Tuesday, October 7, 2008

അത്ഭുത ബാഗിലെ അപവാദങ്ങള്‍

എനിക്കോര്‍മ്മ വരുന്നത്‌ മതിലുകള്‍ എന്ന സിനിമയാണ്‌. മങ്കലശ്ശേരിയിലെ ഇപ്പൊഴുള്ള ഒരു അന്തരീക്ഷം അതാണ്‌. ഫാനിന്റെ ശബ്ദവും, ഇടക്കിടക്ക്‌ ഓണാവുന്ന ടിവിയുടെ ശബ്ദവും മാത്രം. ആരും ആരോടും മിണ്ടാട്ടമില്ല. ആറ്‌ പേര്‌ താമസിച്ചിരുന്ന മങ്കലശ്ശേരി ഇപ്പൊ ആരും താമസിക്കത്ത വീട്‌ പോലെ, ശാന്തം.. സുന്ദരം.. സുരഭിലം.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതിയിട്ടാണോ അതോ രണ്ട്‌ "വൃത്തികേടുകള്‍" വീട്ടില്‍ നിന്നും പോയതുകൊണ്ട്‌ "തെളിച്ച്‌ ശുദ്ധം വരുത്താം" എന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല, ആ ശനിയാഴ്ച്ച ദിവാരനും പക്രുവും വീട്‌ മൊത്തം ഒന്ന് വൃത്തിയാക്കുവാന്‍ തീരുമാനിച്ചു.

അരയില്‍ തോര്‍ത്ത്‌ മുണ്ട്‌ മാത്രം കെട്ടി, മൂക്കിലും വായിലും പഞ്ഞിക്ക്‌ പകരം തുണിചുറ്റി, സെപ്റ്റിക്‌ ടാങ്കിലേക്കിറങ്ങുന്ന ധീരയോധാക്കളെപ്പോലെ അവമ്മാര്‍ രണ്ടും അണിഞ്ഞൊരുങ്ങി, അടുക്കളയുടെ ആരും അടുക്കാത്ത ഭാഗങ്ങളിലേക്കൊന്ന് നോക്കി.

ലോക്കല്‍സ്‌ കൂടാതെ കളക്ഷനു വേണ്ടി അയലോക്കത്തു നിന്നും വന്ന പല്ലികളും, പാറ്റകളും, മൂട്ടകളും അടുക്കിവെച്ചിരിക്കുന്ന കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്നും, പഴയ പെട്ടുകള്‍ക്കിടയില്‍ നിന്നും "വേണ്ടാ മോനെ.. ഞങ്ങളോട്‌ കളി വേണ്ട്രാ..." എന്ന മട്ടില്‍ പക്രുവിനെയും ദിവാരനെയും തുറിച്ചു നോക്കി.

ഒന്നും കാര്യമാക്കാതെ ദിവാരന്‍ തികഞ്ഞ "നീന്തല്‍" താരത്തെപ്പോലെ ആ വേസ്റ്റ്‌ കൂനകള്‍ക്ക്‌ മുകളിലോട്ട്‌ എടുത്ത്‌ ചാടി, മഥനം ചെയ്യന്‍ തുടങ്ങി.

അങ്ങിനെ മഥിക്കുനതിനിടയില്‍ ദിവാരനും കിട്ടി പലതും.

കോമളന്‍ റൂം ഫ്രഷ്‌ ആക്കാന്‍ വെച്ചിട്ട്‌ പോയ പഴയ മൂന്ന് ജോടി ഷൂസ്‌, ഷൂസിന്റെ ഉള്ളില്‍ തണുപ്പടിക്കാതെ കൂടിയിരിക്കുന്ന സോക്സ്‌ ആന്റ്‌ പാറ്റാസ്‌ ഫൂച്ചര്‍ ഫാമിലി (മുട്ടകള്‍), ആന്റപ്പന്റെ കള്‍സറായിസ്‌, ബ്ലാക്‌ ആന്റ്‌ വൈറ്റില്‍ പത്താം തരത്തില്‍ പഠിക്കുമ്പോ ആദ്യായി എടുത്ത ചിരിക്കുന്ന ഫോട്ടോ മുഖക്കുരുവോട്‌ കൂടിയത്‌...

അങ്ങിനെ വിജയകരമായി ക്ലീനിംഗ്‌ നടത്തിവന്ന ദിവാരന്റെ കണ്ണുകളില്‍ അങ്ങ്‌ മൂലക്ക്‌ വികാരധീരനായി, ചുക്കി ചുളുങ്ങി ഇരുന്ന ഒരു കറുത്ത ബാഗ്‌ ഉടക്കി നിന്നു.

ഇതുവരെ ആരും അങ്ങിനെ ഒരു ബാഗ്‌ ഇവിടെ കണ്ടിട്ടില്ല. കണ്ടാലറിയാം ഒരുപാട്‌ കാലമായി ആരും തൊടാതെ വെച്ചിരിക്കുന്നതാണത്‌.

എന്തായിരിക്കും അതില്‍?

ദിവാരനും പക്രുവും അങ്ങോട്ടുമിങ്ങോട്ടും നോക്കി. ദിവാരന്റെ കണ്ണുകളില്‍ ഭയവും, പക്രുവിന്റെ കണ്ണുകളില്‍ ആകാംക്ഷയും. അതില്‍ ആകാംക്ഷക്കായിരുന്നു "സെക്സ്‌ അപ്പീല്‍" കൂടുതല്‍. അതുകോണ്ട്‌ തന്നെ ദിവാരന്‍ ആ ബാഗ്‌ തുറക്കാന്‍ നിര്‍ബന്ദ്ധിതനായി.

വിറക്കുന്ന കയ്കളാല്‍ ദിവാരന്‍ ആ ബാഗ്‌ മുകളില്‍ നിന്നും താഴേക്ക്‌ ഇറക്കി വെച്ചു.

ജീവനുള്ള എന്തോ ഒന്ന് തങ്ങളെ തുറിച്ചു നോക്കുന്ന പോലെ ദിവാരനു തോന്നി. എന്തായിരിക്കും ഉള്ളില്‍?

പേടി മാറ്റാന്‍ പക്രു കാലു മടക്കി ബാഗിന്റെ ആസനം നോക്കി ഒറ്റ കിക്ക്‌. എന്നിട്ടൊരു ഡയലോഗും...

"ഏയ്‌... പേടിക്കാനൊന്നുമില്ലെടാ.... ഉള്ളില്‍ ജീവനുള്ള ഒന്നുമില്ല. നീ തൊറന്നോ."

പണ്ടേ ഉള്ള ധൈര്യം ഇപ്പൊഴും അതേപടി ഉണ്ടെന്ന് കാണിക്കണമെങ്കില്‍ ദിവാരനു ബാഗ്‌ തുറന്നേ പറ്റൂ.

തന്റെ സ്വത്സിദ്ധമായ സ്റ്റെയിലില്‍, സിനിമ നടന്‍ ജയന്‍ നില്‍ക്കുന്ന പോലെ കയ്കള്‍ പിന്നിലേക്ക്‌ വലിച്ച്‌ വെച്ച്‌, കത്തിപ്പോകാതെ നിന്ന ഫാറ്റ്‌ തടിച്ചു കൂടിയ നെഞ്ച്‌ മുന്നോട്ടാഞ്ഞ്‌ പിടിച്ച്‌ ദിവാരന്‍ ഒന്ന് ശ്വാസം വലിച്ച്‌ വിട്ടു.

ബഗിന്റെ സിപ്പ്പ്‌ "കിര്‍... ര്‍.... കിര്‍... ര്‍... ര്‍.. കിര്‍..." എന്ന് ശബ്ദമുണ്ടാക്കി, പല തവണകളായി തുറന്നു വന്നു....

"ഡാ... ഉള്ളില്‍ നിന്നും പൊഹ വരുന്നുണ്ടോ ടാ..."

"അത്‌ പൊകയല്ലെഡാ... പൊടിയാ..." പക്രു.

പാമ്പിങ്കൂട്ടില്‍ കയ്യിടുന്ന പോലെ ദിവാരന്‍ ആ ബാഗിനെ ഇരുണ്ട ഭാഗത്തിലേക്ക്‌ കയ്യിറക്കി.

എന്തോ തടഞ്ഞോ?

ഉവ്വ്‌. ഇനി വല്ല നിധിയോ മറ്റോ....

ദിവാരന്റെ മുഖത്ത്‌ പ്രതീക്ഷകളുടെ ബഹുവര്‍ണ്ണരാജിതമായ വിരിയാമുട്ടുകള്‍ പൊട്ടി വിരിഞ്ഞു. ഇടക്കിടെ ഗുമ്മിനു വേണ്ടി ഗുണ്ടുകളും പൊട്ടി.

കയ്യില്‍ തറഞ്ഞത്‌ ദിവാരന്‍ വലിച്ച്‌ പുറത്തെടുത്തു.

പാട്ട കൊണ്ടുണ്ടാക്കിയ ഒരു പാത്രം. ഇന്‍സ്റ്റ്രുമന്റ്‌ ബോക്സിന്റെ വലിപ്പം, ഒരു വശത്ത്‌ പൂക്കളും കിളികളും ഒക്കെയായി കളര്‍ഫുള്‍.

"ഇതെന്തോന്നെഡെയ്‌ ഇത്‌..." പക്രു ചോദിച്ചു.

എന്തായാലും നിധിയല്ലെന്ന് മനസ്സിലാക്കിയ ദിവാരന്‍, ഇനി അകത്തെങ്ങാനും വല്ല സ്വര്‍ണ്ണമോ, ബിസ്കറ്റോ, റസ്കോ വല്ലതും ഉണ്ടെങ്കിലോ എന്ന വിശ്വാസത്തില്‍ അത്‌ തുറന്നു.

മുന കൂര്‍പ്പിച്ച ഒരു പെന്‍സില്‍, ഉറയിലിട്ട ഒരു ഡബ്ബര്‍, മണമുള്ള ഒരു ജല്‍പ്പന്‍ (ജെല്‍ പെന്‍), ഒരു കുരിശു മാല...

"ഇതെന്ത്‌ കുരിശാ ഡാ..." ദിവാരന്‍.

പെണ്ണും കെട്ടി കുട്ട്യൊളേം നോക്കി വീട്ടിലിരിക്കേണ്ട സൈസ്‌ പിള്ളേരേ മങ്കലശ്ശേരിയിലുള്ളൂ. അതിനിടക്കിതാരടപ്പാ സ്കൂളില്‍ പോകുന്നത്‌ എന്നൊരു സംശയം പക്രുവിനും തോന്നി.

"ഡാ... ഇത്‌ മ്മടെ ശശീടെ ബാഗല്ലേ... ഞാന്‍ ഇത്‌ മുന്‍പ്‌ കണ്ടിട്ടുണ്ടോ ന്നൊരു സംശയം..." പക്രു പറഞ്ഞു.

"ആണോടാ? കാര്യായിട്ടും? ശെടാ... ന്നാലും അവനിതെന്തിനാ ഈ പെന്‍സിലും ഡബറും?"

ദിവാരന്‍ വീണ്ടും കയ്യിട്ടു. വേറെന്തോ തടയുന്ന വരെ.

കര്‍ത്താവിനു സ്തുതിയായിരിക്കട്ടെ! ദാണ്ടെ വരുന്നു രണ്ട്‌ രണ്ടര കിലോ വരുന്ന വണ്ടനൊരു പുസ്തകം.

ബൈബിള്‍!

"എന്റെ മാതാവേ..." ശുദ്ധ പട്ടരായ പക്രു അറിയാതെ വിളിച്ചു പോയി.

ദിനവും ആപ്പീസിലേക്ക്‌ പോകുന്ന വഴി അയ്യപ്പെനെയോ, ശിവശങ്കരനെയോ ഇനി അവരെ കിട്ടിയില്ലെങ്കില്‍ ഗുരുവയൂരപ്പനെയോ തൊട്ടു വന്ദിച്ചാലേ അന്നത്തെ കാര്യ്നങ്ങള്‍ അങ്ങോട്ട്‌ സ്മൂത്താവൂ എന്ന് വിശ്വസിക്കുന്ന,

വാരത്തിലൊരിക്കലെങ്കിലും "അകലെ" യുള്ള ഏതെങ്കിലും ഒരു അമ്പലത്തില്‍ പോയി വഴിപാടായി ഒരു വഴിപാടെങ്കിലും കഴിക്കാതെ പ്രാതല്‍ പോലും കഴിക്കാത്ത..

ശശിയോ ഈ ബൈബിളിന്റെ ഉടമ?

ശശിയുടെ ഹൃദയത്തിന്റെയും മാനത്തിന്റെയും പേഴ്സണല്‍ സൂക്ഷിപ്പുകാരനായ പക്രുവിനു പോലും അത്‌ വിശ്വസിക്കാനായില്ല.

എന്നാലും ഇവനിതെന്തു പറ്റി? ഇനി അപ്പുറത്തെ വീട്ടിലെ ഞായറാഴ്ച്ച നെഞ്ചടിച്ചാം പാട്ട്‌ പാടാന്‍ വരുന്ന ആ ഗാങ്ങിലെ ആരെങ്കിലും ഇവനെ പരിവര്‍ത്തനം ചെയ്തോ ദൈവമേ...

പക്രുവിനും ദിവാരനും ബയങ്കര ടെന്‍ഷനായി.

ദിവാരന്‍ പുസ്തകം തുറന്നു നോക്കി...

നടുപ്പേജിലതാ മറ്റൊരു പുസ്തകം...

വല്ല്യ പുസ്തകം പെറ്റ ഒരു കുഞ്ഞി പുസ്തകം.

പോകറ്റ്‌ ബൈബിള്‍!

"ഓ ഡിയര്‍ ലോര്‍ഡ്‌...." അത്‌ പറഞ്ഞത്‌ ദിവാരനായിരുന്നു.

ഇനിയും കയ്യിട്ട്‌ തപ്പാനുള്ള ക്ഷമയില്ലാതെ ദിവാരന്‍ ബാഗ്‌ തലകീഴാക്കി കുലുക്കി...

ആലിപ്പഴം പെയ്ത പോലെ ചറപറേ... ന്നും പറഞ്ഞ്‌ എന്തൊക്കെയൊ അതില്‍ നിന്നും താഴേക്ക്‌.

പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഒരു ഹാന്‍ഡ്‌ കര്‍ചീഫ്‌, ഒരു കുപ്പി ചാര്‍ലീസ്‌ സ്പ്രേ പകുതിയോട്‌ കൂടിയത്‌, ഒരു പഴയ ഐവ കമ്പനിയുടെ വാക്മാന്‍.

ദിവാരന്റെയും പക്രുവിന്റെയും തലകള്‍ വല്ലാതെ പുകയാന്‍ തുടങ്ങി. തീയാവുന്നതിനു മുന്‍പേ പക്രു പറഞ്ഞു,

"ന്നാലും ആ തെണ്ടി നമ്മളോട്‌ പറയാതെ എന്തൊക്കെയോ പരിപാടികള്‍ നടത്തുന്നുണ്ട്‌ ഡാ... ദേ കണ്ടില്ലേ... ഏതോ പെണ്ണിന്റെ സാധങ്ങളൊക്കെ. ആ ഇന്‍സ്റ്റ്രുമന്റ്‌ ബോക്സ്‌ അവള്‍ സ്കൂളില്‍ പഠിച്ചപ്പോ ഉപയോഗിച്ചതായിരിക്കും. എടുത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നു... ശവം!"

"ഉം... നീ പറഞ്ഞത്‌ കറക്റ്റാ ഡാ. ബട്ട്‌ ഇനി നമ്മളാരും ഇവിടെയില്ലാത്തപ്പോ അവനവളെ ഇവിടെ കൊണ്ടുവരുന്നുണ്ടോ എന്നാ എന്റെ സംശയം..."

"ഹും.. അങ്ങനെയാണെങ്കി ഇന്നവന്റെ ഡെത്ത്‌ ഓഫ്‌ ദി ഡേയാ..."

എടുത്തതെല്ലാം പഴയപോലെ വെച്ച്‌, വൈകീട്ട്‌ ശശി രാജന്‍ കൂടണയുന്നതും കാത്ത്‌ ഇണക്കുരുവികളെപ്പോലെ അവര്‍ കാത്തിരുന്നു...

ഒടുവില്‍ ശശിയെത്തി.

വലിച്ചു വെച്ചിരുന്ന റബര്‍ ബാന്‍ഡ്‌ വിട്ട പോലെ ശശി വന്നതും ദിവാരന്‍ തെറി പറഞ്ഞു തുടങ്ങി...

പക്രുവും വിട്ടില്ല. അറിയാവുന്ന വെഗിറ്റേറിയന്‍ തെറികളില്‍ നല്ലോണം ചീഞ്ഞത്‌ നോക്കി അവനും എടുത്ത്‌ കാച്ചി.

തെറി പറയുന്നതിനിടയില്‍ അവമ്മാര്‍ മാറ്റര്‍ പറയാന്‍ വിട്ടുപോതിനാല്‍ ശശിക്ക്‌ എന്താണ്‌ സംഭവമെന്ന് മനസിലായില്ല.

"ഡേയ്‌... എന്താ കാര്യം? ഉച്ചക്ക്‌ പട്ടിണി കെടന്നോ?"

എടക്ക്‌ വന്ന ഗാപ്പില്‍ ശശി ചോദിച്ചു.

ഉടനേ ദിവാരന്‍: ഡാ ശവീ, ബൈബിളില്‍ പത്താമധ്യാത്തില്‍ എന്താഡാ പറഞ്ഞിരിക്കുന്നത്‌?

പ്ലാസ്റ്റിക്‌ മുട്ട വിഴുങ്ങിയ പാമ്പിനെപ്പോലെ നിന്ന ശശിയോട്‌ ഉടനേ പക്രു...

"നീ അവളെ എത്ര തവണ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്‌? ഈ വീടിന്റെ ചാരിത്ര്യവും, ഹിസ്റ്ററിയും കളഞ്ഞിട്ടുണ്ട്‌?"

ദിവാരന്‍: ചാര്‍ളിസ്‌ സ്പ്രേ വല്ല്യ ഇഷ്ടാ...ല്ലെ? ഒരിക്കലും പാട്ട്‌ കേള്‍ക്കാത്ത നീ കാസറ്റ്‌ പ്ലേയറില്‍ പട്ട്‌ കേള്‍ക്കും... ല്ലെ?

വല്ലാത്തൊരു പസില്‍ പ്രശ്നം കേട്ട പോലെ, വേവാറായ ഉപ്പുമാവില്‍ കുമിളകള്‍ വന്ന് പൊട്ടുന്ന പോലെ ശശിയുടെ മുഖതാരില്‍ ആയിരം ചോദ്യങ്ങളും, അഞ്ചെട്ട്‌ ഉത്തരങ്ങളും പടവെട്ടി കളിച്ചു.

ബൈബിള്‍?? അവള്‍?? ചാരിത്ര്യം?? ഐവാ? ന്റെ അയ്യപ്പാ....

ശശി വിയര്‍ക്കാന്‍ തുടങ്ങി.

ഒരിക്കല്‍ പോലും ആ രാമായണത്തിന്റെയോ, ഭാഗവതത്തിന്റെയോ ആദ്യ പേജ്‌ പോലും വായിക്കാന്‍ മെനെക്കെടാത്ത ശശി...

വേണ്ടാന്ന് വെച്ചിട്ട്‌ പോലും ഒരു ഫീമെയിലിനെ തൊട്ടോ, തോണ്ടിയോ, നോക്കിയോ, കുത്തിയോ പീഡിപ്പിക്കാത്ത ശശി...

ഒരുപാട്‌ പാട്ടുകള്‍ കുത്തിക്കേറ്റാന്‍ ഇടമുള്ള മൊബെയിലില്‍ ഇന്നേവരെ ഒരുപാട്ട്‌ പോലും കയറ്റാത്ത ശശി...

അപ്രകാരമുള്ള ശശിയെപ്പറ്റി സ്വന്തം മുറിമേറ്റ്സ്‌ ഇപ്രകാരം പറഞ്ഞത്‌ അവന്‌ താങ്ങാനാവുന്നതിലും അപ്രമായിരുന്നു.

അതു വരെ പണ്ടെങ്ങോ പഠിച്ച മെഡിറ്റേഷന്റെ ഗുണം കൊണ്ട്‌ ക്ഷമയുടെ നെല്ലിപ്പലക താങ്ങിപ്പിടിച്ചു നിന്ന ശശി,

"ഭ, നിര്‍ത്തെടാ പുല്ലമ്മാരേ... ചുമ്മാ കേറി കടിക്കാന്‍ ഞാനെന്താ നിന്റെയൊക്കെ തറവാട്ടു സ്വത്താണോ ടാ ഡാഷ്‌ കളെ. ഒന്നുമറിയില്ലെങ്കി വായിമ്പൂട്ടി മിണ്ടാതിരുന്നോണം. എന്റെ തലയില്‍ കേറ്യാലുണ്ടല്ലോ. അവന്റെയൊരു ബൈബിളും ഐവയും. ഭ!" എന്നും പറഞ്ഞ്‌ നിലം പൊളിയുമാര്‍ ചവിട്ടി മെതിച്ച്‌ തലയും മാന്തി ഒരു പോക്കായിരുന്നു അവിടുന്ന്.

വഴിയിലെവിടെയോ ബ്ലോക്കായ വാക്കിന്റെ ഷേപില്‍ തുറന്നു പിടിച്ച വായുമായി പക്രുവും ദിവാരനും പോസായി നിന്നു...

"ഡാ... അത്‌ ഇവന്റെ ബാഗല്ലാ ന്നാ തോന്നണേ ട്ടാ" എന്ന് പറഞ്ഞ്‌ തീര്‍ന്നതും പക്രുവിന്റെ മുതുകത്ത്‌ ദിവാരന്‍ കൈമുട്ട്‌ കൊണ്ട്‌ തലോടിയതും ഒരു സെക്കന്റിന്റെ ഗ്യാപില്‍ തീര്‍ന്നു.

---------------------------------

മങ്കലശ്ശേരിയില്‍ നിന്നും എതാണ്ട്‌ മുന്നൂറ്‌ കീമി കള്‍ക്കപ്പുറത്ത്‌ കോയമ്പത്തൂരിലെ ഒരു ചെളി മുറിയും, കുളി മുറിയും മാത്രമുള്ള വീട്ടില്‍ ഗസ്റ്റായി വന്ന അണ്ണാച്ചിയോട്‌ ഘോരഘോരം കത്തിവെക്കുന്ന കോമളന്‍...

"ബേസിക്കലി ആള്‍ റീലീജിയസ്‌ ബുക്സ്‌ ആര്‍ പോയന്റിംഗ്‌ റ്റു വണ്‍ തിംഗ്‌ ഓണ്‍ലി. നാന്‍ ബൈബിള്‍ പൂരാ പടിച്ചിറുക്ക്‌ല്ലേ... അതിലേ പത്താമത്‌ ചാപ്റ്റരില്‍ സൊല്ലിയിറുക്കത്‌ വന്ത്‌ നമ്മ ഭഗവത്‌ ഗീതാവില്‍ നൂറാവത്‌ ചാപറ്ററില്‍ സൊല്ലിയിറുക്ക്‌...

അതാവത്‌, നാന്‍ കാമിക്കറേന്‍...."

എന്നും പറഞ്ഞ്‌ കോമളന്‍ തന്റെ പെട്ടി തുറന്ന് എന്തോ തിരയാന്‍ തുടങ്ങി...

"ശെ... ആ ബുക്കിതെവിടെ പ്പോയി...."


അന്ന് വൈകീട്ട്‌ അടിമുടി കമ്പിളിപ്പുതപ്പില്‍ മൂടി, ശംഖുമുഘത്തെ മത്സ്യ കന്യകയുടെ ഷേപ്പില്‍ കിടക്കുന്ന പക്രുവിന്റെ മൊബെയില്‍ റിങ്ങി...

"ഹെലോ..."

"ആ... ഡാ പക്രൂ... ഇത്‌ ഞാനാ ഡാ കോമളന്‍... നീ ഒറങ്ങിയാ?"

"ഉം... ന്താ കാര്യം"

"ഡാ നീ അവിടെയെവിടെയെങ്കിലും ഒരു ബൈബിള്‍ ബുക്ക്‌ ഇരിക്കുന്നത്‌ കണ്ടാ?"


നിശബ്ദത....


"ക്ടക്‌" (പക്രു ഫോണ്‍ കട്ട്‌ ചെയ്യുന്നു.)

-------------------------------------------

പിന്‍ കുറിപ്പ്‌: അന്റപ്പന്‍ ഒറ്റക്കിട്ടിട്ട്‌ പോയ പക്രുവിന്‌ കൂട്ടായി ഇനി ഞാനുണ്ടെന്ന് പറഞ്ഞ്‌ കിടപ്പറ മാറ്റിയ ശശി ഈ സംഭവത്തിനു ശേഷം ആ മുറിയില്‍ നിന്നും തിരിച്ച്‌ പഴയ മുറിയിലേക്കെത്തി, പക്രുവിനെ പിന്നേം ഒറ്റക്കാക്കിയിട്ട്‌.

അന്ന് പക്രു ഒരു ശ(അ)ബദ്ധം ചെയ്തു.

"ഇല്ലാ... എനിക്കാരും വേണ്ടാ... ഇനിമുതല്‍ ഞാനൊറ്റക്ക്‌ കെടന്നോളാം. ഇനിയാര്‌ വാന്നലും ഞാനിവിടേക്ക്‌ കേറ്റില്ലാ... ഇത്‌ സത്യം.. സത്യം.. സത്യം..."

4 comments:

Sherlock said...

"വല്ലാത്തൊരു പസില്‍ പ്രശ്നം കേട്ട പോലെ, വേവാറായ ഉപ്പുമാവില്‍ കുമിളകള്‍ വന്ന് പൊട്ടുന്ന പോലെ ശശിയുടെ മുഖതാരില്‍ ആയിരം ചോദ്യങ്ങളും, അഞ്ചെട്ട്‌ ഉത്തരങ്ങളും പടവെട്ടി കളിച്ചു" ഹ ഹ...

മങ്കലശേരി റോക്ക്സ് :)

Shades said...

"ഡാ... ഉള്ളില് നിന്നും പൊഹ വരുന്നുണ്ടോ ടാ..."

"അത് പൊകയല്ലെഡാ... പൊടിയാ..."

.."ഞായറാഴ്ച്ച നെഞ്ചടിച്ചാം പാട്ട് പാടാന് വരുന്ന ആ ഗാങ്ങിലെ"...

.."പ്ലാസ്റ്റിക് മുട്ട വിഴുങ്ങിയ പാമ്പിനെപ്പോലെ"....

...ayyooo.. chirichu chirichu njan marichu..

Pinne, Sankhumukhathu ullathu yakshi alla, malsyakanyaka aanu ketto..
:)

മങ്കലശ്ശേരി ചരിതങ്ങള്‍ said...

വെല്‍, മാറ്റി! (കട്‌: ജഗതി)

jense said...

hahaha... kalakki makkale kalakki...