന്‍ നിങ്ങളെയാരെയും ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ടു തന്നെ എനിക്കൊന്നും നോക്കനില്ല, നിങ്ങള്‍ കാണിച്ചു തരുന്ന കുട്ടിയെ ഞാന്‍ കണ്ണടച്ച്‌ കെട്ടും... നാളെ തന്നെ അവരോട്‌ സമ്മതം പറഞ്ഞേക്കൂ...."

അങ്ങിനെ സേത്തു അവളെ കാണാന്‍ ഒരുങ്ങി... സ്വന്തം സുഹൃത്തുക്കള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ അവന്‍ സ്വന്തം ശരീരത്തിന്റെ പരിമിതികള്‍ മറന്നു. അരവണപ്പായസത്തിനെ നിറമുള്ള സ്വന്തം ശരീരത്തിനെ പാല്‍പായസത്തിനെ നിറമാക്കാന്‍ അവനാഗ്രഹിച്ചു. എന്തിനധികം, കണ്‍തടങ്ങളിലെ കറുപ്പ്‌ മാറ്റാന്‍ പോലും അവന്‍ ആഗ്രഹിച്ചു...

കിട്ടിയ ഷര്‍ട്ടും, പാന്റും, പട്ടി ബെല്‍റ്റ്‌ പോലൊരു ബെല്‍റ്റും, പതിറ്റാണ്ടുകളായി അവന്റെ പാപങ്ങളേറ്റു വാങ്ങുന്ന ഷൂവും കളഞ്ഞ്‌ മൊഡേണാവാന്‍ അവനാഗ്രഹിച്ചു.

ഏപ്രില്‍ 11,വിഷുവിന്‌ മുന്നത്തെ ഞായറാഴ്ച്ച. അന്നാണവന്‍ അവളെ കാണാന്‍ പോകുന്നത്‌. ഒറ്റക്ക്‌ പോയി കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതിനാല്‍ കൂട്ടിന്‌ അച്ഛനും, അമ്മയും, ചേച്ചിമാരും, അമ്മവന്മ്മാരും, അവരുടെ മക്കളും അടങ്ങിയ ചെറിയൊരു ഗ്യാങ്ങ്‌ ആയിട്ടാണ് പോകുന്നത്‌.

എന്തുകൊണ്ടാണെന്നറിയില്ല, രാവിലെ മുതല്‍ സേത്തുവിന്‌ വല്ലാത്തൊരു ടെന്‍ഷന്‍. നാണവും, ഭയവും, ആകാംക്ഷയും എല്ലാം കൂടി ഇളകിമറഞ്ഞ്‌ അവിയലായി അവന്റെ നെഞ്ചില്‍ വയറിളക്കമുണ്ടാക്കി.ഗ്രഹിണി പിടിച്ചവന്‌ ബിരിയാണി കിട്ടിയ അവസ്ഥ.

അങ്ങിനെ സേത്തുവും കൂട്ടരും കുട്ടിയുടെ വീട്ടിലെത്തി. കൊള്ളാം, നല്ല വീട്‌. കാര്യം പ്രകൃതിയെ വേദനിപ്പിക്കുന്ന മട്ടിലാണ്‌ നിര്‍മ്മിതിയെങ്കിലും ചുറ്റുമുള്ള ആവാസ വെവസ്ഥക്ക്‌ കാര്യമായി കോട്ടം തട്ടിയിട്ടില്ല. പിന്നിലേക്ക്‌ ഒരുപാട്‌ പറമ്പുണ്ടെന്ന് തോനുന്നു. ഒറ്റ മകളായതിനാല്‍, സേത്തു അതിലൊരു ഭാഗം മനസില്‍ കണ്ടു...

ചായയും, പരിപ്പുവടയും, ആലുവയും, ഉപ്പേരിയുമൊക്കെ നിറഞ്ഞ ടീപ്പോയ്കരികില്‍ തന്നെ, വിയര്‍പ്പുതുടക്കാന്‍ കര്‍ച്ചീഫുമേന്തി സേത്തു ഇരുന്നു.

അവളിപ്പോ വരും... ഫോട്ടോയിനേക്കാള്‍ സുന്ദരിയായിരിക്കുമോ? ഞാനവളുടെ അടുത്ത്‌ നിന്നാല്‍ "നിലവിളക്കിനടുത്ത്‌ കരിവിളക്ക്‌ വെച്ചപോലെ"(കട്‌: ശ്രീനിവാസന്‍) ആകുമോ.. എന്നൊക്കെയുള്ള നാനാവിധമുള്ള ചിന്തകള്‍ അവനെ പരിപ്പുവടയില്‍ നിന്നും, ശര്‍ക്കരയുപ്പേരിയില്‍ നിന്നും അകറ്റി നിര്‍ത്തി.

കുട്ടിക്കുപ്പയമിട്ട്‌ മന്ദിരചേച്ചി സോഫായില്‍ ഇരിക്കുന്നപോലെ, കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച്‌, അതിനുമുകളില്‍ കയ്കള്‍ രണ്ടും കൂട്ടിപ്പിടിച്ച്‌ സേത്തു ഇരുന്നു.

"മൊളേ... ചായ കൊണ്ടുവരൂ...." പെണ്ണിന്റെ അച്ഛന്‍ അത്‌ പറഞ്ഞതും, സേത്തുവിന്റെ ഹൃദയം എന്തെരെല്ലോ വികാരങ്ങളാല്‍ ശ്വാസം മുട്ടി.

"ച്‌ലിം... ച്‌ലിം.... ച്‌ലിം..." അവളുടെ പാദസരങ്ങള്‍ കിലുങ്ങുന്ന പോലെ അവനു തോന്നി... ബാക്‌ ഗ്രൗണ്ടില്‍ "നിലാവിന്റെ പൂങ്കാവില്‍.. നിശാഗന്ദ്ധി പൂത്തു..." എന്നു തുടങ്ങുന്ന ഒരു പാട്ടവന്‍ കേട്ടു...

സേത്തു തലയുയര്‍ത്തി അവളെ നോക്കി...

ആ കാഴ്ച്ച അവന്റെ തള്ളിവന്ന കണ്ണുകള്‍ക്ക്‌ പോലും കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല....

ഉരുള്‍പൊട്ടലില്‍ ഉരുണ്ടുവന്ന രണ്ട്‌ ഉരുളന്‍ കല്ലുകള്‍ കൂടിച്ചേര്‍ന്നൊരു ശരീരം! ബിന്ദു പണിക്കരും കല്‍പനയും ഒന്നായപോലെ...

അയ്യപ്പന്‍ വിളക്കിന്‌ കുരുത്തോല വിരിക്കുന്ന പോലെ ശരീരമാസകലം സ്വര്‍ണ്ണമയം!

മൂക്കിനു താഴെയുള്ള ഭാഗം മുറിച്ചെടുത്തപോലെ തോന്നിക്കുന്ന കടും ചുവപ്പ്‌ ലിപ്സ്റ്റിക്‌!

സേത്തുവിനാ കാഴ്ച്ച സഹിക്കാനായില്ല! ഞാന്‍ എന്നും സ്വപ്നം കണ്ട ആ സുന്ദരിയോ ഈ നില്‍ക്കുന്നത്‌? അതെങ്ങിനെ? ഫോട്ടോയില്‍ കണ്ടപ്പോള്‍ ഇങ്ങനെയല്ലായിരുന്നല്ലോ? ചെമ്പകപ്പൂ.....??? സേത്തുവിനൊരായിരം സംശയങ്ങള്‍... ഈ ഹിടുംബിയെ കെട്ടാന്‍ എനിക്കാവില്ല. പക്ഷേ ഇനിയെങ്ങിനെ ഒഴിയും? എല്ലാം ഏതാണ്ടുറച്ച പോലെയായില്ലെ...

അമയം വൈകിപ്പോയിരിക്കുന്നു എന്നവന്‌ മനസിലായി.

അങ്ങിനെ എല്ലാം പറഞ്ഞുറപ്പിച്ച്‌ തിരിച്ചുവരുമ്പോള്‍ സേത്തു പോകറ്റിലിരുന്ന ഫോട്ടോ എടുത്ത്‌ നോക്കി...

പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തന്ന് തന്നെ വിദഗ്‌ധമായി പറ്റിച്ച ഭാവി അമ്മയിയപ്പന്‌ മനസില്‍ ഒരായിരം പ്രാക്കലുകളേകിക്കൊണ്ട്‌ അവനാ ഫോട്ടോയില്‍ നോക്കി മന്ദഹാസം പൂകിക്കൊണ്ട്‌ പറഞ്ഞു,

"ഹും, അവളിത്തിരി തടിച്ചിയാണെങ്കിലെന്താ, ഞാനും ഇത്തിരി തടിച്ചാ പോരേ...?"

-------------

അന്ന് വൈകീട്ട്‌ സേത്തുവിന്‌ കോമളന്റെ കോള്‍...

കോ:"ഡാ സേത്തു.. എന്തായി? പെണ്ണിനെ ഇഷ്ടായോ? എനിക്കറിയാം നിനക്കിഷ്ടാവുമെന്ന്..."

സേ : "ഉം... നീ ഇവളെ മുന്‍പ്‌ കണ്ടിട്ടുള്ളതല്ലേ?"

കോ : "പിന്നില്ലാതെ... ഞാന്‍ ദേ കഴിഞ്ഞയാഴ്ചകൂടി അമ്പലത്തില്‍ വെച്ച്‌ കണ്ടതല്ലേ... എന്തേ?"

സേ : "ഏയ്‌... ഒന്നുമില്ലെടാ... നല്ല അടക്കവും, 'ഒതുക്കവുമുള്ള' കുട്ടി. നിന്റെ സെലക്ഷന്‍ എനിക്കിഷ്ടായി. ഞാനെന്നും ഇതിന്‌ നിന്നോട്‌ കടപ്പെട്ടിരിക്കും ഡാ..."

കോ : "ഓ... ഇതൊക്കെയെന്ത്‌. നമ്മള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ കടപ്പാടൊന്നും പാടില്ല ഡ. ഡാ, പിന്നേയ്‌, എനിക്കീയാഴ്ച്ച ഒരു പെണ്ണിനെ കാണാന്‍ പോണം... നീ കൂടെ വരുമോ?"

പെട്ടെന്ന് മനസിലെന്തോ കണക്കുകൂട്ടിയ പോലെ, പ്രതികാരത്തിന്റെ മണമുള്ള സ്വരത്തില്‍ സേത്തു പറഞ്ഞു...

"യെസ്‌... ഞാന്‍ വന്നിരിക്കും..!"

4 comments:

Darz said...

ശരിക്കും ഒരു കെണി തന്ന..!!!

Anonymous said...

കൊള്ളാം.

abhi said...

കലക്കി...

ഇതിനു ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ ?

Ashly said...

കലക്കി !!!!!! രണ്ടാം പാര്‍ട്ട്‌ വേഗം പോസ്റൂ