Thursday, December 6, 2007

മകലശ്ശേരി ചരിതം അദ്ധ്യായം 3.3

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍! - ഭാഗം 3

"മലബാര്‍ ദേശത്തെ പുളകമായ എന്റെ പ്രിയ പുഷ്പാ... അങ്ങേക്ക്‌ സുസ്വാഗതം... " രാജാവ്‌ ശ്രീ പുഷ്പനെ സ്വാഗതം ചെയ്തു. കൊട്ടാരത്തിന്റെ ഭംഗിയും, വിലകുറഞ്ഞ ഇമ്പോര്‍ട്ടഡ്‌ സാധങ്ങളാല്‍ അലങ്കരിച്ച സദസ്സും പുഷ്പനെ അത്ഭുതപ്പെടുത്തി.
"വിലകുറഞ്ഞ തട്ടുപൊളിപ്പന്‍ സാധനങ്ങളുടെ ഉറവിടമാണ്‌ തിരൂറാംകൂര്‍ എന്ന് അച്ചന്‍ പറഞ്ഞിരുന്നു, തിരിച്ചുപോകുമ്പോള്‍ അച്ചന്‌ കുറെ ഡി.വി.ഡി യും, മൊബൈല്‍ ഫോണുകളും വാങ്ങിക്കൊണ്ട്‌ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌." പുഷ്പന്‍ പറഞ്ഞു.

"അതിനെന്താ... എല്ലാം നമുക്കേര്‍പ്പടാക്കാം.. ഇപ്പൊള്‍ രാജന്‌ വേണ്ടത്‌ വിശ്രമം ആണ്‌. അങ്ങേക്കും, പത്നികള്‍ക്കും പള്ളിയുറങ്ങാന്‍ 7 പ്രത്യേകം മുറികള്‍ നാം തയ്യാറാക്കിയിട്ടുണ്ട്‌. " രാജന്‍ പറഞ്ഞു.

7 മുറികളൊ? അതിലെ ചതി മണത്ത പുഷ്പന്‍, തനിക്ക്‌ 2 മുറികള്‍ മാത്രം മതിയെന്ന് പറഞ്ഞു. രാജനുമായി കത്തിവെക്കുന്നതിനിടയില്‍ പുഷ്പന്റെ 6 ഭാര്യമാരും കൊട്ടാരം ചുറ്റിക്കാണാന്‍ പോയിക്കഴിഞ്ഞിരുന്നു.

പാളയം പത്മിനി മാത്രം ഒറ്റക്കായിരുന്നു നടന്നത്‌... അങ്ങിനെ നടക്കുമ്പോള്‍ അവള്‍ എവിടെ നിന്നോ ഒരു പഴയ ഗാനം ആരൊ പാടുന്നത്‌ കേട്ടു.

"മാനസ മൈനേ വരൂ.... മധുരം നുള്ളി തരൂ.... നിന്നരുമ..."

തനിക്കേറ്റവും ഇഷ്ടപ്പെട്ട ആ പാട്ട്‌ പാടുന്നതാരാണെന്നറിയാന്‍ പത്മിനി ശബ്ധം കേട്ട ദിക്കിലേക്ക്‌ ഓടിയടുത്തു. പെട്ടെന്നാണവള്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട അയാളെ കണ്ടത്‌. പൊക്കം കുറഞ്ഞ, ഊശാം താടി വച്ച ഒരാള്‍... അയാള്‍ അപ്പൊഴും ആ പാട്ട്‌ പാടുന്നുണ്ടായിരുന്നു...

പക്രുവാചാര്യന്‍ തന്റെ അടുത്ത്‌ അരോ നിന്ന് കിതക്കുന്നത്‌ കേട്ട്‌ പാട്ട്‌ നിര്‍ത്തി തിരിഞ്ഞു നോക്കി... അത്ഭുതമാണൊ.. അകാംക്ഷയാണോ എന്നറിയാതെ, പക്രു ആ സുന്ദര രൂപത്തിനെ കണ്ട്‌ തരിച്ചു നിന്നുപോയി... ഒരക്ഷരം മിണ്ടാനാവാതെ പക്രു വിയര്‍ത്തു.. തന്റെ ജീവിതത്തില്‍ ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ടില്ല എന്ന് പക്രുവിന്റെ ഹൃദയം വീണ്ടും വീണ്ടും ചെണ്ടകൊട്ടിപ്പറഞ്ഞു.

പത്മിനിയും ഏതാണ്ടതുപോലെ തന്നെയായിരുന്നു. മുന്‍പെങ്ങും കാണാത്തൊരു സൗന്ദര്യം. പക്രുവിനെ അവള്‍ കണ്ണെടുക്കാതെ നോക്കിനിന്നു. അവരുടെ 2 പേരുടെയും ഹൃദയം പിടക്കുന്നത്‌ കേട്ട്‌ കൊട്ടാരം വെടിക്കെട്ടുകാരന്‍ പൊട്ടാസ്‌ കുട്ടപ്പന്‍ പോലും ഞെട്ടി. പതുക്കെ അവരുടെ ആകാംക്ഷ മറ്റൊരു വികാരതലത്തിലേക്ക്‌ നീങ്ങി... തന്നെക്കാള്‍ 2 ഇരട്ടി പൊക്കമുള്ള പത്മിനിയെ ആട്‌ ആനയെ നോക്കുന്ന പോലെ പക്രു നോക്കി... അവരുടെ മിഴികളില്‍ അനുരാഗത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ ചുമ്മാ മിന്നിക്കളിച്ചു.

"ഹേ സുന്ദരീ... നീ ആരാണ്‌? ഈ പാതിരാത്രിയില്‍ എന്നെ മയക്കന്‍ വന്ന അപ്സരസ്സൊ? അതൊ ഞാനെന്നും കാണുന്ന സ്വപ്നത്തിലെ സുന്ദരിയൊ? ആരാണ്‌ നീ? " പക്രു ചോദിച്ചു.

"ഞാന്‍... ഞാന്‍... " അവള്‍ക്ക്‌ വാകുകള്‍ കിട്ടിയില്ല... പെട്ടെന്നവള്‍ പറഞ്ഞു... "ഞാന്‍ പപ്പു... അല്ല പത്മിനി..."

ഈശ്വരാ... എന്താണിത്‌... പക്രു - പപ്പു... ഹൊ! പക്രുവിന്റെ മനസ്സില്‍ കടലക്കറിമണം... സോറി, കടലാക്രമണം... "ഇതിനെയാണോ ദൈവമേ ഈ "ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌" എന്ന് പറയുന്നത്‌? " പക്രു ഓര്‍ത്തു.

"അതെ... ഇതു തന്നെ..." അവളും മനസിലോര്‍ത്തു... "

ഞാന്‍ പക്രു, പക്രുവാചാര്യന്‍. പ്രിയക്ക്‌ വേണമെങ്കില്‍ എന്നെ ലുട്ടാപ്പി എന്നു വിളിക്കാം. എന്നെ സ്നേഹിക്കുന്നവര്‍ മാത്രമേ എന്നെ അങ്ങിനെ വിളിക്കാറുള്ളൂ."

"ലുട്ടാപ്പിച്ചേട്ടാ... " അവള്‍ വികാരധീരയായി പക്രുവിനെ വിളിച്ചു.

"പ്രിയേ... ഞാന്‍ നിന്നെ പ്രണയിച്ചോട്ടെ?" ശ്വാസം മുട്ടി നിന്ന പക്രു പപ്പുവിനോട്‌ ചോദിച്ചു...

"അയ്യൊ... അതൊക്കെ തെറ്റല്ലെ.. എനിക്ക്‌ വയ്യാ... " അവള്‍ മൊഴിഞ്ഞു.

"അങ്ങിനെ പറയരുത്‌ പ്രിയേ... ഞാന്‍ നിന്നെ പ്രേമിക്കുന്നു മാങ്കിടാവേ" എന്റെ സ്നേഹത്തിനെ നീ ഭയത്തിന്റെ ചുരിക കൊണ്ട്‌ തടഞ്ഞ്‌ മാറ്റരുത്‌... നീ എന്റെ ഖല്‍ബിലെ വെണ്ണിലാവാണ്‌, നീ നിന്റെയീ പുഷ്പപാദുഗം അവിടെ മാറ്റിവെച്ച്‌ നഗ്നപാദയായി എന്റെ കരളിലേക്ക്‌ അടുത്തുവരൂ..." പക്രു തന്റെ കാവ്യഭാവനകള്‍ക്ക്‌ ചിറകു വിടര്‍ത്തി.

ആ വാചകത്തില്‍ ഉരുണ്ടു പരണ്ടു വീണ പത്മിനി അവളുടെ കണ്ണുകള്‍ പാതിയടച്ചു... നാണത്തില്‍ ചാലിച്ച ഒരു സുഖമുള്ള ചിരി പക്രുവിന്‌ നേരെ എറിഞ്ഞുകൊണ്ട്‌ അവള്‍ തിരിച്ച്‌ ഓടിപ്പോയി.. പി.റ്റി ഉഷയെപ്പോലെ... ഒരു മാന്‍പേടയേപോലെ.. അതു കണ്ട്‌, താന്‍ കത്തിച്ച പടക്കം വിചാരിച്ചതിലും കേമമായി പൊട്ടിയതിന്റെ സന്തോഷത്തില്‍, വരാന്‍ പോകുന്ന പ്രണയകാലത്തിന്റെ സുഖവും ഓര്‍ത്തുകൊണ്ട്‌ പക്രു അങ്ങിനെ നിന്നു... പഴയ സിനിമാ നടന്‍ സത്യന്‍ നില്‍ക്കുന്നപോലെ.

പിറ്റേന്ന് രാവിലെ കൊട്ടാരത്തിലെ ഉദ്യാനം:

രാജകുമാരി മോണിക്ക മോണിംഗ്‌ വാക്കിനായി ഉദ്യാനത്തില്‍ ഉലാത്തുകയാണ്‌. കയ്യില്‍ ഒരു പേനയും കടലാസും പിടിച്ചിരിക്കുന്നു. കൂടെ നടക്കുന്ന തോഴിയുടെ കയ്യില്‍ ഒരു ടേപ്‌-റെകാര്‍ഡരും ഉണ്ട്‌. അതില്‍നിന്നും പുതിയ ഒരു പാട്ട്‌ ഒഴികിവന്നു... "മേഖം പെയ്തു തുടങ്ങി... മോഹം പൂത്തൂ തുടങ്ങി... നീയിനി ചേര്‍തോ ചുണ്ടില്‍ പുതിയൊരു രാഗം..."

ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടൊരാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു... ശ്രീ പുഷ്പപന്‍. രാജകുമാരി എന്തു ചെയ്യുന്നുവെന്നറിയാന്‍ കൗതുകം തോന്നിയ പുഷ്പന്‍ കുമാരിയുടെ അടുത്തേക്ക്‌ ചെന്നു...

"ഹലോ മാഡം... നൈസ്‌ റ്റു മീറ്റ്‌ യു..." പുഷ്പന്‍ പുഷ്പിച്ചു.

അതുകേട്ട്‌ ഞെട്ടിത്തിരിഞ്ഞു നൊക്കിയ കുമാരി പുഷ്പനെ കണ്ടതും നാണിച്ചു തലതാഴ്തി. കയ്യിലിരുന്ന കടലാസ്‌ അവള്‍ പിന്നിലേക്ക്‌ മറച്ചു പിടിച്ചു.

"കുമാരി മോണിക്ക ഈ മോണിങ്ങില്‍ ഇവിടെ യെന്തര്‌ ചെയ്യണത്‌? ഞാനും കൂടട്ടെ? " പുഷ്പന്‍."

എയ്‌.. ഞാന്‍ വെറുതെ... " ലവള്‍ പറഞ്ഞു.

"ഗള്ളിപ്പെണ്ണെ... ഇങ്ങനെ നാണിച്ചാലൊ... ഇത്‌ വല്ല്യ തൊന്തരവ്‌ തന്നെ കെട്ടാ.. പറ പൈതലേ..." പുഷ്പന്‍ വീണ്ടും പറഞ്ഞു.

"ഞാന്‍ ഈ സോങ്ങ്‌സ്‌ ഒക്കെ റീമിക്സ്‌ ചെയ്യുവാ. അതാ എന്റെ പ്രധാന ഹോബി.." മോണിക്ക പറഞ്ഞു.

"ഒഹൊ! എങ്കില്‍ നുമ്മ അതൊന്ന് നോക്കട്ടെ... " എന്നും പറഞ്ഞ്‌ പുഷ്പന്‍ ആ കടലാസ്‌ തട്ടിപ്പറച്ചു... എന്നിട്ട്‌ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി...

"ക്ലൗഡ്‌സ്‌ ആര്‍ റെയിനിംഗ്‌... ഫീലിങ്ങ്സ്‌ ആര്‍ ഫ്ലവറിംഗ്‌... വെദര്‍ യു സ്റ്റാര്‍ടെട്‌ സിങ്ങിംഗ്‌ എ ന്യു സോങ്ങ്‌...."

"തള്ളെ... കലക്കി! ഇത്‌ സാധനം പെടപ്പന്‍ തന്നെ കെട്ടാ! നീ ആളുപുലി തന്നെ... വെറും പുലിയല്ല... പുലിസിങ്കം." പുഷ്പന്‍ വികാരധീരനായി. അവള്‍ നാണിച്ച്‌ തല പിന്നേം താഴ്തി.

"ഒന്ന് പോന്നെയ്‌... ഈ പുഷ്പേട്ടന്റെ ഒരു കാര്യം..." അവള്‍ പറഞ്ഞു. അവര്‍ രണ്ടുപേരും അങ്ങിനെ വളരെപ്പെട്ടന്ന് തന്നെ അടുത്തു.. അവര്‍ അകാശത്തിനടിയിലെ എല്ലാത്തിനേയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങി... തോഴിയുടെ കയ്യിലെ ടേപ്‌-റെകാര്‍ഡറില്‍ നിന്നും അപ്പോള്‍ ഒരു ഗാനം ഇങ്ങനെ തുടങ്ങി... "മോണിക്കാ... ഓ മൈ ഡാര്‍ലിംഗ്‌...."

രാവിലെ എണിറ്റ പക്രുവാചാര്യന്‍ നേരേ പോയത്‌ രാജവിനെ മോന്ത കാണിക്കാനായിരുന്നു. ഇന്നലെ രാജാവിന്റെ കിടപ്പറക്കരികില്‍ കണ്ട തന്റെ ആജന്മ ശത്രു, രാജവിന്റെ കിടപ്പറയിലും കൃഷിയിറക്കാന്‍ പരിപാടിയുള്ള കാര്യം രജനോട്‌ പറയാന്‍...

ചായ കുടിച്ചുകൊണ്ടിരുന്ന രാജന്‌ എഴുത്തും വായനയും അറിയാത്തതിനാല്‍ പ്രധാനമന്ത്രി അന്നത്തെ പ്രധാനവാര്‍ത്തകള്‍ വായിച്ചുകൊടുക്കുകയായിരുന്നു. ആ സമയത്താണ്‌ പക്രു അവിടെയെത്തിയത്‌. പ്രധാനമന്ത്രിയെ കണ്ട പക്രു, പത്ര വായന കഴിയാന്‍ വേണ്ടി അവിടെ കാത്തുനിന്നു. മന്ത്രി വായന തുടര്‍ന്നു...

"അയല്‍രാജ്യമയ കോഴിയങ്കാട്ട്‌ ദേശം ഇന്നലെ വൈകീട്ട്‌ അയല്‍രാജ്യമായ തിരൂറാംകൂറുമായി യുദ്ധം പ്രഖ്യാപിച്ചു. ഒരു ലക്ഷം കാലാള്‍പ്പടയും, 1000 കുതിരപ്പടയും തിരൂറാംകൂര്‍ ലക്ഷ്യമക്കി നീങ്ങിക്കൊണ്ടിരിക്കുന്നു... "

പ്രധാനമന്ത്രിയുടെ പത്രവായന കേട്ട്‌ രണ്ട്‌ പേര്‍ ഞെട്ടിത്തരിച്ചു. തന്റെ രാജ്യം ആക്രമിക്കപ്പെടാന്‍ പോകുന്നുവെന്നറിഞ്ഞ ശശി രാജനും, പത്രവായനക്കിടയില്‍ പ്രധാനമന്ത്രിയുടെ വായിലെ പുഴുപ്പല്ല് കണ്ട പക്രുവാചാര്യനും....

തുടരും....

2 comments:

കുഞ്ഞന്‍ said...

ഹഹ...

ഒന്നൊന്നര ഹാസ്യ രംഗങ്ങള്‍..!

ഒന്നും രണ്ടും വായിച്ചില്ല, ഇടദിവസം ഇങ്ങിനെയാണെങ്കില്‍ ചന്ത ദിവസം എങ്ങിനെയായിരിക്കും..!

ശ്രീ said...

ഇതും നന്നായിട്ടുണ്ട്.

:)