Friday, December 26, 2008

പുഷ്പസ്വപ്നങ്ങളും, പാര്‍ശ്വഫലങ്ങളും.

കുറച്ച്‌ കാലമായി പുഷ്പന്‍ പകല്‍ നേരം ശാന്തനും, രാത്രി കാലങ്ങളില്‍ ഉറക്കത്തിനിടയില്‍ വാചാലനുമായി കണ്ടു വരുന്നു.

ഗാഢമായ ഉറക്കത്തിനിടയില്‍, "ങൂര്‍... ഘൂര്‍..." എന്ന താളാത്മകമായ ബാഗ്രൗണ്ട്‌ മൂസിക്കുമിട്ട്‌, "അള്ളാ പടച്ചോനേ..." എന്നും, "നീയില്ലാതെ ഞാനില്ലല്ലോ" എന്നും, "സി ഷാര്‍പ്പിനിടയില്‍ സി++ എഴുതല്ലേഡാ" എന്നും മറ്റുമുള്ള പുഷ്പന്റെ ഡയലോഗുകള്‍ കേട്ടതിനു സാക്ഷികളാണ്‌ ശശിയും, ദിവാരനും.

ഇതൊന്നുമല്ല, രാത്രിയുടെ നാലാം യാമങ്ങളില്‍ സ്ത്രീ ശബ്ദത്തില്‍ പുഷ്പന്‍ പാട്ടുപാടാറുണ്ടെന്നും, കണ്ണ്‍ തുറക്കാതെ ബാത്രൂമില്‍ പോയി, ഒന്നും നടത്താതെ തിരിച്ചു വന്ന് കിടക്കാറുണ്ടെന്നും മറ്റുമുള്ള ശശിയുടെ ആക്ഷേപങ്ങള്‍ തെളിവില്ലാത്തതിനാലും, സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനാലും പുഷ്പന്‍ വിശ്വസിച്ചിട്ടില്ല.

രാവിലെ പുഷ്പനോട്‌ ചോദിച്ചാല്‍, "പോഡാ... ഞാനോ? ചുമ്മാ പുളുവടിക്കല്ലേ..." എന്നോ, അല്ലെങ്കി "അത്‌ ഫൂഡ്‌ അടിക്കാത്തോണ്ടാവും" എന്നൊക്കെ പറഞ്ഞ്‌ ആശാന്‍ തടിയൂരും.

അങ്ങിനെ നടന്ന ഒരു ഡയലോഗും("സാരമില്ലാ... എല്ലാം ശരിയാവും..." എന്നാണാ ഡയലോഗ്‌ എന്ന് ദിവാരന്‍ പറയുന്നു.),അതിന്റെ പിന്നിലെ "ഫ്ലാഷ്‌ ബാക്കും", അത്‌ കഴിഞ്ഞുണ്ടായ "ക്ലൈമാക്സും" ആണ്‌ താഴെ വിവരിക്കുന്നത്‌.

-----------------------------

മാരുതി നഗറിലെ ഏതോ ഒരു എമണ്ടന്‍ ലേഡീസ്‌ ഹോസ്റ്റലിന്റെ ഒത്ത നടുക്കാണ്‌ പുഷ്പനപ്പോള്‍ നില്‍ക്കുന്നത്‌. അവിടെ എങ്ങിനെ, എന്തിന്‌ എത്തിയെന്നൊന്നും ചോദിക്കരുത്‌. അതാണ്‌ ഫ്സ്റ്റ്‌ സീന്‍.

പുഷ്പന്‍ അദൃശ്യനായിരുന്നു. അവന്‍ പതിയെ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കൂടി നടന്നു.

വാതിലുകളും, ചുമരുകളുമെല്ലാം ചില്ലുകൊണ്ടുണ്ടാക്കിയത്‌.

പെണ്‍കുസുമങ്ങള്‍ പലരും പല ജോലികളിലേര്‍പ്പെട്ടിരിക്കുന്നു...

ചിലര്‍ പഠിക്കുന്നു... ചിലര്‍ പാട്ട്‌ കേള്‍ക്കുന്നു... ചിലര്‍ കുളിക്കുന്നു... ചിലര്‍ വായും പൊളിച്ച്‌ മാനത്തേക്ക്‌ നോക്കിയിരിക്കുന്നു.

കാണാത്തത്‌ കണ്ടതിനേക്കാള്‍ മനോഹരം എന്ന ഓള്‍ഡ്‌ സേയിങ്ങില്‍ വിശ്വസിച്ച്‌ അവന്‍ മുന്നോട്ട്‌ നടന്നു. പെട്ടെന്നൊരു മുറിയില്‍ രണ്ട്‌ കുസുമങ്ങള്‍ സംസാരിക്കുന്നതവന്‍ കേട്ടു...

"എന്റെ എഡീ... അവള്‍ക്കാ പുഷ്പനെ തന്നെ മതീന്നും പറഞ്ഞ്‌ നടക്കുാ ഡീ... അവനല്ലാതെ വേറൊരുത്തനേം വേണ്ടെന്ന്."

"ഹും! അങ്ങോട്ട്‌ ചെന്നേച്ചാ മതീ. അവള്‍ക്കിപ്പോ കിട്ടും. ഈ ഹോസ്റ്റലിലെ ഭൂലോക സുന്ദരിമാര്‍ മുഴുവനും അവന്റെ പിന്നാലെയാ. അപ്പൊഴല്ലേ അവള്‍ക്കവനെ കിട്ടാന്‍ പോകുന്നത്‌..."

ഇതൊക്കെയെന്ത്‌... എന്ന മട്ടില്‍ കേട്ടതൊന്നും മൈന്‍ഡാക്കാതെ പുഷ്പന്‍ നടന്നു...

പെട്ടെന്നതാ ഇടനാഴിയിലെ ഒരു ജനാലയരികില്‍ താഴേക്ക്‌ നോക്കി വിങ്ങുന്ന ഒരു സുന്ദരി...

ആക്സ്‌ ഡിയോഡറന്റ്‌ പരസ്യം പോലെ അവള്‍ പെട്ടെന്നൊരു വശം വലിഞ്ഞ്‌ പുഷ്പന്റെ തോളിലേക്ക്‌ ചാഞ്ഞു...

അവളുടെ തോളില്‍ തട്ടിക്കൊണ്ടവന്‍ പറഞ്ഞു,

"സാരമില്ലാ... എല്ലാം ശരിയാവും..."

അവള്‍ അവനൊരുമ്മ കൊടുത്തിട്ട്‌ "താങ്ക്സ്‌" ന്നും പറഞ്ഞ്‌ മാഞ്ഞു പോയി.

അവന്‍ പിന്നേം നടന്നു...

അടുത്ത മുറിയില്‍ ഒരു സുന്ദരി കറുത്ത കോട്ടും സൂട്ടുമിട്ട്‌, ഇടത്‌ കൈ ലാപ്‌ ടൊപ്പില്‍ ഞെക്കി, വലതു കൈകൊണ്ട്‌ പൊറോട്ട വലിച്ചു പറച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്ത്‌ ഒരു ഡബിള്‍ ഓംലെറ്റ്‌.

പുഷ്പന്‍ ആ ഒംലെറ്റ്‌ അവളറിയാതെ എടുക്കാന്‍ പോകുന്നു. അവളുടെ ലാപ്‌ ടൊപ്പിന്റെ സ്ക്രിനില്‍ അവന്റെ പല പല ചിത്രങ്ങള്‍ സ്ലൈഡ്‌ ഷോ ആയി വന്നുകൊണ്ടിരുന്നു....

കയ്യില്‍ ഓംലെറ്റുമായി അവന്‍ പുറത്തിറങ്ങി നടന്നു.

അതാ അവിടുത്തെ നോട്ടീസ്‌ ബോര്‍ഡില്‍ ആ ഹോസ്റ്റലിലെ എല്ലാ പെണ്‍കുട്ടികളുടെയും പേരും, ഫോണ്‍ നമ്പറും.

"കൊള്ളാം... ഹോസ്റ്റലായാല്‍ ഇങ്ങനെ വേണം" പുഷ്പന്‍ മനസിലോര്‍ത്തു.

അവന്‍ കോണിപ്പടികളിറങ്ങി...

പെട്ടെന്നതാ മുന്നില്‍ മുഖം മൂടിയ ഒരുത്തന്‍...

"ഹെന്ത്‌... ലേഡീസ്‌ ഹോസ്റ്റലില്‍ ആണുങ്ങളോ..." എന്ന് കരുതി അവനെ തല്ലാനോങ്ങിയ പുഷ്പന്‍ കണ്ടത്‌ തന്റെ നേര്‍ക്ക്‌ ചൂണ്ടിയ തോക്കുമായി അയാള്‍ പാഞ്ഞടുക്കുന്നതാണ്‌.

എല്ലാ പെണ്‍ കുസുമങ്ങളും അലമുറയിട്ട്‌ കരയുന്നു...

"പുഷ്പേട്ടാ... രക്ഷിക്കൂ... രക്ഷിക്കൂ..."

ആ മുഖം മൂടി തീവ്രവാദികളാണെന്ന് മനസ്സിലാക്കാന്‍ അവനധികം ടൈം വേണ്ടി വന്നില്ല...

"പുഷ്പേട്ടാ... ഞങ്ങളെ ഇവര്‍ കൊല്ലും... രക്ഷിക്കൂ..."

ആ കരച്ചില്‍ പുഷ്പന്‌ താങ്ങാനായില്ല.

തനിക്കു നേരേ വന്ന വെടിയുണ്ടകള്‍ കയ്കൊണ്ട്‌ പിടിച്ചെടുത്ത്‌ ജീരകമിഠായി തിന്നുന്ന പോലെ അവന്‍ തിന്നു.

അവനു നേരേ തൊടുത്തു വിട്ട മിസൈല്‍ അവന്‍ കക്ഷത്തിനിടയില്‍ ജാമാക്കി പിടിച്ചു വെച്ചു. മറ്റേ കയ്കൊണ്ട്‌ ബാക്കിയുള്ള ഓംലെറ്റ്‌ തിന്നുതീര്‍ത്തു.

പെട്ടെന്നതാ തനിക്കുനേരേ അമ്പും, കുന്തങ്ങളും പറന്നു വരുന്നു...

"ങേ... തീവ്രവാദികള്‍ അമ്പും വില്ലുമൊക്കെ കൊണ്ടുനടക്കുമോ...?"

അതാലോചിച്ച്‌ വന്നപ്പൊഴേക്കും ആ പാവം പെണ്‍ പൈതലുകളുടെ കൂട്ടക്കരച്ചില്‍ പുഷ്പന്റെ ചോരയെ തിളപ്പിച്ചു....

മുന്നില്‍ തന്റെ നേര്‍ക്ക്‌ പാഞ്ഞുവരുന്ന ഒരു തീവ്രവാദി...

കൈമുട്ടുകള്‍ മടക്കി, കാലുകള്‍ അകത്തി വെച്ച്‌ പുഷ്പന്‍ അവനെ നേരിടാനൊരുങ്ങി.

അവനടുത്തെത്തിയതും, "ജീവിക്കാന്‍ സമ്മതിക്കില്ലേഡാ പട്ടീ..." എന്നലറിക്കൊണ്ട്‌, തന്റെ കൈമുട്ടുകള്‍ ശരവേഗത്തില്‍ ശത്രുവിന്റെ മുഖത്തേക്ക്‌ പുഷ്പന്‍ ആഞ്ഞടിച്ചു...

"ഡിഷ്യും!"

.............

പെട്ടെന്ന് കറന്റു പോയപോലെ...

കണ്ണു തുറന്നു നോക്കിയപ്പോള്‍ സ്വന്തം താടിയെല്ലിന്റെ ബേസ്‌മന്റ്‌ ഇളകിയോ എന്ന് പിടിച്ച്‌ നോക്കുന്ന ദിവാരനേയും, "പട്ടീ.. ഏത്‌ ലോകത്താഡാ നീ..." എന്ന അവന്റെ ഡയലോഗുമാണ്‌.

പുഷ്പന്‍ തേങ്ങ കൊപ്രയായോ എന്ന് കുലുക്കി നോക്കുന്നപോലെ തല ഒന്നിളക്കിയിട്ട്‌ അലോജിച്ചു...

ഒന്നുമറിയാത്ത പോലെ, പുതപ്പ്‌ വലിച്ചുകേറ്റി ഉറക്കം തുടര്‍ന്നു.

5 comments:

Ashly said...

പുഷ്പനില്‍ ബെര്‍ലി കയറീ!!!!
ബെര്‍ലി എഫ്ഫെക്‍റ്റ് ഇന്‍ പുഷ്പന്‍!!!! Ask him to stay away from ബെര്‍ലി പുലി

ഉപാസന || Upasana said...

right..!
:-)

smitha adharsh said...

ഹ്മം..ഞാനപ്പടി വിശ്വസിച്ചു..!

നരിക്കുന്നൻ said...

കൊള്ളാം.
പുഷ്പൻ ഒരു പുലിതന്നെ.

ആനക്കാട്ടില്‍ ചാക്കോച്ചി said...

haha ith thakarthu...
aa samayath pakshe aara current off cheithath? ;-)
divarante kaikal ennittu eppazha pushpante kazhuthil ninnum viduvichath?