Tuesday, September 22, 2009

വൈറ്റ്‌ വാഷിങ്ങ്‌!

ആക്ഷന്‍ സിനിമകളില്‍, ഹീറോ ഒരു ജാതി ഭയങ്കര സംഭവമാണെന്ന് തോന്നിക്കാന്‍ തുടക്കം തന്നെ ഹീറോയുടെ കയ്യോ, കാലോ, കണ്ണോ, മൂക്കോ മാത്രം കാണിക്കുന്ന പോലെ, ഇവിടെയും എനിക്ക്‌ രണ്ട്‌ പേരേ കുറിച്ച്‌ പറഞ്ഞാലേ മുന്നോട്ട്‌ പോകാന്‍ കഴിയൂ...

കാരിരുമ്പിന്റെ പെയിന്റും, പാലപ്പൂ പോലുള്ള പ്രോസസ്സറും സ്വന്തമായുള്ള രണ്ട്‌ പവര്‍മാള്‍ട്ട്‌ യുവാക്കള്‍. ദദാണ്‌ മങ്കലശ്ശേരി ശശി ആന്‍ഡ്‌ മങ്കലശ്ശേരി സേത്തു.

മങ്കലശ്ശേരി സേത്തു, ഒരു സാത്വികനാണ്‌. പച്ചക്കറി മാത്രം കഴിക്കുന്ന, ഇരിക്കുമ്പോള്‍ കസേരക്ക്‌ വേദനിക്കുമോ എന്നാശങ്കപ്പെടുന്ന, കേരളത്തിലെ സകല രാഷ്ട്രീയക്കാരുടെയും ഡേ-റ്റു-ഡേ കാര്യങ്ങള്‍ വരെ പഠിച്ചുവെച്ചിരിക്കുന്ന, കാരുണ്യവാനായ സേത്തു.

ഉണക്കപ്പുളി തൊണ്ടുകളഞ്ഞ രൂപം. പീപ്പി ബലൂണില്‍ വെള്ളം കയറിയ പോലുള്ള സൗണ്ട്‌ എഫ്ഫക്റ്റ്‌. എലിപ്പെട്ടിയില്‍ പെട്ട വെരുകിനെപ്പോലെയുള്ള നടപ്പ്‌. തലയില്‍ എപ്പൊഴും ഓണ്‍ലൈനായ എന്‍സൈക്ലോപീഡിയ.

ബട്ട്‌,

നല്ലമാതിരി അണിഞ്ഞൊരുങ്ങി, വൃത്തിയായി നടക്കുന്നതിനോടൊക്കെ പണ്ടേ എതിര്‍പ്പാണ്‌ സേത്തുവിന്‌. ഓഫീസിലേക്ക്‌ കയ്യില്‍ കിട്ടിയതെന്തെങ്കിലുമെടുത്ത്‌, വായില്‍ വെക്കാന്‍ പറ്റുന്നതെന്തെങ്കിലും തിന്ന്‌, കക്ഷത്തിലടുക്കിയ മാത്രുഭൂമിയുമായി സേത്തു എന്നും വീട്ടില്‍ നിന്നിറങ്ങും. കരയിലെ ഏറ്റവും വലിയ ജീവിയുടെ സ്വന്തം നിറം തനിക്കും ഉണ്ടെന്ന അഹങ്കാരം അവനൊട്ടും ഇല്ലായിരുന്നു. ചിരിച്ചാല്‍ പീയാനോയുടെ കറുപ്പും വെളുപ്പും ചേര്‍ന്ന കീബോഡ്‌ പോലെ തോനിക്കുന്ന അവന്റെ പല്ലുകള്‍... ഇനി അപൂര്‍വ്വമാണെങ്കിലും വായടക്കുകയാണെങ്കില്‍, എങ്ങിനെയെങ്കിലും പുറത്ത്‌ പോയാ മതിയെന്ന ഒടുക്കത്തെ ആഗ്രഹത്തോടെ തല പുറത്തേക്ക്‌ നീട്ടി നില്‍ക്കുന്ന രണ്ട്‌ പല്ലുകള്‍... തന്റെ സുന്ദര്യം കുറച്ചൂടെ കൂട്ടണമെന്നോ, പെണ്‍കൊടികള്‍ തന്നെയൊന്ന് നോക്കണമെന്നോ അല്‍പം പോലും ആഗ്രഹിക്കാത്തവനായിരുന്നു സേത്തു. ഒരുപാട്‌ പേര്‍ ഉപദേശിച്ചു, 'ഡാ.. ഒന്ന് നന്നായി നടന്നൂടെ? നല്ല വല്ല ഡ്രസ്സ്‌ ഇട്ട്‌ നടന്നൂടേ? ഡിയോഡറന്റ്‌ വല്ല്തും ഉപയോഗിചൂടേ? മുഘത്ത്‌ ക്രീം വല്ലതും വാരിത്തേചൂടേ...?' അങ്ങിനെ എത്ര എത്ര ഉപദേശങ്ങള്‍... ങേ ഹേ!

എന്നാലിതിനൊക്കെ നേരേ വിപരീതമാണ്‌ ശശി! ആറടി പൊക്കം! തലയില്‍ ചീയാനിട്ടിരിക്കുന്ന ചകിരി. അതില്‍ നിന്നൊരെണ്ണം അടര്‍ന്ന് വീണത്‌ മൂക്കിന്റെ തൊട്ടടിയില്‍, മീശയായി. ആവശ്യത്തിലധികം വലിച്ചുകേറ്റാനായി (വായു, മണം) രണ്ട്‌ വലിയ തുരങ്കങ്ങളുള്ള മൂക്ക്‌, ആവശ്യത്തിനും, അനാവശ്യത്തിനും വലിച്ചു കേറ്റാനായി (ഭക്ഷണം, ഓള്‍ വെറൈറ്റി.) തുറന്നാല്‍ 'റ' ആകൃതിയും, അടച്ചാല്‍ 'ഇ' ആകൃതിയും ആവുന്ന വായ. വിരിഞ്ഞ നെഞ്ച്‌, അതിന്റെ നടുവില്‍ പണ്ടെങ്ങോ അറിയാതെ വിഴുങ്ങിയ മാങ്ങണ്ടി ഓണ്‍ ദി വേ ജാമായിപ്പോയ പോലെ ഒരു മുഴ. എന്നും രാവിലെ ചെയ്യുന്ന കഠിനമായ വ്യായാമമുറകളുടെ പരിണിതഫലമായി ഉണ്ടായ കയ്യിലെ അതിഭയങ്കരമായ മസിലുകള്‍.

ഇതൊക്കെയാണെങ്കിലും, ശശിക്കെപ്പൊഴും വേദനയുണ്ടാക്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു.

കരി ഓയിലില്‍ മുക്കിയെടുത്ത കലാഭവന്‍ മണിയുടെ പോലുള്ള തന്റെ തൊലിനിറം!

ശശി എപ്പൊഴും പറയും, ഇതല്ല എന്റെ ശരിക്കുള്ള നിറം, ഇത്‌ വെയില്‍ കൊണ്ട്‌ കറുത്തതാണെന്ന്... എന്നാല്‍, ശശിയെ ഷര്‍ട്ടിടാതെ കണ്ടിട്ടുള്ളവര്‍ പറയും, വെയില്‍ കൊണ്ടഭാഗമാണ്‌ കൂടുതല്‍ വെളുത്തിരിക്കുന്നതെന്ന്.

തന്റെ ഒറിജിനല്‍ കളര്‍ കിട്ടാന്‍ ശശി പല പല പരീക്ഷണങ്ങളും കാലാ കാലങ്ങളില്‍ ചെയ്തു വന്നു. കുമ്മായപ്പൊടി മുക്കിയ ചകിരി വെച്ച്‌ തേച്ചു കുളി, സ്വര്‍ണ്ണം, കുങ്കുമപ്പൂവ്‌, ചെമ്പരത്തി തുടങ്ങിയ സിദ്ധൗഷധങ്ങള്‍ ചാലിച്ച പാല്‌ രാവിലെ-രാത്രി കുടിക്കല്‍, കരിക്കിന്‍ വെള്ളം, കാടി വെള്ളം, ഫെയര്‍ ആന്‍ഡ്‌ ലൗവ്ലി തുടങ്ങിയവ കലക്കിയ വെള്ളത്തില്‍ കുളി.. അങ്ങിനെ എന്തെല്ലാം... ബട്ട്‌ നോ കളര്‍ ചേഞ്ച്‌!

അങ്ങിനെ ഇരിക്കുന്ന സമയത്താണ്‌ മങ്കലശ്ശേരിയിലെ കൊടികുത്തിയ സുന്ദരമ്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പക്രുവും, ദിവാരനും ഒരു പുതിയ കണ്ടുപിടുത്തവുമായി വന്നത്‌.

'ഓഫീസിലെ ഒരുത്തന്‍ ഒരു പുതിയ ക്രീം ഉപയോഗിചിരിക്കുന്നു... അവന്നിപ്പൊ എപ്പൊ നോക്കിയാലും നല്ല വെളു വെളുത്ത്‌, തുടു തുടുത്താണിരിക്കുന്നത്‌. ക്രീമിന്റെ പേര്‌ ഗാര്‍ണിയര്‍ വൈറ്റ്‌ വാഷ്‌!"

ഇത്‌ കേട്ട സേത്തുവിന്‌ പ്രത്യേക്കിച്ചൊരനക്കവും ഉണ്ടായില്ല. അല്ലേലും, അവനിതിനോടൊക്കെ പണ്ടേ വിരക്തിയാണല്ലോ. എന്നാല്‍ ഈ വാര്‍ത്ത കേട്ട ശശിയുടെ നെറ്റി സംശയത്താല്‍ ചുളിഞ്ഞു...

അങ്ങനെ ഒരു സാധനമുണ്ടോ? ഏയ്‌.. ചുമ്മാ പറ്റിപ്പായിരിക്കും! എന്നാലും ഒന്ന് നോക്കണോ.... ശശി അലോജിച്ചു.

'ഡാ സേത്തു... ഇവമ്മാര്‍ പറഞ്ഞ സാധനം നമുക്കൊന്ന് പരീക്ഷിച്ചാലോ...? ശശി സേത്തുവിനൊട്‌ ചോദിച്ചു.

'പോഡ. നിനക്ക്‌ വേറേ പണിയില്ലേ.. ഡ, ഒരോരുത്തര്‍ക്കും ദൈവം പ്രത്യേകം ഭങ്ങി കൊടുത്തിട്ടുണ്ട്‌. അത്‌ നമ്മളായിട്ട്‌ മാറ്റുന്നത്‌ നല്ലതല്ല. സ്വന്തം സൗന്ദര്യത്തില്‍ നീ അഭിമാനിക്കണം. അല്ലാതെ ചുമ്മാ.. ച്ചേ! ഞാനില്ല.' അതും പറഞ്ഞ്‌ സേത്തു അവിടെ നിന്നും എണീറ്റു പോയി.

ഒറ്റക്കായെങ്കിലും ശശി തന്റെ അടങ്ങാത്ത ആഗ്രഹത്താല്‍ അന്നു തന്നെ പോയി വൈറ്റ്‌ വാഷ്‌ വാങ്ങി. പിന്നീടങ്ങോട്ട്‌ എപ്പൊ നോക്കിയാലും ശശി ഒരു കടലാസ്‌ കഷണം മുഘത്തേക്ക്‌ ഒട്ടിച്ച്‌ പിടിച്ച്‌ കണ്ണാടിക്കുമുന്നില്‍ നില്‍ക്കുന്നത്‌ കാണാം(പിന്നീട്‌ മനസിലായി, അത്‌ നിറം മാറുന്നുണ്ടോ എന്ന് മാച്ച്‌ ചെയ്ത്‌ നോക്കാനുള്ള ഒരു കടലാസാണ്‌). ഒരഞ്ച്‌ മിനിട്ട്‌ കഴിഞ്ഞാല്‍, "ച്ചേ" എന്നൊരൊച്ച ഉണ്ടാക്കി ആശാന്‍ കുളിക്കാന്‍ പോകും.

കളര്‍ മാറുന്നുണ്ടോ എന്നറിയാന്‍ വേണ്ടി ശശി മുഖത്തിന്റെ ഒരു വശത്തു മാത്രം ക്രീം പുരട്ടിക്കൊണ്ടിരുന്നു. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും രണ്ട്‌ വശങ്ങളും പഴയ അതേ നിറത്തോടെ തിളങ്ങി നിന്നു... ശശിയുടെ ക്ഷമ നശിച്ചു തുടങ്ങി...

ബട്ട്‌... അപ്പോഴാണാവനത്‌ ശ്രദ്ധിച്ചത്‌... കഴിഞ്ഞ ആഴ്ച്ച വാങ്ങിയ വൈറ്റ്‌ വാഷ്‌ ക്രീം തീര്‍ന്നിരിക്കുന്നു! ഒരാഴ്ച്ചകൊണ്ട്‌ അത്‌ മുഴുവനും? ശശിക്കത്‌ വിശ്വസിക്കാനായില്ല. താന്‍ വളരെ സൂക്ഷിച്ച്‌ ഉപയോഗിച്ചിരുന്നതാണ്‌... അതെങ്ങനെ നോക്കിയാലും 2-3 ആഴ്ച്ച കൂടി ഉപയോഗിക്കാന്‍ പറ്റുമായിരുന്നു... പിന്നിതെങ്ങിനെ???

ശശിക്ക്‌ സംശയം തോന്നി. പക്രു... ദിവാരന്‍... പുഷ്പന്‍... ഇവമ്മാരിലാരോ ഒരുത്തന്‍ തനെയായിരിക്കും ഈ കടും കൈ ചെയ്തതെന്ന് അവനൂഹിച്ചു. അതില്‍ ഏറ്റവും സാധ്യത പക്രു എന്ന മച്ചിങ്ങപൊലത്തെ ഇതിഹാസം ആവുമെന്നു അവനൂഹിച്ചു. എങ്കിലും ശരിക്കും അത്‌ ആരാണെന്ന് കണ്ടുപിടിക്കാന്‍ തന്നെ ശശി തീരുമാനിച്ചു.

പുതിയൊരു വൈറ്റ്‌ വാഷ്‌ റ്റ്യൂബ്‌ വാങ്ങി ശശി അത്‌ എല്ലാവരും പേസ്റ്റും, ബ്രഷും വെക്കുന്ന അടുക്കളയിലെ ഷെല്‍ഫില്‍ കൊണ്ട്‌ വെച്ചു. ഒരു പകല്‍ മുഴുവന്‍ നോക്കിയിരുന്നിട്ടും, ആരും തന്റെ ക്രീമില്‍ കയ്‌ വെച്ചില്ലെന്നത്‌ ശശി മനസില്ലാക്കി. അതിന്റെ അര്‍ദ്ധം, കള്ളന്‍ പാതിരാക്കള്ളനാണ്‌.. ഹമ്പട കള്ളാ... നിന്നെ ഞാന്‍ വിടില്ലെടാ... ശശി മനസില്‍ പറഞ്ഞു.

അന്ന് രാത്രി എല്ലാവരും ഉറങ്ങിയ നേരം, ശശി പതിയെ എണീറ്റ്‌ അടുക്കള വാതിലിന്റെ പിറകില്‍ ഒളിച്ചു... കള്ളന്‍ വരുമെന്ന് പ്രതീക്ഷിച്ച്‌.

വരുന്നത്‌ പക്രുവാണെങ്കില്‍, അവന്റെ പള്ളക്ക്‌ ചിവിട്ടാനും, ഉരുട്ടി കൊല്ലാനും, അതല്ലാ ദിവാരനാണ്‌ വരുന്നതെങ്കില്‍ ചിരവ കൊണ്ട്‌ പൂവന്‍ കോഴിയുടെ തലപ്പൂവ്‌ പോലിരിക്കുന്ന മുടിയുള്ള അവന്റെ മണ്ടക്കടിക്കാനും, ഇനി പുഷ്പനാണെങ്കില്‍, അവനെക്കൊണ്ട്‌ ആ ക്രീം മുഴുവന്‍ തീറ്റിക്കാനും ശശി മനസില്‍ പ്ലാന്‍ ചെയ്തു.

കള്ളനെ കാത്തിരുന്ന ഒരോ നിമിഷവും ശശിയുടെ മനസില്‍ ദേഷ്യം പക പൊക്കി... ടെന്‍ഷന്‍ മൂലം അവന്റെ ചെവി വിടര്‍ന്നു നിന്നു, മൂക്കിന്റെ അറ്റത്തു നിന്നും രണ്ട്‌ തുള്ളി വിയര്‍പ്പ്‌ ശബ്ദമുണ്ടാക്കാതെ നിലത്തു വീണു... അവന്റെ ശ്വാസോഛാസം ഫാസ്റ്റ്‌ പാസഞ്ചറിനെ പോലെ ഒന്നും നോക്കാതെ തുടര്‍ന്നുകൊണ്ടിരുന്നു... അവന്റെ കണ്ണുകള്‍ ആകാംക്ഷയാല്‍ കുപ്പിക്കായകള്‍ പോലെ തുറിച്ചു നിന്നു...

പെട്ടന്നതാ... ഒരു കാലൊച്ച... ശശി ചെറുവിരല്‍ കയറ്റി ചെവി ഒന്ന് ക്ലിയര്‍ ആക്കി വീണ്ടും കതോര്‍ത്തു...

അതേ.. അരോ ഒരുത്തന്‍ വരുന്നുണ്ട്‌... താന്‍ കറുപ്പായതിനാല്‍, ഇവിടെ ഒളിച്ചു നില്‍ക്കുന്നതാരും അറിയില്ലെന്ന ധര്യത്തോടു കൂടെ ശശി തല നീക്കി നോക്കി...

ആരെയും കാണുന്നില്ല... പക്ഷേ എന്തോ ഒന്ന് അനങ്ങുന്നുണ്ട്‌. ദൈവമേ... ഇനി പ്രേതം വല്ലതും?

ശശി കണ്ണ്‍ മിഴിച്ച്‌ ഒന്നൂടെ നോക്കി... ഒന്നും കാണാനില്ല. ബട്ട്‌ തൊട്ടടുത്ത്‌ തന്നെ ആരോ ഉള്ളപോലെ. പെട്ടന്ന്, ഒരു ചെറു വെട്ടം പോലെ എന്തോ ഒന്ന് ശശി കണ്ടു. ഒരു മുഴുവന്‍ തേങ്ങാപ്പോളു പോലെ നീട്ടത്തില്‍ എന്തോ ഒന്ന്... അത്‌ അടുത്തടുത്ത്‌ വന്നു...

ശശിയുടെ ഉള്ളില്‍ അപായമണികള്‍ കൂട്ടിയിടിച്ചു. ഭയത്താല്‍ ശരീരം വിയര്‍ത്തു... കാല്‍മുട്ടുകള്‍ ചെണ്ടക്കോലുകള്‍ പോലെ തമ്മിലടിച്ചു. ശശി വാതിലിനു പിന്നിലേക്ക്‌ വലിഞ്ഞ്‌, കൂനിക്കൂടിയിരുന്നു...

പെട്ടന്ന് അവന്റെ കണ്ണുകള്‍ മഞ്ഞളിച്ചു. പ്രേതം തന്നെ അറ്റാക്ക്‌ ചെയ്തതായിരിക്കുമെന്ന് പേടിച്ച്‌ അലറി വിളിക്കാന്‍ പോയ ശശിക്ക്‌ അപ്പൊഴാണ്‌ മനസിലായത്‌, അടുക്കളയിലെ ലൈറ്റ്‌ തെളിഞ്ഞതാണ്‌...

ലൈറ്റ്‌ ഇടുന്ന പ്രേതമോ?? ശശി അലോജിച്ചു. അവന്‍ പതുക്കെ എത്തി നോക്കി...

അതാ... ഒരു കറുകറുത്ത രൂപം... അന്യഗ്രഹ ജീവികള്‍ പാകമല്ലാത്ത ജട്ടിയിട്ട്‌ നടന്നു വരുന്ന പോലെ, കാല്‍പാദം മുഴ്‌വനും നിലത്തുറപ്പിക്കാതെ, ശബ്ദമുണ്ടാക്കാതെ നടക്കുന്നു... കക്ഷത്തില്‍ കുരു വന്നിട്ടെന്ന പോലെ അകത്തിപ്പിടിച്ച കയ്കള്‍... അവന്‍ നടന്ന് നടന്ന് ഷെല്‍ഫിന്റെ അടുത്തെത്തി...

അവിടെ വെച്ചിരിക്കുന്ന പുത്തന്‍ വൈറ്റ്‌ വാഷ്‌ ക്രിം കണ്ട ആ രൂപം വല്ലാത്തൊരവേശത്തോടു കൂടെ ചിരിച്ചു...

ആ രൂപത്തിന്റെ പല്ലുകള്‍ തേങ്ങാപ്പൂളു പോലെ തിളങ്ങി...

ആ രൂപം അവിടെ ഇരുന്ന ഒരു കടലാസ്‌ കഷണം കയ്യിലെടുത്ത്‌ മുഖത്തേക്കടുപ്പിച്ചു... എന്നിട്ട്‌ കണ്ണാടിയില്‍ നോക്കി... വീണ്ടും ചിരിച്ചു...

കണ്ണാടിയില്‍ തെളിഞ്ഞ ആ മുഖം കണ്ടതും ശശി ഞെട്ടിത്തരിച്ചു!

സേത്തു!

ദൈവം തന്ന സൗദര്യം അതേപോലെ കാത്തു സൂക്ഷിച്ച്‌ സായൂജ്യമടയുമെന്ന് പറഞ്ഞ അതേ സേത്തൂ! അവനിതാ എന്റെ വൈറ്റ്‌ വാഷ്‌ ക്രീമെടുത്ത്‌ ആ ടാറിട്ട പോലുള്ള മുഖത്ത്‌ തേക്കുന്നു!

ശശിക്കത്‌ താങ്ങാനായില്ല. അടിയില്‍ നിന്നും തിളച്ചു വന്ന ദേഷ്യം തലയിലെത്തി ഒരു റൗണ്ടടിച്ച്‌, "അറ്റാക്ക്‌!" എന്ന് പറഞ്ഞതും, ശശി അലറി വിളിച്ചു!

"ഡാ... പട്ടി! നീയാണല്ലേ...."

സേത്തു ഞെട്ടിത്തിരിഞ്ഞു നോക്കി.. അവന്റെ പകുതി മുഖം ക്രീമിനാല്‍ മറഞ്ഞിരുന്നു. ബാക്കിയുള്ള ഭാഗത്ത്‌ ഭയം, അത്ഭുതം എന്നിവ തിങ്ങിക്കൂടി നിന്നു.

"ശശീ... നീ ക്ഷമിക്കണം.. ഞാന്‍... അറിയാതെ... " സേത്തു കെഞ്ചി.

"ഹും! ക്ഷമയോ.. നിനക്കോ... ഇല്ലെഡാ ഇല്ല!"

വികാരധീരനായ ശശി ഒരു ദീര്‍ഘനിശ്വാസമെടുത്ത്‌ തുടര്‍ന്നു...

"നിനക്കറിയാമോ അതിന്റെ വില? ഇരുനൂറ്‌ രൂപ. അന്ന് ഞാന്‍ നിന്നോട്‌ ചോദിച്ചപ്പോള്‍ നീ എന്തൊക്കെ ഡയലോഗാ അടിച്ചത്‌? എന്നിട്ടിപ്പോ നാണമില്ലാതെ... എന്റെ ക്രീം കട്ടു തിന്നാന്‍ വന്നിരിക്കുന്നു! അയോഗ്യപ്പയ്‌ലേ..."

ശശി സേത്തുവിന്റെ മുഖത്തു നിന്നും ക്രീം വടിച്ചെടുത്ത്‌, അതിലേക്ക്‌ നോക്കി വിങ്ങിപ്പൊട്ടി പറഞ്ഞു... "എന്റെ ക്രീം... എന്റെ ക്രീം..."

"ശശീ.. നീ ക്ഷമി. ഇത്‌ ഞാന്‍.. അവള്‌ പറഞ്ഞിട്ട്‌ ചെയ്തതാ... ഇത്‌ തേച്ചാ വെളുക്കുമെന്ന്... ഞാനൊന്ന് പരീക്ഷിക്കാന്‍ വേണ്ടി... നീ ക്ഷമി!"

ശശിയുടെ ബഹളം കേട്ട്‌ ബാക്കിയുള്ളമ്മാര്‍ എണീറ്റ്‌ വന്നു. കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലായി. സേത്തു പാപ ഭാരത്താല്‍ തലകുനിച്ച്‌ നിന്നു.

ഒടുവില്‍ ശശി ചോദിച്ചു...

"ഹും. കഴിഞ്ഞത്‌ കഴിഞ്ഞു. ഇത്‌ തേച്ചട്ട്‌ നിനക്ക്‌ മാറ്റം വല്ലതും ഉണ്ടോ?"

"ഉവ്വെന്നു തോനുന്നു. ഞാന്‍ ചെറുങ്ങനെ വെളുത്തു തുടങ്ങിയെന്ന് അവള്‍ പറഞ്ഞു. പക്ഷേ... നന്നായി മോത്ത്‌ ത്തേച്ചു പിടിപ്പിക്കണം... എന്നിട്ട്‌ 2-3 മണിക്കൂര്‍ ഇരിക്കണം... എന്നിട്ട്‌ ഫേസ്‌ വാഷ്‌ ഉപയോഗിച്ച്‌ മുഖം കഴികണം... അപ്പോ നല്ല റിസല്‍ട്ട്‌ വരും!"

കറുപ്പിന്റെ ഉത്തമോദാഹരനമായ സേത്തുവിന്റെ നിറം മാറുന്നുവെങ്കില്‍, തന്റെ ഉറപ്പായിട്ടും മാറുമെന്ന് മനസിലാക്കിയ ശശി മേലോട്ട്‌ നോക്കി എന്തോ അലോജിച്ചു നിന്നു... എന്നിട്ട്‌ പുഞ്ചിരിച്ചു....


(പികുറിപ്പ്‌ : ഹരിത ഭൂമി, ഗോ ഗ്രീന്‍, വ്യാജ സി ഡി കല്‍ക്കെതിരെ ഉള്ള പ്രവര്‍ത്തനം, അന്യായം, കളവ്‌, ചതി, കുതികാല്‍ വെട്ട്‌ തുടങ്ങി എല്ലാ വിധ കലികാല പാപങ്ങള്‍ക്കും എതിരേ ശക്തമായ രീതിയില്‍ ശ്ബ്ദമുയര്‍ത്തിയ, ധീരനായ യുവാവായിരുന്നു സേത്തു എന്നാണ്‌ ഞങ്ങള്‍ കരുതിയത്‌. ആരുടെയും പ്രജോദനങ്ങള്‍ക്ക്‌ വഴങ്ങാത്ത, സ്വന്തമായ തീരുമാനഗളില്‍ ടി എം ടി മുറുക്കു കമ്പികള്‍ പോലെയോ, വജ്രം സിമന്റ്‌ പോലെയോ ഉറച്ച്‌ നില്‍ക്കുമെന്ന് കരുതിയ ഞങ്ങള്‍ക്ക്‌ തെറ്റി. പ്രത്യേകിച്ച്‌ അവന്റെ കല്യാണം ഉറപ്പിച്ചതിനു ശേഷം. ഈ പരിവര്‍ത്തനം ഞങ്ങള്‍ക്ക്‌ മുന്‍പിലേക്ക്‌ വെച്ചു നീട്ടുന്ന വാര്‍ണിംഗ്‌ ഇതാണ്‌... "മക്കളേ... പെണ്ണൊരുമ്പെട്ടാല്‍...." )

ശുഭം!

4 comments:

abhi said...

അപ്പൊ എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ടല്ലേ ? അങ്ങനെ പോസ്റ്റുകള്‍ ഓരോന്നോരോന്നായി പോരട്ടെ.....
എല്ലാര്‍ക്കും നല്ല സൌന്ദര്യ ബോധം ആണെന്ന് ഇത് വായിച്ചപ്പോള്‍ മനസ്സിലായി :)

കുമാരന്‍ | kumaran said...

രസായിട്ടുണ്ട്.

അഞ്ജു പുലാക്കാട്ട് said...

" നന്നായി മോത്ത്‌ തേച്ചു പിടിപ്പിക്കണം... എന്നിട്ട്‌ 2-3 മണിക്കൂര്‍ ഇരിക്കണം... എന്നിട്ട്‌ ഫേസ്‌ വാഷ്‌ ഉപയോഗിച്ച്‌ മുഖം കഴികണം... അപ്പോ നല്ല റിസല്‍ട്ട്‌ വരും!"

:)
So... Remember......പെണ്ണൊരുമ്പെട്ടാല്‍.... !!!
ഭാവുകങ്ങള്‍ !!!

Captain Haddock said...

ഹ..ഹാ......ഹാ.....