Monday, May 4, 2009

ഒരിടത്തൊരു ഫയല്‍വാന്‍!

എതാണ്ട്‌ ഒന്നൊന്നര കൊല്ലം മുന്‍പാണ്‌. മങ്കലശ്ശേരിയില്‍ ആന്റപ്പനും, കോമളനും എല്ലാം ഉണ്ടായിരുന്ന കാലം. മണ്ടത്തരങ്ങള്‍ മണ്ടരിത്തേങ്ങകള്‍ പോലെ ഉണ്ടായിക്കൊണ്ടിരുന്ന കാലം.

അങ്ങനെയിരിക്കവേയാണ്‌ ആന്റപ്പനത്‌ ശ്രദ്ധിച്ചത്‌... തന്റെ വയര്‍ ഒന്നും കഴിക്കാതെ തന്നെ വീര്‍ത്തിരിക്കുന്നു. അതൊരു കുടവയര്‍ ആണെന്ന് വിശ്വസിക്കാന്‍ ആന്റപ്പന്‌ വീണ്ടും രണ്ടുമൂന്ന് ദിവസങ്ങള്‍ വേണ്ടിവന്നു. ചാടിയ പള്ളയില്‍ തലോടി, വിഷണ്ണവദനായി ആന്റപ്പന്‍ തന്റെ സങ്കടം അറിയിക്കാന്‍ ദിവാരന്റെ മുറിയിലേക്ക്‌ ചെന്നു...

അവിടെ അതാ, ദിവാരന്‍ തുള്ളിച്ചാടുന്നു. ആന്റപ്പനൊന്നും മനസിലായില്ല. ഇവനീ വെളുപ്പാം കാലത്ത്‌ എന്തിനിങ്ങനെ ചാടുന്നു?

'ഡാ ദിവാരാ... എന്ത്‌ പറ്റിയെഡാ?' ആന്റപ്പന്‍ ചോദിച്ചു.

ദിവാരന്‍ തിരിഞ്ഞു നിന്നു, എന്നിട്ട്‌ ഷര്‍ട്ടൂരി എറിഞ്ഞ്‌ ആന്റപ്പന്റെ മുന്നിലേക്ക്‌ വന്നു നിന്നു.

ആന്റപ്പനത്‌ കണ്ടിട്ട്‌ സഹിക്കാനായില്ല...

അതാ, ദിവാരന്റെ വയറ്റില്‍ ആമ പ്രസവിച്ചിരിക്കുന്നു! സിമന്റ്‌ ചട്ടി വിഴുങ്ങിയ സ്റ്റെയിലില്‍, തന്നേക്കാള്‍ വലിപ്പം കൂടിയ, കുടവയറുമായി ദിവാരന്‍!

അങ്ങിനെ കുടവയര്‍ എന്ന മഹാമാരി മങ്കലശ്ശേരിയിലും എത്തിയ ഞെട്ടലില്‍ ആന്റപ്പനും, ദിവാരനും അങ്ങോട്ടുമിങ്ങോട്ടും നോക്കി വാപൊളിച്ചിരുന്നു. വയര്‍ കാരണം ഷര്‍ട്ടിന്റെ ബട്ടനിടാന്‍ പറ്റുന്നില്ല, താഴേക്ക്‌ കാണാന്‍ പറ്റാത്തതിനാല്‍ പാന്റിന്റെ ബട്ടന്‍സിടാന്‍ പറ്റുന്നില്ല, ഷൂ മര്യാദക്കിടാന്‍ പറ്റുന്നില്ല, കുനിഞ്ഞ്‌ നിവരാന്‍ പറ്റുന്നില്ല... ഒന്നും പറ്റുന്നില്ല... എന്തിനധികം, താഴോട്ട്‌ നോക്കിയാല്‍, ഒരു മീറ്റര്‍ ചുറ്റളവിലുള്ളതൊന്നും കാണാന്‍ പറ്റുന്നില്ല.

എന്നത്തേയും പോലെ സങ്കതി ചര്‍ച്ചക്ക്‌ വെച്ചു. ആന്റപ്പനാണ്‌ ആദ്യം ഐഡിയയുമായി വന്നത്‌.

'നമുക്ക്‌ ജിമ്മില്‍ പോകാം?'

'ആ.. അതുകൊള്ളാം. അതാവുമ്പോ ശരീരം മുഴുവനും ഒന്ന് ഉറക്കും. സ്റ്റാമിന കിട്ടും' ദിവാരന്‍ പറഞ്ഞു. പക്ഷേ മങ്കലശ്ശേരിയില്‍ ബാക്കിയാര്‍ക്കും അപ്പൊ ജിമ്മില്‍ പോകാനുള്ള ശാരീരികാവസ്ഥ ഉണ്ടയിരുന്നില്ല. അങ്ങിനെ ആന്റപ്പനും, ദിവാരനും പിറ്റേന്ന് മുതല്‍ ജിമ്മില്‍ പോകാന്‍ മനസാലുറച്ചു.

ബട്ട്‌, ജിമ്മിലേക്ക്‌ അങ്ങിനെ ചുമ്മാ പോകാന്‍ പറ്റുവോ? കേട്ടത്‌ അതൊരു മള്‍ടി ജിം ആണെന്നാണ്‌.

മള്‍ടി ജിം.. എന്നുവെച്ചാല്‍ മള്‍ട്ടിപ്പിള്‍ സെക്സ്‌ വരുന്ന സ്ഥലം... ആണും പെണ്ണും ഒരുമിച്ച്‌ വ്യായാമിക്കുന്ന സ്ഥലം. അതാലോജിച്ചതും ആന്റപ്പന്റെ വായില്‍ വെള്ളമൂറി.

'അങ്ങിനെ കുസുമങ്ങളൊക്കെ വരുന്ന ജിമ്മാണെങ്കില്‍ നമുക്കിത്തിരി അടിച്ചുപൊളിച്ച്‌ പോണം ലേ ഡാ..' ആന്റപ്പന്‍ ചോദിച്ചു.

'ങും!' ദിവാരന്‍ തന്റെ പ്രസിദ്ധമായ ചുണ്ടുവളക്കല്‍ വികാരത്തോടുകൂടി മൂളി.

അങ്ങിനെ അവര്‍ രണ്ടുപേരും കൂടി ജിമ്മില്‍പോകാനുള്ള അങ്ക വസ്ത്രങ്ങള്‍ വാങ്ങാനായി പോയി.

രണ്ട്‌ ടി-ഷര്‍ട്ട്‌, രണ്ടും ഒരേ നിറം. ചുവപ്പ്‌.
രണ്ട്‌ ട്രൗസര്‍, രണ്ടിനും ഒരേ നിറം പച്ച.
നാല്‌ കയ്യുറകള്‍ (അത്‌ പിന്നെ ഫുള്‍ വെയിറ്റ്‌ ലിഫ്ടിംഗ്‌, ഡംബല്‍സ്‌ ഒക്കെ എടുക്കണ്ടേ).
രണ്ട്‌ ജോഡി ഷൂസ്‌. ഒരേ നിറം, വെള്ള.

ആകെ മൊത്തം 5,500 രൂപക്ക്‌ സാധങ്ങള്‍. ഫുള്‍ സെറ്റപ്പ്‌.

അങ്ങിനെ പിറ്റേന്ന് ആന്റപ്പനും, ദിവാരനും കൂടി ജിമ്മിലേക്ക്‌ യാത്രയായി. ദിവാരനായിരുന്നു കൂടുതല്‍ ആകാംക്ഷ. എന്തൊക്കെ ചെയ്യണം, എങ്ങിനെ ചെയ്യണം, കഴിഞ്ഞാല്‍ എന്ത്‌ കഴിക്കണം.. അങ്ങിനെയെല്ലാം ദിവാരന്‍ ഒരു സുഹൃത്തിനൊട്‌ ചോദിച്ച്‌ മനസിലാക്കിയിരുന്നു.

ജിമ്മില്‍ രെജിസ്റ്റ്രേഷന്‍ ചെയ്യണം. ഒരു മാസത്തേക്ക്‌ 400 രൂപ. രണ്ട്‌ മാസത്തേക്ക്‌ അടച്ചാല്‍ വെറും 600 രൂപ. ഭലേ ഭേഷ്‌... 200 രൂപ ലാഭം, പിന്നൊന്നും അലോജിച്ചില്ല, ദിവാരന്‍ കണ്ണും പൂട്ടി രണ്ട്‌ മാസത്തേക്ക്‌ കാശുകൊടുത്തു. ഒപ്പം ആന്റപ്പനും.

അവര്‍ ജിമ്മിനകത്തേക്ക്‌ കയറി. നല്ല കിടിലന്‍ പാട്ട്‌ ഉച്ചത്തില്‍ വച്ചിരിക്കുന്നു. കുറെ കട്ട മനുഷ്യന്മാര്‍ ഫുള്‍ വ്യായാമിക്കുന്നു. കണ്ണാടിയില്‍ നോക്കി ആ അണ്ണമ്മാര്‍ ഉരുട്ടുന്ന മസിലിനെ നോക്കിയിട്ട്‌, ദിവാരന്‍ തന്റെ മസിലിനെ നോക്കി... എന്നിട്ടുള്ളില്‍ ആത്മഗതം ചെയ്തു.. "കമോണ്‍ ബോയ്‌.. യൂ കാന്‍ ഡു ഇറ്റ്‌!"

ദിവാരന്‍ പറഞ്ഞു, 'ഡാ ആന്റപ്പാ, വ്യായാമം വളരെ കറക്റ്റ്‌ ആയിരിക്കണം. ദാ, നീ ഇവിടെ കുറേ ഉപകരണങ്ങള്‍ ഇരിക്കുന്ന കണ്ടില്ലേ... അതെല്ലാം നമുക്കുള്ളതാണ്‌. എല്ലാം അങ്ങോട്ട്‌ കേറി ഉപയോഗിക്കേക്കണം. കൊടുത്ത കാശ്‌ മുതലാക്കണം.'

അന്റപ്പന്‍ : 'ശരിയാ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും വ്യായാമം വേണമല്ലോ...'

അങ്ങിനെ അവര്‍ തുടങ്ങി. ആന്റപ്പന്‍ നേരേ സിറ്റ്‌-അപ്പ്‌ എടുക്കുന്ന സാധനത്തില്‍ ഇരുന്ന് വ്യായാമം തുടങ്ങി. ആദ്യമേ തന്നെ അവനത്‌ നിസാരമായി ചെയുന്നത്‌ കണ്ട ദിവാരന്റ അന്തരാത്മാവില്‍ അസൂയ പോപ്‌ കോണ്‍ പോലെ തെറിച്ചു ചാടി.

'അങ്ങനെ വിട്ടാല്‍ പറ്റുമോ' എന്ന ചിന്തയില്‍ ദിവാരന്‍ വേഗം ആം എക്സര്‍സൈസ്‌ ചെയ്യുന്ന സാധനത്തില്‍ കയറി ഇരുന്നു. കയ്കള്‍ കൊണ്ട്‌ വശങ്ങളിലുള്ള ഇരുമ്പ്‌ ദണ്ട്‌ മുന്നിലേക്കും പിന്നിലേക്കും നീക്കണം. ദിവാരനത്‌ പുഷ്പം പോലെ ചെയ്തു തുടങ്ങി.

അഞ്ച്‌ മിനിട്ട്‌ കഴിഞ്ഞു... ആന്റപ്പന്റെ പുള്ളിംഗ്‌ കുറഞ്ഞു വന്നു... അവന്‍ ദിവാരനെ നോക്കി... അവന്‍ ഇപ്പൊഴും മാരക വ്യായാമം.

ആന്റപ്പന്‍ വാശിക്ക്‌ പുഷ്‌ അപ്പ്‌ എടുക്കാന്‍ നോക്കി... ഒന്ന്... രണ്ട്‌... മൂ.... അവിടെ കഴിഞ്ഞു പുഷ്‌ അപ്പ്‌.

തീര്‍ത്തും അവശനായ ആന്റപ്പന്‍ നേരേ ദിവാരന്റെ അടുത്തേക്കെത്തി.

അവിടെ ദിവാരന്‍ യാതൊന്നും ശ്രദ്ദിക്കാതെ മുക്രയിട്ട്‌ ശ്വാസം വലിച്ച്‌ വ്യായാമം തുടര്‍ന്നുകൊണ്ടിരുന്നു... അവന്റെ മുഖവും ചുണ്ടുകളും എലിപ്പെട്ടിയില്‍ വാലുകുടുങ്ങിയ എലിയേ പോലെ തുറിച്ച്‌ വന്നു... നെറ്റിയിലും, കഴുത്തിലും മഴവെള്ളപ്പാചില്‍ പോലെ വിയര്‍പ്പ്‌. ഇടക്കിടക്ക്‌ കുക്കറില്‍ നിന്നുമെന്ന പോലെ ശബ്ദങ്ങള്‍...

'ഡാ, ആദ്യത്തെ ദിവസം അധികം വ്യായാമം വേണ്ട ട്ടാ... ഞാന്‍ നിര്‍ത്തി.. ഇല്ലെങ്കി പണി കിട്ടും' ആന്റപ്പന്‍ പറഞ്ഞു.

'നീ പോഡ. നിനക്ക്‌ സ്റ്റമിന ഇല്ല. മിനിമം ഒരുമണിക്കൂറെങ്കിലും നമ്മള്‍ വ്യായാമം ചെയ്യണം. എങ്കിലേ അത്‌ ശരീരത്തില്‍ കാണൂ...' അതും പറഞ്ഞ്‌ ദിവാരന്‍ നേരേ തൊട്ടടുത്തുള്ള സാധനത്തില്‍ കയറി ഇരുന്നു. അതില്‍ കിടന്ന്, കയ്കള്‍ തലക്ക്‌ ഇന്നില്‍ വെച്ച്‌, മേലോട്ട്‌ പൊന്തണം. ദിവാരന്‍ തുടങ്ങി.

പത്ത്‌... പതിനൊന്ന്... ദിവാരന്റെ പുള്ളിംഗ്‌ കുറഞ്ഞു തുടങ്ങി...

'ഇപ്പ്പ്പൊ നിര്‍ത്തിയാല്‍, ആന്റപ്പനെന്നിലുള്ള ബഹുമാനം പോകും. സോ... ഐ മസ്റ്റ്‌ ഗോ ഓണ്‍...' ദിവാരന്‍ ഒര്‍ത്തു.

പെട്ടെന്നാണ്‌ ഒരു സുന്ദരിക്കൊച്ച്‌ ഇറുകിയ വസ്ത്രങ്ങളൊക്കെ ധരിച്ച്‌ അവരുടെ മുന്നിലൂടെ പോയത്‌. അവള്‍ ദിവാരന്റെ വിയര്‍ക്കുന്ന ശരീരത്തിലേക്കൊന്ന് പാളി നോക്കി...

അത്‌ കണ്ട ദിവാരന് പവര്‍ മാള്‍ട്ട്‌ കഴിച്ച പോലെ തോന്നി. ശക്തി വീണ്ടെടുത്ത്‌, ഒടുക്കത്തെ ആക്രാന്തത്തോടെ അവന്‍ പിന്നെയും പൊന്താന്‍ ശ്രമിച്ചു...

പതിനാല്‌... പതി....

അവന്റെ വയറില്‍ കാലങ്ങളായി ഇളകാത്ത പേശികള്‍ വലിഞ്ഞു മുറുകി. വല്ലാത്തൊരു വേദന ദിവാരന്‌ അനുഭവപ്പെട്ടു. ബട്ട്‌ അവന്‍ വിട്ടുകൊടുത്തില്ല. സര്‍വ്വ ശക്തിയുമെടുത്ത്‌ അവന്‍ മുകളിലേക്ക്‌ ഉയര്‍ന്നു... പ്രെഷര്‍ കരണം അവന്റെ മുഖം കടന്നല്‍കൂട്ടങ്ങള്‍ ഉന്നം നോക്കി കുത്തിപ്പടിച്ച്‌ പോയ പോലെയായി. അവന്റെ സര്‍വ്വ പേശികളും അങ്ങോട്ടോ... ഇങ്ങോട്ടോ എന്ന് പറഞ്ഞ്‌ പിടി വലി കൂടി... വായില്‍ നിന്നും നുര വന്നു...

എന്നിട്ടും ദിവാരന്‍ തന്റെ അഭിമാനത്തെ വിട്ടുകളഞ്ഞില്ല, വീണ്ടും സര്‍വ്വ ശക്തിയുമെടുത്തവന്‍ ഉയര്‍ന്നു... ഉയരാന്‍ ശ്രമിച്ചു... പകുതിയായപ്പോള്‍ ചാക്കരി തൂക്കിയിട്ട പൊലേ ദേ പോകുന്നു പിന്നിലേക്ക്‌...

ധിം!

ദിവാരന്‍ തലകറങ്ങി നേരേ നിലത്തേക്ക്‌ പോന്നു. എന്തോ വലിയൊരു ശബ്ദം കേട്ട് അവിടെയുള്ളവരെല്ലാം ഓടിവന്നു നോക്കി...

ഒരുവിധം തപ്പിപ്പിടിച്ചെണീറ്റ്‌ നോക്കിയപ്പോള്‍ എല്ലാം 'അയ്യര്‍ ദി ഗ്രേറ്റില്‍' മമ്മൂട്ടി കാണുന്നപോലെ! മൊത്തം തിരിഞ്ഞു മറിയുന്നു. ആന്റപ്പന്‍ അതാ തലകുത്തി നില്‍ക്കുന്നു. ഫാനും, മഷീനുമെല്ലാം തലകുത്തി, തിരിഞ്ഞു കറങ്ങുന്നു.

ദിവാരന്‍ വീണ്ടും വീണു. ഇത്തവണ ബോധം കൂടി ഒപ്പം പോയി.

പിന്നീട്‌ ദിവാരന്‍ കണ്ണുതുറക്കുമ്പോള്‍ കണ്ടത്‌ രണ്ട്‌ ബയങ്കര ജിമ്മായ ചേട്ടമ്മാര്‍ മലമ്പാമ്പിനെ തൂക്കിയെടുത്ത്‌ കൊണ്ടുപോകുന്ന പോലെ തന്നെ കൊണ്ടുപോകുന്നതാണ്‌. അവര്‍ അവനെ ഒരു സോഫായില്‍ ഡെപ്പോസിറ്റ്‌ ചെയ്തു.

ദിവാരന്‍ പതുക്കെ എണീറ്റിരിക്കാന്‍ നോക്കി, 90 കിലോയുള്ള ആ ശരീരത്തില്‍ അപ്പോ ആകെ അനങ്ങിയത്‌ അവന്റെ കണ്ണുകള്‍ മാത്രം.

തൊട്ടടുത്ത്‌ ഐ.സി.യു വിനു മുന്നില്‍ നില്‍ക്കുന പോലെ ആന്റപ്പന്‍.

ദിവാരന്‌ അവന്‍ ചിരിക്കുന്നുണ്ടോ എന്ന് സംശയം തോന്നി. പപ്പടം പൊട്ടിത്തെറിച്ച പോലെ പോയ തന്റെ അഭിമാനത്തെയൊര്‍ത്ത്‌ ദിവാരന്‍ കണ്ണടച്ച്‌ കിടന്നു.

ആ കിടപ്പില്‍ കുറച്ച്‌ നേരം കിടന്ന ശേഷം, ആന്റപ്പന്‍ കൊണ്ടുവന്നു കൊടുത്ത ഒരു പാക്കറ്റ്‌ ഗ്ലൂക്കോസും, ഒരു ഗ്ലാസ്‌ ഹോര്‍ലിക്സും കാലിയാക്കിയിട്ടേ ദിവാരന്‌ എണിക്കാനായുള്ളൂ.

തിരിച്ച്‌ ആന്റപ്പന്റെ തോളില്‍ ചാഞ്ഞ്‌ നടക്കുമ്പോള്‍ ദിവാരന്‍ സ്വയം പറഞ്ഞു,

'എന്താ പറ്റിയേന്ന് മനസിലായില്ല ഡാ... എല്ലാം ഞാന്‍ അവന്‍ പറഞ്ഞ മാതിരി കറക്റ്റ്‌ ആയിട്ടാ ചെയ്തത്‌. എണ്ണം പോലും തെറ്റിച്ചില്ല. പിന്നെന്താണാവോ... ' ദിവാരന്‍ പറഞ്ഞു.

'ആര്‌ പറഞ്ഞൂ? എന്ത്‌ പറഞ്ഞു?' ആന്റപ്പന്‍ ഒന്നും മനസിലാവതെ ചോദിച്ചു.

'ആ കോമളന്‍! അപ്പോ അവന്‍ നിന്നോടൊന്നും പറഞ്ഞില്ലേ? എന്നൊടവന്‍ ഏതൊക്കെ കുന്ത്രാണ്ടത്തില്‍, എത്ര തവണ ചെയ്യണം എനൊക്കെ കറക്റ്റായിട്ട്‌ പറഞ്ഞു തന്നതാ ഡാ... എവിടെയോ എണ്ണം പിഴച്ചുപോയതാ പ്രശ്നായേ ന്നാ തോന്നണേ" ദിവാരന്‍ പറഞ്ഞു.

'അല്ലാ, അതിന്‌ കോമളന്‍ ഇതിനു മുന്‍പ്‌ ജിമ്മില്‍ പോയിട്ടുണ്ടോ?' ആന്റപ്പന്‍ അത്ഭുതത്തോടെ ചോദിച്ചു.

'ഇല്ലേ? ' ദിവാരന്‍

'എനിക്ക്‌ തോനുന്നില്ല. ഇന്നലേയും കൂടി കോമളന്‍ എന്നൊട്‌ പറഞ്ഞതാ, എനിക്കും ജിമ്മില്‍ പോണം. കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹമാണെന്ന്. പിന്നെങ്ങിനെയാ?'

ദിവാരന്‍ പിന്നൊന്നും മിണ്ടിയില്ല.

------------------------


അതേ സമയം, തൊട്ടടുത്തുള്ള ക്ലേ-പോട്ട്‌ എന്ന മലയാളീ ഹോട്ടലില്‍ മറ്റൊരാളും ദിവാരനെപ്പോലെ ചതിയില്‍ പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

'ഡാ, ഈ ബ്രെക്‌ ഫാസ്റ്റ്‌ ആണ്‌ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. അത്‌ നമ്മള്‍ നല്ലപോലെ കഴിക്കണം.' കോമളന്‍ ശശിയോട്‌ പറഞ്ഞു.

'അല്ലാ, ലഞ്ച്‌ ആണ്‌ പ്രധാനം എന്നല്ലേ നീ കഴിഞ്ഞയാഴ്ച്ച എന്നോട്‌ പറഞ്ഞത്‌?' ശശി.

'അതേ, അതും പ്രധാനമാണ്‌. ന്നാലും ഇതാണ്‌ അതിനേക്കാളും പ്രധാനം. രാവിലെ ചുമ്മാ വന്ന് കഴിക്കരുത്‌. അതിനൊക്കെ ഒരു രീതിയുണ്ട്‌.. ഞാന്‍ പറഞ്ഞു തരാം...' കോമളന്‍ ശശിയെ എങ്ങിനെ പല-തവണകാളായി രാവിലെ ഭക്ഷണം കഴിക്കാമെന്ന് പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരുന്നു...

അതും നോക്കി, വെള്ളമിറക്കി, നാളെമുതല്‍ ഞാനും തിന്നും, വലുതാവും എന്നാലോജിച്ച്‌ ശശി താടിക്കൂന്നും കൊടുത്ത്‌ കോമളന്റെ ചിറിയില്‍ നോക്കിയിരുന്നു.

-----------------------------

പിന്‍കുറിപ്പ്‌: ശരീരം 'ഇളകിപ്പോയ' ദിവാരന്‍ ഒരാഴ്ച്ച നീണ്ട അരോഗ്യ-പോഷക വര്‍ദ്ധക സാധങ്ങള്‍ കഴിച്ചാണ്‌ പഴയ ലെവലിലേക്ക്‌ തിരിച്ചെത്തിയത്‌. അതിനു ശേഷം ആ ജിമ്മിലേക്ക്‌ ആന്റപ്പനോ, ദിവാരനോ തിരിഞ്ഞു നോക്കിയിട്ടില്ല. ഉപദേശങ്ങള്‍ കിട്ടിയ ശശി ഇന്നും തീറ്റ കൂട്ടി കൂട്ടി കൊണ്ടുവരുന്നു. ഒപ്പം അവന്റെ തടിയും.

5 comments:

മങ്കലശ്ശേരി ചരിതങ്ങള്‍ said...

dedicating to Mr.Divaakaran on his bday!

ഹന്‍ല്ലലത്ത് Hanllalath said...

പാവം ദിവാകരന്‍.. :)

Anonymous said...

Yes, this gave a wonderful picture of a common man and the gym in Kerala.

Really speaking, I could not find a good GYM in entire Kerala on our survey during 2004. And about qualification of GYM instructor, is pretty poor. All are traditional coaches who do not have any idea about human anatomy, physiology and Kinesiology.

Oflate there are a lot more GYMs sprung up, and all are merely collection of machines which are good for nothing to the human body.

And some magazines are giving tips to build muscles tooo....really speaking these so called fitness Gurus are spoiling the youth.

Have a ncie day

Vinu

No name.. said...

കൊള്ളാലോ വീഡിയോണ്‍... അടിപൊളി

Ashly said...

അടിപൊളി!!!!