കോമളന് ഇലാസ്റ്റിക് ട്രൗസറുമിട്ട്, ഇലാസ്റ്റിക്ക് കൊണ്ട് കെട്ടിയ പുസ്തകക്കെട്ടുമായി, ഇലാസ്റ്റിസിറ്റിയുള്ള മൂക്കട്ടയും ഒലിപ്പിച്ച് ഇസ്കൂളില്‍ പോയിരുന്ന കാലം.
മഴക്കാലമല്ലേ... ജലദോഷം സാധാരണയെന്ന് കരുതി ഇസ്കൂളിലേക്ക് പറഞ്ഞുവിട്ടിരുന്ന കോമളന്റെ അമ്മ ദിവസങ്ങള്‍ കഴിയുംതോറും ആവലാദിപ്പെട്ടു തുടങ്ങി. കോമളന്റെ ജലദോഷം മാറുന്നില്ല! മൂക്കൊലിപ്പ് മണ്ണൊലിപ്പിനേക്കാളും ശക്തമായി തുടരാന്‍ തുടങ്ങി. വര്‍ഷക്കാലം കഴിഞ്ഞിട്ടും കോമളന്റെ മൂക്ക് ഒലിച്ചുതന്നെ ഇരുന്നു. കാണാത്ത ഡോക്ട്ടര്‍മാരില്ല... വൈദ്യന്മാരില്ലാ... കഴിക്കാത്ത മെഡിസിനില്ല, മരുന്നുകളില്ലാ...
കോമളന്റെ വീട്ടിലാകെ ആധിയായി. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ദിവസം കോമളന്റെ ഒരമ്മാവന്‍ പുതിയ ഒരു ഐഡിയയുമായി വന്നത്... "കോമളന്റെ ജാതകം ഒന്ന് നോക്കാം... ചിലപ്പോ സമയത്തിന്റെ വല്ലതുമാണെങ്കിലോ...?"
പിറ്റേന്ന് തന്നെ കോമളന്റെ വീട്ടില്‍ പണിക്കരെത്തി. പലകയും, കവടിയും നിരത്തി വാ പൊളിക്കാന്‍ തുടങ്ങി...
"കുട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ഇപ്പോ പ്രശ്നങ്ങളൊന്നൂല്യാ... ന്നാലും ജലദോഷം വിട്ട് മാറണില്യാ ന്നല്ലേ പറഞ്ഞത്.... ന്നൂടെ നോക്കട്ടെ..."
പണിക്കര്‍ എന്തോ ഗാഢമായി അലോജിക്കുന്ന പോലെയിരുന്നു. എന്നിട്ട് പറഞ്ഞു...
"ഉം... കുട്ടിക്ക് ജലത്തിന്റെ ദോഷം ഉണ്ട്."
"അതറിയാം പണിക്കരേ.. അതോണ്ടല്ലേ നിങ്ങളെ വിളിപ്പിച്ചത്." കോമളന്റെ അമ്മാവന്‍.
"അതല്ലാ ഞാന്‍ പറഞ്ഞത്. ശ്രദ്ദിക്യാ... ജലം എന്ന പ്രകൃതി ശക്തിക്ക് ഈ കുട്ട്യോട് ഒരു പ്രത്യേക ആകര്‍ഷണം ഉണ്ട് ന്നാണ് കാണുന്നത്. അതോണ്ടന്നേ, കുട്ടിയെ അധികം വെള്ളവുമായിട്ട് അടുപ്പിക്കണ്ടാ... ഈ ജലദോഷം തന്നെ അതിന്റെ ഒരു ലക്ഷണാണേയ്..."
"അപ്പോ പണിക്കര്‍ പറേണത്, ഇനി ഇവനെ കുളിപ്പെക്കേം ഒന്നും വേണ്ടാ നാണോ?" അമ്മാവന്‍.
"അങ്ങിനെയല്ലാ ഞാന്‍ ഉദ്ദേശിച്ചത്. നദിയിലോ, കടലിലോ, ജലാശയങ്ങളിലോ മറ്റോ പോകുമ്പോള്‍ ശ്രദ്ദിക്കണം. ഈ കുട്ടിക്കും വെള്ളത്തില്‍ കളിക്കാന്‍ ശ്ശി ഷ്ടായിരിക്കും."
"പ്രധിവിധി എന്തെങ്കിലും....?"
"ഇതിന് അങ്ങനെ പരിഹാരൊന്നൂല്യ... ശ്രദ്ധിക്ക്യ. അത്രന്നെ!"
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ബാങ്ക്ലൂര്‍ നഗരം:
എല്ലാം മറക്കുന്ന കൂട്ടത്തില്‍ കോമളന്‍ പണ്ട് പണിക്കര്‍ പറഞ്ഞതും മറന്നു കളഞ്ഞു. ഇന്ന് കോമളന്‍ എടുത്താല്‍ പൊങ്ങാത്ത അത്ര ജോലിയുള്ള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിക്കാരനാണ്. മാനസികമായും, സാമ്പത്തികമായും, ശാരീരികമായും എല്ലാം നല്ല രീതിയില്‍ പോകുന്ന സമയം.
അങ്ങിനെയിരിക്കുമ്പോഴാണ് മുറിമേറ്റ്സിന്റെ കൂടെ "മുത്തത്തി" വെള്ളച്ചാട്ടം കാണാന്‍ പോയ കോമളന്റെ കയ്യില്‍ നിന്നും താന്‍ 16000 രൂപാ കൊടുത്ത് വാങ്ങിയ സോണി എറിക്സന്റെ പുത്തന്‍ മൊബെയില്‍ ഫോണ്‍ വെള്ളത്തിലേക്ക് തെറിച്ച് പോയത്. കൂട്ടത്തില്‍ കോമളനും നിലയില്ലാ കയത്തിലേക്കെടുത്ത് ചാടിയെങ്കിലും കൈനീട്ടിക്കൊടുക്കാന്‍ അപ്പോ അവിടെ ഒരുത്തനുണ്ടായത് കൊണ്ട് കോമളന്‍ ഹിസ്റ്ററിയായില്ല.
അപ്പൊഴും പണ്ട് പണിക്കര്‍ പറഞ്ഞത് കോമളനോര്‍ത്തില്ല.
പിന്നീടൊരിക്കല്‍ വേറെ ചില കൂട്ടുകാരുമൊത്ത് കോമളന്‍ ഗോവാക്ക് പോയി. ഗോവന്‍ കടാപ്പുറങ്ങളില്‍ വോളിബോള്‍ കളിച്ചും, വായില്‍ നോക്കിയും നടന്ന കോമളന്‍ പെട്ടന്നാണത് ശ്രദ്ധിച്ചത്... തന്റെ മാലയും വളയും കണ്ണടയും കാണുന്നില്ല! തിരമാലകള്‍ക്കിടയില്‍ ഇക്കിളിയിട്ട് കിടന്നപ്പോള്‍ ഒലിച്ചുപോയത് 2 പവന്റെ മാല, ഇരുമ്പിനെ ഒരു വള, ഒരു കണ്ണട!
എന്നിട്ടും കോമളന്‍ പണിക്കരെയോര്‍ത്തില്ല.
പുതുതായി വാങ്ങിയ 17000 രൂപ വിലയുള്ള സോണി എറിക്സണ്‍ മൊബെയിലുമായി, ചെവിയില്‍ തൂക്കിയ ബ്ലൂടൂത് ഹെഡ്സെറ്റുമായി ദിവാരന്റെ പള്‍സറില്‍ പെണ്ണിനെ കാണാന്‍ പോവുകയായിരുന്നു കോമളന്‍. വഴിക്ക് വെച്ച് മഴ തുടങ്ങി. ബുദ്ധിമാനായ കോമളന്‍ തന്റെ മോബിലും, ഹേഡ് സെറ്റും ഷര്‍ട്ടിന്റെ പോകറ്റിലിട്ട്, പുറത്ത് ജാകറ്റുമിട്ട് യാത്ര തുടര്‍ന്നു, ജാക്കറ്റില്ലേ, നനയത്തില്ലാ എന്ന സമാധാനത്തില്‍. യാത്രക്കൊടുവില്‍ മൊബെയിലെടുത്ത് പെണ്ണിനെ വിളിക്കന്‍ നോക്കിയ കോമളന്‍ കണ്ടത് മിന്നാമിന്നിയെപ്പോലെ മിന്നുന്ന മൊബെയിലിന്റെ ക്യാമറാ ഫ്ലാഷ് ലൈറ്റാണ്. ഇട്ടിരുന്ന ജാകറ്റ് വാട്ടര്‍ പ്രൂഫല്ലായിരുന്നു എന്ന് അപ്പോ കോമളന്‍ തിരിച്ചറിഞ്ഞു. പതിയെ പതിയെ മൊബെയിലിലെ ആ പ്രകാശവും നിന്നു. മറ്റൊരു 17,000 രൂപ പിന്നെയും വെള്ളത്തില്‍.
അന്ന്, അവിടെ വെച്ച് കോമളന്‍ പണിക്കരെ ഓര്‍ത്തു.
"ന്റെ പണിക്കരേട്ടാ.... " കോമളന്‍ അറിയാതെ വിളിച്ചു.
ആ ആഴ്ച്ച തന്നെ നാട്ടില്‍ പോയി പണിക്കരെ കാണാന്‍ കോമളന്‍ മറന്നില്ല. ചെലവിനായി കുറച്ച് കാശും കൊടുത്ത് തിരിച്ചിറങ്ങിയ കോമളനൊട് പണിക്കരിങ്ങനെ പറഞ്ഞു....
"നന്നായി വരുംട്ടോ... ന്നാലും വെള്ളം കൊണ്ടുള്ള കളി ഒഴിവാക്കണേന്യാ നല്ലത്.... സൂക്ഷിച്ചാ ദു:ഖിക്കണ്ടാലോ..."
അടുത്ത മാസം കോമളന്‍ ബാങ്കൂരില്‍ നിന്നും യാത്രയാവുകയാണ്... കൊയമ്പത്തൂരിലേക്ക്... അവിടെ മഴ അധികമില്ലാ എന്ന വിശ്വാസത്തില്‍. അവിടെ പുഴകളും, കായലുകളും ഇല്ലാ എന്ന വിശാസത്തില്‍.