Friday, September 11, 2009

ഫുഡ്ഡിംഗ്‌ പക്രു.

ഫുഡ്ഡിംഗ്‌ പക്രു.

പ്രതിഫലം കാംക്ഷിക്കാതെ ജോലി ചെയ്യണം എന്ന ഭയങ്കരമായ ആശയത്തില്‍ അള്ളിപ്പിടിച്ചിരുന്നതിനാലാവണം, പക്രുവിന്‌ ഓഫീസില്‍ നിന്നിറങ്ങാനേ സമയമുണ്ടായിരുന്നില്ല. പല്ലുതേക്കനുള്ള ബ്രഷ്‌, കുളിക്കാനുള്ള സോപ്പ്‌, തോര്‍ത്ത്‌ ഇതൊക്കെ അവന്റെ വീട്ടിലായതുകൊണ്ടുമാത്രം അവന്‍ വല്ലപ്പോഴും വീട്ടില്‍ വന്നുപോയി.

തന്റെ അതി കഠിനമായ ജോലിക്കിടയില്‍, മോണിറ്ററിനും, കീബോര്‍ഡിനും ഇടയില്‍ മത്തന്‍ നട്ടപോലുള്ള കണ്ണുകളുമായി ഇരുന്ന പക്രു ജീവിതത്തില്‍ ഏറ്റവും പ്രധാനവും, ഒരിക്കലും മറക്കാനാവാത്തതുമായ ഒരു കാര്യം പതിയെ മറന്നു തുടങ്ങി...

ഫുഡ്ഡിംഗ്‌! അതേ, കൈകൊണ്ട്‌ വാരി, വായിലേക്ക്‌ തള്ളി, പല്ലുകൊണ്ട്‌ അരച്ച്‌ (ഡിപന്‍ഡ്സ്‌ അപ്പോണ്‍ ദ സിറ്റുവേഷന്‍) നക്കുകൊണ്ട്‌ തള്ളി അകത്താക്കുന്ന പരിപാടി.

രാവിലെ വേഗം ഓഫീസിലെത്തേണ്ടതായതുകൊണ്ട്‌ ഒരു കാലിച്ചായയും, ബണ്ണും മാത്രം കഴിച്ചും, ഉച്ചക്ക്‌ ഇന്റര്‍വെല്‍ എടുക്കാന്‍ പറ്റാത്തതുകൊണ്ട്‌ മറ്റൊരു കാലിച്ചായയും, ഡോണറ്റും, രാത്രി അപൂര്‍വ്വമായി ടൈം കിട്ടുകയാണെങ്കില്‍ ഒരു മാഗി നൂഡില്‍സ്‌... കൂടിപ്പോയാല്‍ ഒരു കപ്പ്‌ തവിട്‌ വെള്ളത്തിലിട്ടത്‌ (ഓട്ട്‌സ്‌ എന്നും ചിലര്‍ പറയുന്നു) ഒക്കെയാണ്‌ ആശാന്റെ ഭക്ഷണം...

പാവം, നല്ല വെളുത്ത്‌ തുടുത്ത്‌ കുമ്പളങ്ങാ പോലിരുന്നവനാ, ഇപ്പോ മുരിങ്ങാക്കോല്‍ പരുവമായത്‌.

അങ്ങനെ പോകുന്ന ഒരു ദിവസം, രാവിലെ ആപ്പിസിലേക്കിറങ്ങിയ പക്രുവിന്റെ അടിവയറ്റില്‍ നിന്നും ഒരു വൈബ്രേഷന്‍.. ബട്ട്‌ നോ റിങ്‌ ടോണ്‍! പക്രു വയറിന്റെ വശങ്ങളില്‍ പതിയെ ഞെക്കി നോക്കി... ഇനി ഇന്നലത്തെ നൂഡില്‍സ്‌ പണി തന്നതായിരിക്കുമോ?

സംശയം തീര്‍ക്കാന്‍ പക്രു ലണ്ടനില്‍ കയറി രണ്ടുകാലില്‍ തപസ്സിരുന്നു. ഒന്നും സംഭവിച്ചില്ല... ബട്ട്‌, വൈബ്രേഷന്‍ കൂടിവരുന്നു. സ്റ്റില്‍, നോ റിങ്ങ്‌ ടോണ്‍!

ഛെ! ഇതെന്ത്‌ കോപ്പാ... പക്രുവിന്‌ ദേഷ്യം വന്നുതുടങ്ങി. ദേഷ്യം വന്നാ പിന്നെ പക്രുവിനെ നോക്കണ്ടാ... പുലിയാണ്‌ പുലി! മൂക്കൊക്കെ ചുവന്ന് തുടുത്ത്‌ ഭയങ്കരമാന ആളാവും!

വൈബ്രേഷന്‍ മാറ്റാന്‍ ഇനിയെന്ത്‌ ചെയ്യുമെന്നാലോജിച്ച്‌ നട്ടം തിരിഞ്ഞ്‌ നടന്ന പക്രുവിന്റെ കണ്ണുകളില്‍ അലമാരയിലിരിക്കുന്ന ഒരു കുപ്പി തെളിഞ്ഞു വന്നു...

ഇഷ്ടം! അരിഷ്ടം! ദശമൂലാരിഷ്ടം!

രാവിലെ തന്നെ വേണോ? പക്രു ആലോജിച്ചു. ആ പോട്ട്‌. ഒരീസമല്ലേ. വൈബ്രേഷന്‍ പോകാനിതാണ്‌ ബെസ്റ്റ്‌!

ഒരു ഗ്ലാസിലേക്ക്‌ പക്രു അരിഷ്ടം പകര്‍ന്നു, കണ്ണടച്ച്‌ ഗുമുഗുമാ ന്നടിച്ചു!

അരിഷ്ടത്തിന്റെ സ്വാദ്‌ നാവില്‍നിന്നും തലച്ചോറിലെത്തുന്നതിനുമുന്‍പേ, അത്‌ പോയ വഴിമുഴുവന്‍ പൊള്ളുന്നുതായവന്‌ തോന്നി!

"ഹോ... സ്റ്റ്രോങ്ങ്‌ സാധനമാണല്ലോ..." എന്നാലോജിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ആശാനൊരു സംശയം....

"ഇതേതാ അരിഷ്ടം? പുതിയ സ്വാദാണല്ലോ... ചവര്‍പ്പന്‍ ടേസ്റ്റ്‌.."

എന്നിട്ടും കുറയാത്ത വൈബ്രേഷനുമായി ഓഫീസില്‍ ചെന്നിരുന്ന പക്രുവിനെ ഒരു അപലക്ഷണം പിടിച്ച നോട്ടം നോക്കിയ സഹ-പ്രവര്‍ത്തകനോട്‌ പക്രു ചോദിച്ചു...

"എന്തെഴാ... ഞാന്‍ ബടെ വന്നിര്‍ന്നത്‌ പിഴിച്ചില്ലേ....?"

രാവിലെ തന്നെ വീശിയിട്ട്‌ വന്ന പക്രു അന്നുമുതല്‍ നോട്ടപ്പുള്ളിയായി, അവനു പുതിയ പേരും വീണു, "പാമ്പ്‌ പക്രു".

ഇന്നും, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കുപ്പിയില്‍ അരിഷ്ടത്തിനു പകരം, റം നിറച്ച്‌ വെച്ചതാരാണെന്ന് പക്രുവിനറിയില്ല. പുവര്‍ ബോയ്‌. ഏതായാലും ഞാനല്ല... ലഹരിപദാര്‍ദ്ധങ്ങള്‍ നിറച്ച്‌ വെക്കാനുപയോഗിച്ചതാരാണൊ എന്തോ... ഏതായാലും ഞാനല്ല.

എന്തായാലും അതിനു ശേഷം പക്രു കറുത്ത നിറമുള്ള ഒരു പാനീയവും കൈകൊണ്ട്‌ തൊട്ടിട്ടില്ല... അത്‌ കട്ടനായാലും, കൊക്കക്കോളയായാലും, കരിങ്ങാലി വെള്ളമായാലും... നോ വെ!

പറഞ്ഞുവന്നത്‌, പക്രുവിന്റെ വയറിന്റെ വൈബ്രേഷന്‍... അത്‌ കൂടിക്കൂടി വന്നു... വയറില്‍ കട്ടുറുമ്പ്‌ ടീം അങ്കങ്ങളുമയി വന്ന് ഡ്രില്ലിംഗ്‌ കോമ്പറ്റീഷന്‍ നടത്തുന്ന പോലെ ഒരു ഫീലിംഗ്‌. ഒരു രക്ഷയുമില്ല.

അങ്ങിനെ ആശാന്‍ ഡോകടറെ കാണാന്‍ തീരുമാനിച്ചു.

ഡോ: "കുട്ടീ... നിനക്ക്‌ പള്‍സറുണ്ടോ?"

"ഇല്ലാ ഡോക്ട്ടര്‍, എനിക്ക്‌ അക്റ്റീവയാണുള്ളത്‌" എന്ന മറുപടി പറയാന്‍ പോയെങ്കിലും, കറന്റ്‌ സിറ്റുവേഷനും, അവന്റെ ഇങ്ക്ലീഷ്‌ പരിഞ്ഞാനവും കാരണം അവന്‍ ഒന്നൂടെ ചോദിച്ചു...

"വാട്‌ ഡൊക്ടര്‍?"

"തനിക്ക്‌ അള്‍സര്‍ ഉണ്ടോ എന്ന്..."

ഹാ... ഇപ്പൊഴാണ്‌ സംഭവം ക്ലിയര്‍ ആയത്‌. പള്‍സറല്ല, ഇതൊരു അസുഖമാണ്‌. മുന്‍പേവിടെയോ കേട്ടിട്ടുള്ള നാമം.

"അറിയില്ലല്ലോ ഡോക്ക്ട്ടര്‍,,,"

"എന്നാ അറിഞ്ഞോളൂ... ഇത്‌ അള്‍സറാണ്‌. സമയത്തിന്‌, ആവശ്യത്തിന്‌ ഭകഷണം കഴിക്കാത്തതുകൊണ്ടു വരുന്ന അസുഘമാണ്‌. ഇപ്പൊഴേ സൂക്ഷിചില്ലെങ്കില്‍ പ്രശ്നമാവും...."

"ഞാനെതാണ്‌ ചെയ്യേണ്ടത്‌ ഡൊക്ട്ടര്‍?"

"നന്നായി ഭക്ഷണം കഴിക്കുക...."

പക്രുവിന്റെ തലയില്‍ പതിയെ പ്രകാശം പടര്‍ന്നു...

അന്നുമുതല്‍ പക്രു ജീവിതം ചോറും, സാംബാറുമായും, ജോലി സൈഡായും കണ്ടുതുടങ്ങി...

തീറ്റയൊട്‌ തീറ്റ. പറമ്പിലെ പുല്ല്‌ മുഴ്മോനും തിന്ന് തീര്‍ത്ത്‌ അടുത്ത പറമ്പിലേക്ക്‌ നോക്കി "മ്മേ...." ന്ന് വിളിക്കുന്ന പൂവാലിപ്പശുവിനെ വെല്ലുന്ന പ്രകടനം പക്രു കാഴ്ച്ച വെച്ചു...

പക്രുവിന്റെ പ്രഭാതങ്ങള്‍ പത്ത്‌ ഇഡ്ഡലികളായും, പത്ത്‌ ദോശകളായും, ആറ്‌ ചപ്പാത്തിയായും മാറി.

ഉച്ചകള്‍ പുത്തരിക്കണ്ടങ്ങാളായും, സാംബാര്‍ പൂളുകളായും മാറി.

രാത്രികള്‍ പൊറോട്ടകളും, ചപ്പാത്തിയും വെട്ടിപ്പിടിച്ചു...

അതങ്ങനെ പോയി.

അങ്ങിനെയിരിക്കെയാണ്‌ സേത്തുക്കുളി വീട്ടില്‍ ആ വാര്‍ത്ത കൊണ്ടുവന്നത്‌...

"എന്റെ പുന്നാര കസിന്‍ ചേട്ടന്റെ കല്യാണമാണീ വരുന്ന ശനിയാഴ്ച്ച. പിറ്റേന്ന് റിസപ്ഷന്‍... നിങ്ങളെയെല്ലാവരേയും ചേട്ടന്‍ രണ്ടിനും പ്രത്യേകം ക്ഷണിച്ചിരിക്കുന്നു..."

കല്യാണം, റിസിപ്ഷന്‍... രണ്ടിനും മെയിന്‍ എന്താണ്‌? താലികെട്ട്‌? വധൂവരമ്മാരെ കാണല്‍? ഹേയ്‌... അതൊന്നുമല്ല.... പിന്നെ? ദദു തന്നെ... മൃഷ്ടാന്ന ഭോജനം! ബട്ട്‌ രണ്ടിനും കൂടി പോയാല്‍ നാറും, സൊ... ലാഭം റിസിപ്ഷനാണ്‌. വെറൈറ്റി ഉണ്ടാവും. ഓട്ടോമാറ്റിക്കലായി, പക്രു ഞങ്ങടെ നേതാവായി.

ആ ദിവസം വന്നെത്തി... ഞങ്ങള്‍ പറഞ്ഞതിലും ഒരു മണിക്കൂര്‍ നേരത്തെ എത്തി. എന്തേ വൈകി.. എന്നാരും ചോദിക്കരുതല്ലോ. ചെന്നപാടെ ഇരിക്കേണ്ട സ്ഥലവും, കഴിക്കേണ്ട സ്ഥലവും പക്രു മനസിലാക്കി.

"തുടങ്ങിയിട്ടില്ല..." പക്രു പറഞ്ഞു.

"തുടങ്ങിയല്ലോ. അവര്‍ ദേ സ്റ്റേജില്‍ നില്‍ക്കുന്നു. നമുക്ക്‌ ചെന്ന് കാണാം..." സേത്തുക്കുളി.

"അതല്ലാ ഡാ... ഭക്ഷണം കൊടുത്ത്‌ തുടങ്ങിയിട്ടില്ലാ..." പക്രുവിന്റെ ഡയലോഗ്‌ കേട്ട സേത്തു അവനെ ഒരു വൃത്തികെട്ട നോട്ടം നോക്കിയിട്ട്‌, നടന്നുപോയി.

അങ്ങനെ ഞങ്ങള്‍ വധൂവരമ്മാരെ കണ്ട്‌, ആശീര്‍വാദം കൊടുത്ത്‌ വേഗം ഹാളിലെത്തി.

ചെന്നതും, അവിടെ കണ്ട കാഴ്ച്ച പക്രുവിന്റെ ഹൃദയം തകര്‍ത്തു!

"ഛെ!!! അവര്‍ നേരത്തേ തുടങ്ങിയെടാ!!!!"

വേദനയോടെയെങ്കിലും പക്രു വേഗം വരിയില്‍ നുഴഞ്ഞു കയറി. പ്ലേറ്റും എടുത്ത്‌ അക്ഷമനായി കാത്തു നിന്നു.

വീണ്ടും എടുക്കാന്‍ വരേണ്ടല്ലോ എന്നു കരുതി, പക്രു എല്ലാം കേമമായി തന്നെ പ്ലേറ്റിലേക്ക്‌ തട്ടിയിട്ടു. നാന്‍, റൊട്ടി, ആലൂ സബ്ജി, ഫ്രൈഡ്‌ റൈസ്‌, കര്‍ഡ്‌ റൈസ്‌, വെജ്‌. ബിരിയാണി, പപ്പടം, ഗാജര്‍ കാ ഹല്‍വ... അപ്പോഴേക്കും പ്ലേറ്റ്‌ നിറഞ്ഞു കവിഞ്ഞു. ബാക്കി ഉള്ളത്‌ പിന്നീടാവാം എന്ന് തീരുമാനിച്ച്‌ പക്രു ഇരിക്കാനൊരു സ്ഥലം നോക്കി നടന്നു.

പോകുന്ന വഴിയില്‍ പലരും പക്രുവിന്റെ പ്ലേറ്റില്‍ കുന്നു കൂട്ടിയിരിക്കുന്ന ഭക്ഷണം കണ്ട്‌ തരിച്ചു നിന്നു. ചിലര്‍ അതിനെ നോക്കി കുമ്പിട്ട്‌ തൊഴുതു. ചിലര്‍ ഇരിന്നിടത്ത്‌ നിന്നും മാറി, കസേരയൊക്കെ നീക്കിയിട്ട്‌ വഴിയൊരുക്കി കൊടുത്തു...

അപ്പൊഴേ പക്രുവിന്‌ ചെറിയൊരു സംശയം തോന്നി... ഇത്തിരി ഓവറായോ?

ഹേയ്‌... നത്തിംഗ്‌ ടു വറി എന്നാലോജിച്‌ ആശാന്‍ കൂടെയുള്ള സഹമുറിയമ്മാരുടെ കൂടെ കൂടി. അപ്പോഴാണവന്‍ ശ്രദ്ദിച്ചത്‌. അടുത്തിരിക്കുന്ന അമ്മായിമാരൊക്കെ തന്റെ പ്ലേറ്റ്‌ നോക്കി ചിരിക്കുന്നു...

ദൈവമേ... ദേ ആ കൂട്ടത്തില്‍ രണ്ട്‌ പെണ്‍കുളന്തകളും. അവരും... !

ക്വാണ്ടിറ്റി ഇച്ചിരി കുറക്കാമായിരുന്നു എന്ന ബോധം അപ്പോഴാണവന്‌ വന്നത്‌. ഇനി പറഞ്ഞിട്ട്‌ കാര്യമില്ലാ...

ഇനിയീ നാണം മറക്കാനെന്തു വഴി എന്നാലോജിച്ച പക്രുവിനൊരൈഡിയ.. അപ്പളം! അഥവാ പപ്പടം! അത്‌ വെച്ച്‌ ഫൂഡ്‌ ഐറ്റംസ്‌ ഒളിപ്പിച്ച്‌ വെക്കാം. എന്നിട്ട്‌ മറുവശത്ത്‌ നിന്നും തിന്നു തുടങ്ങാം. ഹോ... എന്ന ഞാന്‍ സമ്മതിച്ചു! അവനോര്‍ത്തു.

പക്രു തുടങ്ങി... പല്ലും, നഘവും എല്ലാമുപയോഗിച്ച്‌ തികച്ചും ആത്മാര്‍ഥതയോടെ....

അങ്ങിനെ ഭക്ഷണത്തിന്റെ സ്വര്‍ഗ്ഗലോകത്തില്‍ വിഹരിച്ചുകൊണ്ടിരുന്ന പക്രുവിന്റെ കണ്ണിലേക്ക്‌ പെട്ടെന്ന് ഇടിമിന്നല്‍ വന്നു!

അവന്‍ തിരിഞ്ഞു നോക്കി.. ഛൈ! ഇടിമിന്നലല്ലാ... ഇത്‌ ക്യാമറാക്കാരുടെ ലൈറ്റ്‌ ആണ്‌.. വെറുതേ ടെന്‍ഷനായി....

പെട്ടെന്നാണവനതോര്‍ത്തത്‌... ദൈവമേ... അവമ്മാര്‍ എന്റെ പ്ലേറ്റും ക്യാമറയിലാക്കില്ലേ...


"ചേട്ടാ.. ഒന്ന് തിരിഞ്ഞു നില്‍ക്കൂ..."

ക്യാമറമേനോന്റെ ശബ്ദമല്ലേ അത്‌? അവനോര്‍ത്തു.

"ഹേ.. ചേട്ടാ.. ഒന്നിങ്ങഡ്‌..."

വേറെ വഴിയില്ലാ. പക്രു നിറവയറും, നിറഞ്ഞ പ്ലേറ്റുമേന്തി ക്യാമറമേനോന്റെ നേരേ തിരിഞ്ഞു... ചുണ്ടിലും, കവിളിലും ഊര്‍ന്നിറങ്ങുന്ന മാസലക്കറി തുടച്ചു മാറ്റാന്‍ അവനു നേരം കിട്ടിയില്ല.

ആ ക്യാമറാമേനോന്‍ ചിരിക്കുന്നുണ്ടോ? അതോ തോന്നിയതോ?

ദേ... ആ ലൈറ്റ്‌ പിടിക്കുന്ന മുനുഷ്യനും ചിരിക്കുന്നു!

പക്രുവിനങ്ങ്‌ ദേഷ്യം വരാന്‍ തുടങ്ങി. ഇവമ്മാരെന്താ ഭക്ഷണം കണ്ടിട്ടില്ലേ (ഉണ്ടാവും, ന്നാലും ഇത്രേം ഒരുമിച്ച്‌...?)..

അവമ്മാര്‍ നിര്‍ത്തുന്ന മട്ടില്ല. ദാണ്ടേ... അവര്‍ പ്ലേറ്റിനുള്ളിലേക്ക്‌ ക്യാമറ നീട്ടുന്നു... പിന്നേ പതിയെ മേലോട്ട്‌... പക്രുവിന്റെ തല വരെ നീളുന്ന ഒരു ഷോട്ട്‌!

"പെര്‍ഫെക്റ്റ്‌!" ക്യാമറ മാറ്റിയതിനു ശേഷം ഒരു മറ്റേ ചിരി ചിരിച്ച്‌ അയാള്‍ പറഞ്ഞു.

പക്രു അപമാനിതനായി തളര്‍ന്നിരുന്നു. മേരാ അഭിമാന്‍ കിധര്‍ ഗയാ...

---------

കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം സേത്തുക്കുളിയോടോപ്പം അവന്റെ മറ്റൊരു കസിന്റെ കല്യാണം കൂടാന്‍ (തന്നെ, തന്നെ. ഫുള്‍ടൈം ഇതുതന്നെ!) പോയ പക്രു അവിടെ വച്ച്‌ നമ്മുടെ പഴയ കസിനെയും, ഭാര്യയേയ്ം കണ്ടു...

സേത്തുക്കുളി: പക്രു, ഇവരെ മനസിലായില്ലേ... നമ്മളന്ന് പോയിരുന്നു, റിസപ്ഷന്‌...
പക്രു: ഉം... ഉം... (ദൈവമേ.. അവരെന്നെ കണ്ടിരിക്കുമോ എന്തോ)
സേത്തുക്കുളി : ചേട്ടാ.. ഇതാണ്‌ പക്രു. നല്ല ഒറിജിനല്‍ പട്ടരാണ്‌. അത്‌ കണ്ടപ്പോ മനസിലായിക്കാണും ല്ലേ..

കസിന്‍ : (പക്രുവിനെ നോക്കി ചിരിക്കുന്നു) പിന്നില്ലാതെ... ഞങ്ങള്‍ക്കന്ന് തന്നെ കണ്ടപ്പോ മനസിലായി, മിനി, നിനക്ക്‌ ഇയാളെ മനസിലായില്ലേ.... (കസിന്റെ ഭാര്യയും ചിരിക്കുന്നു.)

ആകാശം കരിങ്കല്ലായി ഇടിഞ്ഞു തലയില്‍ വീഴുന്നതായും, ചിമ്മിനി ഡാം പൊട്ടിത്തകര്‍ന്ന് പിന്നാലെ വരുന്നതായും, സുനാമി മുന്നില്‍ നില്‍ക്കുന്നതായും, കത്രീന സൈഡില്‍ നില്‍ക്കുന്നതായും പക്രുവിന്‌ തോന്നി. ഇതിലും ഭേദം....

എന്തായാലും, പിന്നീടങ്ങോട്ട്‌ പക്രുവിന്‌ ജീവിതത്തില്‍ ഒന്നിനോട്‌ മാത്രമേ ബഹുമാനം തോന്നിയിട്ടുള്ളൂ.... ഭക്ഷണം!

3 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തളരരുത് പക്രൂ ഇതൊക്കെ നമ്മളെത്ര കണ്ടതാ.. ഈ ടീം ലഞ്ച് ഡിന്നര്‍ പരിപാടി ഒന്നുമില്ലേ അതാ ഇതിന്റെയൊക്കെ ഒരു ട്രെയിനിംഗ് സെന്റര്‍ എന്ന് വിചാരിച്ച് ഇനീമ്ം തകര്‍ക്കൂ.

കുക്കു.. said...

:)

Ashly said...

ഹും....കുറെ കാലമായി നിങളെ ആരെയും കനുനില്ലലോ ഇന്നു വിചാരിച്ചു ഇരിക്കുകയായിരുന്നു.

കൊള്ളാം പക്രു....നല്ല പെര്‍ഫോമന്‍സ്, കീപ്‌ ഇറ്റ്‌ അപ്പ്‌.