Friday, November 7, 2008

ശശിമുണ്ഢനം

കൊല്ലം 1997, തിരൂറാംകൂര്‍:
പത്താം ക്ലാസില്‍ പുതുതായി എത്തിയ സവിത എന്ന പെണ്‍കുട്ടിയേ ശശി തുടക്കത്തില്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. കണക്ക്‌ പരീക്ഷയില്‍ ലവള്‍ക്കും, ശശിക്കും അമ്പതില്‍ അമ്പതും കിട്ടിയപ്പോഴാണ്‌ തനിക്കൊരെതിരാളി എന്ന നിലയില്‍ അവളെ ശശി നോട്ട്‌ ചെയ്തത്‌.

ങാഹാ.. എന്നാ അവളോടൊന്ന് മുട്ടിയിട്ട്‌ തന്നെ കാര്യമെന്ന് കരുതിക്കൂട്ടി ചെന്ന ശശിയെ എതിരേറ്റത്‌,

"ഹാ.. ശശി, നിനക്കും അമ്പതിലമ്പതാ ലെ...?"

എന്ന അമ്പലത്തിലെ മണിനാദം പോലുള്ള ശബ്ദമാണ്‌. ആവളുടെ മുഖത്തുനിന്നും സി.എഫ്‌.എല്‍ പ്രാകാശം പോലെ എന്തോ ഒന്ന് വന്നിരുന്നു. ഉണ്ണിയപ്പമുണ്ടാക്കാന്‍ കൊത്തിവെച്ച ഒണക്കത്തേങ്ങാപ്പൂളിന്റെ ഷേപില്‍ അവളുടെ നെറ്റിയില്‍ ചന്ദനക്കുറി, വെയിലടിച്ചു തിളങ്ങുന്ന മിനുസമുള്ള കവിളുകളില്‍ കുഴിയാനക്കുഴികള്‍...

ശശിയുടെ മനസ്സ്‌ അതിലോലമായിപ്പോയി.

"നീയേതാഡീ..." എന്ന് ചോദിക്കാന്‍ ചെന്ന ശശിയുടെ വായില്‍നിന്നും വന്നത്‌,

"സവിതാ ന്നാ ല്ലേ പേര്‌... ഫുള്‍ മാര്‍ക്കാണല്ലോ... കണ്‍ഗ്രാജുലേഷന്‍..." എന്നായിരുന്നു.

ചിരിച്ചുകൊണ്ടവള്‍ തിരിഞ്ഞു നടന്നപ്പോളും ശശിയുടെ കണ്ണുകള്‍ പെടയെ പിന്നില്‍ നിന്നും നോക്കുന്ന പൂവന്റെ പോലെയായിരുന്നു. ചിക്കന്‍ ലെഗ്ഗും, കബാബും, തന്തൂരിയും മറ്റും ശശിയുടെ മനസ്സില്‍ തമ്പ്‌നെയിലുകളായി വന്നു പോയി.

അന്നുമുതല്‍ ശശി മോഹന്‍ലാലിന്‌ തന്മാത്രയില്‍ വന്ന അസുഖം ഉള്ളവനെപ്പോലെയായി. സദാ സമയവും അവളെ കുറിച്ചും, അവളുടെ അതിപ്രസരിതമായ അങ്കലാവണ്യത്തെക്കുറിച്ചും അതുഗാഢമായ ചിന്തകളിലാണ്ടു. കണക്കിലും, സോഷ്യല്‍ സയന്‍സിലും അവന്‍ അവളുടെ ഫിസിക്സും, കെമിസ്റ്റ്രിയും കൂട്ടിക്കുഴച്ചു. പഴയതെല്ലാം മറന്നുപോയി.

തൂങ്ങിക്കിടക്കുന്ന ആട്ടിറച്ചി നോക്കിനില്‍ക്കുന്ന കൊടിച്ചിപ്പട്ടിയേപ്പോലെ, അവന്‍ അവളെക്കുറിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ കിടന്നു.

ക്ലാസിലെ ഫസ്റ്റായ, എല്ലാ വിഷയങ്ങള്‍ക്കും ഒരു മാര്‍ക്കുപോലും ചോര്‍ന്നുപോകാതെ വാങ്ങുന്ന സമര്‍ദ്ധനായ ശശി,പിന്നീട്‌ കുതിരാന്‍ കേറുന്ന പാണ്ടിലോറിപോലെയായി. ശരീരത്തിലെ ഹോര്‍മോണിന്റെ അതിപ്രസരം കോണ്ട്‌ പത്താം ക്ലാസിലേ കട്ടിമീശ വന്ന ശശിക്ക്‌, അവളോട്‌ വല്ലാത്തൊരാക്രാന്തം തോന്നി. പ്രായത്തിന്റെ പ്രത്യേകതകൊണ്ട്‌ ശശി ആ ആക്രാന്തത്തിനെ "പ്രേമം" എന്ന ചെല്ലപ്പേരിട്ട്‌ വിളിച്ചു.

അവളുടെ ഒരു നോട്ടത്തിനായി, അവള്‍ തന്നെയൊന്ന് ശ്രദ്ധിക്കാനായി ശശി രാപ്പകല്‍ പണിയെടുത്തു.

നനവ്‌ വന്നിടിഞ്ഞ എലിമാളത്തിന്റെ ഫ്രണ്ട്‌ പോലുള്ള മൂക്കിനടിയില്‍ 12 മെഗാപിക്സല്‍ റെസലൂഷനില്‍ ഉള്ള കറുകറുത്ത മീശ. മുകളില്‍, 'ന', 'ഋ' എന്നീ അക്ഷരങ്ങളുടെ പകുതികള്‍ കൂട്ടിവെച്ച പോലെ ഷേപ്പുള്ള നെറ്റിയും, മുടിയും. ഇതുരണ്ടുമാണ്‌ ശശിയുടെ ബ്രാന്‍ഡ്‌ സിംബല്‍സ്‌. ചെത്തിമിനുക്കിയും, ചെകഞ്ഞു വെച്ചും, വടിച്ചൊടിച്ചും ശശി അതിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചു.

ദിവസങ്ങള്‍ നീങ്ങി. അവളുടെ മാര്‍ക്കും, നിലവാരവും കൂടിവരുകയും, ശശിയുടെ മാര്‍ക്കും, സ്വഭാവവും അലമ്പായി വരുകയും ചെയ്തുകൊണ്ടിരുന്നു. ശശിയോട്‌ സംശയങ്ങള്‍ ചോദിക്കാന്‍ വരാറുള്ള ആണ്‍പിള്ളേര്‍ അവസരം അസാരം ബുദ്ധിപരമായി മുതലെടുത്ത്‌ അവളോട്‌ പോയി സംശയങ്ങള്‍ ചോദിച്ചു. ഒരോ തവണ സംശയം ചോദിക്കുമ്പൊഴും അവര്‍ക്ക്‌ കുടുതല്‍ സംശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പക്ഷേ അതൊന്നും പഠിക്കുന്ന വിഷയത്തിനേകുറിച്ചല്ലായിരുന്നു എന്നു മാത്രം.

"ശശീ... നീ എന്താ വെഷ്മിച്ചിരിക്കാണോ?"

ഡസ്കില്‍ കയ്കള്‍ വെച്ച്‌ അതിന്റെ മേലേ തല ഉരുണ്ടുപോകാതെ വെച്ച്‌ വിഷാദമൂകനായി കിടക്കുമ്പോഴാണ്‌ അവനാ ശബ്ദം കേട്ടത്‌

അതവളായിരുന്നു. സവിത. ഒരു കള്ളച്ചിരിയോടെ അവന്റെയടുത്ത്‌ അവള്‍ വന്നിരുന്നു.

"എന്തു പറ്റീ ഡാ...? രാവിലെ ഒന്നും കഴിച്ചില്ലേ?"

തന്റെ മനസ്സ്‌ ഒട്ടും മനസ്സിലാക്കാതെയുള്ള അവളുടെ ആ സംസാരം ശശിയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു.

"സവീ... നിനക്കെന്നെ മനസ്സിലാവുന്നില്ലേ?" ഇനിയും അടക്കിപ്പിടിക്കാന്‍ കഴിയാതെ ശശി ചോദിച്ചു.

അവള്‍ നിശബ്ദമായി തറയിലേക്കും, അവന്റെ തലയിലേക്കും നോക്കി.

"എനിക്കറിയാം ശശീ. പക്ഷേ എനിക്കങ്ങനെയൊന്നുമില്ലാ. എന്നെ ഒരു പെങ്ങളായിട്ട്‌ കണ്ടൂടെ നിനക്ക്‌?"

"ഇല്ല. എനിക്കതാവില്ല. ഞാന്‍ ജീവിതത്തില്‍ ഒരാളെയേ ഇഷ്ടപ്പെട്ടുള്ളൂ. അത്‌ നീയാ"

"വേണ്ട ശശി. അത്‌ ശരിയാവില്ല."

"എന്തേ ശരിയാവില്ല? എന്നെ നിനക്കിഷ്ടല്ലാ? എന്നെ കാണാണ്‍ കൊള്ളില്ലാത്തോണ്ടാ?" ശശി ഒറ്റ ഷോട്ടില്‍ ഒരുപാടെണ്ണം തൊടുത്തു.

"അതോണ്ടല്ല. എനിക്ക്‌ നിന്നെ ഇഷ്ടാ... അതെന്തോണ്ടാ ന്നാറിയോ, എനിക്ക്‌ മീശേള്ള ചെക്കമ്മരെയാ ഇഷ്ടം. നിന്റെ ഈ കട്ടിമീശ എന്തു രസാ കാണാന്‍ ന്നറിയോ. നീയറിയാതെ എത്ര വട്ടം ഞാനത്‌ നോക്കിയിരിന്നിട്ടുണ്ട്‌ ന്നറിയോ. പിന്നെ നിന്റെയോ ഹെയര്‍ സ്റ്റെയിലും എനിക്കിഷ്ടാ. വേറെ ആര്‍ക്കും ഇല്ലാത്ത ഒരു സ്റ്റെയില്‍. പക്ഷേ ഇതൊക്കെ നിന്നോട്‌ പറഞ്ഞാ നീ എന്നെ തെറ്റിദ്ധരിച്ചലോ ന്ന് വെച്ചിട്ട ഞാനൊന്നും മിണ്ടാത്തെ."

ശശിയുടെ കണ്ണുകള്‍ സൂര്യാ ടിവി യുടെ സിമ്പലിനെ പോലെ വിടര്‍ന്നു. അവന്റെ ശരീരത്തിലെ രോമങ്ങള്‍ മുള്ളന്‍പന്നിയുടെ പോലെ മേലോട്ടുയര്‍ന്നു. അവള്‍ തന്റെ മുടിയും, മീശയും ഇഷ്ടാണെന്ന് പറഞ്ഞിരിക്കുന്നു. അവന്‌ സന്തോഷം കൊണ്ടിരിക്കാന്‍ വയാതായി.

"ങേ... അപ്പോ... അപ്പോ നിനക്കെന്നെ... ഇഷ്ടാണോ?"

"ഇഷ്ടമൊക്കെയാണ്‌. പക്ഷേ ആ രീതിയിലുള്ള ഇഷ്ടമൊന്നുമല്ല."

എത്രയാലോജിച്ചിട്ടും അതേതു രീതിയിലുള്ള ഇഷ്ടമാണെന്ന് ശശിക്ക്‌ മനസ്സിലായില്ല.

ശശി പിന്മാറിയില്ല. അവന്‍ അവളുടെ പിന്നിലും, മുന്നിലും, സൈഡുകളിലും വിടാതെ കൂടി. അവന്‍ പരീക്ഷകളില്‍ തോല്‍ക്കുകയും, ടിച്ചര്‍മാരുടെ ശത്രുവാകുകയും ചെയ്തു.

മകന്റെ തലയിലെ ഗ്രാഫ്‌ തേങ്ങ വീഴുന്ന പോലെ താഴേക്ക്‌ അതിവേഗത്തില്‍ പോകുന്ന കണ്ട ശശിയുടെ രക്ഷിതാക്കള്‍ വല്ലാതെ വേവലാതിപ്പെട്ടു.

ഹോര്‍ലിക്സും, പൂജിച്ച നെയ്യും, ഡബിള്‍ റ്റ്യൂഷനും ഒക്കെ ട്രൈ ചെയ്തിട്ടും ശശി മാറിയില്ല.

ഒടുവില്‍ വിവരമറിഞ്ഞെത്തിയ ശശിയുടെ ഒരു അമ്മാവന്‍ ഇങ്ങനെ പരിഹാരം പറഞ്ഞു:

"മകന്റെ അഭിവൃദ്ധിക്കായി തിരുപ്പതി വെങ്കടാചലപതിക്ക്‌ ഒരു വഴിപാട്‌ നേരൂ. അവന്‍ ഒരുവഴിയാകുമ്പോള്‍ പോയി തല മുണ്ടനം ചെയ്യട്ടേ."

-------------------

കൊല്ലം 2008, ബാങ്ക്ലൂര്‍:
അവസാന പരീക്ഷ കഴിഞ്ഞതും "ഞാനീ നാട്ടുകാരിയല്ല!" എന്ന മട്ടില്‍ പൊടിയും തട്ടി ശശിയുടെ സവി പോകുകയും, പിന്നീടങ്ങ്‌ "ഹര്‍ ഹസീന്‌ ചെഹരേ കോ അബ്‌ യേ ദില്‍ ഡരേഗാ" എന്ന പാട്ടും പാടി ശശി ശിഷ്ട ജീവിതം നയിക്കുകയും ചെയ്തു.

ഇന്നവന്‍ ബാങ്ക്ലൂരില്‍ ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജോലിയെടുക്കുന്നു. ആ ഓള്‍ഡ്‌ ഐറ്റം സവിതയേക്കാളും മെച്ചമുള്ള, 916 മാര്‍ക്കോറ്റുകൂടിയ ക്ടാങ്ങളെ ജസ്റ്റ്‌ ഒന്ന് കയ്‌ ഞൊടിച്ചാല്‍ ഇന്ന് ശശിക്ക്‌ കിട്ടും.

അതിനു കാരണം, ഇന്നും ശശി അഭിമാനത്തോടെ കൊണ്ടു നടക്കുന്ന തന്റെ മീശയും, തലമുടിയും മാത്രമാണ്‌.

പക്ഷേ, ഈ നവമ്പര്‍ 7 വരെ മാത്രം.

പഴയ ആ വഴിപാട്‌ വഴിപാട്‌ നടത്താന്‍ സമയമായിരിക്കുന്നു.

അങ്ങനെ ശശി പോകുകയാണ്‌, തിരുപ്പതിയിലേക്ക്‌. തിരിച്ചുവരുമ്പോള്‍ ശശിയുടെ കയ്യില്‍ കുറെ തിരുപ്പതി പ്രസാദം ഉണ്ട ലഡു ഉണ്ടായിരിക്കും. അതിലൊരെണ്ണമായി അവന്റെ തലയും. പറഞ്ഞു കേട്ടത്‌, തലക്കൊപ്പം മീശയും വടിക്കുന്നതാാണ്‌ അവിടുത്തെ രീതി എന്നാണ്‌.

മീശയും മുടിയുമില്ലാത്ത ശശിയെകാണാന്‍ കൂടുതല്‍ സുന്ദരനായിരിക്കും എന്ന് പറഞ്ഞാശ്വസിപ്പിച്ചാണ്‌ ഞങ്ങളവനെ അയച്ചിരിക്കുന്നത്‌. പാവം.

കൂട്ടിന്‌, മുണ്ടനം ചെയ്യാന്‍ പക്രുവും പോകുന്നു.

മങ്കലശ്ശേരിയിലെ ആദ്യ "മൊട്ട"കളുടെ വരവിനായി കാത്തിരിക്കാം.

------------------------

7 comments:

Unknown said...

kidilan mone kidilan,shashikku inganem oru flashback ulla karyam njan arinjillaa,

appo adutha week mangalassheriyil "MOTTAVARAM" aavumalleee

Anonymous said...

polappan,polappan pola polappan

da nee oru prasthanam thanneeee

"kuthiran kayattam kayarunna pandivandi polee"
hau enthorupama enthorupama

Anonymous said...

ØâMV ÁÞ ÎºîÞ,§æÄÞæA ®BæÈ ²MßAáKá ÎÞç×

Ashly said...

മങ്കലശ്ശേരി മൊട്ടsss!!!!

Unknown said...

അന്നുമുതല്‍ ശശി മോഹന്‍ലാലിന്‌ തന്മാത്രയില്‍ വന്ന അസുഖം ഉള്ളവനെപ്പോലെയായി. സദാ സമയവും അവളെ കുറിച്ചും, അവളുടെ അതിപ്രസരിതമായ അങ്കലാവണ്യത്തെക്കുറിച്ചും അതുഗാഢമായ ചിന്തകളിലാണ്ടു. കണക്കിലും, സോഷ്യല്‍ സയന്‍സിലും അവന്‍ അവളുടെ ഫിസിക്സും, കെമിസ്റ്റ്രിയും കൂട്ടിക്കുഴച്ചു. പഴയതെല്ലാം മറന്നുപോയി.
എന്നാലും ശശിയെ തന്മാത്രയിലെ ലാലേട്ടനായി ഉപമിക്കണ്ടായിരുന്നു

മങ്കലശ്ശേരി ചരിതങ്ങള്‍ said...

thanx kuttan, Ashly & Anoop.


Anoop, v asked lalettan abt this, n since he sed ok, v proceeded like dat.

:)

BS Madai said...

ഈ ശശി എപ്പോഴാണൊ എത്തുക?!